Tuesday, March 31, 2009

അപ്പഴേ ഞാന്‍ നാട്ടില്‍ പോയിട്ട് വരാം

പ്രിയപ്പെട്ട കൂട്ടുകാരെ,

അങ്ങനെ ഞാന്‍ ഈ വര്‍ഷത്തെ വിഷു ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്നു. ഈ ആഴ്ച മൂന്നാം തീയതി ആണ് എന്റെ യാത്ര. നാടിന്‍റെ പച്ചപ്പും, പച്ച മണ്ണിന്റെ ഗന്ധവും മനസിന്‌ കുളിര്‍മ ഏകുന്ന ഇളം കാറ്റും എല്ലാം ഇപ്പഴേ എന്നെ പൊതിയാന്‍ തുടങ്ങി. അമ്മ ഉണ്ടാക്കി വയ്ക്കുന്ന ചൂട് ഇടലിയും തേങ്ങ ചമ്മന്തിയും കഴിക്കാന്‍ കൊതിയായിട്ട് വയ്യ. പടിപ്പുര വാതില്‍ക്കല്‍ അക്ഷമനായി വരവും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന അച്ഛന്റെ രൂപം ഇപ്പഴേ തെളിയാന്‍ തുടങ്ങി.

വീട്ടില്‍ എത്തി ഒരു കുളിയൊക്കെ പാസാക്കി സമാധാനമായി മനസ് നിറഞ്ഞു വിസ്തരിച്ചു ഒന്ന് ഭക്ഷണം കഴിച്ചു പുറത്തു വരുമ്പോളേക്കും, അപ്പാച്ചി, നമ്പോലന്‍, ഇടിതാങ്ങി, അമ്പലക്കാടന്‍, ചീവീട് എല്ലാം വാതുക്കല്‍ എത്തിയിട്ടുണ്ടാവും. അമ്മയുടെ ഒരു ഡബിള്‍ സെറ്റ് മുണ്ട് എടുത്തു ഉടുത്തു, ഒരു ഷര്‍ട്ട്‌ വലിച്ചു കേറ്റി, വണ്ടിയുടെ താക്കോല്‍ കൈയില്‍ എടുത്തു പറന്നു റോഡിലേക്ക് പോവുമ്പോള്‍, അച്ഛനോട് വിളിച്ചു പറയാന്‍ മറക്കില്ല. "ദെ വരുന്നു" അപ്പഴേ അറിയാം, ഇനി പാതി രാത്രിയില്‍ നോക്കിയാല്‍ മതി.

പിന്നെ പറയണ്ടല്ലോ, കണ്ടത്തില്‍ ഷാപ്പില്‍ വന്നു ആദ്യം ഹാജര് ബുക്കില്‍ ഒപ്പ് വച്ച്, അവിടുന്ന് തുടങ്ങി, പ്ലാസ വഴി, എലിപ്പന. കലശ കൊട്ട് ഇത്തവണ നെടുമുടി ഷാപ്പില്‍ ആണ് പിള്ളേര്‍ ബുക്ക് ചെയ്തിരിക്കണേ.

ഇനി ഇരുപതു ദിവസം ഒന്ന് സ്വസ്ഥമായി ജോലിയുടെ ടെന്‍ഷന്‍ ഇല്ലാതെ, ബോസ്സിന്റെ തെറി വിളി കേള്‍ക്കാതെ, ഡല്‍ഹിയുടെ കനത്ത ചൂടെല്‍ക്കാതെ, ഒന്ന് അറുമാദിക്കണം. അപ്പോള്‍ ആരൊക്കെ കൂടെ വരുന്നു എന്ന് പറയുക. തിരിച്ചു വന്നിട്ട് ഒരു കിടിലന്‍ എലിപ്പന & കണ്ടത്തില്‍ ഷാപ്പിന്റെ ഫോട്ടോസ് ആന്‍ഡ് വിവരണം ഇട്ടേക്കാം കേട്ടോ. എന്നെ ബന്ധപെടാനുള്ള മേല്‍വിലാസം താഴെ കൊടുക്കുന്നു.

കുറുപ്പ്
എലിപ്പന ഷാപ്പ്‌ അല്ലേല്‍ കണ്ടത്തില്‍ ഷാപ്പ്‌
അകത്തെ മുറിയില്‍ നാലാം നമ്പര്‍ കാലൊടിഞ്ഞ ഡസ്ക്
കലവൂര്‍
ആലപ്പുഴ

അപ്പോള്‍ വന്നിട്ട് കാണാം

CHEEEERSSSSSSSSS

Tuesday, March 24, 2009

ഒരു പ്രച്ഛന്ന വേഷം വരുത്തിയ വിന (അവസാന ഭാഗം)

പ്രച്ഛന്ന വേഷ മല്‍സരം ആരംഭിച്ചു, അന്നേരം എന്റെ അനിയന്‍ കുറുപ്പ് വന്നു നമ്ബോലനോട് പറഞ്ഞു "അളിയാ സ്റ്റേജ് ന്റെ പുറകിലത്തെ കാട്ടില് ഒരു ഭ്രാന്തന്‍ ഇരിക്കുന്നു, നമ്മളുടെ പരിപാടി പൊളിക്കാന്‍ ആരേലും ഇളക്കി വിട്ടതാണോ എന്നറിയില്ല" . നമ്ബോലനും അനിയനും ഞാനും കൂടി കാട്ടിനുള്ളില്‍ കേറി നോക്കുമ്പോള്‍ ഒരു ഭ്രാന്തന്‍ ഇരുന്നു ഒരു പയന്റ് തീര്‍ക്കുന്നു. നമ്പോലന്‍ ഒരു വടി എടുക്കാന്‍ എന്നോട് ആംഗ്യം കാണിച്ചു. ഭ്രാന്തന്‍ ഞങ്ങളെ കാണുന്നുമില്ല. പുള്ളി പയന്റ് തീര്‍ക്കാന്‍ ഉള്ള ശ്രമം നടുത്തുന്നു. ഞാന്‍ പോയി ഒരു കവിളന്‍ മടല്‍ എടുത്തു നമ്ബോലന്റെ കൈയ്യില്‍ കൊടുത്തു. പെട്ടന്ന് ആ ഭ്രാന്തന്‍ വെട്ടി തിരിഞ്ഞു അലറി കൊണ്ട് ഞങ്ങള്‍ക്ക് നേരെ ഒറ്റ ചാട്ടം. ആദ്യം എല്ലാരും ഒന്ന് പതറി എങ്കിലും നമ്പോലന്‍ പെട്ടന്ന് പറന്നു റോഡില്‍ പോയ ധൈര്യം വീണ്ടു എടുത്തു കൈയിലിരുന്ന മടലിനു ചറു പറ പൂശി,(എണ്ണാന്‍ പറ്റിയില്ല ഇല്ലേല്‍ എത്ര എന്ന് പറയാമാരുന്നു) ഭ്രാന്തന്‍ അലറി കരഞ്ഞു കൊണ്ട് നമ്ബോലനോട് പറഞ്ഞു " തല്ലെല്ലെ ഞാന്‍ നിന്റെ അച്ഛനാടാ, ഭ്രാന്തന്‍ അല്ലെ, പ്രച്ഛന്ന വേഷം ആണെടാ ദ്രോഹി". നമ്പോലന്‍ കണ്ണ് തള്ളി നിക്കേ സിധപ്പായി കമ്പ്ലീറ്റ്‌ വേഷങ്ങള്‍ അഴിച്ചു മാറ്റി നിലത്തേക്ക്‌ ചാഞ്ഞു. ഞങ്ങള്‍ പെട്ടന്ന് ഓടി ചെന്ന് പുള്ളിയെ തങ്ങി ഇരുത്തി.നമ്പോലന്‍ വന്നു പറഞ്ഞു "അച്ഛന് എന്നാല്‍ ഇത് നേരത്തെ പറയാന്‍ മേലാരുന്നോ, ഞങ്ങളുടെ നേരെ ചാടി കൊണ്ട് വന്നെ എന്തിനാ" അദ്ദേഹം പറഞ്ഞു "എടാ ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതാ, അത് എനിക്ക് പണിയായി" ശരീരം മുഴുവന്‍ അടി കൊണ്ട പാടുകള്‍ ചുമന്നു തിണര്‍ത്തു കിടക്കുന്നു.

പുള്ളിക്കാരന്‍ അവസാനം നിമിഷം ഒരു സര്‍പ്രൈസ് കൊടുക്കാന്‍ ആയിരുന്നു ഈ വേഷം കെട്ടിയത്. ചാളുവ കുട്ടന്‍ ആണ് ഈ ഐഡിയ കൊടുത്തതും ഒരുക്കിയതും, എന്നിട്ട് പതിയെ കാട്ടില് ഇരുത്തി ഈ പയന്റ് ധൈര്യം കിട്ടാന്‍ പിടിപ്പിച്ചോ, ഞാന്‍ പോയി കൊറിക്കാന്‍ എന്തേലും കൊണ്ട് വരാം എന്ന് പറഞ്ഞു പുള്ളി പോയ സമയത്താണ് അനിയന്‍ കുറുപ്പ് കണ്ടതും തെറ്റുധരിച്ചതും, അടി വീണതും. അത് മനസിലാക്കാന്‍ കാരണം കുറച്ചു കഴിഞ്ഞു ചാളുവ കൊറിക്കാന്‍ ഉള്ള ഐറ്റംസ് ആയി വന്നപ്പോള്‍ സിധപ്പായി പറഞ്ഞ വാക്കുകള്‍ ആണ് "ചാളുവ കുട്ടാ നീ ഒറ്റ ഒരുത്തനാണ് ഇതിനെല്ലാം കാരണം, മര്യാദക്ക് പരിപാടി കണ്ടു കൊണ്ടിരുന്ന എന്നെ പ്രച്ഛന്ന വേഷം കെട്ടിച്ചു, ദെ ഇപ്പോള്‍ മകന്റെ തല്ലും മേടിച്ചു തന്നു, നിന്നെ ഞാന്‍ ഇതേ മടലിനു തല്ലും" ചാളുവ കണ്ണും മിഴിച്ചു നിന്ന് ഞങ്ങളെ ഓരോരുത്തരെ നോക്കി. ഞാന്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. പിന്നെ പുള്ളിയെ ഞങ്ങള്‍ താങ്ങി ആരും കാണാതെ ചളുവാ കുട്ടന്റെ വീട്ടില്‍ കൊണ്ട് വന്നു കിടത്തി. മുറിവില്‍ നമ്പോലന്‍ ചൂടൊക്കെ വച്ച് മരുന്ന് പുരട്ടുമ്പോള്‍ സിധപ്പായി ദയനീയമായി അവനോടു ചോദിച്ചു "എടാ നീ അറിയാതെ തന്നെ തല്ലിയതല്ലേ, അല്ലാതെ എസ് എസ് എല്‍ സീ തോറ്റപ്പോള്‍ നിന്നെ ഞാന്‍ കെട്ടിയിട്ടു തല്ലിയതിന്റെ പ്രതികാരം തീര്‍ത്തത് അല്ലല്ലോ" സന്ദര്‍ഭം നോക്കാതെ തന്നെ ഞാന്‍ ചിരിച്ചു, സിധപ്പായി എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് പുള്ളിയും ചിരിച്ചു, പിന്നെ അതൊരു കൂട്ട ചിരിയായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ലാ.

************************************************************************************
ഞാന്‍ തിരിച്ചു പോരുന്ന തലേന്ന് ഞങ്ങള്‍ കണ്ടത്തില്‍ ഷാപ്പില്‍ ഒത്തു കൂടി കള്ളിന്റെ കുപ്പികള്‍ കാലിയാക്കി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവനോടു ഒരു കാര്യം പറഞ്ഞു "എടാ മധുസൂദനന്‍ നായരുടെ കവിത ഇല്ലെ, കല്യാണ സൌഗന്ധികം അതില്‍ ഞാന്‍ ചെറിയ മാറ്റം വരുത്തി. ഒന്ന് കേള്‍പ്പിക്കെട്ടെ" അവന്‍ പറഞ്ഞു "ഒന്ന് കേള്‍ക്കെട്ടെ, നിനക്ക് ഭാവി ഉണ്ടോ എന്ന് നോക്കാം " ഞാന്‍ ചൊല്ലാന്‍ തുടങ്ങി.
"ഭ്രാന്തന്‍ കൈ കാല്‍ കുടഞ്ഞു എഴുന്നേറ്റു,
കാറി കൂവി എന്റെ തോളത്തു കൈ വച്ച് ഇങ്ങനെ ഓതി
കാട്ടില്‍ ഇരുന്നു പയന്റ് അടിക്കുന്ന ഭ്രാന്തന്‍ അല്ല ഞാന്‍ നിന്റെ അച്ഛനാണ്
എന്നെ കണ്ടിട്ട് അറിഞില്ല മകനായ നീ" അപ്പഴേക്കും അവന്‍ എന്റെ മുതുകത്തു ഇടി തുടങ്ങിയിരുന്നു.
*************************************************************************************


കണ്ടത്തില്‍ ഷാപ്പ്‌ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച് ഇത് അവസാനിപ്പിക്കുന്നു.

Friday, March 6, 2009

ഒരു പ്രച്ഛന്ന വേഷം വരുത്തിയ വിന-1

എന്‍റെ നാട്ടിലെ അറിയപെടുന്ന ക്ലബ്ബ് ആണ് ചിരികുടുക്ക. ഞങ്ങളുടെ ചിരിക്കുടുക്ക ക്ലബ്ബിന്റെ ആഘോഷം ഞങ്ങളുടെ നാട്ടുകാര്‍ക്കു ഒന്നു ഒത്തു കൂടാന്‍ കിട്ടുന്ന ഒരു അവസരം ആണ്. എന്റെ വീടിനടുത്തുള്ള ഒരു വെളി പ്രദേശമാണ് ഈ ആഘോഷം ഭാരവാഹികള്‍ നടത്തിപ്പിനായി തിരഞെടുക്കുന്നത്. അമ്പലക്കാടന്‍, എന്റെ അനിയന്‍ കൊച്ചു കുറുപ്പ്, നമ്പോലന്‍, ഇടി താങ്ങി, ചീവീട്, എന്നിവരുടെ നേതൃത്തത്തില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ രാപകല്‍ അന്യേ കഷ്ടപ്പെട്ട് പിരിവെടുത്തു,പകുതി കണ്ടത്തില്‍ ഷാപ്പിലും, മിച്ചം എലിപ്പനയില്‍ കൊടുത്തും എല്ലാ വിജയ ദശമി നാളുകളിലും വന്പിച്ച ആഘോഷം ആക്കി മാറ്റാറുണ്ട്. ഇതില്‍ മുന്‍ നിരയില്‍ ക്യാപ്റ്റന്‍ ആയി നമ്പോലന്‍ ആണ് എപ്പോളും. കമ്മറ്റി വിളിച്ചു കൂട്ടല്‍, പ്രമേയം അവതരിപ്പിക്കല്‍, അംഗംങ്ങള്‍ക്ക് കട്ടന്‍, കപ്പ വിത്ത് മുളകുടച്ചത് വിതരണം എല്ലാം അവന്റെ നേതൃത്തത്തില്‍ തകൃതിയായി നടക്കും. പലപ്പോഴും അടിയില്‍ കലാശിച്ചു കട്ടന്‍ കാപ്പി കുടിച്ച ഗ്ലാസ്സുകള്‍ പൊട്ടിച്ചും കപ്പ പുഴുങ്ങിയ കലം ചളുക്കി റോഡില്‍ ഇട്ടു തട്ടിയും ആണ് യോഗം അവസാനിക്കുക. കാരണം അവസാനം കണക്കു പറയുമ്പോള്‍ കണ്ടത്തില്‍ ഷാപ്പിലെ പറ്റു തീര്‍ത്ത കുറിപ്പടി ആരെങ്കിലും പൊക്കി കൊണ്ടു വരും. ഇതൊക്കെ ആണെന്കിലും പരിപാടികള്‍ തുടങ്ങുമ്പോള്‍ പിന്നെ എല്ലാരും ഒറ്റ കെട്ടായി അതൊരു ഉത്സവം ആക്കി മാറ്റാറുണ്ട്. ക്ലബ്ബിന്റെ ബാനര്‍ എഴുത്ത്, മറ്റുള്ള പടങ്ങള്‍, ക്ലബ്ബിന്റെ ബോര്‍ഡ് എല്ലാം നമ്ബോലന്റെ ഫാദര്‍ സിധപ്പായിയുടെ മേഖല ആണ്. നമ്പോലന്‍ ആ ഏരിയയില്‍ വന്നാല്‍ പുള്ളി വെട്ടും എന്ന് നൂറു തരം. പരശുരാമന്റെ കഥ അറിയാമല്ലോ, അത് തന്നെ കാരണം. എന്റെ വീടിനടുത്തുള്ള ഒരു വെളി പ്രദേശം ആണ് എല്ലാ വര്‍ഷവും പരിപാടി നടത്താന്‍ തിരഞെടുക്കുന്നത്. നേരത്തെ തന്നെ എല്ലാവരും കൂടി ആ വെളി പ്രദേശത്ത് ഒത്തു കൂടി പുല്ലു കൊത്തി അവിടെ വൃത്തിയാക്കി, സിധപ്പായി കരവിരുതാല്‍ തയ്യാറാക്കിയ ക്ലബ്ബിന്റെ ബോര്‍ഡ് ആദ്യമേ അവിടെ പ്രതിഷ്ടിക്കും. അതിന്റെ എല്ലാം ഫോട്ടംസ് താഴെ.





ഇതിന് ശേഷം ആണ് സ്റ്റേജിന്‍റെ പരിപാടികള്‍ തുടങ്ങുക. മുളയെല്ലാം നാട്ടി, ടാര്‍പോളിന്‍ വലിച്ചു കെട്ടി, തട്ട് എല്ലാം അടിച്ച് സ്റ്റേജിന്‍റെ പരിപാടി പൂര്‍ത്തിയാവും. അതിന്റെ ഒരു ഫോട്ടം താഴെ കണ്ടു നോക്ക്.



സ്റ്റേജിന്‍റെ പരിപാടിയുടെ കൂടെ മൈക്ക് സെറ്റ് കാരനും വന്നു പുള്ളിയുടെ പരിപാടി തുടങ്ങും. മിക്കപ്പോഴും രാജേഷ് സൌണ്ട്സ് ആണ് അതിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. അഞ്ചോ ആറോ കോളാമ്പി ആദ്യമേ തന്നെ വയറു സഹിതം വലിച്ചു പല ദിശകളിലുള്ള വലിയ മരങ്ങളില്‍ സ്ഥാപിക്കും. പിന്നെ സ്റ്റേജിന്‍റെ രണ്ടു സൈഡില്‍ കിടിലന്‍ ബോക്സ്,അതിന് ശേഷം സൌണ്ട് ചെക്കിംഗ്, അമ്പലക്കാടന്‍ ആണ് announcement. അതവന്റെ സ്വന്തം കുത്തക ആണ്. മൈക്ക് ആര്‍ക്കും കൊടുക്കില്ല. മൂത്രം ഒഴിക്കാന്‍ പോയാലും, ഊരിയെടുത്തു കൈയില്‍ പിടിച്ചു കൊണ്ട് പോവും. ഒരിക്കല്‍ സമ്മാന ദാന ചടങ്ങില്‍ ഇങ്ങനെ പറഞ്ഞു "ഓട്ട മല്‍സരത്തില്‍ ഒന്നാം സ്ഥാനം ഡിങ്കന്റെ മകന്‍ അജേഷിനു" ഡിങ്കന്‍ സ്റ്റേജില്‍ കേറി ചവിട്ടിയത് പഴയ കഥ. വേറൊരിക്കല്‍ മഹിളകളുടെ കസേരകളി നടന്നപ്പോള്‍ അളിയന്‍ മൈക്കില്‍ വിളിച്ചു പറഞ്ഞു "കസേരകളിക്കിടെ ഗീത ചേച്ചി പുറത്തായി". ആ ചേച്ചി കസേരകളി നിര്‍ത്തി വീട്ടില്‍ പോയി അതോടെ.

അമ്പലക്കാടന്‍ announcement നിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ പാട്ടുകള്‍ ഇടാന്‍ തുടങ്ങും, ഭക്തി ഗാനത്തില്‍ തുടങ്ങി, കവിത വഴി തമിള്‍ പാട്ടില്‍ എത്തി നില്ല്കുമ്പോള്‍ പതിയെ പതിയെ ജനങ്ങള്‍ അങ്ങോട്ടേക്ക് എത്താന്‍ തുടങ്ങും. പലപ്പോഴും എനിക്ക് ഇതു കൂടാന്‍ സാധിച്ചിട്ടില്ല, കാരണം ആ സമയത്തു ലീവ് കിട്ടില്ല, ഞാന്‍ പരമാവധി വിഷുവിനാണ് പോകുന്നെ, കാരണം കണി കൊണ്ടു പോകാന്‍ ഒത്തിരി ഇഷ്ടമുള്ള കൂടത്തില്‍ ആണ് ഞാന്‍. എന്നാല്‍ ഒരിക്കല്‍ എനിക്ക് കൂടാന്‍ സാധിച്ചു. അത് ഒരിക്കലും മറക്കാന്‍ കഴിയില്ലാത്ത ഒരു അനുഭവം തന്നെ ആയി മാറി. പാട്ടുകള്‍ എല്ലാം ഇട്ടു ഒന്നു രംഗം കൊഴുക്കുമ്പോള്‍ പിന്നെ ഞങ്ങള്‍ കുറച്ചു പേര്‍ പതിയെ കണ്ടത്തില്‍ ഷാപ്പിലേക്ക് വലിയും, എന്നിട്ട് ചെത്തിയിറക്കിയ നല്ല നാടന്‍ മുന്തിരി കള്ളിന്റെ കൂജ ഓരോന്ന് കാലിയാക്കി, ഒപ്പം കപ്പയും, വരാല് വറുത്തത്, കക്ക ഇറച്ചി തോരന്‍, തവള കാല് ഫ്രൈ, ചൂടന്‍ പറ്റിച്ചത് എല്ലാം നല്ല ഭംഗിയായി തീര്ത്തു, മുണ്ട് മടക്കി കുത്തി, തലയില്‍ ഒരു കെട്ടും കെട്ടി, പരിപാടി സ്ഥലത്തേക്ക് വരും. (കള്ളിന്റെ ഒരു ഫോട്ടോ കൂടി കണ്ടോ, വായില്‍ വെള്ളം വന്നല്ലേ)

എന്നിട്ട് സ്റ്റേജിന്‍റെ മുന്നിലെ റോഡില്‍ എല്ലാവരും കൂട്ടം കൂടി നിന്നു കൈ കൊട്ടി കളിയുണ്ട്. പരിപാടി ഒന്നു കൊഴുപ്പിക്കാന്‍. ചാളുവ കുട്ടന്‍ ആണ് കൈ കൊട്ടി കളിയുടെ നേതാവ്. "പണ്ടു പരമേശന്‍ പാര്‍വതി താനുമായി കൈലാസ മാം മല തന്‍ മുകളില്‍" എന്ന് തുടങുന്ന ഗാനത്തോടെ ഞങ്ങള്‍ വട്ടത്തില്‍ കറങി ചുവടു വക്കും. ഇടതു വാക്കില്‍ ഒരു കൊട്ട്, വലതു വാക്കില്‍ ഒരു കൊട്ട്, നടക്കു കുമ്പിട്ടു മൂന്നു കൊട്ട്, അതാണ്‌ അതിന്റെ ഒരു താളവും, രീതിയും. വേണേല്‍ അതിന്റെ ഒരു ഫോട്ടോം കൂടി കണ്ടോ. (തപ്പ് കൊട്ടുന്ന സുന്ദരന്‍ ആണ് കുറുപ്പ്)



പിന്നെ ഇതെല്ലം കഴിഞ്ഞു രാത്രിയില്‍ ആ വെളിയില്‍ തന്നെ കിടന്നു ഉറങ്ങി, പിറ്റേന്നു തലയിലയും ദേഹത്തിലെയും മണ്ണ് തുടച്ചു വീട്ടില്‍ എത്തി പ്രഭാത ദിന ചര്യകള്‍ പൂര്‍ത്തിയാക്കി എന്തേലുമൊക്കെ കഴിച്ചു എന്ന് വരുത്തി വീണ്ടും ഗ്രൗണ്ടില്‍ എല്ലാരും റിപ്പോര്‍ട്ട് ചെയ്യും. പിന്നെ ഓരോ പരിപാടികള്‍ തുടങ്ങുകയായി. ഓട്ടം, ചാട്ടം, ചാക്കില്‍ കയറി ഓട്ടം, സുന്ദരിക്ക് പൊട്ടു തൊടല്‍, ഇങ്ങനെ ഐറ്റംസ് പകല്‍ തീര്‍ക്കും, സന്ധ്യ ആവുന്നതോടെ, വനിതകള്‍ക്ക് വേണ്ടി മാത്രം കിച്ചന്‍ കച്ചേരി, പിന്നെ കവിത പാരായണം, പ്രച്ഛന്ന വേഷ മല്‍സരം, മിമിക്രി, ഡാന്‍സ്, ഗാനമേള അങ്ങനെ ആണ് ഇതിന്റെ ഒരു ടൈം ടേബിള്‍. കവിത പാരായണം ഒരിക്കല്‍ ഉന്തും തള്ളില്‍ അവസാനിച്ചതും ഒരു രസകരമായ ഓര്‍മ ഉണര്‍ത്തുന്നു. കുട്ടന്‍ എന്ന സുഹൃത്ത്‌ പനച്ചൂരാന്റെ "അനാഥന്‍" കവിത ചൊല്ലി പുറത്തു ഇറങ്ങിയതും, അടിച്ചു പാമ്പായി ഇരുന്ന കാടന്‍ രമേഷ് കുത്തിനു പിടിച്ചു "ആ ഭ്രാന്തി പെണ്ണിന്റെ പിഴപ്പിച്ചു കൊന്നവന്റെ പേര് പറഞ്ഞിട്ട് നീ സ്റ്റേജില്‍ നിന്ന് ഇറങ്ങിയാല്‍ മതി" എന്ന് പറഞ്ഞു പൊക്കിയെടുത്തു അന്നേരം കരഞ്ഞു കൊണ്ട് കുട്ടന്‍ പറഞ്ഞു "സന്തോഷം ആയി അളിയാ, നീ മാത്രമേ ഈ കവിത ശ്രദ്ധിച്ചു കേട്ടോള്ളൂ" എന്ന് പറഞ്ഞു തോളില്‍ കൈയിട്ടു കണ്ടത്തില്‍ ഷാപ്പില്‍ പോയി രമേശന് കള്ളും കപ്പയും വാങ്ങി കൊടുത്തു തുരു തുരാ കുറെ കവിത അങ്ങ് ചൊല്ലി, അവസാനം കാടന്‍ ചവിട്ടി കൂട്ടി ഷാപ്പിന്റെ കിഴക്കേ തോട്ടില്‍ ഇട്ടു "ഇനി മേലാല്‍ കവിത എന്ന് മിണ്ടുക പോലും ചെയ്യരുത്, നിന്റെ കവിത കേട്ട് ഞാന്‍ കരഞ്ഞു എന്ന് സത്യം തന്നെ, അതിനു ഇങ്ങനെ ശിക്ഷികണോ *&^%$ ?. ചിരികുടുക്കയുടെ ആഘോഷം വരുമ്പോള്‍ ആദ്യം ഓര്‍മ വരുന്നതും ഈ സംഭവം ആണ്. ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ഉള്ള വര്ഷം, ആഘോഷം പൊടി പൊടിച്ചു കൊണ്ടിരിക്കുന്നു. അമ്പലക്കാടന്‍ announcement ചെയ്തു, "അടുത്തതായി പ്രച്ഛന്ന വേഷ മല്‍സരം" (തുടരും)