Monday, June 22, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌ - രണ്ട്

കുഞ്ഞമ്മവനും കുടുംബത്തിനും ചിക്കന്‍ പോക്സ്‌ ഇതിനു മുന്‍പ് വന്ന കാരണം പടരും എന്ന പേടി ഇല്ലായിരുന്നു. എന്തോ കാരുണ്യം തോന്നി ജീവന് അവര്‍ മരുന്ന് വാങ്ങി കൊടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ ചിക്കന്‍ പോക്സ്‌ അയാളുടെ ശരീരത്തില്‍ ചുവന്ന കുരുക്കള്‍ കൊണ്ട് അത്ത പൂക്കളം തീര്‍ത്തു.

അനങ്ങാന്‍ വയ്യാത്ത ശരീര വേദന, കുളിക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ, സഹിക്കാന്‍ വയ്യാത്ത നാറ്റം വേറെ. ചെവിയുടെ മടക്കിലും, ചുണ്ടിലും തലയിലും, എല്ലാം കുരുക്കള്‍ വന്നു നിറഞ്ഞിരുന്നു. അതിനിടയില്‍ ചിലത് പൊട്ടി പഴുത്തു കറുപ്പ് കുത്തുകള്‍ അയാളുടെ ദേഹത്ത് സമ്മാനിച്ച്‌ കൊണ്ടിരുന്നു.

ഒരു ചെറിയ സ്റ്റീല്‍ പാത്രം, ഒരു ചെറിയ സ്റ്റീല്‍ ഗ്ലാസ്‌ അയാളുടെ കട്ടിലിനെ അരികിലെ ജനാല പടിയില്‍ വിശ്രമിച്ചു. എന്തായാലും കുഞ്ഞമാമ്മ അയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. കൂടെ പാര്‍കില്‍ നിന്നും കൊണ്ട് വന്ന ആരിവേപ്പിന്റെ ഇലകള്‍ അമ്മാവന്‍ കട്ടിലില്‍ വിരിച്ചു കൊടുത്തു, ചെറിയൊരു ആശ്വാസം. അമ്മായി അയാളെ തിരിഞു പോലും നോക്കിയില്ലാ. ഇടക്ക് കേള്‍ക്കുന്ന പിറു പിറുപ്പുകള്‍ അയാള്‍ കേള്‍ക്കുണ്ടായിരുന്നു. "എന്തൊരു നാറ്റം ആ റൂമില്‍, ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, അമ്മാവന്‍ തന്നെ എല്ലാം കഴുകി വൃത്തിയാക്കി ഇട്ടോണം, ദൈവമേ കുട്ടികള്‍ അങ്ങോട്ട്‌ പോവുന്നില്ലല്ലോ അത് തന്നെ ഭാഗ്യം". ഉച്ചക്ക് കുട്ടികള്‍ സ്കൂളില്‍ നിന്നും അയല്‍വക്കത്തെ ഗുപ്താജിയുടെ വീട്ടില്‍ വന്നിരിക്കും, വൈകിട്ട് അയാളുടെ അമ്മാവനോ, അമ്മായിയോ ആരു നേരത്തെ വരുന്നോ അപ്പോള്‍ മാത്രം വീട്ടില്‍ വരും. ഇടയ്ക്കു ഒരു ദിവസം അമ്മു വാതില്‍ക്കല്‍ എത്തി നോക്കിയപ്പോള്‍, അയാള്‍ അവളെ കൈ കാട്ടി വിളിച്ചു, ആ കുഞ്ഞു പറഞ്ഞു

"അമ്മാ പറഞ്ഞു ഭയ്യയുടെ അടുത്ത് പോയാല്‍ അസുഖം വരും എന്ന്, ഞാന്‍ വരില്ലാ, അമ്മ തല്ലും" നിറഞ്ഞു വന്ന കണ്ണുകളുടെ മുകളില്‍ അയാള്‍ പുതപ്പു വലിച്ചിട്ടു. ശരീരത്തിലെ കുരുക്കള്‍ സൃഷ്‌ടിച്ച വേദനയിലും വലുതായി അയാളുടെ മനസിലും ചിക്കന്‍ പോക്സിന്റെ വേദന പടരാന്‍ തുടങ്ങി ഇരുന്നു.

വീട്ടില്‍ നിന്നും വന്ന ഫോണ്‍ വിളികള്‍ പോലും അയാളെ ആശ്വസിപ്പിച്ചില്ലാ. "ഗുരുത്വ ദോഷം, അല്ലാതെന്തു, എത്രെയോ പേര്‍ പോവുന്നു, ഡല്‍ഹി, ബോംബെ, അങ്ങനെ, ഇവന്‍ എവിടെ പോയാലും അവനെ പ്രശ്നങ്ങള്‍ തേടി എത്തും, എന്തെ ഇങ്ങനെ ഒരു ജന്മം" അച്ഛന്റെ ശാപവാക്കുകള്‍ കേട്ട് അയാള്‍ മെല്ലെ മന്ദഹസിച്ചു, "ഇത് പോലെ ഒരു ശാപം പിടിച്ച ജന്മം എങ്ങനെ എന്റെ വയറ്റില്‍ പിറന്നോ എന്റെ ദേവി" അമ്മയുടെ ജല്പനങ്ങള്‍ കേട്ടില്ല എന്ന് നടിച്ചു അയാള്‍ വിരലില്‍ പഴുത്തു നിന്ന കുരുക്കള്‍ പൊട്ടിച്ചു ആശ്വാസം കൊണ്ടു. ചെറിയമ്മയുടെ കരച്ചില്‍ പോലും ജീവന് അന്യമായി തോന്നി. കാരണം ഉള്ളില്‍ തന്നോടു തന്നെ നിറയുന്ന വെറുപ്പ്‌, വെറുപ്പ്‌ മാത്രം, സ്വന്തം ജന്മത്തെ, സ്വന്തം രൂപത്തെ വെറുത്ത ജീവന്‍ അന്നുമുതല്‍ ചിക്കന്‍ പോക്സിനെയും വെറുത്തു തുടങ്ങി.

അടുത്ത പ്രഭാതത്തില്‍ ഒരു ഫോണ്‍ വിളി കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്, കുഞ്ഞമാമ്മ ഫോണ്‍ എടുക്കുന്നതും കുറച്ചു കഴിഞ്ഞു അമ്മായിയുടെ കരച്ചിലും അയാള്‍ കേട്ടു. "അമ്മായിയുടെ അച്ഛന്‍ അത്യാസന്ന നിലയില്‍ ആയി ഹോസ്പിറ്റലില്‍ ആണ്" എന്ന വാര്‍ത്തയാണ്‌ അതെന്നു അയാള്‍ക്ക്‌ മനസിലായി. അമ്മായിയുടെ കരച്ചിലിലും ജീവന്റെ നേരയുള്ള കുത്ത് വാക്കുകള്‍ തൊടുത്തു വിടാന്‍ അവര്‍ മറന്നില്ലാ "വലതു കാലെടുത്ത്‌ വച്ചപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ, നിങ്ങള്‍ ഒരുത്തനെ പറഞ്ഞാല്‍ മതിയെല്ലോ, കണ്ടില്ലേ ഓരോന്ന് വരുന്നേ, വീട്ടുകാര്‍ക്കോ വേണ്ട, പിന്നെന്തിനു ചുമക്കണം, കുഞ്ഞമാമ്മ അല്ലെ കുഞ്ഞമാമ്മ" ജീവന്റെ വീട്ടില്‍ നിന്നും അമ്മായിയെ ആശ്വസിപ്പിക്കാന്‍ അയാളുടെ അമ്മ വിളിച്ചപ്പോള്‍ കേട്ട വാക്കുകള്‍ അയാളെ വീണ്ടും വീണ്ടും വെറുപ്പിന്റെ ആഴങ്ങളിലേക്ക്‌ തള്ളിയിട്ടു. "രാധേച്ചി ഞങ്ങള്‍ നാളെ കാലത്തേ തന്നെ തിരിക്കും, ഇവനെ ഒറ്റയ്ക്ക് ഇങ്ങനെ ഇട്ടേച്ചു പോവെണ്ടേ എന്നോര്‍ക്കുമ്പോള്‍"

പുതപ്പിനടിയില്‍ കിടന്നു അയാള്‍ ആലോചിച്ചു ഇപ്പോള്‍ വീട്ടില്‍ അമ്മ പറയുന്നുണ്ടാവും "കണ്ടില്ലേ അച്ഛന് വയ്യഞ്ഞിട്ടും, അവള്‍ക്കു അവന്റെ അസുഖത്തില്‍ എന്താ ഒരു ശ്രദ്ധ, അന്യ വീട്ടില്‍ നിന്നും വന്ന കുട്ടി ആയിട്ടും സ്വന്തം മോനെ പോലെ അല്ലെ അവള്‍ പരിപാലിക്കുന്നെ" അച്ഛന്റെ മറുപടി "നല്ലത് നായക്ക് പറഞ്ഞിട്ടില്ല, എന്നിട്ടും അവളെ കുറ്റം പറയാനാ നിന്റെ മോന് സമയം" കപടത നിറഞ്ഞ ഈ ലോകം പോലും ജീവന് അന്യമായി. അതിലും ഏറെ അയാളെ വിഷമിപ്പിച്ചത് നാളെ മുതല്‍ താന്‍ ഒറ്റയ്ക്ക്, ആരുമില്ല കൂട്ടിനു, അകത്തെ മുറിയില്‍ ഒരുക്കങ്ങള്‍ നടക്കുന്നു, കുഞ്ഞമാമ്മ കുട്ടികളെ വൈകിട്ട് അമ്മായിയുടെ ചേച്ചിയുടെ വീട്ടില്‍ കൊണ്ടു ചെന്ന് ആക്കി, തിരിച്ചു വന്നപ്പോള്‍ രണ്ടു ഫ്ലൈറ്റ് ടിക്കറ്റ്‌ അയാളുടെ അമ്മാവന്റെ കൈവശം ഉണ്ടായിരിന്നു. കുഞ്ഞമാമ്മ അയാളുടെ അടുത്ത് വന്നിരുന്നു, എന്നിട്ട് പറഞ്ഞു "മരുന്നുകള്‍ എല്ലാം വാങ്ങിച്ചു വച്ചിട്ടുണ്ട്, ഗ്ലൂകൊസ് ഇടക്ക് കലക്കി കഴിക്കണം, കുറച്ചു ഫ്രൂട്സ്‌ ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്, പിന്നെ എന്തേലും ആവശ്യം ഉണ്ടേല്‍ നേരെ മുന്നിലെ ജെയിന്‍ അങ്കിളിനെ വിളിച്ചാല്‍ മതി, ഞാന്‍ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ നാളെ കാലത്തേ തന്നെ തിരിക്കും, കാര്യങ്ങള്‍ അറിഞ്ഞല്ലോ നീ, ഞാന്‍ തിരിച്ചു വന്നിട്ട് നിനക്ക് ഒരു താമസ സ്ഥലം നോക്കാം, അവള്‍ സമ്മതിക്കുന്നില്ല" എന്ന് പറഞ്ഞു കുഞ്ഞമാമ്മ അകത്തേക്ക് പോയി.

പിറ്റേന്ന് കാലത്ത് അവര്‍ യാത്ര ആയി, അമ്മായി ഇറങ്ങാന്‍ നേരം ജീവനോട്‌ പറഞ്ഞു, "വിലിപിടിപ്പുള്ള കുറെ സാധനങ്ങള്‍ ഉണ്ട് ഇവിടെ, വാതിലും തുറന്നിട്ടു കിനാവും കണ്ടിരുന്നാല്‍, കള്ളന്മാര് കേറി കൊണ്ടു പോവും, നാടല്ല ഇത്, തുറന്നു മലത്തി ഇട്ടു നടക്കാന്‍, നടക്കു മനുഷ്യാ, നല്ല ട്രാഫിക്‌ ആവും, ഇപ്പളെ"

അങ്ങനെ അവര്‍ യാത്ര ആയി, ജീവന്‍ പതിയെ ജനല്‍ തുറന്നിട്ടു. തണുപ്പ് കുറഞ്ഞു വരുന്നു. ഒന്ന് കുളിക്കണം. എന്ത് വരുന്നെലും വരട്ടെ, അയാള്‍ കുറച്ചു വെള്ളം ചൂടാക്കി. ആരിവേപ്പിന്റെ ഇലകള്‍ ഇട്ടു നന്നായി തിളപ്പിച്ചു. പിന്നെ കുളിമുറിയില്‍ കയറി പാകത്തിന് തണുത്ത വെള്ളം ചേര്‍ത്ത് ആ ചൂടിനെ മയപെടുത്തി. പിന്നെ കുളിക്കാന്‍ തുടങ്ങി. ചൂട് വെള്ളം വീണപ്പോള്‍ വേദന ഉണ്ട് എങ്കില്‍ തന്നെയും എന്തൊരു ആശ്വാസം, ആരിവേപ്പിന്റെ ഇലകള്‍ കൊണ്ടു തന്നെ ശരീരം കത്തുന്ന വേദനയോടെ ഉരച്ച് കഴുകി. വേദന അയാള്‍ അറിഞ്ഞതെ ഇല്ലാ, അയാള്‍ പൂര്‍ണമായും തന്നെ തന്നെ വെറുത്തു കഴിഞ്ഞല്ലോ. ഉണങ്ങിയ തുണി കൊണ്ടു ദേഹം മുഴുവന്‍ ഒപ്പി ആഹാ നല്ല ഭംഗി, ചുവന്നു തുടുത്തിരിക്കുന്നു, കണ്ണാടിയില്‍ നോക്കി അയാള്‍ പുഞ്ചിരിച്ചു, ഇപ്പോള്‍ കണ്ടാല്‍ സായിപ്പിനെ പോലെ ഉണ്ട്, പണ്ട് വെളുക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചിരിക്കുന്നു, ഒരു പ്രയോജനവും ഉണ്ടായില്ല, ചിക്കെന്‍ തൊലി ഉരിഞ്ഞ പോലെ, അത് കൊണ്ടായിരിക്കും ഇതിനെ ചിക്കന്‍ പോക്സ്‌ എന്ന് വിളിക്കുന്നെ, എന്തായാലും കൊള്ളാം, പതിയെ വന്നു കട്ടിലില്‍ ഇരുന്നു അയാള്‍ മരുന്ന് പുരട്ടി, അല്പം ഗ്ലൂക്കോസ് കലക്കി കഴിച്ചു.

ജീവന്‍ പതിയെ കട്ടിലിലേക്ക് ചാഞ്ഞു, പിന്നെ ഗാഡമായ നിദ്രയില്‍ ആയി അയാള്‍, രാവിലെ ആരോ വാതിലില്‍ മുട്ടുന്ന കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്, എണിക്കാന്‍ ആഞ്ഞ ജീവന് അനങ്ങാന്‍ സാധിച്ചില്ല, ശരീരം മുഴുവന്‍ ഇടിച്ചു നുറുക്കുന്ന വേദന, പുതപ്പു അവിടെ അവിടെ ആയി ഒട്ടി പിടിച്ചു ഇരിക്കുന്നു. തല പൊങ്ങുന്നില്ലാ, വാതിലില്‍ തന്നെ പേരെടുത്തു ആരോ വിളിക്കുന്നു, ആരെന്ന് വ്യക്തമല്ല, ചെവി പോലും ശരിക്ക് കേള്‍ക്കുന്നില്ലാ, ഒരു വിധത്തില്‍ നിരങ്ങി ജീവന്‍ വാതിലിന്റെ കുറ്റി എടുത്തു, മുന്നില്‍ വല്യച്ചന്‍, അധിക നേരം അങ്ങനെ നിക്കാന്‍ ആകാതെ അയാള്‍ വല്യച്ഛന്റെ മുകളിലേക്ക് ചാഞ്ഞു.
അദ്ദേഹം ജീവനെ തങ്ങി കട്ടിലില്‍ കിടത്തി, എന്നിട്ട് ചോദിച്ചു "നീ എന്തിനാ കുളിച്ചേ, എപ്പഴേ കുളിക്കാന്‍ പാടില്ലാ, ഇത് കൂടും, അതും ഇതെല്ലം ഉരചു പൊട്ടിച്ചേ എന്തിനാ, അത് പോട്ടെ നീ വല്ലതും കഴിച്ചോ" ഇല്ലെന്ന് ജീവാന്‍ തലയാട്ടി. അപ്പോള്‍ തന്നെ ആ മനുഷ്യന്‍ ഓടി താഴേക്ക്‌ പോയി രണ്ടു ഗ്ലാസ്‌ ജ്യൂസ്‌ വാങ്ങി ഓടി എത്തി. പതിയെ ജീവന്റെ അടുത്തിരുന്നു മെല്ലെ മെല്ലെ അവനെ കുടിപ്പിച്ചു. എന്നിട്ട് പറഞ്ഞു "ഞാന്‍ കഴിക്കാന്‍ എന്തേലും വാങ്ങി വരട്ടെ" "വേണ്ട എനിക്ക് വിശപ്പില്ല, തല നേരെ നിക്കുന്നില്ലാ, ഒന്ന് കിടക്കട്ടെ" എന്നാല്‍ ഞാന്‍ ഇറങ്ങുവാ നീ വാതില്‍ അടച്ചു കുറ്റിയിട്ടോ, എന്തേലും ഉണ്ടേല്‍ വിളിക്കണം" " ശരി വിളിക്കാം" അദ്ദേഹം യാത്ര പറഞ്ഞു ഇറങ്ങി. വാതില്‍ കുറ്റി ഇട്ടു ഒരു വിധത്തില്‍ ജീവന്‍ കട്ടില്‍ എത്തി, കട്ടിലിലേക്ക് വീണു എന്ന് പറയുന്നതാവും ശരി. (തുടരും)

Thursday, June 4, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌

"യാത്രികര്‍ കൃപയാ ധ്യാന്‍ ലീജിയേ, കേരള സെ ആനെവാലി ട്രെയിന്‍ നമ്പര്‍ 2617 മംഗള എക്സ്പ്രസ്സ്‌, പ്ലാറ്റ് ഫോം നമ്പര്‍ ചാര്‍ പര്ര്‍ ആ രഹി ഹെ.

നിസമുദിന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നിന്ന മംഗള എക്സ്പ്രസ്സില്‍ നിന്നും ഒരു പകപ്പോടെ ജീവന്‍ ഇറങ്ങി, ഒരു പൂരത്തിനുള്ള ആളുകള്‍ പ്ലാറ്റ്ഫോമില്‍, എവിടെ കുഞ്ഞമ്മാവന്‍, ദൈവമേ ഇനി വന്നില്ലേ, ഈ തിരക്ക് കണ്ടിട്ട് തന്നെ പേടി ആവുന്നു. അഡ്രസ്‌ എഴുതി വച്ച ചെറിയ പോക്കറ്റ്‌ ഡയറി ജീവന്‍ ഒന്ന് കൂടി അമര്‍ത്തി പിടിച്ചു. പെട്ടന്ന് തോളില്‍ ഒരു കൈ പതിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞമ്മവനും വല്യച്ചനും. ഹാവൂ സമാധാനമായി. ആകപ്പാടെ ജീവിതത്തില്‍ കണ്ടിട്ടുള്ളത് എറണാകുളം സ്റ്റേഷന്‍ ആണ്. ഇത് ഒരു സംഭവം തന്നെ. ജനകൂട്ടത്തില്‍ കൂടി തിങ്ങി ഞെരുങ്ങി ജീവന്‍ അവരുടെ കൂടെ പുറത്തേക്കു ഇറങ്ങി. പുറത്തെ കാര്‍ പാര്‍കിങ്ങില്‍ വന്നു കുഞ്ഞമ്മാവന്റെ കാറില്‍ സാധങ്ങള്‍ കേറ്റി വച്ചു.

"ജീവ എങ്ങനെ ഇരുന്നു യാത്ര, സുഖയിരുന്നോ"
"അതെ സുഖായിരുന്നു, തണുപ്പ് അതി കഠിനം, നാട്ടിലെ വൃചിക കുളിരാണ് വലുത് എന്നാ ഞാന്‍ കരുതിയെ, ഇത് ഭയങ്കരം"
വല്യച്ചന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു 'ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു, അപ്പോള്‍ മുപ്പത്തി അഞ്ചു വര്‍ഷങ്ങളായി ഇവിടെ കിടക്കുന്ന ഞങ്ങളെ സമ്മതിക്കേണ്ടേ".

മൂവരും കാറില്‍ കയറി, ആ വാഹനം ലോധി റോഡ്‌ ലക്ഷ്യമാക്കി പാഞ്ഞു. പോകുന്ന വഴി അവര്‍ ജീവന് ഓരോ സ്ഥലവും കാണിച്ചു കൊടുത്തു, പണ്ട് സാമൂഹ്യ പാടത്തിലും, ടീവീലും, പത്രങ്ങളിലും വായിച്ചും കണ്ടും അറിഞ്ഞ സ്ഥലങ്ങള്‍ മുന്നില്‍ പ്രത്യക്ഷ പെട്ടപ്പോള്‍ ജീവന്‍ ആവേശം കൊണ്ടു. അതെ ഇതൊരു പുതിയ ജീവിതമാണ്‌, ഇവിടെ നിന്നും വേണം പിടിച്ചു കയറാന്‍, എന്തേലും ആവണം, ആയെ പറ്റൂ. ചെറിയമ്മ പോകാന്‍ നേരം ചേര്‍ത്ത് നിര്‍ത്തി പറഞ്ഞ കാര്യങ്ങള്‍ അയാള്‍ മനസ്സില്‍ ഓര്‍ത്തു. "എന്റെ കുട്ടി ആരെകൊണ്ടും ഒന്നും പറയിക്കാന്‍ ഇട വരുത്തരുത്, എന്ത് സംഭവിച്ചാലും ഒന്നും മറുത്തു പറയരുത്. ക്ഷമിക്കുക, നിന്റെ ദേഷ്യം കുറയ്ക്കുക"

കുഞ്ഞമ്മാവന്റെ വിളി അയാളെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തി. "എടാ ഇറങ്ങ് വീടെത്തി".
ഒരു സര്‍ക്കാര്‍ കോളനി, ഓ കുഞ്ഞമ്മായി സര്‍ക്കാര്‍ സര്‍വീസില്‍ ആണല്ലോ, അവര്‍ക്ക് കിട്ടിയ ഫ്ലാറ്റ് ആവും. സാധനങ്ങള്‍ എടുത്തു അവര്‍ക്കൊപ്പം അയാള്‍ പടികള്‍ കയറി. ബെല്ലടിച്ചതും കുഞ്ഞമ്മായി വാതില്‍ തുറന്നു. ജീവന്‍ സന്തോഷം വിടര്‍ന്ന കണ്ണുകളോടെ അമ്മായിയെ നോക്കി പറഞ്ഞു "അമ്മായി ഞാന്‍ എത്തി, എവിടെ അമ്മൂസും അപ്പൂസും" പറഞ്ഞു തീര്‍നില്ല രണ്ടു പേരും വന്നു ജീവന്റെ മുകളിലേക്ക് ചാടി കേറി "ഭയ്യ എന്താ താമസിച്ചേ, എന്താ ഞങ്ങള്‍ക്ക് കൊണ്ട് വന്നെ, നോക്കട്ടെ" ജീവന്റെ പെട്ടിയും ബാഗും എല്ലാം കുട്ടികള്‍ തന്നെ വലിച്ചു അകത്തു കൊണ്ട് പോയി, തുറന്നു എന്തൊക്കയോ തിരയാന്‍ തുടങ്ങി.

കുഞ്ഞമ്മാവന്റെ സ്വരം അവിടെ ഉയര്‍ന്നു "ഇതുങ്ങളെ കൊണ്ട് തോറ്റു, അവന്‍ ഒന്ന് അകത്തു കേറട്ടെ, സാവധാനം എടുത്തു കൂടെ" ജീവന്‍ ചിരിച്ചു കൊണ്ട് അകത്തു കയറി എന്നിട്ട് പറഞ്ഞു "അവര്‍ എന്തേലും ചെയ്യട്ടെ കുഞ്ഞമാമ്മ, അവരുടെ അല്ലെ എല്ലാം". പതിയെ അകത്തു കയറി അയാള്‍ സോഫയില്‍ ഇരുന്നു. ചെറിയൊരു ഫ്ലാറ്റ് ആണ്. ടൈപ്പ് -ടു. സ്വീകരണ മുറിയില്‍ തന്നെ ഒരു കട്ടില്‍ കൂടി ഇട്ടിട്ടുണ്ട്. പിന്നെ ഒരു ചെറിയ ഇടുങ്ങിയ ബാല്‍ക്കണി. ഒരു ബെഡ് റൂം, ചെറിയൊരു ഡൈനിങ്ങ്‌ ടേബിള്‍, അതിനോട് ചേര്‍ന്ന് അടുക്കള, കേറി വരുന്ന വഴിയില്‍ അടുത്തായി കക്കൂസ് ആന്‍ഡ്‌ കുളിമുറി, ഒരു ചെറിയ ഫമില്യ്ക്ക് പറ്റിയ വാസസ്ഥലം.
അമ്മൂസ്‌ കൈയില്‍ പകുതി തീര്‍ത്ത ചക്ക വറുത്തതും കൊണ്ട് വന്നിട്ട് ജീവന്റെ മടിയില്‍ ചാടി കേറി ഇരുന്നു ചോദിച്ചു "ഭയ്യാ ഇത് പേരമ്മ തന്നു വിട്ടതാണോ എനിക്ക്, എന്താ പേരമ്മ വരാഞ്ഞേ" അവളുടെ കുഞ്ഞി കവിളില്‍ തലോടി അയാള്‍ പറഞ്ഞു

"അപ്പോള്‍ നമ്മുടെ നാടിലെ വീട് നോക്കേണ്ടേ, പെരപ്പന് ഓഫീസില്‍ പോകേണ്ടേ, അതൊക്കെ ആര് ചെയ്യും"

അകത്തെ മുറിയില്‍ നിന്നും അപ്പൂസിന്റെ കരച്ചില്‍ തുടങ്ങി. അയാള്‍ അമ്മുവിനെ കൂട്ടി അകത്തെ മുറിയില്‍ ചെന്ന് നോക്കുമ്പോള്‍, അപ്പൂസ് ഒരേ കരച്ചില്‍. അവനെ വാരിയെടുത്തു അയാള്‍ ചോദിച്ചു "എന്തിനാ എന്റെ അപ്പുക്കുട്ടന്‍ കരയനെ" അവന്‍ ചിണുങ്ങി കൊണ്ട് പറഞ്ഞു "എന്റെ ശര്‍ക്കര പെരട്ടി എന്തെ, അവള്‍ക്കു മാത്രം എല്ലാം കിട്ടി, എനിക്കൊന്നും ഇല്ലാ" ജീവന്‍ മറ്റൊരു ബാഗില്‍ നിന്നും ഒരു പാക്കറ്റ് എടുത്തു അവനു നീട്ടി. അവന്റെ പ്രിയപ്പെട്ട ശര്‍ ക്കര പെരട്ടി. കരച്ചില്‍ നിര്‍ത്തി അവന്‍ അതും കൊണ്ട് പുറത്തേക്കു പാഞ്ഞു, പിന്നാലെ അമ്മുവും. അത് കണ്ടു ചിരിച്ചു കൊണ്ട് അയാള്‍ തന്റെ ബാഗില്‍ നിന്നും സോപ്പും തോര്‍ത്തും എടുത്തു കുളിമുറിയിലേക്ക് നടന്നു. ഫ്രഷ്‌ ആയി അയാള്‍ വന്നപ്പോള്‍ എല്ലാരും ഭക്ഷണം കഴിക്കാന്‍ അയാളെ കാത്തിരിക്കുന്നു. കുട്ടികള്‍ പുറത്തെ ടെറസില്‍ അയല്‍പക്കത്തെ ഹിന്ദിക്കാരുടെ കുട്ടികളോട് ഏട്ടന്‍ വന്ന കാര്യം പറയുന്നു. ഒപ്പം അമ്മു എല്ലാം പങ്കിട്ടു കൊടുക്കുന്നു. കുട്ടികള്‍ക്ക് അയാള്‍ ജീവനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുമ്പോളും അയാള്‍ മതി അവര്‍ക്ക്, ഊഞ്ഞാല്‍ കെട്ടി കൊടുക്കാനും, അമ്പല കുളത്തില്‍ കുളിപ്പികനും, സൈക്കിളില്‍ കറങ്ങാനും, സിനിമ കാണിക്കാനും അയാള്‍ തന്നെ വേണം, നാട്ടില്‍ വന്നാല്‍ ഉറങ്ങത് പോലും അയാളുടെ കൂടെ.

അമ്മായിയോട് ചോദിച്ചു "അവര്‍ കഴിച്ചോ" "ഇന്നിനി കഴിപ്പ്‌ കണക്കാ, അത് മുഴുവന്‍ തിന്നു തീര്‍ക്കാതെ ഉറങ്ങില്ലാ." ഭക്ഷണം കഴിച്ചു എല്ലാരും സ്വീകരണ മുറയില്‍ വന്നു, പിന്നെ നാട്ടു വര്‍ത്തമാനം,

വല്യച്ചനോട് അയാള്‍ ചോദിച്ചു "ഇവിടുന്നു ഒത്തിരി ദൂരത്താ വല്യച്ചന്‍ താമസിക്കണേ" "

അതെ അങ്ങ് ബോര്‍ഡര്‍ ഏരിയ ആണ്. ഞാന്‍ ഒരു ദിവസം വന്നു നിന്നെ കൊണ്ട് പോവാം കേട്ടോ" അയാള്‍ മെല്ലെ തല ആട്ടി. [അയാളുടെ അടുത്ത ബന്ധത്തില്‍ ഉള്ള ആളാണ് വല്യച്ചന്‍, അമ്മയുടെ ചേച്ചി ആയിട്ടു വരും വല്യമ്മച്ചി. ഒരു മോള്‍, അവള്‍ ഭോപാലില്‍ പഠിക്കുന്നു]. കുറച്ചു കഴിഞ്ഞു വല്യച്ചന്‍ അയാളോട് യാത്ര പറഞ്ഞു ഇറങ്ങി.

കുഞ്ഞമ്മാവന്‍ അയാളോട് ജീവിതത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. "നാളെ മുതല്‍ നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം, ഇവിടെ അടുത്താണ്, ആറു മാസത്തെ കോഴ്സ് ആണ്. പൈസ ഞാന്‍ കൊടുത്തു. അത് തീര്‍ന്നു കഴിഞ്ഞു ജോലിയുടെ കാര്യം നോക്കാം. നീ ഭാഷ എല്ലാം പഠിച്ചു വരുമ്പോള്‍, ഭേദപ്പെട്ട ജോലി നമ്മള്‍ക്ക് നോക്കാം. നാളെ മുതല്‍ പോകണം, നാളെ ഞാന്‍ നിന്നെ കൊണ്ട് പോയി കാണിച്ചു തരാം, പിന്നെ നീ തനിച്ചു പോകണം. അറിയാല്ലോ നിന്റെ വീടിലെ കാര്യങ്ങള്‍, അച്ഛന്‍ ഉടന്‍ റിട്ടയര്‍ ആവും, പിന്നെ എല്ലാം നീയാണ് നോക്കേണ്ടേ, അവരുടെ പ്രതീക്ഷ നിന്നില്‍ ആണ്". എല്ലാം ജീവന്‍ തലയാടി കേട്ട് കൊണ്ടിരുന്നു. അമ്മായി പുറത്തേക്ക് വന്നതേ ഇല്ലാ. വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു. എന്തോ ഒരനിഷ്ടം, നാട്ടില്‍ വരുമ്പോള്‍ എന്താ സ്നേഹം. ആര്‍ക്കു അറിയാം. താന്‍ വന്നത് ഇഷ്ടം ആയിട്ടില്ല എന്നാണോ. ആ എന്തേലും ആവട്ടെ, അവനവന്റെ കാര്യം നോക്കുക, അത്ര തന്നെ.
*************************************************************************************

അടുത്ത ദിവസം മുതല്‍ അയാള്‍ കമ്പ്യൂട്ടര്‍ പഠനത്തിന്‌ പോകാന്‍ തുടങ്ങി. ആദ്യ ദിവസം കുഞ്ഞമ്മാവന്‍ കൊണ്ട് ചെന്നാക്കി. ഉച്ചക്ക് മുന്‍പേ തിരിച്ചു വരാം. കുട്ടികളും ഉച്ചക്ക് എത്തും. വീട്ടില്‍ എത്തിയാല്‍ കുട്ടികള്‍ ആയിരുന്നു അയാള്‍ക്ക് ആശ്രയം. ദിവസങ്ങള്‍ കടന്നു പോയി. അതിന്റെ കൂടെ മൂന്ന് മാസങ്ങളും. അയാളുടെ ജീവിത ദിന ചര്യകളും അതോടെ മാറി. അമ്മായി ഒന്നും ചെയ്യതായി. രാത്രിയിലെ കുഞ്ഞമ്മവനും അമ്മായിയും തമ്മില്‍ ഹിന്ദിയില്‍ കൂടുന്ന വഴക്ക് ജീവനെ ചൊല്ലി ആണ് എന്ന് അയാള്‍ക്ക് മനസിലായി. പൈസ മുടക്കി പഠിപ്പിക്കാന്‍ വിട്ടത് അവര്‍ക്ക് ഇഷ്ടമായില്ലാ, മാത്രമല്ല അവരുടെ സഹോദരന്‍ ഡിഗ്രി കഴിഞ്ഞു ഇങ്ങോട്ട് വരാന്‍ നില്‍ക്കുന്നു. അതിനിടയില്‍ ഭര്‍ത്താവിന്റെ സഹോദരീ പുത്രന്‍ അവര്‍ക്കൊരു ചതുര്‍ഥി ആവുന്നതില്‍ തെറ്റില്ല. ആദ്യമൊക്കെ ബെഡ് റൂമില്‍ ഒതുങ്ങുന്ന വഴക്കുകള്‍ അയാളുടെ മുന്നിലും ആവര്‍ത്തിച്ചു. "പിന്നെ ഐ എ എസ് നു അല്ലെ പഠിക്കണേ, പത്താം ക്ലാസ്സ്‌ മതിയല്ലോ നല്ല ജോലി കിട്ടാന്‍, വെറുതെ കാശ് കളയാന്‍ ഒരു അമ്മാവനും, ഇതെന്റെ വീടാ ഞാന്‍ എന്റെ അനിയനെ കൊണ്ട് വരും, ആര് എന്ത് പറഞ്ഞാലും.

വീട്ടിലെ ഫോണ്‍ സംഭാഷണങ്ങള്‍ പോലും ജീവനെ കുറ്റം പറച്ചിലില്‍ മാത്രം ഒതുങ്ങി. "എല്ലാം നിനക്ക് തോന്നുന്നതാ, അവള്‍ പാവമാ, നിനക്ക് രക്ഷപെടാന്‍ ആശയില്ലാ, അല്ലേല്‍ ഇവിടെ വന്നു തെണ്ടി നടക്കു, ഇന്നത്തെ കാലത്ത് ആരേലും കാശു മുടക്കി നിന്നെ പഠിപ്പിക്കുമോ" ഒപ്പം അമ്മയുടെ പതിവ് ദേഷ്യവും, അച്ഛന്റെ സ്ഥിരം ശാപ വാക്കുകളും. "നന്നാവില്ല ഇതൊക്കെ, എന്തോ മുന്‍ജന്മ പാപം"

ചെറിയമ്മയുടെ സാന്ത്വനം മാത്രം അയാളെ സമാധാനിപ്പിച്ചു. പാവം എന്ത് ചെയ്യാന്‍ ആശ്വസിപ്പിക്കാന്‍ അല്ലെ പറ്റൂ. ഒരു പാവം സാധു സ്ത്രീ.

മാസങ്ങള്‍ മൂന്നു കടന്നു പോയപ്പോള്‍ ജീവന്റെ ജീവിതവും മാറി മറിഞ്ഞു. രാവിലെ ആട്ട കുഴച്ച് റൊട്ടി ഉണ്ടാക്കണം, കുട്ടികളെ ഒരുക്കണം, സ്കൂള്‍ ബസില്‍ കേറ്റി വിടണം, പഠനം കഴിഞ്ഞു വന്നു പാത്രങ്ങള്‍ എല്ലാം കഴുകണം, അങ്ങനെ ഒരു പാട് ഭരിച്ച ഉത്തരവാദിത്തം അയാളുടെ തലയില്‍ ആയി. നിസഹായനായി നോക്കുന്ന കുഞ്ഞമ്മമയെ കാണുമ്പൊള്‍ അയാള്‍ ഒന്നും പറയില്ലാ. തണുപ്പ് കാരണം ജീവന്റെ കാല്‍ വിരല്‍ നീര് വന്നു വീര്‍ത്തു. ആരും ഒന്നും ശ്രദ്ധിച്ചേ ഇല്ലാ. കുട്ടികള്‍ പോലും അകലം തുടങ്ങി. സ്വീകരണ മുറിയിലെ കട്ടിലും കമ്പ്യൂട്ടര്‍ ക്ലാസും മാത്രം ആയി അയാളുടെ ലോകം.വല്യച്ചനും വല്യമ്മയും ഇടയ്ക്കു ഫോണ്‍ ചെയ്യും, അത് മാത്രം, കുഞ്ഞമ്മയിയുടെ കുറ്റങ്ങള്‍ കേട്ട് അവരും അയാളെ പഴി പറയാന്‍ തുടങ്ങി. എല്ലാം നിശബ്ദനായി അയാള്‍ കേട്ടു. കാരണം അയാള്‍ തന്റെ ജന്മത്തെ, തന്റെ രൂപത്തെ എല്ലാം വെറുത്തു തുടങ്ങി ഇരുന്നു.

അന്ന് വൈകിട്ട് ജീവന് എന്തോ ഒരു അസ്വസ്ഥത തോന്നി. ശരീരത്തിന് എന്തോ ഒരു വേദന. പ്രതേകിച്ചും മുതുകില്‍, കഴുത്തിന്‌ പിന്നിലായി, തടവുമ്പോള്‍ ഒരു തടിപ്പ്, അയാള്‍ അത് കുഞ്ഞമാമ്മയെ കാണിച്ചു. "ഹേ ഒന്നുമില്ല വല്ല മൂട്ട കടിച്ചയിരിക്കും, നീ പോയി കിടന്നുറങ്ങാന്‍ നോക്ക്". ചെറിയൊരു ആശ്വാസത്തോടെ അയാള്‍ നിദ്രയെ പുല്‍കി. രാവിലെ ശരീരത്ത് അവിടെ ഇവിടെ ആയി ചെറിയ കുരുക്കള്‍ കണി കണ്ടാണ്‌ അയാള്‍ ഉണര്‍ന്നത്. ഭയപ്പാടോടെ കുഞ്ഞമ്മാവന്റെ അടുത്തേക്ക് അയാള്‍ പാഞ്ഞു. കുഞ്ഞമാമ്മ ജീവന്റെ ശരീരത്തെ ചുവന്നു പഴുത്ത കുരുക്കള്‍ പരിശോധിക്കുമ്പോള്‍ അലക്ഷ്യമായ സ്വരത്തില്‍ അമ്മായി പറഞ്ഞു "ചിക്കന്‍ പോക്സാ, അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു" (തുടരും)