Monday, January 3, 2011

അളിയാ അളിയനെയല്ല, അളിയന്‍ കഴിച്ചോ

പൂന്തോപ്പില്‍ ജോസ് എന്ന എന്റെ സുഹൃത്തിനെ എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കണം എന്നത് എന്റെ എന്റെ ഏറ്റവും വലിയ മോഹമായിരുന്നു. കാരണം ഒന്ന് അയല്‍പക്കത്തെ അദ്ദേഹം, ഉറ്റ സുഹൃത്ത്‌, ഒരു കുഞ്ഞിന്റെ അപ്പന്‍, കലവൂരിലെ ഫേമസ് തയ്യല്‍ക്കാരന്‍, ഭാവം കണ്ടാല്‍ മന്മോഹന് വരെ നിക്കര്‍ അടിച്ചു കൊടുക്കുന്നത് പുള്ളിക്കാരന്‍ ആണെന്ന ഭാവം, ഇതൊക്കെ ആണെങ്കിലും, ആളൊരു പുലി ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

കൈനകരി എന്ന കുട്ടനാടന്‍ ഗ്രാമത്തില്‍ നിന്നും വിവാഹം കഴിച്ചിരിക്കുന്ന കാരണം ഭാര്യ വീട്ടിലോട്ടുള്ള യാത്ര വളരെ രസകരം ആണ്. ജോസിന്റെ കൂടെ മിക്കപ്പോഴും ഞാന്‍ ആവും അകമ്പടി. കാരണം പോവുന്ന വഴികളില്‍ ഉള്ള ഷാപ്പിന്റെ എണ്ണം തന്നെ. കൂടാതെ നല്ല ഒന്നാം ക്ലാസ്സ്‌ ഫുഡും. ബൈക്ക് കൈനകരി പോസ്റ്റ്‌ ഓഫീസില്‍ വച്ച് കടത്തും കടന്നു അക്കരെ എത്തി പിന്നെ വയലിന്റെ നടവരമ്പിലൂടെ ഉള്ള യാത്ര തീര്‍ത്തും എന്നെ പോലെ അവധിക്കു വരുന്നവര്‍ക്ക് അര്‍മാദിക്കാന്‍ തന്നെ ഉള്ളതാണ്.

കലവൂരില്‍ നിന്നും ബൈക്കില്‍ തിരിച്ചു, പാതിരപള്ളി, തുമ്പോളി, കൊമ്മാടി, പിന്നിട്ടു ശവക്കോട്ട പാലം കഴിഞ്ഞു, ഇരുമ്പ് പാലത്തില്‍ കയറി മെഡിക്കല്‍ കോളേജ് പിന്നിട്ടു വീണ്ടും തെക്കോട്ട്‌ വന്നു എസ് ഡീ കോളേജ് നു മുന്‍പ് ഇടത്തോട്ടു തിരിഞ്ഞു ചങ്ങനാശ്ശേരി റോഡില്‍ ഒറ്റ വിടല്‍ ആണ്. മനോഹരമായ കാഴ്ചകള്‍ കണ്ടു സുഖമായി കാറ്റും കൊണ്ട് പോവുന്ന ഒരു സുഖം, ഒരിടത്തും കിട്ടുകേല. പള്ളതുരുത്തി പാലം ഇറങ്ങി വീണ്ടും കിഴക്കോട്ടു വരുമ്പോള്‍ നെടുമുടി. അവിടുത്തെ ഒരു ഷാപ്പുണ്ട് അതാണ് നെടുമുടി ഷാപ്പ്‌. തുടക്കം അവിടുന്ന്. ആ ഷാപ്പിന്റെ പുറകില്‍ ഇരുന്നു വിശാലമായ വയലിലേക്കു നോക്കി കാറ്റും കൊണ്ട് കൊച്ചുവര്തമാനവും പറഞ്ഞിരുന്നു കള്ള് കൊടം മോന്താന്‍ എന്ന സുഖമാ എന്റെ അമ്മോ.

കഴിഞ്ഞ അവധിക്കു ഇതുപോലെ ജോസിന്റെ ഭാര്യ വീട്ടിലേക്കു ഒരു കറക്കം, പതിവുപോലെ നെടുമുടി ഷാപ്പില്‍ എത്തി, പുറകിലെ ഡെസ്കില്‍ ഇരുന്നു നാട്ടിലെ ഗോസിപ്പുകള്‍, വിശേഷങ്ങള്‍ എല്ലാം ജോസിന്റെ നാവില്‍ നിന്നും കേട്ട് കള്ളും, കപ്പയും, വരാല്‍ കറിയും കൂടി തട്ടുമ്പോള്‍ അടിവയറ്റില്‍ ഒരു ഇരമ്പല്‍. അറബികടല്‍ അല്ല, പസിഫിക് സമുദ്രം ഇളകി വരുന്നു. ജോസിനോട് കാര്യം പറഞ്ഞു,

വടക്ക് പുറത്തെ അടുക്കളയോട് ചേര്‍ത്ത് കെട്ടിയ ചാക്ക് കൊണ്ട് ഡോര്‍ ഉള്ള അറ്റാച്ച് ബാത്രൂം ജോസ് കാണിച്ചു തന്നു, പിന്നെ പറഞ്ഞു
"ഓടിക്കോ സാധിച്ചോ, വെള്ളം ഞാന്‍ ഏറ്റു".
മുണ്ടും മടക്കി കുത്തി ഒറ്റ ഓട്ടത്തിന് അകത്തു. അടുക്കള വാതുക്കല്‍ മീന്‍ വെട്ടി കൊണ്ടിരുന്ന ചേച്ചി "അയ്യാ" എന്ന് കാറി കൂവി അകത്തേക്ക്. എന്താ സംഭവം എന്നറിയില്ലല്ലോ. അകത്തു കേറി ഒന്നിരുന്നതെ ഓര്‍മയുള്ളൂ. അത്രയ്ക്ക് ഗമണ്ടന്‍ സൌണ്ട് ആയിരുന്നു അകത്തു നിന്ന്. ക്ലോസെറ്റും തകര്‍ന്നു ഞാന്‍ അകത്തു പോയന്നു ഷാപ്പിലുള്ള എല്ലാവരും ഓര്‍ത്തു. കാര്യം കഴിഞ്ഞപ്പോള്‍ വെള്ളം ഇല്ല,

കള്ളിന്റെ മൂഡില്‍ പുറത്തു ആരോടോ ഫോണില്‍ "ഷാപ്പില്‍ ഞാന്‍ അപ്പിയിട്ടു മെഴുകിയ കാര്യത്തിന്റെ നോട്ടീസ് കലവൂരില്‍ അടിച്ചിറക്കണം" എന്ന് പറയുന്ന ജോസിനോട് വെള്ളത്തിന്റെ കാര്യം സൂചിപ്പിച്ചു. വെള്ളവും എത്തി . ഒരു നെരോലക് പെയിന്റ് വരുന്ന ബക്കറ്റില്‍, ഒന്നും നോക്കാതെ കഴുകി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ജോസ് ചിരിയോടു ചിരി. കൂടാതെ കുടിയന്മാര്‍ എല്ലാരും. കാര്യം ചോദിച്ചപ്പോള്‍ ജോസ് പറയുവാ "കുളിച്ചു കഴിഞ്ഞാല്‍ നാറ്റം പോവും, മീന്‍ വെട്ടിയ വെള്ളമാണ് മച്ചൂ ഞാന്‍ കഴുകാന്‍ തന്നത് , നീ ക്ഷമിക്കും എന്നെനിക്കറിയാം,കാരണം കാര്യം നടന്നില്ലേ" ഇതിലും ഭേദം ക്ലോസേറ്റ് തകര്‍ന്നു മരിച്ചാല്‍ മതിയെന്ന് തോന്നി പോയാല്‍ കുറ്റം പറയാന്‍ പറ്റുവോ.

ഓരോ അവധിക്കു വരുമ്പോളും എനിക്ക് ഓരോ പെണ്ണ് കാണല്‍ ഉണ്ടാവും. അകമ്പടി ജോസ് അണ്ണന്‍ തന്നെ, കാരണം, ചുറ്റുപാട് നിരീക്ഷിക്കല്‍ , കാരണവന്മാരെ ഒതുക്കല്‍, എനിക്കും പെണ്ണിനും മിണ്ടാനും പറയാനും ഒക്കെ ഉള്ള സൌകര്യം എല്ലാം ഒരുക്കാന്‍ ജോസിനെ കഴിഞ്ഞേ ഉള്ളു. മാരാരിക്കുളത്ത് ഇത് പോലെ ഒരു പെണ്ണ് കാണാന്‍ ഇത് പോലെ ഒരു അവധിക്കു പോയി. ബ്രോക്കെര്‍ ഓട്ടോയില്‍ മുന്‍പേ, ഞാനും ജോസും, മുന്‍പേ പോണ ആനയ്ക്ക് പിന്‍പേ രണ്ടാന എന്ന കണക്കില്‍ ബൈക്കില്‍ പുറകെ.

വീട് എത്തുന്നതിനു മുന്നേ ജോസ് പുറകില്‍ ഇരുന്നു പറഞ്ഞു: "ഡാ കുറുപ്പേ ചിലപ്പോള്‍ പെണ്ണിന്റെ തന്ത &*^%മോന്‍ എങ്ങാനും നമ്മള് വരുന്നുണ്ടോന്നു നോക്കി വേലിയുടെ അടുത്തോ അയല്‍വക്കത്തെ വീടിന്റെ അടുത്തോ ഒക്കെ നോക്കി നില്‍ക്കും, നേരത്തെ ഒന്ന് കണ്ടു വയ്ക്കാന്‍ " പറഞ്ഞു തീര്‍ന്നതും പെണ്ണിന്റെ വീടെത്തി.

ഞങ്ങള്‍ വീട്ടിലേക്കു കയറാന്‍ നേരം പെണ്ണിന്റെ അപ്പന്‍ എല്ലാരേയും സ്വീകരിക്കാന്‍ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ബൈക്കിലെ കണ്ണാടിയില്‍ നോക്കി നരച്ച മുടിയുടെ എണ്ണം കൂടിയിട്ടുണ്ടോ എന്ന് നോക്കി തിട്ടപെടുത്തി വന്ന ജോസിനെ പെണ്ണിന്റെ തന്ത കൈ കൊടുത്തു സ്വീകരിച്ചു പറഞ്ഞു

"നമസ്കാരം ഞാനാണ്‌ ആ തന്ത *&^% മോന്‍"

പെണ്ണ് കാണല്‍ പോയിട്ട് ഒരു ചായ പോലും കുടിക്കാതെ ഓടിയ ഓട്ടം . ബ്രോക്കെര്‍ പദ്മക്ഷി ചേച്ചി അതില്‍ പിന്നെ എന്നെയോ, എന്റെ അമ്മയോ കണ്ടാല്‍ ഇന്നൊക്കെ മിണ്ടും, പക്ഷെ ജോസിനെ കണ്ടാല്‍ അതെ ചെകുത്താന്‍, അതെ കുരിശു കഥ റിപീറ്റ് ആവും.

*********************************************************************************
ഒരു പതിവ് ഞായറാഴ്ച, ജോസ് ഒരു കിലോ ബീഫ്‌ ഒക്കെ വാങ്ങി നല്ല അടിപൊളിയായി ഫ്രൈ ഒക്കെ ചെയ്തു, ഭാര്യയും കൊച്ചും ഒക്കെ ആയി കഴിക്കാനിരുന്നു, ഒരു ഉരുള വായിലേക്ക് വച്ചപ്പോള്‍ വാതുക്കല്‍ ഒരു മുട്ട്. വാതില്‍ തുറന്നപ്പോള്‍ ഒരേ ഒരു അളിയന്‍ പുറത്തു, ഭാര്യയുടെ ആങ്ങള "കൊച്ചുമോന്‍ അളിയന്‍".

"അല്ലെ ഇതാര് അളിയന്, വാ അളിയാ, വന്നിരി, അളിയന്‍ വിശന്നു വരുകയാണ് അല്ലെ, എന്നാല്‍ ചോറ് ഉണ്ണാം, ഞങ്ങളും ഉണ്ണാന്‍ തുടങ്ങുകയായിരുന്നു, നല്ല ബീഫ്‌ ഒക്കെ ഉണ്ട്"

അളിയനും പെരുത്ത സന്തോഷം, അങ്ങനെ എല്ലാരും കൂടി ഉണ്ണാന്‍ ഇരുന്നു. ഓരോ ഉരുളകളും ഇറച്ചി കറിയില്‍ മുക്കി മേമ്പോടിക്ക് കഷ്ണങ്ങള്‍ വായിലേക്ക് ഫില്‍ ചെയ്തു അളിയന്‍ ഊണ് പകുതി ആക്കി. അന്നേരം വരുന്നു ജോസിന്റെ ഡയലോഗ് "ആറ്റുനോറ്റു ഒരു സണ്‍‌ഡേ വരും, അന്ന് നുള്ളി പെറുക്കി നൂറു ഗ്രാം ഇറച്ചി മേടിച്ചു കറിയും വച്ച് കഴിക്കാനിരിക്കുമ്പോള്‍ ഇതെങ്കിലും *&^%$# മക്കള്‍ അത് മൂ&&ന്‍ വരും" ഇത് കേട്ട് അളിയന്‍ കഴിപ്പ്‌ നിര്‍ത്തി കൈയ്യില്‍ ഒരുളയും പിടിച്ചു കണ്ണും തള്ളി ജോസിനേം പെങ്ങളേം നോക്കിയപ്പോള്‍ അതാ വരുന്നു ജോസിന്റെ അടുത്ത ഡയലോഗ് "അളിയാ അളിയനെ അല്ല അളിയാ, അളിയന്‍ കഴിക്കു, അളിയന്‍ കഴിക്കു"