Friday, August 21, 2009

ഞങ്ങളുടെ ഓണ സ്മരണകള്‍

ഓണത്തിനെപറ്റി എന്തേലും എഴുതി തരൂ എന്ന മാണിക്യം ചേച്ചിയുടെ അഭ്യര്‍ഥന സമ്പന്നമായ ഓര്‍മ്മകള്‍ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ വിട്ടതാണ്. ഇക്കാര്യം ചാറ്റ് ചെയ്യുമ്പോള്‍ കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ http://www.rajeevkurup.blogspot.com/ കുറുപ്പിനോട് പറഞ്ഞു. അവനാണെങ്കില്‍ ഒരു നൂറായിരം ഓണസ്മരണകളുണ്ട്. ഓണപ്പൂക്കളമുണ്ട്, ഓണക്കളികളുണ്ട്... കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതമായി. ഞങ്ങളുടെ ചാറ്റ് അതേ പോലെ ഇങ്ങനെ ഒരു പോസ്റ്റാക്കി ഇടാമെന്നു വെച്ചു.

വിശദമായി വായിക്കുവാന്‍ ദേ ഇവിടെ നോക്ക്

Wednesday, August 19, 2009

എന്‍റെ പച്ച പട്ടു പാവാട (അവസാന ഭാഗം)

ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടു നാണത്തില്‍ മുങ്ങിയ ഒരു ചിരിയുമായി അവള്‍ നിന്നു.
"ദേവിക്ക് എന്നെ എന്നെ ഇഷ്ടമായിരുന്നു അല്ലെ" അവള്‍ മുഖം കുനിച്ചു പറഞ്ഞു,
"അതെ, എന്താ നേരിട്ട് പറയാതെ, ചേട്ടനെ വിട്ടത്"
"എന്റെ പൊന്നു മോളെ, പേടി കൊണ്ടല്ലേ"

അങ്ങനെ ഒരു വിശുദ്ധ പ്രേമം അവിടെ തുടങ്ങി. അന്ന് അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു, ലോകം കീഴടക്കിയ സന്തോഷം, ഒരു പെണ്ണിന് എന്നെ ഇഷ്ടമായി എന്ന് അറിയുന്ന നിമിഷം, ഇനി മുതല്‍ അവള്‍ എന്‍റെ പെണ്ണ്, എനിക്ക് സ്വപ്നം കാണാന്‍, എന്നെ കാത്തിരിക്കാന്‍ ഒരുവള്‍. അന്ന് വൈകിട്ട് പ്രീതി കുളങ്ങര അമ്പലത്തില്‍ പോയി അവളുടെ പേരിലും എന്‍റെ പേരിലും വഴിപാടു നടത്തി. ഞങ്ങളെ തമ്മില്‍ ഒരിക്കലും വേര്‍ പിരിക്കല്ലേ എന്ന് അമ്മയോട് മനം നൊന്തു പ്രാര്‍ത്ഥിച്ചു. അതിനു ശേഷം ഊഞ്ഞാല്‍ ഗിരിഷിനു അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും വയറു നിറച്ചു പൊറോട്ട, ഇറച്ചി കറി, ഫ്രൈ ഒക്കെ വാങ്ങി കൊടുത്തു. (കള്ളടി അന്ന് ഇല്ല കേട്ടോ, ഇല്ലേല്‍ എപ്പം കുപ്പി, പൊട്ടിച്ചു എന്ന് ചോദിച്ചാല്‍ പോരെ)

പരസ്പരം ഒരു നിമിഷം പോലും കാണാന്‍ പറ്റാത്ത അവസ്ഥ. ദുഃഖങ്ങള്‍, സന്തോഷങ്ങള്‍, എല്ലാം പരസ്പരം പറയാന്‍, പങ്കു വക്കാന്‍ ഒരാള്. രാവിലെ ബസ്‌ സ്റ്റോപ്പില്‍ വന്നു, ഞാന്‍ ബസ്‌ കയറി പോകുന്ന വരെ അവള്‍ നോക്കി നില്‍ക്കും, വൈകിട്ട് ഒരുമിച്ചു ബസ്‌ സ്റ്റോപ്പില്‍ വന്നു ഒരുമിച്ചു ട്യൂഷന്‍ സെന്റര്‍. (ഞങ്ങളുടെ കോളേജ് രണ്ടു ദിക്കില്‍ ആണ്) ട്യൂഷന്‍ കഴിഞ്ഞു അവളുടെ വീടിന്റെ അടുത്ത് വരെ കൊണ്ട് ചെന്ന് ആക്കി, തിരിച്ചു വീട്ടിലേക്കു. പരസ്പരം സംസാരം കൂടാതെ കത്തുകളും ഞങ്ങള്‍ കൈ മാറി. രാത്രികളില്‍ ഇരുന്നു എഴുതി കൂട്ടിയ എത്ര പ്രേമ ലേഖനങ്ങള്‍. മകന്റെ പഠനത്തിന്റെ ശുഷ്‌ കാന്തി കണ്ടു അച്ഛനും അമ്മയും സന്തോഷിച്ചു.

ഞങ്ങളുടെ പ്രേമം അങ്ങനെ ട്യൂഷന്‍ സെന്റര്‍ മുഴുവന്‍ പതിയെ അറിയാന്‍ തുടങ്ങി, പലക അടിച്ച ചുമരുകളില്‍ ചോക്ക് കൊണ്ട് ശ്രീദേവി + ജീവന്‍ , എന്ന പരസ്യങ്ങള്‍ പ്രത്യക്ഷപെട്ടു. അതൊന്നും കാര്യം ആക്കാതെ ഞങ്ങള്‍ പുസ്തകങ്ങളിലും മറ്റും ഒളിപ്പിച്ചു പ്രേമ ലേഖങ്ങള്‍ കൈ മാറി. മറ്റു കുട്ടികള്‍ എല്ലാം പരസ്പരം പറഞ്ഞു ചിരിച്ചു. അങ്ങനെ പതിയെ കലവൂര്‍ മുഴുവന്‍ ഏക ദേശം സംഭവം ഫ്ലാഷ് ആയി മാറി. എന്‍റെ കോളേജില്‍ സമരം ഉള്ള ദിവസങ്ങളില്‍ ഞാന്‍ നേരെ ആലപ്പുഴ ടൌണില്‍ പോയി അവളെ കാത്തു നില്‍ക്കും, അവളുടെ കോളേജ് വിട്ടു കഴിഞ്ഞാല്‍ ടൌണില്‍ കൂടെ കറക്കം, മുല്ലക്കല്‍ തെരുവുകളി കൂടി, പൊരി വറുത്തതും തിന്നു വെറുതെ നടന്നു. ആന കുത്തി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു കല്യാണം കഴിഞ്ഞു എത്ര കുട്ടികള്‍ വേണമെന്നും, കുട്ടികളുടെ പേര് വരെ ഞങ്ങള്‍ തീരുമാനിച്ചു. (ഈ പ്രേമത്തിന്റെ ഓരോ കാര്യം). ചില ദിവസങ്ങളില്‍ ബീച്ചില്‍ പോയി കടല്‍ പാലത്തിന്റെ അടിയില്‍ മുട്ടിയുരുമ്മി കടലിലെ തിരകളില്‍ കാല് നനച്ചു ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. ഇടയ്ക്കു അവളുടെ ചുമലില്‍ കൈ വച്ച് ആ കണ്ണുകളില്‍ നോക്കി, "നിന്നെ എത്ര സ്നേഹിച്ചിട്ടും എനിക്ക് മതി വരുന്നില്ല മോളെ, " എന്ന് പറഞ്ഞപ്പോള്‍ "എനിക്കെന്റെ ജീവേട്ടന്‍ മാത്രം മതി " എന്ന് പറഞ്ഞു ഒരു കരച്ചിലോടെ എന്‍റെ നെഞ്ചില്‍ ചാഞ്ഞു കിടന്നവള്‍.

ഒരിക്കല്‍ ട്യൂഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു സൈക്കിള്‍ തള്ളി അവളുടെ കൂടെ സംസാരിച്ചു ഞങ്ങള്‍ പതിവ്പോലെ നടന്നു വരുന്നു. കലവൂര്‍ മാര്‍ക്കറ്റ്‌ കഴിഞ്ഞു കിഴകോട്ടു തിരിഞ്ഞു, അപ്പോള്‍ എതിരെ ഒരു സ്ത്രീ കൈയ്യില്‍ സാധനങ്ങള്‍ ആയി വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മിന്നലും ഇടിയും എല്ലാം ഒരുമിച്ചു വെട്ടി. "എന്‍റെ അമ്മ" സൈക്കിളുമായി പോസ്റ്റ്‌ ഓഫീസിലേക്ക് ഒരു പാച്ചില്‍. ശ്രീദേവി പോലും അറിഞ്ഞില്ല ഞാന്‍ എവിടെ പോയി എന്ന്. അമ്മ പോയി കഴിഞ്ഞു ഞാന്‍ പതിയെ ഇടവഴിയിലൂടെ അവളുടെ മുന്നില്‍ എത്തി. അവള്‍ ഒന്ന് ഞെട്ടി നോക്കി എന്നിട്ട് ചോദിച്ചു

"എവിടെ പോയതാ, അത് ഒന്നും പറയാതെ, ഞാന്‍ പേടിച്ചു പോയി"
"എടീ ആ പോകുന്ന ആളെ കണ്ടോ", അവള്‍ തിരിഞ്ഞു നോക്കി,
"അതാണ് നിന്റെ അമ്മായി അമ്മ, സാക്ഷാല്‍ എന്‍റെ അമ്മ"
"അയ്യോ അമ്മയെ ഒന്ന് പരിചയ പെടുത്താന്‍ മേലാരുന്നോ,"
"ഉവ്വ നടന്നു, ഈ മാര്‍ക്കറ്റ്‌ ഒന്നും അമ്മ നോക്കില്ല, ഇവിടെ വച്ച് എന്നെ വെട്ടി നുറുക്കും, പിന്നീട് നിനക്കിട്ടു, ചെറുതായി വീട്ടില്‍ അറിഞ്ഞു കാര്യങ്ങള്‍, അത് കൊണ്ട് മോള് വീട്ടില്‍ പൊയ്ക്കോ, എന്‍റെ ഗ്യാസ് പോയി, എന്നിനി മൂഡില്ല" അവള്‍ യാത്ര പറഞ്ഞു നടന്നു നീങ്ങി.

എന്ത് പറഞ്ഞാലും എനിക്ക് അമ്മയെ ഇന്നും പേടി ആണ്, കള്ളത്തരം കാണിച്ചു അമ്മയുടെ മുന്നില്‍ നിന്നാല്‍ ഇന്നും എന്‍റെ കൈയും കാലും വിറക്കും, കാരണം അമ്മ ഒന്ന് നോക്കി മൂളിയാല്‍ സത്യം പറഞ്ഞു പോകും, സീ ബീ ഐ യുടെ നുണ പരിശോധന ഒന്നും വേണ്ട, അല്ലാതെ തന്നെ പറഞ്ഞു പോവും.

അങ്ങനെ രണ്ടാം വര്ഷം പരീക്ഷ വന്നു, ഞാന്‍ ആത്മാര്‍ഥമായി എഴുതി, (കാരണം ഒന്നാം വര്ഷം മലയാളം ഒഴിച്ച് ഒന്നും കിട്ടിയില്ലായിരുന്നു). അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞു രണ്ടാം വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നു. എന്നില്‍ വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് ഞാന്‍ തോറ്റു. വലിയ തോല്‍വി അല്ല ചെറുത്‌, പറഞ്ഞു വരുമ്പോള്‍ ഇത്രേ ഉള്ളു "സബ്ജെക്ട് കിട്ടീല്ല എന്നെ ഉള്ളു, ലാംഗ്വേജ് പോയി"

അച്ഛന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു "നല്ലവണ്ണം എഴുതിയതാ, പക്ഷെ.... അച്ഛന്‍ പേടിക്കേണ്ട സപ്ലിമെന്റ് പരീക്ഷക്ക്‌ രണ്ടു വര്‍ഷത്തെയും ഞാന്‍ ഒന്നിച്ചു എഴുതി എടുത്തിരിക്കും, ഞാന്‍ പ്രീമിയര്‍ കോളേജില്‍ തന്നെ പോയി പഠിച്ചു എഴുതും, വിജയിക്കും, നോക്കിക്കോ"
അച്ഛന്‍ പറഞ്ഞു "ഇതിനു കൂടി ഞാന്‍ പൈസ മുടക്കും, പിന്നെ തോറ്റു തുന്നം പാടി വന്നാല്‍, പുസ്തകം എടുത്തു തട്ടിന്റെ മുകളില്‍ ഇടും, പിന്നെ തൂമ്പയും കൊണ്ട് കിളക്കാന്‍ പൊക്കോണം" അമ്മ കനപ്പിച്ചു ഒന്ന് നോക്കി അകത്തേക്ക് പോയി.

പക്ഷെ എന്‍റെ പെണ്ണ് ഒന്നാം വര്‍ഷ പരീക്ഷ നല്ല മാര്‍ക്കോടെ പാസായി രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. എന്‍റെ റിസള്‍ട്ട്‌ അറിഞ്ഞു ഏറ്റവും കൂടുതല്‍ സങ്കടം അവള്‍ക്കായിരുന്നു. ഞാന്‍ ചോദിച്ചു "നിനക്ക് ഇത്ര സങ്കടമോ ഞാന്‍ തോറ്റതില്‍"
"അത് കൊണ്ടല്ല, ഞാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ചേരുമ്പോള്‍ ചേട്ടന്‍ പിന്നേം പാസ്‌ ആയില്ല എങ്കില്‍, എന്തൊരു നാണക്കേടാ, അത് കൊണ്ട് അച്ഛനോട് പറഞ്ഞ പോലെ വാശിക്ക് പഠിച്ചു കൂടെ, ഏട്ടനെ കൊണ്ട് പറ്റും ഒന്ന് മനസിരുത്തി പഠിച്ചു നോക്ക്"
അതൊരു വാശി ആയി തന്നെ ഞാന്‍ എടുത്തു, കുത്തി ഇരുന്നു പഠിച്ചു, അങ്ങനെ പരീക്ഷ എഴുതി രണ്ടു വര്‍ഷത്തെയും ഒന്നിച്ച്. ഫലം വന്നപ്പോള്‍ ഞാന്‍ പേടി കാരണം നമ്പോലനെ അയച്ചു. പിന്നെ അവന്റെ വരവും കാത്തു ഇരിപ്പായി. കുറെ കഴിഞ്ഞു നമ്പോലന്‍ വിളറിയ മുഖവുമായി വന്നു പറഞ്ഞു
"അളിയാ നീ പാസ്‌ ആയടാ"
"സത്യം"
"അതേടാ ഞാനും ഞെട്ടി പോയി, എന്നിട്ട് നിന്റെ റോള് നമ്പര്‍ രണ്ടു മൂന്ന് പേരെ കൊണ്ട് നോക്കിച്ചു, നിന്നെ കേരള സര്‍വകലാശാല അനുഗ്രഹിച്ചു"
വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ പറയാന്‍ പെട്ട പാട്. ആരും ആദ്യം വിശ്വസിച്ചില്ല. പിന്നെ മനസിലായി മകന്‍ പ്രീ ഡിഗ്രി എന്ന കടമ്പ കൂളായി കടന്നു എന്ന്. അതാണ് കുറുപ്പ്, അത് ആവണമടാ കുറുപ്പ്.

പിറ്റേന്ന് എന്‍റെ പെണ്ണിനെ കണ്ടു ഞാന്‍ പാസായ കാര്യം പറഞ്ഞു, അവള്‍ക്കും ഒത്തിരി സന്തോഷമായി. അന്ന് കടപ്പുറത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അവളുടെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു
"അപ്പോള്‍ കള്ള കുറുപ്പിന് മര്യാദക്ക് പഠിക്കാന്‍ അറിയാം, ഈ പെണ്ണ് കാരണം പാസ്സായി, എന്നിട്ട് എനിക്ക് സമ്മാനം ഒന്നും തന്നില്ലല്ലോ"
"സമ്മാനം ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്"
"എവിടെ"
എന്‍റെ കൈകള്‍ കൊണ്ട് ഞാന്‍ അവളുടെ മുഖം എന്‍റെ മുഖത്തേക്ക് വലിച്ചു അടുപ്പിച്ചു അന്ന് ആദ്യമായി ഞാന്‍ അവള്‍ക്കു ഒരു ചുംബനം നല്‍കി. എല്ലാം പെട്ടന്ന് ആയിരുന്നു. അല്പം പരിഭവത്തില്‍ എന്നെ മടിയില്‍ നിന്നും തള്ളി മാറ്റി നാണത്തിന്റെ ലാഞ്ചന ഉള്ളില്‍ ഒളിപ്പിച്ചു അവള്‍ പറഞ്ഞു "വഷളന്‍"

അതിനിടക്ക് എനിക്ക് തിരുവനന്തപുരത്ത് ഒരു ഇന്റര്‍വ്യൂ നു പോകണ്ട ആവശ്യം വന്നു. സീ ആര്‍ പീ എഫിലേക്ക്. അങ്ങനെ ആദ്യത്തെ ഓട്ടവും ചാട്ടവും തുണി അഴിച്ചുള്ള പരിശോധനയും പാസായി, പിറ്റേന്ന് എഴുത്ത് പരീക്ഷ, അത് തോറ്റപ്പോള്‍ സമാധാനമായി. അവര്‍ക്ക് നല്ലൊരു ജവാനെ കിട്ടാന്‍ യോഗമില്ല. അങ്ങനെ നാല് ദിവസം അവിടെ തങ്ങി. തിരിച്ചു വീട്ടില്‍ വന്നു. എത്രയും പെട്ടന്ന് എന്റെ പ്രിയപെട്ടവളെ കാണാന്‍ കൊതിയായി. നാല് ദിവസം പിടിച്ചു നിന്ന പാട്. ഹോ. പിറ്റേന്ന് ട്യൂഷന്‍ സെന്റെറില്‍ പോയി കാത്തു നിന്ന്. കണ്ടില്ല. അന്നേരം അവളുടെ വീടിനടുത്തുള്ള കുട്ടി വരുന്നു. അവളോട്‌ ചോദിച്ചു. അന്നേരം അവള്‍ പറഞ്ഞു.

"ജീവന്‍ നിങ്ങള്‍ പോയ അന്ന് വൈകിട്ട് അവളുടെ അമ്മ മരിച്ചു, അസുഖം കൂടുതല്‍ ആയിരുന്നു,താന്‍ ഒന്ന് അവിടെ വരെ ചെല്ലണം"
പകച്ചു പോയി, ഇനി അവള്‍ക്കു ആരുണ്ട്. പ്രായമായ അമൂമ്മ മാത്രം, പിന്നെ ബുദ്ധി വളര്‍ച്ച ഇല്ലാത്ത ഒരു അനുജനും എന്ത് ചെയ്യും അവള്‍. എങ്ങനെ അവളെ സമാധാനിപ്പിക്കും.

അപ്പോള്‍ തന്നെ ഊഞ്ഞാലിനെ കൂട്ടി നേരെ അവളുടെ വീട്ടില്‍ ചെന്നു. ഒരു തുണ്ട് ഭൂമിയില്‍ ഒരു ഓലപ്പുര, ബന്ധുക്കള്‍ ആണെന്ന് തോന്നുന്നു, കുറച്ചു ആള്‍ക്കാര്‍ റോഡിലും മുറ്റത്തുമായി നില്‍പ്പുണ്ട്‌. സ്ഥലം ഇല്ലാത്തതു കാരണം വീടിന്റെ തൊട്ടു തെക്ക് വശം തന്നെ കത്തിയമര്‍ന്ന ചിത. അവളുടെ മുത്തശി ആണെന്ന് തോന്നുന്നു തിണ്ണയില്‍ ഇരിപ്പുണ്ട്. ഞങ്ങള്‍ അകത്തേക്ക് ചെന്നു. മുത്തശിയുടെ അരികില്‍ ചെന്നു ഞാന്‍ പറഞ്ഞു "മുത്തശി ഞങ്ങള്‍ ശ്രീദേവിയുടെ കൂടെ പഠിക്കുന്നവര്‍ ആണ്" അവര്‍ തല ഉയര്‍ത്തി നോക്കി എന്നിട്ട് കരച്ചിലോടെ പറഞ്ഞു "എന്റെ മോള് പോയി മക്കളെ, ഈ കുട്ടികളെ ഇനി ഞാന്‍ എങ്ങനെ നോക്കും, എന്റെ കാലം കഴിഞ്ഞാല്‍ ആരാ അവര്‍ക്ക്, എനിക്ക് ഒന്നും അറിയില്ല" ആ അമ്മയുടെ തലയില്‍ തലോടി നിന്നതല്ലാതെ ഒരു വാക്ക് പോലും പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. അത്രയ്ക്ക് മനസ് പൊള്ളുന്ന വേദന ആയിരുന്നു എല്ലാര്‍ക്കും. കുറച്ചു കഴിഞ്ഞു അവര്‍ ചോദിച്ചു
"എന്താ മോന്റെ പേര്"
"ജീവന്‍"
"മോന്‍ ആണല്ലേ ജീവന്‍"
"മുത്തശിക്ക് എന്നെ എങ്ങനെ അറിയാം"
"അവള്‍ പറഞ്ഞിട്ടുണ്ട് എല്ലാം"
ആദ്യം ഒന്ന് പരിഭ്രമിച്ചു എങ്കിലും ഞാന്‍ ചോദിച്ചു
"ശ്രീദേവി"
"പുറകിലെ ചായ്പില്‍ ഉണ്ട്"
ഊഞ്ഞാല്‍ പോയിട്ട് വരാന്‍ കണ്ണ് കൊണ്ട് കാണിച്ചു. ഞാന്‍ പതിയെ ചയ്പിനുള്ളിലേക്ക് കയറി. അവിടെ നിലത്തു കാല്‍മുട്ടുകളില്‍ മുഖം കുനിച്ചു അവള്‍ ഇരിക്കുന്നു.

ഞാന്‍ പതിയെ അടുത്ത് ചെന്നു വിളിച്ചു
"ദേവി"
തല ഉയര്‍ത്തി അവള്‍ എന്നെ നോക്കി പിന്നെ ഒരു പൊട്ടി കരച്ചില്‍ ആയിരുന്നു.
"ഏട്ടാ എനിക്കിനി ആരുമില്ലാ, ഞങ്ങള്‍ അനാഥര്‍ ആയി, എന്റെ അമ്മ പോയി ഏട്ടാ, ഞങ്ങളെ കുറിച്ച് ഒത്തിരി സങ്കടപെട്ടാണ് അമ്മ പോയെ"
"മോളെ ആരുമില്ല എന്ന് പറയരുത് ഞാനില്ലേ നിന.... വാക്കുകള്‍ മുഴുപ്പിക്കുനതിനു മുന്നേ എന്റെ തൊണ്ട ഇടറി, ഒരു കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവള്‍ ഉള്ളിലെ സങ്കട കടലിനെ കണ്ണു നീരായി ഒഴുക്കി. ഒടുവില്‍ അവളെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങി.

പിന്നെയും ഒരു ആഴ്ച കഴിഞ്ഞാണ്‌ അവളെ കണ്ടത്. കലവൂര്‍ സ്കൂളിലെ വക മരത്തിന്റെ ചോട്ടില്‍ വച്ച് അവള്‍ പറഞ്ഞു
"ജീവേട്ടാ ഞാന്‍ പറയുന്ന കാര്യം ശ്രദ്ധിച്ചു കേള്‍ക്കണം, ഞങ്ങള്‍ ഇവിടെ നിന്നും പോകുന്നു, അമ്മാവന്റെ കൂടെ മദ്രാസിലേക്ക്, ഏട്ടന്‍ ഇനി എന്നെ മറക്കണം, ഞാന്‍ ഒരു ശാപം പിടിച്ച ജന്മം ആണ്, കണ്ണ് നീര്‍ എന്നും എന്റെ കൂടെ പിറപ്പ്‌ ആണ്. ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാവും, ഇപ്പോള്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ ആവില്ല, എനിക്കിനി അവര് പറയുന്നത് അനുസരിക്കാനേ സാധിക്കൂ, അനിയന് വേറെ ആരും ഇല്ലാ. പഠനം പോലും തുടരാന്‍ പറ്റുമോ എന്ന് സംശയം ആണ്"

"ദേവി എനിക്കിപ്പോള്‍ നിന്നെ സംരക്ഷിക്കാന്‍ കഴിയില്ല, പക്ഷെ ഞാന്‍ കാത്തിരിക്കും, എവിടെ ആണെങ്കിലും നീ എന്നെ മറക്കരുത്, എനിക്ക് നീ ഇല്ലാതെ ഒരു ജീവിതം ഇല്ലാ, എത്ര എളുപ്പം ആണ് നീ പറഞ്ഞത് മറക്കാന്‍, അങ്ങനെ നമ്മള്‍ക്ക് സാധിക്കുമോ"
"ഏട്ടാ ജീവിതത്തില്‍ ഓരോന്ന് അനുഭവിച്ചു കഴിയുമ്പോള്‍ ഇതെല്ലം നിസാരം ആയിട്ട് തോന്നും, ഇപ്പോള്‍ ഒരുതരം ശൂന്യത ആണ്, ഒന്നുമില്ല, എട്ടനോടുള്ള സ്നേഹം എന്റെ മരണം വരെ കാണും"

സത്യത്തില്‍ എനിക്ക് ദേഷ്യം, സങ്കടം എല്ലാം വന്നു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയി. എത്ര പെട്ടന്ന് അവള്‍ പറഞ്ഞു തീര്‍ത്തു, പണ്ടേ ഷോര്‍ട്ട് ടെമ്പെര് ആണ്. ഒടുവില്‍ അവളോട്‌ ചൂടായി പറഞ്ഞു
"ശരി എന്തേലും ചെയ്യ്‌, ഞാന്‍ ഒന്നും പറയുന്നില്ല, എന്നെ ഉപേക്ഷിച്ചു പോണേല്‍ പൊയ്ക്കോ"
അവള്‍ ശാന്തയായി പറഞ്ഞു "ഏട്ടാ ദേഷ്യം പിടിക്കാതെ, കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കു"
ഞാന്‍ പറഞ്ഞു "എന്താണേലും ഞാന്‍ കാത്തിരിക്കും, എവിടെ ആണെങ്കിലും,"
അത്രയും പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവളുടെ മിഴികളും നനഞ്ഞു തുടങ്ങി ഇരുന്നു. കൂടുതല്‍ ഒന്നും പറഞ്ഞില്ല വീട്ടിലെ അഡ്രസ്‌ എഴുതി കൊടുത്തു പറഞ്ഞു
"എനിക്ക് കത്തെഴുതണം, എല്ലാ വിവരങ്ങളും അറിയിക്കണം അവിടെ എത്തിയിട്ട്, നിന്റെ കത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും"
"ശരി ഏട്ടാ ഞാന്‍ കത്തെഴുതാം, ഏട്ടന്റെ മറക്കാന്‍ എനിക്കും ആവില്ല, എന്റെ ധൈര്യം എല്ലാം ചോര്‍ന്നു പോയി"
എന്റെ കൈയ്യില്‍ ഒന്ന് മുറുക്കെ അമര്‍ത്തി അവള്‍ തിരിഞ്ഞു നടന്നു. അന്ന് അവള്‍ ധരിച്ചത് അതെ പച്ച പട്ടുപാവാട ആയിരുന്നു. കണ്ണുനീര്‍ ആ പച്ചപ്പ്‌ മായ്ക്കുന്ന വരെ ഞാന്‍ നോക്കി നിന്നു. പിന്നെ കണ്ട അവളുടെ പാവാടക്കു ചുവപ്പിന്റെ നിറം ആയിരുന്നു.

ഒരു പാട് വര്‍ഷം ഞാന്‍ കാത്തിരിന്നു അവളുടെ കത്തിന് വേണ്ടി, പോസ്റ്റ്‌ ഓഫീസില്‍ കയറി ഇറങ്ങി ഒന്നും വന്നില്ല. അറിയില്ല അവള്‍ എവിടെ എന്ന്. എവിടെ എങ്കിലും സുഖമായി പാവം ജീവിക്കുന്നുണ്ടാവും. പ്രാര്‍ഥന മാത്രമേ ഉള്ളു എന്നും ഇന്നും നിനക്ക് വേണ്ടി തരാന്‍ എന്റെ കൈയ്യില്‍, എന്റെ പ്രിയപ്പെട്ട പച്ച പട്ടു പാവാടക്കാരി.

ഒരു ലളിത ഗാനത്തിന്റെ വരികള്‍ കടമെടുത്തു ഇത് അവസാനിപ്പിക്കെട്ടെ
"വേര്‍ പിരിഞ്ഞെങ്കിലും നീ എന്നെ ഏല്‍പ്പിച്ച
വേദന ഞാന്‍ ഇന്നും സൂക്ഷിക്കുന്നു"
(അവസാനിച്ചു )

Wednesday, August 5, 2009

എന്‍റെ പച്ച പട്ടു പാവാട

പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഒരു വിധത്തില്‍ പ്രീ ഡിഗ്രിക്ക് അഡ്മിഷന്‍ തരമാക്കി ഇനിയാണ് അടിച്ചു പൊളി എന്ന വിശ്വാസത്തില്‍ ആണ് എസ് എന്‍ കോളേജിലേക്ക് വലതുകാല്‍ വച്ച് കയറിയത്. ഗ്രൂപ്പ്‌ തേര്‍ഡ്. ഒരു പാട് നല്ല സുഹൃത്തുകളെ കിട്ടിയ കലാലയ ഓര്‍മകള്‍ അന്നും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കലവൂരില്‍ നിന്നും ബസില്‍ തൂങ്ങി പോകുക, അഥവാ ആളുകൂടുതല്‍ ആണെങ്കില്‍, പുറകിലെ കോണിയില്‍ തൂങ്ങുക, ബസിനുള്ളില്‍ കടന്നു കൂടിയാല്‍ ബെല്ലടിക്കുക, കണ്ടക്ടര്‍ ജാഡ കാണിച്ചാല്‍, ബെല്ലിന്റെ ചരട് കെട്ടിയിടുക, ഒടുവില്‍ പാതി വഴിയില്‍ വണ്ടി നിര്‍ത്തിയിട്ട്‌ ഭ്രാന്ത് പിടിച്ച ഡ്രൈവര്‍ പോലീസിനെ വിളിക്കുമ്പോള്‍ മാപ്പ് പറഞ്ഞു "കണ്ട്ക്ടര്‍ സാറിനും നാരായണം, പിന്നെ ഡ്രൈവര് ചേട്ടനും നാരായണം" എന്ന പാട്ടും പാടി വീണ്ടും കോളേജിലേക്ക് യാത്ര തുടരുക ഇതൊക്കെ ആണ് അന്നത്തെ പതിവുകള്‍. പക്ഷെ ആദ്യത്തെ രണ്ടു മാസമേ നടന്നുള്ളൂ ഈ ആക്രാന്തം. എസ് എന്‍ കോളേജിന്റെ മുന്നിലെ വില്ലേജ് ഓഫീസിലേക്ക് അച്ഛന്‍ സ്ഥലം മാറി വന്നതോടെ തീര്‍ന്നു എല്ലാം. കാരണം കോളേജിലോ ബസിലോ എന്ത് കാണിച്ചാലും ന്യൂസ്‌ ഉടന്‍ അച്ഛന്റെ ചെവിയില്‍ എത്തിയിരിക്കും, അല്ലേല്‍ എത്തിച്ചിരിക്കും. അതിനാല്‍ വളരെ സൂക്ഷിച്ചാണ് പോക്കും വരവും പഠനവും. ഇത് എല്ലാം കഴിഞ്ഞു വൈകിട്ട് ട്യൂഷന് പോണം പ്രീമിയര്‍ കോളേജില്‍. കലവൂരില്‍ ബസ്‌ ഇറങ്ങി വിശന്നു കത്തുന്ന വയറുമായി ട്യൂഷന് പോയി ഇരിക്കുന്ന ഒരു അവസ്ഥാ, ഹോ അതും കഴിഞ്ഞു 6 മണിയാവും വീട്ടില്‍ ചെല്ലുമ്പോള്‍. അന്നേരമാണ് എന്തേലും തിന്നാന്‍ കിട്ടുന്നെ. അതും അമ്മയുടെ വക സീ ബി ഐ വക ചോദ്യങ്ങള്‍ നേരിട്ടതിനു ശേഷം.

അന്ന് എന്റെ വീടിന്റെ അടുത്തുള്ള മിക്ക ചേട്ടന്മാരും എസ് എന്‍ കോളേജില്‍ ഉള്ളത് കൊണ്ടും, അച്ഛന്റെ ഓഫീസ് നേരെ വാതുക്കല്‍ തന്നെ ഉള്ളതിനാലും, അധികം പ്രശ്നങ്ങള്‍ കോളേജില്‍ നേരിട്ടിരുന്നില്ല, മാത്രമല്ല എസ് എഫ്‌ ഇയ്യുടെ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. (ഇല്ലേല്‍ ഇടി കിട്ടുമല്ലോ) അങ്ങനെ വിജയകരമായി ഞാന്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ഫസ്റ്റ് ഇയര്‍ പിള്ളേരെ പരിചയപെടാന്‍ ഇനിയാണ് അവസരം. പുതിയ ബാച്ചിലെ പിള്ളേര്‍ എത്താന്‍ തുടങ്ങി. ഓരോ ഗ്രൂപ്പിലും പോയി പെണ്‍ പിള്ളേരെ ടീം ആയി പരിച്ചയപെടുക എന്നിട്ട് തിരിച്ചു പോകുക. അല്ലാതെ റാഗ്ഗിംഗ് ഒന്നുമല്ലോ കേട്ടോ. നിര്‍ദോഷമായ ഒരു പരിചയം പുതുക്കല്‍, അത്ര തന്നെ. അന്ന് പെണ്‍കുട്ടികളെ പരിചയപെടുന്നതിനു മുന്‍പ് അവരുടെ പുസ്തകങ്ങള്‍ നേരത്തെ വായിച്ചു നോക്കി, അഥവാ അച്ഛന്റെ പേര് ചേര്‍ത്തിട്ടുള്ള പേര് ആണെങ്കില്‍ കേറി മുട്ടാന്‍ പറ്റും. ഉദാഹരണത്തിന് ഒരു പെണ്‍കുട്ടിയുടെ പേര് "സുമിത്ര ബാലചന്ദ്രന്‍" എന്നാണ് എന്ന് കരുതുക. പരിചയപെടല്‍ ഇപ്രകാരം ആവും.
"എന്താ പേര്"
സുമിത്ര
"വീട് എവിടാ"
മുഹമ്മ
"മുഹമ്മ എവിടെ"
അങ്ങനെ ചുമ്മാ അവിടെ ഒരു പെട്ടികട നടത്തുന്ന രാഘവന്‍ ചേട്ടനെ അറിയുമോ, തുണികട നടത്തുന്ന ജോസ് ചേട്ടനെ അറിയുമോ എന്നൊക്കെ ചോദിച്ചു കത്തി കേറും,
അങ്ങനെ ലാസ്റ്റ് ചോദിക്കും, "ഒരു ബാലചന്ദ്രന്‍ ചേട്ടനെ അറിയാമോ", (ചില പെണ്‍കുട്ടികളുടെ ബുക്കില്‍ വീട് പേരും കാണും, അങ്ങനെ എങ്കില്‍ എളുപ്പമാവും കാര്യങ്ങള്‍).
"പൂവള്ളിലെ ബാലചന്ദ്രന്‍ മാഷ്, അറിയുമോ?
"അയ്യോ അതെന്റെ അച്ഛനാ"
"അയ്യോ ബാലെട്ടെന്റെ മോളാണോ, എന്റെ ദൈവമേ നേരത്തെ പറയണ്ടേ"
അങ്ങനെ പോവും കാര്യങ്ങള്‍, പിന്നീടാണ് അവര്‍ക്ക് മനസിലാവുന്നത് പറ്റിയ അമളി, അപ്പോളേക്കും സൌഹൃദം ഉടലെടുതിരിക്കും, അല്ലേല്‍ ലൈന്‍ ആവും.

അങ്ങനെ ഒരു ദിവസം, കോളേജില്‍ നിന്നും കലവൂര് ബസ്‌ ഇറങ്ങി, ബീ എസ് എ എന്ന മയില്‍ വാഹനം ചന്തിയില്‍ ഉറപ്പിച്ചു നേരെ ട്യൂഷന്‍ ക്ലാസ്സ്‌. അവിടെ ചെന്ന് സൈക്കിള്‍ എല്ലാം ഒതുക്കി വച്ച് നേരെ ക്ലാസ്സിലേക്ക് നടന്നു. ഫസ്റ്റ് ഇയര്‍ ക്ലാസ്സിന്റെ മുന്നിലൂടെ പാസ്‌ ചെയുമ്പോള്‍ ഒരു പെണ്‍കൊടി തനിച്ചിരുന്നു എന്തോ എഴുതുന്നു, പച്ച പട്ടുപവട ആന്‍ഡ്‌ ബ്ലൌസ്, ഐശ്വര്യം ഉള്ള മുഖം. കണ്ടപ്പഴേ ഉറപ്പിച്ചു ഇവള്‍ എന്റെ പെണ്ണ് തന്നെ. (ഈ പട്ടുപാവാട എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്). എന്റെ ക്ലാസ്സില്‍ വന്നു നോക്കി ആരും വന്നിട്ടില്ല. ഞാന്‍ പുസ്തകം എല്ലാം കൊണ്ട് വച്ച് പതിയെ ഇവളുടെ ക്ലാസ്സില്‍ വന്നു. എന്നിട്ട് ചോദിച്ചു "എന്താ എഴുതുന്നെ,"
"അത് കുറച്ചു നോട്ട് ആണ്, ഇന്നലെ കോളേജില്‍ പോയില്ല, ഇത് കൂട്ടുകാരിയുടെ ആണ്, നാളെ കൊടുക്കണം, അതാ ഇവിടിരുന്നു എഴുതുന്നെ".
ഞാന്‍ അങ്ങനെ ചുറ്റി പറ്റി നിന്ന് അവളുടെ മറ്റൊരു ബുക്ക്‌ സൂത്രത്തില്‍ എടുത്തു മറിച്ച് നോക്കി. അതില്‍ അവളുടെ പേര് "ശ്രീദേവി ശ്രീനിവാസന്‍" എന്ന് കണ്ടു. (ഫാറ്റ്‌ ഫ്രീയിലെ ഡോക്ടര്‍ ശ്രീദേവി ശ്രീനിവാസന്‍ അല്ല, ഫാറ്റ് ഇല്ലാത്ത ഒരു പാവം ശ്രീദേവി) ബുക്ക്‌ പതിയെ തിരിച്ചു വച്ച് ഞാന്‍ നമ്പര്‍ തുടങ്ങി.
"കലവൂരില്‍ ആണോ വീട്,"
"അതെ" (ശെടാ എന്നിട്ട് ഞാന്‍ ഇന്നാണല്ലോ കാണുന്നെ, സ്കാന്നിംഗ് പോരാ)
"ഏതു കോളേജ് ആണ്"
"സെന്റ്‌ ജോസഫ്‌" (ഓഹോ ചുമ്മാതല്ല കാണാഞ്ഞേ, ഈ കോളേജ് ലേഡീസ് ഒണ്‍ലി ആണ്, അപ്പോള്‍ ലൈന്‍ കാണില്ലാ)
"വീട്"
"കുറച്ചു കിഴക്കാണ്,"
അവള്‍ വീടിന്റെ ഡീറ്റയില്‍സ്‌ പറഞ്ഞു, എന്റെ പരിചയമുള്ള സ്ഥലം തന്നെ, കലവൂരിനു കുറച്ചു കിഴക്കാണ്. ഇനി പരിപാടി ഇറക്കി തുടങ്ങാം
"അവിടെ ഒരു വര്‍ക്ക്‌ ഷോപ്പ് ഉണ്ട് അജിയുടെ, അറിയുമോ"
"അറിയും, അതിന്റെ പുറകില്‍ ആണ് എന്റെ വീട്"
"അയ്യോ, ശ്രീനിവാസന്‍ ചേട്ടന്റെ മോളാണോ"
"അതെ, (അവള്‍ ആശ്ചര്യത്തോടെ) അച്ഛനെ അറിയുമോ"
"കൊള്ളാം അറിയുമോ എന്ന്, ഇന്നലെ കൂടി ഞങ്ങള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടു സംസാരിച്ചു."

അത് പറകേം അവളുടെ മുഖം മാറി, ചുവന്നു തുടുത്തു, പിന്നെ ഒറ്റ കരച്ചില്‍, എന്നിട്ട് ബുക്കുകളും ബാഗുകളും എല്ലാം എടുത്തു അവള്‍ ഒറ്റ ഓട്ടം, അന്നേരം കൊണ്ട് ബാക്കിയുള്ള കുട്ടികള്‍ എല്ലാം വന്നു തുടങ്ങി ഇരുന്നു. അവളുടെ ക്ലാസ്സ്‌ മേറ്റ്‌ കുട്ടി അവളെ പിടിച്ചു നിര്‍ത്താന്‍ നോക്കി എങ്കിലും അവള്‍ അവളെ തട്ടി മാറ്റി നിലവിളിച്ചു കൊണ്ട് തന്നെ ഓടി പോയി.

സാറന്മാരും കണ്ടു. ആര്‍ക്കും കാരണം അറിയില്ല. എന്നെ സാറന്മാര് അപ്പോള്‍ തന്നെ പൊക്കി സ്ടാഫ്‌ റൂമില്‍ കൊണ്ട് വന്നു മൂലയ്ക്ക് നിര്‍ത്തി, ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിഷയം പെണ്‍ വാണിഭം ആയി മാറും ഇക്കണക്കിനു പോയാല്‍ എന്ന് മനസിലായി, ഞാന്‍ സംഭവിച്ച കാര്യം പറഞ്ഞു. അന്നേരം അവളുടെ ക്ലാസ്സ്‌ മേറ്റ്‌ കുട്ടി പറഞ്ഞു "ഉണ്ണി സര്‍ അവളുടെ അച്ഛന്‍ പെരുമണ്‍ അപകടത്തില്‍ മരിച്ചതാണ്, അവള്‍ക്കു അമ്മയും, മുത്തശിയും, ഒരു അനിയനും മാത്രമേ ഉള്ളു, അമ്മ ഇപ്പോള്‍ കാന്‍സര്‍ പേശ്യന്റ് ആണ്. അനിയന് ബുദ്ധി വളര്‍ച്ചയും ഇല്ല, പാവം ആണ് അവള്‍, അമ്മാവന്റെ കാരുണ്യത്തില്‍ ആണ് ഇപ്പോള്‍ കഴിയനെ,എന്നിട്ടും അവള്‍ നന്നായി പഠിക്കും, എസ് എസ് എല്‍ സീ ക്ക് നല്ല മാര്‍ക്ക്‌ ഉണ്ടായിരുന്നു"

നീട്ടി പിടിച്ച ഉള്ളം കൈയ്യില്‍ ചൂരല്‍ പഞ്ചാരി മേളം തീര്‍ക്കുന്ന വേളയിലും ഞാന്‍ കരഞ്ഞില്ല, മറിച്ച് അവളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍, പിന്നെ അവളുടെ പഠിക്കാനുള്ള കഴിവ് അതും പ്രതികൂല അവസ്ഥയില്‍. എനിക്കുള്ള സൌകര്യം ഞാന്‍ ഓര്‍ത്തു നോക്കി, എന്തെല്ലാം എന്നിട്ടും പഠിക്കുന്നില്ല.

നാളെ അവള്‍ ക്ലാസ്സില്‍ വരുമ്പോള്‍ പരസ്യമായി മാപ്പ് പറയണം എന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു, ഞാന്‍ തലയാട്ടി, എന്റെ ക്ലാസ്സില്‍ വന്നിരുന്നു. കൂട്ടുകാര്‍ എന്തൊക്കെയോ ചോദിച്ചു, ഞാന്‍ ഒന്നും മിണ്ടാതെ തല കുമ്പിട്ടു ഇരുന്നു.
പിറ്റേന്ന് വൈകിട്ട് ക്ലാസ്സില്‍ എത്തി, കുറച്ചു കഴിഞ്ഞപ്പോള്‍ പ്രേമചന്ദ്രന്‍ സര്‍ വന്നു എന്നെ വിളിച്ചു ശ്രീദേവിയുടെ ക്ലാസ്സില്‍ കൊണ്ട് പോയി. എന്റെ മുന്നില്‍ വച്ച് അവള്‍ തലേന്നു സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സര്‍ എന്തേലും പറയുന്നതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞു
"ശ്രീദേവി അറിഞ്ഞു കൊണ്ടല്ല, അങ്ങനെ പറ്റി പോയി, ഒരു തമാശ എന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചത്, പക്ഷെ അത് തന്നെ വേദനിപ്പിച്ചു, താന്‍ ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നത് എല്ലാം പിന്നീടാണ് അറിഞ്ഞത്, അത് കൊണ്ട് എന്റെ തെറ്റിന് എനിക്ക് മാപ്പ് തരണം, അഹങ്കാരം ആണ് ഞാന്‍ കാണിച്ചേ, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല" അപ്പോളേക്കും കണ്ണ് നിറഞ്ഞു പോയിരുന്നു.
ആ ക്ലാസ്സിലെ എല്ലാരും എന്നെ നോക്കി തുറിച്ചു ഇരുന്നു. ഒരു സോറി പോലും ഞാന്‍ പറയില്ല എന്ന് കരുതിയ പ്രേമന്‍ സര്‍ പോലും കിടുങ്ങി. സാധാരണ സ്വഭാവത്തിന് "ഒരു കോപ്പും പറയില്ല, സര്‍ വേണേല്‍ എന്നെ പുറത്താക്കിക്കോ" എന്ന് മറുപടി പ്രതീക്ഷിച്ചവര്‍ എല്ലാരും തന്നെ നിരാശര്‍ ആയി, അടിപ്പടം കാണാന്‍ ആശിച്ചു വന്നപ്പോള്‍ അവിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം.

പിറ്റേന്ന് മുതല്‍ ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ നടന്നു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു, ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു സൈക്കിള്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ സൈകിളില്‍ ചാരി അവള്‍ നില്‍ക്കുന്നു. ആദ്യം ഓടാം എന്നോര്‍ത്ത് എങ്കിലും പിന്നെ രണ്ടും കല്‍പ്പിച്ചു സൈക്കിളിന്റെ അരികില്‍ എത്തി.
"ഒന്ന് മാറി തരുവോ, ഈ സൈക്കിള്‍ എന്റെ ആണ്".
"അതറിയാം, അതുകൊണ്ടല്ലേ ഇവിടെ തന്നെ നിന്നത്, എന്തിനാടോ ഈ ജാഡ, അതെല്ലാം കഴിഞ്ഞില്ലേ, എന്താ എന്നോട് മിണ്ടാതെ നടക്കുന്നെ"
"അയ്യോ മറ്റൊന്നും കൊണ്ടല്ല, ചമ്മല്‍ തന്നെ കാരണം, എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കളിയാക്കലും എല്ലാം കേള്‍ക്കുമ്പോള്‍ ഒരു വല്ലായ്മ, അതാ"
"സാരമില്ല പോട്ടെ, ഇനി മുതല്‍ നമ്മള്‍ക്ക് നല്ല കൂട്ടുകാര്‍ ആവാം, എന്തെ പറ്റില്ലേ"
"അപ്പോള്‍ തനിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ"
"എന്തിനു, അതൊക്കെ ഒരു തമാശ ആയിട്ടെ ഞാന്‍ എടുത്തിട്ടുള്ളൂ, വിട്ടു കള, പിന്നെ ഞാനും അന്ന് അല്‍പ്പം ഇമോഷണല്‍ ആയി പോയി, എല്ലാം പിന്നീട് പറയാം" യാത്ര പറഞ്ഞു അവള്‍ പോയി.

പക്ഷെ എന്റെ മനസ്സില്‍ അവളോട്‌ പ്രണയം മാത്രം ആയിരുന്നു. സ്വന്തമാക്കണം, എന്റെ പെണ്ണായി എനിക്ക് വേണം, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ സുഹൃത്തും ബന്ധുവുമായ ഊഞ്ഞാല്‍ ഗിരീഷിനോട് കാര്യം പറഞ്ഞു. പുള്ളിക്കാരന്‍ എന്നെക്കാളും സീനിയര്‍ ആണ്. അങ്ങനെ പുള്ളി ഒരു ദിവസം ട്യൂട്ടോറിയല്‍ കോളേജില്‍ എത്തി എന്നെ കാത്തു നിന്നു. വൈകിട്ട് ട്യൂഷന്‍ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. ശ്രീദേവിയും ഇറങ്ങി, ഇടക്ക് എന്നെ പാളി നോക്കുന്നുമുണ്ട്. അന്നേരം ഊഞ്ഞാല്‍ പറഞ്ഞു
"എടാ അവള്‍ കവല കഴിഞ്ഞു കിഴക്കോട്ടു തിരിഞ്ഞാല്‍ പിന്നെ ഒറ്റക്കാവും, നമ്മള്‍ക്ക് അത് കഴിഞ്ഞു പോവാം, നീ തന്നെ പറയണം, ധൈര്യമായിരിക്ക്‌" അത് കേള്‍ക്കാന്‍ കാത്തിരുന്ന എന്‍റെ ചങ്ക് എന്നോട് ചോദിയ്ക്കാതെ ഇടിക്കാന്‍ തുടങ്ങി. (ചങ്ക് ആണ് എങ്കിലും പോക്രിത്തരം അല്ലെ കാണിച്ചേ).

ദൈവമേ അഥവാ ഇവള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ വിഷയമില്ല, പക്ഷെ പരാതി പറഞ്ഞാല്‍ പ്രിന്‍സിപല്‍ വീട്ടില്‍ അറിയിക്കും, അതോടെ കോളേജില്‍ പോക്കും ട്യൂഷന്‍ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. പിന്നെ ഇവള്‍ താമസിക്കുന്ന ഏരിയ അതിലും വിഷയം ആണ്, അടി കൊടുക്കാന്‍ കാത്തിരിക്കുന്ന ടീം ആണ് അവിടെ, പെണ്ണ് വിഷയം ആണെങ്കില്‍ പിന്നെ, വീട്ടില്‍ വന്നു വീട്ടുകാരുടെ മുന്നില്‍ ഇട്ടു ചാമ്പുന്ന ടീം ആണ്. എന്തായാലും വരട്ടെ, പറഞ്ഞിട്ട് തന്നെ കാര്യം, അന്നേരം ചെറുതായി മഴ ചാറാന്‍ തുടങ്ങി, പതിയെ ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങി. കവല കഴിഞ്ഞു ഞങ്ങള്‍ വലത്തോട്ട് തിരിഞ്ഞു. അന്നേരം ദൂരെ അവള്‍ പുത്തന്‍ തോട് പാലം ഇറങ്ങുന്നു, ചുരിദാറിന്റെ ഷാള്‍ മഴ നനയാതെ ഇരിക്കാന്‍ തല വഴി ഇട്ടിടുണ്ട്. ഇനി അവള്‍ക്കു പോവേണ്ടത് തോടിന്റെ കരയിലൂടെ പൂഴി റോഡില്‍ കൂടെ. ഞങ്ങള്‍ ആഞ്ഞു ചവിട്ടി പാലത്തിന്റെ മുകളില്‍ എത്തി. അവള്‍ പൂഴി റോഡിലൂടെ നടന്നു നീങ്ങുന്നു, ആരുമില്ല, വിജനം, ഊഞ്ഞാല്‍ പറഞ്ഞു
"ചെല്ല് പോയി പറ ഗോള്‍ഡന്‍ ചാന്‍സ് ആണ് പോടാ"
ദെ കിടക്കണ്, ചങ്ക് പിന്നേം പൈലിംഗ് തുടങ്ങി. എന്റെ കമ്പ്ലീറ്റ്‌ ധൈര്യം അവിടെ ചോര്‍ന്നു പോയി. കൈയും കാലും വിറച്ചു താഴെ വീഴും എന്ന് തോന്നി.
ഞാന്‍ പറഞ്ഞു "വേണ്ട വാ തിരിച്ചു പോവാം, എനിക്ക് പേടിയാ"
എന്നെ മൊത്തത്തില്‍ ഒന്ന് രൂക്ഷമായി നോക്കി ഊഞ്ഞാല്‍ സൈക്കിള്‍ വേഗത്തില്‍ പാലത്തില്‍ നിന്നും ഇറക്കി പൂഴി റോഡിലേക്ക് തിരിച്ചു. നേരെ ശ്രീദേവിയുടെ അടുത്ത് ചെന്ന് എന്തോ എന്നെ കൈ ചൂണ്ടി പറഞ്ഞു. ശ്രീദേവി എന്നെ നോക്കി. ഞാന്‍ ഡിസന്റ് ആയി കുനിഞു കളഞ്ഞു, എന്നിട്ട് പതിയെ സൈക്കിള്‍ തിരിച്ചു പറന്നു ചവിട്ടി കവലയില്‍ വന്നു നിന്നു. കുറച്ചു കുറച്ചു കഴിഞ്ഞു ഊഞ്ഞാല്‍ എത്തി. ഞാന്‍ ചോദിച്ചു "എന്നെ ചൂണ്ടി എന്തുവാ പറഞ്ഞെ"
"എടാ ഞാന്‍ അവളോട്‌ പറഞ്ഞു, ഞാന്‍ നിന്റെ ചേട്ടന്‍ ആണ്, അവനു തന്നെ ഒത്തിരി ഇഷ്ടമാണ്, അവന്‍ പാലത്തിന്റെ മുകളില്‍ നില്‍പ്പുണ്ട്‌, അവനു വേണ്ടിയാണു ഞാന്‍ ഇത് പറയുന്നെ, തനിക്കു അവനെ ഇഷ്ടമാണേല്‍, താന്‍ നാളെ പച്ച പട്ടു പാവാട ഇട്ടോണ്ട് വരണം, മറിച്ചാണെങ്കില്‍ ഇഷ്ടമില്ല എന്ന് അവന്‍ കരുതിക്കോളും "

ഹോ എന്‍റെ ദൈവമേ അടുത്ത ടെന്‍ഷന്‍ കൂടി തന്നു. അങ്ങനെ തിരിച്ചു വീട്ടില്‍ എത്തി, ഊഞ്ഞാല്‍ എന്നെ സമാധാനിപ്പിച്ചു, "എടാ അവള്‍ക്കു നിന്നെ ഇഷ്ടമാണ്, അത് കൊണ്ടല്ലേ ഒന്നും മിണ്ടാതെ പോയത്, നീ നോക്കിക്കോ അവള്‍ അത് തന്നെ ഇട്ടോണ്ട് വരും".
ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു, രാവിലെ തന്നെ അമ്പലത്തില്‍ പോയി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു. അവള്‍ ആ കളര്‍ തന്നെ ഇടണേ. മഴ പെയ്തു നനഞു പോകല്ലേ, എന്നൊക്കെ.

എന്നാലും അടുത്ത ടെന്‍ഷന്‍ അഥവാ വേറെ വല്ലതും ഇട്ടോണ്ട് വന്നാല്‍ എങ്ങനെ അവളെ ഫേസ് ചെയ്യും എന്നതായിരുന്നു. ട്യൂഷന്‍ സെന്റര്‍ മാറേണ്ടി വരുമോ, പണ്ടാരം ഭ്രാന്ത് പിടിച്ചു പോവും ഇക്കണക്കിനു. ഒരു വിധത്തില്‍ ആണ് കോളേജില്‍ പോയി ഇരുന്നത്. വൈകുന്നേരം വര്‍ധിച്ച ഹൃദയ ഭാരത്തോടെ ഞാന്‍ കലവൂരില്‍ ബസ്‌ ഇറങ്ങി.

ട്യൂട്ടോറിയല്‍ കോളേജിലേക്ക് ഇപ്പോള്‍ പോകേണ്ട, അവള്‍ ആലപ്പുഴ നിന്നും വരാന്‍ സമയം എടുക്കും, ഇവിടെ മറഞ്ഞു നില്‍ക്കാം, കുറച്ചു കഴിഞ്ഞു ഇരട്ടകുളങ്ങര - കലവൂര്‍ ബോര്‍ഡ്‌ വച്ച് സെന്റ്‌ ആന്റണി കുതിച്ചു എത്തി. പിന്നെ റിവേഴ്സ് എടുത്തു സ്റ്റാന്റ് ലേക്ക് വന്നു നിന്നു. രണ്ടു വാതിലിലും ആളുകള്‍ ഇറങ്ങാന്‍ തിരക്ക് കൂട്ടുന്നു. ഓരോരുത്തരായി ഇറങ്ങി. ഇടയ്ക്കു ഇറങ്ങിയ പെണ്‍കുട്ടിയെ കണ്ടു എന്‍റെ ശ്വാസം നിലച്ചു പോയി. അത് അവള്‍ ആയിരുന്നു, " പച്ച പട്ടു പാവാടയില്‍ സുന്ദരിയായി എന്‍റെ ശ്രീദേവി, എന്‍റെ പ്രിയപ്പെട്ടവള്‍" (തുടരും)