Wednesday, October 21, 2009

അബുദാബി എയര്‍പോര്‍ട്ടിലെ തോക്ക്

ഡല്‍ഹിയിലെ വരുന്നത് തന്നെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവും കൂടെ ചുമന്നായിരുന്നു. വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മനസിലായി "നടക്കില്ല തമ്പി നടക്കില്ല". ഒരു പാട് ടെസ്റ്റുകള്‍ എഴുതിയെങ്കിലും ക്യാ ഫലം നോ ഫലം, അങ്ങനെ കൂടെ ഉണ്ടായിരുന്ന പല കൂട്ടുകാരും യു എ ഇ യിലേക്ക് ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ ഒരു ശരാശരി മലയാളിയപ്പോലെ ഞാനും സ്വപ്നം കാണാന്‍ തുടങ്ങി, അതെ ഗള്‍ഫ്‌ എന്നാ സ്വപ്നം. എന്റെ സ്വപ്നം സഫലമായത് രണ്ടായിരത്തി നാലില്‍. അമ്മാവന്‍ വഴി വന്ന പ്രൊപോസല്‍, അമ്മാവന്റെ അടുത്ത സുഹൃത്തിന്റെ അനന്തിരവന്റെ കമ്പനി. സ്ഥലം അബുദാബി, ജോലി കാര്യസ്ഥ പണി തന്നെ. ബയോടാറ്റ, സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്‌ കോപീസ് എല്ലാം അയച്ചു കൊടുത്തു, പിന്നെ കാത്തിരിപ്പു തുടങ്ങി

"എന്ന് വരും വിസ, എന്ന് വരും വിസ," എന്ന പാട്ടും പാടി. അതോടെ ഇച്ചിരി ഗമ കൂടി എന്ന് പറയാം. കൂട്ടുകാര്‍ക്കൊക്കെ കുറച്ചു കൂടി ബഹുമാനം കൂടി, കുപ്പികള്‍ ഞാന്‍ ഷെയര്‍ ഇടാതെ തന്നെ പൊട്ടി.
"അളിയാ നീ മറക്കില്ലല്ലോ അല്ലെ, എന്റെ കാര്യം കൂടി നീ ചെന്നിട്ടു ശരിയാക്കണം"
"എല്ലാം ചെയ്യാം ദാസ, ഞാന്‍ ഒന്ന് ചെല്ലട്ടെ, ഒരു തണ്ടൂരി ചിക്കന്‍ കൂടി കിട്ടിയിരുന്നെങ്കില്‍...... "
"ദേ ഇപ്പം കൊണ്ട് വരാം ട്ടാ" അങ്ങനെ പോയി കാര്യങ്ങള്‍
അങ്ങനെ ഒടുവില്‍ കാത്തിരിപ്പിനു വിരാമം ഇട്ടു അബുധാബിയില്‍ നിന്നും വിസിറ്റിംഗ് വിസ ആന്‍ഡ്‌ ടിക്കറ്റ്‌ അങ്ങനെ എത്തി. പക്ഷെ പ്രശ്നം ആദ്യമായാണു ഫ്ലൈറ്റില്‍ കാല് കുത്താന്‍ പോകുന്നെ, ഈ പണ്ടാരം മുകളില്‍ കൂടി പോകുന്നത് അല്ലാതെ എനിക്കിതിന്റെ അകത്തുള്ള കാര്യം ഒന്നും അറിയില്ല, രണ്ടാമത് ഇതു ഏഴു കടലും കടന്നൊക്കെ ആണ് പോകുന്നെ എന്ന് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. കടലില്‍ വീണാല്‍ സ്രാവ് തിന്നും, അല്ലാതെ വല്ല കാട്ടിലും വീണാല്‍ നരഭോജികള്‍ കാലാപ്പാനി സ്റ്റൈലില്‍ പീഡിപ്പിക്കും, അല്ലെങ്കില്‍ താഴേക്ക് പോരുന്ന കൂട്ടത്തില്‍ ഒരു എയര്‍ ഹോസ്റ്റസ്‌ ചേച്ചിയെ കൂടെ ദൈവം കൂട്ടിനു തരണം, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ.
ഇതിനിടക്ക്‌ അച്ഛമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു "എന്റെ മക്കളെ ആള് കൂടുതല്‍ ആണേല്‍ കമ്പിയേല്‍ മുറുക്കെ പിടിച്ചു നിന്നോനെ എന്ന്"
അങ്ങനെ ആ ദിവസം വന്നു, ഗള്‍ഫ്‌ എയര്‍ലൈന്‍സ്‌ ആണ് വണ്ടി, വയ മസ്കറ്റ്‌. തലേ ദിവസം പാര്‍ട്ടി ഒക്കെ നടന്നു. കരച്ചില്,കെട്ടിപിടിത്തം, പാക്കിംഗ്, അങ്ങനെ ഒക്കെ പോയി.

പിറ്റേന്ന് പാലം ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്ലൈറ്റ്. രാവിലെ അമ്മാവന്മാര്‍ രണ്ടുപേരും കൂടെ വന്നതിനാലും, എയര്‍പോര്‍ട്ടില്‍ അവര്‍ക്ക് പരിചയക്കാര്‍ ഉള്ളതിനാലും അവിടുത്തെ എല്ലാ പരിപാടിയും ഈസി ആയി നടന്നു. ഒടുവില്‍ ഫ്ലൈറ്റില്‍ കേറുന്നതിനു തൊട്ടു മുന്‍പ് ലാസ്റ്റ് സെക്യൂരിറ്റി ചെക്ക്‌ സമയത്ത് അരഞ്ഞാണം അല്പം പ്രശനം ഉണടാക്കിയത് ഒഴിച്ചാല്‍ സംഭവം ഓക്കേ. അങ്ങനെ അതിനകത്ത് കയറി പറ്റി. സീറ്റ്‌ കണ്ടു പിടിച്ചു. (കോപ്പാണ് ബോര്‍ഡിംഗ് പാസ്‌ നോക്കിയിട്ട് ഒന്നും മനസിലായില്ല, എയര്‍ ഹോസ്ടസ് ചാച്ചി ഇരുത്തി കയറിട്ടു മുറുക്കി തന്നു എന്നതാണ് സത്യം). സത്യത്തില്‍ (ബാബു നമ്പൂതിരി അല്ല ട്ടാ) ഞാന്‍ ഓര്‍ത്തിരുന്നത് ഫ്ലൈറ്റ് നമ്മടെ ബൈക്കും, ബസും ലോറിയും ഒക്കെ പോണ പോലെ ഫസ്റ്റ് ഗിയര്‍ ഇട്ടു പിന്നെ ക്ലച്ച് പിടിച്ചു സെക്കന്റ്‌ ഇട്ടു ഒക്കെ ആണെന്നാണ്. എനിക്ക് കിട്ടിയത് ഒരു വിന്‍ഡോ സീറ്റ്‌ ആയിരുന്നു . എന്റെ അടുത്ത് ഒരു അമറന്‍ പഞ്ചാബി പെണ്‍കൊടി , എന്‍ ആര്‍ ഐ പീസ്. ഹോ കത്രിന കൈഫ്‌ അവളെ കണ്ടിരുന്നേല്‍ റണ്‍വേയില്‍ തല വച്ചനെ.
അങ്ങനെ കുറെ അറിയിപ്പും തളപ്പ് ഇങ്ങനെ കാലേല്‍ ഇട്ടു തെങ്ങേല്‍ കേറാം എന്നൊക്കെ കുറെ ആക്ഷന്‍ മൂവി ട്രെയിലര്‍ കാണിച്ചു അമ്മച്ചിമാര്‍ പോയി. എല്ലാ സീറ്റ് പിന്നിലും അതതു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ടീ വീ പോലത്തെ സാധനം. പറ്റെ ഇരുന്ന പെങ്കൊച്ച് അറിയാതെ കുറെ കുത്തി നോക്കി എങ്കിലും ഒരു പുല്ലും വന്നില്ല. അവളണേല്‍ വന്നു കേറിയത്‌ മുതല്‍ ഒരു കോപ്പിലെ ഇംഗ്ലീഷ് ബുക്കു വായിച്ചു ഒരേ ഇരിപ്പ്. അങ്ങനെ അറിയിപ്പ് ഒക്കെ കഴിഞ്ഞു വണ്ടി പയ്യെ മുന്നോട്ടു എടുത്തു. അന്നേരം ആണ് എനിക്ക് മനസിലായെ പേടിക്കാന്‍ ഒന്നുമില്ല, നോതിംഗ് ടു വറി യാര്‍, വിജയ്‌ സൂപ്പര്‍ ആദ്യമായി ഫസ്റ്റ് ഗിയറിട്ട് ഓടിക്കുന്ന പോലെ ഒരു ഫീലിംഗ്, ലിറ്റില്‍ ബിറ്റ് കുലുക്കംസ്, ബ്ലഡി പീ ഡബ്ലിയു ഡീ, അങ്ങനെ കുറെ കുലുങ്ങി കുലുങ്ങി ഓടി അളിയന്‍ റണ്‍വേയില്‍ കയറി. പിന്നെ ഒരു അറിയിപ്പും, ഫസ്റ്റ് ഗിയറില്‍ നിന്നും പിന്നെ ലാസ്റ്റ് ഗിയരിലോട്ടു ഒറ്റ ഇടലയിരുന്നു. പിന്നെ ബ്രേക്ക്‌ പൊട്ടിയ പോലെ ഒരൊറ്റ കുതിപ്പ്. ശ്വാസം നിലച്ചു പോയി. പിന്നെ നിലത്തു നിന്നും വിമാനം പൊങ്ങിയതും കാതില്‍ കാറ്റ് കേറി ആകാശ വാണി സ്റ്റേഷന്‍ പൂട്ടിയ സൌണ്ട് ഒന്നും ഞാന്‍ അറിഞ്ഞില്ല, അത്രയും സമയം കൊണ്ട് നാട്ടിലെ ഒരു മാതിരി പെട്ട ദൈവങ്ങള്‍ക്ക് നേര്ച്ച നേരുകയും ഒപ്പം അയ്യപ്പ സ്തുതിയില്‍ നിന്നും ടേക്ക് ഓഫ്‌ ചെയ്തു ഹനുമാന്‍ സ്തുതിയില്‍ വന്നു ലാന്‍ഡ്‌ ചെയ്തു. (ആ വിമാനത്തിന്റെ പൈലറ്റിനു കൊണ്ട് പോലും ഇത് നടക്കേല്ലാ)

കണ്ണും തള്ളി കണ്ണുനീരുമായി ഉള്ള എന്റെ ഇരിപ്പ് കണ്ടു എന്റെ സഹയാത്രിക ബുക്കില്‍ നിന്നും മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു "സ്പീഡ് കുറവാ അല്ലിയോ"

അങ്ങനെ അബുദാബി എയര്‍പോര്‍ട്ടില്‍ സംഭവം ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു മുറുക്കെ പിടിച്ചു ഇരുന്നോ എന്നൊക്കെ അറിയിപ്പ് വന്നു. വിമാനം നിലത്തു തൊട്ടു പിന്നെ കുലുക്കോം ബഹളവും "എന്റെ ദേവിയെ" എന്നാ വിളി എന്നില്‍ നിന്ന് ഞാന്‍ പോലും അറിയാതെ പുറത്തു വന്നു. കമ്പ്ലീറ്റ്‌ ഇടിച്ചു തെറിപ്പിച്ചു എയര്‍പോര്‍ട്ട് തകര്‍ത്തു ഇത് പോകും എന്ന് തോന്നി പോയി. അങ്ങനെ ഞാന്‍ അബുധാബിയില്‍ കാലു കുത്തി. പിന്നെ എന്റെ ഒണക്ക ബാഗും നെല്ലുകുത്തുന്ന മില്ലില്‍ നിന്നും അരിയൊക്കെ വരുന്ന പോലെ കണ്‍വെയര്‍ ബെല്‍ട്ടില്‍ നിന്നും എടുത്തു അറബി മമ്മന്മാര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തു സൂപ്പര്‍ ആയി പുറത്തു വന്നു. കസിന്‍ പുറത്തു കാത്തു നില്‍ക്കുന്നു. പുള്ളിയെ കണ്ടതും സമാധാനം ആയി. കെട്ടി പിടിച്ചു പൊട്ടികരഞ്ഞില്ല, തെറി വിളിക്കാനാ തോന്നിയെ, ഫ്ലൈറ്റില്‍ ഇരുന്ന അനുഭവിച്ച ടെന്‍ഷന്‍. ഹോ . അങ്ങനെ പുള്ളിയുടെ കാറില്‍ അവിടെ നിന്നും സലാം സ്ട്രീറ്റില്‍ എത്തി. അങ്ങനെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫ്‌ ജീവിതം തുടങ്ങി.

ഇനി അവിടുത്ത ജീവിതത്തിലേക്ക് ഞാന്‍ കടക്കുന്നില്ല, ഒരു ഒന്നര ഒന്നേ മുക്കാല്‍ മാസം കഴിഞ്ഞപ്പോള്‍ എന്റെ എമ്പ്ലോയ്മെന്റ്റ്‌ വിസ കിട്ടി. പുള്ളി എക്സിറ്റ്‌ എനിക്ക് ഡല്‍ഹിക്ക് തന്നു. അങ്ങനെ തിരുമ്പി പോകാന്‍ ഞാന്‍ വീടും അബുദാബി എയര്‍പോര്‍ട്ടില്‍ എത്തി. പുള്ളിക്കാരന്‍ എന്നെ കേറ്റി വിട്ടു. തൊണ്ണൂറ്റി എട്ടില്‍ എടുത്ത എന്റെ പാസ്പോര്‍ട്ടില്‍ ഉള്ള ഫോട്ടോ കണ്ടാല്‍ എന്റെ അപ്പന്‍ പോലും എന്നെ തിരിച്ചറിയില്ല, കാരണം ഞാന്‍ ഡല്‍ഹിക്ക് പോരുന്നതിനു മുന്‍പ് വിര പോലെ ഇരുന്ന ആളായിരുന്നു, മീശ ഒക്കെ വടിച്ചു മുടിഞ്ഞ സെറ്റ് അപ്പ്‌ ആയിരുന്നു. ഡല്‍ഹിയില്‍ വന്നു മാമ്മനെ മുടിപ്പിച്ചു തീറ്റ തുടങ്ങിയതോടെ ഞാന്‍ അങ്ങ് കേറി വീര്‍ത്തു. പിന്നെ മീശയും വച്ച്. പാസ്പോര്‍ട്ടിലെ ഫോട്ടോ കണ്ടാല്‍ ഒരിക്കലും പറയില്ല ഞാന്‍ ആണെന്ന്. അകത്തു കേറിയ എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് അറബി അണ്ണന്‍ എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് സൈഡില്‍ പോയി നില്ക്കാന്‍ പറഞ്ഞു. അതിനടുത്ത ഒരു ചെറിയ മുറി, അവിടെ തോക്ക് പിടിച്ച ഒരു അണ്ണന്‍ എന്റെ കൊണ്ട് റൂമില്‍ ഇരുത്തി പറഞ്ഞു "യു സിറ്റ് ദേര്‍" കുറച്ചു കഴിഞ്ഞു മറ്റേ അറബി എന്റെ അടുത്ത് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര് പറഞ്ഞു വന്നത് ഞാന്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വന്നത് എന്നും എന്റേത് കള്ളാ പാസ്പോര്‍ട്ട് ആണെന്നും പറഞ്ഞു. അന്നത്തെ പാസ്പോര്‍ട്ട്‌ ഇന്നത്തെ പോലെ പ്രിന്റ്‌ അല്ല, പേന കൊണ്ട് എഴുതി ചേര്‍ത്തായിരുന്നു. മഷിയും മറ്റും പുരണ്ടു ആകെ ചളം കുളം.

സര്‍വ്വ നാഡികളും തകര്‍ന്നു പോയി. അബുധാബിയിലെ തടവയുടെ ഗേറ്റ് എന്റെ മുന്നില്‍ അഞ്ചാറ്വട്ടം തുറന്നു. കണ്ണില്‍ ഇരുട്ട് കേറി. എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും. കശുവണ്ടി മോട്ടിച്ചും മറ്റും മാത്രം പരിചയമുള്ള ഞാന്‍ കള്ള പാസ്പോര്‍ട്ടില്‍ വന്ന ബ്രഹ്മാണ്ട കുറ്റത്തിന് പീടിപ്പിക്കപെടുന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചു, അതിന്റെ കൂടെ കമ്പനിക്ക് എന്റെ ശരീരം വിയര്‍ത്തു സപ്പോര്‍ട്ടും തന്നു. കണ്ണുകളും കൂടെ നിറഞ്ഞു അവരുടെ ഡ്യൂട്ടി ചെയ്തു. പതിയെ ഞാന്‍ സീറ്റില്‍ ഇരുന്നു, തോക്കും പിടിച്ചു നിന്ന അണ്ണന്റെ മുഖത്ത് ദയനീയമായി പ്ലീറ്റ്‌ വീണ മുഖത്തോടെ പറഞ്ഞു "അണ്ണാ ഇതെന്റെ ഒറിജിനല്‍ പാസ്പോര്‍ട്ട്‌ ആണ്, നാട്ടില്‍ നിന്നപ്പോള്‍ ഞാന്‍ വിര പോലെ ഇരുന്ന ആളായിരുന്നു, ഡല്‍ഹിയില്‍ വന്നപ്പോള്‍ റേഷന്‍ ക്വോട്ട കൂട്ടി കൂട്ടി ഞാന്‍ തടിച്ചു, പിന്നെ മീശ വരുന്നത് ഒരു തെറ്റാണോ, എന്റെ മീശയല്ലേ അതൊന്നു വടിക്കാന്‍ പോലും എനിക്ക് അവകാശമില്ലേ" അയാള്‍ ചൂടായി പറഞ്ഞു "യു ഷട്ട് അപ്പ്‌ ആന്‍ഡ്‌ സിറ്റ് തേര്‍, ഡോണ്ട് ടോക്ക് ടൂ മുച്ച്". തീര്‍ന്നു ഇവിടെ കിടന്നു ചാകാന്‍ ആണ് വിധി. പ്രീതികുളങ്ങര അമ്മയെ വിളിച്ചു, മാരാരിക്കുളം മഹാദേവനെ വിളിച്ചു, വലിയ കലവൂര്‍ കൃഷ്ണനെ വിളിച്ചു, പുതുക്കുളങ്ങര ഹനുമാന്‍ സ്വാമിയേ വിളിച്ചു, കലവൂര്‍ മുരുകന്‍ സ്വാമിയേ വിളിച്ചു, കോര്‍ത്ത്‌ശേരില്‍ അമ്മയെ വിളിച്ചു, വഴിപാടുകള്‍ പെട്ടന്ന് നേര്‍ന്നു, ഇവിടെ നിന്ന് രക്ഷപെട്ടു വന്നാലെ ഇതെല്ലം നടത്തൂ എന്ന് ഡിമാണ്ടും വച്ചു. അന്നേരം ഭാഗ്യത്തിന് കസിന്റെ ഫോണ്‍ വന്നു. കാര്യം ചോദിച്ചു. പുള്ളിക്കാരന്‍ പുറത്തു നിന്ന് കാണുന്നുണ്ടായിരുന്നു . വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. പുള്ളി ഉടന്‍ സ്പോന്‍സര്‍ തേങ്ങ മാങ്ങാ അങ്ങനെ ആരെക്കെയോ വിളിച്ചു പറഞ്ഞു. എന്‍ട്രി ചെയ്യുന്ന ഭിത്തിയുടെ അടുത്ത് ഉള്ള ദ്വാരത്തില്‍ വന്നു പുള്ളി കൌണ്ടറില്‍ ഇരുന്ന അറബിയോട് അറബിയില്‍ എന്തെക്കെയോ പറഞ്ഞു. ഞാന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ കൈയ്യില്‍ ഇരുന്ന ഡല്‍ഹി ലൈസന്‍സ് കാണിച്ചു അതിലെ ഫോട്ടോ കാണിച്ചു. അതും പാസ്പോര്‍ട്ട്‌ ഫോട്ടോയും കറക്റ്റ് മാച്ചാണ്. അത് ഞാന്‍ രണ്ടായിരത്തി ഒന്നില്‍ എടുത്തതാണ്. അതോടെ പുള്ളിക്ക് വിശ്വാസം ആയി. അതിന്റെ കൂടെ ഞാന്‍ എന്റെ തൊണ്ണൂറ്റി എട്ടിലെ ടൈപ്പ് ഹയര്‍ പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് വിത്ത്‌ ഫോട്ടോ കാണിച്ചു. "സാറെ നോക്കിക്കേ നിഷ്കളങ്കമായ മുഖം കണ്ടില്ലേ", അപ്പം പിന്നേം വിശ്വാസം കൂടി. അന്നേരം കുറെ സമയം കടന്നു പോയിരുന്നു. ഫ്ലൈറ്റ് വിടും എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവില്‍ പുള്ളിക്കാരന്‍ സോറി ഒക്കെ പറഞ്ഞു എല്ലാം തിരിച്ചു തന്നു. തോക്ക് പിടിച്ച അണ്ണന്‍ എന്റെ കൈ പടിച്ചു കുലുക്കി സോറി പറഞ്ഞു. എന്നിട്ട് പറഞ്ഞു
"നിന്റെ പാസ്പോര്‍ട്ട്‌ ഫോട്ടോ നെ ചേഞ്ച്‌ ചെയ്യണം, ഇത് പോലെ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാവും, ഹാപ്പി ജേര്‍ണീ " ഒക്കെ പറഞ്ഞു. ഞാന്‍ അങ്ങേരെ അടിമുടി തൊഴുതു ഫ്ലൈറ്റ് പിടിക്കാന്‍ ഓടി.

അങ്ങനെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ എന്റെ പാവപെട്ട ജീവനും കൊണ്ട് ഡല്‍ഹിയില്‍ ലാന്‍ഡ്‌ ചെയ്തു. എന്നിട്ട് ആദ്യം ചെയ്തത് അബുദാബി എയര്‍പോര്‍ട്ട് ടീമിന്റെ തന്തക്കു വിളിച്ചു, ചുണയുണ്ടെങ്കില്‍ ഡല്‍ഹിക്ക് വാടാ എന്ന് വെല്ലുവിളിച്ചു. എന്നിട്ട് നെക്സ്റ്റ് ഡേ നാട്ടിലേക്ക് പോയി. കാരണം അടുത്ത ടിക്കറ്റ്‌ നാട്ടില്‍ നിന്നാണ്. നാട്ടില്‍ എത്തി എല്ലാ ദൈവങ്ങളെയും പോയി കണ്ടു നന്ദി അറിയിച്ചു. പക്ഷെ ഫോട്ടോ ഒട്ടു മാറ്റിയതും ഇല്ല. കുറച്ചു നാള് കഴിഞ്ഞു എമ്പ്ലോയ്മെന്റ്റ്‌ വിസ ചേച്ചിയുടെ ഓഫീസില്‍ ഫാക്സ് ആയി വന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടി, പ്ലാസ ആന്‍ഡ്‌ കോമള ബാറില്‍ നിന്നും ഇറങ്ങാന്‍ സമയം ഇല്ലാരുന്നു.എന്റെ ഒറ്റ പൈസ പോയില്ല, പകരം കൂട്ടുകാര്‍ ചെലവ് ചെയ്തു, കാരണം ആര് കള്ളും ഫുഡും സ്പോണ്‍സര്‍ ചെയ്യുന്നേ ആള്‍ ആരോ അവരെ ആദ്യം കൊണ്ട് പോവും എന്നാ ഒറ്റ കണ്ടീഷന്‍ വച്ചു. പിന്നെ പറയണ്ടല്ലോ, വാള് വച്ചു വച്ചു എനിക്ക് ബോറായി,

അങ്ങനെ ഒരു പാട് സ്വപ്നങളും പ്രതീക്ഷകളും ആയി അമ്മയുടെ കണ്ണീരും അച്ഛന്റെ വേദനയും കൂട്ടുകാരുടെ സങ്കടവും എല്ലാം ഉള്ളില്‍ ഒതുക്കി കൊച്ചിയില്‍ നിന്നും ശ്രീലങ്കെടെ ഫ്ലൈറ്റില്‍ അത്താഴത്തിനു വേണ്ടിയുള്ള അരി സമ്പാദിക്കാന്‍ പറന്നു പൊങ്ങി. ഒരു കുഴപ്പം കൂടാതെ ഞാന്‍ എത്തി. ഇത്തവണ പേടി ഒന്നും ഇല്ലാരുന്നു. കെ എസ് ആര്‍ ടീ സീയില്‍ ആലപ്പുഴ രാധയില്‍ തുണ്ട് കാണാന്‍ പോണ ഫീലിങ്ങ്സ്‌ ആയിരുന്നു. വിസ എല്ലാം അടിച്ചു ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു. ഒരിക്കല്‍ എന്റെ കസിനും ഞാനും കണക്കപിള്ള ഹരിയെട്ടനും കൂടി ദുബൈക്ക് കസിന്റെ കാറില്‍ പോകുമ്പോള്‍ ഇടക്കുള്ള ഒരു മാക്‌ ഡോണാല്ടിന്റെ കടയില്‍ കയറി ബര്‍ഗെരും മറ്റും ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പോള്‍ പുറത്തു ഒരു പജീരോ വന്നു നിന്ന്. അതില്‍ നിന്നും ഒരു അറബിയും അദ്ദേഹത്തിന്റെ ഭാര്യ, പിന്നെ കുട്ടികള്‍ എല്ലാം ഇറങ്ങി അകത്തേക്ക് വന്നു. അയാളെ കണ്ടതും എന്റെ നെഞ്ചു കാളി. അന്ന് എന്നെ തടഞ്ഞ തോക്ക് ചൂണ്ടിയ അറബി അണ്ണാച്ചി.

ഞാന്‍ കസിന്റെയും ഹരിയെട്ടന്റെയും പിന്നെ മുന്നിലെ ബര്‍ഗരിന്റെയും മറവില്‍ അഡ്ജസ്റ്റ് ചെയ്തു എങ്കിലും സീറ്റില്‍ ചെന്നിരുന്ന ഉടനെ അയാളുടെ കണ്ണുകള്‍ എന്നില്‍ പതിഞ്ഞു. മറ്റൊരാള്‍ നമ്മളെ ശ്രദ്ധിക്കും എന്ന് തോന്നിയാല്‍ പിന്നെ മൊത്തം താളം തെറ്റുമല്ലോ. എന്റെ വിറയലും പരിഭ്രമവും കണ്ടു ഹരിയേട്ടന്‍ ചോദിച്ചു "എന്ത് പറ്റി" ഞാന്‍ ഒന്നുമില്ല എന്ന് പറഞ്ഞതും അറബി അണ്ണാച്ചി എന്റെ മുന്നില്‍. എന്നിട്ടൊരു ചോദ്യം "നിന്നെ ഞാന്‍ എവിടേയോ കണ്ടിട്ടുണ്ടല്ലോ, പക്ഷെ ഓര്‍മ വരുന്നില്ല" ഞാന്‍ എഴുനേറ്റു തൊഴുതു പറഞ്ഞു
"സാറെ സാറെ മറ്റേ പാസ്പോര്‍ട്ട്‌ ഫോട്ടോ, തോക്ക്, വ്യാജന്‍, വണ്ണം വച്ചു, മീശ" എന്നൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു ഒപ്പിച്ചു. "ഹോ ഒക്കെ ഒക്കെ എനിട്ട്‌ ഫോട്ടോ ചേഞ്ച്‌ ചെയ്തോ?
ഞാന്‍ പറഞ്ഞു "പിന്നെ നാട്ടില്‍ പോയി ആദ്യം ചെയ്തത് അതാണ്"
"ഗുഡ് "
പിന്നെ പുള്ളിക്കാരന്‍ കസിനെയും ഹരിയെട്ടനെയും ഒക്കെ പരിചയപെട്ടു സന്തോഷത്തോടെ കൈ ഒക്കെ തന്നു എന്നോട് പറഞ്ഞു "അപ്പോള്‍ എമ്പ്ലോയ്മെന്റ്റ്‌ വിസ ഒക്കെ കിട്ടി അല്ലെ, സൊ വര്‍ക്ക്‌ ഹാര്‍ഡ്, എങ്ങനെയുണ്ട് ഞങ്ങളുടെ സ്ഥലം ഇഷ്ടായോ എല്ലാം"
ഞാന്‍ കണ്ണും പൂട്ടി പറഞ്ഞു "സൂപ്പര്‍, കിടിലന്‍, അമറന്‍, പിന്നെ സാറിന്റെ തോക്ക് ഞാന്‍ ജീവിതത്തില്‍ മറക്കില്ല"
എല്ലാവരും ചേര്‍ന്ന് ചിരിച്ചപ്പോള്‍ പൊട്ടിച്ചിരിയോടെ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു "ഓള്‍ ദി ബെസ്റ്റ്"

Thursday, October 1, 2009

ഒരു കൊച്ചു ഭൂമി കുലുക്കം

തലകെട്ടില്‍ പറഞ്ഞ പോലെ ഭൂകമ്പം തന്നെയാണ് വിഷയം. നാട്ടില്‍ വച്ച് ഭൂകമ്പം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചറിയാന്‍ യോഗം ഉണ്ടായതു ഡല്‍ഹിയില്‍ വന്ന ശേഷം ആണ്. അന്ന് അമ്മാവന്റെ കൂടെ കഴിയുന്ന സമയം. ഒരു റിപബ്ലിക്‌ ഡേ യുടെ അവധി കിട്ടിയ ആലസ്യത്തില്‍ സുഖമായി ഉറങ്ങുമ്പോള്‍ കട്ടില്‍ ആരോ ആട്ടുന്നു. അമ്മാവന്റെ മക്കള്‍ രാവിലെ എഴുന്നേറ്റാല്‍ കട്ടില്‍ ആട്ടുന്ന പരിപാടി ഉള്ളത് കൊണ്ട് അവരായിരിക്കും എന്ന് ഓര്‍ത്തു. പിന്നെ പാതി മയക്കത്തില്‍ പറഞ്ഞു

"അടി മേടിക്കും രണ്ടും"

പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു.

ഞാന്‍ പിന്നെ പണ്ടേ രക്ഷ പ്രവര്‍ത്തനത്തില്‍ എല്ലാം പങ്കെടുത്തിട്ടുള്ളത് കാരണം, ആദ്യമേ രണ്ടാം നിലയില്‍ നിന്നും ചാടി ഇറങ്ങി താഴെ റോഡില്‍ എത്തി കാവി മുണ്ടും മടക്കി കുത്തി ഗ്രൌണ്ട് ഫ്ലൂറിലെ തിവാരി ചേട്ടനോട് കൂളായി ചോദിച്ചു "ക്യാ ഹുവ, ഭൂകമ്പ് ധാ?"
"ഇവന്‍ ആരപ്പാ" എന്ന് വണ്ടറടിച്ചു തിവാരി അണ്ണന്‍ നിന്നപ്പോള്‍ മുകളില്‍ നിന്നും മാമന്റെ വിളി, അപ്പോളും ഞാന്‍ കൂളായി മറു പടി കൊടുത്തു. "ഞാന്‍ താഴെ ഉണ്ട്, ധൈര്യമായി പോന്നോളൂ"

അന്നേരം ദാണ്ടെ വരുന്നു സീ ഐ ഡി മൂസയില്‍ ജഗതിയും, ബിന്ദു പണിക്കരും കുട്ടികളെ എടുത്തു വരുന്നപോലെ മാമ്മന്‍ ആന്‍ഡ്‌ ഫാമിലി, പിന്നെ അടുത്ത ഫ്ലാറ്റില്‍ ഉള്ളവരും. പിന്നെ റോഡില്‍ ജനം നിറഞ്ഞു, ഭയങ്കര ചര്‍ച്ചകള്‍, "അന്നത്തെ ഭൂകമ്പത്തിന്റെ അത്രയും വന്നില്ല" എന്ന് ബിഹാരി ചേട്ടന്‍ പറയുമ്പോള്‍ പഞ്ചാബി അണ്ണന്‍ പറയും "പഞ്ചാബില്‍ ഉണ്ടായതു പോലെ ഒന്നും വരില്ല" എന്ന്. (പിന്നെ ജീവനും കൊണ്ട് പായുമ്പോള്‍ ഭൂകമ്പത്തിന്റെ കാഠിന്യം അളക്കാന്‍ റിക്ടര്‍ സ്കെയെലും അരയില്‍ കെട്ടി വച്ചല്ലേ ഇവന്മാര് ഉറങ്ങുന്നെ) ഇത്രയൊക്കെ ഡയലോഗ് വിട്ടിട്ടും ഒറ്റ ഒരെണ്ണം വീട്ടിനകത്ത് കയറിയതും ഇല്ല, റോഡില്‍ നിന്നും മാറിയതും ഇല്ല. ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ലാ എല്ലാം കേട്ട് കൊണ്ട് നിന്നു. കാരണം ആ സമയത്ത് അവിടെ ഒരു ചായക്കട ഇട്ടാല്‍ കോടീശ്വരന്‍ ആവാന്‍ പറ്റിയ അവസരം ആണല്ലോ എന്ന ചിന്തയില്‍ ആയിരുന്നു.

പിന്നെ വേറൊരാള്‍ ഭാര്യയോടു പറയുന്നു "അരെ യാര്‍ മേരാ ടീ ഷര്‍ട്ട്‌ ലാദെ അന്തര്‍ സെ"
ഭാര്യ : "ആപ് ജാവോ മേം നഹി ജാ സക്തി, മുച്ചേ തോ ഡര്‍ ലഗ്തി ഹേ"
ഭര്‍ത്താവു : രഹ്നെ ദോ,മേം അകേലേ ജാത്താ ഹൂം. (നിന്നെ സഹിക്കുന്നതിലും ഭേദം ഭൂകമ്പത്തില്‍ മരിക്കുന്നതാ നല്ലത് എന്ന് ആ പാവത്തിന്റെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു).

പക്ഷെ അന്നത്തെ ആ സംഭവത്തോടെ എന്റെ കമ്പ്ലീറ്റ്‌ ഗ്യാസും പോയി. ഗുജറാത്തിലെ കച്ചില്‍ ഒരുപാട് പേരുടെ ജീവന്‍ എടുത്ത ഭൂകമ്പത്തിന്റെ ചലനങ്ങള്‍ ആയിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്. ടീവിയില്‍ കണ്ട ദൃശ്യങ്ങള്‍ മനസിനെ മരവിപ്പിച്ചു. ഉറക്കം പൂര്‍ണമായും നഷ്ടപെട്ടു. വെള്ളമടി അന്നില്ല, രാത്രിയില്‍ കിടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ ഒക്കെ തോന്നും. ഏതു സമയവും ഭൂകമ്പം വരും മരിക്കും, എന്നാ ചിന്ത ആയി. പകല് പോലും നടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ തോന്നും. നാട്ടില്‍ ആണേല്‍ വീടിന്റെ വാതുക്കലെ വെളിയില്‍ കിടന്നു ഉറങ്ങമായിരുന്നു. ഇത് പണ്ടാരം ചാടി ഇറങ്ങി വരുമ്പോള്‍ തന്നെ ഒരു സമയം ആകും. പിന്നെ പിന്നെ എല്ലാവരെയും പോലെ പയ്യെ അത് മറന്നു തുടങ്ങി.

അതിനു ശേഷം ബാച്ചി ലൈഫ് ആരംഭിച്ചു, പിന്നീട് ഒരു ഭൂകമ്പം അറിഞ്ഞത് രണ്ടായിരത്തി അഞ്ചില്‍ ആണെന്ന് തോന്നുന്നു , ഓഫീസില്‍ ഇരുന്നപ്പോള്‍ പെട്ടന്ന് തല മോണിറ്ററില്‍ ഇടിച്ചു. ആദ്യം ഓര്‍ത്തു തല കറങ്ങിയതവും എന്ന്, പിന്നീടാണ് അറിഞ്ഞത് അതൊരു ചെറിയൊരു ഭൂകമ്പം ആയിരുന്നു എന്ന്.കാരണം എട്ടാമത്തെ നിലയില്‍ ആണ് ഓഫീസില്‍, അതും നല്ല തിരക്കുള്ള നെഹ്‌റു പ്ലസിലെ മോഡി ടവറില്‍. പടിയൊക്കെ പറന്നു ഇറങ്ങി താഴെ എത്തിയത് ഓര്‍ക്കുമ്പോള്‍ ഇന്നും പേടിയാവുന്നു.

പക്ഷെ രണ്ടായിരത്തി ഏഴില്‍ ഡല്‍ഹിയില്‍ ഒരു കുലുക്കം ഉണ്ടായി. അതാണ് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഭൂകമ്പം. നവംബര്‍ ഇരുപത്തി ആറു തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് നാലരയോടെ ഉണ്ടായ ഭൂകമ്പം. നല്ല തണുപ്പുള്ള സമയം ആണ്. ഞാനും റൂം മേറ്റ്‌ സാജനും മാത്രമേ അന്ന് റൂമില്‍ ഉള്ളു. തലേന്ന് ഞായറാഴ്ച ആയതിനാല്‍ ഞാന്‍ അടിച്ചു പൂക്കുട്ടി (പൂക്കുറ്റി) പാമ്പായി ഓസ്കാര്‍ സ്വപ്നവും കണ്ടു ഭിത്തിയോട് ചേര്‍ത്തിട്ട കട്ടിലില്‍ കിടക്കുന്നു. മറ്റൊരു കട്ടിലില്‍ സാജന്‍ ഉറങ്ങുന്നു. എനിക്കാണേല്‍ കിടന്നത് പോലും ഓര്‍മയില്ല. അന്ന് തണുപ്പ് കാരണം രാവിലെ ചൂട് വെള്ളത്തില്‍ കുളിക്കാന്‍ ഞങ്ങള്‍ ഒരു ബക്കറ്റില്‍ വെള്ളം അകത്തെ റൂമിന്റെ വാതിലിനോടു ചേര്‍ത്ത് വക്കും. പിന്നീട് വെള്ളം ചൂടാക്കുന്ന കോയില്‍ പ്ലഗില്‍ കുത്തി വെള്ളത്തില്‍ ഇട്ടു വച്ചേക്കും. എന്നിട്ട് രാവിലെ ആറു മണിക്ക് സ്വിച്ച് ഓണ്‍ ചെയ്തിട്ട് വീണ്ടും കിടക്കും. (ഇതെല്ലാം സാജന്‍ ചെയ്യും) ഒരു എട്ടു മണി ഒക്കെ ആവുമ്പോള്‍ ഇത് രണ്ടു പേര്‍ക്ക് കുളിക്കാന്‍ ഉള്ള പാകത്തില്‍ ചൂടാവും. ചിലപ്പോള്‍ അബദ്ധത്തില്‍ ഉറങ്ങി ഒരു ഒന്‍പതു മണി ആയി പോയാല്‍ പിന്നെ ആ വെള്ളത്തിലേക്ക്‌ ഇച്ചിരി അരി കഴുകി ഇട്ടാല്‍ മതി, നല്ല സൊയമ്പന്‍ ചോറ് ഉണ്ണാം.

അങ്ങനെ തണുപ്പും ഉള്ളിലെ വെള്ളവും എല്ലാം ആസ്വദിച്ച് ജമ്മു കശ്മീരിലെ മലമുകളില്‍ അതി സാഹസികമായി സ്പോര്‍ട്സ് കാര്‍ ഓടിച്ചു നടക്കുന്ന സ്വപ്നത്തില്‍ ആയിരുന്ന എനിക്ക് എന്നെ ആരോ കാറില്‍ നിന്നും പൊക്കി എടുത്തു ഭിത്തിയില്‍ ഇടിച്ച പോലെ തോന്നി. പിന്നെ കുറെ ഒച്ചയും ബഹളവും. ആദ്യം ഒന്നും മനസിലായില്ല, മൊത്തത്തില്‍ ഒരു ആട്ടം, പുറത്തു ഭയങ്കര ബഹളം
"ഭൂകമ്പ് ആയാ ഹേ സബ് ഭാഗോ" എന്ന് ആരൊക്കെയോ പറയുന്നു. "ഭൂകമ്പ്" എന്ന വാക്ക് എന്റെ നെറ്റ്‌വര്‍ക്ക് പിടിച്ചെടുത്തു. കണ്ണും പൂട്ടി പുറത്തെ ജന്നലിലൂടെ അരിച്ചെത്തുന്ന വെട്ടം നോക്കി ഓടി. ഓടുന്ന വഴി അവിടെ വച്ചിരുന്ന ബക്കറ്റില്‍ തട്ടി ബക്കറ്റും കൊയിലും എല്ലാം പറിച്ചു കൊണ്ട് അടിച്ചു തല്ലി താഴെ. അന്നേരം ഏകദേശം ബോധം വന്നു റൂമില്‍ ആണെന്ന്. വാതിലിന്റെ കുറ്റി എടുത്തു പുറത്തേക്കു കണ്ണും പൂട്ടി ഓടി. താഴത്തെ വഴിയില്‍ ആളുകള്‍ നിറഞ്ഞിരുന്നു. സ്റ്റെപ്പ് ഇറങ്ങി പകുതി വഴിയില്‍ ആയപ്പോള്‍ തണുപ്പ് അരകെട്ടിലും മറ്റും കൂടി വരുന്നു. കാറ്റ് മൊത്തത്തില്‍ തഴുകുന്നോ എന്നൊരു സംശയം കൊണ്ട് നോക്കിയ ഞാന്‍ ആ സത്യം മനസിലാക്കി, ഞാന്‍ പിറന്ന പടി ആണെന്ന്.
ഹാന്‍ജി നംഗ ഹൂം മേം,
അതെ ഞാന്‍ നഗ്മ ആണ്.
യെസ് ഐ ആം നഗ്മ
പിന്നെ വന്നതിന്റെ ഡബിള്‍ സ്പീഡില്‍ ഞാന്‍ റൂമിലേക്ക്‌ പറന്നു. അന്നേരമാണ് ദൈവമേ പാവം സാജന്റെ കാര്യം ഓര്‍ത്തത്.
അങ്ങനെ ഒരാള്‍ റൂമില്‍ ഉള്ള കാര്യംഓര്‍ത്തില്ല. റൂമ്മില്‍ കയറി ഞാന്‍ അവനെ വിളിച്ചു.

"എടാ ഭൂകമ്പം വന്നു ഓടാം വാ, ഞാന്‍ ആദ്യം ഒന്ന് ഓടിയിട്ട് വരുവാ"

അന്നേരം സാജന്‍
"എടാ @#$%& തുണിയില്ലാതെ ഓടിയിട്ട് എന്തായി, തിരിച്ചു പോന്നില്ലേ, ഞാനും കുറെ നേരമായി ഓടാന്‍ നോക്കുന്നു, പണ്ടാരം അടങ്ങാന്‍ എന്റെ മുണ്ട് കിട്ടണ്ടേ"