Monday, February 1, 2010

ബൂലോകത്തെ ബാലപാഠങ്ങള്‍

ഒരു മുഖവുര പറഞ്ഞോട്ടേ, ഈ ഒരു പോസ്റ്റ് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ളതല്ല.ഒരു പക്ഷേ ചിലര്‍ക്കൊക്കെ തോന്നാം, 'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്'. അല്ല സുഹൃത്തേ, ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല, നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല, നിങ്ങളെ തന്നെ ഉദ്ദേശിച്ചല്ല. ഇത് ബൂലോകമെന്ന സാഗരത്തില്‍ പിച്ച വച്ച് നടക്കുന്ന പിഞ്ച് കുഞ്ഞുങ്ങളെ ഉദ്ദേശിച്ചാണ്.അതിനാല്‍ തന്നെ ഇത് ബാലപാഠങ്ങളാണ്, ബൂലോകത്തെ ബാലപാഠങ്ങള്‍.

ഇന്‍റര്‍നെറ്റിലുള്ള സാമാന്യ പരിജ്ഞാനവും, മലയാളം ടൈപ്പ് ചെയ്യാനുള്ള വിവരവും, കുറച്ച് ഫ്രീ ടൈമും ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗ് തുടങ്ങാം.ബ്ലോഗിനൊരു പേരും ബ്ലോഗര്‍ നാമവും കൈയ്യില്‍ കിട്ടിയാല്‍ പാതി ജോലി കഴിഞ്ഞു.അടുത്ത പടി ബ്ലോഗ് ഹിറ്റാക്കണം.അതിനു രണ്ട് വഴികളുണ്ട്.അനോണിക്ക് ഒരു വഴി, സനോണിക്ക് വേറൊരു വഴി, അവ ഇതാണ്..

നിങ്ങളൊരു അനോണി ആയി ആണ്‌ ബ്ലോഗെഴുതുന്നതെങ്കില്‍ സംഗതി സംപിള്‍.ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ, ഒരു കൊച്ച് വിവാദത്തിലൂടെ നിങ്ങക്ക് പ്രസിദ്ധനാകാം. അതായത്, മഹോധരന്‍ എന്നൊരു ബ്ലോഗര്‍ ഉണ്ടെന്ന് കരുതുക.അതിയാന്‍ നല്ല രീതിയില്‍ തമാശ എഴുതുന്ന ബ്ലോഗറാണെന്ന് സങ്കല്‍പ്പിക്കുക.നമ്മള്‍ ഇദ്ദേഹത്തെ പറ്റി രണ്ട് വരി നമ്മുടെ ബ്ലോഗില്‍ എഴുതുക..
"മഹോധരന്‍ അലമ്പനാണ്, ആഭാസനാണ്, ആക്രാന്ദനാണ്.കുഞ്ചന്‍ നമ്പ്യാരുടെയും സജ്ഞയന്‍റെയും കൃതികളുമായി തട്ടിച്ച് നോക്കിയാല്‍ ഇവന്‍ എഴുതുന്നതെല്ലാം വെറും വളിപ്പുകളാണ്"
ഇതിന്‍റെ കൂടെ ഒരു തലക്കെട്ടും : "മഹോധരന്‍റെ തോന്ന്യാസങ്ങള്‍"
ഇനി ഇതൊന്ന് അഗ്രിഗേറ്ററില്‍ ഇട്ട് നോക്കു, നിങ്ങടെ ബ്ലോഗ് ഹിറ്റ്.
ഇനി ഇതിനു മഹോധരന്‍ പ്രതികരിച്ചു എന്ന് കരുതുക, നിങ്ങടെ ബ്ലോഗ് സൂപ്പര്‍ഹിറ്റ്!

എന്നാല്‍ സനോണി ആണെങ്കില്‍ കാര്യങ്ങളുടെ നീക്ക് പോക്ക് അത്ര എളുപ്പമല്ല.അതിനു ആദ്യമായി നിങ്ങള്‍ അത്യാവശ്യം നല്ലൊരു പോസ്റ്റ് എഴുതി അഗ്രിഗേറ്ററില്‍ ഇടുക. ഇതോട് കൂടി നിങ്ങടെ ബ്ലോഗ് ഹിറ്റാവുമോ?
ഇല്ല.
അപ്പോള്‍ സെല്‍ഫ് മാര്‍ക്കറ്റിംഗാണ്‌ ഏറ്റവും നല്ലത്. അതായത്, ഓര്‍ക്കൂട്ട്, ജീമെയില്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗിന്‍റെ ലിങ്ക് മാക്സിമം പേരില്‍ എത്തിക്കുക.എന്നിട്ടും ഗുണമൊന്നും കാണുന്നില്ലെങ്കില്‍ വേറെ ആരുടെയെങ്കിലും ബ്ലോഗില്‍ കയറി അവരുടെ ലാസ്റ്റ് പോസ്റ്റില്‍ 'സൂപ്പര്‍', 'കിടിലന്‍' ഇമ്മാതിരി കമന്‍റുകള്‍ ഇടുക. ഇവിടെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്..
ലാസ്റ്റ് പോസ്റ്റിന്‍റെ ഹെഡിംഗ് ഒന്ന് നോക്കിയാല്‍ നന്നായിരിക്കും, കാരണം ആരെങ്കിലും ചത്തതിനു ആദരാഞ്ജലി എഴുതിയ പോസ്റ്റില്‍ കേറി 'സൂപ്പര്‍' എന്ന് കമന്‍റ്‌ ഇട്ടാല്‍ അവര്‍ തിരികെ തന്തക്ക് വിളിക്കും.ഞാന്‍ ഇങ്ങനെ പേടിപ്പിച്ചു എന്ന് കരുതി ആദരാഞ്ജലി പോസ്റ്റില്‍ കമന്‍റ്‌ ഇടാതെ ഇരിക്കരുത്.ഇത്തരം പോസ്റ്റുകളുടെ കമന്‍റ്‌ ബോക്സില്‍ മിനിമം അഞ്ച് പേരെങ്കിലും ആദരാഞ്ജലി പറഞ്ഞിരിക്കും, അതില്‍ ഏതെങ്കിലും ഒന്ന് കോപ്പി പേസ്റ്റ് ചെയ്താല്‍ കാര്യം ഓവര്‍!

ഇനിയാണ്‌ നമ്മളിലെ സി.ഐ.ഡി വര്‍ക്ക് ചെയ്യേണ്ടത്..
നാട്ടില്‍ കുറികല്യാണം എന്നൊരു പരിപാടിയുണ്ട്, അതായത് നമ്മള്‍ ആരുടെയെങ്കിലും വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്‌ രൂപ സംഭാവന കൊടുത്താല്‍, നമ്മുടെ വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്റി ഒന്ന് രൂപ തിരികെ കിട്ടും, അല്ല കിട്ടണം. ബൂലോകത്തെ കമന്‍റും ഏകദേശം ഇപ്രകാരമാ.അതായത് നമ്മള്‍ ആര്‍ക്കൊക്കെയാണോ കമന്‍റ്‌ ഇട്ടത്, അവര്‍ നമ്മുടെ പോസ്റ്റിനു കമന്‍റ്‌ ഇടും, അല്ല ഇടണം.ഇരുന്നൂറിനു, ഇരുന്നൂറ്റി ഒന്ന് എന്ന പോലെ സൂപ്പറിനു ഡൂപ്പര്‍, കിടിലത്തിനു കിടിലോല്‍ കിടിലം, ഇങ്ങനെ ഒരു ലൈന്‍.
ഇനി നമ്മള്‍ കമന്‍റ്‌ ഇട്ട ഒരുത്തന്‍ തിരികെ നല്‍കിയില്ലെന്ന് നമ്മളിലെ സി.ഐ.ഡി മനസിലാക്കിയാല്‍ വിഷമിക്കരുത്, അവനു ഒരു ചാന്‍സ് കൂടി കൊടുക്കുക.അതായത് അവന്‍റെ അടുത്ത പോസ്റ്റില്‍ പോയി ഒരു കമന്‍റ്‌ കൂടി കമന്‍റുക..
'ഭാവനാപൂര്‍ണ്ണവും ചിരിയുടെ ചിന്തകളെ ഉദ്ദീപിക്കുന്നതുമായ വരികള്‍'
അതോട് കൂടി ടിയാന്‍ ഫ്ലാറ്റ്, അവന്‍ ഓടി വന്ന് നമുക്ക് കമന്‍റും..
'സുഹൃത്തേ, ഇത് ഞാന്‍ നേരത്തെ വായിച്ചിരുന്നു.ചിരിച്ച് ചിരിച്ച് വയറുളുക്കി ആശുപത്രിയില്‍ ആയിരുന്നു, അതാ കമന്‍റിടാന്‍ വൈകിയത്'
ചില പരമ നാറികളുണ്ട്, നമ്മള്‍ എത്ര കമന്‍റിയാലും തിരിച്ച് കമന്‍റില്ല.അവനോടൊന്നും ഒരു ദാക്ഷണ്യവും വേണ്ടാ, നേരെ അനോണിയായി ചെന്ന് പ്രതികരിക്കുക, അതും മാന്യമായി..
'താങ്കളുടെ പോസ്റ്റുകള്‍ ഒരു നിലവാരമില്ലാത്ത താണ്, ദയവായി എഴുത്ത് നിര്‍ത്തി കൂടെ'
അതോടെ അവന്‍റെ രചനാ വൈഭവം തീരും.

ക്രമേണ നമ്മള്‍ വളരും, നമ്മളെ കുറിച്ച് നാല്‌ പേരറിയും, അറിയപ്പെടുന്ന അമ്പത് ബ്ലോഗേഴ്സില്‍ നമ്മളും ഒരാളാവും.ഇനിയാണ്‌ അടുത്ത കടമ്പ..
ഫോളോവേഴ്സ്സ്!
ഈ വാക്കിനര്‍ത്ഥം അനുയായികള്‍ എന്നാകുന്നു.ഒരു മലയാളിയും മറ്റൊരു മലയാളിയുടെ അനുയായി ആകാന്‍ ആഗ്രഹിക്കില്ല, അതൊരു ബേസിക്ക് നേച്ചറാണ്.അപ്പോള്‍ ആദ്യം നമ്മള്‍ ഫോളോവേഴ്സ് എന്ന പേര്‌ മാറ്റണം, പകരം ഗുരുക്കന്‍മാര്‍, സുഹൃത്തുക്കള്‍, സ്നേഹിതര്‍ എന്നിവയൊക്കെ പരീക്ഷിക്കാം.
ഇനി എങ്ങനെ ഫോളോവേഴ്സിനെ കൂട്ടാം?
ഒന്ന്, നമ്മള്‍ തന്നെ ഫോളോവര്‍ ആകുക!
രണ്ട്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ നിര്‍ബന്ധിച്ച് ഫോളോവര്‍ ആക്കുക!
മൂന്ന്, നമ്മള്‍ ആരുടെയെങ്കിലും ഫോളോവര്‍ ആകുക, ഒരു മര്യാദക്ക് അവര്‍ തിരിച്ച് ആകും.ഇനി അഞ്ച് ദിവസത്തിനകം ആയില്ലെങ്കില്‍, നമ്മള്‍ ഫോളോവര്‍ ആയത് ക്യാന്‍സല്‍ ചെയ്യുക!
ഇത് കൂടാതെ വേറെ എന്ത് വഴി?
ഒരു വഴിയുമില്ല മക്കളെ, നല്ല രീതിയില്‍ എഴുതാന്‍ ശ്രമിക്കുക.നമ്മുടെ കൃതികള്‍ ഇഷ്ടമായാല്‍ സ്വന്തം രീതിയില്‍ കുറേ പേര്‍ സുഹൃത്തുക്കളാകും, അത് തന്നെ വലിയ കാര്യം.

മേല്‍ പറഞ്ഞതെല്ലാം ബേസിക്ക് കോഴ്സുകളാ, ഇനി അഡ്വാന്‍സ് കോഴ്സുകള്‍.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഗ്രൂപ്പിസം!
നമ്മള്‍ ബൂലോകത്ത് അറിയപ്പെട്ട് തുടങ്ങിയാല്‍ കുറേ സുഹൃത്തുക്കളെ കൂട്ടി ഒരു കോക്കസ്സ് ഉണ്ടാക്കുക.സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലെ വേണേല്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗും ഉണ്ടാക്കാം! തുടര്‍ന്ന് സുഹൃത്തുക്കളുടെ പേഴ്സണല്‍ രഹസ്യങ്ങള്‍ പരമാവധി മനസിലാക്കുക.ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, നമ്മളെ പറ്റി ഒന്നും വിട്ട് പറയരുത്.ഇത് കൊണ്ട് ഒരു ഗുണമുണ്ട്, നാളെ ഒരു കാലത്ത് ഈ സുഹൃത്തിനു നമ്മളെ വിട്ട് പോണമെന്ന് തോന്നിയാലും ഒന്ന് മടിക്കും. കാരണം രഹസ്യങ്ങള്‍ നമ്മോടൊപ്പമാണ്!
ഇനി ഗ്രൂപ്പില്‍ കുറേ നിയമങ്ങള്‍..
1. എല്ലാവരും പരസ്പരം ഫോളോവേഴ്സ് ആകുക.
2. ഒരുത്തന്‍ എഴുതുന്ന എന്ത് ചവറും സൂപ്പര്‍ ആണെന്ന് പറയുക.
3. ആരെങ്കിലും കൊള്ളരുത് എന്ന് പറഞ്ഞാല്‍ അവനെ പരമാവധി നാറ്റിക്കുക.
4. വേണേല്‍ ഓണത്തിനും സംക്രാന്ദിക്കും ഗ്രൂപ്പ് ബ്ലോഗില്‍ പരിപാടികള്‍ നടത്തുക.
ഇപ്പോ നിങ്ങളൊരു പ്രസ്ഥാനമായി.

മേല്‍ സൂചിപ്പിച്ചത് ബൂലോകത്തെ കുറുക്ക് വഴികളാണ്.ഇതിനു മറ്റൊരു വശമുണ്ട്, വര്‍ഷങ്ങളോളം ബൂലോകത്ത് കഥകളെഴുതി, ആ പോസ്റ്റുകള്‍ വായനക്കാരെ രസിപ്പിച്ച്, അങ്ങനെ ഒരുപാട് സുഹൃത്തുക്കള്‍ ഫോളോവേഴ്സായി, പതിയെ പതിയെ ബൂലോകത്ത് അറിയപ്പെടുക!!
കുറുക്ക് വഴി പെട്ടന്ന് ഫെയ്മസ്സ് ആക്കുമെങ്കില്‍, ഈ വഴി ആഴത്തില്‍ ഫെയ്മസ്സ് ആക്കും. എന്നാല്‍ ഇവിടെയുമുണ്ട് പ്രശ്നങ്ങള്‍..
ഈ പ്രശ്നങ്ങള്‍ സുഖമുള്ളവയാണ്, കാരണം നമ്മളോടുള്ള അമിത സ്നേഹമാണ്‌ ഇതിനു ഹേതു എന്നത് തന്നെ..

ഉദാഹരണത്തിനു നമ്മള്‍ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് ഒരു പോസ്റ്റ് എഴുതി എന്ന് കരുതുക, ഉടന്‍ കമന്‍റ്‌ വരും, 'അണ്ണാ സൂപ്പര്‍ സാമ്പത്തിക മാന്ദ്യം'
നമ്മള്‍ വീണ്ടും ഈ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് എഴുതിയാലോ?
'അണ്ണാ നേരത്തത്തെ മാന്ദ്യം വച്ച് നോക്കിയാല്‍ ഈ മാന്ദ്യം പോരാ, എന്നാലും സൂപ്പര്‍'
ഒരിക്കല്‍ കൂടി നമ്മള്‍ ഇതേ വിഷയം എഴുതിയാലോ..
'എന്തിരടേ, പിന്നേം മാന്ദ്യം, ഒന്ന് വിട്ട് പിടി മാഷേ'
ഓര്‍ക്കുക..
ഇവരുടെ ഈ പെരുമാറ്റം നമ്മളോടുള്ള ദേഷ്യമോ, നമ്മള്‍ എഴുതിയത് ആസ്വദിക്കാനിട്ടോ അല്ല.പിന്നെയോ.. ഒന്നുങ്കില്‍ സാമ്പത്തികമാന്ദ്യത്തോടുള്ള വെറുപ്പ്, അല്ലെങ്കില്‍ നമ്മളില്‍ നിന്നും അവര്‍ വെറൈറ്റി പ്രതീക്ഷിക്കുന്നു.എന്നാല്‍ ഈ സുഹൃത്തുക്കള്‍ ഒരിക്കലും അറിയുന്നില്ല സാമ്പത്തികമാന്ദ്യത്തോടുള്ള ഇഷ്ടകൂടുതല്‍ കൊണ്ടല്ല, ആശയമാന്ദ്യം മൂലമുള്ള കഷ്ടകൂടുതല്‍ കാരണമാണ്‌ നമ്മള്‍ വീണ്ടും ഇത് എഴുതുന്നതെന്ന്.

പണ്ട് എന്‍റെ ഒരു സാറ്‌, നന്നായി അരയന്നത്തെ വരക്കുമായിരുന്നു.പറക്കുന്ന, ചിരിക്കുന്ന, നീന്തുന്ന, അരയന്നങ്ങളുടെ വിവിധ പോസുകള്‍.
"സാറേ ഈ അരയന്നം സൂപ്പര്‍"
സാറിനങ്ങ് സന്തോഷമായി, അങ്ങേര്‌ വീണ്ടും വരച്ചു..
"സാറേ ഈ അരയന്നം നേരത്തത്തെ അരയന്നത്തിന്‍റെ അത്ര പോരാ"
സാറിന്‍റെ മുഖമൊന്ന് വാടി, അത് കണ്ട് സാറിനു വിഷമമായല്ലോന്ന് കരുതി ഞാന്‍ പറഞ്ഞു: "എന്നാലും സൂപ്പറാ"
ദേ, സാറിനു വീണ്ടും സന്തോഷം.
പഹയന്‍ വീണ്ടും വരച്ചു, അതും അരയന്നം..
എനിക്ക് അമര്‍ഷം അടക്കാന്‍ പറ്റിയില്ല, അറിയാതെ ചോദിച്ചു പോയി:
"എന്തോന്നാ സാറേ ഇത്, എപ്പോഴും അരയന്നം!ഒരു കോഴിയെ വരച്ച് കൂടെ?"
സാറ്‌ വിഷമത്തോടെ ബ്രഷ് എന്‍റെ കൈയ്യില്‍ തന്നു, എന്നിട്ട് പറഞ്ഞു:
"മോനൊരു കോഴിയെ വരച്ചേ?"
"അയ്യോ, എനിക്ക് കോഴിയെ വരക്കാനറിയില്ല"
"എന്നാ മോനൊരു അരയന്നത്തെ വരച്ചേ?"
"അയ്യോ, എന്നെ കൊണ്ട് അതും പറ്റില്ല"
"പിന്നെ നിന്നെ കൊണ്ട് എന്നാ പറ്റും?"
"വെറുതെ കുറ്റം പറയാം"
അത് കേട്ടതും സാറ്‌ എനിക്കായി എന്ന് പറഞ്ഞൊരു കോഴിയെ വരച്ചു.കണ്ട എന്‍റെ കുഴപ്പമാണോ അതോ വരച്ച സാറിന്‍റെ കുഴപ്പമാണോന്ന് അറിയില്ല, പൂര്‍ത്തി ആയപ്പോള്‍ അതും അരയന്നം.തുടര്‍ന്ന് അദ്ദേഹം എന്നോട് ചോദിച്ചു:
"എങ്ങനുണ്ട്?"
സാറ്‌ വരച്ചത് കോഴിയെ, പക്ഷേ കണ്ടാല്‍ അരയന്നം. ഞാന്‍ എന്ത് പറയാന്‍?
ഒടുവില്‍ പറഞ്ഞു:
"സൂപ്പര്‍ കോഴി"
വര്‍ഷങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും ചരിത്രം ആവര്‍ത്തിക്കുന്നു..