Friday, November 13, 2009

എന്റെ ബ്ലോഗ്‌ പൂട്ടുന്നു

ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. അത് പോലും ഓര്‍ത്തിരിക്കാന്‍ വയ്യാത്ത ഞാന്‍ പിന്നെ ബ്ലോഗ്‌ എഴുതുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ എന്റെ ബ്ലോഗ്ഗിനു താഴിടുന്നു. അതുവരെ നിങ്ങള്ക്ക് വായിക്കാന്‍ ഒരു ചെറിയ ലേഖനം താഴെ കൊടുക്കുന്നു.

*************************************************************************************
പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,

ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് അത്ഭുതം തോന്നുന്നു. ഏകദേശം മുപ്പതു പോസ്റ്റുകള്‍ ഞാന്‍ എഴുതി എന്നത് തന്നെ വിശ്വസിക്കാന്‍ പ്രയാസം. ജീവിതത്തിലെ കണ്ടതും കേട്ടതുമായ ചില സംഭവങ്ങള്‍ എന്നെകൊണ്ട് ആവുന്നപോലെ നര്‍മം ചാലിച്ചു (ഇതിനെ നര്‍മം എന്ന് വിളിക്കുമോ) നിങ്ങളോട് പങ്കു വച്ചു നിങ്ങളില്‍ ഒരാളായി മാറാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം ആയി കരുതുന്നു. പലരെയും പോലെ വിശാലേട്ടന്‍, അരവിന്ദേട്ടന്‍, പകല്കിനവന്‍, പോങ്ങുമൂടന്‍, നന്ദപര്‍വ്വം നന്ദെട്ടന്‍, എന്ന ഗുരുക്കന്മാരുടെ പോസ്റ്റുകള്‍ വായിച്ചാണ് ഞാനും ബൂലോകത്തേക്ക് കടക്കുന്നതു തന്നെ. അരുണ്‍ കായംകുളം, കുമാരസംഭവം ഒക്കെ ഒരു പാട് തവണ വായിച്ചു.

അങ്ങനെയാണ് എന്നിലും ഒരു ആത്മവിശ്വാസം ഉടലെടുത്തത്, എനിക്കും എന്തേലും ഒക്കെ എഴുതി നിങ്ങളെ വധിക്കാന്‍ സാധിക്കും എന്ന്. ഇതില്‍ എനിക്ക് പ്രധാനമായും നന്ദി പറയണ്ട വ്യക്തി കുമാരസംഭവം എന്ന ബ്ലോഗിന്റെ ഉടമയായ ശ്രീ അനിലേട്ടന്‍ ആണ്. ഒരുപാട് സംശയങ്ങളും മറ്റും തീര്‍ത്തു തരാനും, എഴുത്ത് എങ്ങനെ മെച്ചപെടുത്താം എന്ന കാര്യങ്ങളില്‍ അദ്ദേഹം തന്നെ ഉപദേശങ്ങള്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല, പിന്നെ മറ്റൊരു വ്യക്തി പകല്കിനവന്‍ മാഷാണ്. അദ്ദേഹവും എന്റെ രചന നന്നാക്കുന്നതില്‍ വഹിച്ച പങ്കും ചില്ലറയല്ല. അരുണ്‍ കായംകുളം ടെക്നിക്കല്‍ പരമയിട്ടുള്ള കാര്യങ്ങളില്‍ എന്നെ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെ (കുട്ടപ്പേട്ടന്റെ മകള്‍ രചന അല്ല ട്ടാ) ഒരു ആരാധകന്‍ ആയ ഞാന്‍ ഇന്ന് അദ്ദേഹവുമായി നല്ല സുഹൃത്ത്‌ ബന്ധം നിലനിര്‍ത്തുന്നത്‌ കാണുമ്പൊള്‍ ദൈവം വലിയവന്‍ തന്നെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അരുണ്‍ എനിക്ക് എന്റെ ബ്ലോഗ്ഗിന്റെ പിറന്നാള്‍ സമ്മാനമായി തന്ന നമ്മുടെ ബൂലോകം എന്ന മാധ്യമത്തിലെ പരിചയപെടുത്തല്‍ നിങ്ങള്‍ ഏവരും കണ്ടു കാണുമല്ലോ. അതിന്റെ ലിങ്ക് ദാണ്ടെ ഇവിടെ, വായിച്ചിട്ടില്ലാത്തവര്‍ സന്ദര്‍ശിക്കുമല്ലോ. അതില്‍ ഞാന്‍ എഴുതിയ മറുപടി കമന്റ്‌ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. പിന്നെ ഓരോ ബ്ലോഗ്ഗെര്മാരെയും ഞാന്‍ പേരെടുത്തു പറയുന്നില്ല, കാരണം ഒരു പാട് പേരുണ്ട്. നിങ്ങള്‍ ഇല്ല, പിന്നെ എന്താ?? "നമ്മള്‍" അത് മതി.
************************************************************************************
കുറുപ്പിന്‍റെ കണക്കു പുസ്തകം, November 4, 2009 1:25 PM

പ്രിയപ്പെട്ട അരുണ്‍,

നന്ദി പറഞ്ഞാല്‍ കൂടി പോവും, അത് കൊണ്ട് പറയുന്നില്ലാ കാരണം അത് മനസ്സില്‍ ഉണ്ട്. ഓരോ എഴുത്തുകാരനെയും (എന്റെ കാര്യം വിട്ടേര്) ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന അരുണിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹം തന്നെ എന്ന് പറയണം. കൂടുതല്‍ എഴുതുവാനും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാനും എന്നെ പോലുള്ള കുരുപ്പുകള്‍ക്ക് ശക്തി താങ്കളെ പോലുള്ള എഴുത്തുകാരുടെ ശക്തമായ ഈ പിന്താങ്ങ് തന്നെ എന്ന് എടുത്തു പറയണം. ഒരു പാട് ബ്ലോഗുകള്‍ വായിച്ചു വന്ന വ്യക്തി എന്ന നിലയില്‍ ബ്ലോഗ്‌ തുടങ്ങാനും എഴുതാനും ആദ്യം പേടി തോന്നിയിരുന്നു, എങ്കിലും രണ്ടും കല്‍പ്പിച്ചു മുന്നോട്ടു പോയപ്പോള്‍ ബൂലോകം സുഹൃത്തുക്കള്‍ തന്ന ഈ സപ്പോര്‍ട്ട് ഒരിക്കലും മറക്കാന്‍ എനിക്കാവില്ല. എന്നെ കൊണ്ട് ആവും വിധം ആര്‍ക്കും യാതൊരു വേദനയും നല്‍കാതെ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വച്ച് നിങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ പ്രതിസന്ധിയില്‍ ആണ് ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നതും കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടമാവുന്നതും. ആ വിഷമം മറക്കാനും ഒരു പാട് സുഹൃത്തുക്കളെ അതും പരസ്പരം കാണാത്തവരെ തന്നു എന്നെ അനുഗ്രഹിച്ച ദൈവമേ നിനക്ക് നൂറു നൂറു നന്ദി. ഇനിയും ഇതുപോലെ ഒരു പാട് പേരെ അരുണിന് ബൂലോകര്‍ക്കായി പരിചയപെടുത്താന്‍ കഴിയട്ടെ ഒപ്പം നമ്മുടെ സൌഹ്രദത്തിന്റെ ഈ പച്ചപ്പ്‌ എന്നും നിലനില്‍ക്കട്ടെ. അരുണ്‍ എനിക്ക് തന്ന വിലപെട്ട സമ്മാനമായി ഞാന്‍ ഇതിനെ നെഞ്ചോട്‌ ചേര്‍ക്കുന്നു. കൂടാതെ നമ്മുടെ ബൂലോകത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ഒരുക്കിതരുന്ന അതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ വിനീതമായ കൂപ്പു കൈ. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക. എല്ലാ പ്രിയ ബൂലോകം സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി . പ്രീതികുളങ്ങര അമ്മ നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.

സസ്നേഹം രാജീവ്‌ കുറുപ്പ്

(കൂടിപോയോ ഇല്ലല്ലോ, സഹിച്ചോ സഹിച്ചോ)

Monday, November 9, 2009

അപ്പാച്ചി രാജുവിന്റെ കല്യാണം

ആലപ്പുഴക്കും ചേര്‍ത്തലക്കും ഇടയില്‍ പോകുന്ന ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗം ആണ് എന്റെ ഗ്രാമം കലവൂര്‍ ഉള്‍പ്പെടുന്ന മാരാരിക്കുളം പഞ്ചായത്ത്. അച്ചു മാമന്റെ സ്വന്തം സ്ഥലം. എന്റെ വീട്ടില്‍ നിന്നും പടിഞ്ഞാട്ടു പോയാല്‍ തീരദേശ റെയില്‍വേ, അവിടുന്ന് പടിഞ്ഞാട്ടു പിന്നേം പോയാല്‍ കടല്‍ കാണാം. ഇനി എന്റെ വീട്ടില്‍ നിന്നും കിഴക്കോട്ടു പോയാല്‍ എന്‍ എച്ച്, അവിടുന്ന് കിഴക്കോട്ടു പോയാല്‍ കായലില്‍ ചെല്ലും. സുനാമി എങ്ങാനും വന്നാല്‍ കായലിന്റെയും കടലിന്റെയും നടുക്ക് കേറി നില്ക്കാന്‍ പറ്റിയ ഒരു സ്ഥലം ഇന്ന് വരെ ആരും കണ്ടു പിടിച്ചിട്ടില്ല, അന്നത്തെ സുനാമിക്ക് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടിയത് കിഴക്കോട്ടു, കൂട്ടത്തില്‍ ഞാനും ഓടി, എന്നിട്ട് ഹൈവേ ചെന്ന് കുത്തിയിരുന്ന്. കാരണം ഇനി കായല് കേറി വന്നാല്‍ സൈഡിലെക്കല്ലേ ഓടാന്‍ പറ്റൂ. ഇതാണ് കലവൂരിനെ കുറിച്ചുള്ള ഒരു വിവരണം. ഈ വിവരണവും ഞാന്‍ പറയാന്‍ പോകുന്ന സംഭവുമായി യാതൊരു ബന്ധവും ഇല്ല. പിന്നെ എന്തിനാ പറഞ്ഞെ എന്ന് ചോദിച്ചാല്‍, അരവിന്ദേട്ടന്‍ പറയുന്ന പോലെ വെര്‍തെ.

തലകെട്ടിലെ കഥാ പത്രം തന്നെയാണ് ഇതിലും താരം. അപ്പാച്ചി രാജു എന്റെ അയല്‍വാസിയും സുഹൃത്തും ആണ്. അവന്റെ ചേട്ടന്‍ ആണ് എന്റെ പഴയ പോസ്റ്റുകളിലെ താരം ചാളുവ കുട്ടന്‍. ഈ കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധം ആണ്. എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു ഇവരുടെ അച്ഛന്‍ പുറത്തയില്‍ സദാശിവന്‍ ചേട്ടന്‍. അദ്ദേഹത്തോട് എനിക്ക് ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ കൂടുതല്‍ ആയിരുന്നു. കാരണം വീട്ടില്‍ മിക്കവാറും എല്ലാ ദിവസവും എനിക്ക് അച്ഛന്റെ കൈയ്യില്‍ നിന്നും പെട കിട്ടുമായിരുന്നു. എന്നിട്ട് എന്നും വൈകിട്ട് അച്ഛന്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി ഗേറ്റിന്റെ വെളിയില്‍ റോഡില്‍ തള്ളി ഗേറ്റ് അടച്ചു വീട്ടില്‍ പോവും, കാരണം എന്റെ "കൈയ്യിലിരിപ്പ്‌". കരഞ്ഞു കൊണ്ട് ഞാന്‍ ഓടിച്ചെന്നു സദാശിവന്‍ മാമന്റെ അടുത്ത് ചെന്ന് കാര്യം പറയും. അന്നേരം മാമ്മന്‍ എന്നെ കൂട്ടി വീട്ടില്‍ വന്നു അച്ഛനോട് മാപ്പൊക്കെ പറയിപ്പിച്ചു സന്ധി ആക്കും. പിറ്റേന്നും ഇത് തന്നെ ആവര്‍ത്തിക്കും. അത് കൊണ്ട് ഞാന്‍ ചുമ്മാ റോഡില്‍ നിന്നാലും നാട്ടുകാര്‍ ചോദിക്കും "ഇറക്കി വിട്ടാ ഇന്നും, സദാശിവന്‍ മംമനെ വിളിക്കെട്ടെ" എന്ന്. അദ്ദേഹത്തിന്റെ മരണശേഷം മൂത്ത മകന്‍ ചാളുവ കുട്ടന്‍ (കുട്ടന്‍ അണ്ണന്‍) ഈ ദൌത്യം ഏറ്റെടുത്ത് ഭംഗിയായി നടത്തി പോന്നു. എത്ര വളര്‍ന്നിട്ടും ഞാന്‍ നന്നായില്ല എന്ന് ചുരുക്കം.

അപ്പാച്ചി രാജുവിന്റെ യഥാര്‍ത്ഥ പേര് കാര്‍ത്തികേയന്‍ എന്നാണ്. ഇനി അവനെ കുറിച്ച് പറഞ്ഞാല്‍ നാട്ടില്‍ വെല്‍ഡിംഗ് പണി ഒക്കെ ആയി നടന്നപ്പോള്‍ ആണ് അളിയന് മധുരയില്‍ ഉജാല കമ്പനിയില്‍ ജോലി കിട്ടിയത്. എന്തൊക്കെ ആണെന്ന് പറഞ്ഞാലും നാട്ടില്‍ നിന്നും ഒരിക്കലും പോകാന്‍ താല്പര്യം ഇല്ലാതിരുന്ന അവനു തമിഴ്നാട്ടിലെ മധുര പോലും ഗള്‍ഫ്‌ ആയിട്ടാണ് തോന്നിയെ. എങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ അങ്ങനെ ഉജാലയില്‍ ചേര്‍ന്നു. അളിയന്റെ ഹോബി എന്താണെന്നു ചോദിച്ചാല്‍ മീന്‍ പിടുത്തം. നാട്ടില്‍ വെല്‍ഡിംഗ് പണിക്കു പോകുമ്പോളും അളിയന്‍ മീന്‍ പിടുത്തത്തിനു സമയം മാറ്റി വയ്ക്കുമായിരുന്നു. രാവിലെ ചൂണ്ടാക്കോലും, ഒരു കുടവും, ഒരു കൈയ്യില്‍ ചൂണ്ടയില്‍ കൊളുത്താന്‍ ഉള്ള ഇരയുമായി നേരെ എന്റെ വീടിന്റെ തെക്കുവശത്തുള്ള പോഴുവേലി കാട്ടില്‍ കയറും. അതിനുള്ളില്‍ മൂന്ന് നാല് കുളങ്ങള്‍, ചെറിയ ഒരു തോട് ഒക്കെ ഉണ്ട്. പിന്നെ വൈകിട്ട് വരെ ഒറ്റ ഇരുപ്പാണ്. വൈകിട്ടേ വരൂ. നോ ഫുഡ്‌ നോ ഡ്രിങ്ക്. തരിച്ചു വരുമ്പോള്‍, മടിശീലയില്‍ മുഴുവന്‍ കശുവണ്ടി, കുടത്തില്‍, വരാല്‍, കാരി, കരികണ്ണി അങ്ങനെ നിറച്ചും മീന്‍ ഉണ്ടാവും, കുറച്ചു എന്റെ വീട്ടിലും കൊടുത്തിട്ടാണ് അവന്‍ അവന്റെ വീട്ടില്‍ കയറുന്നത്. ഉജാലയില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു ലീവിനു നാട്ടില്‍ വന്നു കഴിഞ്ഞാല്‍ വന്ന വേഷത്തില്‍ തന്നെ ചൂണ്ടയും കുടവും ഇരയുമായി നാട്ടിലെ കുളങ്ങളില്‍ തെണ്ടാന്‍ ഇറങ്ങും.

ചില ദിവസങ്ങളില്‍ ഇവന്‍ മധുരയില്‍ നിന്നും വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ വരും. വീട്ടില്‍ അവന്റെ അമ്മ (ഭാനു അമ്മ) മാത്രമേ ഉള്ളു. ബാക്കിയെല്ലാവരും സ്വന്തം വീടൊക്കെ വച്ച് മാറി താമസിക്കുന്നു. പെങ്ങന്മ്മാര്‍ മൂന്നു പേര്‍ കല്യണം ഒക്കെ കഴിച്ചു കുട്ടികളുമായി അടുത്ത് തന്നെ സെറ്റില്‍ ആണ്. വീട്ടില്‍ വന്നു ബാഗ് വരാന്തയില്‍ വച്ച് വീട്ടില്‍ പോലും കേറാതെ നേരെ അല്‍പ്പം ഉമിക്കരി എടുത്തു പല്ലും തേച്ചു നേരെ എന്റെ വീട്ടില്‍ വന്നു ഞാന്‍ ഉറങ്ങുന്ന മുറിയുടെ ജന്നലില്‍ അടിച്ചു എന്നെ എഴുനെല്‍പ്പിക്കും. (എന്റെ പട്ടി എഴുനേല്‍ക്കും, അവനെ തെറി പറഞ്ഞിട്ട് ഞാന്‍ പുതപ്പിലേക്ക് ഒന്ന് കൂടി ചുരുളും) എന്റെ വീട്ടിലെ കിണറ്റിന്‍ കരയില്‍ നിന്നും വായും കഴുകി ജോസ് അണ്ണന്റെ വീട്ടില്‍ ചെന്ന് അങ്ങേരെ വിളിച്ചു കാപ്പി ഉണ്ടാക്കി കുടിച്ചു നേരെ തെക്കുപുറത്തെ അമ്പലക്കടന്റെ വീട്ടില്‍ വരും. അവന്റെ അച്ഛന് വെളുപ്പിനെ ജോലിക്ക് പോകുന്ന കാരണം ബ്രേക്ക്‌ ഫാസ്റ്റ്‌ രാവിലെ അവിടെ ഉണ്ടാവും. അതും കഴിച്ചു അതിന്റെ കിഴക്ക് പുറത്തെ എന്റെ മാമന്റെ വീട്ടില്‍ വന്നു ഒരു പാല്‍ ചായ. പിന്നെ നേരെ കുളങ്ങള്‍ ഒക്കെ നോക്കി വച്ച്, പാടതറ വീട്ടില്‍ വന്നു അവിടുത്തെ പട്ടിയുടെ പള്ളക്ക് ഒരു ചവിട്ടും കൊടുത്തു മണിയന്‍ ചേട്ടന്റെ വീട്ടില്‍ കേറി ഒന്ന് കൂടി ബ്രേക്ക്‌ ഫാസ്റ്റ്‌. പിന്നെ നേരെ അവന്റെ സ്വന്തം മണിയപ്പന്‍ മാമ്മന്റെ വീട്ടില്‍ വന്നു പിന്നെ അവിടത്തെ പേരക്ക, മാങ്ങാ ഇതെല്ലം തീര്‍ത്തു അവിടുന്ന് ഊണും കഴിച്ചു അവന്‍ സ്വന്തം വീട്ടില്‍ വരുമ്പോള്‍ ആണ് അവന്റെ അമ്മ അവനെ കാണുന്നെ, ബാഗ് കണ്ടത് കൊണ്ട് മകന്‍ നാട്ടില്‍ വന്നിട്ടുണ്ട് എന്ന് അമ്മക്കറിയാം, അത് അവനും അറിയാം. , അന്നേരം സമയം ഉച്ചക്ക് രണ്ടു മണി. അമ്മയെ കണ്ട ഉടനെ പറയുന്ന ഡയലോഗ് ആണ് "വിശന്നിട്ടു മേലെ എന്റെ അമ്മോ പഴംചോറ് ഇരിപ്പുണ്ടോ ന്നു"

മറ്റൊരു കാര്യം ഇവന്‍ എവിടെയങ്കിലും യാത്ര പോവുകയാണെങ്കില്‍ കാണുന്ന മരങ്ങളില്‍ തൊട്ടും, ഇലകളില്‍ ചാടി തൊട്ടും, ചില മരത്തിനു വലം വച്ച് ഒക്കെ ആണ് യാത്ര. ഇതില്‍ ഏതെങ്കിലും മരം വിട്ടു പോയാല്‍ എപ്പം റിവേഴ്സ് എടുത്തു വന്നു അതിനെ തൊട്ടിട്ടു പോയി എന്ന് ചോദിച്ചാല്‍ മതി. ഒരിക്കല്‍ ഇത് കണ്ടു എന്റെ അച്ഛന്‍ പറഞ്ഞു "എടാ രാജു എന്നാല്‍ എന്റെ വീട്ടിലെ ആ കൊന്നതെങ്ങേലെ ചൂട്ടു കൂടി ഒന്ന് തൊട്ടേച്ച് പോടാ, കൂട്ടത്തില്‍ രണ്ടു കരിക്കും ഇട്ടോ " അതോടു കൂടി അവന്റെ ആ സ്വഭാവം നിന്ന്.

ഇവന്‍ ഭയങ്കര ധൈര്യശാലി ആണ് . ഒരിക്കല്‍ ഞാന്‍, അപ്പാച്ചി, അമ്പലക്കാടന്‍, അങ്ങനെ ഒരു ആറു ഏഴു പേര് വളവനാട് ഉത്സവം സംബന്ധിച്ചുളള വേല പടയണി കാണാന്‍ പോയി. പടയണി തുള്ളല്‍ എല്ലാം കഴിഞ്ഞു പൂക്കുറ്റി പാമ്പായി തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു. പ്രീതികുളങ്ങര അമ്പലത്തിന്റെ വാതുക്കല്‍ കൂടി ആണ് വരുന്നേ. അമ്പലത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ എല്ലാം വീണു പോയി. പഞ്ചാര മണലിനെ കെട്ടി പിടിച്ചു ഉറക്കവും തുടങ്ങി. പാതിരാത്രി രണ്ടു മണി കഴിഞ്ഞു. അന്ന് അമ്പലത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ ആരും രാത്രിയില്‍ തങ്ങാറില്ല, കാരണം രക്ഷസ്, യക്ഷി, മറുത അവര് കാള്‍ സെന്ററില്‍ ഡ്യൂട്ടിക്ക് പോകാന്‍ ഇറങ്ങും എന്നും തടസം നില്‍ക്കുന്നവരെ പൊറോട്ട കീറുന്ന പോലെ കീറി ചോരയില്‍ മുക്കി തിന്നും എന്നൊക്കെ കഥ ഉള്ള സമയം. ആദ്യം ഞെട്ടി ഉണര്‍ന്നത് ഞാന്‍, ആഹ ബെസ്റ്റ് സ്ഥലം വെറുതെ എന്റെ ബോഡി അങ്ങനെ പൊറോട്ട ആക്കാന്‍ താല്പര്യം ഇല്ലാത്തത് കാരണം ഞാന്‍ ആരെയും വിളിക്കാതെ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്കു. എന്റെ പിറകെ അമ്പലക്കടനും പറന്നു. അങ്ങനെ അപ്പാച്ചി ഒഴിച്ച് എല്ലാരും അവരവരുടെ വീട്ടിലേക്കു സൂപ്പര്‍ ആയി ലാന്‍ഡ്‌ ചെയ്തു. കുറെ കഴിഞ്ഞു അപ്പാചിയെ ആരോ തട്ടി വിളിച്ചു. അവന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആരെയും കണ്ടില്ലാ. ഒറ്റ കൂട്ടുകാര്‍ ഇല്ല. അന്നേരം ആണ് അവനു സ്ഥലം ഓര്‍മ വന്നതും പേടി കൊണ്ട് വാ പൊളിഞ്ഞതും. കൂട്ടുകാരെയെല്ലാം പ്രേതം പിടിച്ചു ഇനി അവനെ തിന്നും എന്ന് അവനു തോന്നി. കണ്ണും പൂട്ടി മണലില്‍ മുഖം പൂഴ്ത്തി അവന്‍ ശ്വാസം പിടിച്ചു കിടന്നു. അന്നേരം ദെ പിന്നേം ആരോ തട്ടി വിളിക്കുന്നു. പിന്നേം ഒന്നും നോക്കിയില്ല "പുറത്തയിലെ കാവിലമ്മേ, രക്ഷിക്കോ" എന്ന് അലറി കൊണ്ട് വീട് ലക്ഷ്യമാക്കി ഓടി. അതിനടക്ക് തുരുതുരാന്നു പൂഴി റോഡില്‍ കമന്നും ചരിഞ്ഞും ഒക്കെ വീഴാനും മറന്നില്ല. വീടിന്റെ മൂലയിലെ വേലി തകര്‍ത്തു അതിരിലെ കുളത്തില്‍ അടിച്ചും തല്ലി വീണു നീന്തി കേറി വാതിലില്‍ ഇടിച്ചു വിളിച്ചു "എന്റമ്മോ വാതില് തുറക്കോ മറുത പുറകില്‍ ഉണ്ടേ ന്നു". പിറ്റേന്ന് അവനെ കണ്ട ഞങ്ങള്‍ ഞെട്ടി പോയി. ശരീരം മുഴുവന്‍ ചുവന്ന സ്കെച്ച് പേന കൊണ്ട് കൊച്ചു പിള്ളേര് കുത്തി വരച്ച പോലെ.

അങ്ങനെ ഒരു ദിവസം അപ്പാചിയുടെ കല്യണം ഉറപ്പിച്ചു, കലവൂര് കിഴക്ക് മണ്ണംചേരി എന്ന സ്ഥലത്താണ് പെണ്ണ്. കല്യാണ ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി അമ്പലങ്ങളില്‍ എല്ലാം വഴിപാടു നടത്തി മച്ചാന്‍ വീട്ടിലെത്തി. പിന്നെ അവനെ ഒരുക്കുന്ന തിരക്കില്‍ ആയി ഞങ്ങള്‍. പുറത്തുള്ള പന്തലില്‍ കാപ്പി പരിപാടി നടക്കുന്നു. ആകെ തിരക്ക്. കോടിക്ക് പോകാന്‍ ഉള്ള വാഹനങ്ങള്‍ എല്ലാം വാതുക്കലെ റോഡില്‍ എത്തി. അങ്ങനെ വീട്ടില്‍ നിന്നും പെണ്ണിന്റെ വീട്ടിലേക്കു പോകാന്‍ ഉള്ള മുഹൂര്‍ത്തം സമാഗതമായി. ഞങ്ങളും നാട്ടാരും എല്ലാവരും അപ്പച്ചിയുടെ കല്യാണത്തിന് പോകാന്‍ ഇറങ്ങി. അനു ട്രവേല്സിലെ മൂന്നു ബസും രണ്ടു ടെമ്പോ ട്രവേലെര്‍ പിന്നെ അപ്പാചിക്ക് പോകാന്‍ ഒരു കാറും ഒക്കെ ആയി ഞങ്ങള്‍ കല്യാണ വീട് ലക്ഷ്യമാക്കി യാത്രയായി. പതിനഞ്ചു ഇരുപതു മിനിറ്റ് ഉള്ള യാത്ര ആണ്. ഞങ്ങള്‍ പിന്നെ സേവിച്ചു വന്നത് കാരണം ആണോ അതോ വരുന്ന വഴിയില്‍ കൂണ് പോലെ ഷാപ്പുകള്‍ ഉള്ള കൊണ്ടാണോ കുറച്ചു സമയം കൂടുതല്‍ എടുത്തു. അങ്ങനെ പെണ്ണിന്റെ വീട്ടില്‍ എത്തി. പെണ്ണുംവീട് റോഡില്‍ നിന്നും ശകലം ഉള്ളില്‍ ആയിട്ടാണ്. വാഹനങ്ങള്‍ അവിടെ അടുത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക്‌ എല്ലാം ചെയ്തിരിക്കുന്നു. നോക്കുമ്പോള്‍ അപ്പാച്ചി രാജു വന്ന കാറിന്റെ അരികില്‍ ചാരി നില്‍ക്കുന്നു. ഞങ്ങള്‍ ചോദിച്ചു
"നീ കേറില്ലേ അളിയാ"
"ഇല്ല നിങ്ങള്‍ വന്നിട്ട് കേറിയാല്‍ മതി എന്ന് കരുതി, എന്തായാലും ഇന്ന് അടിച്ചില്ല, എന്നാലും നിന്റെ ഒക്കെ കൂടെ നടന്നാല്‍ ഒരു മൂഡ്‌ എങ്കിലും ആവുമല്ലോ, ബാ നടക്കു"
അങ്ങനെ ഇവനെയും കൊണ്ട് ഞങ്ങള്‍ പെണ്ണിന്റെ വീട്ടിലേക്കു നീങ്ങി. പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന വഴി ഒരു ചെറിയ തോടും അതിനു കുറുകെ ഒരു തടി പാലവും ഉണ്ട്. പാലത്തില്‍ ഞങ്ങള്‍ കയറി നടുവിലെത്തിയപ്പോള്‍ അപ്പാച്ചി ആ മനോഹരമായ കാഴ്ച കണ്ടു. തോട്ടില്‍ ഒരു വലിയ വരാലും പിന്നെ പാര്‍പ്പും നില്‍ക്കുന്നു. പതിയെ അവന്‍ മുണ്ട് മടക്കി കുത്തി. പിന്നെ ഞങ്ങളെ പാലത്തില്‍ നിന്നും ആംഗ്യം കാണിച്ചു പുറത്തേക്കു ഓടിച്ചു. എന്തോ ചോദിക്കാന്‍ വന്ന കാടനെ കണ്ണും കൈയും കൊണ്ട് തന്തക്കു വിളിച്ചു. അവന്‍ ആംഗ്യം കൊണ്ട് മനസിലായി എന്ന് മറുപടിയും കൊടുത്തു. കാട്ടു ചേമ്പുകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന തോടിന്റെ കരയില്‍ ആണ് വരാല്‍ കുട്ടികളുമായി ഷോപ്പിംഗ്‌ നടത്തുന്നത്. പതിയെ അപ്പച്ചി ശബ്ദം ഒന്നും ഉണ്ടാക്കാതെ വെള്ളത്തില്‍ ഇറങ്ങി. ഞങ്ങളും ഓപ്പറേഷന്‍ വരാല്‍ നോക്കി കണ്ണും തള്ളി നിന്നു. എ മിന്നല്‍ അറ്റാക്ക്‌ ഫ്രം അപ്പാച്ചി. ചേമ്പിന്റെ കാട്, തോട്ടിലെ പുല്ലു എല്ലാം ഉള്‍പ്പെടെ കരയില്‍ ഒരു ചെറിയ മരുത്വാന്‍ മല വന്നു വീണു. അട്ടഹാസത്തോടെ കരയില്‍ ഓടി കയറി വരാലിന്റെ പള്ളക്ക് പൊക്കി പിടിച്ചു കല്യാണ ചെക്കന്‍ വരാലുമായി നിക്കണ കാഴ്ച കണ്ടു ഞങ്ങള്‍ ഞെട്ടി.
ഞാന്‍ ചോദിച്ചു "എന്ത് പരിപാടിയ നീ കാണിച്ചേ, കല്യാണം അല്ലെ നിന്റെ"
അപ്പാച്ചി പറഞ്ഞു "എടാ കുറുപ്പേ ഓര്‍ത്തില്ല ആക്രാന്തം ആയി പോയി, കുറെ നാളായി ഒരു വരാല് പിടിച്ചിട്ട്".
കരക്ക്‌ കേറിയ അവന്‍, അവന്റെ ഒപ്പം എനിക്കെടുത്ത മുണ്ട് അഴിച്ചെടുത്തു. എന്നിട്ട് പറഞ്ഞ ഡയലോഗ് കേട്ട് ഞങ്ങള്‍ എല്ലാം ഞെട്ടി
"എടാ കുറുപ്പേ എന്തായാലും കഷ്ടപ്പെട്ട് പിടിച്ചതല്ലേ, അപ്പുറത്തെ വീട്ടീന്ന് ഒരു കുടം മേടിച്ചു ഇതിനെ അതില്‍ ഇട്ടു വയ്യ്, കല്യാണം കഴിഞ്ഞു പോവുമ്പോള്‍ കൊണ്ട് പോവാം ന്നു"