Monday, October 4, 2010

കളിയല്ല കല്യാണം

പ്രിയപ്പെട്ട എന്റെ ബൂലോകം സുഹൃത്തുക്കളെ,

അങ്ങനെ എനിക്കും ഒരു പെണ്ണ് കിട്ടി, അതിന്റെ തിരക്കുകള്‍ എല്ലാം കാരണം ഞാന്‍ കുറച്ചു നാളായി ഭൂലോകത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എല്ലാം എന്റെ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ്‌ മാസം ഇരുപത്തി രണ്ടിന് ആയിരുന്നു മോതിരം മാറ്റം. എന്നെ സഹിക്കാന്‍ തയ്യാറാകാന്‍ റിസ്ക്‌ എടുത്ത ആ പെണ്‍കുട്ടിയുടെ പേരാണ് ദുര്‍ഗാദേവി. ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ "ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാണ്" എന്ന് പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറിക്കൂടിയ മിടു മിടുക്കി. കാരണം ചോദിച്ചപ്പോള്‍ എന്റെ ബ്ലോഗ്‌ വായിച്ചു എല്ലാ കാര്യങ്ങളും അറിയാമെന്നും അതിനാല്‍ ഇനി മുതല്‍ എല്ലാ നിര്‍ത്തി മോന്‍ നന്നായില്ലേല്‍ മുട്ട് കാലു തല്ലിയൊടിക്കുമെന്നും, അതും പോരാഞ്ഞിട്ട് എന്റെ സ്വന്തം അമ്മയോട്, അവളുടെ അമ്മായി അമ്മയോട് "നിശ്ചയത്തിനു വരുമ്പോള്‍ ഒരു ഉലക്ക കൂടെ കൊണ്ട് വരണം എന്ന് പറഞ്ഞു" മൊത്തത്തില്‍ ഞെട്ടിച്ച മിടുമിടുക്കി.

പേടിച്ചിട്ടൊന്നുമല്ല എങ്കിലും ഞാന്‍ നന്നായി, അതിന്റെ ശ്രമഫലമായി വണ്ണം കുറച്ചു, മദ്യ സേവ അങ്ങട് ഒഴിവാക്കി, എനിക്ക് വയ്യ ഇടി കൊള്ളാന്‍, കാരണം പെണ്‍കുട്ടികളൊക്കെ തലയ്ക്ക് അടിച്ചാല്‍, ഭയങ്കര തലവേദന വരുമെന്ന് തലയോല പറമ്പിലെ തിലോത്തമന്‍ ചിറ്റപ്പന്‍ പറഞ്ഞു.

അടുത്ത മാസം അതായതു നവംബര്‍ ഏഴാം തീയതി പതിനൊന്നു മണിക്കും ഒരു മണിക്കും ഇടക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്ന്, ന്യൂ ഡല്‍ഹിയിലെ, ശ്രീ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, വിശദമായ കല്യാണക്കുറി ദാണ്ടേ താഴെ.ഒരിക്കല്‍ കൂടി നിങ്ങളെ എന്റെ ജീവിതത്തിലെ ഈ സുപ്രധാന മുഹൂര്‍ത്തത്തിലേക്ക് ക്ഷണിച്ചു കൊണ്ട് നന്ദിയോടെ, സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം

രാജീവ്‌ കുറുപ്പ്

Wednesday, March 3, 2010

പൊട്ടന്‍ കുട്ടേട്ടന്‍

ഞങ്ങളുടെ നാട്ടിലെ ഒരു നിറഞ്ഞ സാന്നിധ്യം ആയിരുന്നു പൊട്ടന്‍ കുട്ടേട്ടന്‍. എന്റെ ഇളയ അമ്മാവന്റെ പ്രായം വരും. ഞങ്ങളുടെ ചെറുപ്പത്തില്‍ ഗോലി കളിക്കാനും, തലപന്ത് കളിക്കാനും, മീന്‍ പിടിക്കാനും ഒക്കെ പ്രായം മറന്നു ഞങ്ങളിലെ ഒരു കുട്ടിയായി എന്തിനും സഹകരിക്കുന്ന കുട്ടേട്ടന്‍. ബുദ്ധി മാന്ദ്യം ലേശം ഉള്ളതിനാലും, ഇടയ്ക്കു കോട്ടല്‍ (ഫിറ്റ്സ്) വരുമെന്നതിനാലും അദ്ദേഹത്തെ അധികം ദൂരം ആരും അയക്കാറില്ല. ഒരു വെള്ളമുണ്ട്, കള്ളിയുള്ള അടി വസ്ത്രവും ആണ് വേഷം. ഒരു കാര്യത്തിനും ഷര്‍ട്ട്‌ ഇടില്ല. മൂത്ത ചേട്ടന്റെ കുടുംബത്തിന്റെ ഒപ്പമാണ് താമസം. അദ്ദേഹത്തിന്റെ ചേട്ടന്‍ അപ്പൂപ്പന്റെ കാലം മുതല്‍ക്കേ എന്റെ വീട്ടിലെ സ്ഥിരം പണിക്കാരന്‍ ആയിരുന്നു. അത് കൊണ്ട് കുട്ടേട്ടന്‍ കൂടുതല്‍ സമയവും എന്റെ വീട്ടില്‍ തന്നെ ആയിരുന്നു. രാവിലെ കുളിച്ചു വൃത്തിയായി അദ്ദേഹം വീട്ടില്‍ ഹാജര്‍. പിന്നെ അമ്മ കൊടുക്കുന്ന പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു, ഞങ്ങള്‍ സ്കൂളില്‍ പോകുന്ന വരെയും, അച്ഛന്‍ ജോലിക്ക് ഇറങ്ങാന്‍ പോകുന്ന സമയം വരെ ഒക്കെ വീട്ടില്‍ ഉണ്ടാവും. ചിലപ്പോള്‍ അത്യാവിശ്യത്തിന് അമ്മ കടയില്‍ നിന്നും എന്തെങ്കിലും സാധനങ്ങള്‍ ഞങ്ങള്‍ ഇല്ലെങ്കില്‍ മേടിപ്പിക്കുന്നതും കുട്ടേട്ടനെ കൊണ്ട് തന്നെ ആണ്. വൈകിട്ട് സ്കൂള്‍ വിട്ടു വരുന്നതും കാത്തു കുട്ടേട്ടന്‍ ഉണ്ടാവും. ബാഗ് വീടിന്റെ വാതുക്കല്‍ നിന്നും തന്നെ അമ്മക്ക് എറിഞ്ഞു കൊടുത്തു, വസ്ത്രങ്ങള്‍ ഒന്നും തന്നെ മാറാതെ നേരെ വടക്കുപുറത്തെ വെളിയിലേക്ക്. പിന്നെ കിടിലന്‍ തലപന്ത് കളി ആണ്. (ഇതിനെ കുറിച്ച് ഞാനും കുമാരനും ചേര്‍ന്ന് ആല്‍ത്തറയില്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു) ഒന്നും മുഴുപ്പിക്കാന്‍ പറ്റിയിരുന്നില്ല. അതിനു മുന്‍പ് ഇടി വീഴും. കുട്ടേട്ടന്‍ ഉടക്കി കഴിഞ്ഞാല്‍ പിന്നെ തീര്‍ന്നു. ആദ്യം തള്ളക്കെ വിളിക്കൂ. പിന്നെ തെറിയുടെ പൊടി പൂരം തന്നെ.

ചീവീട് സജീവുമായാണ് എന്നും കുട്ടേട്ടന്റെ വഴക്ക്. "രത്നമ്മക്കുണ്ടായ അമ്മകാല, &*^%" എന്ന് പറഞ്ഞാണ് തെറിയുടെ തുടക്കം. പക്ഷെ ചീവീടും തെറിയുടെ കാര്യത്തില്‍ മോശമല്ലതതിനാല്‍ അവനും തിരിച്ചു പറയും. അതുകൊണ്ട് തന്നെ കുട്ടെട്ടനോട് തെറി യുദ്ധത്തില്‍ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്ന ആള്‍ അവന്‍ മാത്രം ആണ്. തെറി പറഞ്ഞിട്ടും ഒതുങ്ങിയില്ലെങ്കില്‍ കുട്ടേട്ടന്‍ ലാസ്റ്റ് നല്ല മുഴുത്ത കല്ലെടുക്കും . ഒരു ദാക്ഷണ്യവും ഇല്ല, കല്ലെടുക്കുന്ന സമയം കൊണ്ട് എല്ലാം വീട് പിടിക്കും. വട്ടു കേറി കഴിഞ്ഞാല്‍ പിന്നെ എല്ലാത്തിനും കിട്ടും. പക്ഷെ പിറ്റേ ദിവസം വീണ്ടും പഴയപോലെ കൂട്ടാവുമെങ്കിലും വൈകിട്ട് തെറി, കല്ലെറി, അമ്മക്ക് വിളി ഇത്യാദി റിയാലിറ്റി ഷോ ഒക്കെ കുട്ടേട്ടന്റെ വക എന്നും ഉണ്ടാവും. എസ്‌ എം എസ്‌ മാത്രം ഇല്ല, പിന്നെ ജഡ്ജസും.

ഒരാഴ്ച തലപന്ത് കളിച്ചാല്‍ അടുത്ത ആഴ്ച നേരെ വട്ടു കളിയിലേക്ക് മാറും. വട്ടുകളിയില്‍ കുട്ടേട്ടന്‍ പുലി ആയിരുന്നതിനാല്‍ കളി കഴിയുമ്പോള്‍ ഞങ്ങളുടെ വട്ടുകള്‍ കാലി ആവും, പുള്ളിക്കാരന്റെ മടികുത്ത് മലമ്പാമ്പ് കോഴിയെ വിഴുങ്ങിയ ഷേപ്പ് ആയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് നാളെ കളിക്കണം എങ്കില്‍ വട്ടുകള്‍ വാങ്ങാന്‍ കശുവണ്ടി അടിച്ചു മാറ്റിയെ പറ്റൂ, എങ്കിലും അവിടെയും വഴക്കിനു ഒരു കുറവും ഇല്ലാരുന്നു. ഒരിക്കല്‍ കളി കഴിഞ്ഞു കീശയില്‍ വട്ടും നിറച്ച പോകാന്‍ തുടങ്ങിയ കുട്ടേട്ടന്റെ മടികുത്തില്‍ പിടിച്ചു വലിച്ചു, കളി തോറ്റ സങ്കടത്തില്‍ ചീവീട്. വട്ടുകള്‍ നാലുപാടും റോഡില്‍ ചിതറി. ദേഷ്യം വന്ന കുട്ടേട്ടന്‍ അവനെ തല്ലാന്‍ ഒരു പത്തല്‍ ഒടിച്ചെടുത്തു കൊണ്ട് മുന്നോട്ടു ആഞ്ഞു. ചീവീട് കുട്ടേട്ടന്റെ ഭാവം കണ്ടു ഞെട്ടി പോയി. ഞങ്ങള്‍ അപ്പളെ പാതി വഴി കഴിഞ്ഞിരുന്നു. പക്ഷെ പെട്ടന്ന് കുട്ടേട്ടന്‍ വിറച്ചു കൊണ്ട് നിലത്തിരുന്നു. പിന്നെ നിലത്തു കിടന്നു പിടയാന്‍ തുടങ്ങി. വായിലൂടെ നുരയും പതയും. കൈയും കാലുമൊക്കെ ഇട്ടു വിറപ്പിച്ചു, എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു പിടയാന്‍ തുടങ്ങി. അതോടെ ഞങ്ങള്‍ എല്ലാം തിരിച്ചെത്തി. പിന്നെ കൂട്ട കരച്ചില്‍ ആയി. അത് കേട്ട് അയല്‍പക്കത്തെ ആളുകളും, കുട്ടേട്ടന്റെ വീട്ടിലുള്ളവരും ഒക്കെ ഓടിയെത്തി. കുട്ടേട്ടന്റെ ചേട്ടന്‍ ഒരു വലിയ താക്കോല്‍ കൂട്ടം മുറുക്കെ അടച്ചു പിടിച്ചിരുന്ന കൈകള്‍ ബലമായി തുറന്നു പിടിപ്പിച്ചു. കുറച്ചു കഴിഞ്ഞു പിടച്ചില്‍ ശാന്തമായി. നേര്‍ത്ത മൂളല്‍ മാത്രം. പിന്നെ എല്ലാവരും കൂടി താങ്ങി കുട്ടേട്ടനെ വീട്ടിലേക്കു കൊണ്ട് പോയി. അന്നെനിക്ക് വീട്ടില്‍ നിന്നും ഒത്തിരി തല്ലു കിട്ടി. അന്ന് അച്ഛന്‍ തല്ലാന്‍ ഉപയോഗിക്കുന്ന വടി തീപ്പെട്ടി മരത്തിന്റെ പഴുത്ത വടിയാണ്. ഒടിയില്ല ചതഞ്ഞു കിടക്കും, കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ചൂരലിലേക്ക് പ്രൊമോഷന്‍ ആയി.

അങ്ങനെ കാലചക്രം ഇരുന്നും ചരിഞ്ഞും കിടന്നും ഒക്കെ കറങ്ങി കറങ്ങി ഞങ്ങള്‍ ഒക്കെ വളര്‍ന്നു വലുതായി. തലപന്തും വട്ടുകളിയും ഒക്കെ പോയി ക്രിക്കറ്റ്‌ അത് കൈയക്കിയപ്പോള്‍ കുട്ടേട്ടന്‍ കാഴ്ചക്കാരനായി മാറി. ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അറിയില്ല അത് തന്നെ, അത് കാരണം, സ്കോര്‍ മണലിലും മറ്റും എഴുതി അദ്ദേഹം അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിച്ചു പോന്നിരുന്നു. ഒരു ദുര്‍സ്വഭാവങ്ങളും ഇല്ലാ. മദ്യം, സിഗരറ്റ്, പൊടി വലി, എന്തിനു പറയുന്നു ചായ പോലും കുടിക്കില്ല. കോളേജ് തലത്തില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ മദ്യം ഒക്കെ ഞങ്ങള്‍ രഹസ്യമായി സേവിക്കാന്‍ പോവുന്ന കാടായിരുന്നു പോഴുവേലില്‍ കാട്. കാരണം കുട്ടേട്ടന്‍ അറിയാതെ പോയാലെ പറ്റൂ. എങ്ങാനും കണ്ടാല്‍ തീര്‍ന്നു, എല്ലാവരുടെയും വീട്ടില്‍ ചെന്ന് പറയും. വേണേല്‍ വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നു മദ്യ സേവ കാണിച്ചും കൊടുക്കും. അതിനാല്‍ അതീവ സുരക്ഷയ്ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നു.

ഈ കാട് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥരുടെ വീടും ഈ കാടിനോട്‌ ചേര്‍ന്ന് തന്നെ. ഈ വീടിന്റെ പിന്നിലായി വലിയൊരു കുളം. ആ വീട്ടില്‍ സുന്ദരിയായ ഒരു വേലക്കാരി വന്നു എന്ന് കുട്ടേട്ടന്‍ പറഞ്ഞു അറിയാന്‍ കഴിഞ്ഞു. ഒപ്പം അവള്‍ അവിടെയാണ് താമസിക്കുന്നതെന്നും, പതിനൊന്നു മണിക്ക് കുളിക്കാന്‍ മേല്പറഞ്ഞ കുളത്തില്‍ ആണ് വരുന്നതെന്നും ഉള്ള ഇന്‍ഫര്‍മേഷന്‍ കുട്ടേട്ടനോട്‌ ചോദിച്ചു മനസിലാക്കി. അങ്ങനെ പിറ്റേ ദിവസം പത്തരയോടെ ഞാന്‍, അമ്പലക്കാടന്‍, നമ്പോലന്‍, ഇടിതാങ്ങി, ചീവീട്, ഒപ്പം കുട്ടെട്ടനെയും കൂട്ടി കാട്ടിലേക്ക് കയറി. എന്നിട്ട് ഒരു കശുമാവിന്റെ കൊമ്പത്ത് കയറി വ്യൂ ഒക്കെ കറക്റ്റ് ആണ് എന്ന് മനസിലാക്കി കാണാന്‍ പാകത്തില്‍ ഇരിപ്പ് ഉറപ്പിച്ചു. പക്ഷെ പതിനൊന്നു മണി കഴിഞ്ഞിട്ടും ലവള് വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. പതിനൊന്നര ആകാറായി. എല്ലാവരുടെയും ക്ഷമ കെട്ടു. ഞങ്ങള്‍ പതിയെ താഴെ ഇറങ്ങി കുട്ടേട്ടനോട്‌ പറഞ്ഞു, "അവള് വരുമ്പോള്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ കുറച്ചു മാങ്ങാ ഉള്ളില്‍ നിന്നും പറിക്കട്ടെ" എന്ന് പറഞ്ഞു കാടിന്റെ ഉള്ളിലേക്ക് പോയി. കുട്ടേട്ടന്‍ ക്ഷമയോടെ കാത്തിരിന്നു. ഞങ്ങള്‍ നീങ്ങി പത്തു മിനിട്ട് കഴിഞ്ഞു പെണ്ണ് കുളിക്കാനായി കുളത്തിലേക്ക്‌ വന്നതും, അവള്‍ മേല്‍വസ്ത്രം ഊരിയതും പെട്ടന്നായിരുന്നു. വന്നു പറഞ്ഞാല്‍ കുളി കഴിയും എന്നോര്‍ത്താണോ , അതോ പുള്ളിക്ക് റിലേ പോയ കൊണ്ടാണോ എന്തോ, അവിടെ നിന്നും ഒറ്റ അലര്‍ച്ച
"പിള്ളേരെ ഓടിവാ, അവള്‍ മുകളില്‍ നിന്നും അഴിച്ചു ഇപ്പം താഴെ അഴിക്കും" എന്ന്.
അലര്‍ച്ച കേട്ട പെണ്ണ് തുണി എടുത്തു പൊത്തി പിടിച്ചു അലറി കൊണ്ട് വീട്ടിലേക്കു. ഞങ്ങള്‍ പല സംഘങ്ങളായി ഓടിയെങ്കിലും കുട്ടേട്ടന്‍ ഓടാന്‍ അധികം വയ്യാത്തതിനാല്‍ ആ വീട്ടിലെ കാരണവര്‍ കുട്ടേട്ടനെ പിടിച്ചു ചോദ്യം ചെയ്തു. പരിണിത ഫലം എല്ലാവരുടെയും വീട്ടില്‍ അദ്ദേഹം വിത്തിന്‍ സെക്കന്റ്‌സ് അദ്ദേഹം എത്തി കാര്യം അവതരിപ്പിച്ചു. എല്ലാവര്ക്കും രക്ഷിതാക്കളുടെ കൈയ്യില്‍ നിന്നും തല്ലു കിട്ടി എങ്കിലും എനിക്ക് ഇച്ചിരി ക്രൂരമായ ശിക്ഷ ആണ് കിട്ടിയത്.അച്ഛന്‍ പുസ്തകം എല്ലാം കെട്ടി മച്ചിന്റെ മുകളില്‍ ഇട്ടു. "എന്തിനാ പഠിക്കാന്‍ പോണേ" എന്നാ ചോദ്യത്തോടെ. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ ഇരിക്കുന്നതിലും അവര്‍ക്ക് നല്ലത് കോളേജില്‍ തന്നെ പോകുന്നതാണെന്ന് മനസിലായി പുസ്തകം തിരികെ തന്നു.

അങ്ങനെ വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, പലരും ജോലിക്കാരായി. ഞാന്‍ ഡല്‍ഹിയില്‍ വന്നു, കുറച്ചു പേര്‍ ബാംഗ്ലൂര്‍, ഗള്‍ഫ്‌, ചിലവര്‍ നാട്ടില്‍ ഒക്കെ ആയി അവരവരുടെ ജീവിതം തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ ആര് ലീവിന് വന്നാലും കുട്ടേട്ടന് എന്തേലും കൊടുക്കും. ഞങ്ങള്‍ ആര് വന്നാലും വീട്ടില്‍ വരുന്ന ദിവസം അദ്ദേഹവും ഉണ്ടാവും, പ്രായത്തിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടാവണം. നല്ല ക്ഷീണം തോന്നിയിരുന്നു അദ്ദേഹത്തെ കണ്ടപ്പോളും. ആ സമയത്ത് നാട്ടില്‍ ചെറുപ്പക്കാര് പിള്ളേര് ചുണ്ടിനടിയില്‍ വയ്ക്കുന്ന ചൈനി ഖൈനി, ശംഭു (എല്ലാം പുകയില) ഒക്കെ അമിതമായി ഉപയോഗിക്കുന്ന കാലം. (ഞാന്‍ ഇത് ഉപയോഗിക്കില്ല, ഡല്‍ഹിയില്‍ അതില്ല, അതിനാല്‍ കുബേറിന്റെ ആളാണ് നുമ്മ).

ചിരിക്കുടുക്ക ക്ലബ്ബിന്റെ നേതൃത്തത്തില്‍ കുറച്ചു വലിയ ആള്‍ക്കാര്‍ ഇതിന്റെ ദൂഷ്യഫലം ഉണ്ടാക്കാവുന്ന വിപത്തിനെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനം എടുത്തു. ആ തീരുമാനം ഇതായിരുന്നു, ആര് ഇത് വച്ചാലും അന്നേരം തന്നെ അത് പിടിച്ചു മേടിച്ചു കത്തിച്ചു കളയുക. കൂട്ടത്തില്‍ രണ്ടു പെടയും കൊടുക്കാം. സ്ത്രീജനങ്ങളും ഇക്കാര്യത്തില്‍ മുന്നിട്ടു ഇറങ്ങി. അതിനു മുന്‍പ് വരെ റോഡിലും ഏതു വീടിന്റെ മുറ്റത്തും, പറമ്പിലും, റോഡിലും എല്ലാം ഹാന്‍സ്, ശംഭു വര്‍ണ്ണ കവറുകള്‍ മാത്രം ആയിരുന്നു. പോക്കെറ്റില്‍ കൊണ്ട് നടന്നാല്‍ പിടി വീഴും എന്നറിഞ്ഞപ്പോള്‍ ചില വിദ്വാന്മാര്‍ ചെറിയ തൈതെങ്ങിന്റെ കടയിലും, വീടിന്റെ കഴുക്കോലിലും, തൊഴുത്തിലും, വേലിയുടെ ഇടയിലും, ഒക്കെ പാത്തു വച്ച് ഉപയോഗിച്ചു. ആരെങ്കിലും കണ്ണ് കൊണ്ട് സാധനം ചോദിച്ചാല്‍ "രാജീവിന്റെ വീടിന്റെ തെക്കുപുറത്തെ തൈതെങ്ങ് നോക്ക് മച്ചൂ" എന്നാവും മറുപടി. പക്ഷെ കാരണവന്മാര്‍ അതും കൂടി കണ്ടു പിടിച്ചതോടെ ഏകദേശം ഇതിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഇത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന ശ്രീധരേട്ടന്‍ കട പൂട്ടി കാശിക്കു പോയി.

ആ സമയത്താണ് ഞാന്‍ ലീവിന് നാട്ടില്‍ വരുന്നത്, അന്നേരം ഈ നിയമം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയം, വീട്ടിലേക്കു ഒന്നും വാങ്ങിച്ചില്ലെങ്കിലും പെട്ടിയില്‍ മാലപോലെ കുബെര്‍ കവറുകള്‍ ഉണ്ടാവും. അന്നേരമാണ് അറിഞ്ഞത് കുട്ടേട്ടന് തൊണ്ടയില്‍ കാന്‍സര്‍ ആയെന്നും, സീരിയസ് ആണ്, ഏതു സമയവും എന്തും സംഭവിക്കാം എന്ന്. ആശുപത്രിയില്‍ പോകാന്‍ തയ്യാറെടുത്ത ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തി. കുട്ടേട്ടന്‍ ഈ ലോകം വിട്ടു പോയെന്നു. വൈകുന്നേരത്തോടെ മരണത്തിന്റെ മണി മുഴക്കി ആംബുലന്‍സ് കുട്ടേട്ടന്റെ വീട്ടു മുറ്റത്ത്‌ എത്തി. കൂട്ടകരച്ചില്‍ മുഴങ്ങി. ശരീരം എന്ന് പറയാന്‍ പറ്റില്ല ഒരു എല്ലിന്കൂട്. കുട്ടേട്ടന്‍ തന്നെയോ അത് എന്ന് എനിക്ക് തോന്നി പോയി. അകത്തു വിരിച്ച വാഴയിലയില്‍ തലക്കല്‍ കത്തിച്ച നിലവിളക്കില്‍ പ്രഭയില്‍ കുട്ടേട്ടന്‍ ഒന്നും അറിയാതെ ഉറങ്ങുന്നു. പിന്നെ വിറകും എല്ലാം വെട്ടാനും മറ്റും ഞങ്ങള്‍ സജീവമായി. കുട്ടേട്ടന്റെ മൃതദേഹം ചിതയില്‍ കത്തി അമരുമ്പോള്‍ അമ്പലക്കാടന്‍ എവിടെയോ ഒളിപ്പിച്ച വച്ച ഹന്‍സിന്റെ പാക്കറ്റ് പൊട്ടിച്ചു പരസ്യമായി തിരുമ്മി കൊണ്ടിരുന്നപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. കണ്ണീരോടെ ചുണ്ടിനടിയിലേക്ക് അത് തിരുകി കേറ്റുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞത് "ഒന്നും ഉപയോഗിക്കാത്ത പാവം കുട്ടേട്ടന് ദൈവം ഈ വിധിയല്ലേ അണ്ണാ കൊടുത്തത്, എന്നാല്‍ പിന്നെ ഇത് വച്ചിട്ട് എന്ത് വേണേലും വരട്ടെ എന്ന്" . ആരും ഒന്നും മിണ്ടിയില്ല.

പഴയപോലെ കലവൂര്‍ ഗ്രാമത്തിലെ പാടത്തും പറമ്പിലും, മുറ്റത്തും റോഡിലും ഹാന്‍സ്, ശംഭു കവറുകള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, കാശിക്കു പോയ ശ്രീധരേട്ടന്‍ തിരിച്ചെത്തി കട തുറന്നു വീണ്ടും സജീവമായി.

Monday, February 1, 2010

ബൂലോകത്തെ ബാലപാഠങ്ങള്‍

ഒരു മുഖവുര പറഞ്ഞോട്ടേ, ഈ ഒരു പോസ്റ്റ് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചുള്ളതല്ല.ഒരു പക്ഷേ ചിലര്‍ക്കൊക്കെ തോന്നാം, 'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്'. അല്ല സുഹൃത്തേ, ഇത് നിങ്ങളെ ഉദ്ദേശിച്ചല്ല, നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല, നിങ്ങളെ തന്നെ ഉദ്ദേശിച്ചല്ല. ഇത് ബൂലോകമെന്ന സാഗരത്തില്‍ പിച്ച വച്ച് നടക്കുന്ന പിഞ്ച് കുഞ്ഞുങ്ങളെ ഉദ്ദേശിച്ചാണ്.അതിനാല്‍ തന്നെ ഇത് ബാലപാഠങ്ങളാണ്, ബൂലോകത്തെ ബാലപാഠങ്ങള്‍.

ഇന്‍റര്‍നെറ്റിലുള്ള സാമാന്യ പരിജ്ഞാനവും, മലയാളം ടൈപ്പ് ചെയ്യാനുള്ള വിവരവും, കുറച്ച് ഫ്രീ ടൈമും ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗ് തുടങ്ങാം.ബ്ലോഗിനൊരു പേരും ബ്ലോഗര്‍ നാമവും കൈയ്യില്‍ കിട്ടിയാല്‍ പാതി ജോലി കഴിഞ്ഞു.അടുത്ത പടി ബ്ലോഗ് ഹിറ്റാക്കണം.അതിനു രണ്ട് വഴികളുണ്ട്.അനോണിക്ക് ഒരു വഴി, സനോണിക്ക് വേറൊരു വഴി, അവ ഇതാണ്..

നിങ്ങളൊരു അനോണി ആയി ആണ്‌ ബ്ലോഗെഴുതുന്നതെങ്കില്‍ സംഗതി സംപിള്‍.ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ, ഒരു കൊച്ച് വിവാദത്തിലൂടെ നിങ്ങക്ക് പ്രസിദ്ധനാകാം. അതായത്, മഹോധരന്‍ എന്നൊരു ബ്ലോഗര്‍ ഉണ്ടെന്ന് കരുതുക.അതിയാന്‍ നല്ല രീതിയില്‍ തമാശ എഴുതുന്ന ബ്ലോഗറാണെന്ന് സങ്കല്‍പ്പിക്കുക.നമ്മള്‍ ഇദ്ദേഹത്തെ പറ്റി രണ്ട് വരി നമ്മുടെ ബ്ലോഗില്‍ എഴുതുക..
"മഹോധരന്‍ അലമ്പനാണ്, ആഭാസനാണ്, ആക്രാന്ദനാണ്.കുഞ്ചന്‍ നമ്പ്യാരുടെയും സജ്ഞയന്‍റെയും കൃതികളുമായി തട്ടിച്ച് നോക്കിയാല്‍ ഇവന്‍ എഴുതുന്നതെല്ലാം വെറും വളിപ്പുകളാണ്"
ഇതിന്‍റെ കൂടെ ഒരു തലക്കെട്ടും : "മഹോധരന്‍റെ തോന്ന്യാസങ്ങള്‍"
ഇനി ഇതൊന്ന് അഗ്രിഗേറ്ററില്‍ ഇട്ട് നോക്കു, നിങ്ങടെ ബ്ലോഗ് ഹിറ്റ്.
ഇനി ഇതിനു മഹോധരന്‍ പ്രതികരിച്ചു എന്ന് കരുതുക, നിങ്ങടെ ബ്ലോഗ് സൂപ്പര്‍ഹിറ്റ്!

എന്നാല്‍ സനോണി ആണെങ്കില്‍ കാര്യങ്ങളുടെ നീക്ക് പോക്ക് അത്ര എളുപ്പമല്ല.അതിനു ആദ്യമായി നിങ്ങള്‍ അത്യാവശ്യം നല്ലൊരു പോസ്റ്റ് എഴുതി അഗ്രിഗേറ്ററില്‍ ഇടുക. ഇതോട് കൂടി നിങ്ങടെ ബ്ലോഗ് ഹിറ്റാവുമോ?
ഇല്ല.
അപ്പോള്‍ സെല്‍ഫ് മാര്‍ക്കറ്റിംഗാണ്‌ ഏറ്റവും നല്ലത്. അതായത്, ഓര്‍ക്കൂട്ട്, ജീമെയില്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗിന്‍റെ ലിങ്ക് മാക്സിമം പേരില്‍ എത്തിക്കുക.എന്നിട്ടും ഗുണമൊന്നും കാണുന്നില്ലെങ്കില്‍ വേറെ ആരുടെയെങ്കിലും ബ്ലോഗില്‍ കയറി അവരുടെ ലാസ്റ്റ് പോസ്റ്റില്‍ 'സൂപ്പര്‍', 'കിടിലന്‍' ഇമ്മാതിരി കമന്‍റുകള്‍ ഇടുക. ഇവിടെ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്..
ലാസ്റ്റ് പോസ്റ്റിന്‍റെ ഹെഡിംഗ് ഒന്ന് നോക്കിയാല്‍ നന്നായിരിക്കും, കാരണം ആരെങ്കിലും ചത്തതിനു ആദരാഞ്ജലി എഴുതിയ പോസ്റ്റില്‍ കേറി 'സൂപ്പര്‍' എന്ന് കമന്‍റ്‌ ഇട്ടാല്‍ അവര്‍ തിരികെ തന്തക്ക് വിളിക്കും.ഞാന്‍ ഇങ്ങനെ പേടിപ്പിച്ചു എന്ന് കരുതി ആദരാഞ്ജലി പോസ്റ്റില്‍ കമന്‍റ്‌ ഇടാതെ ഇരിക്കരുത്.ഇത്തരം പോസ്റ്റുകളുടെ കമന്‍റ്‌ ബോക്സില്‍ മിനിമം അഞ്ച് പേരെങ്കിലും ആദരാഞ്ജലി പറഞ്ഞിരിക്കും, അതില്‍ ഏതെങ്കിലും ഒന്ന് കോപ്പി പേസ്റ്റ് ചെയ്താല്‍ കാര്യം ഓവര്‍!

ഇനിയാണ്‌ നമ്മളിലെ സി.ഐ.ഡി വര്‍ക്ക് ചെയ്യേണ്ടത്..
നാട്ടില്‍ കുറികല്യാണം എന്നൊരു പരിപാടിയുണ്ട്, അതായത് നമ്മള്‍ ആരുടെയെങ്കിലും വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്‌ രൂപ സംഭാവന കൊടുത്താല്‍, നമ്മുടെ വീട്ടിലെ കല്യാണത്തിനു ഇരുന്നൂറ്റി ഒന്ന് രൂപ തിരികെ കിട്ടും, അല്ല കിട്ടണം. ബൂലോകത്തെ കമന്‍റും ഏകദേശം ഇപ്രകാരമാ.അതായത് നമ്മള്‍ ആര്‍ക്കൊക്കെയാണോ കമന്‍റ്‌ ഇട്ടത്, അവര്‍ നമ്മുടെ പോസ്റ്റിനു കമന്‍റ്‌ ഇടും, അല്ല ഇടണം.ഇരുന്നൂറിനു, ഇരുന്നൂറ്റി ഒന്ന് എന്ന പോലെ സൂപ്പറിനു ഡൂപ്പര്‍, കിടിലത്തിനു കിടിലോല്‍ കിടിലം, ഇങ്ങനെ ഒരു ലൈന്‍.
ഇനി നമ്മള്‍ കമന്‍റ്‌ ഇട്ട ഒരുത്തന്‍ തിരികെ നല്‍കിയില്ലെന്ന് നമ്മളിലെ സി.ഐ.ഡി മനസിലാക്കിയാല്‍ വിഷമിക്കരുത്, അവനു ഒരു ചാന്‍സ് കൂടി കൊടുക്കുക.അതായത് അവന്‍റെ അടുത്ത പോസ്റ്റില്‍ പോയി ഒരു കമന്‍റ്‌ കൂടി കമന്‍റുക..
'ഭാവനാപൂര്‍ണ്ണവും ചിരിയുടെ ചിന്തകളെ ഉദ്ദീപിക്കുന്നതുമായ വരികള്‍'
അതോട് കൂടി ടിയാന്‍ ഫ്ലാറ്റ്, അവന്‍ ഓടി വന്ന് നമുക്ക് കമന്‍റും..
'സുഹൃത്തേ, ഇത് ഞാന്‍ നേരത്തെ വായിച്ചിരുന്നു.ചിരിച്ച് ചിരിച്ച് വയറുളുക്കി ആശുപത്രിയില്‍ ആയിരുന്നു, അതാ കമന്‍റിടാന്‍ വൈകിയത്'
ചില പരമ നാറികളുണ്ട്, നമ്മള്‍ എത്ര കമന്‍റിയാലും തിരിച്ച് കമന്‍റില്ല.അവനോടൊന്നും ഒരു ദാക്ഷണ്യവും വേണ്ടാ, നേരെ അനോണിയായി ചെന്ന് പ്രതികരിക്കുക, അതും മാന്യമായി..
'താങ്കളുടെ പോസ്റ്റുകള്‍ ഒരു നിലവാരമില്ലാത്ത താണ്, ദയവായി എഴുത്ത് നിര്‍ത്തി കൂടെ'
അതോടെ അവന്‍റെ രചനാ വൈഭവം തീരും.

ക്രമേണ നമ്മള്‍ വളരും, നമ്മളെ കുറിച്ച് നാല്‌ പേരറിയും, അറിയപ്പെടുന്ന അമ്പത് ബ്ലോഗേഴ്സില്‍ നമ്മളും ഒരാളാവും.ഇനിയാണ്‌ അടുത്ത കടമ്പ..
ഫോളോവേഴ്സ്സ്!
ഈ വാക്കിനര്‍ത്ഥം അനുയായികള്‍ എന്നാകുന്നു.ഒരു മലയാളിയും മറ്റൊരു മലയാളിയുടെ അനുയായി ആകാന്‍ ആഗ്രഹിക്കില്ല, അതൊരു ബേസിക്ക് നേച്ചറാണ്.അപ്പോള്‍ ആദ്യം നമ്മള്‍ ഫോളോവേഴ്സ് എന്ന പേര്‌ മാറ്റണം, പകരം ഗുരുക്കന്‍മാര്‍, സുഹൃത്തുക്കള്‍, സ്നേഹിതര്‍ എന്നിവയൊക്കെ പരീക്ഷിക്കാം.
ഇനി എങ്ങനെ ഫോളോവേഴ്സിനെ കൂട്ടാം?
ഒന്ന്, നമ്മള്‍ തന്നെ ഫോളോവര്‍ ആകുക!
രണ്ട്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ നിര്‍ബന്ധിച്ച് ഫോളോവര്‍ ആക്കുക!
മൂന്ന്, നമ്മള്‍ ആരുടെയെങ്കിലും ഫോളോവര്‍ ആകുക, ഒരു മര്യാദക്ക് അവര്‍ തിരിച്ച് ആകും.ഇനി അഞ്ച് ദിവസത്തിനകം ആയില്ലെങ്കില്‍, നമ്മള്‍ ഫോളോവര്‍ ആയത് ക്യാന്‍സല്‍ ചെയ്യുക!
ഇത് കൂടാതെ വേറെ എന്ത് വഴി?
ഒരു വഴിയുമില്ല മക്കളെ, നല്ല രീതിയില്‍ എഴുതാന്‍ ശ്രമിക്കുക.നമ്മുടെ കൃതികള്‍ ഇഷ്ടമായാല്‍ സ്വന്തം രീതിയില്‍ കുറേ പേര്‍ സുഹൃത്തുക്കളാകും, അത് തന്നെ വലിയ കാര്യം.

മേല്‍ പറഞ്ഞതെല്ലാം ബേസിക്ക് കോഴ്സുകളാ, ഇനി അഡ്വാന്‍സ് കോഴ്സുകള്‍.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഗ്രൂപ്പിസം!
നമ്മള്‍ ബൂലോകത്ത് അറിയപ്പെട്ട് തുടങ്ങിയാല്‍ കുറേ സുഹൃത്തുക്കളെ കൂട്ടി ഒരു കോക്കസ്സ് ഉണ്ടാക്കുക.സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലെ വേണേല്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗും ഉണ്ടാക്കാം! തുടര്‍ന്ന് സുഹൃത്തുക്കളുടെ പേഴ്സണല്‍ രഹസ്യങ്ങള്‍ പരമാവധി മനസിലാക്കുക.ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, നമ്മളെ പറ്റി ഒന്നും വിട്ട് പറയരുത്.ഇത് കൊണ്ട് ഒരു ഗുണമുണ്ട്, നാളെ ഒരു കാലത്ത് ഈ സുഹൃത്തിനു നമ്മളെ വിട്ട് പോണമെന്ന് തോന്നിയാലും ഒന്ന് മടിക്കും. കാരണം രഹസ്യങ്ങള്‍ നമ്മോടൊപ്പമാണ്!
ഇനി ഗ്രൂപ്പില്‍ കുറേ നിയമങ്ങള്‍..
1. എല്ലാവരും പരസ്പരം ഫോളോവേഴ്സ് ആകുക.
2. ഒരുത്തന്‍ എഴുതുന്ന എന്ത് ചവറും സൂപ്പര്‍ ആണെന്ന് പറയുക.
3. ആരെങ്കിലും കൊള്ളരുത് എന്ന് പറഞ്ഞാല്‍ അവനെ പരമാവധി നാറ്റിക്കുക.
4. വേണേല്‍ ഓണത്തിനും സംക്രാന്ദിക്കും ഗ്രൂപ്പ് ബ്ലോഗില്‍ പരിപാടികള്‍ നടത്തുക.
ഇപ്പോ നിങ്ങളൊരു പ്രസ്ഥാനമായി.

മേല്‍ സൂചിപ്പിച്ചത് ബൂലോകത്തെ കുറുക്ക് വഴികളാണ്.ഇതിനു മറ്റൊരു വശമുണ്ട്, വര്‍ഷങ്ങളോളം ബൂലോകത്ത് കഥകളെഴുതി, ആ പോസ്റ്റുകള്‍ വായനക്കാരെ രസിപ്പിച്ച്, അങ്ങനെ ഒരുപാട് സുഹൃത്തുക്കള്‍ ഫോളോവേഴ്സായി, പതിയെ പതിയെ ബൂലോകത്ത് അറിയപ്പെടുക!!
കുറുക്ക് വഴി പെട്ടന്ന് ഫെയ്മസ്സ് ആക്കുമെങ്കില്‍, ഈ വഴി ആഴത്തില്‍ ഫെയ്മസ്സ് ആക്കും. എന്നാല്‍ ഇവിടെയുമുണ്ട് പ്രശ്നങ്ങള്‍..
ഈ പ്രശ്നങ്ങള്‍ സുഖമുള്ളവയാണ്, കാരണം നമ്മളോടുള്ള അമിത സ്നേഹമാണ്‌ ഇതിനു ഹേതു എന്നത് തന്നെ..

ഉദാഹരണത്തിനു നമ്മള്‍ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് ഒരു പോസ്റ്റ് എഴുതി എന്ന് കരുതുക, ഉടന്‍ കമന്‍റ്‌ വരും, 'അണ്ണാ സൂപ്പര്‍ സാമ്പത്തിക മാന്ദ്യം'
നമ്മള്‍ വീണ്ടും ഈ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് എഴുതിയാലോ?
'അണ്ണാ നേരത്തത്തെ മാന്ദ്യം വച്ച് നോക്കിയാല്‍ ഈ മാന്ദ്യം പോരാ, എന്നാലും സൂപ്പര്‍'
ഒരിക്കല്‍ കൂടി നമ്മള്‍ ഇതേ വിഷയം എഴുതിയാലോ..
'എന്തിരടേ, പിന്നേം മാന്ദ്യം, ഒന്ന് വിട്ട് പിടി മാഷേ'
ഓര്‍ക്കുക..
ഇവരുടെ ഈ പെരുമാറ്റം നമ്മളോടുള്ള ദേഷ്യമോ, നമ്മള്‍ എഴുതിയത് ആസ്വദിക്കാനിട്ടോ അല്ല.പിന്നെയോ.. ഒന്നുങ്കില്‍ സാമ്പത്തികമാന്ദ്യത്തോടുള്ള വെറുപ്പ്, അല്ലെങ്കില്‍ നമ്മളില്‍ നിന്നും അവര്‍ വെറൈറ്റി പ്രതീക്ഷിക്കുന്നു.എന്നാല്‍ ഈ സുഹൃത്തുക്കള്‍ ഒരിക്കലും അറിയുന്നില്ല സാമ്പത്തികമാന്ദ്യത്തോടുള്ള ഇഷ്ടകൂടുതല്‍ കൊണ്ടല്ല, ആശയമാന്ദ്യം മൂലമുള്ള കഷ്ടകൂടുതല്‍ കാരണമാണ്‌ നമ്മള്‍ വീണ്ടും ഇത് എഴുതുന്നതെന്ന്.

പണ്ട് എന്‍റെ ഒരു സാറ്‌, നന്നായി അരയന്നത്തെ വരക്കുമായിരുന്നു.പറക്കുന്ന, ചിരിക്കുന്ന, നീന്തുന്ന, അരയന്നങ്ങളുടെ വിവിധ പോസുകള്‍.
"സാറേ ഈ അരയന്നം സൂപ്പര്‍"
സാറിനങ്ങ് സന്തോഷമായി, അങ്ങേര്‌ വീണ്ടും വരച്ചു..
"സാറേ ഈ അരയന്നം നേരത്തത്തെ അരയന്നത്തിന്‍റെ അത്ര പോരാ"
സാറിന്‍റെ മുഖമൊന്ന് വാടി, അത് കണ്ട് സാറിനു വിഷമമായല്ലോന്ന് കരുതി ഞാന്‍ പറഞ്ഞു: "എന്നാലും സൂപ്പറാ"
ദേ, സാറിനു വീണ്ടും സന്തോഷം.
പഹയന്‍ വീണ്ടും വരച്ചു, അതും അരയന്നം..
എനിക്ക് അമര്‍ഷം അടക്കാന്‍ പറ്റിയില്ല, അറിയാതെ ചോദിച്ചു പോയി:
"എന്തോന്നാ സാറേ ഇത്, എപ്പോഴും അരയന്നം!ഒരു കോഴിയെ വരച്ച് കൂടെ?"
സാറ്‌ വിഷമത്തോടെ ബ്രഷ് എന്‍റെ കൈയ്യില്‍ തന്നു, എന്നിട്ട് പറഞ്ഞു:
"മോനൊരു കോഴിയെ വരച്ചേ?"
"അയ്യോ, എനിക്ക് കോഴിയെ വരക്കാനറിയില്ല"
"എന്നാ മോനൊരു അരയന്നത്തെ വരച്ചേ?"
"അയ്യോ, എന്നെ കൊണ്ട് അതും പറ്റില്ല"
"പിന്നെ നിന്നെ കൊണ്ട് എന്നാ പറ്റും?"
"വെറുതെ കുറ്റം പറയാം"
അത് കേട്ടതും സാറ്‌ എനിക്കായി എന്ന് പറഞ്ഞൊരു കോഴിയെ വരച്ചു.കണ്ട എന്‍റെ കുഴപ്പമാണോ അതോ വരച്ച സാറിന്‍റെ കുഴപ്പമാണോന്ന് അറിയില്ല, പൂര്‍ത്തി ആയപ്പോള്‍ അതും അരയന്നം.തുടര്‍ന്ന് അദ്ദേഹം എന്നോട് ചോദിച്ചു:
"എങ്ങനുണ്ട്?"
സാറ്‌ വരച്ചത് കോഴിയെ, പക്ഷേ കണ്ടാല്‍ അരയന്നം. ഞാന്‍ എന്ത് പറയാന്‍?
ഒടുവില്‍ പറഞ്ഞു:
"സൂപ്പര്‍ കോഴി"
വര്‍ഷങ്ങള്‍ കഴിഞ്ഞു.
എന്നിട്ടും ചരിത്രം ആവര്‍ത്തിക്കുന്നു..

Wednesday, January 20, 2010

ബ്രേക്ക്‌ഫാസ്റ്റ് @ സന്നിധാനം

വീണ്ടും ഒരു മണ്ഡലകാലം കൂടി പിറന്നു, എല്ലാവരെയും അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, പഴയ ഒരു ശബരിമല ദര്‍ശനവുമായി ബന്ധപെട്ട കഥ ഒന്ന് കൂടി പോസ്റ്റുന്നു.
*****************************************************************************
അങ്ങനെ മറ്റൊരു മണ്ഡലകാലം കൂടി കഴിഞ്ഞു, എല്ലാ വര്‍ഷവും മലക്ക് പോകണം എന്ന് വിചാരിക്കുമെങ്കിലും പലപ്പോഴും ജോലിത്തിരക്ക്, ലീവിന്റെ പ്രശ്നങ്ങള്‍ എന്നിവ മൂലം നടക്കില്ല, എങ്കിലും പരമാവധി അയ്യപ്പനെ കാണാന്‍ പോകാന്‍ ശ്രമിക്കാറുണ്ട്, അങ്ങനെ മൊത്തം അയ്യപ്പനെ കണ്ടത് അഞ്ചോ ആറോ തവണ, കഴിഞ്ഞ മാസം ഡിസംബറില്‍ പോയതും കൂട്ടി. ആദ്യം അച്ഛന്റെ കൈയും പിടിച്ചു പോയതായിരുന്നു ഓര്‍മ്മ. അച്ഛന്‍, അമ്മാവന്മാര്‍, കൊച്ചച്ചന്‍, അങ്ങനെ ഒരു ഫുള്‍ ടീമിന്റെ കൂടെ കുഞ്ഞായി ഞാനും. ചെറുപ്പത്തിലെ തന്നെ കൂട്ട് പിരിഞ്ഞു പോകുന്ന റ്റെന്‍ടെന്‍സി ഉള്ളത് കാരണം എന്റെ അമ്മക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു.

കാരണം ഒരിക്കല്‍ പളനിക്ക് പോയി ഞാന്‍ കൂളായി കൂട്ട് പിരിഞ്ഞു പോയി, അമ്മയുടെ കൈ പിടിച്ചു നടന്ന ഞാന്‍ കുറച്ചു കഴിഞ്ഞു വേറൊരു മൂക്കുത്തി ഇട്ട അമ്മയുടെ കൈ പടിച്ചു മുടിഞ്ഞ നടപ്പ്, കൂടുതല്‍ ഒന്നും ചിന്തിച്ചില്ല, കണ്ണും പൂട്ടി അമ്മേടെ പേര് വിളിച്ചു ഒറ്റ അലറല്‍, "എന്റെ അമ്മേ ജഗദമ്മേ" അന്നേരം കൊണ്ട് എന്റെ അമ്മേടെ അലമുറ റിപ്ല്യ്‌ ആയി തിരിച്ചു വന്നു. "എന്റെ കുഞ്ഞിനെ ആരും കൊണ്ട് പോകല്ലേ" എന്ന് പറഞ്ഞതും പിന്നെ അവ്വൈ ഷണ്മുഖിയില്‍ കമലഹാസന്‍ പോലും മാറി നിക്കുന്ന രീതിയില്‍ ചാടി പറന്നു വന്നു എന്റെ റാഞ്ചിഎടുത്തു, മറ്റേ അമ്മച്ചിയുടെ അമ്മയ്ക്കും വിളിച്ചു പഴയ സ്പോട്ടില്‍ എത്തിയിട്ട് എന്നെ താഴെ നിര്‍ത്തിയിട്ടു മോന്തക്ക് അഞ്ചാറ് കുത്ത്, എന്നിട്ട് ഒരു ഡയലോഗ്
"കൂട്ട് പിരിഞ്ഞു പോയിട്ട് കരയുന്നോട വര്‍ക്കത്ത് കെട്ട നരകം, അതും തള്ളേടെ പേര് വിളിച്ച്".
നോട്ട് ദി പോയിന്റ്‌, അപ്പോള്‍ കരഞ്ഞ നമ്മള്‍ ആരായി.

അത് കൊണ്ട് തന്നെ ആദ്യമായി മലക്ക് പോകുമ്പോള്‍ അമ്മ തന്ന ഉപദേശം
"അച്ഛന്റെ കൂടെ നടന്നോണം, മലക്കാണ് പോണത്, അവിടെ സിംഹവും, പുലിയും ഒക്കെ ഉള്ള കൊടും കാടാണ്, മക്കള് കൂട്ട് പിരിഞ്ഞു പോകല്ലേ"
ആ ഉപദേശം ഞാന്‍ ശിരസാ വഹിച്ചു. അച്ഛന്റെ മുണ്ടിന്റെ തുമ്പില്‍ പിടിച്ച പിടുത്തം വീട്ടില്‍ നിന്നും പോയി ശബരിമലയില്‍ ചെന്ന് തൊഴുതു തിരിച്ചെത്തി വീട്ടില്‍ വന്നു മാല ഊരുന്ന വരെ തുടര്‍ന്നു. ഇടയ്ക്കു വഴിയില്‍ വച്ച അഴിഞ്ഞ മുണ്ട് കുത്താന്‍ പോയിട്ട് മൂത്രം ഒഴിക്കാന്‍ പോലും അച്ഛനെ വിട്ടില്ല, മുണ്ട് തന്നിട്ട് വേണേല്‍ എവിടെ വേണേലും പൊയ്ക്കോ എന്നാ ലൈന്‍ ആയിരുന്നു നമ്മടെ, പാവം അച്ഛന്‍ അമ്മയെ ഉറപ്പായിട്ടും പ്രാകി കാണും, അങ്ങനത്തെ ഒരു ഉപദേശവും അനുസരിക്കാന്‍ മകനും, എന്റെ ഇത്തിരി പോന്ന ഇരുമുടികെട്ടു പോയാലും അച്ഛന്റെ മുണ്ടും കൊണ്ടേ പോകൂ എന്ന വാശി എനിക്കും.

എങ്കിലും ഞാന്‍ തളരുമ്പോള്‍ തോളില്‍ എടുത്തു നടക്കുകയും, ചുക്കുകാപ്പി വാങ്ങിച്ചു ഊതി കുടിപ്പിക്കുകയും, സന്നിധാനത്ത് എത്തുമ്പോള്‍ അച്ഛന്റെ തോളില്‍ മയങ്ങിയപ്പോള്‍ പതിനെട്ടാം പടിക്ക് താഴെ എത്തുമ്പോള്‍ കുലുക്കി വിളിച്ച് "ഉറങ്ങല്ലേ, അയ്യപ്പനെ കാണാറായി, ശരണം ഉറക്കെ വിളിച്ചോണം ട്ടാ" എന്നൊക്കെ പറഞ്ഞതും എല്ലാം, കഴിഞ്ഞ തവണ മലക്ക് പോയപ്പോള്‍ ഓരോ ചുവടിലും ഓര്‍ത്തു പോയി. ഓരോ ശരണം വിളിയിലും ആ കുട്ടി ആയിരുന്നാല്‍ മതിയായിരുന്നു എന്നോര്‍ത്തു. ഇന്നു അച്ഛനല്ല കുടുംബക്കാര് മുഴുവന്‍ വിചാരിച്ചാലും എന്നെ തോളില്‍ കേറ്റാന്‍ പോയിട്ട് കെട്ടി പിടിക്കാന്‍ പോലും പറ്റുകേല. അമ്മാതിരി വെയിറ്റ് അല്ലെ അണ്ണാ.

അപ്പോള്‍ പറഞ്ഞു വന്നത്, കഴിഞ്ഞ ഡിസംബറില്‍ മലക്ക് പോയ ഒരു സംഭവം ആണ്. ഒരു വിധത്തില്‍ ലീവ് ഒക്കെ ഒപ്പിച്ചു മണ്ഡലക്കാലം തുടങ്ങിയപ്പോള്‍ തന്നെ അതി ശക്തമായി വൃതം തുടങ്ങി. പല സ്ഥലങ്ങളിലും ജോലി ചെയ്യുന്ന കൂട്ടുകാര്‍ എല്ലാം ഒത്തു കൂടി നാട്ടിലെത്തി ഒരു ബസ്‌ ഒക്കെ ബുക്ക്‌ ചെയ്താണ് പോക്ക്. തൊട്ടടുത്ത സര്‍പ്പ കാവില്‍ നിന്നും കെട്ടു നിറച്ചു ആണ് ഞങ്ങള്‍ പത്തു ഇരുപത്തി നാല് പേരോളം അടങ്ങുന്ന സംഘത്തിന്റെ യാത്ര. ഇതില്‍ കുറച്ചു പേര്‍ അമ്പലത്തില്‍ നിന്നും കെട്ടു നിറയ്ക്കും, ചിലര്‍ വീട്ടില്‍ നിന്നും, ഞാനും അനിയനും അടങ്ങുന്ന മറ്റൊരു ഗ്രൂപ്പ്‌ ആണ്, സര്‍പ്പകാവിലെ കെട്ടു നിറച്ചു പോകുന്നത്. ഏറ്റവും രസം എന്നത് ഞങ്ങളുടെ നാട്ടില്‍ വഴക്ക് വന്നാലും, സ്നേഹം വന്നാലും ഇരട്ടപേര് ഉപയോഗിച്ചേ കൂട്ടുകാര്‍ സംബോധന ചെയ്യൂ, കല്യണം കഴിഞ്ഞ ചേട്ടന്മാരുടെ ഭാര്യമാര്‍ക്ക് പോലും ഇതില്‍ നിന്നും മോചനം ഇല്ല. ഉദാഹരണം കാടന്‍ രമേഷിന് "രമേഷ്" എന്ന നല്ല പേര് ഉണ്ടെങ്കിലും അവന്റെ വൈഫ്‌ വന്നു ഞങ്ങളോട് "എന്റെ രമേശേട്ടനെ കണ്ടോ? ഇന്നു ചോദിച്ചാല്‍ കോറസ് ആയി മറുപടി വരും "ഡ കാട വാടാ, നിന്റെ കാടി വിളിക്കനടാ".

അങ്ങനെ ഞങ്ങള്‍ സന്ധ്യയോടെ കെട്ട് നിറച്ചു ശരണം വിളിയും ഒക്കെ ആയി ബസില്‍ കയറി യാത്ര തുടര്‍ന്നു. ബസില്‍ അയ്യപ്പ പാട്ടും മറ്റുമായി ഒരു ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു ഞങ്ങള്‍ കലിയുഗ വരദന്റെ അടുത്തേക്ക് തിരിച്ചു. ഇടയ്ക്കു ബസില്‍ വച്ച് ചുണ്ടിനടിയില്‍ ചൈനി ഖനി വയ്ക്കാന്‍ പോയ അമ്പലക്കാടന്‍ ബൈജുവിന്റെ നേരെ കാടന്‍ ചൂടായി.
"എടാ മലക്ക് പോകുമ്പോള്‍ ഇതൊന്നും വയ്ക്കരുത്, ശരീരം ശുദ്ധം ആയിരിക്കണം"
ആ പാക്കറ്റ് വാങ്ങിച്ചു കാടന്‍ വെളിയില്‍ കളഞ്ഞു. ഇടയ്ക്കു ഒന്നിന് രണ്ടിനും ഒക്കെ വണ്ടി നിര്‍ത്തിയപ്പോള്‍, ചെറിയൊരു മാടക്കടയുടെ പിന്നില്‍ നിന്നും പുകവളയങ്ങള്‍ ഊതി വിട്ടു രസിക്കുന്ന കാടനെ കണ്ടു അമ്പലക്കാടന്‍ ഞെട്ടി. കൈയ്യോടെ പൊക്കിയപ്പോള്‍ കാടന്‍ പറയുവാ,
"എടാ പുക വലിക്കാം, കാരണം അത് ശരീരത്ത് തങ്ങുന്നില്ല, ഊതി കളയുവല്ലേ, നീ ഉപയോഗിക്കുന്നത് അവിടെ തന്നെ ഇരുന്നു ആശുധമാവുകയാണ്, വേണേല്‍ രണ്ടു പഫ് എടുത്തോ ന്നു"
എങ്ങനെ ഉണ്ട്. ഈ ടീം ഒക്കെ ആയിട്ടാണ് യാത്ര, പുലിയൊക്കെ ഉണ്ടെന്നു പറയുന്നത് വെറുതെ ആണ്.

അങ്ങനെ ഞങ്ങള്‍ പമ്പയില്‍ എത്തി. നല്ല തിരക്ക്, സൂചി കുത്താന്‍ ഇടമില്ല, തൃവേണിയിലെ പുതിയ നടപന്തല്‍ ഒരു ആശ്വാസം തന്നെ ആയിരുന്നു. അല്‍പ്പം സ്ഥലം കിട്ടിയപ്പോള്‍ എല്ലാവരും വിരിവച്ചു ഇരുമുടികെട്ടു ഇറക്കി പമ്പ സ്നാനത്തിനു തയ്യാറായി. അങ്ങനെ കുളി എല്ലാം കഴിഞ്ഞു ശുദ്ധമായി പമ്പയില്‍ നിന്നും തുടങ്ങുന്ന ആദ്യ പടിയില്‍ കര്‍പ്പൂരം കത്തിച്ചു, പമ്പ കോവിലില്‍ വന്നു ഗണപതിക്ക്‌ തേങ്ങ അടിച്ചു കയറ്റം ആരംഭിച്ചു. ശരണം വിളിയില്‍ മുഖരിതമായ ഒരു യാത്ര, എങ്ങും സ്വാമി മാത്രം, എവിടെയും സ്വാമി മാത്രം, ഒരു ഗ്രൂപ്പ്‌ ആയി നീങ്ങിയ ഞങ്ങള്‍ നോക്കുമ്പോള്‍ രതീഷ്കുമാര്‍ (അവന്റെ ഇരട്ട പേര് മത്തായി) മിസ്സിംഗ്‌. ഞങ്ങള്‍ കയറി വരുന്ന ജനങളുടെ ഇടയില്‍ മൊത്തം നോക്കി. മത്തായി മാത്രം ഇല്ല. എല്ലാവരും കൂട്ടത്തോടെ അവനെ പേര് വിളിച്ചു നോക്കി.
"മത്തായി സ്വാമിയേ, മത്തായി സ്വാമിയേ"
കുറച്ചു പുറകില്‍ ആയി കയറി വന്ന ആന്ധ്ര ആന്‍ഡ്‌ തമിള്‍ അയ്യപ്പ ഗ്രൂപ്പ്‌ അതേറ്റു പിടിച്ചു ചൊല്ലി.
"മത്തായി സ്വാമിയേ ശരണം അയ്യപ്പാ,
മത്തായി സ്വാമിയേ ശരണം അയ്യപ്പ".
അവര് ഓര്‍ത്തു കാണും അതും ശരണം വിളിയില്‍ ഉള്ളതായിരിക്കും ന്നു. കാരണം വാവര്‍ ഉണ്ട് മുസ്ലിം ആയി, അയ്യപ്പനുണ്ട് ഹിന്ദു ആയി, അപ്പോള്‍ പിന്നെ ക്രിസ്ത്യന്‍ ഫ്രണ്ട് ആവും മത്തായി സ്വാമി എന്ന് അവര് കരുതിയാല്‍ തെറ്റില്ലല്ലോ. ഭാഗ്യം കാടനും അപ്പാച്ചിയും ഒന്നും മിസ്സ്‌ ആവാഞ്ഞത്‌.

ഡിങ്കന്‍ രാജേഷിനു ഇപ്പോളും സങ്കടം ഉള്ളത് താടിയും മീശയും വരാത്തതില്‍ ആയിരുന്നു. ഞാന്‍ പറഞ്ഞിരുന്നു ശബരിമലയില്‍ ലാട വൈദ്യന്മാരുടെ കൈയ്യില്‍ കരടി നെയ്യ് കിട്ടും, ഒന്ന് ഉപയോഗിച്ച് നോക്ക് ന്നു. ഇടയ്ക്കു വഴിയില്‍ ഒരു വൈദ്യനെ കണ്ടു. നെഞ്ചോളം എത്തുന്ന താടിയും മീശയും മുടിയൊക്കെ വളര്‍ത്തിയ ഒരു വൃദ്ധനായ വൈദ്യന്‍. അങ്ങേരോട് ഡിങ്കന്‍ ചോദിച്ചു,
"സ്വാമി കരടി നെയ്യ് ഉപയോഗിച്ചാല്‍ എനിക്കും താടിയും മീശയും വരുമോ ന്നു"
അദ്ദേഹം പറഞ്ഞു "കരടി നെയ്യ് ഇര്‍ക്കെടാ കണ്ണാ, കണ്ടിപ്പാ ഉനക്കും വരും"
അന്നേരം ഡിങ്കന്‍ പറഞ്ഞു "സ്വാമിയുടെ പോലെ വരുമോ"
അന്നേരം സ്വാമി "കണ്ടിപ്പാ വരും"
ഡിങ്കന്‍ "ഇത് പോലെ വരുമെങ്കില്‍ എനിക്ക് താടിയും മീശയും ഇല്ലാത്തതാണ് നല്ലത്" എന്ന് പറഞ്ഞു ഒറ്റ നടത്തം.

അങ്ങനെ പുലര്‍ച്ചയോടെ സന്നിധാനം. നടപന്തലിലെ തിക്കും തിരക്കും കാത്തിരിപ്പും ഒക്കെ കഴിഞ്ഞു അഞ്ചു മണിയോടെ പതിനെട്ടാം പടിയുടെ താഴെ എത്തി. അവിടെ തേങ്ങ ഉടച്ചു സത്യമായ പൊന്നും പതിനെട്ടാം പടി കയറി, മുകളിലെത്തി മേല്‍പ്പാലം കയറി വീണ്ടും വരിയില്‍. പിന്നെ വലം വച്ച് വടക്ക് വശത്തെ ഭാഗത്തൂടെ ഭഗവാന്റെ തിരുമുന്പിലേക്ക്. എങ്ങും ശരണം വിളി മാത്രം, ഭഗവാനെ ദര്‍ശിച്ചു സായൂജ്യം അടഞ്ഞു, അതിനു ശേഷം ഞങ്ങള്‍ മാളികപുറത്തു ദര്‍ശനം നടത്തി. പിന്നീടു വിരിവക്കാന്‍ ഗ്രൌണ്ടിലെത്തി. എന്തായാലും വിരിച്ചപാടെ എല്ലാരും ഓരോ സൈടായി. മടിയിലും കാലിലും ഒക്കെ ആയി ഉറക്കം തുടങ്ങി. കൂട്ടത്തില്‍ മൂപ്പനായ അപ്പാച്ചി മാത്രം ഉറങ്ങാതെ കാവലിരുന്നു. കാരണം ഇനി നെയ്യഭിഷേകത്തിന്റെ പ്രസാദം വാങ്ങാന്‍ ലൈനില്‍ നിക്കണം, അപ്പം, അരവണ ഒക്കെ വാങ്ങണം, നേരത്തെ ലൈനില്‍ നിന്നലെ ഇതൊക്കെ നടത്തി പ്രസാദം ആയി മല ഇറങ്ങാന്‍ പറ്റൂ. അപ്പം അരവണ പ്രസാദം കൊടുക്കുന്ന ലൈന്‍ ഒക്കെ വീക്ഷിച്ചു വന്ന അപ്പാച്ചി പെട്ടന്ന് തന്നെ വന്നു നമ്പോലന്‍ വൈശാഖിനെ തട്ടി ഉണര്‍ത്തി പറഞ്ഞു "ഡാ നമ്പോലന്‍ സ്വാമി എണീക്ക്, അപ്പവും അരവണയും മേടിക്കാന്‍ ലൈന്‍ നിക്കണം, എണീക്ക്, എണീക്ക്,"
മാന്നാര്‍ മത്തായി സ്പീകിങ്ങില്‍ ഇന്നസെന്റ് അലാറം അടിച്ചത് കേട്ട് എണീറ്റ്‌ വരുന്നപോലെ നമ്പോലന്‍ ചാടി എണീറ്റ്‌ പറഞ്ഞ മറുപടി കേട്ടു ഉറങ്ങി കിടന്ന ഞങ്ങള്‍ എല്ലാം ഉണര്‍ന്നു,, ആ മറുപടി ഇതായിരുന്നു.

"അണ്ണാ, എനിക്ക് രണ്ടു അപ്പോം ഒരു ചായേം, കടല വേണ്ട"