ഇനി ഒരു കണി കൊണ്ട് പോയ ഒരു വിശേഷം ആണ് നിങ്ങളുമായി പങ്കു വക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഷു ഒട്ടും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു.എനിക്ക് വിഷുവിനാണ് നാട്ടില്‍ പോകാന്‍ ഏറെ താല്പര്യം, കാരണം ഈ കണി കൊണ്ട് പോകല്‍ തന്നെ. കണിയും കൊണ്ട് വിഷുവിന്റെ തലേ ദിവസം ഉള്ള ആഘോഷം അറിയാതെ തന്നെ എന്നെ നാട്ടില്‍ എത്തിക്കും. വളരെ രസകരമായ ഒരു അനുഭവം തന്നെ ആണ് അത്.
എല്ലാ വര്‍ഷവും ഞങ്ങള്‍ ചാളുവ കുട്ടന്റെ വീട്ടില്‍ ആണ് ഇതിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. ലീഡര്‍ പുള്ളിക്കാരന്, പിന്നെ അപ്പാച്ചി, കാടന്‍, ഡിങ്കന്, ഇടിതാങ്ങി, അമ്പലക്കാടന്, കൊച്ചു കുറുപ്പ്, നമ്പോലന്, അങ്ങനെ ഫുള്‍ ടീം ഉണ്ടാവും. വിഷുവിന്റെ തലേ ദിവസം രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും, തമ്പി അണ്ണന്റെ വീട്ടിലെ കൃഷ്ണന്റെ പ്രതിമ ആണ് എല്ലാ കൊല്ലവും എടുക്കുന്നത്. വളരെ മനോഹരമായ ഒരു പ്രതിമ ആണ് അത്. കാര്‍ വര്‍ണ്ണന്റെ സുന്ദരമായ രൂപം. എത്ര കണ്ടാലും മതി വരില്ല. പുള്ളിക്ക് ആരോ സമ്മാനം കൊടുത്തതാണ് പുതിയ വീടിന്റെ കേറി താമസത്തിന്. ഞങ്ങള്‍ ആയതു കൊണ്ട് മാത്രം ആണ് പുള്ളി പ്രതിമ തരുന്നത്. പ്രതിമ എത്തി കഴിഞ്ഞാല്‍ നമ്പോലന് കുറച്ചു മിനുക്ക് പണികള്‍ നടത്തും, പിന്നെ പ്രതിമ വക്കാന്‍ ഒരു തട്ട് ഉണ്ടാക്കും. പിന്നെ മനോഹരമായ വര്‍ണ്ണ കടലാസ് പൊതിഞ്ഞ ഒരു പാത്രം കാണിക്ക ഇടാന്‍. അത് എന്റെ മേഖല ആണ്. പ്രതിമ പിടിക്കുനത് കാടന്‍, തട്ട് പിടിക്കുന്നത് അമ്പലക്കാടന്, പിന്നെ ചെറിയൊരു വിളക്ക്, പിന്നെ തിരി, തീപ്പെട്ടി ഇതിന്റെ മേല്‍നോട്ടം ഡിങ്കന് ആണ് വഹിക്കുന്നത്. കാരണം മുന്‍പ് കാണിക്ക പാത്രം അവന്റെ കൈയില്‍ ആയിരുന്നു ഞങ്ങള്‍ ഏല്‍പ്പിക്കുന്നത്. പക്ഷെ അവനു നോട്ട് അലര്‍ജി ആണ്. അവന് പോലും അറിയാതെ നോട്ടുകള്‍ ഉടുപ്പിന്റെ മടക്കേലും, കോളറിന്റെ ഇടയിലും ഒക്കെ കേറി ഇരിക്കും. അതുകാരണം ധനകാര്യം എനിക്ക് വന്നു ചേര്‍ന്ന്. അതാണ് കുറുപ്പ്. പിന്നെ ബൈക്കിന്റെ ബൌഡന് കെട്ടി ഉണ്ടാക്കിയ ഉറുമി പോലത്തെ ഒരു ഉപകരണം, പട്ടിയെ തല്ലാന്‍. പഴങ്ങള്‍ ഞങ്ങള്‍ കണി കൊണ്ട് ഏതു വീട്ടില്‍ ചെല്ലുന്നോ അവിടുത്തെ കാര്‍ഷിക ഉത്പാദനം പോലെ കാണിക്ക വക്കും. ഒന്നും ഇല്ലെങ്കില്‍ കശുമാങ്ങ വച്ച് കാര്യം നടത്തും അല്ലേല്‍ പ്ലാസ്റ്റിക് പഴങ്ങള്‍. പാട്ടുകള്‍ ഒന്നും അത്ര പിടുത്തം ഇല്ല ആര്‍ക്കും. ആകപ്പാടെ അറിയാവുന്നതു "കണി കാണും നേരം കമല നെത്രന്റെ, നിറമേഴും മഞ്ഞ തുകില്‍ ചാര്‍ത്തി" മാത്രം. അത് തന്നെ ആര്‍ക്കും നേരെ ചൊവ്വേ അറിയില്ല. "തുകില്‍ എന്നത് തുണി" എന്നൊക്കെ ആവും ചൊല്ലുക, ആദ്യത്തെ വരികള്‍ ആയ "കണി കാണും നേരം" എന്നത് നല്ല സ്ട്രോങ്ങ് ആയി തുടങ്ങും എങ്കിലും, പിന്നെ കേള്‍ക്കുന്നേ "നിറമേ.. മലര് മാതിന്.. പുലര്‍കാലെ... ഇടയ്ക്കു കോട്ടുവാ, വാള് വെപ്പ്, തെറി വിളി ഒക്കെ ആയി അവസാനം അവിടേം എവിടേം ഒക്കെ ആയി വീട്ടുകാരന്റെ പേര് വിളിച്ചാണ് നിര്‍ത്തുന്നത്. ആദ്യത്തെ രണ്ടു മൂന്നു ലൈന്‍ പാടി അവസാനം അമ്പലക്കാടന് പറയും, "എണീക്കോ പപ്പ ചേട്ടാ കണി വന്നു, കാണിക്ക ഇട്ടോ". അന്നേരം അകത്തു നിന്നും പപ്പ കുറുപ്പ് പറയും, "രണ്ടു മൂന്നു പാട്ട് കൂടി പാട്, പൈസ തരുന്നതല്ലേ" ഉടന്‍ വരും അമ്പലക്കടന്റെ മറുപടി "1 രൂപയ്ക്കു ഇത്രേം പാട്ട് തന്നെ കൂടുതലാ, വേണേല്‍ വന്നു കണി കാണു" എന്ന്. ആ സമയം ഇടിതങ്ങി അവിടുത്തെ, മാങ്ങാ, പേരക്ക, സമയം ഉണ്ടേല്‍ കരിക്ക് ഇതെല്ലാം പറിച്ചു റെഡി ആകും.(മിക്കവാറും ഇതൊക്കെ കണി വയ്ക്കാറില്ല, നടക്കുന്ന വഴി തിന്നു തീര്‍ക്കും) പിന്നെ പുള്ളിക്കാരന് വാതില്‍ തുറന്നു പുറത്തേക്കു വരാന്‍ നേരം ഞങ്ങള്‍ സൈഡില്‍ പതുങ്ങി നില്ക്കും. ഏതേലും ഒരുത്തന്റെ നിഴല്‍ പോലും കാണാന്‍ പാടില്ല. കണ്ടാല്‍ പുള്ളി പൂരപാട്ട് തുടങ്ങും. ഒപ്പം ഉടുമുണ്ട് പൊക്കി തിരുവാതിര കളിയും. കാരണം ശകുനം, ജ്യോതിഷം, കണി, ഇങ്ങനത്തെ കാര്യത്തില്‍ പുള്ളിക്കാരന് ഭയങ്കര വിശ്വാസിയാണ്. അണുവിട ചലിക്കില്ലാ. ഞങ്ങള്‍ക്ക് ഏറ്റവും പേടിയുള്ള വീടും അത് തന്നെ. കാരണം അടുത്ത ദിവസം പുള്ളിക്കാരന് വീട്ടില്‍ വന്നു തെറി പറയും, നമ്മളയല്ല, നമ്മുടെ മാതാപിതാക്കളെ. പക്ഷെ ഇത്തവണ ഞങ്ങള്‍ കണി പപ്പ കുറുപ്പിന്റെ വീട്ടില്‍ അവസാനം ആക്കാം എന്ന് തീരുമാനിച്ചു. പതിവുപോലെ എല്ലാം തയ്യാറായി.
അങ്ങനെ കണിയുമായി ഞങ്ങള്‍ ഇറങ്ങി. പതിവുപോലെ എല്ലാരും പാനീയം ഒക്കെ അകത്താക്കി നല്ല മൂഡില്‍ ആണ് യാത്ര. പോരാത്തതിന് ചാളുവ കുട്ടന്റെ കൈയിലുള്ള തുണി സഞ്ചിയില്‍ സാധനം വേറെയും വിത്ത് സോഡാ വിത്ത് പാനി വിത്ത് ടച്ചിങ്ങ്സ് . കുറച്ചു വീടുകള്‍ കുഴപ്പം കൂടാതെ കയറി ഒരു മാതിരി കാശൊക്കെ കിട്ടുന്നുമുണ്ട്. പലര്‍ക്കും ആട്ടം തുടങ്ങി, ചിലര്‍ കണി വയ്ക്കുന്ന വീടിന്റെ വരാന്തയില്‍ കിടക്കാന്‍ നോക്കി. ഡിങ്കനെ കൊണ്ട് വിളക്ക് പോലും കത്തിക്കാന്‍ പറ്റാത്ത അവസ്ഥ ആയി. തീപ്പെട്ടി നാലായിട്ടു കാണുന്ന കാരണം അതിന്റെ കൊള്ളിയും പിടിച്ചു ഇരുന്നു ഉറങ്ങും. വിനയത്തോടെ കൃഷ്ണനെ എടുത്തു നടന്ന കാടന്‍ രമേശ് ഉടുമുണ്ടൂരി തലയില്‍ കെട്ടി കൃഷ്ണന്റെ പ്രതിമ എടുത്തു കഷത്തില് വച്ച് ആടി ആടി നടക്കുന്നു. അവന്റെ വിയര്‍പ്പില്‍ കുളിച്ചു കൃഷ്ണന്റെ നെറ്റ്വര്‍ക്ക് ഫുള്‍ അടിച്ചു പോയി. ജീവന് ഉണ്ടായിരുന്നേല്‍ പുള്ളി ഒടക്കുഴലിനു കാടനെ കുത്തിയേനെ. ഞാന്‍ അധികം കഴിച്ചില്ല. കാരണം പണപെട്ടി എന്റെ കൈയില്‍ ആണല്ലോ. ഓരോ വീട്ടിലും വീഴുന്ന കാണിക്ക പൈസയുടെ കിലുക്കം കേട്ട് അത് അമ്പതു പൈസ ആണോ, ഒറ്റ രൂപയാണോ, അഞ്ചിന്റെ ആണോ എന്നൊക്കെ ഗ്രഹിച്ചു പറയുന്ന ടീം മെംബേര്‍സ് ആണ് കൂടെ. അഞ്ചിന്റെ പൈസ കുറഞ്ഞാല്‍ ആ സ്പോട്ടില്‍ ഇടിയാണ്. അങ്ങനെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. ഇതിനിടെ കണി കാണും നേരം മാറി ലീഡര്‍ ചാളുവ കുട്ടന് "ബലി കുടീരങ്ങളെ" പാടാന്‍ തുടങ്ങി. കണിക്കു പറ്റിയ പാട്ട്.
ഒടുവില്‍ സംഭവം മംഗളം പാടി നിര്‍ത്താം എന്ന് തീരുമാനിച്ചു. അവസാനം പപ്പാ കുറുപ്പിന്റെ വീട്ടില്‍ കണി വച്ച് അവസാനിപ്പിക്കാം എന്നാ നിയമ പാസാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. മുന്നേ ആടി ആടി നടന്ന കാടന്‍ ഇതിനിടെ പപ്പ കുറുപ്പിന്റെ പടിഞ്ഞാറെ പറമ്പിലെ ചകിരി കുളത്തില്‍ കൃഷ്ണനുമായി കൂപ്പു കുത്തി. ഞങ്ങള്‍ എല്ലാം ഓടി കരയില്‍ എത്തി കാടനെ വിളിച്ചു. കുറച്ചു കഴിഞ്ഞു കാടന്‍ കുറച്ചു പായലും തൊണ്ടും കൊണ്ട് കേറി വന്നു. (കണി വക്കാന്‍ അല്ല, കൃഷ്ണനെ തപ്പിയപ്പോള്‍ കിട്ടിയതാ). കൃഷ്ണന്നു ഇവന്റെ വിയര്‍പ്പില്‍ നിന്നും മോചനം കിട്ടിയ സന്തോഷത്തില്‍ ആണോ എന്തോ പുള്ളിക്കാരന് പൊങ്ങി വന്നില്ല. ഞാന്‍ ചോദിച്ചു "കുറേശെ കുടിച്ചാല്‍ പോരായിരുന്നോ, വല്ല കാര്യമുണ്ടോ കുളത്തില്‍ വീഴാന്‍" കാടന്‍ പറഞ്ഞു "ആര് വീണു, എത്ര കുടിച്ചാലും എനിക്കറിയാം, വിയര്‍പ്പു കാരണം കാലും കൈയും കഴുകാന്‍ ഇറങ്ങിയതാ, അന്നേരം പറയുകയാ വീണെന്ന്" അവന്റെ മുഖത്തേക്കും തലയില്‍ പായല്‍ പറ്റിയിരിക്കുന്നതും നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ഒടുവില്‍ കൃഷ്ണനെ നാളെ അവന് തന്നെ തപ്പി എടുത്തോളാം എന്ന് ഏറ്റു. പക്ഷെ പപ്പ കുറുപ്പിന്റെ വീട്ടില്‍ കണി എങ്ങനെ വക്കും.
അതിനും അവന് തന്നെ വഴി കണ്ടെത്തി, കുറുപ്പിന്റെ തന്നെ വീട്ടിലെ ഉമ്മറത്തെ കൃഷ്ണന്റെ കലണ്ടര്‍ ഒരെണ്ണം അവന് എടുത്തു. (പഴയ നാല് കെട്ടു ആണ്.) എന്നിട്ട് ക്രോസ് പോലെ രണ്ടു പട്ടിക വച്ച് കെട്ടി. കലണ്ടര്‍ അതില്‍ തൂക്കി. എന്നിട്ട് നേരെ പപ്പ കുറുപ്പിന്റെ വീടിന്റെ ഉമ്മറത്ത് എത്തി. മുണ്ട് നനഞത് കാടന്‍ തോളില്‍ ഇട്ടു അടിവസ്ത്രം മാത്രം ഇട്ടാണ് നടപ്പ്. അതും വിഷു പ്രമാണിച്ച് ഇട്ടതാണ്. അങ്ങനെ ക്രോസ് മണ്ണില്‍ കുത്തി കലണ്ടര്‍ തൂക്കി, കണി പാത്രം വച്ച്, വിളക്ക് കൊളുത്തി അവിടുന്ന് തന്നെ പറിച്ച പഴങ്ങളും, കണികൊന്ന ഇത്യാദി സാധനങ്ങളുമായി പ്രതിമയുടെ പോരായ്മ അറിയിക്കാതെ ഭേദപെട്ട സെറ്റ് അപ്പില്‍ കൃഷ്ണന് കണി കാണിക്കാന്‍ തയ്യാറായി. പാട്ട് തുടങ്ങി, പുറത്തെ ലൈറ്റ് വീണു, പപ്പ കുറുപ്പ് വാതില്‍ തുറന്നു കാണിക്ക ഇടാന്‍ തയ്യാറായി. പെട്ടന്നാണ് ചെറുതായി വീശിയ കാറ്റില്‍ കലണ്ടര്‍ പറന്നു പോയി, കാടന്‍ കലണ്ടര്‍ പിട്ക്കാന്‍ ഓടി. കണ്ണ് തുറന്നു നോക്കിയാ പപ്പ കുറുപ്പ് കണ്ടത് മുറ്റത്ത് കുത്തിയ കുരിശും, വിളക്കും, കണികൊന്ന പൂവും. സൈഡില്‍ നോക്കിയപ്പോള്‍ അടിവസ്ത്രം ഇട്ട കാടന്‍ കലണ്ടര്‍ പിടിച്ചു നില്ക്കുന്നു. കോപം കൊണ്ട് വിറച്ച കുറുപ്പ് കാടനെ നോക്കി അലറി "പന്ന *&^%$# മോനെ, അമ്മ കാല, നായിന്റെ മോനെ, മനപൂര്‍വ്വം ചെയ്തതല്ലേ നിയൊക്കെ ഇത്. എന്നെ അപമാനിക്കാന്‍, ഇങ്ങനെയാണോ കണി കാണിക്കുന്നേ" കലിപ്പില്‍ നിന്ന രമേശ് പറഞ്ഞു "താന്‍ ചൂടാവണ്ട കാര്യം ഇല്ല, കാറ്റത്തു ഈ കലണ്ടര്‍ പറന്നത് എന്റെ കുറ്റം ആണോ, ഇല്ലേലും ഇത് തന്റെ കലണ്ടര്‍ തന്നെ ആണ്, തന്റെ വീടിലെ കൃഷ്ണന് തന്നെ കാണണ്ട, വേറൊരു കൃഷ്ണന് തന്റെ വീട്ടില്‍ കേറാതെ കുളത്തിലും ചാടി. തനിക്കു ഇത് കാണാന്‍ ആണ് യോഗം". എന്ന് പറഞ്ഞു കലണ്ടര്‍ വലിച്ചെറിഞ്ഞു കണി ഐറ്റംസ് എടുത്തു സ്ഫടികം സ്റ്റൈലില്‍ രമേശ് തിരിഞ്ഞു നടന്നു. അവന്റെ പുറകെ ഞങ്ങളും, ഇടികൊണ്ട തെങ്ങ് പോലെ പപ്പ കുറുപ്പ് നിന്നു.