ഞങ്ങളുടെ നാട്ടിലെ ഒരു നിറഞ്ഞ സാന്നിധ്യം ആയിരുന്നു പൊട്ടന് കുട്ടേട്ടന്. എന്റെ ഇളയ അമ്മാവന്റെ പ്രായം വരും. ഞങ്ങളുടെ ചെറുപ്പത്തില്‍ ഗോലി കളിക്കാനും, തലപന്ത് കളിക്കാനും, മീന്‍ പിടിക്കാനും ഒക്കെ പ്രായം മറന്നു ഞങ്ങളിലെ ഒരു കുട്ടിയായി എന്തിനും സഹകരിക്കുന്ന കുട്ടേട്ടന്. ബുദ്ധി മാന്ദ്യം ലേശം ഉള്ളതിനാലും, ഇടയ്ക്കു കോട്ടല്‍ (ഫിറ്റ്സ്) വരുമെന്നതിനാലും അദ്ദേഹത്തെ അധികം ദൂരം ആരും അയക്കാറില്ല. ഒരു വെള്ളമുണ്ട്, കള്ളിയുള്ള അടി വസ്ത്രവും ആണ് വേഷം. ഒരു കാര്യത്തിനും ഷര്‍ട്ട് ഇടില്ല. മൂത്ത ചേട്ടന്റെ കുടുംബത്തിന്റെ ഒപ്പമാണ് താമസം. അദ്ദേഹത്തിന്റെ ചേട്ടന് അപ്പൂപ്പന്റെ കാലം മുതല്ക്കേ എന്റെ വീട്ടിലെ സ്ഥിരം പണിക്കാരന് ആയിരുന്നു. അത് കൊണ്ട് കുട്ടേട്ടന് കൂടുതല്‍ സമയവും എന്റെ വീട്ടില്‍ തന്നെ ആയിരുന്നു. രാവിലെ കുളിച്ചു വൃത്തിയായി അദ്ദേഹം വീട്ടില്‍ ഹാജര്‍. പിന്നെ അമ്മ കൊടുക്കുന്ന പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു, ഞങ്ങള്‍ സ്കൂളില്‍ പോകുന്ന വരെയും, അച്ഛന് ജോലിക്ക് ഇറങ്ങാന്‍ പോകുന്ന സമയം വരെ ഒക്കെ വീട്ടില്‍ ഉണ്ടാവും. ചിലപ്പോള്‍ അത്യാവിശ്യത്തിന് അമ്മ കടയില്‍ നിന്നും എന്തെങ്കിലും സാധനങ്ങള്‍ ഞങ്ങള്‍ ഇല്ലെങ്കില്‍ മേടിപ്പിക്കുന്നതും കുട്ടേട്ടനെ കൊണ്ട് തന്നെ ആണ്. വൈകിട്ട് സ്കൂള്‍ വിട്ടു വരുന്നതും കാത്തു കുട്ടേട്ടന് ഉണ്ടാവും. ബാഗ് വീടിന്റെ വാതുക്കല് നിന്നും തന്നെ അമ്മക്ക് എറിഞ്ഞു കൊടുത്തു, വസ്ത്രങ്ങള്‍ ഒന്നും തന്നെ മാറാതെ നേരെ വടക്കുപുറത്തെ വെളിയിലേക്ക്. പിന്നെ കിടിലന്‍ തലപന്ത് കളി ആണ്. (ഇതിനെ കുറിച്ച് ഞാനും കുമാരനും ചേര്‍ന്ന് ആല്‍ത്തറയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു) ഒന്നും മുഴുപ്പിക്കാന്‍ പറ്റിയിരുന്നില്ല. അതിനു മുന്‍പ് ഇടി വീഴും. കുട്ടേട്ടന് ഉടക്കി കഴിഞ്ഞാല്‍ പിന്നെ തീര്‍ന്നു. ആദ്യം തള്ളക്കെ വിളിക്കൂ. പിന്നെ തെറിയുടെ പൊടി പൂരം തന്നെ.
ചീവീട് സജീവുമായാണ് എന്നും കുട്ടേട്ടന്റെ വഴക്ക്. "രത്നമ്മക്കുണ്ടായ അമ്മകാല, &*^%" എന്ന് പറഞ്ഞാണ് തെറിയുടെ തുടക്കം. പക്ഷെ ചീവീടും തെറിയുടെ കാര്യത്തില്‍ മോശമല്ലതതിനാല്‍ അവനും തിരിച്ചു പറയും. അതുകൊണ്ട് തന്നെ കുട്ടെട്ടനോട് തെറി യുദ്ധത്തില്‍ കുറച്ചെങ്കിലും പിടിച്ചു നില്ക്കുന്ന ആള് അവന് മാത്രം ആണ്. തെറി പറഞ്ഞിട്ടും ഒതുങ്ങിയില്ലെങ്കില്‍ കുട്ടേട്ടന് ലാസ്റ്റ് നല്ല മുഴുത്ത കല്ലെടുക്കും . ഒരു ദാക്ഷണ്യവും ഇല്ല, കല്ലെടുക്കുന്ന സമയം കൊണ്ട് എല്ലാം വീട് പിടിക്കും. വട്ടു കേറി കഴിഞ്ഞാല്‍ പിന്നെ എല്ലാത്തിനും കിട്ടും. പക്ഷെ പിറ്റേ ദിവസം വീണ്ടും പഴയപോലെ കൂട്ടാവുമെങ്കിലും വൈകിട്ട് തെറി, കല്ലെറി, അമ്മക്ക് വിളി ഇത്യാദി റിയാലിറ്റി ഷോ ഒക്കെ കുട്ടേട്ടന്റെ വക എന്നും ഉണ്ടാവും. എസ് എം എസ് മാത്രം ഇല്ല, പിന്നെ ജഡ്ജസും.
ഒരാഴ്ച തലപന്ത് കളിച്ചാല്‍ അടുത്ത ആഴ്ച നേരെ വട്ടു കളിയിലേക്ക് മാറും. വട്ടുകളിയില്‍ കുട്ടേട്ടന് പുലി ആയിരുന്നതിനാല്‍ കളി കഴിയുമ്പോള്‍ ഞങ്ങളുടെ വട്ടുകള്‍ കാലി ആവും, പുള്ളിക്കാരന്റെ മടികുത്ത് മലമ്പാമ്പ് കോഴിയെ വിഴുങ്ങിയ ഷേപ്പ് ആയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് നാളെ കളിക്കണം എങ്കില്‍ വട്ടുകള്‍ വാങ്ങാന്‍ കശുവണ്ടി അടിച്ചു മാറ്റിയെ പറ്റൂ, എങ്കിലും അവിടെയും വഴക്കിനു ഒരു കുറവും ഇല്ലാരുന്നു. ഒരിക്കല്‍ കളി കഴിഞ്ഞു കീശയില്‍ വട്ടും നിറച്ച പോകാന്‍ തുടങ്ങിയ കുട്ടേട്ടന്റെ മടികുത്തില്‍ പിടിച്ചു വലിച്ചു, കളി തോറ്റ സങ്കടത്തില്‍ ചീവീട്. വട്ടുകള്‍ നാലുപാടും റോഡില്‍ ചിതറി. ദേഷ്യം വന്ന കുട്ടേട്ടന് അവനെ തല്ലാന്‍ ഒരു പത്തല് ഒടിച്ചെടുത്തു കൊണ്ട് മുന്നോട്ടു ആഞ്ഞു. ചീവീട് കുട്ടേട്ടന്റെ ഭാവം കണ്ടു ഞെട്ടി പോയി. ഞങ്ങള്‍ അപ്പളെ പാതി വഴി കഴിഞ്ഞിരുന്നു. പക്ഷെ പെട്ടന്ന് കുട്ടേട്ടന് വിറച്ചു കൊണ്ട് നിലത്തിരുന്നു. പിന്നെ നിലത്തു കിടന്നു പിടയാന്‍ തുടങ്ങി. വായിലൂടെ നുരയും പതയും. കൈയും കാലുമൊക്കെ ഇട്ടു വിറപ്പിച്ചു, എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു പിടയാന്‍ തുടങ്ങി. അതോടെ ഞങ്ങള്‍ എല്ലാം തിരിച്ചെത്തി. പിന്നെ കൂട്ട കരച്ചില് ആയി. അത് കേട്ട് അയല്പക്കത്തെ ആളുകളും, കുട്ടേട്ടന്റെ വീട്ടിലുള്ളവരും ഒക്കെ ഓടിയെത്തി. കുട്ടേട്ടന്റെ ചേട്ടന് ഒരു വലിയ താക്കോല്‍ കൂട്ടം മുറുക്കെ അടച്ചു പിടിച്ചിരുന്ന കൈകള്‍ ബലമായി തുറന്നു പിടിപ്പിച്ചു. കുറച്ചു കഴിഞ്ഞു പിടച്ചില്‍ ശാന്തമായി. നേര്‍ത്ത മൂളല്‍ മാത്രം. പിന്നെ എല്ലാവരും കൂടി താങ്ങി കുട്ടേട്ടനെ വീട്ടിലേക്കു കൊണ്ട് പോയി. അന്നെനിക്ക് വീട്ടില്‍ നിന്നും ഒത്തിരി തല്ലു കിട്ടി. അന്ന് അച്ഛന് തല്ലാന്‍ ഉപയോഗിക്കുന്ന വടി തീപ്പെട്ടി മരത്തിന്റെ പഴുത്ത വടിയാണ്. ഒടിയില്ല ചതഞ്ഞു കിടക്കും, കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ചൂരലിലേക്ക് പ്രൊമോഷന് ആയി.
അങ്ങനെ കാലചക്രം ഇരുന്നും ചരിഞ്ഞും കിടന്നും ഒക്കെ കറങ്ങി കറങ്ങി ഞങ്ങള്‍ ഒക്കെ വളര്‍ന്നു വലുതായി. തലപന്തും വട്ടുകളിയും ഒക്കെ പോയി ക്രിക്കറ്റ് അത് കൈയക്കിയപ്പോള്‍ കുട്ടേട്ടന് കാഴ്ചക്കാരനായി മാറി. ക്രിക്കറ്റ് കളിയ്ക്കാന്‍ അറിയില്ല അത് തന്നെ, അത് കാരണം, സ്കോര്‍ മണലിലും മറ്റും എഴുതി അദ്ദേഹം അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിച്ചു പോന്നിരുന്നു. ഒരു ദുര്‍സ്വഭാവങ്ങളും ഇല്ലാ. മദ്യം, സിഗരറ്റ്, പൊടി വലി, എന്തിനു പറയുന്നു ചായ പോലും കുടിക്കില്ല. കോളേജ് തലത്തില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ മദ്യം ഒക്കെ ഞങ്ങള്‍ രഹസ്യമായി സേവിക്കാന്‍ പോവുന്ന കാടായിരുന്നു പോഴുവേലില്‍ കാട്. കാരണം കുട്ടേട്ടന് അറിയാതെ പോയാലെ പറ്റൂ. എങ്ങാനും കണ്ടാല്‍ തീര്‍ന്നു, എല്ലാവരുടെയും വീട്ടില്‍ ചെന്ന് പറയും. വേണേല്‍ വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നു മദ്യ സേവ കാണിച്ചും കൊടുക്കും. അതിനാല്‍ അതീവ സുരക്ഷയ്ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നു.
ഈ കാട് നില്ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥരുടെ വീടും ഈ കാടിനോട് ചേര്‍ന്ന് തന്നെ. ഈ വീടിന്റെ പിന്നിലായി വലിയൊരു കുളം. ആ വീട്ടില്‍ സുന്ദരിയായ ഒരു വേലക്കാരി വന്നു എന്ന് കുട്ടേട്ടന് പറഞ്ഞു അറിയാന്‍ കഴിഞ്ഞു. ഒപ്പം അവള് അവിടെയാണ് താമസിക്കുന്നതെന്നും, പതിനൊന്നു മണിക്ക് കുളിക്കാന്‍ മേല്പറഞ്ഞ കുളത്തില്‍ ആണ് വരുന്നതെന്നും ഉള്ള ഇന്‍ഫര്‍മേഷന്‍ കുട്ടേട്ടനോട് ചോദിച്ചു മനസിലാക്കി. അങ്ങനെ പിറ്റേ ദിവസം പത്തരയോടെ ഞാന്‍, അമ്പലക്കാടന്, നമ്പോലന്, ഇടിതാങ്ങി, ചീവീട്, ഒപ്പം കുട്ടെട്ടനെയും കൂട്ടി കാട്ടിലേക്ക് കയറി. എന്നിട്ട് ഒരു കശുമാവിന്റെ കൊമ്പത്ത് കയറി വ്യൂ ഒക്കെ കറക്റ്റ് ആണ് എന്ന് മനസിലാക്കി കാണാന്‍ പാകത്തില്‍ ഇരിപ്പ് ഉറപ്പിച്ചു. പക്ഷെ പതിനൊന്നു മണി കഴിഞ്ഞിട്ടും ലവള് വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. പതിനൊന്നര ആകാറായി. എല്ലാവരുടെയും ക്ഷമ കെട്ടു. ഞങ്ങള്‍ പതിയെ താഴെ ഇറങ്ങി കുട്ടേട്ടനോട് പറഞ്ഞു, "അവള് വരുമ്പോള്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ കുറച്ചു മാങ്ങാ ഉള്ളില്‍ നിന്നും പറിക്കട്ടെ" എന്ന് പറഞ്ഞു കാടിന്റെ ഉള്ളിലേക്ക് പോയി. കുട്ടേട്ടന് ക്ഷമയോടെ കാത്തിരിന്നു. ഞങ്ങള്‍ നീങ്ങി പത്തു മിനിട്ട് കഴിഞ്ഞു പെണ്ണ് കുളിക്കാനായി കുളത്തിലേക്ക് വന്നതും, അവള് മേല്‍വസ്ത്രം ഊരിയതും പെട്ടന്നായിരുന്നു. വന്നു പറഞ്ഞാല്‍ കുളി കഴിയും എന്നോര്‍ത്താണോ , അതോ പുള്ളിക്ക് റിലേ പോയ കൊണ്ടാണോ എന്തോ, അവിടെ നിന്നും ഒറ്റ അലര്‍ച്ച
"പിള്ളേരെ ഓടിവാ, അവള് മുകളില്‍ നിന്നും അഴിച്ചു ഇപ്പം താഴെ അഴിക്കും" എന്ന്.
അലര്‍ച്ച കേട്ട പെണ്ണ് തുണി എടുത്തു പൊത്തി പിടിച്ചു അലറി കൊണ്ട് വീട്ടിലേക്കു. ഞങ്ങള്‍ പല സംഘങ്ങളായി ഓടിയെങ്കിലും കുട്ടേട്ടന് ഓടാന്‍ അധികം വയ്യാത്തതിനാല്‍ ആ വീട്ടിലെ കാരണവര്‍ കുട്ടേട്ടനെ പിടിച്ചു ചോദ്യം ചെയ്തു. പരിണിത ഫലം എല്ലാവരുടെയും വീട്ടില്‍ അദ്ദേഹം വിത്തിന് സെക്കന്റ്സ് അദ്ദേഹം എത്തി കാര്യം അവതരിപ്പിച്ചു. എല്ലാവര്ക്കും രക്ഷിതാക്കളുടെ കൈയ്യില്‍ നിന്നും തല്ലു കിട്ടി എങ്കിലും എനിക്ക് ഇച്ചിരി ക്രൂരമായ ശിക്ഷ ആണ് കിട്ടിയത്.അച്ഛന് പുസ്തകം എല്ലാം കെട്ടി മച്ചിന്റെ മുകളില്‍ ഇട്ടു. "എന്തിനാ പഠിക്കാന്‍ പോണേ" എന്നാ ചോദ്യത്തോടെ. പക്ഷെ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ ഇരിക്കുന്നതിലും അവര്‍ക്ക് നല്ലത് കോളേജില്‍ തന്നെ പോകുന്നതാണെന്ന് മനസിലായി പുസ്തകം തിരികെ തന്നു.
അങ്ങനെ വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, പലരും ജോലിക്കാരായി. ഞാന്‍ ഡല്‍ഹിയില്‍ വന്നു, കുറച്ചു പേര് ബാംഗ്ലൂര്‍, ഗള്‍ഫ്, ചിലവര് നാട്ടില്‍ ഒക്കെ ആയി അവരവരുടെ ജീവിതം തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ ആര് ലീവിന് വന്നാലും കുട്ടേട്ടന് എന്തേലും കൊടുക്കും. ഞങ്ങള്‍ ആര് വന്നാലും വീട്ടില്‍ വരുന്ന ദിവസം അദ്ദേഹവും ഉണ്ടാവും, പ്രായത്തിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടാവണം. നല്ല ക്ഷീണം തോന്നിയിരുന്നു അദ്ദേഹത്തെ കണ്ടപ്പോളും. ആ സമയത്ത് നാട്ടില്‍ ചെറുപ്പക്കാര്‍ പിള്ളേര് ചുണ്ടിനടിയില്‍ വയ്ക്കുന്ന ചൈനി ഖൈനി, ശംഭു (എല്ലാം പുകയില) ഒക്കെ അമിതമായി ഉപയോഗിക്കുന്ന കാലം. (ഞാന്‍ ഇത് ഉപയോഗിക്കില്ല, ഡല്‍ഹിയില്‍ അതില്ല, അതിനാല്‍ കുബേറിന്റെ ആളാണ് നുമ്മ).
ചിരിക്കുടുക്ക ക്ലബ്ബിന്റെ നേതൃത്തത്തില്‍ കുറച്ചു വലിയ ആള്ക്കാര് ഇതിന്റെ ദൂഷ്യഫലം ഉണ്ടാക്കാവുന്ന വിപത്തിനെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനം എടുത്തു. ആ തീരുമാനം ഇതായിരുന്നു, ആര് ഇത് വച്ചാലും അന്നേരം തന്നെ അത് പിടിച്ചു മേടിച്ചു കത്തിച്ചു കളയുക. കൂട്ടത്തില്‍ രണ്ടു പെടയും കൊടുക്കാം. സ്ത്രീജനങ്ങളും ഇക്കാര്യത്തില്‍ മുന്നിട്ടു ഇറങ്ങി. അതിനു മുന്‍പ് വരെ റോഡിലും ഏതു വീടിന്റെ മുറ്റത്തും, പറമ്പിലും, റോഡിലും എല്ലാം ഹാന്‍സ്, ശംഭു വര്‍ണ്ണ കവറുകള്‍ മാത്രം ആയിരുന്നു. പോക്കെറ്റില്‍ കൊണ്ട് നടന്നാല്‍ പിടി വീഴും എന്നറിഞ്ഞപ്പോള്‍ ചില വിദ്വാന്മാര് ചെറിയ തൈതെങ്ങിന്റെ കടയിലും, വീടിന്റെ കഴുക്കോലിലും, തൊഴുത്തിലും, വേലിയുടെ ഇടയിലും, ഒക്കെ പാത്തു വച്ച് ഉപയോഗിച്ചു. ആരെങ്കിലും കണ്ണ് കൊണ്ട് സാധനം ചോദിച്ചാല്‍ "രാജീവിന്റെ വീടിന്റെ തെക്കുപുറത്തെ തൈതെങ്ങ് നോക്ക് മച്ചൂ" എന്നാവും മറുപടി. പക്ഷെ കാരണവന്മാര് അതും കൂടി കണ്ടു പിടിച്ചതോടെ ഏകദേശം ഇതിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഇത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന ശ്രീധരേട്ടന് കട പൂട്ടി കാശിക്കു പോയി.
ആ സമയത്താണ് ഞാന്‍ ലീവിന് നാട്ടില്‍ വരുന്നത്, അന്നേരം ഈ നിയമം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്ക്കുന്ന സമയം, വീട്ടിലേക്കു ഒന്നും വാങ്ങിച്ചില്ലെങ്കിലും പെട്ടിയില്‍ മാലപോലെ കുബെര്‍ കവറുകള്‍ ഉണ്ടാവും. അന്നേരമാണ് അറിഞ്ഞത് കുട്ടേട്ടന് തൊണ്ടയില്‍ കാന്‍സര്‍ ആയെന്നും, സീരിയസ് ആണ്, ഏതു സമയവും എന്തും സംഭവിക്കാം എന്ന്. ആശുപത്രിയില്‍ പോകാന്‍ തയ്യാറെടുത്ത ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തി. കുട്ടേട്ടന് ഈ ലോകം വിട്ടു പോയെന്നു. വൈകുന്നേരത്തോടെ മരണത്തിന്റെ മണി മുഴക്കി ആംബുലന്‍സ് കുട്ടേട്ടന്റെ വീട്ടു മുറ്റത്ത് എത്തി. കൂട്ടകരച്ചില്‍ മുഴങ്ങി. ശരീരം എന്ന് പറയാന്‍ പറ്റില്ല ഒരു എല്ലിന്കൂട്. കുട്ടേട്ടന് തന്നെയോ അത് എന്ന് എനിക്ക് തോന്നി പോയി. അകത്തു വിരിച്ച വാഴയിലയില്‍ തലക്കല്‍ കത്തിച്ച നിലവിളക്കില്‍ പ്രഭയില്‍ കുട്ടേട്ടന് ഒന്നും അറിയാതെ ഉറങ്ങുന്നു. പിന്നെ വിറകും എല്ലാം വെട്ടാനും മറ്റും ഞങ്ങള്‍ സജീവമായി. കുട്ടേട്ടന്റെ മൃതദേഹം ചിതയില്‍ കത്തി അമരുമ്പോള്‍ അമ്പലക്കാടന് എവിടെയോ ഒളിപ്പിച്ച വച്ച ഹന്‍സിന്റെ പാക്കറ്റ് പൊട്ടിച്ചു പരസ്യമായി തിരുമ്മി കൊണ്ടിരുന്നപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. കണ്ണീരോടെ ചുണ്ടിനടിയിലേക്ക് അത് തിരുകി കേറ്റുമ്പോള് അവന് എന്നോട് പറഞ്ഞത് "ഒന്നും ഉപയോഗിക്കാത്ത പാവം കുട്ടേട്ടന് ദൈവം ഈ വിധിയല്ലേ അണ്ണാ കൊടുത്തത്, എന്നാല്‍ പിന്നെ ഇത് വച്ചിട്ട് എന്ത് വേണേലും വരട്ടെ എന്ന്" . ആരും ഒന്നും മിണ്ടിയില്ല.
പഴയപോലെ കലവൂര്‍ ഗ്രാമത്തിലെ പാടത്തും പറമ്പിലും, മുറ്റത്തും റോഡിലും ഹാന്‍സ്, ശംഭു കവറുകള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, കാശിക്കു പോയ ശ്രീധരേട്ടന് തിരിച്ചെത്തി കട തുറന്നു വീണ്ടും സജീവമായി.