Tuesday, November 18, 2008

ഒരു ഡിസംബറിന്റെ നഷ്ടം - രണ്ട്

മുകളില്‍ എത്തിയതും ഞാന്‍ പതുക്കെ കുത്താന്‍ (മഷീനില്‍) ആരംഭിച്ചു. അവള്‍ എന്നെ ഒളികണ്ണിട്ടു നോക്കികൊണ്ടെയിരുന്നു. പതുക്കെ ഞാന്‍ ഡയറി എടുത്തു നോക്കി അതില്‍ എഴുതിയതോരോന്നും ഞാന്‍ മറിച്ചു നോക്കി കൂട്ടത്തില്‍ അതില്‍ നിന്നും താഴെ വീണ അവളുടെ ഫോട്ടോയ്ക്ക്‌ കൂടുതല്‍ ഭംഗി ഉള്ള പോലെ തോന്നി. ഫോട്ടോ എടുത്തു നിവരവെ അവള്‍ മുന്നില്‍ നിറ കണ്ണുകളുമായി. ഒന്നും മിണ്ടാതെ ഞാന്‍ മെഷിന്റെ മുകളിലേക്ക് ചാഞ്ഞു. ( പണ്ടു അമ്പലക്കടന്റെ കാലില്‍ രാത്രിയില്‍ ഈര്‍ക്കില്‍ കൊണ്ടു മുറിഞ്ഞപ്പോള്‍ അവന്റെ കരച്ചില്‍ കെട്ട് ഓടിയെത്തിയ സിദ്ദപ്പായി പറഞ്ഞു "ഇത് എട്ടടി മൂര്‍ഖന്‍ തന്നെ", എന്ന് പറകേം അമ്പലക്കാടന്‍ ഫ്ലാറ്റ്) അമ്പലക്കാടന്റെ അതെ വീഴ്ച. അതില്‍ മെഷീന്‍ തുള്ളി വിറച്ചു. അതിന്റെ പ്രകമ്പനങ്ങള്‍ ഇന്‍സ്ടിടുടില്‍ പ്രതിഫലിച്ചു. താഴത്തെ കടയിലെ വാസു ചേട്ടന്‍ കടയില്‍ നിന്നും പുറത്തു ചാടി ""എസ്കേപ്"" എന്ന് അലറി വിളിച്ചു. അതുകണ്ട് കടയില്‍ ഇരുന്നു ആരും കാണാതെ വാസു ചേട്ടന് നാലാമത്തെ പെഗ് ഒഴിച്ച കളരി സജി "അപ്പോള്‍ പകല്‍ അടിച്ച സാധനം ഇത്ര കുഴപ്പമായോ" എന്ന് ആത്മഗതം ചെയ്തു. അപ്പോള്‍ രണ്ടു തുള്ളി കണ്ണീര്‍ എന്റെ കയ്യില്‍ പതിച്ചു. (രണ്ടാണോ അഞ്ചാണോ എന്ന് എണ്ണാന്‍ പറ്റിയില്ല, ക്ഷമിക്കണം). ഞാന്‍ മുഖമുയര്‍ത്തിയപ്പോള്‍ അവള്‍ എന്റെ കൈയില്‍ പിടിച്ചു എന്നിട്ട് പറഞ്ഞു,

"ഒത്തിരി ഇഷ്ടമാണ് പക്ഷെ എല്ലാവരും എന്നെ കുറ്റം പറയുന്നു, ഇതു നിന്റെ പ്രായത്തിന്റെ ചപലത ആണ് മറക്കണം. മറന്നേ പറ്റൂ. ഇല്ലെങ്കില്‍ നാളെ ഇല്ലാവരും എനിക്കെതിരാവും. ഇതു വരെ ഒരു പേരുദോഷം ഞാന്‍ കേല്പിച്ചിട്ടില്ല. എനിക്കും ഒരു കുടുംബം ഉണ്ട്. അവരെ നോക്കണം. അത് കൊണ്ടു മറക്കണം. ഒരിക്കല്‍ ഇതെല്ലം തമാശയായി തോന്നും. ഒരു പാടു വലുതായി കഴിഞ്ഞു ഈ ഡയറി താളുകള്‍ മറിച്ചു നോക്കുമ്പോള്‍ കുറുപ്പിന് തന്നെ തോന്നും അതെല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു".

ഒന്നും മിണ്ടാതെ ഞാന്‍ എഴുന്നേറ്റു. എന്തൊക്കെ പറയണം എന്നുണ്ട്. പക്ഷെ ഒരു വിങ്ങല്‍. എന്തേലും പറഞ്ഞാല്‍ കരഞ്ഞു പോകും എന്ന് തോന്നി. കണ്ണുനീര്‍ അവളുടെ മുഖം മറക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി വേഗത്തില്‍ എന്റെ വാഹനം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ശങ്കര്‍ ജീപ്പ് ഓടിക്കുന്ന സങ്കല്പത്തില്‍ ചവിട്ടി വീട്ടിലെത്തി. മുറ്റത്ത്‌ ഉണക്കാന്‍ അമ്മ ഇട്ടിരുന്ന മുളകിന്റെ മുകളില്‍ ആണ് ലാന്‍ഡ്‌ ചെയ്തത് എന്ന് അമ്മ കുടത്തിനു അടിച്ചപ്പോള്‍ ആണ് തിരിച്ചറിഞ്ഞത്. ഒന്നും മിണ്ടാതെ അകത്തേക്ക് പോകുന്ന മകനെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. സാധാരണ ഗേറ്റ് എത്തുമ്പോള്‍ തന്നെ ചോറ് വിളംബിക്കോ എന്ന് പറയുന്ന മകന് ഇതു എന്ത് പറ്റി. ഇനി എന്ന് മീന്‍ കിട്ടിയില്ല എന്ന് ഇവന്‍ അറിഞ്ഞോ എന്നൊക്കെ ആലോചിച്ചു ഒടുവില്‍ വേണേല്‍ വന്നു കഴിക്കെട്ടെ എന്ന് പറഞ്ഞു പായയില്‍ നിന്നും മണലിലേക്ക്‌ ഷിഫ്റ്റ് ചെയ്ത മുളകിന്റെ റീ ഷിഫ്റ്റ് നടത്താന്‍ തുടങ്ങി. ഞാന്‍ പതുക്കെ എന്റെ മുറിയില്‍ കയറി എന്നിട്ട് ഒരുപാടു തവണ ആലോചിച്ചു. എന്ത് ചെയ്യണം? വാട്ട് ഐ വില്‍ ഡു? അപുന്‍ ക്യാ കരെന്ഗ്ഗെ യാര്‍? മലയാളത്തിലും ഇന്ഗ്ലിഷിലും ഹിന്ദിയിലും ആലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തില്‍ ഞാന്‍ എത്തി.

എന്നിട്ട് ഇന്നസെന്റ് പ്രേതത്തെ കണ്ടു ബലം പിടിച്ചു ധൈര്യം എടുത്തപോലെ ഞാന്‍ പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്നു എന്നിട്ട് സത്യന്‍ മാഷ്‌ പറഞ്ഞപോലെ പറഞ്ഞു. ""അമ്മേ ഞാന്‍ ഉടന്‍ ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചു"". അമ്മ ആദ്യം ഒന്നു ഞെട്ടി. ആ ഞെട്ടലിനു ഇഫക്ട് പോരാത്തതിനാല്‍ ഡീ ടീ എസില്‍ ഒന്നു കൂടി ഞെട്ടി. പിന്നെ പറഞ്ഞു ""എന്റെ പ്രീതികുളങ്ങര അമ്മേ ഞാന്‍ വഴിപാടു നേര്ന്നതിനു പ്രയോജനം ഉണ്ടായി"". എന്ന് പറഞ്ഞു അതിന്റെ കൂടെ വേറെ കുറെ additional വഴിപാട് നേര്‍ന്നു. ചുറ്റുവട്ടത്തുള്ള അമ്പലത്തിലെ ദൈവങ്ങള്‍ ഉച്ച ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. പതിനഞ്ചു കിലോമീറ്റെര്‍ അകലത്തില്‍ വില്ലേജ് ഓഫീസില്‍ ഇരുന്ന അച്ഛന്‍ വരെ ഞെട്ടി എങ്ങനെ ഇതൊക്കേ വീടാന്‍ കാശ് ഉണ്ടാക്കും എന്നോര്‍ത്ത്. അന്ന് എനിക്ക് രാത്രിയില്‍ മീന്‍ വറുത്തത് അമ്മ ചീത്ത പറയാതെ കൂടുതല്‍ തന്നു. അത് കണ്ടു എന്റെ അനിയന്‍ കുറുപ്പ് ഡല്‍ഹി ഇത്ര സംഭവമാണോ എന്നോര്‍ത്ത് ആരാധനയോടെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു "ഞാനും ടൈപ്പ് പഠിക്കാന്‍ പോകും. എനിക്കും കിട്ടണം മീന്‍ വറുത്തത്" എന്ന് വിളംബരം ചെയ്തു.

അന്നത്തെ രാത്രി ആ ഡയറിയില്‍ നഷ്ട പ്രണയത്തിന്റെ നൊമ്പരങ്ങള്‍ എഴുതി അവളുടെ ഫോട്ടോയും നോക്കി കഴിച്ചു കൂട്ടി. കൃത്യം പദ്രണ്ട് മണിക്ക് തന്നെ തയ്യാറായി നേരെ ഇന്‍സ്ടിടുടിലേക്ക് തിരിച്ചു. ഭാഗ്യം ആരുമില്ലായിരുന്നു. ഞാന്‍ അവള്ള്‍ക്ക് അഭിമുഖമായി ഇരുന്നു. എന്നിട്ട് പറഞ്ഞു. "ടീച്ചര്‍ പറഞ്ഞതാണ്‌ ശരി. എനിക്കിനി എവിടെ നില്ക്കാന്‍ പറ്റില്ല. ടീച്ചറെ മറ്റൊരാള്‍ സ്വന്തമാക്കുക ഞാന്‍ അതുകണ്ട് മോഹന്‍ലാല്‍ കിരീടത്തില്‍ പാര്‍വതിയുടെ കല്യണം കഴിഞ്ഞു പോവുമ്പോള്‍ മാവിന്‍ ചോട്ടില്‍ നിന്നു കരയുന്ന പോലെ എനിക്കാവാന്‍ പറ്റില്ല. പോവുന്നു ഞാന്‍ ഈ നാടും എന്റെ ടീച്ചരേം ഉപേക്ഷിച്ചു. ഇനി ഒരിക്കലും ഞാന്‍ ഒരു കാരണം ആവില്ല. എന്റെ മനസ്സില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞു. ജീവിതത്തിന്റെ അഗാധമായ ഒഴുക്കിലും ചുഴിയിലും പെട്ട് നമ്മള്‍ പല തുരുത്തില്‍ ആയി പോകും എങ്കിലും ഈ ഡയറി എന്റെ കൂടെ എന്നും ഉണ്ടാവും." ഞാന്‍ ഡയറി താളുകള്‍ മറിച്ചു. അന്നത്തെ ദിവസം ഡിസംബര്‍ പതിനഞ്ചു. അതിന്റെ താളില്‍ ഞാന്‍ എഴുതി.

"ടീച്ചര്‍ നിങ്ങള്‍ എന്ന്റെ മനസ്സില്‍ മരിച്ചു കഴിഞ്ഞു . ഇനി ഒരിക്കലും ഒരു പുനര്‍ജ്ജന്മം ഉണ്ടാവില്ലാ. എന്റെ സ്നേഹത്തിന്റെ മുകളിലും നിന്റെ മുകളിലും ഞാന്‍ അരിയും പൂവും അര്‍പ്പിക്കുന്നു."

എനിക്കറിയില്ല ഞാന്‍ എന്തിന് അങ്ങനെ എഴുതി എന്ന്. എന്നിട്ട് നേരെ പോസ്റ്റ് ഓഫീസില്‍ വന്നു പനിനീര്‍ ചെമ്പകത്തിന്റെ മുകളിലേക്ക് മൌഗ്ലിയെ പോലെ ഞാന്‍ തൂങ്ങി. എന്റെ കൈയില്‍ ഒരു കുമ്പിള്‍ പൂവിറുത്തു ഞാന്‍ തിരിച്ചെത്തി. ടീച്ചറുടെ കൈയില്‍ അത് കൊടുത്തു ഞാന്‍ പറഞ്ഞു.

"എന്റെ അവസാന സമ്മാനം. ഈ പനിനീര്പൂക്കള്‍ വാടുമെങ്കിലും അതിന്റെ സുഗന്ധം എന്റെ നഷ്ട പ്രണയത്തിന്റെ വേദന പേറുന്ന ആ സുഗന്ധം നിന്നെ പൊതിയാതിരിക്കട്ടെ. നല്ലൊരു ജീവിതം കിട്ടുവാന്‍ പ്രാര്‍ത്ഥിക്കാം, ഇനി നമ്മള്‍ അന്യര്‍ മാത്രം. കണ്ടു മറന്ന സ്വപ്നം പോലെ മറക്കാം".

എന്റെ കൈയില്‍ അമര്‍ത്തി പിടിച്ചു ടീച്ചര്‍ അന്നാദ്യമായി ഒരുപാടു കരഞ്ഞു. പിന്നെ എന്റെ കൈയില്‍ ഒരു ചുംബനവും, എന്നിട്ട് പറഞ്ഞു ""നമ്മള്‍ നമ്മളെ മാത്രമെ അറിയുന്നുള്ളൂ. നമ്മളുടെ സ്നേഹം മാത്രമെ അറിയുന്നുള്ളൂ. നമ്മളുടെ ചുറ്റും ഒരു സമൂഹം ഉണ്ട്. നമ്മള്ള്‍ക്ക് ഒരു കുടുംബം ഉണ്ട്. എന്റെ മനസ്സില്‍ നീ മാത്രമെ ഉള്ളു. നിന്നെ മാത്രമെ എനിക്ക് സ്നേഹിക്കാന്‍ ആവൂ. പക്ഷെ ഒരുമിക്കാന്‍ പാടില്ല. അത് ശരിയാവില്ലാ. നീ എവിടെ പോയാലും നന്നായി ജീവിക്കുക. ഇപ്പോള്‍ നിന്റെ ജീവിതം തുടങ്ങിയതെ ഉള്ളു. നിന്റെ അച്ഛന്‍ അമ്മ അവരെ വേദനിപ്പിക്കാന്‍ പാടില്ല. പ്രത്യേകിച്ചും നിന്റെ അമ്മ. അവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാകാന്‍ പാടില്ല. ദൈവം ഉണ്ടാവും കൂടെ. പിന്നെ എന്റെ പ്രാര്‍ത്ഥനകളും. ശാന്തമായി പോവുക." പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല. ഓര്‍ത്തപ്പോള്‍ ശരിയാണ് അവള്‍ പറഞ്ഞതു എന്ന് തോന്നി. ഞാന്‍ ഒരു പതിനെട്ടു വയസുകാരന്‍. എങ്ങുമെത്താതെ അച്ഛന്റെ കാരുണ്യം കൊണ്ടു കഴിയുന്ന ഞാന്‍ എന്ത് ചെയ്യാന്‍. കുടുംബത്തിന്റെ മാനം കളഞ്ഞു കുളിച്ച അലവലാതി എന്ന് പറയാന്‍ കാത്തിരിക്കുന്ന ബന്ധുക്കളാണ് ചുറ്റും. ഒപ്പം വളര്‍ത്തു ദോഷത്തിന്റെ പേരില്‍ അമ്മയെ ക്രൂശിക്കാനും. അമ്മയുടെ മുഖം മനസ്സില്‍ വന്നതേ ഞാന്‍ ഡിസന്റ് ആയി. ഉള്ള കാര്യം പറയാലോ അമ്മയെ എനിക്കിപ്പോളും പേടിയാണ്. (എക്സൈസ് കാരെ കണ്ട വാറ്റുകാരന്റെ അവസ്ഥ) ഒടുവില്‍ യാത്രയും പറഞ്ഞു ഞാന്‍ ഇറങ്ങി. അവര്‍ താഴെ വരെ വന്നു യാത്രയാക്കി. വാസു ചേട്ടനോടും കളരി സജിയോടും പോസ്റ്റ് ഓഫീസിലെ അണ്ണന്മാരോടും യാത്ര പറഞ്ഞു ഇറങ്ങി. തിരിഞ്ഞു നോക്കുബോള്‍ ടീച്ചറെ കാണുന്നില്ല്ലാ. ചിലപ്പോള്‍ ആള്‍ക്കാര് കാണുന്ന പേടിയാവും പാവം. പതിയെ എന്റെ വാഹനം മുന്നോട്ടു നീങ്ങി. ഇടക്ക് മുകളിലെ ജനലയിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അതിന്റെ അഴികളില്‍ അവള്‍. രണ്ടാമത് നോക്കാന്‍ കഴിഞ്ഞില്ലാ. ഇനി അവള്‍ എന്റെ അല്ലല്ലോ. ഇനി എന്റെ വഴികളിലും സ്വംപ്നങ്ങളിലും അവളില്ലാ. പക്ഷെ എനിക്ക് മറ്റൊരു ടെന്‍ഷന്‍ കൂടി ഉണ്ടാരുന്നു. ഇനി നാളെ ഇവള്‍ വിവാഹം കഴിച്ചു കഴിയുമ്പോള്‍ ഇവളുടെ മുന്‍പില്‍ ചെന്നു പെട്ടാല്‍ അവള്‍ അവളുടെ ഭര്‍ത്താവിനോട് എന്ത് പറയും. "ദേ ഞാന്‍ പഠിപ്പിച്ച കുട്ടിയാ, എന്നെ പ്രേമിക്കണം എന്ന് പറഞ്ഞു നടക്കുവാരുന്നു, എന്ന് പറഞ്ഞു പരിഹസിക്കുമോ, എങ്ങനെ ഒക്കെ പോയി എന്റെ ചിന്തകള്‍. ബാലിശം അല്ലാതെ എന്ത്.

അങ്ങനെ വീട്ടില്‍ എത്തി. പിന്നെ മമ്മൂട്ടി അഴകിയ രാവണനില്‍ ബോട്ടില്‍ കേറീട്ട് "ഇനി വീണ്ടും ശങ്കര്‍ ഭായ്" എന്ന് പറയണേ പോലെ ഞാന്‍ എന്റെ പാക്കിംഗ് / പാര്‍ട്ടി അങ്ങനെ കാര്യങ്ങളില്‍ മുഴുകി. നാളെയാണല്ലോ എനിക്ക് പോവേണ്ടത്. എല്ലാം പെറുക്കി വച്ച കൂട്ടത്തില്‍ ഞാന്‍ ഡയറി എടുത്തു മുകളില്‍ വച്ചു. ടീച്ചറിന്റെ ഫോട്ടോ ഒന്നു കൂടി നോക്കി. അവള്‍ എന്നോട് എന്തോ പറയുന്ന പോലെ തോന്നി. തോന്നിയതിരിക്കും, കുറച്ചല്ലല്ലോ അടിച്ചത്. അങ്ങനെ പലതും തോന്നും. പുതിയ സ്വപ്നങ്ങളെ കണ്ടു നഷ്ടപെട്ട സ്വപ്നങള്‍ക്ക് കണ്ണീര്‍ കൊണ്ടു അഭിഷേകം ചെയ്തു ഞാന്‍ എപ്പഴോ ഉറങ്ങി.

പിറ്റേന്ന് കാലത്തു കുളിച്ചു ഈറന്‍ ഉടുത്തു പ്രീതികുളങ്ങര അമ്മയുടെ അനുഗ്രഹം വാങ്ങി തിരുമേനിയുടെ കൈയില്‍ നിന്നും പ്രസാദം വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു. ഈ അമ്മയാണ് എന്നെ വളര്‍ത്തിയത്‌, ഈ തിരുമുറ്റത്ത്‌ ആണ് ഞാന്‍ ആദ്യമായി പിച്ച വച്ചത്, ഈ അമ്മയും ഈ അമ്പലവും മുങ്ങികുളിച്ച് മറിഞ്ഞ അമ്പലക്കുളവും എല്ലാം എന്നെ തിരിച്ചു വിളിക്കുന്നപോലെ എനിക്ക് തോന്നി. ഞാന്‍ വേഗത്തില്‍ നടന്നു വീട് ലക്ഷ്യമാക്കി.ഒടുവില്‍ തയ്യാറായി അച്ഛമ്മയുടെ തോളില്‍ കിടന്നു കരഞ്ഞു യാത്ര പറയുമ്പോള്‍ ഞാന്‍ ആ പഴയ അഞ്ചു വയസുകാരന്‍ ആയി മാറി. ഒടുവില്‍ അമ്മയുടെ തേങ്ങലും നെറുകയില്‍ അച്ഛന്റെ അനുഗ്രഹവും അനിയന്‍ കുറുപ്പിന്റെ അണ്ണാ എന്ന കരച്ചിലും, ബന്ധുമിത്രാധികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയും, എന്റെ കൂട്ടുകാര്‍ ആയ അപ്പാച്ചി സൈനു, ഊഞ്ഞാല്‍ , നമ്പോലന്‍, അമ്പലക്കാടന്‍, ചീങ്ങണ്ണി, ചീവീട്, ഇടിതാങ്ങി,എന്നിവരുടെ "ഇനി ഞങ്ങള്ക്ക് ഷെയര്‍ ഇടാന്‍ ആരുണ്ടെടാ" എന്ന ചോദ്യവും കടന്നു മംഗള എക്സ്പ്രസ്സിന്റെ എസ് ഇലെവെന്‍ ബോഗിയില്‍ കയറി. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ കേട്ട കൂട്ടകരച്ചില്‍ കേട്ട് ബര്‍ത്തില്‍ കിടന്നു ഞാന്‍ ആലോചിച്ചു, "ദൈവമേ ഈ ഡല്ഹി എന്ന് പറയുന്ന സാധനം ഇന്ത്യയില്‍ തന്നെ അല്ലെ, ഗള്‍ഫിലോട്ടു പോകാഞ്ഞത്‌ ഭാഗ്യം"

അങ്ങനെ ഒരു പുതിയ ലോകത്തിലേക്ക്‌ ഉറ്റവര്‍, ഉടയവര്‍ എല്ലാരേയും ഉപേക്ഷിച്ചു, ഞാന്‍ മംഗള എക്സ്പ്രസ്സിന്റെ താരാട്ടു പാട്ടിലേക്ക് മയങ്ങാന്‍ തുടങ്ങി.

(തുടരും)

5 comments:

രാജീവ്‌ .എ . കുറുപ്പ് said...

ഒടുവില്‍ തയ്യാറായി അച്ഛമ്മയുടെ തോളില്‍ കിടന്നു കരഞ്ഞു യാത്ര പറയുമ്പോള്‍ ഞാന്‍ ആ പഴയ അഞ്ചു വയസുകാരന്‍ ആയി മാറി. ഒടുവില്‍ അമ്മയുടെ തേങ്ങലും നെറുകയില്‍ അച്ഛന്റെ അനുഗ്രഹവും അനിയന്‍ കുറുപ്പിന്റെ അണ്ണാ എന്ന കരച്ചിലും...............

Anil cheleri kumaran said...

''പദ്രണ്ട് ''
പന്ത്രണ്ട്
കുറുപ്പേ തെറ്റിയല്ലോ.
''ബന്ധുമിത്രാധി''

ആധിയാവുന്നു കുറുപ്പേ ഇതു കാണുമ്പോള്‍
ബന്ധുമിത്രാദി എന്നല്ലേ.
ഇനി ഡെല്‍ഹിയില്‍ അങ്ങനാണോ?

വേഗം അടുത്തത് തട്ടു.

രാജീവ്‌ .എ . കുറുപ്പ് said...

അണ്ണാ ക്ഷമീര്, ഓഫീസില്‍ ഇരുന്നു ആരെങ്കിലും വരുന്നോ എന്നോര്‍ത്താണ് ചെയ്യുന്നേ. തീര്‍ച്ചയായും ശ്രദ്ധിക്കാം. അണ്ണാ എഴുത് കുഴപ്പമുണ്ടോ

വരവൂരാൻ said...

ഈ ബ്ലോഗ്ഗിൽ മുൻപേ വരേണ്ടതായിരുന്നു, എല്ലാം വായിച്ചും മനോഹരം

രാജീവ്‌ .എ . കുറുപ്പ് said...

വരവൂര്‍ അണ്ണാ ഹൃദയം നിറഞ്ഞ നന്ദി. അണ്ണാ പ്രോത്സാഹിപ്പിക്കണം വേറൊന്നും പറയുന്നില്ലാ. മനസ് നിറഞ്ഞു. കാരണം താങ്കളുടെ വെറുതെ ഒരു അമ്മ തന്നെ ഉദാഹരണം