Wednesday, May 18, 2011

വയര്‍ കുറയ്ക്കൂ, ഈസി ആയി

വിശാലേട്ടന്റെ ലവണ തൈലം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ മുതല്‍ എനിക്കും ഒരു പോസ്റ്റ്‌ എഴുതാന്‍ ഉള്ള വെമ്പല്‍ കലശലായി. എഴുതാന്‍ പോകുന്ന കഥയ്ക്ക് തൈലവുമായി ബന്ധം ഒന്നും ഇല്ലങ്കിലും അതിന്റെ പേരും പറഞ്ഞു ഒരു ആശുപത്രി അനുഭവം എഴുതിയേക്കാം എന്ന് കരുതി. കാരണം കല്യാണം കഴിഞ്ഞു ആദ്യത്തെ ആശുപത്രി സന്ദര്‍ശനം, കൂടാതെ അപ്പനാവാന്‍ പോവുന്ന സന്തോഷവും.

കല്യാണ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ മദ്യ സേവയും വലിച്ചുവാരി തീറ്റിയും ഒക്കെ നിര്‍ത്തലാക്കി ഒരു മാതിരി മുഖത്തെ നീരൊക്കെ ഒന്ന് മാറ്റിയെടുത്തു. പക്ഷെ മുഖത്ത് സിക്സ് പായ്ക്ക് വന്നെങ്കിലും വയറു കള്ളുകുടം കമിഴ്ത്തിയ പോലെ തന്നെ ഇരുന്നു. അന്നേരമാണ് രമണ തൈലം പരീക്ഷിക്കാം എന്നോര്‍ത്തത്, പെരട്ടി പെരട്ടി കൈ ഉണക്ക ചുള്ളി പോലെ ആയതല്ലാതെ വയറു അടിക്കടി വീര്‍ത്തു വന്നു.

ഭാര്യക്ക്‌ വിശേഷം ആയി അഞ്ചാം മാസത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ഈസി ആയി ഒന്‍പതാം മാസത്തിലേക്ക് കടന്നു. അതിന്റെ ബുദ്ധിമുട്ട് മനസിലായത് എന്റെ വലതു കാലിനൊരു വേദന വന്നു ഉപ്പുകുറ്റി നിലത്തു ചവിട്ടാന്‍ പറ്റാത്ത അവസ്ഥ ആയപ്പോള്‍ ആയിരുന്നു. ആദ്യം തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോര്‍കാരന്‍ മരുന്ന് തന്നു. വേദനക്ക് ഒരു കുറവും ഇല്ല. പിന്നെ ഉത്തം നഗറിലെ നയ്യരന്‍സ് ഹോസ്പിറ്റലില്‍ പോയി. ഡോക്ടര്‍ സര്‍ എന്നെ കണ്ടു സന്തോഷം കൊണ്ട് പുളകിതനായി. കാരണം മൊബൈലില്‍ ക്രിക്കറ്റ്‌ ഗെയിം കളിച്ചുകൊണ്ടിരുന്ന പുള്ളിക്കാരന്‍ ഫ്രീ ഹിറ്റില്‍ സിക്സര്‍ അടിക്കാന്‍ നിക്കുന്ന ബാറ്റ്സ്മാനേ പോലെ ഉന്മേഷത്തോടെ ചാടി എഴുന്നേറ്റു.

മൂത്താപ്പ ആദ്യം കാലിലെ നീരൊക്കെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു

"ഹാര്‍ട്ട് പോയെന്നു തോന്നുന്നു, ഈ സീ ജീ എടുക്കണം എന്ന്"

അഞ്ചാം മാസത്തിന്റെ വയറുമായി നിക്കുന്ന ഭാര്യ ഞാന്‍ കുഞ്ഞിനെ കാണാതെ തട്ടി പോകുമെന്നോ എന്നോ എന്തോ കരുതിയിട്ടു പെട്ടന്ന് പറഞ്ഞു.

"എടുക്കാം"

മാന്യമായി അവള് തന്നെ ബില്ലടച്ച്‌ എന്നെ ഒരു വിധത്തില്‍ എഴുന്നേല്‍പ്പിച്ചു ബേസ് മെന്റില്‍ കൊണ്ട് പോയി. ശരീരത്ത് ഒട്ടിച്ചു വച്ചിരുന്ന ടീ ഷര്‍ട്ട്‌ വയറു കാരണം ഊരാന്‍ പറ്റിയില്ല അതുകൊണ്ട് പൊളിച്ചെടുത്ത് മൂലയില്‍ ഇട്ടു. പിന്നെ കിടത്തി കുറെ വയറുകള്‍ ഒക്കെ പിടിപ്പിച്ചു കഴിഞ്ഞു സൂപ്പര്‍ മാര്‍ക്കറ്റ്‌കാര് തരുന്ന പോലെ ഒരു നെടുനീളന്‍ പേപ്പര്‍ തന്നിട്ട് അതും കൊണ്ട് നേരെ വീണ്ടും ഡോക്ടര്‍ സാറിന്റെ അടുത്തേക്ക്. വിശദമായി നോക്കിയിട്ട് മൂത്താപ്പ മൊഴിഞ്ഞു

"ഹൃദയം ഓക്കേ ആണ്, ഒരു കുഴപ്പവും ഇല്ല"

അത് വരെ എസ് എസ് എല്‍ സീ പരീക്ഷ ഫലം അറിയാന്‍ നിക്കുന്ന അവസ്ഥയില്‍ കൂനി കൂടി ഇരുന്ന ഞാന്‍ ഒന്ന് നിവര്‍ന്നു ഭാര്യയെ നോക്കി കണ്ണുരുട്ടി. അന്നേരം മൂത്താപ്പയുടെ അടുത്ത ഡയലോഗ്

"കരളു കൂടി നോക്കാം, ചിലപ്പോള്‍ കരളു പോയതാവും"

ഞാന്‍ വീണ്ടും പഴയ പൊസിഷന്‍ ഇത്തവണ ഭാര്യ കണ്ണുരുട്ടി.

അടുത്ത ചോദ്യം വന്നു "മദ്യപിക്കുമോ??

സത്യത്തില്‍ ഞാന്‍ പറയാന്‍ വന്നത് ഇതായിരുന്നു "ഒരു വര്‍ഷം മുന്‍പ് വരെ കട്ട അടിയായിരുന്നു, വിവാഹം ഉറപ്പിച്ചതോടെ അമ്മേടെ തലേല്‍ തൊട്ടു സത്യം ചെയ്തു നിര്‍ത്തി"

പക്ഷെ പറഞ്ഞത് നമ്മുടെ കൊച്ചു പ്രേമന്‍ പറയുന്ന പോലെ
"ഓ, വളരെ കുറച്ചു" എന്ന് മറുപടി പറഞ്ഞു

"എത്ര അളവില്‍ കഴിക്കുമായിരുന്നു??
(സാധാരണ ബോധം കെടുന്ന വരെ ആണ് കണക്ക്, പിന്നെ പിറ്റേന്ന് ഉണര്‍ന്നു കാലികുപ്പി എണ്ണി നോക്കിയും കൂട്ടുകാരോട് ഫോണ്‍ ചെയ്തും ചോദിച്ചാണ് അളവ് അറിഞ്ഞിരുന്നത്). സത്യം പറഞ്ഞാല്‍ പെണ്ണുംപുള്ള അവിടെ വച്ച് തന്നെ ഡിവോര്‍സ് തന്നാലോ എന്ന് പേടിച്ചു പൂച്ച കരയുന്ന പോലെ പറഞ്ഞു.

"വളരെ കുറച്ചു"

"ബീയറോ അതോ വിസ്കിയോ അതോ ബ്രാണ്ടിയോ അതോ റമ്മോ"

അത് കേട്ടപ്പോള്‍ ചൊറിഞ്ഞു കേറിയെങ്കിലും എന്റെ നോട്ടം പുള്ളിക്കാരന്റെ പുറകിലെ ഫ്രിഡ്ജ്‌ലേക്കും അതിനുശേഷം ജനലിലൂടെ നേരെ നോക്കിയാല്‍ കാണുന്ന കള്ളുകടയിലേക്കും ആണെന്ന് അറിഞ്ഞപ്പോള്‍ നിര്‍ത്തി ഭാര്യയോട്‌ പറഞ്ഞു.

"കരള് ഓക്കേ ആണ്, "ഒരു കാര്യം ചെയ്യാം, നെഞ്ചിന്റെ എക്സ് റേ എടുത്തേക്കാം പൈസ അടച്ചോ"

കാലിന്റെ വേദനക്ക് നെഞ്ചിന്റെ എക്സ് റേ, അമ്മേ ഓഫീസില്‍ നിന്നും മെഡിക്കല്‍ അലവന്‍സ് ഉള്ളത് ഭാഗ്യം, ഇല്ലാരുന്നേല്‍ ഭാര്യേ നിന്റെ താലിമാല തൊട്ട് മുന്നിലെ മണപ്പുറം / മുത്തൂറ്റ് ലോക്കറില്‍ കേറി വിശ്രമിച്ചേനെ. ഭാര്യ വീണ്ടും ബില്ലടച്ച്‌ എന്നെയും തോളില്‍ താങ്ങി കൊണ്ട് വേറൊരു റൂമില്‍,

പണ്ട് പ്രീതി കുളങ്ങര എല്‍ പീ സ്കൂളില്‍ ക്ലാസ്സ്‌ മുറി മറക്കാന്‍ ഉപയോഗിക്കുന്ന പനമ്പ് പോലെ ഒരു തട്ടില്‍ കുരിശില്‍ കമന്നു കിടക്കുന്ന പൊസിഷനില്‍ നിര്‍ത്തിയപ്പോള്‍ "ഇനി ചന്തിയുടെ എക്സ് റേ ആണോ" എന്ന് ആദ്യം സംശയിച്ചു.

അത് കഴിഞ്ഞു വീണ്ടും മുകളില്‍ എത്തി. കാലില്‍ മന്ത് പോലെ ആയി നീര്. കെട്ടിയോളുടെ ചുമലില്‍ അധികം ഭാരം കൊടുത്താല്‍ അവള് ഒടിഞ്ഞു പോകുന്ന സ്ഥിതി ആയതിനാല്‍ ചുമര് തന്നെ ശരണം. കുറച്ചു കഴിഞ്ഞു എക്സ് റേ വന്നു. അത് നോക്കിയ മൂത്താപ്പയുടെ മുഖം കറുത്ത് കരുവാളിച്ചു. കാരണം നെഞ്ചും കൂടും വര്‍ക്കിംഗ്‌ കണ്ടിഷനില്‍ തന്നെ.

ഭാര്യുടെ സകല കണ്ട്രോളും വിട്ടു ചൂടായി അയാളോട് ഒരു ചോദ്യം
"കാലോട്ടു നോക്കടോ, മന്ത് പോലെ ആയി, കാലിനു എന്തേലും ചെയ്യാം പറ്റുവോ"
അവളെ കുറ്റം പറയാന്‍ പറ്റുകേല, കാരണം കൈയ്യിലിരുന്ന കാശു തീരാറായി, അതുമല്ല ഞാന്‍ ചേര്‍ത്തലക്കാരന്‍ ആയതു കൊണ്ട് ഇനി ഒറിജിനല്‍ മന്തന്‍ ആണോ എന്ന് പരിചയക്കാര്‍ ചോദിക്കുമോ എന്ന ടെന്‍ഷനും കാണും.

അന്നേരം ഡോക്ടര്‍ സാര്‍ പറയുവാ
"ബേട്ടി പേടിക്കണ്ട മരുന്ന് കുറിച്ച് തരാം, ഇത് രണ്ടു ദിവസം കഴിക്കു, വേദന കുറയും നീരും കുറയും, പുള്ളിക്കാരന് ബീ പീ കൂടിയതാണെന്ന് "
തല കറങ്ങി വീണില്ല എന്നെ ഉള്ളു. ബോബനും മോളിയിലേം ചേട്ടത്തി തലേല്‍ കൈ വച്ച് നിക്കണ പോലെ ഭാര്യ കണ്ണും തള്ളി നിന്നു. അങ്ങനെ ഒരു വിധത്തില്‍ വീട് പിടിച്ചു, ഇങ്ങേരു എഴുതി തന്ന മരുന്ന് കഴിച്ചിട്ടും വലത്തേ കാലിലെ പാദത്തിലെ നീറ്റലും പുകച്ചിലും നീരും അങ്ങനെ തന്നെ നിന്നു. ഭാര്യ ഒട്ടും വയ്യെങ്കിലും ഉറങ്ങാതെ കാലില്‍ വീശി തന്നും, ഒമ്നി ജെല്‍ പുരട്ടി തന്നും എന്റെ വേദന കണ്ടു കണ്ണുനീര്‍ പൊഴിച്ചും ഫയങ്കര സപ്പോര്‍ട്ട് തന്നു.

പിറ്റേന്ന് രാവിലെ തന്നെ ജനക് പുരി എന്ന സ്ഥലത്തെ ഒരു പ്രശസ്ത ഹോസ്പിറ്റലില്‍ അമ്മായി അച്ഛന്‍ എന്നെ കൊണ്ട് പോകാന്‍ വന്നു. അതിനടുത്തു തന്നെ താമസിക്കുന്ന എന്റെ സുഹൃത്ത്‌ രജിയെട്ടനോട് ഓ പീ ടിക്കറ്റ്‌ എടുത്തു വക്കാനും പറഞ്ഞു പറഞ്ഞു, ഒരു സൈഡില്‍ അമ്മായി അച്ഛനും മറു സൈഡില്‍ ഭാര്യയും കൂടി താങ്ങി വണ്ടിയില്‍ കയറ്റി ഹോസ്പിറ്റലില്‍ എത്തി. രജി ചേട്ടന്‍ അവിടെ കാത്തു നിന്നിരുന്നു. പിന്നെ നേരെ എല്ലിന്റെ സ്പെഷ്യല്‍ ഡോക്ടറുടെ അടുത്ത് ചെന്ന് ഇരുന്നു. കാലൊക്കെ പിടിച്ചു നോക്കി പുള്ളി പറഞ്ഞു
"ആദ്യം രണ്ടു കാലിന്റെം എക്സ് റേ എടുത്തോണ്ട് വാ നോക്കട്ടെ"

അങ്ങനെ വീണ്ടും താങ്ങി പിടിച്ചു എക്സ് റേ റൂമില്‍ വന്നു രണ്ടു കാലിന്റെയും പാദത്തിന്റെ ജോയിന്റ്-ന്റെ എക്സ് റേ എടുത്തു. രെജിയെട്ടനും അച്ഛനും റിപ്പോര്‍ട്ട്‌ വാങ്ങി നേരെ ഡോക്ടറുടെ റൂമില്‍ പോയി . ഭാര്യയും ഞാനും കൂടി പുറത്തു കാത്തിരുന്നു. കുറച്ച് കഴിഞ്ഞു രജി ചേട്ടന്‍ ഓടി കിതച്ചു വന്നിട്ട് പറഞ്ഞു.

"ഡാ നിന്റെ ഇടത്തെ കാലിനാണോ പ്രശ്നം വലത്തേ കാലിനാണോ"

ഞാന്‍ പറഞ്ഞു "വലതു കാലിനു, നീര് കണ്ടില്ലേ , എന്താ കാര്യം"

"അല്ല ഡോക്ടര്‍ പറയുവാ നിന്റെ ഇടതു കാലിനാണ് പ്രശ്നം, അതില്‍ എല്ല് വളരുന്നു എന്ന്"

അയ്യോ, ഞാനും ഭാര്യയും ഒരുമിച്ചു ഇടതു കാലില്‍ നോക്കി, ഒരു കുഴപ്പവും ഇല്ല, അന്നേരം അച്ഛനും അവിടെ എത്തി, ഞാന്‍ പതിയെ എല്ലാരോടും പറഞ്ഞു

"ബാ നമ്മക്ക് വീട്ടില്‍ പോവാം ഇവിടെ ഇരുന്നാല്‍ ഇവന്മാര് എന്റെ കാലു മുറിച്ചു മാറ്റണം എന്ന് പറയും അത് കൊണ്ട് ഈ വേദന ഞാന്‍ സഹിച്ചോളാം"

പതിയെ ഭാര്യുടെ തോളില്‍ താങ്ങി ഒരു കൈ നടുവിന് കൊടുത്തു അവളും, ഒരു കൈ എന്റെ നടുവിന് കൊടുത്തു ഞാനും നടുക്കുമ്പോള്‍ ബീഡി വലിച്ചു വലിച്ചു വിസ തീരാറായ നിലത്തിരുന്ന ഹിന്ദിക്കാരി അമ്മൂമ്മ പിന്നാലെ വന്ന അച്ഛനോടും രെജിയെട്ടനോടും ചോദിക്കുവാ

"ഇതില്‍ ആരാ രോഗി ന്നു"

അന്നേ മനസ്സില്‍ കരുതിയതാണ് വയറു കുറക്കണം ന്നു, അങ്ങനെ ലവണ തൈലം നിര്‍ത്തി, പകരം സ്മാര്‍ട്ട്‌ ഗുളിക കഴിക്കാന്‍ തുടങ്ങി, ഒരിക്കല്‍ കാലിയായ ബോട്ടില്‍ കണ്ടു ഭാര്യ പറയുവാ

"ഇത് വണ്ണം കുറയ്ക്കാനല്ല, വിശപ്പ്‌ കൂടാനാണ് എന്ന് തോന്നുന്നു"

28 comments:

രാജീവ്‌ .എ . കുറുപ്പ് said...

അന്നേ മനസ്സില്‍ കരുതിയതാണ് വയറു കുറക്കണം ന്നു, അങ്ങനെ ലവണ തൈലം നിര്‍ത്തി, പകരം സ്മാര്‍ട്ട്‌ ഗുളിക കഴിക്കാന്‍ തുടങ്ങി, ഒരിക്കല്‍ കാലിയായ ബോട്ടില്‍ കണ്ടു ഭാര്യ പറയുവാ

"ഇത് വണ്ണം കുറയ്ക്കാനല്ല, വിശപ്പ്‌ കൂടാനാണ് എന്ന് തോന്നുന്നു"

Anil cheleri kumaran said...

മൊബൈലില്‍ ക്രിക്കറ്റ്‌ ഗെയിം കളിച്ചുകൊണ്ടിരുന്ന പുള്ളിക്കാരന്‍ ഫ്രീ ഹിറ്റില്‍ സിക്സര്‍ അടിക്കാന്‍ നിക്കുന്ന ബാറ്റ്സ്മാനേ പോലെ ഉന്മേഷത്തോടെ ചാടി എഴുന്നേറ്റു.

ഹഹഹ.. അത് കലക്കി.

ഹാപ്പി ബാച്ചിലേഴ്സ് said...

സാധാരണ ബോധം കെടുന്ന വരെ ആണ് കണക്ക്, പിന്നെ പിറ്റേന്ന് ഉണര്‍ന്നു കാലികുപ്പി എണ്ണി നോക്കിയും കൂട്ടുകാരോട് ഫോണ്‍ ചെയ്തും ചോദിച്ചാണ് അളവ് അറിഞ്ഞിരുന്നത് ഹഹഹ.

കുറുപ്പേട്ടാ, പോസ്റ്റ് രസിപ്പിച്ചു.

Manoraj said...

കുറുപ്പേ, കുറേ നാളുകള്‍ക്ക് ശേഷം വന്നത് ചിരിപ്പിക്കാനാ അല്ലേ.. പോസ്റ്റിലെ നര്‍മ്മം നല്ല പഞ്ചുള്ളത് തന്നെ. പക്ഷെ എനിക്ക് അതിലേറെ ഇഷ്ടമായത് പോസ്റ്റിനു ശേഷം കമന്റായി ഇട്ട ഭാര്യയുടെ കിടു ഡയലോഗാ. സത്യത്തില്‍ അതായിരുന്നു പോസ്റ്റിന്റെ അവസാനം വരേണ്ടിയിരുന്നത്. പോസ്റ്റിന്റെ തലക്കെട്ടുമായി ബന്ധം വരാന്‍ അത് കൂടുതല്‍ സഹായിച്ചേനേ. ഏതായാലും വാമഭാഗമാണ് ഇതില്‍ താരം. കുറുപ്പിനൊത്ത കുറിപ്പി :):)

രഘുനാഥന്‍ said...

കുറുപ്പേ...കണക്കു പുസ്തകം വീണ്ടും തുറന്നു അല്ലേ...
വായിച്ചു രസിച്ചു...

Anurag said...

പോസ്റ്റ് രസിപ്പിച്ചു.

Typist | എഴുത്തുകാരി said...

അതൊക്കെ പോട്ടെ, കാലുവേദനയുടെ അവസ്ഥ എങ്ങനെ ഇപ്പോൾ?

Villagemaan/വില്ലേജ്മാന്‍ said...

നന്നായി ചിരിപ്പിച്ചു കേട്ടോ !

ആര്‍ദ്ര ആസാദ് / Ardra Azad said...

ധനനഷ്ട്ടം നോക്കേണ്ട, ചെക്കപ്പുകൾ നടക്കട്ടെ.(രണ്ടാൾക്കും).

ആളവന്‍താന്‍ said...

(സാധാരണ ബോധം കെടുന്ന വരെ ആണ് കണക്ക്, പിന്നെ പിറ്റേന്ന് ഉണര്‍ന്നു കാലികുപ്പി എണ്ണി നോക്കിയും കൂട്ടുകാരോട് ഫോണ്‍ ചെയ്തും ചോദിച്ചാണ് അളവ് അറിഞ്ഞിരുന്നത്).
ഹ ഹ ഹ കൊള്ളാം.

രാജീവ്‌ .എ . കുറുപ്പ് said...

കുമാര്‍ജി ആദ്യ കമന്റിനു നന്ദി,

ഹാപ്പി ബാച്ചിലര്‍ ടീം : നന്ദി ട്ടോ

മനോരാജ് : അങ്ങനെ തന്നെ ആയിരുന്നു ഉദ്ദേശിച്ചത്, ഒരു പിന്‍ കുറിപ്പായി ചേര്‍ക്കാം എന്ന്. പക്ഷെ പെട്ടന്ന് എഴുതി പോസ്റ്റിയത് കാരണം മാറി പോയി. താങ്കള്‍ പറഞ്ഞപോലെ ചെയ്തിട്ടുണ്ട്, വിലയേറിയ അഭിപ്രായത്തിനു നന്ദി, (നന്ദി മാത്രമേ ഉള്ളോ എന്ന് ചോദിക്കരുത്)

രഘുവേട്ട : നന്ദി ,
അനുരാഗ് : നന്ദി മാഷെ

Typist | എഴുത്തുകാരി said...ചേച്ചി, അതിനു ശേഷം മറ്റൊരു നല്ല ഹോസ്പിറ്റലില്‍ കാണിച്ചാണ് മാറിയത്, ഒരു ആഴച്ചയോളം ഹോസ്പിടല്‍ വാസം നടത്തി. നന്ദി

Villagemaan said... നന്ദി സുഹൃത്തേ

ആര്‍ദ്ര ആസാദ് / Ardra Azad said... വണക്കം, അഭിപ്രായത്തിനു നന്ദി, എല്ലാം നടക്കുന്നു

ആളവന്‍താന്‍ said... മച്ചാ ഇത്രയൊക്കെ നമ്മളെ കൊണ്ട് പറ്റൂ, കാണാം, നന്ദി

Ambalappuzha kurumbukal said...

"ഒരു വര്‍ഷം മുന്‍പ് വരെ കട്ട അടിയായിരുന്നു, വിവാഹം ഉറപ്പിച്ചതോടെ അമ്മേടെ തലേല്‍ തൊട്ടു സത്യം ചെയ്തു നിര്‍ത്തി"


great....നല്ല പ്രയോഗം...തനി ആലപ്പുഴക്കാരന്‍ തന്നെ....

വാഴക്കോടന്‍ ‍// vazhakodan said...

കുറുപ്പേ ഈ പുസ്തകം തുറന്ന് തന്നെ വെയ്ക്കൂ.
കൊള്ളാം.മടക്കി വെക്കാതെ ഇനിയും പോരട്ടെ!!

ഭായി said...

കുറുപ്പേ, ഇന്നത്തെ ആശുപത്രികളുടെ കച്ചവട മനോഭാവം ചിരിയിലൂടെ പറഞ ഈ സംഭവം ഉഷാറായിട്ടുണ്ട്, ചിരിപ്പിച്ചു!

മുടിഞ ഉപമകൾ :))

Sukanya said...

ഏതായാലും കുറച്ചു പൈസ (ഭാര്യയുടെ) കളഞ്ഞാലും കരളും ഹൃദയവും ഒക്കെ ഓക്കേ ആണെന്ന് അറിഞ്ഞില്ലേ? അങ്ങനെ ഈസി ആയി വിശപ്പ്‌ കൂട്ടി പിന്നെയും നിറവയറുമായ് ...... ഇപ്പൊ കാലെന്തു പറയുന്നു?

(സാധാരണ ബോധം കെടുന്ന വരെ ആണ് കണക്ക്, പിന്നെ പിറ്റേന്ന് ഉണര്‍ന്നു കാലികുപ്പി എണ്ണി നോക്കിയും കൂട്ടുകാരോട് ഫോണ്‍ ചെയ്തും ചോദിച്ചാണ് അളവ് അറിഞ്ഞിരുന്നത്) അപ്പൊ അന്നത്തെ പുലി ഇപ്പൊ പൂച്ചയായി അല്ലെ? നല്ലത്. ആ വഴിക്കെങ്ങാനും ഇനി കണ്ടാല്‍....

ഇനി എഴുതിയതിനെ കുറിച്ച്. ചിരിക്കാന്‍ ധാരാളം വകയുണ്ട്. ശൈലിയും പ്രയോഗങ്ങളും എല്ലാം. തിരക്കൊഴിയുമ്പോള്‍ എഴുതുക.

ബെഞ്ചാലി said...

കാശ് പോയീട്ടും വയറ് കുറഞ്ഞില്ല അല്ല?

രാജീവ്‌ .എ . കുറുപ്പ് said...

dileep : നന്ദി മച്ചാ

വാഴക്കോടന്‍ ‍// vazhakodan said... വാഴേ നന്ദി, കാണാം

ഭായി : നന്ദി ഭായി,, ഞാന്‍ ദുഫൈക്ക് വരുന്നുണ്ട്, വീടും പൂട്ടി പോവല്ലേ

സുകന്യ : ഓപ്പോളേ കാലു ഇപ്പോള്‍ ശരിയായി. പിന്നീടു നല്ലൊരു ഹോസ്പിറ്റലില്‍ കാണിച്ചു. നന്ദി കമന്റിനു

ബെഞ്ചാളി : അത് തന്നെ സത്യം

jayanEvoor said...

ഹ!!
കൊള്ളാം.
"ഇത് വണ്ണം കുറയ്ക്കാനല്ല, വിശപ്പ്‌ കൂടാനാണ് എന്ന് തോന്നുന്നു”

പാവം ഫാര്യ!

http://venattarachan.blogspot.com said...

ചിരിയോ ചിരി

രാജീവ്‌ .എ . കുറുപ്പ് said...

jayanEvoor said...

http://venattarachan.blogspot.com

Thanks

Unknown said...

രാജീവ്...അഭിപ്രായങ്ങൾക്ക് പ്രത്യേക നന്ദി.ഇനിയും വളരെയേറെ സ്ഥലങ്ങൾ ഡൽഹിയിൽ സന്ദർശിക്കുവാനുണ്ട്.എല്ലാ സ്ഥലങ്ങളെയുംകുറിച്ച് എഴുതണമെന്നും ആഗ്രഹിക്കുന്നു.പിന്നെ താങ്കളുടെ പോസ്റ്റുകൾ വായിച്ചു തുടങ്ങിയതേ ഉള്ളു..എല്ലാം വളരെ വളരെ നന്നായിരിക്കുന്നു......

G.MANU said...

കലക്കി കുറുപ്പ്..അമ്മായിയപ്പൻ ദില്ലിയിൽ ഉള്ളത് നന്നായി. ‘കാലുപിടിക്കാൻ’ ആളായല്ലോ..

anamika said...

ഹ..ഹ
തടിയന്മാരെ കെട്ടിയാല്‍ പണി കിട്ടും എന്ന് ഇപ്പൊ മനസ്സിലായി

രാജീവ്‌ .എ . കുറുപ്പ് said...

ഷിബു തോവാള said...
anamika said...

നന്ദി പ്രിയ സുഹൃത്തുക്കളെ,

G.MANU said...
മനുവേട്ടാ കമന്റ്‌ സൂപ്പര്‍, നന്ദി, നന്ദി

kaattu kurinji said...

ഓര്‍മ്മക്കുറിപ്പുകള്‍ ആണ് അല്ലെ.. നര്‍മ്മo രസകരം തന്നെ

കുന്നെക്കാടന്‍ said...

വായിച്ചു,
എഴുത്ത് നന്നായിട്ടുണ്ട്

Shaleer Ali said...

മാഷ്‌ ആള് കൊള്ളാല്ലോ .....നര്‍മ്മം .. രസായീട്ടോ .. :))ന്നെട്ടിപ്പോ വയറു എപ്പടി ഇരിക്കുന്നു .........:)))

സുധി അറയ്ക്കൽ said...

കൊള്ളാം കൊള്ളാം.രസികനെഴുത്ത്‌.