Wednesday, September 25, 2013

എന്റെ പൊട്ടിയമ്മെ ഞാനിതാ വരുന്നേ

എന്റെ പ്രിയ സുഹൃത്ത്‌  അപ്പാച്ചി  രാജുവിനെ വീണ്ടും അവതരിപ്പിക്കുവാൻ തീരുമാനിച്ചാണ് പുതിയ പോസ്റ്റ്‌ തുടങ്ങിയത്.

കാരണം അവൻ തന്നെ, വേണ്ട വേണ്ട എന്ന് വച്ചാൽ അവൻ സമ്മതിക്കുന്നില്ല. 
അപ്പാച്ചി രാജുവിനെ നിങ്ങൾക്കെല്ലാം മുൻപരിചയം ഉണ്ടല്ലോ.  പരിചയം ഇല്ലാത്തവർ  ഇവിടെ വായിച്ചാൽ മതി. 

കുറെ വർഷം ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് അവസാനം കറങ്ങി തിരിഞ്ഞു സ്വദേശം മതിയേ ന്നു തീരുമാനിച്ചു വീണ്ടും പ്രീതികുളങ്ങരയിലെ മീനുകളുടെ പേടിസ്വപ്നം ആയി മാറി രാജു.  പഴയപോലെ പല കുളങ്ങൾ, കാവുകൾ, പാടങ്ങൾ, തോടുകൾ ഒക്കെ ചൂണ്ടാക്കോൽ വിത്ത്‌ കുടം ആയി മച്ചാൻ സജീവമായി. ഒപ്പം ന്യൂ ജെനരെഷൻ പിള്ളേരും. അവന്മാര് കൂടെ കൂടിയത് ഇതെല്ലാം അന്നേരം തന്നെ ഫേസ് ബുക്കിൽ ഇട്ടു പത്തു കമന്റ്‌ ഓർ ലൈക്‌ കിട്ടാൻ.

അപ്പാച്ചി രാജുവിന് ഫേസ് ബുക്ക്‌ പോയിട്ട് നോട്ട് ബുക്ക്‌  പോലും എന്താണെന്നു അറിയാത്തത് ഇവന്മാരുടെ ഭാഗ്യം. കാരണം രാജുവിന്റെ പല പോസ് പടങ്ങൾ പിള്ളേര് അപ്‌ലോഡ്‌ ചെയ്തു കമന്റും ലൈക്കും മേടിക്കുന്നതും, ട്രെണ്ട്സ് ഓഫ് പ്രീതികുളങ്ങര  എന്ന പുതിയ ഫേസ് ബുക്ക്‌ പ്രൊഫൈൽ ഹിറ്റ്‌ ചാർട്ടിൽ  ഇടം നേടിയതും ഒന്നും രാജു അറിയുന്നില്ല എന്നതായിരുന്നു വാസ്തവം. 

ഫേസ് ബുക്കിൽ നീ ഉണ്ടോ എന്ന് ചോദിച്ച കൂട്ടുകാരോട് (കലവൂർ  സ്കൂൾ മേറ്റ്സ്) "എന്റെ മോന് കഴിഞ്ഞ ദിവസം വരയിട്ട ഇരുനൂറു പേജിന്റെ ഒരെണ്ണം വാങ്ങിച്ചു കൊടുത്തിരുന്നു, ഫേസ് ബുക്കാണോ, കളർ ബുക്കാണോ എന്ന് അറിയില്ല, പെണ്ണും പുള്ളയാണ്  വാങ്ങിച്ചേ" എന്ന് പറഞ്ഞു അവന്മാരെ ഞെട്ടിച്ചു കളഞ്ഞ ടീം ആണ് ആള്.

എന്തായാലും   ഒരു പണിക്കും  പോകാതെ ഓ പീ ആർ , ഓ സീ  ആർ , വോഡ്കയുടെ  എല്ലാ ഫ്ളവൌർ  കുപ്പികളും വൈകിട്ട് വടക്കേ വെളിയിൽ  കാലിയാവുന്നതും നാടൻ  പാട്ടുകളും കവിതയും എല്ലാം പന്ത്രണ്ടു ഒരുമണി വരെ നാട്ടുകാർ  സഹിക്കുന്നതും പതിവായി.

ഒപ്പം വെള്ളമടി വാളുവെപ്പു മത്സരം, ഒഴിഞ്ഞ കള്ള് കുപ്പികൾ കൊണ്ട് പൂക്കളം, വെള്ളമടിച്ചു അനിൽ  പനച്ചൂരാൻ, കാട്ടകട, മധുസൂദനൻ നായർ  കവിതയും എല്ലാം രാജുവിന്റെ മേൽനോട്ടത്തിൽ തകർത്തു  നടന്നു, കൂട്ടത്തിൽ  ഇതെല്ലം ചൂടോടെ ഫേസ് ബുക്കിൽ അപ്‌ലോഡ്‌ ആവുന്നുമുണ്ടായിരുന്നു. ഗള്ഫിലും, കേരളത്തിന്‌ വെളിയിലും ഉള്ള കലവൂര് ടീംസ് ഇതെല്ലകണ്ടു വെള്ളമിറക്കി കമന്റും, ലൈക്കും, ഷെയർ ഒക്കെ ചെയ്തും തങ്ങളുടെ സങ്കടം തീർത്തു.  (ഇന്ക്ലുടിംഗ് മി.)

ഫേസ് ബുക്കിൽ ഇട്ട പടങ്ങൾ കണ്ടു അങ്ങ് ഇൻഡോറിൽ ഇരുന്ന ഒരാള് ഞെട്ടി. മറ്റാരുമല്ല രാജുവിന്റെ രണ്ടാമത്തെ അളിയൻ , അളിയൻ ഞെട്ടിയത് കാരണം, പെങ്ങൾ  ഞെട്ടി, പിന്നെ അവർ കൂട്ടത്തോടെ ഞെട്ടി. ആ ഞെട്ടൽ കലവൂരിൽ അവന്റെ വീട്ടില് എത്തി. പാവം ഭാര്യ യും മക്കളും നേരത്തെ ഞെട്ടിയത് കാരണം ഞെട്ടിയില്ല,  പകരം കരഞ്ഞു കാര്യം പറഞ്ഞു.

അങ്ങനെ രാജുവിനെ നന്നാക്കാൻ കുടുംബക്കാര് മുഴുവൻ ഒത്തു കൂടി, ഒരേയൊരു ചേട്ടൻ ചാളുവ കുട്ടൻ  കുടിയെല്ലാം നിർത്തി  ഡിസന്റ്  ആയതു കാരണം ഒന്ന് കൊണ്ട് മാത്രം ഉപദേശിക്കാൻ വന്നു.

(കാക്ക മലർന്നും  പറക്കും ന്നു തെളിയിച്ച പുണ്യ ജന്മം, ഇല്ലേൽ ചേട്ടനും അനിയനും കൂടി ആണ് പണ്ട് ഒരു സൈക്കിളിൽ ഫുൾ മേടിക്കാൻ പോണേ.)

എന്തായാലും അന്ന് കുടുംബക്കാര് തീരുമാനം എടുത്തത്‌ ഇങ്ങനെ ആയിരുന്നു. "നാളെ മുതൽ രാജു പണിക്കു പോകുന്നു." (ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ ന്നു ന്യൂ ജെനെരെഷൻ പിള്ളേര് രാജുവിനെ ആശ്വസിപ്പിച്ചു.) ഒന്നും മിണ്ടാതെ മച്ചാൻ ഇതെല്ലം കേട്ടിരുന്നു. സന്ധ്യയോടെ എല്ലാവരും പിരിഞ്ഞു പോയി. വീടിനകത്ത് കയറി രാജു ആദ്യം സ്വന്തം റൂമിൽ   കുറച്ചു നേരം ഒറ്റക്കിരുന്നു. പിന്നെ ഒരു പത്തു മിനിറ്റ് കഴിഞ്ഞു പുറത്തിറങ്ങി, എന്നിട്ട് അടുക്കളയിൽ  നിന്ന ഭാര്യയെ വിളിച്ചു  ഒറ്റ ഡയലോഗ്.

"അപ്പം നീയാണ് ഇതെല്ലം ഇൻഡോറിൽ അറിയിച്ചത്, നിന്നെ കാണിച്ചു തരാം" ന്നു പറഞ്ഞു പുറത്തിറങ്ങി സൈക്കൾ  എടുത്തു ഒറ്റ വിടൽ. ഭാര്യ ഇടി കൊണ്ടപോലെ നിന്ന്, പിന്നെ വീണു. മക്കൾ കൊച്ചു ടീവീ കണ്ടിരുന്ന കാരണം മൈൻഡ് ചെയ്തില്ല.

സമയം രാത്രി എട്ടു മണി. എറണാകുളം - കൊല്ലം പാസ്സെന്ജ്ജർ കലവൂര് സ്റ്റെഷനിൽ  നിർത്തി, ആളുകള് ഓരോന്നായി ഇറങ്ങുന്നു. പതിവ് യാത്രക്കാരനായ അമ്പലക്കാടൻ പ്ലട്ഫോര്മിൽ കാലു കുത്തിയതും, അവന്റെ മൊബൈലിൽ ഒരു കാൾ.

അങ്ങേത്തലക്കൽ രാജു.

രാജു : "മോനെ അണ്ണൻ പോവുന്നു"
ബൈജു : എങ്ങോട്ട് വീണ്ടും ദുബൈക്കോ
രാജു : ഇത് ഒരിക്കലും തിരിച്ചു വരാത്ത ഒരു സ്ഥലത്തേക്ക്
ബൈജു : അണ്ണൻ , ഇങ്ങനെ പറഞ്ഞാലും രണ്ടു മാസം കഴിഞ്ഞു വരും, വിസ വന്നാ അണ്ണാ.
രാജു : പോടാ ്#$ ₹ ്  (ഫോണ്‍ കട്ട്‌ ആയി.)

രാജു ഈ സമയം പുറത്തെ കാവിൽ ഇരുന്നു ഒരു ഫുൾ തീർത്തു ഒറ്റക്ക്. കാവിന്റെ അതിരിൽ തന്നെ ആണ് മരിച്ചു പോയ കോഴിപുറത്തെ  പൊട്ടിയമ്മ  താമസിച്ച വീട്, ഇപ്പോൾ അതൊരു  ഒരു പ്രേതാലയം പോലെ ആയി മാറിയിരിക്കുന്നു. മൊത്തം കാട് പിടിച്ചു, വള്ളിയും പടര്പ്പും, കുണ്ട് കുളവും ഒക്കെ ആയി ആരും പകല് പോലും പോകാത്ത ഇടം. ഒരു മാതിരി ഫിറ്റ്‌ ആയ രാജു നേരെ എഴുനേറ്റു പൊട്ടിയമ്മയുടെ  വീടിനു നേർക്ക്‌ നടന്നു. ഒരു വിധത്തിൽ  തകര്ന്നു വീഴാറായ ആ വീടിന്റെ ഉമ്മറത്ത്‌ എത്തി. അവിടെ മുട്ട് കുത്തി ഇരുന്നു പറഞ്ഞു.

"പൊട്ടിയമ്മെ  ഞാനിതാ വരുന്നു, എന്നോട് ക്ഷമിക്കണം ഒരുപാട് മീൻ  ഞാൻ ഈ കുളത്തില നിന്നും പിടിച്ചിട്ടുണ്ട് എല്ലാത്തിനും മാപ്പ്, പൊട്ടിയമ്മെ  ഞാൻ ഇതാ വരുന്നേ"

ഇതും പറഞ്ഞു തിരിച്ചു വീണ്ടും കാവിലേക്കു കയറി, ഒരു അര കൂടി മിച്ചമിരുന്നത്  വായിലേക്ക്കമഴ്ത്തി. എന്നിട്ട് പോക്കറ്റിൽ ഇരുന്ന കത്ത് ഒന്ന് കൂടി വായിച്ചു.

"എല്ലാവര്ക്കും മാപ്പ്. കൂട്ടുകാരെ മാപ്പ്. മക്കളെ മാപ്പ്"  അങ്ങനെ ഒരു അമ്പതു മാപ്പ് മാത്രം ആ കത്തിൽ. നേരെ ഗുരുനാഥന്റെ  നടയുടെ മുന്നില് വന്നു പുള്ളിക്കാരനോട് കമ്പ്ലീറ്റ്‌ മാപ്പ്.

മാപ്പ് പറഞ്ഞു തിരിഞ്ഞതും കാവിന്റെ മുന്നില് ആള്ക്കാരും ബഹളവും ടോര്ചിന്റെ വെട്ടവും. മുന്നില് അമ്പലക്കാടൻ, രാജുവിന്റെ ചേട്ടൻ ചാളുവ, ഭാര്യ, പിന്നെ ബന്ധുക്കാർ നാട്ടുകാർ . രാജു പെട്ടന്ന് പഞ്ചാര മണലിൽ നിലം പതിച്ചു.

ബോധം വരുമ്പോൾ ആലപ്പി  ജില്ലാ ആശുപത്രിലെ ബെഡ്ഡിൽ, ഡോക്ടർ  എനിമ കൊടുക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നു. കാരണം ചോദിച്ചപ്പോൾ വിഷം കഴിച്ചിട്ടല്ലേ ന്നു അമ്പലക്കാടൻ. രാജു ആണയിട്ടു പറയുന്നു

"ഞാൻ ഒന്നര ഫുൾ അടിച്ചു പക്ഷെ വിഷം അടിച്ചില്ല"

ഭാര്യ : ന്നാ പിന്നെ നിങ്ങളുടെ വായില എന്താണ് നീല കളര്. മൊത്തം നീല. പല്ലും, നാക്കും ഒക്കെ നീല കളറ് , അതിനാണ് എനിമ.

രാജു : എടീ അത് നിങ്ങള് കാവിന്റെ മുന്നില് എന്നെ കണ്ടു എന്ന് മനസിലായപ്പോൾ  ഞാൻ പോക്കറ്റിൽ ഇരുന്ന കത്ത് ചവച്ചു വിഴുങ്ങിയതാണ്, മഷി പേനയുടെ കളർ  ഇളകി വായിൽ ആയതാണ്, അല്ലാതെ വിഷം അടിച്ചതല്ല , എനിക്ക് എനിമ വേണ്ട ഡോക്ടര.

എനിമ കൊടുക്കുന്ന ട്യൂബ് മായി പുഷ്ക്കരൻ ഡോക്ടർ  കണ്ണും തള്ളി നിന്നു .

വാൽകഷ്ണം  : ഇന്ന് അപ്പച്ചി രാജു അറിയപെടുന്നത് എനിമ രാജു എന്നാ ന്യൂ ജെനരെഷൻ  പേരിൽ