Friday, November 13, 2009

എന്റെ ബ്ലോഗ്‌ പൂട്ടുന്നു

ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. അത് പോലും ഓര്‍ത്തിരിക്കാന്‍ വയ്യാത്ത ഞാന്‍ പിന്നെ ബ്ലോഗ്‌ എഴുതുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ എന്റെ ബ്ലോഗ്ഗിനു താഴിടുന്നു. അതുവരെ നിങ്ങള്ക്ക് വായിക്കാന്‍ ഒരു ചെറിയ ലേഖനം താഴെ കൊടുക്കുന്നു.

*************************************************************************************
പ്രിയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ,

ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് അത്ഭുതം തോന്നുന്നു. ഏകദേശം മുപ്പതു പോസ്റ്റുകള്‍ ഞാന്‍ എഴുതി എന്നത് തന്നെ വിശ്വസിക്കാന്‍ പ്രയാസം. ജീവിതത്തിലെ കണ്ടതും കേട്ടതുമായ ചില സംഭവങ്ങള്‍ എന്നെകൊണ്ട് ആവുന്നപോലെ നര്‍മം ചാലിച്ചു (ഇതിനെ നര്‍മം എന്ന് വിളിക്കുമോ) നിങ്ങളോട് പങ്കു വച്ചു നിങ്ങളില്‍ ഒരാളായി മാറാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം ആയി കരുതുന്നു. പലരെയും പോലെ വിശാലേട്ടന്‍, അരവിന്ദേട്ടന്‍, പകല്കിനവന്‍, പോങ്ങുമൂടന്‍, നന്ദപര്‍വ്വം നന്ദെട്ടന്‍, എന്ന ഗുരുക്കന്മാരുടെ പോസ്റ്റുകള്‍ വായിച്ചാണ് ഞാനും ബൂലോകത്തേക്ക് കടക്കുന്നതു തന്നെ. അരുണ്‍ കായംകുളം, കുമാരസംഭവം ഒക്കെ ഒരു പാട് തവണ വായിച്ചു.

അങ്ങനെയാണ് എന്നിലും ഒരു ആത്മവിശ്വാസം ഉടലെടുത്തത്, എനിക്കും എന്തേലും ഒക്കെ എഴുതി നിങ്ങളെ വധിക്കാന്‍ സാധിക്കും എന്ന്. ഇതില്‍ എനിക്ക് പ്രധാനമായും നന്ദി പറയണ്ട വ്യക്തി കുമാരസംഭവം എന്ന ബ്ലോഗിന്റെ ഉടമയായ ശ്രീ അനിലേട്ടന്‍ ആണ്. ഒരുപാട് സംശയങ്ങളും മറ്റും തീര്‍ത്തു തരാനും, എഴുത്ത് എങ്ങനെ മെച്ചപെടുത്താം എന്ന കാര്യങ്ങളില്‍ അദ്ദേഹം തന്നെ ഉപദേശങ്ങള്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല, പിന്നെ മറ്റൊരു വ്യക്തി പകല്കിനവന്‍ മാഷാണ്. അദ്ദേഹവും എന്റെ രചന നന്നാക്കുന്നതില്‍ വഹിച്ച പങ്കും ചില്ലറയല്ല. അരുണ്‍ കായംകുളം ടെക്നിക്കല്‍ പരമയിട്ടുള്ള കാര്യങ്ങളില്‍ എന്നെ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളുടെ (കുട്ടപ്പേട്ടന്റെ മകള്‍ രചന അല്ല ട്ടാ) ഒരു ആരാധകന്‍ ആയ ഞാന്‍ ഇന്ന് അദ്ദേഹവുമായി നല്ല സുഹൃത്ത്‌ ബന്ധം നിലനിര്‍ത്തുന്നത്‌ കാണുമ്പൊള്‍ ദൈവം വലിയവന്‍ തന്നെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അരുണ്‍ എനിക്ക് എന്റെ ബ്ലോഗ്ഗിന്റെ പിറന്നാള്‍ സമ്മാനമായി തന്ന നമ്മുടെ ബൂലോകം എന്ന മാധ്യമത്തിലെ പരിചയപെടുത്തല്‍ നിങ്ങള്‍ ഏവരും കണ്ടു കാണുമല്ലോ. അതിന്റെ ലിങ്ക് ദാണ്ടെ ഇവിടെ, വായിച്ചിട്ടില്ലാത്തവര്‍ സന്ദര്‍ശിക്കുമല്ലോ. അതില്‍ ഞാന്‍ എഴുതിയ മറുപടി കമന്റ്‌ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. പിന്നെ ഓരോ ബ്ലോഗ്ഗെര്മാരെയും ഞാന്‍ പേരെടുത്തു പറയുന്നില്ല, കാരണം ഒരു പാട് പേരുണ്ട്. നിങ്ങള്‍ ഇല്ല, പിന്നെ എന്താ?? "നമ്മള്‍" അത് മതി.
************************************************************************************
കുറുപ്പിന്‍റെ കണക്കു പുസ്തകം, November 4, 2009 1:25 PM

പ്രിയപ്പെട്ട അരുണ്‍,

നന്ദി പറഞ്ഞാല്‍ കൂടി പോവും, അത് കൊണ്ട് പറയുന്നില്ലാ കാരണം അത് മനസ്സില്‍ ഉണ്ട്. ഓരോ എഴുത്തുകാരനെയും (എന്റെ കാര്യം വിട്ടേര്) ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന അരുണിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹം തന്നെ എന്ന് പറയണം. കൂടുതല്‍ എഴുതുവാനും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാനും എന്നെ പോലുള്ള കുരുപ്പുകള്‍ക്ക് ശക്തി താങ്കളെ പോലുള്ള എഴുത്തുകാരുടെ ശക്തമായ ഈ പിന്താങ്ങ് തന്നെ എന്ന് എടുത്തു പറയണം. ഒരു പാട് ബ്ലോഗുകള്‍ വായിച്ചു വന്ന വ്യക്തി എന്ന നിലയില്‍ ബ്ലോഗ്‌ തുടങ്ങാനും എഴുതാനും ആദ്യം പേടി തോന്നിയിരുന്നു, എങ്കിലും രണ്ടും കല്‍പ്പിച്ചു മുന്നോട്ടു പോയപ്പോള്‍ ബൂലോകം സുഹൃത്തുക്കള്‍ തന്ന ഈ സപ്പോര്‍ട്ട് ഒരിക്കലും മറക്കാന്‍ എനിക്കാവില്ല. എന്നെ കൊണ്ട് ആവും വിധം ആര്‍ക്കും യാതൊരു വേദനയും നല്‍കാതെ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വച്ച് നിങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ പ്രതിസന്ധിയില്‍ ആണ് ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നതും കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടമാവുന്നതും. ആ വിഷമം മറക്കാനും ഒരു പാട് സുഹൃത്തുക്കളെ അതും പരസ്പരം കാണാത്തവരെ തന്നു എന്നെ അനുഗ്രഹിച്ച ദൈവമേ നിനക്ക് നൂറു നൂറു നന്ദി. ഇനിയും ഇതുപോലെ ഒരു പാട് പേരെ അരുണിന് ബൂലോകര്‍ക്കായി പരിചയപെടുത്താന്‍ കഴിയട്ടെ ഒപ്പം നമ്മുടെ സൌഹ്രദത്തിന്റെ ഈ പച്ചപ്പ്‌ എന്നും നിലനില്‍ക്കട്ടെ. അരുണ്‍ എനിക്ക് തന്ന വിലപെട്ട സമ്മാനമായി ഞാന്‍ ഇതിനെ നെഞ്ചോട്‌ ചേര്‍ക്കുന്നു. കൂടാതെ നമ്മുടെ ബൂലോകത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ഒരുക്കിതരുന്ന അതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ വിനീതമായ കൂപ്പു കൈ. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക. എല്ലാ പ്രിയ ബൂലോകം സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി . പ്രീതികുളങ്ങര അമ്മ നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.

സസ്നേഹം രാജീവ്‌ കുറുപ്പ്

(കൂടിപോയോ ഇല്ലല്ലോ, സഹിച്ചോ സഹിച്ചോ)

Monday, November 9, 2009

അപ്പാച്ചി രാജുവിന്റെ കല്യാണം

ആലപ്പുഴക്കും ചേര്‍ത്തലക്കും ഇടയില്‍ പോകുന്ന ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗം ആണ് എന്റെ ഗ്രാമം കലവൂര്‍ ഉള്‍പ്പെടുന്ന മാരാരിക്കുളം പഞ്ചായത്ത്. അച്ചു മാമന്റെ സ്വന്തം സ്ഥലം. എന്റെ വീട്ടില്‍ നിന്നും പടിഞ്ഞാട്ടു പോയാല്‍ തീരദേശ റെയില്‍വേ, അവിടുന്ന് പടിഞ്ഞാട്ടു പിന്നേം പോയാല്‍ കടല്‍ കാണാം. ഇനി എന്റെ വീട്ടില്‍ നിന്നും കിഴക്കോട്ടു പോയാല്‍ എന്‍ എച്ച്, അവിടുന്ന് കിഴക്കോട്ടു പോയാല്‍ കായലില്‍ ചെല്ലും. സുനാമി എങ്ങാനും വന്നാല്‍ കായലിന്റെയും കടലിന്റെയും നടുക്ക് കേറി നില്ക്കാന്‍ പറ്റിയ ഒരു സ്ഥലം ഇന്ന് വരെ ആരും കണ്ടു പിടിച്ചിട്ടില്ല, അന്നത്തെ സുനാമിക്ക് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരും ഓടിയത് കിഴക്കോട്ടു, കൂട്ടത്തില്‍ ഞാനും ഓടി, എന്നിട്ട് ഹൈവേ ചെന്ന് കുത്തിയിരുന്ന്. കാരണം ഇനി കായല് കേറി വന്നാല്‍ സൈഡിലെക്കല്ലേ ഓടാന്‍ പറ്റൂ. ഇതാണ് കലവൂരിനെ കുറിച്ചുള്ള ഒരു വിവരണം. ഈ വിവരണവും ഞാന്‍ പറയാന്‍ പോകുന്ന സംഭവുമായി യാതൊരു ബന്ധവും ഇല്ല. പിന്നെ എന്തിനാ പറഞ്ഞെ എന്ന് ചോദിച്ചാല്‍, അരവിന്ദേട്ടന്‍ പറയുന്ന പോലെ വെര്‍തെ.

തലകെട്ടിലെ കഥാ പത്രം തന്നെയാണ് ഇതിലും താരം. അപ്പാച്ചി രാജു എന്റെ അയല്‍വാസിയും സുഹൃത്തും ആണ്. അവന്റെ ചേട്ടന്‍ ആണ് എന്റെ പഴയ പോസ്റ്റുകളിലെ താരം ചാളുവ കുട്ടന്‍. ഈ കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധം ആണ്. എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു ഇവരുടെ അച്ഛന്‍ പുറത്തയില്‍ സദാശിവന്‍ ചേട്ടന്‍. അദ്ദേഹത്തോട് എനിക്ക് ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ കൂടുതല്‍ ആയിരുന്നു. കാരണം വീട്ടില്‍ മിക്കവാറും എല്ലാ ദിവസവും എനിക്ക് അച്ഛന്റെ കൈയ്യില്‍ നിന്നും പെട കിട്ടുമായിരുന്നു. എന്നിട്ട് എന്നും വൈകിട്ട് അച്ഛന്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി ഗേറ്റിന്റെ വെളിയില്‍ റോഡില്‍ തള്ളി ഗേറ്റ് അടച്ചു വീട്ടില്‍ പോവും, കാരണം എന്റെ "കൈയ്യിലിരിപ്പ്‌". കരഞ്ഞു കൊണ്ട് ഞാന്‍ ഓടിച്ചെന്നു സദാശിവന്‍ മാമന്റെ അടുത്ത് ചെന്ന് കാര്യം പറയും. അന്നേരം മാമ്മന്‍ എന്നെ കൂട്ടി വീട്ടില്‍ വന്നു അച്ഛനോട് മാപ്പൊക്കെ പറയിപ്പിച്ചു സന്ധി ആക്കും. പിറ്റേന്നും ഇത് തന്നെ ആവര്‍ത്തിക്കും. അത് കൊണ്ട് ഞാന്‍ ചുമ്മാ റോഡില്‍ നിന്നാലും നാട്ടുകാര്‍ ചോദിക്കും "ഇറക്കി വിട്ടാ ഇന്നും, സദാശിവന്‍ മംമനെ വിളിക്കെട്ടെ" എന്ന്. അദ്ദേഹത്തിന്റെ മരണശേഷം മൂത്ത മകന്‍ ചാളുവ കുട്ടന്‍ (കുട്ടന്‍ അണ്ണന്‍) ഈ ദൌത്യം ഏറ്റെടുത്ത് ഭംഗിയായി നടത്തി പോന്നു. എത്ര വളര്‍ന്നിട്ടും ഞാന്‍ നന്നായില്ല എന്ന് ചുരുക്കം.

അപ്പാച്ചി രാജുവിന്റെ യഥാര്‍ത്ഥ പേര് കാര്‍ത്തികേയന്‍ എന്നാണ്. ഇനി അവനെ കുറിച്ച് പറഞ്ഞാല്‍ നാട്ടില്‍ വെല്‍ഡിംഗ് പണി ഒക്കെ ആയി നടന്നപ്പോള്‍ ആണ് അളിയന് മധുരയില്‍ ഉജാല കമ്പനിയില്‍ ജോലി കിട്ടിയത്. എന്തൊക്കെ ആണെന്ന് പറഞ്ഞാലും നാട്ടില്‍ നിന്നും ഒരിക്കലും പോകാന്‍ താല്പര്യം ഇല്ലാതിരുന്ന അവനു തമിഴ്നാട്ടിലെ മധുര പോലും ഗള്‍ഫ്‌ ആയിട്ടാണ് തോന്നിയെ. എങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ അങ്ങനെ ഉജാലയില്‍ ചേര്‍ന്നു. അളിയന്റെ ഹോബി എന്താണെന്നു ചോദിച്ചാല്‍ മീന്‍ പിടുത്തം. നാട്ടില്‍ വെല്‍ഡിംഗ് പണിക്കു പോകുമ്പോളും അളിയന്‍ മീന്‍ പിടുത്തത്തിനു സമയം മാറ്റി വയ്ക്കുമായിരുന്നു. രാവിലെ ചൂണ്ടാക്കോലും, ഒരു കുടവും, ഒരു കൈയ്യില്‍ ചൂണ്ടയില്‍ കൊളുത്താന്‍ ഉള്ള ഇരയുമായി നേരെ എന്റെ വീടിന്റെ തെക്കുവശത്തുള്ള പോഴുവേലി കാട്ടില്‍ കയറും. അതിനുള്ളില്‍ മൂന്ന് നാല് കുളങ്ങള്‍, ചെറിയ ഒരു തോട് ഒക്കെ ഉണ്ട്. പിന്നെ വൈകിട്ട് വരെ ഒറ്റ ഇരുപ്പാണ്. വൈകിട്ടേ വരൂ. നോ ഫുഡ്‌ നോ ഡ്രിങ്ക്. തരിച്ചു വരുമ്പോള്‍, മടിശീലയില്‍ മുഴുവന്‍ കശുവണ്ടി, കുടത്തില്‍, വരാല്‍, കാരി, കരികണ്ണി അങ്ങനെ നിറച്ചും മീന്‍ ഉണ്ടാവും, കുറച്ചു എന്റെ വീട്ടിലും കൊടുത്തിട്ടാണ് അവന്‍ അവന്റെ വീട്ടില്‍ കയറുന്നത്. ഉജാലയില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു ലീവിനു നാട്ടില്‍ വന്നു കഴിഞ്ഞാല്‍ വന്ന വേഷത്തില്‍ തന്നെ ചൂണ്ടയും കുടവും ഇരയുമായി നാട്ടിലെ കുളങ്ങളില്‍ തെണ്ടാന്‍ ഇറങ്ങും.

ചില ദിവസങ്ങളില്‍ ഇവന്‍ മധുരയില്‍ നിന്നും വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ വരും. വീട്ടില്‍ അവന്റെ അമ്മ (ഭാനു അമ്മ) മാത്രമേ ഉള്ളു. ബാക്കിയെല്ലാവരും സ്വന്തം വീടൊക്കെ വച്ച് മാറി താമസിക്കുന്നു. പെങ്ങന്മ്മാര്‍ മൂന്നു പേര്‍ കല്യണം ഒക്കെ കഴിച്ചു കുട്ടികളുമായി അടുത്ത് തന്നെ സെറ്റില്‍ ആണ്. വീട്ടില്‍ വന്നു ബാഗ് വരാന്തയില്‍ വച്ച് വീട്ടില്‍ പോലും കേറാതെ നേരെ അല്‍പ്പം ഉമിക്കരി എടുത്തു പല്ലും തേച്ചു നേരെ എന്റെ വീട്ടില്‍ വന്നു ഞാന്‍ ഉറങ്ങുന്ന മുറിയുടെ ജന്നലില്‍ അടിച്ചു എന്നെ എഴുനെല്‍പ്പിക്കും. (എന്റെ പട്ടി എഴുനേല്‍ക്കും, അവനെ തെറി പറഞ്ഞിട്ട് ഞാന്‍ പുതപ്പിലേക്ക് ഒന്ന് കൂടി ചുരുളും) എന്റെ വീട്ടിലെ കിണറ്റിന്‍ കരയില്‍ നിന്നും വായും കഴുകി ജോസ് അണ്ണന്റെ വീട്ടില്‍ ചെന്ന് അങ്ങേരെ വിളിച്ചു കാപ്പി ഉണ്ടാക്കി കുടിച്ചു നേരെ തെക്കുപുറത്തെ അമ്പലക്കടന്റെ വീട്ടില്‍ വരും. അവന്റെ അച്ഛന് വെളുപ്പിനെ ജോലിക്ക് പോകുന്ന കാരണം ബ്രേക്ക്‌ ഫാസ്റ്റ്‌ രാവിലെ അവിടെ ഉണ്ടാവും. അതും കഴിച്ചു അതിന്റെ കിഴക്ക് പുറത്തെ എന്റെ മാമന്റെ വീട്ടില്‍ വന്നു ഒരു പാല്‍ ചായ. പിന്നെ നേരെ കുളങ്ങള്‍ ഒക്കെ നോക്കി വച്ച്, പാടതറ വീട്ടില്‍ വന്നു അവിടുത്തെ പട്ടിയുടെ പള്ളക്ക് ഒരു ചവിട്ടും കൊടുത്തു മണിയന്‍ ചേട്ടന്റെ വീട്ടില്‍ കേറി ഒന്ന് കൂടി ബ്രേക്ക്‌ ഫാസ്റ്റ്‌. പിന്നെ നേരെ അവന്റെ സ്വന്തം മണിയപ്പന്‍ മാമ്മന്റെ വീട്ടില്‍ വന്നു പിന്നെ അവിടത്തെ പേരക്ക, മാങ്ങാ ഇതെല്ലം തീര്‍ത്തു അവിടുന്ന് ഊണും കഴിച്ചു അവന്‍ സ്വന്തം വീട്ടില്‍ വരുമ്പോള്‍ ആണ് അവന്റെ അമ്മ അവനെ കാണുന്നെ, ബാഗ് കണ്ടത് കൊണ്ട് മകന്‍ നാട്ടില്‍ വന്നിട്ടുണ്ട് എന്ന് അമ്മക്കറിയാം, അത് അവനും അറിയാം. , അന്നേരം സമയം ഉച്ചക്ക് രണ്ടു മണി. അമ്മയെ കണ്ട ഉടനെ പറയുന്ന ഡയലോഗ് ആണ് "വിശന്നിട്ടു മേലെ എന്റെ അമ്മോ പഴംചോറ് ഇരിപ്പുണ്ടോ ന്നു"

മറ്റൊരു കാര്യം ഇവന്‍ എവിടെയങ്കിലും യാത്ര പോവുകയാണെങ്കില്‍ കാണുന്ന മരങ്ങളില്‍ തൊട്ടും, ഇലകളില്‍ ചാടി തൊട്ടും, ചില മരത്തിനു വലം വച്ച് ഒക്കെ ആണ് യാത്ര. ഇതില്‍ ഏതെങ്കിലും മരം വിട്ടു പോയാല്‍ എപ്പം റിവേഴ്സ് എടുത്തു വന്നു അതിനെ തൊട്ടിട്ടു പോയി എന്ന് ചോദിച്ചാല്‍ മതി. ഒരിക്കല്‍ ഇത് കണ്ടു എന്റെ അച്ഛന്‍ പറഞ്ഞു "എടാ രാജു എന്നാല്‍ എന്റെ വീട്ടിലെ ആ കൊന്നതെങ്ങേലെ ചൂട്ടു കൂടി ഒന്ന് തൊട്ടേച്ച് പോടാ, കൂട്ടത്തില്‍ രണ്ടു കരിക്കും ഇട്ടോ " അതോടു കൂടി അവന്റെ ആ സ്വഭാവം നിന്ന്.

ഇവന്‍ ഭയങ്കര ധൈര്യശാലി ആണ് . ഒരിക്കല്‍ ഞാന്‍, അപ്പാച്ചി, അമ്പലക്കാടന്‍, അങ്ങനെ ഒരു ആറു ഏഴു പേര് വളവനാട് ഉത്സവം സംബന്ധിച്ചുളള വേല പടയണി കാണാന്‍ പോയി. പടയണി തുള്ളല്‍ എല്ലാം കഴിഞ്ഞു പൂക്കുറ്റി പാമ്പായി തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു. പ്രീതികുളങ്ങര അമ്പലത്തിന്റെ വാതുക്കല്‍ കൂടി ആണ് വരുന്നേ. അമ്പലത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ എല്ലാം വീണു പോയി. പഞ്ചാര മണലിനെ കെട്ടി പിടിച്ചു ഉറക്കവും തുടങ്ങി. പാതിരാത്രി രണ്ടു മണി കഴിഞ്ഞു. അന്ന് അമ്പലത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ ആരും രാത്രിയില്‍ തങ്ങാറില്ല, കാരണം രക്ഷസ്, യക്ഷി, മറുത അവര് കാള്‍ സെന്ററില്‍ ഡ്യൂട്ടിക്ക് പോകാന്‍ ഇറങ്ങും എന്നും തടസം നില്‍ക്കുന്നവരെ പൊറോട്ട കീറുന്ന പോലെ കീറി ചോരയില്‍ മുക്കി തിന്നും എന്നൊക്കെ കഥ ഉള്ള സമയം. ആദ്യം ഞെട്ടി ഉണര്‍ന്നത് ഞാന്‍, ആഹ ബെസ്റ്റ് സ്ഥലം വെറുതെ എന്റെ ബോഡി അങ്ങനെ പൊറോട്ട ആക്കാന്‍ താല്പര്യം ഇല്ലാത്തത് കാരണം ഞാന്‍ ആരെയും വിളിക്കാതെ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്കു. എന്റെ പിറകെ അമ്പലക്കടനും പറന്നു. അങ്ങനെ അപ്പാച്ചി ഒഴിച്ച് എല്ലാരും അവരവരുടെ വീട്ടിലേക്കു സൂപ്പര്‍ ആയി ലാന്‍ഡ്‌ ചെയ്തു. കുറെ കഴിഞ്ഞു അപ്പാചിയെ ആരോ തട്ടി വിളിച്ചു. അവന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആരെയും കണ്ടില്ലാ. ഒറ്റ കൂട്ടുകാര്‍ ഇല്ല. അന്നേരം ആണ് അവനു സ്ഥലം ഓര്‍മ വന്നതും പേടി കൊണ്ട് വാ പൊളിഞ്ഞതും. കൂട്ടുകാരെയെല്ലാം പ്രേതം പിടിച്ചു ഇനി അവനെ തിന്നും എന്ന് അവനു തോന്നി. കണ്ണും പൂട്ടി മണലില്‍ മുഖം പൂഴ്ത്തി അവന്‍ ശ്വാസം പിടിച്ചു കിടന്നു. അന്നേരം ദെ പിന്നേം ആരോ തട്ടി വിളിക്കുന്നു. പിന്നേം ഒന്നും നോക്കിയില്ല "പുറത്തയിലെ കാവിലമ്മേ, രക്ഷിക്കോ" എന്ന് അലറി കൊണ്ട് വീട് ലക്ഷ്യമാക്കി ഓടി. അതിനടക്ക് തുരുതുരാന്നു പൂഴി റോഡില്‍ കമന്നും ചരിഞ്ഞും ഒക്കെ വീഴാനും മറന്നില്ല. വീടിന്റെ മൂലയിലെ വേലി തകര്‍ത്തു അതിരിലെ കുളത്തില്‍ അടിച്ചും തല്ലി വീണു നീന്തി കേറി വാതിലില്‍ ഇടിച്ചു വിളിച്ചു "എന്റമ്മോ വാതില് തുറക്കോ മറുത പുറകില്‍ ഉണ്ടേ ന്നു". പിറ്റേന്ന് അവനെ കണ്ട ഞങ്ങള്‍ ഞെട്ടി പോയി. ശരീരം മുഴുവന്‍ ചുവന്ന സ്കെച്ച് പേന കൊണ്ട് കൊച്ചു പിള്ളേര് കുത്തി വരച്ച പോലെ.

അങ്ങനെ ഒരു ദിവസം അപ്പാചിയുടെ കല്യണം ഉറപ്പിച്ചു, കലവൂര് കിഴക്ക് മണ്ണംചേരി എന്ന സ്ഥലത്താണ് പെണ്ണ്. കല്യാണ ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി അമ്പലങ്ങളില്‍ എല്ലാം വഴിപാടു നടത്തി മച്ചാന്‍ വീട്ടിലെത്തി. പിന്നെ അവനെ ഒരുക്കുന്ന തിരക്കില്‍ ആയി ഞങ്ങള്‍. പുറത്തുള്ള പന്തലില്‍ കാപ്പി പരിപാടി നടക്കുന്നു. ആകെ തിരക്ക്. കോടിക്ക് പോകാന്‍ ഉള്ള വാഹനങ്ങള്‍ എല്ലാം വാതുക്കലെ റോഡില്‍ എത്തി. അങ്ങനെ വീട്ടില്‍ നിന്നും പെണ്ണിന്റെ വീട്ടിലേക്കു പോകാന്‍ ഉള്ള മുഹൂര്‍ത്തം സമാഗതമായി. ഞങ്ങളും നാട്ടാരും എല്ലാവരും അപ്പച്ചിയുടെ കല്യാണത്തിന് പോകാന്‍ ഇറങ്ങി. അനു ട്രവേല്സിലെ മൂന്നു ബസും രണ്ടു ടെമ്പോ ട്രവേലെര്‍ പിന്നെ അപ്പാചിക്ക് പോകാന്‍ ഒരു കാറും ഒക്കെ ആയി ഞങ്ങള്‍ കല്യാണ വീട് ലക്ഷ്യമാക്കി യാത്രയായി. പതിനഞ്ചു ഇരുപതു മിനിറ്റ് ഉള്ള യാത്ര ആണ്. ഞങ്ങള്‍ പിന്നെ സേവിച്ചു വന്നത് കാരണം ആണോ അതോ വരുന്ന വഴിയില്‍ കൂണ് പോലെ ഷാപ്പുകള്‍ ഉള്ള കൊണ്ടാണോ കുറച്ചു സമയം കൂടുതല്‍ എടുത്തു. അങ്ങനെ പെണ്ണിന്റെ വീട്ടില്‍ എത്തി. പെണ്ണുംവീട് റോഡില്‍ നിന്നും ശകലം ഉള്ളില്‍ ആയിട്ടാണ്. വാഹനങ്ങള്‍ അവിടെ അടുത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക്‌ എല്ലാം ചെയ്തിരിക്കുന്നു. നോക്കുമ്പോള്‍ അപ്പാച്ചി രാജു വന്ന കാറിന്റെ അരികില്‍ ചാരി നില്‍ക്കുന്നു. ഞങ്ങള്‍ ചോദിച്ചു
"നീ കേറില്ലേ അളിയാ"
"ഇല്ല നിങ്ങള്‍ വന്നിട്ട് കേറിയാല്‍ മതി എന്ന് കരുതി, എന്തായാലും ഇന്ന് അടിച്ചില്ല, എന്നാലും നിന്റെ ഒക്കെ കൂടെ നടന്നാല്‍ ഒരു മൂഡ്‌ എങ്കിലും ആവുമല്ലോ, ബാ നടക്കു"
അങ്ങനെ ഇവനെയും കൊണ്ട് ഞങ്ങള്‍ പെണ്ണിന്റെ വീട്ടിലേക്കു നീങ്ങി. പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന വഴി ഒരു ചെറിയ തോടും അതിനു കുറുകെ ഒരു തടി പാലവും ഉണ്ട്. പാലത്തില്‍ ഞങ്ങള്‍ കയറി നടുവിലെത്തിയപ്പോള്‍ അപ്പാച്ചി ആ മനോഹരമായ കാഴ്ച കണ്ടു. തോട്ടില്‍ ഒരു വലിയ വരാലും പിന്നെ പാര്‍പ്പും നില്‍ക്കുന്നു. പതിയെ അവന്‍ മുണ്ട് മടക്കി കുത്തി. പിന്നെ ഞങ്ങളെ പാലത്തില്‍ നിന്നും ആംഗ്യം കാണിച്ചു പുറത്തേക്കു ഓടിച്ചു. എന്തോ ചോദിക്കാന്‍ വന്ന കാടനെ കണ്ണും കൈയും കൊണ്ട് തന്തക്കു വിളിച്ചു. അവന്‍ ആംഗ്യം കൊണ്ട് മനസിലായി എന്ന് മറുപടിയും കൊടുത്തു. കാട്ടു ചേമ്പുകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന തോടിന്റെ കരയില്‍ ആണ് വരാല്‍ കുട്ടികളുമായി ഷോപ്പിംഗ്‌ നടത്തുന്നത്. പതിയെ അപ്പച്ചി ശബ്ദം ഒന്നും ഉണ്ടാക്കാതെ വെള്ളത്തില്‍ ഇറങ്ങി. ഞങ്ങളും ഓപ്പറേഷന്‍ വരാല്‍ നോക്കി കണ്ണും തള്ളി നിന്നു. എ മിന്നല്‍ അറ്റാക്ക്‌ ഫ്രം അപ്പാച്ചി. ചേമ്പിന്റെ കാട്, തോട്ടിലെ പുല്ലു എല്ലാം ഉള്‍പ്പെടെ കരയില്‍ ഒരു ചെറിയ മരുത്വാന്‍ മല വന്നു വീണു. അട്ടഹാസത്തോടെ കരയില്‍ ഓടി കയറി വരാലിന്റെ പള്ളക്ക് പൊക്കി പിടിച്ചു കല്യാണ ചെക്കന്‍ വരാലുമായി നിക്കണ കാഴ്ച കണ്ടു ഞങ്ങള്‍ ഞെട്ടി.
ഞാന്‍ ചോദിച്ചു "എന്ത് പരിപാടിയ നീ കാണിച്ചേ, കല്യാണം അല്ലെ നിന്റെ"
അപ്പാച്ചി പറഞ്ഞു "എടാ കുറുപ്പേ ഓര്‍ത്തില്ല ആക്രാന്തം ആയി പോയി, കുറെ നാളായി ഒരു വരാല് പിടിച്ചിട്ട്".
കരക്ക്‌ കേറിയ അവന്‍, അവന്റെ ഒപ്പം എനിക്കെടുത്ത മുണ്ട് അഴിച്ചെടുത്തു. എന്നിട്ട് പറഞ്ഞ ഡയലോഗ് കേട്ട് ഞങ്ങള്‍ എല്ലാം ഞെട്ടി
"എടാ കുറുപ്പേ എന്തായാലും കഷ്ടപ്പെട്ട് പിടിച്ചതല്ലേ, അപ്പുറത്തെ വീട്ടീന്ന് ഒരു കുടം മേടിച്ചു ഇതിനെ അതില്‍ ഇട്ടു വയ്യ്, കല്യാണം കഴിഞ്ഞു പോവുമ്പോള്‍ കൊണ്ട് പോവാം ന്നു"

Wednesday, October 21, 2009

അബുദാബി എയര്‍പോര്‍ട്ടിലെ തോക്ക്

ഡല്‍ഹിയിലെ വരുന്നത് തന്നെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവും കൂടെ ചുമന്നായിരുന്നു. വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മനസിലായി "നടക്കില്ല തമ്പി നടക്കില്ല". ഒരു പാട് ടെസ്റ്റുകള്‍ എഴുതിയെങ്കിലും ക്യാ ഫലം നോ ഫലം, അങ്ങനെ കൂടെ ഉണ്ടായിരുന്ന പല കൂട്ടുകാരും യു എ ഇ യിലേക്ക് ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ ഒരു ശരാശരി മലയാളിയപ്പോലെ ഞാനും സ്വപ്നം കാണാന്‍ തുടങ്ങി, അതെ ഗള്‍ഫ്‌ എന്നാ സ്വപ്നം. എന്റെ സ്വപ്നം സഫലമായത് രണ്ടായിരത്തി നാലില്‍. അമ്മാവന്‍ വഴി വന്ന പ്രൊപോസല്‍, അമ്മാവന്റെ അടുത്ത സുഹൃത്തിന്റെ അനന്തിരവന്റെ കമ്പനി. സ്ഥലം അബുദാബി, ജോലി കാര്യസ്ഥ പണി തന്നെ. ബയോടാറ്റ, സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്‌ കോപീസ് എല്ലാം അയച്ചു കൊടുത്തു, പിന്നെ കാത്തിരിപ്പു തുടങ്ങി

"എന്ന് വരും വിസ, എന്ന് വരും വിസ," എന്ന പാട്ടും പാടി. അതോടെ ഇച്ചിരി ഗമ കൂടി എന്ന് പറയാം. കൂട്ടുകാര്‍ക്കൊക്കെ കുറച്ചു കൂടി ബഹുമാനം കൂടി, കുപ്പികള്‍ ഞാന്‍ ഷെയര്‍ ഇടാതെ തന്നെ പൊട്ടി.
"അളിയാ നീ മറക്കില്ലല്ലോ അല്ലെ, എന്റെ കാര്യം കൂടി നീ ചെന്നിട്ടു ശരിയാക്കണം"
"എല്ലാം ചെയ്യാം ദാസ, ഞാന്‍ ഒന്ന് ചെല്ലട്ടെ, ഒരു തണ്ടൂരി ചിക്കന്‍ കൂടി കിട്ടിയിരുന്നെങ്കില്‍...... "
"ദേ ഇപ്പം കൊണ്ട് വരാം ട്ടാ" അങ്ങനെ പോയി കാര്യങ്ങള്‍
അങ്ങനെ ഒടുവില്‍ കാത്തിരിപ്പിനു വിരാമം ഇട്ടു അബുധാബിയില്‍ നിന്നും വിസിറ്റിംഗ് വിസ ആന്‍ഡ്‌ ടിക്കറ്റ്‌ അങ്ങനെ എത്തി. പക്ഷെ പ്രശ്നം ആദ്യമായാണു ഫ്ലൈറ്റില്‍ കാല് കുത്താന്‍ പോകുന്നെ, ഈ പണ്ടാരം മുകളില്‍ കൂടി പോകുന്നത് അല്ലാതെ എനിക്കിതിന്റെ അകത്തുള്ള കാര്യം ഒന്നും അറിയില്ല, രണ്ടാമത് ഇതു ഏഴു കടലും കടന്നൊക്കെ ആണ് പോകുന്നെ എന്ന് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. കടലില്‍ വീണാല്‍ സ്രാവ് തിന്നും, അല്ലാതെ വല്ല കാട്ടിലും വീണാല്‍ നരഭോജികള്‍ കാലാപ്പാനി സ്റ്റൈലില്‍ പീഡിപ്പിക്കും, അല്ലെങ്കില്‍ താഴേക്ക് പോരുന്ന കൂട്ടത്തില്‍ ഒരു എയര്‍ ഹോസ്റ്റസ്‌ ചേച്ചിയെ കൂടെ ദൈവം കൂട്ടിനു തരണം, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ.
ഇതിനിടക്ക്‌ അച്ഛമ്മ വിളിച്ചു കരഞ്ഞു പറഞ്ഞു "എന്റെ മക്കളെ ആള് കൂടുതല്‍ ആണേല്‍ കമ്പിയേല്‍ മുറുക്കെ പിടിച്ചു നിന്നോനെ എന്ന്"
അങ്ങനെ ആ ദിവസം വന്നു, ഗള്‍ഫ്‌ എയര്‍ലൈന്‍സ്‌ ആണ് വണ്ടി, വയ മസ്കറ്റ്‌. തലേ ദിവസം പാര്‍ട്ടി ഒക്കെ നടന്നു. കരച്ചില്,കെട്ടിപിടിത്തം, പാക്കിംഗ്, അങ്ങനെ ഒക്കെ പോയി.

പിറ്റേന്ന് പാലം ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്ലൈറ്റ്. രാവിലെ അമ്മാവന്മാര്‍ രണ്ടുപേരും കൂടെ വന്നതിനാലും, എയര്‍പോര്‍ട്ടില്‍ അവര്‍ക്ക് പരിചയക്കാര്‍ ഉള്ളതിനാലും അവിടുത്തെ എല്ലാ പരിപാടിയും ഈസി ആയി നടന്നു. ഒടുവില്‍ ഫ്ലൈറ്റില്‍ കേറുന്നതിനു തൊട്ടു മുന്‍പ് ലാസ്റ്റ് സെക്യൂരിറ്റി ചെക്ക്‌ സമയത്ത് അരഞ്ഞാണം അല്പം പ്രശനം ഉണടാക്കിയത് ഒഴിച്ചാല്‍ സംഭവം ഓക്കേ. അങ്ങനെ അതിനകത്ത് കയറി പറ്റി. സീറ്റ്‌ കണ്ടു പിടിച്ചു. (കോപ്പാണ് ബോര്‍ഡിംഗ് പാസ്‌ നോക്കിയിട്ട് ഒന്നും മനസിലായില്ല, എയര്‍ ഹോസ്ടസ് ചാച്ചി ഇരുത്തി കയറിട്ടു മുറുക്കി തന്നു എന്നതാണ് സത്യം). സത്യത്തില്‍ (ബാബു നമ്പൂതിരി അല്ല ട്ടാ) ഞാന്‍ ഓര്‍ത്തിരുന്നത് ഫ്ലൈറ്റ് നമ്മടെ ബൈക്കും, ബസും ലോറിയും ഒക്കെ പോണ പോലെ ഫസ്റ്റ് ഗിയര്‍ ഇട്ടു പിന്നെ ക്ലച്ച് പിടിച്ചു സെക്കന്റ്‌ ഇട്ടു ഒക്കെ ആണെന്നാണ്. എനിക്ക് കിട്ടിയത് ഒരു വിന്‍ഡോ സീറ്റ്‌ ആയിരുന്നു . എന്റെ അടുത്ത് ഒരു അമറന്‍ പഞ്ചാബി പെണ്‍കൊടി , എന്‍ ആര്‍ ഐ പീസ്. ഹോ കത്രിന കൈഫ്‌ അവളെ കണ്ടിരുന്നേല്‍ റണ്‍വേയില്‍ തല വച്ചനെ.
അങ്ങനെ കുറെ അറിയിപ്പും തളപ്പ് ഇങ്ങനെ കാലേല്‍ ഇട്ടു തെങ്ങേല്‍ കേറാം എന്നൊക്കെ കുറെ ആക്ഷന്‍ മൂവി ട്രെയിലര്‍ കാണിച്ചു അമ്മച്ചിമാര്‍ പോയി. എല്ലാ സീറ്റ് പിന്നിലും അതതു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ടീ വീ പോലത്തെ സാധനം. പറ്റെ ഇരുന്ന പെങ്കൊച്ച് അറിയാതെ കുറെ കുത്തി നോക്കി എങ്കിലും ഒരു പുല്ലും വന്നില്ല. അവളണേല്‍ വന്നു കേറിയത്‌ മുതല്‍ ഒരു കോപ്പിലെ ഇംഗ്ലീഷ് ബുക്കു വായിച്ചു ഒരേ ഇരിപ്പ്. അങ്ങനെ അറിയിപ്പ് ഒക്കെ കഴിഞ്ഞു വണ്ടി പയ്യെ മുന്നോട്ടു എടുത്തു. അന്നേരം ആണ് എനിക്ക് മനസിലായെ പേടിക്കാന്‍ ഒന്നുമില്ല, നോതിംഗ് ടു വറി യാര്‍, വിജയ്‌ സൂപ്പര്‍ ആദ്യമായി ഫസ്റ്റ് ഗിയറിട്ട് ഓടിക്കുന്ന പോലെ ഒരു ഫീലിംഗ്, ലിറ്റില്‍ ബിറ്റ് കുലുക്കംസ്, ബ്ലഡി പീ ഡബ്ലിയു ഡീ, അങ്ങനെ കുറെ കുലുങ്ങി കുലുങ്ങി ഓടി അളിയന്‍ റണ്‍വേയില്‍ കയറി. പിന്നെ ഒരു അറിയിപ്പും, ഫസ്റ്റ് ഗിയറില്‍ നിന്നും പിന്നെ ലാസ്റ്റ് ഗിയരിലോട്ടു ഒറ്റ ഇടലയിരുന്നു. പിന്നെ ബ്രേക്ക്‌ പൊട്ടിയ പോലെ ഒരൊറ്റ കുതിപ്പ്. ശ്വാസം നിലച്ചു പോയി. പിന്നെ നിലത്തു നിന്നും വിമാനം പൊങ്ങിയതും കാതില്‍ കാറ്റ് കേറി ആകാശ വാണി സ്റ്റേഷന്‍ പൂട്ടിയ സൌണ്ട് ഒന്നും ഞാന്‍ അറിഞ്ഞില്ല, അത്രയും സമയം കൊണ്ട് നാട്ടിലെ ഒരു മാതിരി പെട്ട ദൈവങ്ങള്‍ക്ക് നേര്ച്ച നേരുകയും ഒപ്പം അയ്യപ്പ സ്തുതിയില്‍ നിന്നും ടേക്ക് ഓഫ്‌ ചെയ്തു ഹനുമാന്‍ സ്തുതിയില്‍ വന്നു ലാന്‍ഡ്‌ ചെയ്തു. (ആ വിമാനത്തിന്റെ പൈലറ്റിനു കൊണ്ട് പോലും ഇത് നടക്കേല്ലാ)

കണ്ണും തള്ളി കണ്ണുനീരുമായി ഉള്ള എന്റെ ഇരിപ്പ് കണ്ടു എന്റെ സഹയാത്രിക ബുക്കില്‍ നിന്നും മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു "സ്പീഡ് കുറവാ അല്ലിയോ"

അങ്ങനെ അബുദാബി എയര്‍പോര്‍ട്ടില്‍ സംഭവം ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു മുറുക്കെ പിടിച്ചു ഇരുന്നോ എന്നൊക്കെ അറിയിപ്പ് വന്നു. വിമാനം നിലത്തു തൊട്ടു പിന്നെ കുലുക്കോം ബഹളവും "എന്റെ ദേവിയെ" എന്നാ വിളി എന്നില്‍ നിന്ന് ഞാന്‍ പോലും അറിയാതെ പുറത്തു വന്നു. കമ്പ്ലീറ്റ്‌ ഇടിച്ചു തെറിപ്പിച്ചു എയര്‍പോര്‍ട്ട് തകര്‍ത്തു ഇത് പോകും എന്ന് തോന്നി പോയി. അങ്ങനെ ഞാന്‍ അബുധാബിയില്‍ കാലു കുത്തി. പിന്നെ എന്റെ ഒണക്ക ബാഗും നെല്ലുകുത്തുന്ന മില്ലില്‍ നിന്നും അരിയൊക്കെ വരുന്ന പോലെ കണ്‍വെയര്‍ ബെല്‍ട്ടില്‍ നിന്നും എടുത്തു അറബി മമ്മന്മാര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തു സൂപ്പര്‍ ആയി പുറത്തു വന്നു. കസിന്‍ പുറത്തു കാത്തു നില്‍ക്കുന്നു. പുള്ളിയെ കണ്ടതും സമാധാനം ആയി. കെട്ടി പിടിച്ചു പൊട്ടികരഞ്ഞില്ല, തെറി വിളിക്കാനാ തോന്നിയെ, ഫ്ലൈറ്റില്‍ ഇരുന്ന അനുഭവിച്ച ടെന്‍ഷന്‍. ഹോ . അങ്ങനെ പുള്ളിയുടെ കാറില്‍ അവിടെ നിന്നും സലാം സ്ട്രീറ്റില്‍ എത്തി. അങ്ങനെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫ്‌ ജീവിതം തുടങ്ങി.

ഇനി അവിടുത്ത ജീവിതത്തിലേക്ക് ഞാന്‍ കടക്കുന്നില്ല, ഒരു ഒന്നര ഒന്നേ മുക്കാല്‍ മാസം കഴിഞ്ഞപ്പോള്‍ എന്റെ എമ്പ്ലോയ്മെന്റ്റ്‌ വിസ കിട്ടി. പുള്ളി എക്സിറ്റ്‌ എനിക്ക് ഡല്‍ഹിക്ക് തന്നു. അങ്ങനെ തിരുമ്പി പോകാന്‍ ഞാന്‍ വീടും അബുദാബി എയര്‍പോര്‍ട്ടില്‍ എത്തി. പുള്ളിക്കാരന്‍ എന്നെ കേറ്റി വിട്ടു. തൊണ്ണൂറ്റി എട്ടില്‍ എടുത്ത എന്റെ പാസ്പോര്‍ട്ടില്‍ ഉള്ള ഫോട്ടോ കണ്ടാല്‍ എന്റെ അപ്പന്‍ പോലും എന്നെ തിരിച്ചറിയില്ല, കാരണം ഞാന്‍ ഡല്‍ഹിക്ക് പോരുന്നതിനു മുന്‍പ് വിര പോലെ ഇരുന്ന ആളായിരുന്നു, മീശ ഒക്കെ വടിച്ചു മുടിഞ്ഞ സെറ്റ് അപ്പ്‌ ആയിരുന്നു. ഡല്‍ഹിയില്‍ വന്നു മാമ്മനെ മുടിപ്പിച്ചു തീറ്റ തുടങ്ങിയതോടെ ഞാന്‍ അങ്ങ് കേറി വീര്‍ത്തു. പിന്നെ മീശയും വച്ച്. പാസ്പോര്‍ട്ടിലെ ഫോട്ടോ കണ്ടാല്‍ ഒരിക്കലും പറയില്ല ഞാന്‍ ആണെന്ന്. അകത്തു കേറിയ എന്റെ പാസ്പോര്‍ട്ടില്‍ നോക്കിയിട്ട് അറബി അണ്ണന്‍ എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് സൈഡില്‍ പോയി നില്ക്കാന്‍ പറഞ്ഞു. അതിനടുത്ത ഒരു ചെറിയ മുറി, അവിടെ തോക്ക് പിടിച്ച ഒരു അണ്ണന്‍ എന്റെ കൊണ്ട് റൂമില്‍ ഇരുത്തി പറഞ്ഞു "യു സിറ്റ് ദേര്‍" കുറച്ചു കഴിഞ്ഞു മറ്റേ അറബി എന്റെ അടുത്ത് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര് പറഞ്ഞു വന്നത് ഞാന്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് വന്നത് എന്നും എന്റേത് കള്ളാ പാസ്പോര്‍ട്ട് ആണെന്നും പറഞ്ഞു. അന്നത്തെ പാസ്പോര്‍ട്ട്‌ ഇന്നത്തെ പോലെ പ്രിന്റ്‌ അല്ല, പേന കൊണ്ട് എഴുതി ചേര്‍ത്തായിരുന്നു. മഷിയും മറ്റും പുരണ്ടു ആകെ ചളം കുളം.

സര്‍വ്വ നാഡികളും തകര്‍ന്നു പോയി. അബുധാബിയിലെ തടവയുടെ ഗേറ്റ് എന്റെ മുന്നില്‍ അഞ്ചാറ്വട്ടം തുറന്നു. കണ്ണില്‍ ഇരുട്ട് കേറി. എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും. കശുവണ്ടി മോട്ടിച്ചും മറ്റും മാത്രം പരിചയമുള്ള ഞാന്‍ കള്ള പാസ്പോര്‍ട്ടില്‍ വന്ന ബ്രഹ്മാണ്ട കുറ്റത്തിന് പീടിപ്പിക്കപെടുന്നു. എല്ലാ ദൈവങ്ങളെയും വിളിച്ചു, അതിന്റെ കൂടെ കമ്പനിക്ക് എന്റെ ശരീരം വിയര്‍ത്തു സപ്പോര്‍ട്ടും തന്നു. കണ്ണുകളും കൂടെ നിറഞ്ഞു അവരുടെ ഡ്യൂട്ടി ചെയ്തു. പതിയെ ഞാന്‍ സീറ്റില്‍ ഇരുന്നു, തോക്കും പിടിച്ചു നിന്ന അണ്ണന്റെ മുഖത്ത് ദയനീയമായി പ്ലീറ്റ്‌ വീണ മുഖത്തോടെ പറഞ്ഞു "അണ്ണാ ഇതെന്റെ ഒറിജിനല്‍ പാസ്പോര്‍ട്ട്‌ ആണ്, നാട്ടില്‍ നിന്നപ്പോള്‍ ഞാന്‍ വിര പോലെ ഇരുന്ന ആളായിരുന്നു, ഡല്‍ഹിയില്‍ വന്നപ്പോള്‍ റേഷന്‍ ക്വോട്ട കൂട്ടി കൂട്ടി ഞാന്‍ തടിച്ചു, പിന്നെ മീശ വരുന്നത് ഒരു തെറ്റാണോ, എന്റെ മീശയല്ലേ അതൊന്നു വടിക്കാന്‍ പോലും എനിക്ക് അവകാശമില്ലേ" അയാള്‍ ചൂടായി പറഞ്ഞു "യു ഷട്ട് അപ്പ്‌ ആന്‍ഡ്‌ സിറ്റ് തേര്‍, ഡോണ്ട് ടോക്ക് ടൂ മുച്ച്". തീര്‍ന്നു ഇവിടെ കിടന്നു ചാകാന്‍ ആണ് വിധി. പ്രീതികുളങ്ങര അമ്മയെ വിളിച്ചു, മാരാരിക്കുളം മഹാദേവനെ വിളിച്ചു, വലിയ കലവൂര്‍ കൃഷ്ണനെ വിളിച്ചു, പുതുക്കുളങ്ങര ഹനുമാന്‍ സ്വാമിയേ വിളിച്ചു, കലവൂര്‍ മുരുകന്‍ സ്വാമിയേ വിളിച്ചു, കോര്‍ത്ത്‌ശേരില്‍ അമ്മയെ വിളിച്ചു, വഴിപാടുകള്‍ പെട്ടന്ന് നേര്‍ന്നു, ഇവിടെ നിന്ന് രക്ഷപെട്ടു വന്നാലെ ഇതെല്ലം നടത്തൂ എന്ന് ഡിമാണ്ടും വച്ചു. അന്നേരം ഭാഗ്യത്തിന് കസിന്റെ ഫോണ്‍ വന്നു. കാര്യം ചോദിച്ചു. പുള്ളിക്കാരന്‍ പുറത്തു നിന്ന് കാണുന്നുണ്ടായിരുന്നു . വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. പുള്ളി ഉടന്‍ സ്പോന്‍സര്‍ തേങ്ങ മാങ്ങാ അങ്ങനെ ആരെക്കെയോ വിളിച്ചു പറഞ്ഞു. എന്‍ട്രി ചെയ്യുന്ന ഭിത്തിയുടെ അടുത്ത് ഉള്ള ദ്വാരത്തില്‍ വന്നു പുള്ളി കൌണ്ടറില്‍ ഇരുന്ന അറബിയോട് അറബിയില്‍ എന്തെക്കെയോ പറഞ്ഞു. ഞാന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ കൈയ്യില്‍ ഇരുന്ന ഡല്‍ഹി ലൈസന്‍സ് കാണിച്ചു അതിലെ ഫോട്ടോ കാണിച്ചു. അതും പാസ്പോര്‍ട്ട്‌ ഫോട്ടോയും കറക്റ്റ് മാച്ചാണ്. അത് ഞാന്‍ രണ്ടായിരത്തി ഒന്നില്‍ എടുത്തതാണ്. അതോടെ പുള്ളിക്ക് വിശ്വാസം ആയി. അതിന്റെ കൂടെ ഞാന്‍ എന്റെ തൊണ്ണൂറ്റി എട്ടിലെ ടൈപ്പ് ഹയര്‍ പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് വിത്ത്‌ ഫോട്ടോ കാണിച്ചു. "സാറെ നോക്കിക്കേ നിഷ്കളങ്കമായ മുഖം കണ്ടില്ലേ", അപ്പം പിന്നേം വിശ്വാസം കൂടി. അന്നേരം കുറെ സമയം കടന്നു പോയിരുന്നു. ഫ്ലൈറ്റ് വിടും എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവില്‍ പുള്ളിക്കാരന്‍ സോറി ഒക്കെ പറഞ്ഞു എല്ലാം തിരിച്ചു തന്നു. തോക്ക് പിടിച്ച അണ്ണന്‍ എന്റെ കൈ പടിച്ചു കുലുക്കി സോറി പറഞ്ഞു. എന്നിട്ട് പറഞ്ഞു
"നിന്റെ പാസ്പോര്‍ട്ട്‌ ഫോട്ടോ നെ ചേഞ്ച്‌ ചെയ്യണം, ഇത് പോലെ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാവും, ഹാപ്പി ജേര്‍ണീ " ഒക്കെ പറഞ്ഞു. ഞാന്‍ അങ്ങേരെ അടിമുടി തൊഴുതു ഫ്ലൈറ്റ് പിടിക്കാന്‍ ഓടി.

അങ്ങനെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ എന്റെ പാവപെട്ട ജീവനും കൊണ്ട് ഡല്‍ഹിയില്‍ ലാന്‍ഡ്‌ ചെയ്തു. എന്നിട്ട് ആദ്യം ചെയ്തത് അബുദാബി എയര്‍പോര്‍ട്ട് ടീമിന്റെ തന്തക്കു വിളിച്ചു, ചുണയുണ്ടെങ്കില്‍ ഡല്‍ഹിക്ക് വാടാ എന്ന് വെല്ലുവിളിച്ചു. എന്നിട്ട് നെക്സ്റ്റ് ഡേ നാട്ടിലേക്ക് പോയി. കാരണം അടുത്ത ടിക്കറ്റ്‌ നാട്ടില്‍ നിന്നാണ്. നാട്ടില്‍ എത്തി എല്ലാ ദൈവങ്ങളെയും പോയി കണ്ടു നന്ദി അറിയിച്ചു. പക്ഷെ ഫോട്ടോ ഒട്ടു മാറ്റിയതും ഇല്ല. കുറച്ചു നാള് കഴിഞ്ഞു എമ്പ്ലോയ്മെന്റ്റ്‌ വിസ ചേച്ചിയുടെ ഓഫീസില്‍ ഫാക്സ് ആയി വന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടി, പ്ലാസ ആന്‍ഡ്‌ കോമള ബാറില്‍ നിന്നും ഇറങ്ങാന്‍ സമയം ഇല്ലാരുന്നു.എന്റെ ഒറ്റ പൈസ പോയില്ല, പകരം കൂട്ടുകാര്‍ ചെലവ് ചെയ്തു, കാരണം ആര് കള്ളും ഫുഡും സ്പോണ്‍സര്‍ ചെയ്യുന്നേ ആള്‍ ആരോ അവരെ ആദ്യം കൊണ്ട് പോവും എന്നാ ഒറ്റ കണ്ടീഷന്‍ വച്ചു. പിന്നെ പറയണ്ടല്ലോ, വാള് വച്ചു വച്ചു എനിക്ക് ബോറായി,

അങ്ങനെ ഒരു പാട് സ്വപ്നങളും പ്രതീക്ഷകളും ആയി അമ്മയുടെ കണ്ണീരും അച്ഛന്റെ വേദനയും കൂട്ടുകാരുടെ സങ്കടവും എല്ലാം ഉള്ളില്‍ ഒതുക്കി കൊച്ചിയില്‍ നിന്നും ശ്രീലങ്കെടെ ഫ്ലൈറ്റില്‍ അത്താഴത്തിനു വേണ്ടിയുള്ള അരി സമ്പാദിക്കാന്‍ പറന്നു പൊങ്ങി. ഒരു കുഴപ്പം കൂടാതെ ഞാന്‍ എത്തി. ഇത്തവണ പേടി ഒന്നും ഇല്ലാരുന്നു. കെ എസ് ആര്‍ ടീ സീയില്‍ ആലപ്പുഴ രാധയില്‍ തുണ്ട് കാണാന്‍ പോണ ഫീലിങ്ങ്സ്‌ ആയിരുന്നു. വിസ എല്ലാം അടിച്ചു ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു. ഒരിക്കല്‍ എന്റെ കസിനും ഞാനും കണക്കപിള്ള ഹരിയെട്ടനും കൂടി ദുബൈക്ക് കസിന്റെ കാറില്‍ പോകുമ്പോള്‍ ഇടക്കുള്ള ഒരു മാക്‌ ഡോണാല്ടിന്റെ കടയില്‍ കയറി ബര്‍ഗെരും മറ്റും ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പോള്‍ പുറത്തു ഒരു പജീരോ വന്നു നിന്ന്. അതില്‍ നിന്നും ഒരു അറബിയും അദ്ദേഹത്തിന്റെ ഭാര്യ, പിന്നെ കുട്ടികള്‍ എല്ലാം ഇറങ്ങി അകത്തേക്ക് വന്നു. അയാളെ കണ്ടതും എന്റെ നെഞ്ചു കാളി. അന്ന് എന്നെ തടഞ്ഞ തോക്ക് ചൂണ്ടിയ അറബി അണ്ണാച്ചി.

ഞാന്‍ കസിന്റെയും ഹരിയെട്ടന്റെയും പിന്നെ മുന്നിലെ ബര്‍ഗരിന്റെയും മറവില്‍ അഡ്ജസ്റ്റ് ചെയ്തു എങ്കിലും സീറ്റില്‍ ചെന്നിരുന്ന ഉടനെ അയാളുടെ കണ്ണുകള്‍ എന്നില്‍ പതിഞ്ഞു. മറ്റൊരാള്‍ നമ്മളെ ശ്രദ്ധിക്കും എന്ന് തോന്നിയാല്‍ പിന്നെ മൊത്തം താളം തെറ്റുമല്ലോ. എന്റെ വിറയലും പരിഭ്രമവും കണ്ടു ഹരിയേട്ടന്‍ ചോദിച്ചു "എന്ത് പറ്റി" ഞാന്‍ ഒന്നുമില്ല എന്ന് പറഞ്ഞതും അറബി അണ്ണാച്ചി എന്റെ മുന്നില്‍. എന്നിട്ടൊരു ചോദ്യം "നിന്നെ ഞാന്‍ എവിടേയോ കണ്ടിട്ടുണ്ടല്ലോ, പക്ഷെ ഓര്‍മ വരുന്നില്ല" ഞാന്‍ എഴുനേറ്റു തൊഴുതു പറഞ്ഞു
"സാറെ സാറെ മറ്റേ പാസ്പോര്‍ട്ട്‌ ഫോട്ടോ, തോക്ക്, വ്യാജന്‍, വണ്ണം വച്ചു, മീശ" എന്നൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു ഒപ്പിച്ചു. "ഹോ ഒക്കെ ഒക്കെ എനിട്ട്‌ ഫോട്ടോ ചേഞ്ച്‌ ചെയ്തോ?
ഞാന്‍ പറഞ്ഞു "പിന്നെ നാട്ടില്‍ പോയി ആദ്യം ചെയ്തത് അതാണ്"
"ഗുഡ് "
പിന്നെ പുള്ളിക്കാരന്‍ കസിനെയും ഹരിയെട്ടനെയും ഒക്കെ പരിചയപെട്ടു സന്തോഷത്തോടെ കൈ ഒക്കെ തന്നു എന്നോട് പറഞ്ഞു "അപ്പോള്‍ എമ്പ്ലോയ്മെന്റ്റ്‌ വിസ ഒക്കെ കിട്ടി അല്ലെ, സൊ വര്‍ക്ക്‌ ഹാര്‍ഡ്, എങ്ങനെയുണ്ട് ഞങ്ങളുടെ സ്ഥലം ഇഷ്ടായോ എല്ലാം"
ഞാന്‍ കണ്ണും പൂട്ടി പറഞ്ഞു "സൂപ്പര്‍, കിടിലന്‍, അമറന്‍, പിന്നെ സാറിന്റെ തോക്ക് ഞാന്‍ ജീവിതത്തില്‍ മറക്കില്ല"
എല്ലാവരും ചേര്‍ന്ന് ചിരിച്ചപ്പോള്‍ പൊട്ടിച്ചിരിയോടെ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു "ഓള്‍ ദി ബെസ്റ്റ്"

Thursday, October 1, 2009

ഒരു കൊച്ചു ഭൂമി കുലുക്കം

തലകെട്ടില്‍ പറഞ്ഞ പോലെ ഭൂകമ്പം തന്നെയാണ് വിഷയം. നാട്ടില്‍ വച്ച് ഭൂകമ്പം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചറിയാന്‍ യോഗം ഉണ്ടായതു ഡല്‍ഹിയില്‍ വന്ന ശേഷം ആണ്. അന്ന് അമ്മാവന്റെ കൂടെ കഴിയുന്ന സമയം. ഒരു റിപബ്ലിക്‌ ഡേ യുടെ അവധി കിട്ടിയ ആലസ്യത്തില്‍ സുഖമായി ഉറങ്ങുമ്പോള്‍ കട്ടില്‍ ആരോ ആട്ടുന്നു. അമ്മാവന്റെ മക്കള്‍ രാവിലെ എഴുന്നേറ്റാല്‍ കട്ടില്‍ ആട്ടുന്ന പരിപാടി ഉള്ളത് കൊണ്ട് അവരായിരിക്കും എന്ന് ഓര്‍ത്തു. പിന്നെ പാതി മയക്കത്തില്‍ പറഞ്ഞു

"അടി മേടിക്കും രണ്ടും"

പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു.

ഞാന്‍ പിന്നെ പണ്ടേ രക്ഷ പ്രവര്‍ത്തനത്തില്‍ എല്ലാം പങ്കെടുത്തിട്ടുള്ളത് കാരണം, ആദ്യമേ രണ്ടാം നിലയില്‍ നിന്നും ചാടി ഇറങ്ങി താഴെ റോഡില്‍ എത്തി കാവി മുണ്ടും മടക്കി കുത്തി ഗ്രൌണ്ട് ഫ്ലൂറിലെ തിവാരി ചേട്ടനോട് കൂളായി ചോദിച്ചു "ക്യാ ഹുവ, ഭൂകമ്പ് ധാ?"
"ഇവന്‍ ആരപ്പാ" എന്ന് വണ്ടറടിച്ചു തിവാരി അണ്ണന്‍ നിന്നപ്പോള്‍ മുകളില്‍ നിന്നും മാമന്റെ വിളി, അപ്പോളും ഞാന്‍ കൂളായി മറു പടി കൊടുത്തു. "ഞാന്‍ താഴെ ഉണ്ട്, ധൈര്യമായി പോന്നോളൂ"

അന്നേരം ദാണ്ടെ വരുന്നു സീ ഐ ഡി മൂസയില്‍ ജഗതിയും, ബിന്ദു പണിക്കരും കുട്ടികളെ എടുത്തു വരുന്നപോലെ മാമ്മന്‍ ആന്‍ഡ്‌ ഫാമിലി, പിന്നെ അടുത്ത ഫ്ലാറ്റില്‍ ഉള്ളവരും. പിന്നെ റോഡില്‍ ജനം നിറഞ്ഞു, ഭയങ്കര ചര്‍ച്ചകള്‍, "അന്നത്തെ ഭൂകമ്പത്തിന്റെ അത്രയും വന്നില്ല" എന്ന് ബിഹാരി ചേട്ടന്‍ പറയുമ്പോള്‍ പഞ്ചാബി അണ്ണന്‍ പറയും "പഞ്ചാബില്‍ ഉണ്ടായതു പോലെ ഒന്നും വരില്ല" എന്ന്. (പിന്നെ ജീവനും കൊണ്ട് പായുമ്പോള്‍ ഭൂകമ്പത്തിന്റെ കാഠിന്യം അളക്കാന്‍ റിക്ടര്‍ സ്കെയെലും അരയില്‍ കെട്ടി വച്ചല്ലേ ഇവന്മാര് ഉറങ്ങുന്നെ) ഇത്രയൊക്കെ ഡയലോഗ് വിട്ടിട്ടും ഒറ്റ ഒരെണ്ണം വീട്ടിനകത്ത് കയറിയതും ഇല്ല, റോഡില്‍ നിന്നും മാറിയതും ഇല്ല. ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ലാ എല്ലാം കേട്ട് കൊണ്ട് നിന്നു. കാരണം ആ സമയത്ത് അവിടെ ഒരു ചായക്കട ഇട്ടാല്‍ കോടീശ്വരന്‍ ആവാന്‍ പറ്റിയ അവസരം ആണല്ലോ എന്ന ചിന്തയില്‍ ആയിരുന്നു.

പിന്നെ വേറൊരാള്‍ ഭാര്യയോടു പറയുന്നു "അരെ യാര്‍ മേരാ ടീ ഷര്‍ട്ട്‌ ലാദെ അന്തര്‍ സെ"
ഭാര്യ : "ആപ് ജാവോ മേം നഹി ജാ സക്തി, മുച്ചേ തോ ഡര്‍ ലഗ്തി ഹേ"
ഭര്‍ത്താവു : രഹ്നെ ദോ,മേം അകേലേ ജാത്താ ഹൂം. (നിന്നെ സഹിക്കുന്നതിലും ഭേദം ഭൂകമ്പത്തില്‍ മരിക്കുന്നതാ നല്ലത് എന്ന് ആ പാവത്തിന്റെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു).

പക്ഷെ അന്നത്തെ ആ സംഭവത്തോടെ എന്റെ കമ്പ്ലീറ്റ്‌ ഗ്യാസും പോയി. ഗുജറാത്തിലെ കച്ചില്‍ ഒരുപാട് പേരുടെ ജീവന്‍ എടുത്ത ഭൂകമ്പത്തിന്റെ ചലനങ്ങള്‍ ആയിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്. ടീവിയില്‍ കണ്ട ദൃശ്യങ്ങള്‍ മനസിനെ മരവിപ്പിച്ചു. ഉറക്കം പൂര്‍ണമായും നഷ്ടപെട്ടു. വെള്ളമടി അന്നില്ല, രാത്രിയില്‍ കിടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ ഒക്കെ തോന്നും. ഏതു സമയവും ഭൂകമ്പം വരും മരിക്കും, എന്നാ ചിന്ത ആയി. പകല് പോലും നടക്കുമ്പോള്‍ കുലുങ്ങുന്ന പോലെ തോന്നും. നാട്ടില്‍ ആണേല്‍ വീടിന്റെ വാതുക്കലെ വെളിയില്‍ കിടന്നു ഉറങ്ങമായിരുന്നു. ഇത് പണ്ടാരം ചാടി ഇറങ്ങി വരുമ്പോള്‍ തന്നെ ഒരു സമയം ആകും. പിന്നെ പിന്നെ എല്ലാവരെയും പോലെ പയ്യെ അത് മറന്നു തുടങ്ങി.

അതിനു ശേഷം ബാച്ചി ലൈഫ് ആരംഭിച്ചു, പിന്നീട് ഒരു ഭൂകമ്പം അറിഞ്ഞത് രണ്ടായിരത്തി അഞ്ചില്‍ ആണെന്ന് തോന്നുന്നു , ഓഫീസില്‍ ഇരുന്നപ്പോള്‍ പെട്ടന്ന് തല മോണിറ്ററില്‍ ഇടിച്ചു. ആദ്യം ഓര്‍ത്തു തല കറങ്ങിയതവും എന്ന്, പിന്നീടാണ് അറിഞ്ഞത് അതൊരു ചെറിയൊരു ഭൂകമ്പം ആയിരുന്നു എന്ന്.കാരണം എട്ടാമത്തെ നിലയില്‍ ആണ് ഓഫീസില്‍, അതും നല്ല തിരക്കുള്ള നെഹ്‌റു പ്ലസിലെ മോഡി ടവറില്‍. പടിയൊക്കെ പറന്നു ഇറങ്ങി താഴെ എത്തിയത് ഓര്‍ക്കുമ്പോള്‍ ഇന്നും പേടിയാവുന്നു.

പക്ഷെ രണ്ടായിരത്തി ഏഴില്‍ ഡല്‍ഹിയില്‍ ഒരു കുലുക്കം ഉണ്ടായി. അതാണ് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഭൂകമ്പം. നവംബര്‍ ഇരുപത്തി ആറു തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് നാലരയോടെ ഉണ്ടായ ഭൂകമ്പം. നല്ല തണുപ്പുള്ള സമയം ആണ്. ഞാനും റൂം മേറ്റ്‌ സാജനും മാത്രമേ അന്ന് റൂമില്‍ ഉള്ളു. തലേന്ന് ഞായറാഴ്ച ആയതിനാല്‍ ഞാന്‍ അടിച്ചു പൂക്കുട്ടി (പൂക്കുറ്റി) പാമ്പായി ഓസ്കാര്‍ സ്വപ്നവും കണ്ടു ഭിത്തിയോട് ചേര്‍ത്തിട്ട കട്ടിലില്‍ കിടക്കുന്നു. മറ്റൊരു കട്ടിലില്‍ സാജന്‍ ഉറങ്ങുന്നു. എനിക്കാണേല്‍ കിടന്നത് പോലും ഓര്‍മയില്ല. അന്ന് തണുപ്പ് കാരണം രാവിലെ ചൂട് വെള്ളത്തില്‍ കുളിക്കാന്‍ ഞങ്ങള്‍ ഒരു ബക്കറ്റില്‍ വെള്ളം അകത്തെ റൂമിന്റെ വാതിലിനോടു ചേര്‍ത്ത് വക്കും. പിന്നീട് വെള്ളം ചൂടാക്കുന്ന കോയില്‍ പ്ലഗില്‍ കുത്തി വെള്ളത്തില്‍ ഇട്ടു വച്ചേക്കും. എന്നിട്ട് രാവിലെ ആറു മണിക്ക് സ്വിച്ച് ഓണ്‍ ചെയ്തിട്ട് വീണ്ടും കിടക്കും. (ഇതെല്ലാം സാജന്‍ ചെയ്യും) ഒരു എട്ടു മണി ഒക്കെ ആവുമ്പോള്‍ ഇത് രണ്ടു പേര്‍ക്ക് കുളിക്കാന്‍ ഉള്ള പാകത്തില്‍ ചൂടാവും. ചിലപ്പോള്‍ അബദ്ധത്തില്‍ ഉറങ്ങി ഒരു ഒന്‍പതു മണി ആയി പോയാല്‍ പിന്നെ ആ വെള്ളത്തിലേക്ക്‌ ഇച്ചിരി അരി കഴുകി ഇട്ടാല്‍ മതി, നല്ല സൊയമ്പന്‍ ചോറ് ഉണ്ണാം.

അങ്ങനെ തണുപ്പും ഉള്ളിലെ വെള്ളവും എല്ലാം ആസ്വദിച്ച് ജമ്മു കശ്മീരിലെ മലമുകളില്‍ അതി സാഹസികമായി സ്പോര്‍ട്സ് കാര്‍ ഓടിച്ചു നടക്കുന്ന സ്വപ്നത്തില്‍ ആയിരുന്ന എനിക്ക് എന്നെ ആരോ കാറില്‍ നിന്നും പൊക്കി എടുത്തു ഭിത്തിയില്‍ ഇടിച്ച പോലെ തോന്നി. പിന്നെ കുറെ ഒച്ചയും ബഹളവും. ആദ്യം ഒന്നും മനസിലായില്ല, മൊത്തത്തില്‍ ഒരു ആട്ടം, പുറത്തു ഭയങ്കര ബഹളം
"ഭൂകമ്പ് ആയാ ഹേ സബ് ഭാഗോ" എന്ന് ആരൊക്കെയോ പറയുന്നു. "ഭൂകമ്പ്" എന്ന വാക്ക് എന്റെ നെറ്റ്‌വര്‍ക്ക് പിടിച്ചെടുത്തു. കണ്ണും പൂട്ടി പുറത്തെ ജന്നലിലൂടെ അരിച്ചെത്തുന്ന വെട്ടം നോക്കി ഓടി. ഓടുന്ന വഴി അവിടെ വച്ചിരുന്ന ബക്കറ്റില്‍ തട്ടി ബക്കറ്റും കൊയിലും എല്ലാം പറിച്ചു കൊണ്ട് അടിച്ചു തല്ലി താഴെ. അന്നേരം ഏകദേശം ബോധം വന്നു റൂമില്‍ ആണെന്ന്. വാതിലിന്റെ കുറ്റി എടുത്തു പുറത്തേക്കു കണ്ണും പൂട്ടി ഓടി. താഴത്തെ വഴിയില്‍ ആളുകള്‍ നിറഞ്ഞിരുന്നു. സ്റ്റെപ്പ് ഇറങ്ങി പകുതി വഴിയില്‍ ആയപ്പോള്‍ തണുപ്പ് അരകെട്ടിലും മറ്റും കൂടി വരുന്നു. കാറ്റ് മൊത്തത്തില്‍ തഴുകുന്നോ എന്നൊരു സംശയം കൊണ്ട് നോക്കിയ ഞാന്‍ ആ സത്യം മനസിലാക്കി, ഞാന്‍ പിറന്ന പടി ആണെന്ന്.
ഹാന്‍ജി നംഗ ഹൂം മേം,
അതെ ഞാന്‍ നഗ്മ ആണ്.
യെസ് ഐ ആം നഗ്മ
പിന്നെ വന്നതിന്റെ ഡബിള്‍ സ്പീഡില്‍ ഞാന്‍ റൂമിലേക്ക്‌ പറന്നു. അന്നേരമാണ് ദൈവമേ പാവം സാജന്റെ കാര്യം ഓര്‍ത്തത്.
അങ്ങനെ ഒരാള്‍ റൂമില്‍ ഉള്ള കാര്യംഓര്‍ത്തില്ല. റൂമ്മില്‍ കയറി ഞാന്‍ അവനെ വിളിച്ചു.

"എടാ ഭൂകമ്പം വന്നു ഓടാം വാ, ഞാന്‍ ആദ്യം ഒന്ന് ഓടിയിട്ട് വരുവാ"

അന്നേരം സാജന്‍
"എടാ @#$%& തുണിയില്ലാതെ ഓടിയിട്ട് എന്തായി, തിരിച്ചു പോന്നില്ലേ, ഞാനും കുറെ നേരമായി ഓടാന്‍ നോക്കുന്നു, പണ്ടാരം അടങ്ങാന്‍ എന്റെ മുണ്ട് കിട്ടണ്ടേ"

Monday, September 14, 2009

"മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" - എന്റെ ഇഷ്ട ബ്ലോഗ്‌

ഞാന്‍ രാജീവ്‌, "മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" എന്ന ബ്ലോഗ്‌ എഴുതുന്നു. എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗ്ഗര്‍, ഞാന്‍ ഏറ്റവും ആരാധിക്കുന്ന കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ ശ്രീ കുറുപ്പ് മാഷ് (ഫ പരട്ട ഇയാള് എന്നെ എന്നെ സ്കൂളില്‍ അല്ല, ആശാന്‍ കളരീല്‍ പോലും പഠിപ്പിച്ചിട്ടില്ല )

കണക്കു പുസ്തകം ഒരു പുസ്തകമാക്കി ഇറക്കുന്നു എന്ന് കേട്ടു ഞാന്‍ ഒത്തിരി ആവേശം കൊണ്ടു കോരിത്തരിച്ചു പോയി. (കണക്കു കൂട്ടാന്‍ അറിയാത്ത ഇയാള് ഇറക്കിയത് തന്നെ, കണക്കു കൂട്ടുന്നത്‌ കൈ വിരലും കാല്‍ വിരലും കൊണ്ടാണ്, അതും കഴിഞ്ഞാല്‍ പിന്നെ ഓഫീസിലെ പ്യൂണിന്റെ കൈയും കാലും വേണം. കോരി തരിക്കാന്‍ ഇത് എന്തര് നളിനി ജമീലെടെ പുസ്തകാ )

പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ ഉബുണ്ടു കിബുടു അബുന്ടുവിന്റെ രചന ശൈലിയോട് ഏകദേശം അടുത്ത് നില്‍ക്കുന്ന ശൈലി ആണ് ഇദ്ദേഹത്തിന്റെ. (ആര് ഒബുന്ടു, അക്ക ചക്ക എന്തേലും പറയണ്ടേ, ഇതിലും ഭേദം മുത്ത്‌ ചിപ്പി കഥ എഴുതുന്ന തമ്പി അളിയന്‍ തന്നെ)

മനുഷ്യന്റെ അന്തരാത്മാവില്‍ നിന്നും ഉയരുന്ന ആത്മ ചോദനകളുടെ അമൂര്‍ത്ത രൂപത്തിന്റെ പ്രതിഫലനങ്ങള്‍ ഭൂഖണ്ഡാനന്തര ബാലിസ്ടിക് മിസയിലിന്റെ ചില മിന്നലാട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നു (ഹോ ശ്വാസം മുട്ടി ചത്തേനെ, വൈകിട്ട് രണ്ടെണ്ണം വിട്ടു ഭൂഖണ്ഡം മുഴുവന്‍ കറങ്ങി ഇന്ത്യ വിട്ട മിസ്സയില് പോലെ വന്നു ഇങ്ങേരു റൂമില്‍ കിടക്കണ കാണണം, ആനന്ദ ധാര നമ്മള്‍ക്ക് വരും)

പച്ച പാവാട, മഞ്ഞ ബ്ലൌസ്, നീല സാരി, അങ്ങനെ എത്ര മഹത്തായ സൃഷ്ടികള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗിലെ പൊന്‍ തൂവലുകള്‍ ആണ് (ഡല്‍ഹിയിലെ ചാന്ദിനി ചോവ്കിലെ തെരുവില്‍ ഈ മഞ്ഞ, ചുവപ്പ്, നീല ഇതൊക്കെ ആണ് വില്‍പ്പന, പ്രൊഫൈലില്‍ എങ്ങാണ്ട് ഒരു ജര്‍മന്‍ കമ്പനിയില്‍, അല്ല ഈ വനിതകളുടെ മിക്ക ബ്രാണ്ടുകളും വിദേശി ആണ്)

ഡിസംബറിന്റെ നഷ്ടം എന്ന കരളലിയിക്കുന്ന, കരഞ്ഞു പോകുന്ന കഥയില്‍ തുടങ്ങി തുടരന്‍ പോസ്റ്റുകള്‍ തുരു തുരാ എഴുതാന്‍ ഉള്ള ഇദ്ദേഹത്തിന്റെ രചന പാടവം മറ്റു ബ്ലോഗ്ഗര്‍ മാര്‍ക്ക് ഇല്ല എന്നത് സത്യം (പിന്നെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് ഇതല്ലേ പണി, തുടരന്‍ വായിച്ചല്ല കരയുന്നെ, ഇത് വായിച്ചല്ലോ എന്നോര്‍ത്താണ്. ഒരു വട്ടം അബദ്ധത്തില്‍ കമന്റി പോയവര്‍ പിന്നെ ഐ ഡി ഡിലീറ്റ് ചെയ്തു പുതിയ ബ്ലോഗ്‌ തുറക്കും, അനോണി ആയി പോലും കമന്റ്‌ കൊടുക്കുകേല ഒരാളും. )

ഇദേഹം മറ്റുള്ള ബ്ലോഗുകളില്‍ പോയി എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇടണം എന്ന് ആവശ്യപെടാറില്ല, അതാണ് അദ്ദേഹത്തെ മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത് (അത് സത്യമാ, മെയില്‍ ഒന്നും ആര്‍ക്കും അയക്കില്ല, ഡയറക്റ്റ് ഫോണില്‍ വിളിച്ചു കരഞ്ഞു പറയും, ദുഫൈല് ഉള്ള പകല്‍ കിനവന്‍ മാഷ് ഇയാളുടെ ശല്യം കാരണം നമ്പര്‍ വരെ മാറ്റി)

ബ്ലോഗിലെ കുലപതിയായ ശ്രീ അരവിന്ദ് ഇദ്ദേഹത്തെ കുറിച്ച് അരുണിന്റെ(കായംകുളം സൂപ്പര്‍ ഫാസ്റ്റ്) എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ കമന്റിലൂടെ ഇദ്ദേഹത്തെ പ്രശംസിക്കുക ഉണ്ടായി. അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാത്ത വിനയശീലന്‍ ആയ ബ്ലോഗ്ഗര്‍ ആണ് കുറുപ്പ്. ശ്രീ അരവിന്ദിന്റെ കമന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ "ഏതു അരവിന്ദ്, ഏതു മൊത്തം ചില്ലറ, ഓഹോ അങ്ങനെയും ബ്ലോഗ്ഗര്‍ ഉണ്ടോ, എങ്കില്‍ "മൊത്തം നോട്ട്" എന്ന പുതിയ ബ്ലോഗ്‌ ഞാന്‍ തുടങ്ങും, ഹ ഹഹ എന്നോടാ കളി " എന്ന് പറഞ്ഞു എന്നെ വിസ്മയിപ്പിച്ച മഹാന്‍ (പാവം അരവിന്ദേട്ടന്‍, പേരും ബ്ലോഗും മാറി എഴുതിയതാണ് എന്ന് പറഞ്ഞു ഇയാള്‍ക്ക് മെയില്‍ അയച്ചു, പിന്നെ അരുണിന് കുറെ ചീത്തയും കിട്ടി, അരവിന്ദ് മാഷ് ആകെ അറിയുന്നത് ഓ എന്‍ വീ കുറുപ്പിനെ മാത്രം)

ഈ ജന പ്രിയ ബ്ലോഗ്ഗേറെ തേടി ഞാന്‍ സൌത്ത് ഡെല്‍ഹിലെ പോഷ്‌ ഏരിയ ആയ വസന്ത്‌ വിഹാറിലെ ഒരു ഫ്ലാറ്റില്‍ ചെല്ലുമ്പോള്‍, ഒരു കൂട്ടം കമ്പ്യൂട്ടറുകളുടെ മുന്നില്‍ ആയിരുന്നു ഡിസന്റ് ബോഡി (മാന്യ ദേഹം), ആസിയാന്‍ കരാറില്‍ ബ്ലോഗ്‌ ഉള്‍പെടുത്തണം, മലയാളം ബ്ലോഗേഴ്സ്നു മാത്രമായി പെന്‍ഷന്‍ അനുവദിക്കണം എന്നും മറ്റും പറഞ്ഞു ഇന്റര്‍നാഷണല്‍ കോളുകളില്‍ ആയിരുന്നു ഈ വ്യക്തി. (അമ്മയാണെ ഉള്ള സത്യം പറയാം, കണ്ടത്തില്‍ ഷാപ്പിന്റെ പിന്നിലെ തോട്ടുവക്കില്‍ ഒരു കൂട്ടം ചട്ടിയുടെയും കാലത്തിന്റെയും ഇടയില്‍ ആയിരുന്നു പുള്ളി, മെടഞ്ഞ ഓലയില്‍ കുത്തിയിരുന്ന് ആസിയാന്‍ കരാറിനെ കുറിച്ചല്ല പറഞ്ഞത്, അയല എങ്ങനെ വരഞ്ഞു മസാല ചേര്‍ക്കാം എന്നായിരുന്നു. കൂട്ടത്തില്‍ കറി വെപ്പുകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്ന് പറഞ്ഞു ഷാപ്പ്‌ മുതലാളി ശശി അണ്ണനെ തെറി വിളിക്കേം ചെയ്തു, കൂടാതെ വരാല് കറിയുടെ മഹത്വവും. അത് തന്നെ.... ഷാപ്പിലെ കറി വപ്പുകാരന്‍ ആണ് പുള്ളി, പ്രൊഫൈലില്‍ പറഞ്ഞത് എത്ര സത്യം, രണ്ടു കുപ്പി എനിക്ക് ഫ്രീ ആയി മേടിച്ചു തന്നു, അതടിച്ചു ഞാന്‍ വന്നു ഈ പോസ്റ്റും എഴുതി, അല്ലാതെ ഞാന്‍ എന്താ ചെയ്ക,ആസിയാന്‍ കരാറിന്റെ സര്‍വരാഷ്ട്ര സമ്മേളനത്തില്‍ മലയാളം ബ്ലോഗ്ഗേര്‍സിനു വേണ്ടി വാദിച്ചു വിയര്‍ത്തൊലിക്കുന്ന കുറുപ്പിന്റെ ഫോട്ടോ ദാണ്ടെ

Monday, September 7, 2009

ഒരു മോതിര വിരലും, പിന്നെ കാരക്കാമുറി ഷണ്മുഖനും

പത്തു വര്‍ഷത്തെ ഡല്‍ഹി വാസത്തില്‍ ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. കേരളത്തിലെ എതെക്കൊയോ ജില്ലയില്‍ നിന്നും വന്നു ഒരു റൂമില്‍, ഒരു കുടുംബം പോലെ കൊച്ചു കൊച്ചു പിണക്കങ്ങളും, ദുഖങ്ങളും, വേര്‍ പിരിയലും എല്ലാം ഈ കാലയളവില്‍ തന്നെ എത്ര കണ്ടു, അനുഭവിച്ചറിഞ്ഞു. പാചകം എന്ന കല പഠിച്ചതും, തുണി അലക്കാന്‍ പഠിച്ചതും (ഇവിടെ വരുന്ന വരെ അമ്മക്ക് ആയിരുന്നു അതിന്റെ ചുമതല) മെസ്സ് കണക്കുകള്‍ കൃത്യമായി എഴുതി വക്കാനും, മാസം അവസാനം കണക്കു ക്ലോസ് ചെയ്തു കണക്കു പറയാനും, വൈകിട്ട് മണി കീച്ചി സെലിബ്രേഷന്‍ വാങ്ങി അടിച്ചു പൂക്കുറ്റിയായി അപ്പുറത്തെ ബീഹാറികളുടെ, അല്ലേല്‍ മണിപൂരികളുടെ അതും അല്ലേല്‍ ജാട്ടുകളെ തെറി പറയാനും, എന്നിട്ട് അവര് തരുന്നതും വാങ്ങി മേടിച്ചു കിടന്നുറങ്ങാനും എല്ലാം പഠിപ്പിച്ചത് മറുനാട് തന്നെ ആണ്.

സത്യത്തില്‍ കള്ളുകുടി എന്ന ഒരു സംഭവത്തിനു ലൈസന്‍സ് കിട്ടുന്നത് തന്നെ ബാച്ചി ആകുമ്പോള്‍ ആണ്. ആദ്യ സമയത്ത് വരുമ്പോള്‍ ബന്ധുക്കളുടെ കൂടെ ആയതിനാല്‍ ഒരു പരിപാടിയും നടക്കില്ല. അന്ന് വേറെ റൂമില്‍ താമസിക്കുന്ന കൂട്ടുകാരോട് ആരാധനയും, അസൂയയും ഏതളവില്‍ തോന്നിയിരുന്നു എന്ന് പറയാന്‍ പറ്റില്ലാ. തൊണ്ണൂറ്റി എട്ടിലെ അവസാന ഡിസംബര്‍ കുളിരിലാണ് ഞാന്‍ ഡല്‍ഹിയില്‍ വന്നു ഇറങ്ങുന്നത്. ആദ്യത്തെ ഒരു വര്‍ഷം ബന്ധുക്കളുടെ കൂടെ ആയിരുന്നു. പിന്നെ രണ്ടായിരം തുടങ്ങി കഴിഞ്ഞപ്പോള്‍ ഞാനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് മാറി താമസിക്കാന്‍ തുടങ്ങി.

അന്ന് താമസം തുടങ്ങുന്നത് ഒരു അകന്ന ബന്ധത്തില്‍ ഉള്ള ഒരു ചേട്ടന്റെ കൂടെ ആയിരുന്നു എങ്കിലും മൂന്നു മാസം കഴിഞ്ഞു ഞാന്‍ സാജന്‍ എന്ന ഒരു സുഹൃത്തിനെ പരിചയപെട്ടു. തൃശൂര്‍ ക്കാരന്‍, അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. നീണ്ട എട്ടു വര്‍ഷങ്ങള്‍, ഒരുമിച്ചു, ഒരു റൂമില്‍, രണ്ടു പാത്രത്തില്‍, രണ്ടു പായയില്‍ (ഒരേ പാത്രം ഒരേ പായ എന്നൊക്കെ പറഞ്ഞാല്‍ കൂടി പോവും) ഇന്നും ഈ നിമിഷവും ഒരേ ആത്മാവ് രണ്ടു ശരീരം എന്ന പോലെ കഴിയുന്നു. അന്ന് ഞങ്ങള്‍ താമസം തുടങ്ങിയത് തെക്കന്‍ ഡല്‍ഹിയിലെ മൊഹമ്മദ്‌പൂര് എന്ന സ്ഥലത്താണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ഇപ്പോളും അവിടെ തന്നെ, (കുടി കിടപ്പ് അവകാശം കിട്ടാന്‍ സമയം ആയി അല്ലെ). അഡ്രസ്‌ എഴുതില്ല കേട്ടോ.

ഒരു ജാട്ട് കുടുംബത്തിന്റെ ബില്‍ഡിംഗ്‌ ആണ് അത്, അതിന്റെ ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ സ്വര്‍ഗം. രണ്ടു മുറി, ഒന്നാമത്തെ മുറിയുടെ മൂലയ്ക്ക് അടുക്കള, പുറത്തു കക്കൂസ് & കുളിമുറി വെവ്വേറെ ആണ്, ഒരാള്‍ക്ക് പ്രകൃതിയുടെ വിളി വന്നു രണ്ടാം നമ്പര്‍ നടത്തുമ്പോള്‍, മറ്റേ ആള്‍ക്ക് സുഖമായി കുളി നടത്താം എന്നാണ് വെവേറെ എന്നത് കൊണ്ട് അടിയന്‍ ഉദ്ദേശിച്ചേ.

പിന്നെ ഞാന്‍, സാജന്‍, അത് കൂടാതെ മറ്റൊരു സുഹൃത്ത്‌ കണ്ണാടി സജി (പത്തനംതിട്ടക്കാരന്‍). അങ്ങനെ മൂന്ന് പേരുമായി ആണ് താമസം തുടരുന്നത്. ഇനി അതിലെ വിശേഷങ്ങള്‍ രസങ്ങള്‍ എല്ലാം വിശദമായി പിന്നീട് എഴുതാം. കാരണം ബാച്ചി ലൈഫ് എത്ര പറഞ്ഞാലും തീരില്ല. ഇന്നിവിടെ പറയാന്‍ വന്ന കാര്യം, തലകെട്ടിലെ താരത്തെ കുറിച്ച് ആണ്.ഞങ്ങള്‍ മൂന്നാള്‍ അടിച്ചു പൊളിച്ചു കഴിയുന്ന സമയത്താണ് പുള്ളിക്കാരന്‍ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നത്. കോഴിക്കോടുകാരന്‍ ഷണ്മുഖന്‍, ബ്ലാക്കിലെ മമ്മൂക്കാന്റെ പേര് കൂടി ചേര്‍ത്ത് ഇരട്ട പേര് ആക്കി, കാരക്കാമുറി ഷണ്മുഖന്‍. വല്യേട്ടന്‍ സിനിമയില്‍ മമ്മൂക്ക കൈയ്യില്‍ മൂന്ന് വിരലിന്റെ വലിപ്പത്തില്‍ കെട്ടിയ പോലെ അവനും ചരട് കെട്ടിയിട്ടുണ്ട്. പക്ഷെ കൈ ഏതാണ്‌ ചരട് ഏതാണ്‌ എന്ന് തിരിച്ചു അറിയണമെങ്കില്‍ ചരടെല്‍ എല്‍ ഈ ഡീ ബള്‍ബ്‌ ഫിറ്റ്‌ ചെയ്യണം. ചുരുക്കം പറഞ്ഞാല്‍ ചരടിന്റെ കളര്‍ തന്നെ.

ഹിന്ദി അറിയാത്ത ബുദ്ധിമുട്ട് ആദ്യമായി വരുന്ന ഒരാളെ പോലെ അവനും ഉണ്ടായിരുന്നു. എങ്കിലും കുറെ ഞങ്ങളോട് ചോദിച്ചും പറഞ്ഞും, ഒക്കെ അവന്‍ ഒരു വിധത്തില്‍ മുന്നേറി. പുള്ളിക്കാരന്‍ ജോലി ചെയ്യുന്നത് കുത്തംബ് മിനാറിനു അടുത്തുള്ള മെഹറോളി എന്ന സ്ഥലത്തും. പുള്ളിക്കാരന്‍ മുഹമ്മദ്പുരില് കാലെടുത്ത്‌ വച്ചത് തന്നെ എല്ലാരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ഒരിക്കല്‍ പുള്ളിക്കാരന്‍ ആദ്യമായി മുടി വെട്ടാന്‍ പോയി. മുടിയൊക്കെ വെട്ടി കഴിഞ്ഞു പൊതുവേ നോര്‍ത്ത് ഇന്ത്യയില്‍ തലയില്‍ കുറച്ചു നേരം തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യും. അങ്ങനെ മുടി എല്ലാം വെട്ടി കഴിഞ്ഞു അയാള്‍ നമ്മുടെ ഷണ്മുഖന്റെ തലയില്‍ രണ്ടു മൂന്ന് വട്ടം അടിച്ചപ്പോള്‍ ചാടി എണീറ്റ്‌ അവന്റെ കുത്തിനു പിടിച്ചു. ഞെട്ടിയ ബാര്‍ബര്‍ "ക്യാ ഹുവാ " എന്ന് ചോദിച്ചപ്പോള്‍ "നോ കൊട്ട്, മൈ ഹെഡ്, ഐ നോ ലൈക്‌" എന്ന് പറഞ്ഞു ബാര്‍ബറെ ഞെട്ടിച്ച മഹാ പുരുഷു.

ഒരിക്കല്‍ ഹോളി നടക്കുമ്പോള്‍ ചേട്ടന്റെ വീട്ടില്‍ നിന്നും അടിപൊളിയായി ഡ്രസ്സ്‌ ഒക്കെ ഇട്ടു ഷണ്മുഖന്‍ വരുന്നു. കുട്ടികള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ബലൂണില്‍ കളര്‍ നിറച്ചു എറിഞ്ഞു കളറില്‍ കുളിപ്പിച്ചു. അതിന്റെ ദേഷ്യത്തില്‍ മുന്നോട്ടു വന്നപ്പോള്‍ ലോക്കല്‍ പിള്ളേര്‍ ഓടി വന്നു വീണ്ടും കളര്‍ തേച്ചു. ഷണ്മുഖന്‍ ആ കളര്‍ പൊടി അവരുടെ കൈയ്യില്‍ നിന്നെടുത്തു തേയ്ക്കാന്‍ വന്നവുരടെ കണ്ണില്‍ തേച്ചു. അവന്മാര്‍ ഇടിച്ചു കൂമ്പ്‌ വാട്ടന്‍ തുടങ്ങിയപ്പോള്‍ ഞാനും സാജനും അവന്മാരുടെ കൈയും കാലും പിടിച്ചാണ് വീട്ടില്‍ കൊണ്ട് വന്നെ.

അന്ന് ഡല്‍ഹിയില്‍ ഒരു കഥ പ്രചരിച്ചിരുന്നു. രാത്രി രണ്ടു മണി ആവുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടും, ഒരു സ്ത്രീ ആണെന്ന് പറയുന്നു, എന്നിട്ട് അവര്‍ റൊട്ടി അല്പം ഉള്ളി എന്നിവ ചോദിക്കും, വീട്ടുകാരന്‍/കാരി ഇത് കൊടുത്തു കഴിഞ്ഞു ഈ സ്ത്രീ തിരിച്ചു പോവുമ്പോള്‍ കൊടുത്ത ആള്‍ മരിച്ചു പോവും എന്ന്. ഇത് ഭയങ്കര ന്യൂസ്‌ ആയി ഇറങ്ങി. ചാണകത്തില്‍ കൈ മുക്കി കൈപത്തി വീടിന്റെ വാതിലില്‍ പതിച്ചാല്‍ ഇതിനു പരിഹാരം ഉണ്ടാവും എന്നൊക്കെ കഥ ഇറങ്ങി. പണ്ഡിറ്റ്‌(പൂജാരി) മാര്‍ ശരിക്കും കാശ് ഉണ്ടാക്കി എന്നുള്ളത് സത്യം (പഴയ കാലാ ബന്ദര്‍ കഥ പോലെ) എന്തായാലും ഞങ്ങള്‍ ഇത് വിശ്വസിച്ചില്ല,പേടിച്ചും ഇല്ലാ. പക്ഷെ ബാല്‍ക്കണിയില്‍ കിടപ്പ് മതിയാക്കി അകത്താക്കി എന്ന് മാത്രം. മൂത്രം പോലും ഒഴിക്കാന്‍ പുറത്തു ഇറങ്ങേല. സാധാരണ എന്നും വൈകിട്ട് പത്തു മണി കഴിഞ്ഞു അടിച്ചു പാമ്പായി കിരായാദാര്‍ മാരെ തെറി വിളിച്ചു പോകുന്ന ഞങ്ങളുടെ മാക്കാന്‍ മാലിക്ക് ടോകാസ്‌ വരെ എട്ടു മണിക്ക് കൂട്ടില്‍ കേറും.

ഈ കഥ കേട്ട് ഏറ്റവും കൂടുതല്‍ ഞെട്ടിയത് ഷണ്മുഖന്‍ ആയിരുന്നു. കാരണം ലവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ പതിനൊന്നു മണി ആവും. ആള് ധീരന്‍ ആണ് എന്നൊക്കെ ആണ് വാദം എങ്കിലും ലോക പേടിച്ചു തൂറി ആണ്. രാത്രിയില്‍ ഇവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്നത് തന്നെ അറിയാന്‍ പറ്റും, പടിയൊക്കെ പറന്നു കേറി പാഞ്ഞു വന്നാണ് വാതിലില്‍ ഇടി "കുറുപ്പേ, സാജാ" എന്ന്. ഒരിക്കല്‍ ഇവന്‍ വാതിലില്‍ മുട്ടിയപ്പോള്‍, വാതിലിന്റെ അടിയിലെ ഗ്യാപ്പില്‍ കൂടി ഞാന്‍ പുറത്തു നിന്ന ഇവന്റെ കാലില്‍ ഒറ്റ പിടുത്തം. അന്നത്തെ അലര്‍ച്ച ആ നാട്ടുകാര്‍ ഒരിക്കലും മറക്കില്ല. ആനയുടെ ചിന്നം വിളി ഒന്നുമല്ലന്നു അന്ന് എനിക്ക് മനസിലായി.

ഞങ്ങള്‍ താമസിക്കുന്ന ഫ്ലോരില് മൊത്തം രണ്ടു റൂം ആണ് ഉള്ളത്, ഒരെണ്ണം കാലി ആയി കിടക്കുന്നു. അതിന്റെ മുകളില്‍ ആണ് ഓണര്‍ ആന്‍ഡ്‌ കുടുംബം. കാരണം ഇത് പഴയ ഒരു ബില്‍ഡിംഗ്‌ ആണ്. ഇതിന്റെ അടുത്ത സൈഡില്‍ ആണ് പുതിയ ബില്‍ഡിംഗ്‌ കെട്ടി പൊക്കിയത്. ഞങ്ങളുടെ ഫ്ലോരില് ഞങ്ങള്‍ മാത്രം, രണ്ടിന്റേയും വഴി വേറെ വേറെ. അതിനാല്‍ ഒരു തരം വിജനത പോലെ തോന്നും. പകല്‍ കുഴപ്പമില്ല, സൂര്യന്‍ ഉണ്ടല്ലോ.

അന്ന് റൂമില്‍ യക്ഷി കഥ പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിനു മുന്നില്‍ ഞാന്‍ തന്നെ ആയിരുന്നു. നാട്ടിലെ ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു ഇവന്മാരെ വിരട്ടും. പിന്നെ പറഞ്ഞ ഞാനും വിരളും. പിന്നെ ഒരുമിച്ചു അടുത്തടുത്ത്‌ അങ്ങ് കിടന്നു ഒക്കെ അഡ്ജസ്റ്റ് ചെയ്യും.അങ്ങനെ ഒരു പ്രേത കഥ പറഞ്ഞു ഷണ്മുഖനിട്ട് പണി കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് പേടിപ്പിക്കാന്‍ പ്രചാരത്തില്‍ ഇരുന്ന കഥ ആണ് ഇത്......

======ഒരിടത്ത് ഒരു അമ്മയും മകനുംതാമസിച്ചിരുന്നു, അച്ഛന്‍ ഇല്ലാത്ത ദുഃഖം അറിയിക്കാതെ ആ അമ്മ മകനെ വളര്‍ത്തി വലുതാക്കി, പക്ഷെ അവന്‍ വളരെ പെട്ടന്ന് മദ്യപാനത്തില്‍ മുങ്ങി. അമ്മ ദുഖിതയായി. പലവട്ടം ഉപദേശിച്ചു. അവന്‍ കേട്ടില്ല. അവസാനം സഹി കെട്ടു അമ്മ പറഞ്ഞു "ഇനി നീ മദ്യപിച്ചാല്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ല" മകന്‍ കേട്ടില്ല, വീണ്ടും മദ്യപിച്ചു പോലീസിന്റെ പിടിയില്‍ ആയി. പോലീസുകാരുടെ കൈയും കാലും കരഞ്ഞു പിടിച്ചു ആ അമ്മ മകനെ സ്റ്റേഷനില്‍ നിന്നും ഇറക്കി വീട്ടില്‍ കൊണ്ട് വന്നു. അന്ന് രാത്രി ആ അമ്മ മരിച്ചു. പിറ്റേന്ന് അടക്കം എല്ലാം കഴിഞ്ഞു പള്ളിയില്‍ നിന്നും എല്ലാവരും പിരിഞ്ഞു. മകന്‍ വീട്ടില്‍ തനിച്ചായി. അയാള്‍ അമ്മയുടെ ഡയറി നോക്കിയപ്പോള്‍ അതില്‍ എഴുതി ഇരുന്നു. "അമ്മ മരിച്ചു കഴിഞ്ഞാല്‍ അമ്മയുടെ കയ്യിലെ മോതിരം നീ എടുത്തു നിന്റെ കൈയ്യില്‍ വയ്ക്കണം, അത് നഷ്ടപെടരുത്". അയാള്‍ക്ക്‌ ഒരുപാട് ദുഃഖം തോന്നി. അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ രാത്രിയില്‍ അയാള്‍ സെമിത്തേരിയില്‍ എത്തി. കല്ലറ തുറന്നു അമ്മയുടെ ശവ ശരീരത്തില്‍ നിന്നും അയാള്‍ മോതിരം ഊരാന്‍ നോക്കി. നടന്നില്ല, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അയാള്‍ ആ മോതിര വിരല്‍ മുറിച്ചെടുത്തു മോതിരം ഊരി കല്ലറ എല്ലാം അടച്ചു വീട്ടില്‍ എത്തി. ഏകദേശം രണ്ടു മണി ആയപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്നു. അയാള്‍ വാതില്‍ തുറന്നു, മുന്നില്‍ ഒരു സ്ത്രീ. അയാള്‍ ചോദിച്ചു എന്ത് വേണം എന്ന്. അവര്‍ പറഞ്ഞു കുടിക്കാന്‍ അല്പം വെള്ളം. === ഇനി ക്ലൈമാക്സ്‌ അവസാനം

അങ്ങനെ ഈ കഥ ഞാന്‍ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറഞ്ഞു മേല്‍പറഞ്ഞ സ്ഥലത്ത് നിര്‍ത്തി. ആ സമയത്ത് റൂമില്‍ ലൈറ്റ് പോയി. സാജന്‍ മെഴുകുതിരി കൊളുത്തി. പുറത്തു നല്ല കാറ്റ് തുടങ്ങി. ഒരനക്കവും എങ്ങും ഇല്ലാ. അത് വരെ "ഇതും ഇതിനു അപ്പുറവും എത്ര കേട്ടതാ" എന്നാ മട്ടില്‍ റൂമിന്റെ ഒരു മൂലയ്ക്ക് ഇരുന്നവന്‍ ഇവിടെ കൊണ്ട് നിര്‍ത്തിയപ്പോള്‍ എന്റെയും, സാജന്റെയും, സജിയുടെയും ഇടയില്‍ ആയി. എന്നിട്ട് ഉദ്യോഗഭരിതന്‍ ആയി ചോദിച്ചു. "എന്നിട്ട്"
ഞാന്‍ കഥ തുടര്‍ന്നു

====അയാള്‍ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയി, പുറത്തു ശക്തമായ കാറ്റ്. ജന്നലുകളും വാതിലുകളും ശക്തിയില്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം, പുറത്തു പട്ടികള്‍ ഓരി ഇടാന്‍ തുടങ്ങി. വെള്ളം വാങ്ങിയ അവരുടെ ഒരു കൈയ്യില്‍ ഒരു വിരല്‍ ഇല്ലാരുന്നു. അതും മോതിരം വിരല്‍. ഒരു നിശ്ശബ്ദത അവിടെ പരന്നു. പേടിയോടെ ഷണ്മുഖന്‍ ചോദിച്ചു "അവരുടെ വിരല്‍ എവിടെ"

എന്റെ ചൂണ്ടു വിരല്‍ അവന്റെ കണ്ണിലേക്കു ചൂണ്ടി അലറി കൊണ്ട് ഞാന്‍ ചോദിച്ചു "നീ അല്ലെ അത് വെട്ടി എടുത്തേ"
അവന്‍ ഒന്ന് മിഴിച്ചു നോക്കി എന്നെ, പിന്നെ ഞാന്‍ അലറിയതിന്റെ ഡബിള്‍ അലര്‍ച്ചയില്‍ പറഞ്ഞു "എന്റെ അമ്മച്ചീ ഞാനല്ലേ അത് ചെയ്തത്" എന്ന് പറഞ്ഞു താഴേക്ക് പതിച്ചു.

വാല്‍ക്കഷ്ണം : അന്ന് രാത്രി ഷണ്മുഖനു ഞങ്ങള്‍ കാവലിരുന്നു, വിറയല്‍ തന്നെ വിറയല്‍, പിന്നെ പനി കൂടിയപ്പോള്‍ സഫ്ദര്‍ ജന്ഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം എടുത്തു ഡിസ്ചാര്‍ജ് ചെയ്യാന്‍. അഞ്ചാം ദിവസം നാട്ടിലേക്ക് പോയി.

Friday, August 21, 2009

ഞങ്ങളുടെ ഓണ സ്മരണകള്‍

ഓണത്തിനെപറ്റി എന്തേലും എഴുതി തരൂ എന്ന മാണിക്യം ചേച്ചിയുടെ അഭ്യര്‍ഥന സമ്പന്നമായ ഓര്‍മ്മകള്‍ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ വിട്ടതാണ്. ഇക്കാര്യം ചാറ്റ് ചെയ്യുമ്പോള്‍ കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ http://www.rajeevkurup.blogspot.com/ കുറുപ്പിനോട് പറഞ്ഞു. അവനാണെങ്കില്‍ ഒരു നൂറായിരം ഓണസ്മരണകളുണ്ട്. ഓണപ്പൂക്കളമുണ്ട്, ഓണക്കളികളുണ്ട്... കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതമായി. ഞങ്ങളുടെ ചാറ്റ് അതേ പോലെ ഇങ്ങനെ ഒരു പോസ്റ്റാക്കി ഇടാമെന്നു വെച്ചു.

വിശദമായി വായിക്കുവാന്‍ ദേ ഇവിടെ നോക്ക്

Wednesday, August 19, 2009

എന്‍റെ പച്ച പട്ടു പാവാട (അവസാന ഭാഗം)

ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടു നാണത്തില്‍ മുങ്ങിയ ഒരു ചിരിയുമായി അവള്‍ നിന്നു.
"ദേവിക്ക് എന്നെ എന്നെ ഇഷ്ടമായിരുന്നു അല്ലെ" അവള്‍ മുഖം കുനിച്ചു പറഞ്ഞു,
"അതെ, എന്താ നേരിട്ട് പറയാതെ, ചേട്ടനെ വിട്ടത്"
"എന്റെ പൊന്നു മോളെ, പേടി കൊണ്ടല്ലേ"

അങ്ങനെ ഒരു വിശുദ്ധ പ്രേമം അവിടെ തുടങ്ങി. അന്ന് അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു, ലോകം കീഴടക്കിയ സന്തോഷം, ഒരു പെണ്ണിന് എന്നെ ഇഷ്ടമായി എന്ന് അറിയുന്ന നിമിഷം, ഇനി മുതല്‍ അവള്‍ എന്‍റെ പെണ്ണ്, എനിക്ക് സ്വപ്നം കാണാന്‍, എന്നെ കാത്തിരിക്കാന്‍ ഒരുവള്‍. അന്ന് വൈകിട്ട് പ്രീതി കുളങ്ങര അമ്പലത്തില്‍ പോയി അവളുടെ പേരിലും എന്‍റെ പേരിലും വഴിപാടു നടത്തി. ഞങ്ങളെ തമ്മില്‍ ഒരിക്കലും വേര്‍ പിരിക്കല്ലേ എന്ന് അമ്മയോട് മനം നൊന്തു പ്രാര്‍ത്ഥിച്ചു. അതിനു ശേഷം ഊഞ്ഞാല്‍ ഗിരിഷിനു അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും വയറു നിറച്ചു പൊറോട്ട, ഇറച്ചി കറി, ഫ്രൈ ഒക്കെ വാങ്ങി കൊടുത്തു. (കള്ളടി അന്ന് ഇല്ല കേട്ടോ, ഇല്ലേല്‍ എപ്പം കുപ്പി, പൊട്ടിച്ചു എന്ന് ചോദിച്ചാല്‍ പോരെ)

പരസ്പരം ഒരു നിമിഷം പോലും കാണാന്‍ പറ്റാത്ത അവസ്ഥ. ദുഃഖങ്ങള്‍, സന്തോഷങ്ങള്‍, എല്ലാം പരസ്പരം പറയാന്‍, പങ്കു വക്കാന്‍ ഒരാള്. രാവിലെ ബസ്‌ സ്റ്റോപ്പില്‍ വന്നു, ഞാന്‍ ബസ്‌ കയറി പോകുന്ന വരെ അവള്‍ നോക്കി നില്‍ക്കും, വൈകിട്ട് ഒരുമിച്ചു ബസ്‌ സ്റ്റോപ്പില്‍ വന്നു ഒരുമിച്ചു ട്യൂഷന്‍ സെന്റര്‍. (ഞങ്ങളുടെ കോളേജ് രണ്ടു ദിക്കില്‍ ആണ്) ട്യൂഷന്‍ കഴിഞ്ഞു അവളുടെ വീടിന്റെ അടുത്ത് വരെ കൊണ്ട് ചെന്ന് ആക്കി, തിരിച്ചു വീട്ടിലേക്കു. പരസ്പരം സംസാരം കൂടാതെ കത്തുകളും ഞങ്ങള്‍ കൈ മാറി. രാത്രികളില്‍ ഇരുന്നു എഴുതി കൂട്ടിയ എത്ര പ്രേമ ലേഖനങ്ങള്‍. മകന്റെ പഠനത്തിന്റെ ശുഷ്‌ കാന്തി കണ്ടു അച്ഛനും അമ്മയും സന്തോഷിച്ചു.

ഞങ്ങളുടെ പ്രേമം അങ്ങനെ ട്യൂഷന്‍ സെന്റര്‍ മുഴുവന്‍ പതിയെ അറിയാന്‍ തുടങ്ങി, പലക അടിച്ച ചുമരുകളില്‍ ചോക്ക് കൊണ്ട് ശ്രീദേവി + ജീവന്‍ , എന്ന പരസ്യങ്ങള്‍ പ്രത്യക്ഷപെട്ടു. അതൊന്നും കാര്യം ആക്കാതെ ഞങ്ങള്‍ പുസ്തകങ്ങളിലും മറ്റും ഒളിപ്പിച്ചു പ്രേമ ലേഖങ്ങള്‍ കൈ മാറി. മറ്റു കുട്ടികള്‍ എല്ലാം പരസ്പരം പറഞ്ഞു ചിരിച്ചു. അങ്ങനെ പതിയെ കലവൂര്‍ മുഴുവന്‍ ഏക ദേശം സംഭവം ഫ്ലാഷ് ആയി മാറി. എന്‍റെ കോളേജില്‍ സമരം ഉള്ള ദിവസങ്ങളില്‍ ഞാന്‍ നേരെ ആലപ്പുഴ ടൌണില്‍ പോയി അവളെ കാത്തു നില്‍ക്കും, അവളുടെ കോളേജ് വിട്ടു കഴിഞ്ഞാല്‍ ടൌണില്‍ കൂടെ കറക്കം, മുല്ലക്കല്‍ തെരുവുകളി കൂടി, പൊരി വറുത്തതും തിന്നു വെറുതെ നടന്നു. ആന കുത്തി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു കല്യാണം കഴിഞ്ഞു എത്ര കുട്ടികള്‍ വേണമെന്നും, കുട്ടികളുടെ പേര് വരെ ഞങ്ങള്‍ തീരുമാനിച്ചു. (ഈ പ്രേമത്തിന്റെ ഓരോ കാര്യം). ചില ദിവസങ്ങളില്‍ ബീച്ചില്‍ പോയി കടല്‍ പാലത്തിന്റെ അടിയില്‍ മുട്ടിയുരുമ്മി കടലിലെ തിരകളില്‍ കാല് നനച്ചു ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. ഇടയ്ക്കു അവളുടെ ചുമലില്‍ കൈ വച്ച് ആ കണ്ണുകളില്‍ നോക്കി, "നിന്നെ എത്ര സ്നേഹിച്ചിട്ടും എനിക്ക് മതി വരുന്നില്ല മോളെ, " എന്ന് പറഞ്ഞപ്പോള്‍ "എനിക്കെന്റെ ജീവേട്ടന്‍ മാത്രം മതി " എന്ന് പറഞ്ഞു ഒരു കരച്ചിലോടെ എന്‍റെ നെഞ്ചില്‍ ചാഞ്ഞു കിടന്നവള്‍.

ഒരിക്കല്‍ ട്യൂഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു സൈക്കിള്‍ തള്ളി അവളുടെ കൂടെ സംസാരിച്ചു ഞങ്ങള്‍ പതിവ്പോലെ നടന്നു വരുന്നു. കലവൂര്‍ മാര്‍ക്കറ്റ്‌ കഴിഞ്ഞു കിഴകോട്ടു തിരിഞ്ഞു, അപ്പോള്‍ എതിരെ ഒരു സ്ത്രീ കൈയ്യില്‍ സാധനങ്ങള്‍ ആയി വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മിന്നലും ഇടിയും എല്ലാം ഒരുമിച്ചു വെട്ടി. "എന്‍റെ അമ്മ" സൈക്കിളുമായി പോസ്റ്റ്‌ ഓഫീസിലേക്ക് ഒരു പാച്ചില്‍. ശ്രീദേവി പോലും അറിഞ്ഞില്ല ഞാന്‍ എവിടെ പോയി എന്ന്. അമ്മ പോയി കഴിഞ്ഞു ഞാന്‍ പതിയെ ഇടവഴിയിലൂടെ അവളുടെ മുന്നില്‍ എത്തി. അവള്‍ ഒന്ന് ഞെട്ടി നോക്കി എന്നിട്ട് ചോദിച്ചു

"എവിടെ പോയതാ, അത് ഒന്നും പറയാതെ, ഞാന്‍ പേടിച്ചു പോയി"
"എടീ ആ പോകുന്ന ആളെ കണ്ടോ", അവള്‍ തിരിഞ്ഞു നോക്കി,
"അതാണ് നിന്റെ അമ്മായി അമ്മ, സാക്ഷാല്‍ എന്‍റെ അമ്മ"
"അയ്യോ അമ്മയെ ഒന്ന് പരിചയ പെടുത്താന്‍ മേലാരുന്നോ,"
"ഉവ്വ നടന്നു, ഈ മാര്‍ക്കറ്റ്‌ ഒന്നും അമ്മ നോക്കില്ല, ഇവിടെ വച്ച് എന്നെ വെട്ടി നുറുക്കും, പിന്നീട് നിനക്കിട്ടു, ചെറുതായി വീട്ടില്‍ അറിഞ്ഞു കാര്യങ്ങള്‍, അത് കൊണ്ട് മോള് വീട്ടില്‍ പൊയ്ക്കോ, എന്‍റെ ഗ്യാസ് പോയി, എന്നിനി മൂഡില്ല" അവള്‍ യാത്ര പറഞ്ഞു നടന്നു നീങ്ങി.

എന്ത് പറഞ്ഞാലും എനിക്ക് അമ്മയെ ഇന്നും പേടി ആണ്, കള്ളത്തരം കാണിച്ചു അമ്മയുടെ മുന്നില്‍ നിന്നാല്‍ ഇന്നും എന്‍റെ കൈയും കാലും വിറക്കും, കാരണം അമ്മ ഒന്ന് നോക്കി മൂളിയാല്‍ സത്യം പറഞ്ഞു പോകും, സീ ബീ ഐ യുടെ നുണ പരിശോധന ഒന്നും വേണ്ട, അല്ലാതെ തന്നെ പറഞ്ഞു പോവും.

അങ്ങനെ രണ്ടാം വര്ഷം പരീക്ഷ വന്നു, ഞാന്‍ ആത്മാര്‍ഥമായി എഴുതി, (കാരണം ഒന്നാം വര്ഷം മലയാളം ഒഴിച്ച് ഒന്നും കിട്ടിയില്ലായിരുന്നു). അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞു രണ്ടാം വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നു. എന്നില്‍ വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് ഞാന്‍ തോറ്റു. വലിയ തോല്‍വി അല്ല ചെറുത്‌, പറഞ്ഞു വരുമ്പോള്‍ ഇത്രേ ഉള്ളു "സബ്ജെക്ട് കിട്ടീല്ല എന്നെ ഉള്ളു, ലാംഗ്വേജ് പോയി"

അച്ഛന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു "നല്ലവണ്ണം എഴുതിയതാ, പക്ഷെ.... അച്ഛന്‍ പേടിക്കേണ്ട സപ്ലിമെന്റ് പരീക്ഷക്ക്‌ രണ്ടു വര്‍ഷത്തെയും ഞാന്‍ ഒന്നിച്ചു എഴുതി എടുത്തിരിക്കും, ഞാന്‍ പ്രീമിയര്‍ കോളേജില്‍ തന്നെ പോയി പഠിച്ചു എഴുതും, വിജയിക്കും, നോക്കിക്കോ"
അച്ഛന്‍ പറഞ്ഞു "ഇതിനു കൂടി ഞാന്‍ പൈസ മുടക്കും, പിന്നെ തോറ്റു തുന്നം പാടി വന്നാല്‍, പുസ്തകം എടുത്തു തട്ടിന്റെ മുകളില്‍ ഇടും, പിന്നെ തൂമ്പയും കൊണ്ട് കിളക്കാന്‍ പൊക്കോണം" അമ്മ കനപ്പിച്ചു ഒന്ന് നോക്കി അകത്തേക്ക് പോയി.

പക്ഷെ എന്‍റെ പെണ്ണ് ഒന്നാം വര്‍ഷ പരീക്ഷ നല്ല മാര്‍ക്കോടെ പാസായി രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. എന്‍റെ റിസള്‍ട്ട്‌ അറിഞ്ഞു ഏറ്റവും കൂടുതല്‍ സങ്കടം അവള്‍ക്കായിരുന്നു. ഞാന്‍ ചോദിച്ചു "നിനക്ക് ഇത്ര സങ്കടമോ ഞാന്‍ തോറ്റതില്‍"
"അത് കൊണ്ടല്ല, ഞാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ചേരുമ്പോള്‍ ചേട്ടന്‍ പിന്നേം പാസ്‌ ആയില്ല എങ്കില്‍, എന്തൊരു നാണക്കേടാ, അത് കൊണ്ട് അച്ഛനോട് പറഞ്ഞ പോലെ വാശിക്ക് പഠിച്ചു കൂടെ, ഏട്ടനെ കൊണ്ട് പറ്റും ഒന്ന് മനസിരുത്തി പഠിച്ചു നോക്ക്"
അതൊരു വാശി ആയി തന്നെ ഞാന്‍ എടുത്തു, കുത്തി ഇരുന്നു പഠിച്ചു, അങ്ങനെ പരീക്ഷ എഴുതി രണ്ടു വര്‍ഷത്തെയും ഒന്നിച്ച്. ഫലം വന്നപ്പോള്‍ ഞാന്‍ പേടി കാരണം നമ്പോലനെ അയച്ചു. പിന്നെ അവന്റെ വരവും കാത്തു ഇരിപ്പായി. കുറെ കഴിഞ്ഞു നമ്പോലന്‍ വിളറിയ മുഖവുമായി വന്നു പറഞ്ഞു
"അളിയാ നീ പാസ്‌ ആയടാ"
"സത്യം"
"അതേടാ ഞാനും ഞെട്ടി പോയി, എന്നിട്ട് നിന്റെ റോള് നമ്പര്‍ രണ്ടു മൂന്ന് പേരെ കൊണ്ട് നോക്കിച്ചു, നിന്നെ കേരള സര്‍വകലാശാല അനുഗ്രഹിച്ചു"
വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ പറയാന്‍ പെട്ട പാട്. ആരും ആദ്യം വിശ്വസിച്ചില്ല. പിന്നെ മനസിലായി മകന്‍ പ്രീ ഡിഗ്രി എന്ന കടമ്പ കൂളായി കടന്നു എന്ന്. അതാണ് കുറുപ്പ്, അത് ആവണമടാ കുറുപ്പ്.

പിറ്റേന്ന് എന്‍റെ പെണ്ണിനെ കണ്ടു ഞാന്‍ പാസായ കാര്യം പറഞ്ഞു, അവള്‍ക്കും ഒത്തിരി സന്തോഷമായി. അന്ന് കടപ്പുറത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അവളുടെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു
"അപ്പോള്‍ കള്ള കുറുപ്പിന് മര്യാദക്ക് പഠിക്കാന്‍ അറിയാം, ഈ പെണ്ണ് കാരണം പാസ്സായി, എന്നിട്ട് എനിക്ക് സമ്മാനം ഒന്നും തന്നില്ലല്ലോ"
"സമ്മാനം ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്"
"എവിടെ"
എന്‍റെ കൈകള്‍ കൊണ്ട് ഞാന്‍ അവളുടെ മുഖം എന്‍റെ മുഖത്തേക്ക് വലിച്ചു അടുപ്പിച്ചു അന്ന് ആദ്യമായി ഞാന്‍ അവള്‍ക്കു ഒരു ചുംബനം നല്‍കി. എല്ലാം പെട്ടന്ന് ആയിരുന്നു. അല്പം പരിഭവത്തില്‍ എന്നെ മടിയില്‍ നിന്നും തള്ളി മാറ്റി നാണത്തിന്റെ ലാഞ്ചന ഉള്ളില്‍ ഒളിപ്പിച്ചു അവള്‍ പറഞ്ഞു "വഷളന്‍"

അതിനിടക്ക് എനിക്ക് തിരുവനന്തപുരത്ത് ഒരു ഇന്റര്‍വ്യൂ നു പോകണ്ട ആവശ്യം വന്നു. സീ ആര്‍ പീ എഫിലേക്ക്. അങ്ങനെ ആദ്യത്തെ ഓട്ടവും ചാട്ടവും തുണി അഴിച്ചുള്ള പരിശോധനയും പാസായി, പിറ്റേന്ന് എഴുത്ത് പരീക്ഷ, അത് തോറ്റപ്പോള്‍ സമാധാനമായി. അവര്‍ക്ക് നല്ലൊരു ജവാനെ കിട്ടാന്‍ യോഗമില്ല. അങ്ങനെ നാല് ദിവസം അവിടെ തങ്ങി. തിരിച്ചു വീട്ടില്‍ വന്നു. എത്രയും പെട്ടന്ന് എന്റെ പ്രിയപെട്ടവളെ കാണാന്‍ കൊതിയായി. നാല് ദിവസം പിടിച്ചു നിന്ന പാട്. ഹോ. പിറ്റേന്ന് ട്യൂഷന്‍ സെന്റെറില്‍ പോയി കാത്തു നിന്ന്. കണ്ടില്ല. അന്നേരം അവളുടെ വീടിനടുത്തുള്ള കുട്ടി വരുന്നു. അവളോട്‌ ചോദിച്ചു. അന്നേരം അവള്‍ പറഞ്ഞു.

"ജീവന്‍ നിങ്ങള്‍ പോയ അന്ന് വൈകിട്ട് അവളുടെ അമ്മ മരിച്ചു, അസുഖം കൂടുതല്‍ ആയിരുന്നു,താന്‍ ഒന്ന് അവിടെ വരെ ചെല്ലണം"
പകച്ചു പോയി, ഇനി അവള്‍ക്കു ആരുണ്ട്. പ്രായമായ അമൂമ്മ മാത്രം, പിന്നെ ബുദ്ധി വളര്‍ച്ച ഇല്ലാത്ത ഒരു അനുജനും എന്ത് ചെയ്യും അവള്‍. എങ്ങനെ അവളെ സമാധാനിപ്പിക്കും.

അപ്പോള്‍ തന്നെ ഊഞ്ഞാലിനെ കൂട്ടി നേരെ അവളുടെ വീട്ടില്‍ ചെന്നു. ഒരു തുണ്ട് ഭൂമിയില്‍ ഒരു ഓലപ്പുര, ബന്ധുക്കള്‍ ആണെന്ന് തോന്നുന്നു, കുറച്ചു ആള്‍ക്കാര്‍ റോഡിലും മുറ്റത്തുമായി നില്‍പ്പുണ്ട്‌. സ്ഥലം ഇല്ലാത്തതു കാരണം വീടിന്റെ തൊട്ടു തെക്ക് വശം തന്നെ കത്തിയമര്‍ന്ന ചിത. അവളുടെ മുത്തശി ആണെന്ന് തോന്നുന്നു തിണ്ണയില്‍ ഇരിപ്പുണ്ട്. ഞങ്ങള്‍ അകത്തേക്ക് ചെന്നു. മുത്തശിയുടെ അരികില്‍ ചെന്നു ഞാന്‍ പറഞ്ഞു "മുത്തശി ഞങ്ങള്‍ ശ്രീദേവിയുടെ കൂടെ പഠിക്കുന്നവര്‍ ആണ്" അവര്‍ തല ഉയര്‍ത്തി നോക്കി എന്നിട്ട് കരച്ചിലോടെ പറഞ്ഞു "എന്റെ മോള് പോയി മക്കളെ, ഈ കുട്ടികളെ ഇനി ഞാന്‍ എങ്ങനെ നോക്കും, എന്റെ കാലം കഴിഞ്ഞാല്‍ ആരാ അവര്‍ക്ക്, എനിക്ക് ഒന്നും അറിയില്ല" ആ അമ്മയുടെ തലയില്‍ തലോടി നിന്നതല്ലാതെ ഒരു വാക്ക് പോലും പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. അത്രയ്ക്ക് മനസ് പൊള്ളുന്ന വേദന ആയിരുന്നു എല്ലാര്‍ക്കും. കുറച്ചു കഴിഞ്ഞു അവര്‍ ചോദിച്ചു
"എന്താ മോന്റെ പേര്"
"ജീവന്‍"
"മോന്‍ ആണല്ലേ ജീവന്‍"
"മുത്തശിക്ക് എന്നെ എങ്ങനെ അറിയാം"
"അവള്‍ പറഞ്ഞിട്ടുണ്ട് എല്ലാം"
ആദ്യം ഒന്ന് പരിഭ്രമിച്ചു എങ്കിലും ഞാന്‍ ചോദിച്ചു
"ശ്രീദേവി"
"പുറകിലെ ചായ്പില്‍ ഉണ്ട്"
ഊഞ്ഞാല്‍ പോയിട്ട് വരാന്‍ കണ്ണ് കൊണ്ട് കാണിച്ചു. ഞാന്‍ പതിയെ ചയ്പിനുള്ളിലേക്ക് കയറി. അവിടെ നിലത്തു കാല്‍മുട്ടുകളില്‍ മുഖം കുനിച്ചു അവള്‍ ഇരിക്കുന്നു.

ഞാന്‍ പതിയെ അടുത്ത് ചെന്നു വിളിച്ചു
"ദേവി"
തല ഉയര്‍ത്തി അവള്‍ എന്നെ നോക്കി പിന്നെ ഒരു പൊട്ടി കരച്ചില്‍ ആയിരുന്നു.
"ഏട്ടാ എനിക്കിനി ആരുമില്ലാ, ഞങ്ങള്‍ അനാഥര്‍ ആയി, എന്റെ അമ്മ പോയി ഏട്ടാ, ഞങ്ങളെ കുറിച്ച് ഒത്തിരി സങ്കടപെട്ടാണ് അമ്മ പോയെ"
"മോളെ ആരുമില്ല എന്ന് പറയരുത് ഞാനില്ലേ നിന.... വാക്കുകള്‍ മുഴുപ്പിക്കുനതിനു മുന്നേ എന്റെ തൊണ്ട ഇടറി, ഒരു കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവള്‍ ഉള്ളിലെ സങ്കട കടലിനെ കണ്ണു നീരായി ഒഴുക്കി. ഒടുവില്‍ അവളെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങി.

പിന്നെയും ഒരു ആഴ്ച കഴിഞ്ഞാണ്‌ അവളെ കണ്ടത്. കലവൂര്‍ സ്കൂളിലെ വക മരത്തിന്റെ ചോട്ടില്‍ വച്ച് അവള്‍ പറഞ്ഞു
"ജീവേട്ടാ ഞാന്‍ പറയുന്ന കാര്യം ശ്രദ്ധിച്ചു കേള്‍ക്കണം, ഞങ്ങള്‍ ഇവിടെ നിന്നും പോകുന്നു, അമ്മാവന്റെ കൂടെ മദ്രാസിലേക്ക്, ഏട്ടന്‍ ഇനി എന്നെ മറക്കണം, ഞാന്‍ ഒരു ശാപം പിടിച്ച ജന്മം ആണ്, കണ്ണ് നീര്‍ എന്നും എന്റെ കൂടെ പിറപ്പ്‌ ആണ്. ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാവും, ഇപ്പോള്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ ആവില്ല, എനിക്കിനി അവര് പറയുന്നത് അനുസരിക്കാനേ സാധിക്കൂ, അനിയന് വേറെ ആരും ഇല്ലാ. പഠനം പോലും തുടരാന്‍ പറ്റുമോ എന്ന് സംശയം ആണ്"

"ദേവി എനിക്കിപ്പോള്‍ നിന്നെ സംരക്ഷിക്കാന്‍ കഴിയില്ല, പക്ഷെ ഞാന്‍ കാത്തിരിക്കും, എവിടെ ആണെങ്കിലും നീ എന്നെ മറക്കരുത്, എനിക്ക് നീ ഇല്ലാതെ ഒരു ജീവിതം ഇല്ലാ, എത്ര എളുപ്പം ആണ് നീ പറഞ്ഞത് മറക്കാന്‍, അങ്ങനെ നമ്മള്‍ക്ക് സാധിക്കുമോ"
"ഏട്ടാ ജീവിതത്തില്‍ ഓരോന്ന് അനുഭവിച്ചു കഴിയുമ്പോള്‍ ഇതെല്ലം നിസാരം ആയിട്ട് തോന്നും, ഇപ്പോള്‍ ഒരുതരം ശൂന്യത ആണ്, ഒന്നുമില്ല, എട്ടനോടുള്ള സ്നേഹം എന്റെ മരണം വരെ കാണും"

സത്യത്തില്‍ എനിക്ക് ദേഷ്യം, സങ്കടം എല്ലാം വന്നു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയി. എത്ര പെട്ടന്ന് അവള്‍ പറഞ്ഞു തീര്‍ത്തു, പണ്ടേ ഷോര്‍ട്ട് ടെമ്പെര് ആണ്. ഒടുവില്‍ അവളോട്‌ ചൂടായി പറഞ്ഞു
"ശരി എന്തേലും ചെയ്യ്‌, ഞാന്‍ ഒന്നും പറയുന്നില്ല, എന്നെ ഉപേക്ഷിച്ചു പോണേല്‍ പൊയ്ക്കോ"
അവള്‍ ശാന്തയായി പറഞ്ഞു "ഏട്ടാ ദേഷ്യം പിടിക്കാതെ, കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കു"
ഞാന്‍ പറഞ്ഞു "എന്താണേലും ഞാന്‍ കാത്തിരിക്കും, എവിടെ ആണെങ്കിലും,"
അത്രയും പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവളുടെ മിഴികളും നനഞ്ഞു തുടങ്ങി ഇരുന്നു. കൂടുതല്‍ ഒന്നും പറഞ്ഞില്ല വീട്ടിലെ അഡ്രസ്‌ എഴുതി കൊടുത്തു പറഞ്ഞു
"എനിക്ക് കത്തെഴുതണം, എല്ലാ വിവരങ്ങളും അറിയിക്കണം അവിടെ എത്തിയിട്ട്, നിന്റെ കത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും"
"ശരി ഏട്ടാ ഞാന്‍ കത്തെഴുതാം, ഏട്ടന്റെ മറക്കാന്‍ എനിക്കും ആവില്ല, എന്റെ ധൈര്യം എല്ലാം ചോര്‍ന്നു പോയി"
എന്റെ കൈയ്യില്‍ ഒന്ന് മുറുക്കെ അമര്‍ത്തി അവള്‍ തിരിഞ്ഞു നടന്നു. അന്ന് അവള്‍ ധരിച്ചത് അതെ പച്ച പട്ടുപാവാട ആയിരുന്നു. കണ്ണുനീര്‍ ആ പച്ചപ്പ്‌ മായ്ക്കുന്ന വരെ ഞാന്‍ നോക്കി നിന്നു. പിന്നെ കണ്ട അവളുടെ പാവാടക്കു ചുവപ്പിന്റെ നിറം ആയിരുന്നു.

ഒരു പാട് വര്‍ഷം ഞാന്‍ കാത്തിരിന്നു അവളുടെ കത്തിന് വേണ്ടി, പോസ്റ്റ്‌ ഓഫീസില്‍ കയറി ഇറങ്ങി ഒന്നും വന്നില്ല. അറിയില്ല അവള്‍ എവിടെ എന്ന്. എവിടെ എങ്കിലും സുഖമായി പാവം ജീവിക്കുന്നുണ്ടാവും. പ്രാര്‍ഥന മാത്രമേ ഉള്ളു എന്നും ഇന്നും നിനക്ക് വേണ്ടി തരാന്‍ എന്റെ കൈയ്യില്‍, എന്റെ പ്രിയപ്പെട്ട പച്ച പട്ടു പാവാടക്കാരി.

ഒരു ലളിത ഗാനത്തിന്റെ വരികള്‍ കടമെടുത്തു ഇത് അവസാനിപ്പിക്കെട്ടെ
"വേര്‍ പിരിഞ്ഞെങ്കിലും നീ എന്നെ ഏല്‍പ്പിച്ച
വേദന ഞാന്‍ ഇന്നും സൂക്ഷിക്കുന്നു"
(അവസാനിച്ചു )

Wednesday, August 5, 2009

എന്‍റെ പച്ച പട്ടു പാവാട

പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഒരു വിധത്തില്‍ പ്രീ ഡിഗ്രിക്ക് അഡ്മിഷന്‍ തരമാക്കി ഇനിയാണ് അടിച്ചു പൊളി എന്ന വിശ്വാസത്തില്‍ ആണ് എസ് എന്‍ കോളേജിലേക്ക് വലതുകാല്‍ വച്ച് കയറിയത്. ഗ്രൂപ്പ്‌ തേര്‍ഡ്. ഒരു പാട് നല്ല സുഹൃത്തുകളെ കിട്ടിയ കലാലയ ഓര്‍മകള്‍ അന്നും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കലവൂരില്‍ നിന്നും ബസില്‍ തൂങ്ങി പോകുക, അഥവാ ആളുകൂടുതല്‍ ആണെങ്കില്‍, പുറകിലെ കോണിയില്‍ തൂങ്ങുക, ബസിനുള്ളില്‍ കടന്നു കൂടിയാല്‍ ബെല്ലടിക്കുക, കണ്ടക്ടര്‍ ജാഡ കാണിച്ചാല്‍, ബെല്ലിന്റെ ചരട് കെട്ടിയിടുക, ഒടുവില്‍ പാതി വഴിയില്‍ വണ്ടി നിര്‍ത്തിയിട്ട്‌ ഭ്രാന്ത് പിടിച്ച ഡ്രൈവര്‍ പോലീസിനെ വിളിക്കുമ്പോള്‍ മാപ്പ് പറഞ്ഞു "കണ്ട്ക്ടര്‍ സാറിനും നാരായണം, പിന്നെ ഡ്രൈവര് ചേട്ടനും നാരായണം" എന്ന പാട്ടും പാടി വീണ്ടും കോളേജിലേക്ക് യാത്ര തുടരുക ഇതൊക്കെ ആണ് അന്നത്തെ പതിവുകള്‍. പക്ഷെ ആദ്യത്തെ രണ്ടു മാസമേ നടന്നുള്ളൂ ഈ ആക്രാന്തം. എസ് എന്‍ കോളേജിന്റെ മുന്നിലെ വില്ലേജ് ഓഫീസിലേക്ക് അച്ഛന്‍ സ്ഥലം മാറി വന്നതോടെ തീര്‍ന്നു എല്ലാം. കാരണം കോളേജിലോ ബസിലോ എന്ത് കാണിച്ചാലും ന്യൂസ്‌ ഉടന്‍ അച്ഛന്റെ ചെവിയില്‍ എത്തിയിരിക്കും, അല്ലേല്‍ എത്തിച്ചിരിക്കും. അതിനാല്‍ വളരെ സൂക്ഷിച്ചാണ് പോക്കും വരവും പഠനവും. ഇത് എല്ലാം കഴിഞ്ഞു വൈകിട്ട് ട്യൂഷന് പോണം പ്രീമിയര്‍ കോളേജില്‍. കലവൂരില്‍ ബസ്‌ ഇറങ്ങി വിശന്നു കത്തുന്ന വയറുമായി ട്യൂഷന് പോയി ഇരിക്കുന്ന ഒരു അവസ്ഥാ, ഹോ അതും കഴിഞ്ഞു 6 മണിയാവും വീട്ടില്‍ ചെല്ലുമ്പോള്‍. അന്നേരമാണ് എന്തേലും തിന്നാന്‍ കിട്ടുന്നെ. അതും അമ്മയുടെ വക സീ ബി ഐ വക ചോദ്യങ്ങള്‍ നേരിട്ടതിനു ശേഷം.

അന്ന് എന്റെ വീടിന്റെ അടുത്തുള്ള മിക്ക ചേട്ടന്മാരും എസ് എന്‍ കോളേജില്‍ ഉള്ളത് കൊണ്ടും, അച്ഛന്റെ ഓഫീസ് നേരെ വാതുക്കല്‍ തന്നെ ഉള്ളതിനാലും, അധികം പ്രശ്നങ്ങള്‍ കോളേജില്‍ നേരിട്ടിരുന്നില്ല, മാത്രമല്ല എസ് എഫ്‌ ഇയ്യുടെ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. (ഇല്ലേല്‍ ഇടി കിട്ടുമല്ലോ) അങ്ങനെ വിജയകരമായി ഞാന്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ഫസ്റ്റ് ഇയര്‍ പിള്ളേരെ പരിചയപെടാന്‍ ഇനിയാണ് അവസരം. പുതിയ ബാച്ചിലെ പിള്ളേര്‍ എത്താന്‍ തുടങ്ങി. ഓരോ ഗ്രൂപ്പിലും പോയി പെണ്‍ പിള്ളേരെ ടീം ആയി പരിച്ചയപെടുക എന്നിട്ട് തിരിച്ചു പോകുക. അല്ലാതെ റാഗ്ഗിംഗ് ഒന്നുമല്ലോ കേട്ടോ. നിര്‍ദോഷമായ ഒരു പരിചയം പുതുക്കല്‍, അത്ര തന്നെ. അന്ന് പെണ്‍കുട്ടികളെ പരിചയപെടുന്നതിനു മുന്‍പ് അവരുടെ പുസ്തകങ്ങള്‍ നേരത്തെ വായിച്ചു നോക്കി, അഥവാ അച്ഛന്റെ പേര് ചേര്‍ത്തിട്ടുള്ള പേര് ആണെങ്കില്‍ കേറി മുട്ടാന്‍ പറ്റും. ഉദാഹരണത്തിന് ഒരു പെണ്‍കുട്ടിയുടെ പേര് "സുമിത്ര ബാലചന്ദ്രന്‍" എന്നാണ് എന്ന് കരുതുക. പരിചയപെടല്‍ ഇപ്രകാരം ആവും.
"എന്താ പേര്"
സുമിത്ര
"വീട് എവിടാ"
മുഹമ്മ
"മുഹമ്മ എവിടെ"
അങ്ങനെ ചുമ്മാ അവിടെ ഒരു പെട്ടികട നടത്തുന്ന രാഘവന്‍ ചേട്ടനെ അറിയുമോ, തുണികട നടത്തുന്ന ജോസ് ചേട്ടനെ അറിയുമോ എന്നൊക്കെ ചോദിച്ചു കത്തി കേറും,
അങ്ങനെ ലാസ്റ്റ് ചോദിക്കും, "ഒരു ബാലചന്ദ്രന്‍ ചേട്ടനെ അറിയാമോ", (ചില പെണ്‍കുട്ടികളുടെ ബുക്കില്‍ വീട് പേരും കാണും, അങ്ങനെ എങ്കില്‍ എളുപ്പമാവും കാര്യങ്ങള്‍).
"പൂവള്ളിലെ ബാലചന്ദ്രന്‍ മാഷ്, അറിയുമോ?
"അയ്യോ അതെന്റെ അച്ഛനാ"
"അയ്യോ ബാലെട്ടെന്റെ മോളാണോ, എന്റെ ദൈവമേ നേരത്തെ പറയണ്ടേ"
അങ്ങനെ പോവും കാര്യങ്ങള്‍, പിന്നീടാണ് അവര്‍ക്ക് മനസിലാവുന്നത് പറ്റിയ അമളി, അപ്പോളേക്കും സൌഹൃദം ഉടലെടുതിരിക്കും, അല്ലേല്‍ ലൈന്‍ ആവും.

അങ്ങനെ ഒരു ദിവസം, കോളേജില്‍ നിന്നും കലവൂര് ബസ്‌ ഇറങ്ങി, ബീ എസ് എ എന്ന മയില്‍ വാഹനം ചന്തിയില്‍ ഉറപ്പിച്ചു നേരെ ട്യൂഷന്‍ ക്ലാസ്സ്‌. അവിടെ ചെന്ന് സൈക്കിള്‍ എല്ലാം ഒതുക്കി വച്ച് നേരെ ക്ലാസ്സിലേക്ക് നടന്നു. ഫസ്റ്റ് ഇയര്‍ ക്ലാസ്സിന്റെ മുന്നിലൂടെ പാസ്‌ ചെയുമ്പോള്‍ ഒരു പെണ്‍കൊടി തനിച്ചിരുന്നു എന്തോ എഴുതുന്നു, പച്ച പട്ടുപവട ആന്‍ഡ്‌ ബ്ലൌസ്, ഐശ്വര്യം ഉള്ള മുഖം. കണ്ടപ്പഴേ ഉറപ്പിച്ചു ഇവള്‍ എന്റെ പെണ്ണ് തന്നെ. (ഈ പട്ടുപാവാട എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്). എന്റെ ക്ലാസ്സില്‍ വന്നു നോക്കി ആരും വന്നിട്ടില്ല. ഞാന്‍ പുസ്തകം എല്ലാം കൊണ്ട് വച്ച് പതിയെ ഇവളുടെ ക്ലാസ്സില്‍ വന്നു. എന്നിട്ട് ചോദിച്ചു "എന്താ എഴുതുന്നെ,"
"അത് കുറച്ചു നോട്ട് ആണ്, ഇന്നലെ കോളേജില്‍ പോയില്ല, ഇത് കൂട്ടുകാരിയുടെ ആണ്, നാളെ കൊടുക്കണം, അതാ ഇവിടിരുന്നു എഴുതുന്നെ".
ഞാന്‍ അങ്ങനെ ചുറ്റി പറ്റി നിന്ന് അവളുടെ മറ്റൊരു ബുക്ക്‌ സൂത്രത്തില്‍ എടുത്തു മറിച്ച് നോക്കി. അതില്‍ അവളുടെ പേര് "ശ്രീദേവി ശ്രീനിവാസന്‍" എന്ന് കണ്ടു. (ഫാറ്റ്‌ ഫ്രീയിലെ ഡോക്ടര്‍ ശ്രീദേവി ശ്രീനിവാസന്‍ അല്ല, ഫാറ്റ് ഇല്ലാത്ത ഒരു പാവം ശ്രീദേവി) ബുക്ക്‌ പതിയെ തിരിച്ചു വച്ച് ഞാന്‍ നമ്പര്‍ തുടങ്ങി.
"കലവൂരില്‍ ആണോ വീട്,"
"അതെ" (ശെടാ എന്നിട്ട് ഞാന്‍ ഇന്നാണല്ലോ കാണുന്നെ, സ്കാന്നിംഗ് പോരാ)
"ഏതു കോളേജ് ആണ്"
"സെന്റ്‌ ജോസഫ്‌" (ഓഹോ ചുമ്മാതല്ല കാണാഞ്ഞേ, ഈ കോളേജ് ലേഡീസ് ഒണ്‍ലി ആണ്, അപ്പോള്‍ ലൈന്‍ കാണില്ലാ)
"വീട്"
"കുറച്ചു കിഴക്കാണ്,"
അവള്‍ വീടിന്റെ ഡീറ്റയില്‍സ്‌ പറഞ്ഞു, എന്റെ പരിചയമുള്ള സ്ഥലം തന്നെ, കലവൂരിനു കുറച്ചു കിഴക്കാണ്. ഇനി പരിപാടി ഇറക്കി തുടങ്ങാം
"അവിടെ ഒരു വര്‍ക്ക്‌ ഷോപ്പ് ഉണ്ട് അജിയുടെ, അറിയുമോ"
"അറിയും, അതിന്റെ പുറകില്‍ ആണ് എന്റെ വീട്"
"അയ്യോ, ശ്രീനിവാസന്‍ ചേട്ടന്റെ മോളാണോ"
"അതെ, (അവള്‍ ആശ്ചര്യത്തോടെ) അച്ഛനെ അറിയുമോ"
"കൊള്ളാം അറിയുമോ എന്ന്, ഇന്നലെ കൂടി ഞങ്ങള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടു സംസാരിച്ചു."

അത് പറകേം അവളുടെ മുഖം മാറി, ചുവന്നു തുടുത്തു, പിന്നെ ഒറ്റ കരച്ചില്‍, എന്നിട്ട് ബുക്കുകളും ബാഗുകളും എല്ലാം എടുത്തു അവള്‍ ഒറ്റ ഓട്ടം, അന്നേരം കൊണ്ട് ബാക്കിയുള്ള കുട്ടികള്‍ എല്ലാം വന്നു തുടങ്ങി ഇരുന്നു. അവളുടെ ക്ലാസ്സ്‌ മേറ്റ്‌ കുട്ടി അവളെ പിടിച്ചു നിര്‍ത്താന്‍ നോക്കി എങ്കിലും അവള്‍ അവളെ തട്ടി മാറ്റി നിലവിളിച്ചു കൊണ്ട് തന്നെ ഓടി പോയി.

സാറന്മാരും കണ്ടു. ആര്‍ക്കും കാരണം അറിയില്ല. എന്നെ സാറന്മാര് അപ്പോള്‍ തന്നെ പൊക്കി സ്ടാഫ്‌ റൂമില്‍ കൊണ്ട് വന്നു മൂലയ്ക്ക് നിര്‍ത്തി, ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വിഷയം പെണ്‍ വാണിഭം ആയി മാറും ഇക്കണക്കിനു പോയാല്‍ എന്ന് മനസിലായി, ഞാന്‍ സംഭവിച്ച കാര്യം പറഞ്ഞു. അന്നേരം അവളുടെ ക്ലാസ്സ്‌ മേറ്റ്‌ കുട്ടി പറഞ്ഞു "ഉണ്ണി സര്‍ അവളുടെ അച്ഛന്‍ പെരുമണ്‍ അപകടത്തില്‍ മരിച്ചതാണ്, അവള്‍ക്കു അമ്മയും, മുത്തശിയും, ഒരു അനിയനും മാത്രമേ ഉള്ളു, അമ്മ ഇപ്പോള്‍ കാന്‍സര്‍ പേശ്യന്റ് ആണ്. അനിയന് ബുദ്ധി വളര്‍ച്ചയും ഇല്ല, പാവം ആണ് അവള്‍, അമ്മാവന്റെ കാരുണ്യത്തില്‍ ആണ് ഇപ്പോള്‍ കഴിയനെ,എന്നിട്ടും അവള്‍ നന്നായി പഠിക്കും, എസ് എസ് എല്‍ സീ ക്ക് നല്ല മാര്‍ക്ക്‌ ഉണ്ടായിരുന്നു"

നീട്ടി പിടിച്ച ഉള്ളം കൈയ്യില്‍ ചൂരല്‍ പഞ്ചാരി മേളം തീര്‍ക്കുന്ന വേളയിലും ഞാന്‍ കരഞ്ഞില്ല, മറിച്ച് അവളുടെ മുഖം മാത്രമായിരുന്നു മനസ്സില്‍, പിന്നെ അവളുടെ പഠിക്കാനുള്ള കഴിവ് അതും പ്രതികൂല അവസ്ഥയില്‍. എനിക്കുള്ള സൌകര്യം ഞാന്‍ ഓര്‍ത്തു നോക്കി, എന്തെല്ലാം എന്നിട്ടും പഠിക്കുന്നില്ല.

നാളെ അവള്‍ ക്ലാസ്സില്‍ വരുമ്പോള്‍ പരസ്യമായി മാപ്പ് പറയണം എന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു, ഞാന്‍ തലയാട്ടി, എന്റെ ക്ലാസ്സില്‍ വന്നിരുന്നു. കൂട്ടുകാര്‍ എന്തൊക്കെയോ ചോദിച്ചു, ഞാന്‍ ഒന്നും മിണ്ടാതെ തല കുമ്പിട്ടു ഇരുന്നു.
പിറ്റേന്ന് വൈകിട്ട് ക്ലാസ്സില്‍ എത്തി, കുറച്ചു കഴിഞ്ഞപ്പോള്‍ പ്രേമചന്ദ്രന്‍ സര്‍ വന്നു എന്നെ വിളിച്ചു ശ്രീദേവിയുടെ ക്ലാസ്സില്‍ കൊണ്ട് പോയി. എന്റെ മുന്നില്‍ വച്ച് അവള്‍ തലേന്നു സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സര്‍ എന്തേലും പറയുന്നതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞു
"ശ്രീദേവി അറിഞ്ഞു കൊണ്ടല്ല, അങ്ങനെ പറ്റി പോയി, ഒരു തമാശ എന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചത്, പക്ഷെ അത് തന്നെ വേദനിപ്പിച്ചു, താന്‍ ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നത് എല്ലാം പിന്നീടാണ് അറിഞ്ഞത്, അത് കൊണ്ട് എന്റെ തെറ്റിന് എനിക്ക് മാപ്പ് തരണം, അഹങ്കാരം ആണ് ഞാന്‍ കാണിച്ചേ, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല" അപ്പോളേക്കും കണ്ണ് നിറഞ്ഞു പോയിരുന്നു.
ആ ക്ലാസ്സിലെ എല്ലാരും എന്നെ നോക്കി തുറിച്ചു ഇരുന്നു. ഒരു സോറി പോലും ഞാന്‍ പറയില്ല എന്ന് കരുതിയ പ്രേമന്‍ സര്‍ പോലും കിടുങ്ങി. സാധാരണ സ്വഭാവത്തിന് "ഒരു കോപ്പും പറയില്ല, സര്‍ വേണേല്‍ എന്നെ പുറത്താക്കിക്കോ" എന്ന് മറുപടി പ്രതീക്ഷിച്ചവര്‍ എല്ലാരും തന്നെ നിരാശര്‍ ആയി, അടിപ്പടം കാണാന്‍ ആശിച്ചു വന്നപ്പോള്‍ അവിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം.

പിറ്റേന്ന് മുതല്‍ ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ നടന്നു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു, ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു സൈക്കിള്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ സൈകിളില്‍ ചാരി അവള്‍ നില്‍ക്കുന്നു. ആദ്യം ഓടാം എന്നോര്‍ത്ത് എങ്കിലും പിന്നെ രണ്ടും കല്‍പ്പിച്ചു സൈക്കിളിന്റെ അരികില്‍ എത്തി.
"ഒന്ന് മാറി തരുവോ, ഈ സൈക്കിള്‍ എന്റെ ആണ്".
"അതറിയാം, അതുകൊണ്ടല്ലേ ഇവിടെ തന്നെ നിന്നത്, എന്തിനാടോ ഈ ജാഡ, അതെല്ലാം കഴിഞ്ഞില്ലേ, എന്താ എന്നോട് മിണ്ടാതെ നടക്കുന്നെ"
"അയ്യോ മറ്റൊന്നും കൊണ്ടല്ല, ചമ്മല്‍ തന്നെ കാരണം, എന്റെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കളിയാക്കലും എല്ലാം കേള്‍ക്കുമ്പോള്‍ ഒരു വല്ലായ്മ, അതാ"
"സാരമില്ല പോട്ടെ, ഇനി മുതല്‍ നമ്മള്‍ക്ക് നല്ല കൂട്ടുകാര്‍ ആവാം, എന്തെ പറ്റില്ലേ"
"അപ്പോള്‍ തനിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ"
"എന്തിനു, അതൊക്കെ ഒരു തമാശ ആയിട്ടെ ഞാന്‍ എടുത്തിട്ടുള്ളൂ, വിട്ടു കള, പിന്നെ ഞാനും അന്ന് അല്‍പ്പം ഇമോഷണല്‍ ആയി പോയി, എല്ലാം പിന്നീട് പറയാം" യാത്ര പറഞ്ഞു അവള്‍ പോയി.

പക്ഷെ എന്റെ മനസ്സില്‍ അവളോട്‌ പ്രണയം മാത്രം ആയിരുന്നു. സ്വന്തമാക്കണം, എന്റെ പെണ്ണായി എനിക്ക് വേണം, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു എന്റെ സുഹൃത്തും ബന്ധുവുമായ ഊഞ്ഞാല്‍ ഗിരീഷിനോട് കാര്യം പറഞ്ഞു. പുള്ളിക്കാരന്‍ എന്നെക്കാളും സീനിയര്‍ ആണ്. അങ്ങനെ പുള്ളി ഒരു ദിവസം ട്യൂട്ടോറിയല്‍ കോളേജില്‍ എത്തി എന്നെ കാത്തു നിന്നു. വൈകിട്ട് ട്യൂഷന്‍ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. ശ്രീദേവിയും ഇറങ്ങി, ഇടക്ക് എന്നെ പാളി നോക്കുന്നുമുണ്ട്. അന്നേരം ഊഞ്ഞാല്‍ പറഞ്ഞു
"എടാ അവള്‍ കവല കഴിഞ്ഞു കിഴക്കോട്ടു തിരിഞ്ഞാല്‍ പിന്നെ ഒറ്റക്കാവും, നമ്മള്‍ക്ക് അത് കഴിഞ്ഞു പോവാം, നീ തന്നെ പറയണം, ധൈര്യമായിരിക്ക്‌" അത് കേള്‍ക്കാന്‍ കാത്തിരുന്ന എന്‍റെ ചങ്ക് എന്നോട് ചോദിയ്ക്കാതെ ഇടിക്കാന്‍ തുടങ്ങി. (ചങ്ക് ആണ് എങ്കിലും പോക്രിത്തരം അല്ലെ കാണിച്ചേ).

ദൈവമേ അഥവാ ഇവള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ വിഷയമില്ല, പക്ഷെ പരാതി പറഞ്ഞാല്‍ പ്രിന്‍സിപല്‍ വീട്ടില്‍ അറിയിക്കും, അതോടെ കോളേജില്‍ പോക്കും ട്യൂഷന്‍ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. പിന്നെ ഇവള്‍ താമസിക്കുന്ന ഏരിയ അതിലും വിഷയം ആണ്, അടി കൊടുക്കാന്‍ കാത്തിരിക്കുന്ന ടീം ആണ് അവിടെ, പെണ്ണ് വിഷയം ആണെങ്കില്‍ പിന്നെ, വീട്ടില്‍ വന്നു വീട്ടുകാരുടെ മുന്നില്‍ ഇട്ടു ചാമ്പുന്ന ടീം ആണ്. എന്തായാലും വരട്ടെ, പറഞ്ഞിട്ട് തന്നെ കാര്യം, അന്നേരം ചെറുതായി മഴ ചാറാന്‍ തുടങ്ങി, പതിയെ ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങി. കവല കഴിഞ്ഞു ഞങ്ങള്‍ വലത്തോട്ട് തിരിഞ്ഞു. അന്നേരം ദൂരെ അവള്‍ പുത്തന്‍ തോട് പാലം ഇറങ്ങുന്നു, ചുരിദാറിന്റെ ഷാള്‍ മഴ നനയാതെ ഇരിക്കാന്‍ തല വഴി ഇട്ടിടുണ്ട്. ഇനി അവള്‍ക്കു പോവേണ്ടത് തോടിന്റെ കരയിലൂടെ പൂഴി റോഡില്‍ കൂടെ. ഞങ്ങള്‍ ആഞ്ഞു ചവിട്ടി പാലത്തിന്റെ മുകളില്‍ എത്തി. അവള്‍ പൂഴി റോഡിലൂടെ നടന്നു നീങ്ങുന്നു, ആരുമില്ല, വിജനം, ഊഞ്ഞാല്‍ പറഞ്ഞു
"ചെല്ല് പോയി പറ ഗോള്‍ഡന്‍ ചാന്‍സ് ആണ് പോടാ"
ദെ കിടക്കണ്, ചങ്ക് പിന്നേം പൈലിംഗ് തുടങ്ങി. എന്റെ കമ്പ്ലീറ്റ്‌ ധൈര്യം അവിടെ ചോര്‍ന്നു പോയി. കൈയും കാലും വിറച്ചു താഴെ വീഴും എന്ന് തോന്നി.
ഞാന്‍ പറഞ്ഞു "വേണ്ട വാ തിരിച്ചു പോവാം, എനിക്ക് പേടിയാ"
എന്നെ മൊത്തത്തില്‍ ഒന്ന് രൂക്ഷമായി നോക്കി ഊഞ്ഞാല്‍ സൈക്കിള്‍ വേഗത്തില്‍ പാലത്തില്‍ നിന്നും ഇറക്കി പൂഴി റോഡിലേക്ക് തിരിച്ചു. നേരെ ശ്രീദേവിയുടെ അടുത്ത് ചെന്ന് എന്തോ എന്നെ കൈ ചൂണ്ടി പറഞ്ഞു. ശ്രീദേവി എന്നെ നോക്കി. ഞാന്‍ ഡിസന്റ് ആയി കുനിഞു കളഞ്ഞു, എന്നിട്ട് പതിയെ സൈക്കിള്‍ തിരിച്ചു പറന്നു ചവിട്ടി കവലയില്‍ വന്നു നിന്നു. കുറച്ചു കുറച്ചു കഴിഞ്ഞു ഊഞ്ഞാല്‍ എത്തി. ഞാന്‍ ചോദിച്ചു "എന്നെ ചൂണ്ടി എന്തുവാ പറഞ്ഞെ"
"എടാ ഞാന്‍ അവളോട്‌ പറഞ്ഞു, ഞാന്‍ നിന്റെ ചേട്ടന്‍ ആണ്, അവനു തന്നെ ഒത്തിരി ഇഷ്ടമാണ്, അവന്‍ പാലത്തിന്റെ മുകളില്‍ നില്‍പ്പുണ്ട്‌, അവനു വേണ്ടിയാണു ഞാന്‍ ഇത് പറയുന്നെ, തനിക്കു അവനെ ഇഷ്ടമാണേല്‍, താന്‍ നാളെ പച്ച പട്ടു പാവാട ഇട്ടോണ്ട് വരണം, മറിച്ചാണെങ്കില്‍ ഇഷ്ടമില്ല എന്ന് അവന്‍ കരുതിക്കോളും "

ഹോ എന്‍റെ ദൈവമേ അടുത്ത ടെന്‍ഷന്‍ കൂടി തന്നു. അങ്ങനെ തിരിച്ചു വീട്ടില്‍ എത്തി, ഊഞ്ഞാല്‍ എന്നെ സമാധാനിപ്പിച്ചു, "എടാ അവള്‍ക്കു നിന്നെ ഇഷ്ടമാണ്, അത് കൊണ്ടല്ലേ ഒന്നും മിണ്ടാതെ പോയത്, നീ നോക്കിക്കോ അവള്‍ അത് തന്നെ ഇട്ടോണ്ട് വരും".
ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു, രാവിലെ തന്നെ അമ്പലത്തില്‍ പോയി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു. അവള്‍ ആ കളര്‍ തന്നെ ഇടണേ. മഴ പെയ്തു നനഞു പോകല്ലേ, എന്നൊക്കെ.

എന്നാലും അടുത്ത ടെന്‍ഷന്‍ അഥവാ വേറെ വല്ലതും ഇട്ടോണ്ട് വന്നാല്‍ എങ്ങനെ അവളെ ഫേസ് ചെയ്യും എന്നതായിരുന്നു. ട്യൂഷന്‍ സെന്റര്‍ മാറേണ്ടി വരുമോ, പണ്ടാരം ഭ്രാന്ത് പിടിച്ചു പോവും ഇക്കണക്കിനു. ഒരു വിധത്തില്‍ ആണ് കോളേജില്‍ പോയി ഇരുന്നത്. വൈകുന്നേരം വര്‍ധിച്ച ഹൃദയ ഭാരത്തോടെ ഞാന്‍ കലവൂരില്‍ ബസ്‌ ഇറങ്ങി.

ട്യൂട്ടോറിയല്‍ കോളേജിലേക്ക് ഇപ്പോള്‍ പോകേണ്ട, അവള്‍ ആലപ്പുഴ നിന്നും വരാന്‍ സമയം എടുക്കും, ഇവിടെ മറഞ്ഞു നില്‍ക്കാം, കുറച്ചു കഴിഞ്ഞു ഇരട്ടകുളങ്ങര - കലവൂര്‍ ബോര്‍ഡ്‌ വച്ച് സെന്റ്‌ ആന്റണി കുതിച്ചു എത്തി. പിന്നെ റിവേഴ്സ് എടുത്തു സ്റ്റാന്റ് ലേക്ക് വന്നു നിന്നു. രണ്ടു വാതിലിലും ആളുകള്‍ ഇറങ്ങാന്‍ തിരക്ക് കൂട്ടുന്നു. ഓരോരുത്തരായി ഇറങ്ങി. ഇടയ്ക്കു ഇറങ്ങിയ പെണ്‍കുട്ടിയെ കണ്ടു എന്‍റെ ശ്വാസം നിലച്ചു പോയി. അത് അവള്‍ ആയിരുന്നു, " പച്ച പട്ടു പാവാടയില്‍ സുന്ദരിയായി എന്‍റെ ശ്രീദേവി, എന്‍റെ പ്രിയപ്പെട്ടവള്‍" (തുടരും)

Tuesday, July 14, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌ (അവസാന ഭാഗം)

************************************************************************************
ഒരാഴ്ച കഴിഞു പതിയെ പാടുകള്‍ വലിഞ്ഞു, കറുത്ത കുത്തുകള്‍ മാത്രം അവശേഷിച്ചു, പതിയെ പതിയെ ജീവന്‍ ചിക്കന്‍ പോക്സ്ന്റെ പിടിയില്‍ നിന്നും മുക്തനായി. നാളെ എല്ലാവരും എത്തും എന്ന് കുഞ്ഞമാമ്മ അയാളെ വിളിച്ചു അറിയിച്ചു. അച്ഛനെ ഡിസ്ചാര്‍ജ് ചെയ്തു എന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു എന്നും അയാള്‍ അറിഞ്ഞു, കൂട്ടത്തില്‍ റൂം എല്ലാം ഒന്ന് വൃത്തി ആക്കാനും അറിയിപ്പുണ്ടായി.

റൂം എല്ലാം അയാള്‍ കഴുകി വൃത്തിയാകി, പുതപ്പുകള്‍, തലയിണ കവര്‍, തുണികള്‍ എന്ന് വേണ്ട എല്ലാം, പൊടി പിടിച്ചു കിടന്ന സ്വീകരണ മുറിയിലെ ഷോ കേസിലെ ശില്‍പ്പങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ് എല്ലാം അയാള്‍ വൃത്തിയാക്കി, പുതുതായി വാങ്ങിയ വീ സീ ഡീ എടുത്തു വൃത്തിയാക്കിയ അയാളുടെ കൈകള്‍ പിഴച്ചു. നിലത്തു വീണു അത് രണ്ടു കഷ്ണമായി. എന്ത് ചെയ്യണം എന്ന് അയാള്‍ക്ക്‌ മനസിലായില്ലാ, ഒരു രൂപവും ഇല്ലാ. ഒടുവില്‍ അത് പെറുക്കി കൂട്ടി അയാള്‍ തിരിച്ചു വച്ച്. പിറ്റേന്ന് അമ്മാവനും അമ്മായിയും എത്തി, കുഞ്ഞമാമ്മ എല്ലാം കണ്ടു തൃപ്തനായി, അമ്മായി ഒന്നും മിണ്ടിയില്ലാ, അകത്തേക്ക് കനത്ത മുഖവുമായി കയറി പോയി.

"കുഞ്ഞമാമ്മ, എനിക്കൊരു അബദ്ധം പറ്റി, എന്റെ കൈയ്യില്‍ നിന്നും ആ വീ സീ ഡീ പ്ലെയര്‍ താഴെ വീണു പൊട്ടി" അകത്തു നിന്നും കൊടും കാറ്റ് പോലെ പാഞ്ഞു വന്ന അമ്മായി, മുഖമടച്ചു കൊടുത്ത അടിയില്‍ ജീവന്‍ പിന്നോട്ട് വേച്ചു പോയി. "നിന്റെ തന്ത ഉണ്ടാക്കി വച്ചതാ പൊട്ടിക്കാന്‍" എന്നിട്ട് ഭര്‍ത്താവിനു നേരെ തിരിഞ്ഞു അവര്‍ ആക്രോശിച്ചു "ഇനി എന്താ നിങ്ങള്ക്ക് പറയാന്‍ ഉള്ളത്, എന്താ തീരുമാനം എനിക്കിപ്പോള്‍ അറിയണം"
"തീരുമാനം ഞാന്‍ പറയാം, ഞാന്‍ ഇറങ്ങുന്നു ഇപ്പോള്‍ ഈ നിമിഷം" ആ ഉറച്ച ശബ്ദം ജീവന്റെ ആയിരുന്നു.
കൈയ്യില്‍ കിട്ടിയത് എല്ലാം അയാള്‍ വാരി തന്റെ ബാഗില്‍ കുത്തി നിറച്ചു, ഇറങ്ങാന്‍ ഒരുങ്ങിയ അയാളെ തടയാന്‍ കുഞ്ഞമാമ്മ ശ്രമിച്ചു "എടാ അവള്‍ അന്നേരത്തെ ദേഷ്യത്തിന്..." ആ കൈ തട്ടി മാറ്റി ജീവന്‍ പടവുകള്‍ ഇറങ്ങി.

ആദ്യം കണ്ട ഓട്ടോ കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറി ഇരുന്നു അയാള്‍ പറഞ്ഞു "നിസാമുദ്ദിന് റെയില്‍വേ സ്റ്റേഷന്‍" അതെ അയാള്‍ വന്നിറങ്ങിയ അതെ നിസാമുദിന്‍ സ്റ്റേഷന്‍. ചെറിയമ്മ നാട്ടില്‍ നിന്നും പോരാന്‍ നേരം തന്നെ കുറച്ചു പൈസ അയാള്‍ക്ക്‌ അന്ന് നിധി ആയി തോന്നി.സ്റ്റേഷന്‍ എത്തി ജീവന്‍ റിസര്‍വേഷന്‍ കൌണ്ടറിനു മുന്നിലെ ബെഞ്ചില്‍ പതിയെ ഇരുന്നു

"ഇനി ടിക്കറ്റ്‌ നാട്ടിലെക്കെടുക്കണം, ഇപ്പോള്‍ വീട്ടില്‍ എല്ലാവരും അറിഞ്ഞു കാണും, അച്ഛന്‍ കലി തുള്ളി നില്‍ക്കുക ആവും, അമ്മ ശാപ വചനങ്ങള്‍ തുടങ്ങി കാണും, വീട്ടിലേക്കു പോവുന്നില്ലാ, ആത്മഹത്യ തന്നെ ഒരു പോംവഴി, ട്രെയിനില്‍ വച്ച് തന്നെ മരിക്കാം, ചവിട്ടി പുറത്താക്കാന്‍ നില്‍ക്കുന്നവരുടെ മുന്നില്‍ ആംബുലന്‍സില്‍ ചെല്ലാം, സന്തോഷിക്കെട്ടെ, എല്ലാരും."

അത്രയും ഓര്‍ത്തു അയാള്‍ അറിയാതെ മിഴികള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. തോളില്‍ ഒരു കരം പതിഞ്ഞപ്പോള്‍ ജീവന്‍ മുഖം ഉയര്‍ത്തി നോക്കി. അമ്പതു വയസിനടുത്തു പ്രായം വരുന്ന ഒരാള്‍,
"മലയാളീ ആണോ" "അതെ"
എന്തിനാ കരയുന്നെ"
"ഒന്നുമില്ല സര്‍"
അയാളെ ജീവനെ കൈയ്യില്‍ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി. അയാളുടെ മുന്‍പില്‍ ഒരു പൊട്ടി കരച്ചിലോടെ ജീവന്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഒടുവില്‍ ആ മനുഷ്യന്‍ പറഞ്ഞു "എന്റെ പേര് ജോര്‍ജ് മാത്യു, കോട്ടയത്താണ് വീട്, ഒരു പാട് വര്‍ഷങ്ങളായി ഡല്‍ഹിയില്‍, വര്‍ക്ക്‌ ചെയ്തിരുന്നു മുന്‍പ്, ഇപ്പോള്‍ സ്വന്തം ബിസിനസ്‌ ആണ്, ഞാന്‍ താമസിക്കുന്നത് മയൂര്‍ വിഹാറില്‍, ഫാമിലി ഒക്കെ ഇവിടെ തന്നെ" എന്നിട്ട് അയാള്‍ ജീവനെ ഒന്ന് നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി "ആത്മഹത്യ അല്ലാ ഒരു പരിഹാരം, ജീവിച്ചു കാണിക്കുക, ഞാന്‍ ഈ ഡല്‍ഹിയില്‍ വരുമ്പോള്‍ എനിക്കാരും ഇല്ലായിരുന്നു, എനിട്ടും ഞാന്‍ ജീവിച്ചു, ആത്മ ഹത്യ ചെയ്തോ, ഇല്ലല്ലോ, ഇന്ന് കാണുന്നതും എല്ലാം ഞാന്‍ സമ്പാദിച്ചത് അധ്വാനം കൊണ്ടാണ്, അവര്‍ ഇപ്പോള്‍ നിന്നെ തള്ളി പുറത്താക്കി എങ്കില്‍, ഈ നഗരത്തില്‍ നീ അവരെ ആശ്രയിക്കാതെ ജീവിക്കണം, ആ വാശി നിന്റെ ജീവിതത്തിന്റെ ചവിട്ടു പടി ആവും ഉയരങ്ങളില്‍ എത്താന്‍, ആത്മഹത്യ ചെയ്‌താല്‍ ഒരു പെട്ടിയുടെ ചിലവേ എല്ലാര്ക്കും ഉണ്ടാവൂ, പിന്നെ ഓര്‍ക്കാന്‍ കൂടി ആരും കാണില്ല, നീ എന്റെ കൂടെ വാ, എന്റെ കൂടെ നില്ക്കു, ജോലി ഞാന്‍ ശരിയാക്കി തരാം, അതില്‍ നിന്നും നിന്റെ ഉയര്‍ച്ച കാണട്ടെ എല്ലാരും" അയാള്‍ നീട്ടിയ പ്രതീക്ഷയുടെ പുതിയ കരങ്ങള്‍ ഗ്രഹിച്ചു ജീവന്‍ പുതിയ ജീവിതത്തിലേക്ക് നടന്നു നീങ്ങി.
*************************************************************************************

"ജീവേട്ടാ സ്റ്റേഷന്‍ എത്തി കേട്ടോ, ഇറങ്ങുന്നില്ലേ"
ജ്യോതിയുടെ വിളി അയാളെ പഴയ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി. പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു, എല്ലാം ഇന്നലെ പോലെ തന്നെ ഓര്‍ക്കുന്നു. ജ്യോതി ജീവിതത്തില്‍ വന്നതും പിന്നീട് താന്‍ ഇരട്ടകുട്ടികളുടെ പിതാവായി. രണ്ടു കുസൃതി കുട്ടികള്‍ ജീവികയും, ജനനിയും . കുട്ടികളെ കൈയില്‍ പിടിച്ചു ലഗ്ഗേജ് എടുത്തു അയാള്‍ എറണാകുളം സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി. എസ് സെവെനില്‍ അവരുടെ സീറ്റ്‌ കണ്ടു പിടിച്ചു അയാള്‍ സാധങ്ങള്‍ എല്ലാം അടുക്കി വച്ചു. പതിയെ ഇരുന്നു അയാള്‍ ഓര്‍ത്തു.
അമ്മയുടെ ശ്രാദ്ധം കഴിഞ്ഞു, അച്ഛന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ പോയി. അമ്മയും പോയതോടെ തറവാട് ശൂന്യമായി, ചെറിയമ്മയോട് തറവാട്ടില്‍ താമസിക്കാന്‍ പറഞ്ഞത് നന്നായി. അച്ഛനും അമ്മയും ഒത്തിരി സന്തോഷിച്ചാണ് പോയത്. മരിക്കാന്‍ നേരവും അമ്മ തന്നെ പണ്ട് ശപിച്ചതെല്ലാം ഓര്‍ത്തു കരഞ്ഞിരുന്നു. പിന്നെ ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ചത്‌ എല്ലാം നേടി കൊടുക്കാന്‍ കഴിഞ്ഞതില്‍ തനിക്കും അഭിമാനം തോന്നി.

വണ്ടി പുറപ്പെടാറായി എന്ന് തോന്നുന്നു. കൈയ്യില്‍ ഒരു മുഷിഞ്ഞ ബാഗുമായി പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരിക്കുന്ന സ്ത്രീയില്‍ അയാളുടെ കണ്ണുകള്‍ പതിഞ്ഞു. നര വെള്ളി നൂലുകള്‍ തീര്‍ത്ത മുടികള്‍, കരിമാങ്ങല്യം ബാധിച്ച കണ്ണുകള്‍, അലക്ഷ്യമായി ചുറ്റിയ നിറം മങ്ങിയ ഒരു സാരി. ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയ അയാള്‍ ഒന്ന് ഞെട്ടി. കുഞ്ഞമ്മായി അല്ലെ, അതും ഈ രൂപത്തില്‍, ഇവിടെ, ദുബൈയില്‍ മകന്റെ കൂടെ ആണെന്ന് കേട്ടിരുന്നു. ജീവന്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങി, ആ സ്ത്രീയുടെ അരികില്‍ എത്തി, പതിയെ വിറയ്ക്കുന്ന ശബ്ദത്തില്‍ വിളിച്ചു. "കുഞ്ഞമ്മായി" ആ രൂപം ജീവനെ തല ഉയര്‍ത്തി നോക്കി, ആദ്യം പകപ്പോടെ നോക്കിയ കണ്ണുകളില്‍ നീരുറവ ഒരുണ്ട് കൂടി പുറത്തേക്കു ധാരയായി ഒഴുകാന്‍ തുടങ്ങി.
"ജീവന്‍, നീ..."
"അമ്മായി എന്താ ഇവിടെ, അപ്പു എവിടെ? എനിക്കൊന്നും മനസിലാവുന്നില്ല"
"വിധി അല്ലാതെന്തു, കുഞ്ഞമ്മാവന്‍ പോയതോടെ എല്ലാം പോയില്ലേ, നിന്റെ കുഞ്ഞമ്മാവന്‍ എന്തായിരുന്നു എന്ന് മനസിലാക്കിയത് ഇപ്പോഴത്തെ എന്റെ അവസ്ഥയില്‍ ആണ്, അമ്മു കല്യണം കഴിഞ്ഞതോടെ യു എസ് എയില്‍ സ്ഥിര താമസം ആയില്ലെ, അവള്‍ക്കും നേരമില്ലാ" ഒരു വേള അവര്‍ നിശബ്ദയായി.
"അപ്പു എന്നെ ദുബൈയിലേക്ക് അവന്റെ കല്യണം കഴിഞ്ഞു കൊണ്ട് പോയിരുന്നല്ലോ, വീ ആര്‍ എസ് അവന്‍ പറഞ്ഞിട്ട് ഞാന്‍ എടുത്തു. അമ്മ അവിടെ ഒറ്റക്കല്ലേ, ഇങ്ങു പോര്, എന്റെ കൂടെ നില്ക്കാന്‍, അവിടെ എത്തിയപ്പോള്‍ അല്ലെ അറിഞ്ഞത്, അവന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷ ക്ക് ഒരാളെ മതിയാരുന്നു. അവളുടെ തുണി വരെ കഴുകാന്‍ ഒരാള്, വേലക്കാരിക്ക്‌ അവള്‍ ചായ കൊടുക്കും, എനിക്ക് ഒരു തുള്ളി വെള്ളം പോലും....." പിന്നീട് ഒരു പൊട്ടികരച്ചില്‍ ആയിരുന്നു .
"മോനെ നിനക്കറിയാമോ വയ്യാതായി എന്ന് മനസിലായപ്പോള്‍ നാട്ടില്‍ ഒരു വൃദ്ധ സദനം നോക്കാന്‍ തുടങ്ങി എന്റെ പൊന്നു മോന്‍ അപ്പു. നിനക്കറിയില്ലേ അവനെ ഞാന്‍ എന്തോരം സ്നേഹിച്ചു വളര്‍ത്തിയതാണ് എന്ന്. ആ അവന്‍........ കരച്ചില്‍ വാക്കുകള്‍ മുഴുപ്പിച്ചില്ലാ. മൂക്ക് പിഴിഞ്ഞ് സാരിത്തലപ്പില്‍ തുടച്ചു അവര്‍ പറഞ്ഞു " ഒരു ടിക്കറ്റ്‌ എടുത്തു നാട്ടിലേക്ക് തന്നേര്, ഞാന്‍ പോയ്ക്കൊല്ലാം, ഇന്നലെ രാത്രിയില്‍ എയര്‍പോര്‍ട്ടില്‍ എത്തി, അവിടെ നിന്നും ഇവിടെ, പണ്ട് ഡല്‍ഹിയില്‍ എന്റെ കൂടെ ജോലി ചെയ്ത രമണി ആലപ്പുഴയില്‍ ഉണ്ട്, അവളുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു ഇവിടെ ഇരുന്നതാ"

ഒരു മൂകത അവിടെ തളം കെട്ടി നിന്നു, അവര്‍ വീണ്ടും പറഞ്ഞു തുടങ്ങി "കുഞ്ഞമ്മാവന്റെ മരണത്തിനു പോലും നീ വന്നില്ലല്ലോ, എനിക്കറിയാം നിനക്ക് അത്രയ്ക്ക് വെറുപ്പ്‌ ഉണ്ട് എന്നോടെന്നു, അതിനെല്ലാം ചേര്‍ത്ത് കാലം എന്നെ ഈ കോലത്തില്‍ ആക്കി. നിന്റെ വിവാഹം പോലും കൂടാന്‍ ഞങ്ങള്‍ വന്നില്ലല്ലോ, അങ്ങനെ ആയിരുന്നു അന്നത്തെ ചിന്തകള്‍, എവിടെ നിന്റെ ഭാര്യയും മോളും"

ജ്യോതിയെയും കുട്ടികളെയും വിളിച്ചു അയാള്‍ അമ്മായിയുടെ മുന്‍പില്‍ നിര്‍ത്തി. കുട്ടികള്‍ അയാളുടെയും ആ സ്ത്രീയുടെയും മുഖത്ത് മാറി മാറി നോക്കി. നിറഞ്ഞ കണ്ണുകളോടെ അവര്‍ ആ കുട്ടികളെ വാരിയെടുത്ത് ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. "എന്റെ മക്കള്‍ ഈ മുത്തശ്ശിയെ അറിയുമോ" അവര്‍ ഇല്ലെന്നു തലയാട്ടി. ജ്യോതിയെ അയാള്‍ അമ്മായിയുടെ മുന്നിലേക്ക് നീക്കി നിര്‍ത്തി പറഞ്ഞു
"ഇത് ജ്യോതി എന്റെ ഭാര്യ" എന്നിട്ട് അവളോട്‌ അയാള്‍ പറഞ്ഞു
"അമ്മായിയുടെ കാലു തൊട്ടു നമസ്കരിക്കു"
കാലില്‍ വീണു അനുഗ്രഹം തേടിയ അവളെ അവര്‍ പിടിച്ചു എഴുനെല്‍പ്പിച്ചു പറഞ്ഞു "എന്റെ മോള്‍ക്ക്‌ നല്ലതേ വരൂ, അമ്മായിയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാവും" പിന്നെ ജീവനോടായി അവര്‍ പറഞ്ഞു
"ഞാന്‍ എന്നാല്‍ പോവുകാ, അടുത്ത ഫ്ലാറ്റ് ഫോമില്‍ നിന്ന ആലപ്പുഴക്ക് ട്രെയിന്‍, അമ്മായിയോട് മോന് വെറുപ്പ്‌ ഒന്നും ഇല്ലല്ലോ"
കണ്ണീരോടെ അയാള്‍ അമ്മായിയുടെ കൈകളില്‍ മുഖം ചേര്‍ത്ത് വച്ച് കൊച്ചു കുട്ടിയെ പോലെ എങ്ങി കരഞ്ഞു. കുട്ടികള്‍ ജ്യോതിയെ ചുറ്റി പടിച്ചു നിന്നു. എല്ലാവരോടും യാത്ര പറഞ്ഞു കുഞ്ഞമ്മായി പതിയെ തിരിഞ്ഞു നടന്നു.
"അമ്മായി" ആ വിളി ജ്യോതിയുടെ ആയിരുന്നു "ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അമ്മായി അനുസരിക്കുമോ"
അമ്പരപ്പോടെ തിരിഞ്ഞു നിന്ന അമ്മായി ചോദിച്ചു "എന്താ മോളെ"
"ഒരര്‍ത്ഥത്തില്‍ ഇന്ന് ഞങ്ങളും അനാഥര്‍ ആണ്, ഞങ്ങള്‍ക്ക് ഒരമ്മയായി, ഞങ്ങളുടെ കുട്ടികളുടെ മുത്തശി ആയി ഞങ്ങള്‍ക്കൊപ്പം വന്നു കൂടെ" അമ്പരപ്പോടെ ജീവന്‍ ജ്യോതിയെ നോക്കി. എനിട്ട്‌ ആകാംഷയോടെ അമ്മായിയുടെ മുഖത്തേക്കും, എന്നിട്ട് കുട്ടികളോട് പറഞ്ഞു "മക്കളെ മുത്തശ്ശിയെ വിളിക്ക്,"
"മുത്തശി വാ, ഞങ്ങളുടെ കൂടെ വന്നാല്‍ മതി" അമ്മായി അവരെ വാരിയെടുത്ത് മാറോടണച്ചു ഒരു വിതുമ്പലോടെ പറഞ്ഞു, "എന്റെ പൊന്നുമക്കളേ"

കണ്ണുനീര്‍ തുടച്ചു കൊണ്ട് കയ്യില്‍ പഴയ ചിക്കന്‍ പോക്സിന്റെ പാടുകള്‍ ഉണ്ടോ എന്നയാള്‍ പരതി നോക്കി. എല്ലാം മാഞ്ഞു പോയിരിക്കുന്നു. ഒരു നെടുവീര്‍പ്പോടെ അയാള്‍ ഓര്‍ത്തു "കാലം എല്ലാം മായിക്കും. മനസ്സില്‍ നന്മ ഉണ്ടായാല്‍ മാത്രം മതി. എത്ര പെട്ടന്നാണ് അമ്മായിയോടുള്ള വെറുപ്പ്‌ അലിഞ്ഞു ഇല്ലാതായത്. ദൈവമേ നീ തന്നെ വലിയവന്‍".
കുട്ടികളെയും ജ്യോതിയെയും കുഞ്ഞമ്മായിയെയും ചേര്‍ത്ത് പിടിച്ചു അയാള്‍ വണ്ടിയിലേക്ക് കയറി.
************************************************************************************
"യാത്രക്കാരുടെ ശ്രദ്ധക്ക് എറണാകുളത്തു നിന്നും നിസമുദ്ദിന് വരെ പോവുന്ന ട്രെയിന്‍ നമ്പര്‍:2618 ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെടുന്നു, ശുഭയാത്ര"
************************************************************************************

അങ്ങനെ അവസാനിപ്പിച്ച് എന്റെ ദൈവമേ.
ഈ കഥയും ഞാനുമായി ഒരു ബന്ധവും ഇല്ലാ,

(അമ്മായി ബ്ലോഗ്‌ വായിക്കല്ലേ ഗുരുവായൂരപ്പാ)

Monday, June 22, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌ - രണ്ട്

കുഞ്ഞമ്മവനും കുടുംബത്തിനും ചിക്കന്‍ പോക്സ്‌ ഇതിനു മുന്‍പ് വന്ന കാരണം പടരും എന്ന പേടി ഇല്ലായിരുന്നു. എന്തോ കാരുണ്യം തോന്നി ജീവന് അവര്‍ മരുന്ന് വാങ്ങി കൊടുത്തു. രണ്ടു ദിവസത്തിനുള്ളില്‍ ചിക്കന്‍ പോക്സ്‌ അയാളുടെ ശരീരത്തില്‍ ചുവന്ന കുരുക്കള്‍ കൊണ്ട് അത്ത പൂക്കളം തീര്‍ത്തു.

അനങ്ങാന്‍ വയ്യാത്ത ശരീര വേദന, കുളിക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ, സഹിക്കാന്‍ വയ്യാത്ത നാറ്റം വേറെ. ചെവിയുടെ മടക്കിലും, ചുണ്ടിലും തലയിലും, എല്ലാം കുരുക്കള്‍ വന്നു നിറഞ്ഞിരുന്നു. അതിനിടയില്‍ ചിലത് പൊട്ടി പഴുത്തു കറുപ്പ് കുത്തുകള്‍ അയാളുടെ ദേഹത്ത് സമ്മാനിച്ച്‌ കൊണ്ടിരുന്നു.

ഒരു ചെറിയ സ്റ്റീല്‍ പാത്രം, ഒരു ചെറിയ സ്റ്റീല്‍ ഗ്ലാസ്‌ അയാളുടെ കട്ടിലിനെ അരികിലെ ജനാല പടിയില്‍ വിശ്രമിച്ചു. എന്തായാലും കുഞ്ഞമാമ്മ അയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. കൂടെ പാര്‍കില്‍ നിന്നും കൊണ്ട് വന്ന ആരിവേപ്പിന്റെ ഇലകള്‍ അമ്മാവന്‍ കട്ടിലില്‍ വിരിച്ചു കൊടുത്തു, ചെറിയൊരു ആശ്വാസം. അമ്മായി അയാളെ തിരിഞു പോലും നോക്കിയില്ലാ. ഇടക്ക് കേള്‍ക്കുന്ന പിറു പിറുപ്പുകള്‍ അയാള്‍ കേള്‍ക്കുണ്ടായിരുന്നു. "എന്തൊരു നാറ്റം ആ റൂമില്‍, ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, അമ്മാവന്‍ തന്നെ എല്ലാം കഴുകി വൃത്തിയാക്കി ഇട്ടോണം, ദൈവമേ കുട്ടികള്‍ അങ്ങോട്ട്‌ പോവുന്നില്ലല്ലോ അത് തന്നെ ഭാഗ്യം". ഉച്ചക്ക് കുട്ടികള്‍ സ്കൂളില്‍ നിന്നും അയല്‍വക്കത്തെ ഗുപ്താജിയുടെ വീട്ടില്‍ വന്നിരിക്കും, വൈകിട്ട് അയാളുടെ അമ്മാവനോ, അമ്മായിയോ ആരു നേരത്തെ വരുന്നോ അപ്പോള്‍ മാത്രം വീട്ടില്‍ വരും. ഇടയ്ക്കു ഒരു ദിവസം അമ്മു വാതില്‍ക്കല്‍ എത്തി നോക്കിയപ്പോള്‍, അയാള്‍ അവളെ കൈ കാട്ടി വിളിച്ചു, ആ കുഞ്ഞു പറഞ്ഞു

"അമ്മാ പറഞ്ഞു ഭയ്യയുടെ അടുത്ത് പോയാല്‍ അസുഖം വരും എന്ന്, ഞാന്‍ വരില്ലാ, അമ്മ തല്ലും" നിറഞ്ഞു വന്ന കണ്ണുകളുടെ മുകളില്‍ അയാള്‍ പുതപ്പു വലിച്ചിട്ടു. ശരീരത്തിലെ കുരുക്കള്‍ സൃഷ്‌ടിച്ച വേദനയിലും വലുതായി അയാളുടെ മനസിലും ചിക്കന്‍ പോക്സിന്റെ വേദന പടരാന്‍ തുടങ്ങി ഇരുന്നു.

വീട്ടില്‍ നിന്നും വന്ന ഫോണ്‍ വിളികള്‍ പോലും അയാളെ ആശ്വസിപ്പിച്ചില്ലാ. "ഗുരുത്വ ദോഷം, അല്ലാതെന്തു, എത്രെയോ പേര്‍ പോവുന്നു, ഡല്‍ഹി, ബോംബെ, അങ്ങനെ, ഇവന്‍ എവിടെ പോയാലും അവനെ പ്രശ്നങ്ങള്‍ തേടി എത്തും, എന്തെ ഇങ്ങനെ ഒരു ജന്മം" അച്ഛന്റെ ശാപവാക്കുകള്‍ കേട്ട് അയാള്‍ മെല്ലെ മന്ദഹസിച്ചു, "ഇത് പോലെ ഒരു ശാപം പിടിച്ച ജന്മം എങ്ങനെ എന്റെ വയറ്റില്‍ പിറന്നോ എന്റെ ദേവി" അമ്മയുടെ ജല്പനങ്ങള്‍ കേട്ടില്ല എന്ന് നടിച്ചു അയാള്‍ വിരലില്‍ പഴുത്തു നിന്ന കുരുക്കള്‍ പൊട്ടിച്ചു ആശ്വാസം കൊണ്ടു. ചെറിയമ്മയുടെ കരച്ചില്‍ പോലും ജീവന് അന്യമായി തോന്നി. കാരണം ഉള്ളില്‍ തന്നോടു തന്നെ നിറയുന്ന വെറുപ്പ്‌, വെറുപ്പ്‌ മാത്രം, സ്വന്തം ജന്മത്തെ, സ്വന്തം രൂപത്തെ വെറുത്ത ജീവന്‍ അന്നുമുതല്‍ ചിക്കന്‍ പോക്സിനെയും വെറുത്തു തുടങ്ങി.

അടുത്ത പ്രഭാതത്തില്‍ ഒരു ഫോണ്‍ വിളി കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്, കുഞ്ഞമാമ്മ ഫോണ്‍ എടുക്കുന്നതും കുറച്ചു കഴിഞ്ഞു അമ്മായിയുടെ കരച്ചിലും അയാള്‍ കേട്ടു. "അമ്മായിയുടെ അച്ഛന്‍ അത്യാസന്ന നിലയില്‍ ആയി ഹോസ്പിറ്റലില്‍ ആണ്" എന്ന വാര്‍ത്തയാണ്‌ അതെന്നു അയാള്‍ക്ക്‌ മനസിലായി. അമ്മായിയുടെ കരച്ചിലിലും ജീവന്റെ നേരയുള്ള കുത്ത് വാക്കുകള്‍ തൊടുത്തു വിടാന്‍ അവര്‍ മറന്നില്ലാ "വലതു കാലെടുത്ത്‌ വച്ചപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ, നിങ്ങള്‍ ഒരുത്തനെ പറഞ്ഞാല്‍ മതിയെല്ലോ, കണ്ടില്ലേ ഓരോന്ന് വരുന്നേ, വീട്ടുകാര്‍ക്കോ വേണ്ട, പിന്നെന്തിനു ചുമക്കണം, കുഞ്ഞമാമ്മ അല്ലെ കുഞ്ഞമാമ്മ" ജീവന്റെ വീട്ടില്‍ നിന്നും അമ്മായിയെ ആശ്വസിപ്പിക്കാന്‍ അയാളുടെ അമ്മ വിളിച്ചപ്പോള്‍ കേട്ട വാക്കുകള്‍ അയാളെ വീണ്ടും വീണ്ടും വെറുപ്പിന്റെ ആഴങ്ങളിലേക്ക്‌ തള്ളിയിട്ടു. "രാധേച്ചി ഞങ്ങള്‍ നാളെ കാലത്തേ തന്നെ തിരിക്കും, ഇവനെ ഒറ്റയ്ക്ക് ഇങ്ങനെ ഇട്ടേച്ചു പോവെണ്ടേ എന്നോര്‍ക്കുമ്പോള്‍"

പുതപ്പിനടിയില്‍ കിടന്നു അയാള്‍ ആലോചിച്ചു ഇപ്പോള്‍ വീട്ടില്‍ അമ്മ പറയുന്നുണ്ടാവും "കണ്ടില്ലേ അച്ഛന് വയ്യഞ്ഞിട്ടും, അവള്‍ക്കു അവന്റെ അസുഖത്തില്‍ എന്താ ഒരു ശ്രദ്ധ, അന്യ വീട്ടില്‍ നിന്നും വന്ന കുട്ടി ആയിട്ടും സ്വന്തം മോനെ പോലെ അല്ലെ അവള്‍ പരിപാലിക്കുന്നെ" അച്ഛന്റെ മറുപടി "നല്ലത് നായക്ക് പറഞ്ഞിട്ടില്ല, എന്നിട്ടും അവളെ കുറ്റം പറയാനാ നിന്റെ മോന് സമയം" കപടത നിറഞ്ഞ ഈ ലോകം പോലും ജീവന് അന്യമായി. അതിലും ഏറെ അയാളെ വിഷമിപ്പിച്ചത് നാളെ മുതല്‍ താന്‍ ഒറ്റയ്ക്ക്, ആരുമില്ല കൂട്ടിനു, അകത്തെ മുറിയില്‍ ഒരുക്കങ്ങള്‍ നടക്കുന്നു, കുഞ്ഞമാമ്മ കുട്ടികളെ വൈകിട്ട് അമ്മായിയുടെ ചേച്ചിയുടെ വീട്ടില്‍ കൊണ്ടു ചെന്ന് ആക്കി, തിരിച്ചു വന്നപ്പോള്‍ രണ്ടു ഫ്ലൈറ്റ് ടിക്കറ്റ്‌ അയാളുടെ അമ്മാവന്റെ കൈവശം ഉണ്ടായിരിന്നു. കുഞ്ഞമാമ്മ അയാളുടെ അടുത്ത് വന്നിരുന്നു, എന്നിട്ട് പറഞ്ഞു "മരുന്നുകള്‍ എല്ലാം വാങ്ങിച്ചു വച്ചിട്ടുണ്ട്, ഗ്ലൂകൊസ് ഇടക്ക് കലക്കി കഴിക്കണം, കുറച്ചു ഫ്രൂട്സ്‌ ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്, പിന്നെ എന്തേലും ആവശ്യം ഉണ്ടേല്‍ നേരെ മുന്നിലെ ജെയിന്‍ അങ്കിളിനെ വിളിച്ചാല്‍ മതി, ഞാന്‍ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ നാളെ കാലത്തേ തന്നെ തിരിക്കും, കാര്യങ്ങള്‍ അറിഞ്ഞല്ലോ നീ, ഞാന്‍ തിരിച്ചു വന്നിട്ട് നിനക്ക് ഒരു താമസ സ്ഥലം നോക്കാം, അവള്‍ സമ്മതിക്കുന്നില്ല" എന്ന് പറഞ്ഞു കുഞ്ഞമാമ്മ അകത്തേക്ക് പോയി.

പിറ്റേന്ന് കാലത്ത് അവര്‍ യാത്ര ആയി, അമ്മായി ഇറങ്ങാന്‍ നേരം ജീവനോട്‌ പറഞ്ഞു, "വിലിപിടിപ്പുള്ള കുറെ സാധനങ്ങള്‍ ഉണ്ട് ഇവിടെ, വാതിലും തുറന്നിട്ടു കിനാവും കണ്ടിരുന്നാല്‍, കള്ളന്മാര് കേറി കൊണ്ടു പോവും, നാടല്ല ഇത്, തുറന്നു മലത്തി ഇട്ടു നടക്കാന്‍, നടക്കു മനുഷ്യാ, നല്ല ട്രാഫിക്‌ ആവും, ഇപ്പളെ"

അങ്ങനെ അവര്‍ യാത്ര ആയി, ജീവന്‍ പതിയെ ജനല്‍ തുറന്നിട്ടു. തണുപ്പ് കുറഞ്ഞു വരുന്നു. ഒന്ന് കുളിക്കണം. എന്ത് വരുന്നെലും വരട്ടെ, അയാള്‍ കുറച്ചു വെള്ളം ചൂടാക്കി. ആരിവേപ്പിന്റെ ഇലകള്‍ ഇട്ടു നന്നായി തിളപ്പിച്ചു. പിന്നെ കുളിമുറിയില്‍ കയറി പാകത്തിന് തണുത്ത വെള്ളം ചേര്‍ത്ത് ആ ചൂടിനെ മയപെടുത്തി. പിന്നെ കുളിക്കാന്‍ തുടങ്ങി. ചൂട് വെള്ളം വീണപ്പോള്‍ വേദന ഉണ്ട് എങ്കില്‍ തന്നെയും എന്തൊരു ആശ്വാസം, ആരിവേപ്പിന്റെ ഇലകള്‍ കൊണ്ടു തന്നെ ശരീരം കത്തുന്ന വേദനയോടെ ഉരച്ച് കഴുകി. വേദന അയാള്‍ അറിഞ്ഞതെ ഇല്ലാ, അയാള്‍ പൂര്‍ണമായും തന്നെ തന്നെ വെറുത്തു കഴിഞ്ഞല്ലോ. ഉണങ്ങിയ തുണി കൊണ്ടു ദേഹം മുഴുവന്‍ ഒപ്പി ആഹാ നല്ല ഭംഗി, ചുവന്നു തുടുത്തിരിക്കുന്നു, കണ്ണാടിയില്‍ നോക്കി അയാള്‍ പുഞ്ചിരിച്ചു, ഇപ്പോള്‍ കണ്ടാല്‍ സായിപ്പിനെ പോലെ ഉണ്ട്, പണ്ട് വെളുക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചിരിക്കുന്നു, ഒരു പ്രയോജനവും ഉണ്ടായില്ല, ചിക്കെന്‍ തൊലി ഉരിഞ്ഞ പോലെ, അത് കൊണ്ടായിരിക്കും ഇതിനെ ചിക്കന്‍ പോക്സ്‌ എന്ന് വിളിക്കുന്നെ, എന്തായാലും കൊള്ളാം, പതിയെ വന്നു കട്ടിലില്‍ ഇരുന്നു അയാള്‍ മരുന്ന് പുരട്ടി, അല്പം ഗ്ലൂക്കോസ് കലക്കി കഴിച്ചു.

ജീവന്‍ പതിയെ കട്ടിലിലേക്ക് ചാഞ്ഞു, പിന്നെ ഗാഡമായ നിദ്രയില്‍ ആയി അയാള്‍, രാവിലെ ആരോ വാതിലില്‍ മുട്ടുന്ന കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്, എണിക്കാന്‍ ആഞ്ഞ ജീവന് അനങ്ങാന്‍ സാധിച്ചില്ല, ശരീരം മുഴുവന്‍ ഇടിച്ചു നുറുക്കുന്ന വേദന, പുതപ്പു അവിടെ അവിടെ ആയി ഒട്ടി പിടിച്ചു ഇരിക്കുന്നു. തല പൊങ്ങുന്നില്ലാ, വാതിലില്‍ തന്നെ പേരെടുത്തു ആരോ വിളിക്കുന്നു, ആരെന്ന് വ്യക്തമല്ല, ചെവി പോലും ശരിക്ക് കേള്‍ക്കുന്നില്ലാ, ഒരു വിധത്തില്‍ നിരങ്ങി ജീവന്‍ വാതിലിന്റെ കുറ്റി എടുത്തു, മുന്നില്‍ വല്യച്ചന്‍, അധിക നേരം അങ്ങനെ നിക്കാന്‍ ആകാതെ അയാള്‍ വല്യച്ഛന്റെ മുകളിലേക്ക് ചാഞ്ഞു.
അദ്ദേഹം ജീവനെ തങ്ങി കട്ടിലില്‍ കിടത്തി, എന്നിട്ട് ചോദിച്ചു "നീ എന്തിനാ കുളിച്ചേ, എപ്പഴേ കുളിക്കാന്‍ പാടില്ലാ, ഇത് കൂടും, അതും ഇതെല്ലം ഉരചു പൊട്ടിച്ചേ എന്തിനാ, അത് പോട്ടെ നീ വല്ലതും കഴിച്ചോ" ഇല്ലെന്ന് ജീവാന്‍ തലയാട്ടി. അപ്പോള്‍ തന്നെ ആ മനുഷ്യന്‍ ഓടി താഴേക്ക്‌ പോയി രണ്ടു ഗ്ലാസ്‌ ജ്യൂസ്‌ വാങ്ങി ഓടി എത്തി. പതിയെ ജീവന്റെ അടുത്തിരുന്നു മെല്ലെ മെല്ലെ അവനെ കുടിപ്പിച്ചു. എന്നിട്ട് പറഞ്ഞു "ഞാന്‍ കഴിക്കാന്‍ എന്തേലും വാങ്ങി വരട്ടെ" "വേണ്ട എനിക്ക് വിശപ്പില്ല, തല നേരെ നിക്കുന്നില്ലാ, ഒന്ന് കിടക്കട്ടെ" എന്നാല്‍ ഞാന്‍ ഇറങ്ങുവാ നീ വാതില്‍ അടച്ചു കുറ്റിയിട്ടോ, എന്തേലും ഉണ്ടേല്‍ വിളിക്കണം" " ശരി വിളിക്കാം" അദ്ദേഹം യാത്ര പറഞ്ഞു ഇറങ്ങി. വാതില്‍ കുറ്റി ഇട്ടു ഒരു വിധത്തില്‍ ജീവന്‍ കട്ടില്‍ എത്തി, കട്ടിലിലേക്ക് വീണു എന്ന് പറയുന്നതാവും ശരി. (തുടരും)

Thursday, June 4, 2009

എന്ന് ജീവന്റെ സ്വന്തം ചിക്കന്‍ പോക്സ്‌

"യാത്രികര്‍ കൃപയാ ധ്യാന്‍ ലീജിയേ, കേരള സെ ആനെവാലി ട്രെയിന്‍ നമ്പര്‍ 2617 മംഗള എക്സ്പ്രസ്സ്‌, പ്ലാറ്റ് ഫോം നമ്പര്‍ ചാര്‍ പര്ര്‍ ആ രഹി ഹെ.

നിസമുദിന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നിന്ന മംഗള എക്സ്പ്രസ്സില്‍ നിന്നും ഒരു പകപ്പോടെ ജീവന്‍ ഇറങ്ങി, ഒരു പൂരത്തിനുള്ള ആളുകള്‍ പ്ലാറ്റ്ഫോമില്‍, എവിടെ കുഞ്ഞമ്മാവന്‍, ദൈവമേ ഇനി വന്നില്ലേ, ഈ തിരക്ക് കണ്ടിട്ട് തന്നെ പേടി ആവുന്നു. അഡ്രസ്‌ എഴുതി വച്ച ചെറിയ പോക്കറ്റ്‌ ഡയറി ജീവന്‍ ഒന്ന് കൂടി അമര്‍ത്തി പിടിച്ചു. പെട്ടന്ന് തോളില്‍ ഒരു കൈ പതിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞമ്മവനും വല്യച്ചനും. ഹാവൂ സമാധാനമായി. ആകപ്പാടെ ജീവിതത്തില്‍ കണ്ടിട്ടുള്ളത് എറണാകുളം സ്റ്റേഷന്‍ ആണ്. ഇത് ഒരു സംഭവം തന്നെ. ജനകൂട്ടത്തില്‍ കൂടി തിങ്ങി ഞെരുങ്ങി ജീവന്‍ അവരുടെ കൂടെ പുറത്തേക്കു ഇറങ്ങി. പുറത്തെ കാര്‍ പാര്‍കിങ്ങില്‍ വന്നു കുഞ്ഞമ്മാവന്റെ കാറില്‍ സാധങ്ങള്‍ കേറ്റി വച്ചു.

"ജീവ എങ്ങനെ ഇരുന്നു യാത്ര, സുഖയിരുന്നോ"
"അതെ സുഖായിരുന്നു, തണുപ്പ് അതി കഠിനം, നാട്ടിലെ വൃചിക കുളിരാണ് വലുത് എന്നാ ഞാന്‍ കരുതിയെ, ഇത് ഭയങ്കരം"
വല്യച്ചന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു 'ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു, അപ്പോള്‍ മുപ്പത്തി അഞ്ചു വര്‍ഷങ്ങളായി ഇവിടെ കിടക്കുന്ന ഞങ്ങളെ സമ്മതിക്കേണ്ടേ".

മൂവരും കാറില്‍ കയറി, ആ വാഹനം ലോധി റോഡ്‌ ലക്ഷ്യമാക്കി പാഞ്ഞു. പോകുന്ന വഴി അവര്‍ ജീവന് ഓരോ സ്ഥലവും കാണിച്ചു കൊടുത്തു, പണ്ട് സാമൂഹ്യ പാടത്തിലും, ടീവീലും, പത്രങ്ങളിലും വായിച്ചും കണ്ടും അറിഞ്ഞ സ്ഥലങ്ങള്‍ മുന്നില്‍ പ്രത്യക്ഷ പെട്ടപ്പോള്‍ ജീവന്‍ ആവേശം കൊണ്ടു. അതെ ഇതൊരു പുതിയ ജീവിതമാണ്‌, ഇവിടെ നിന്നും വേണം പിടിച്ചു കയറാന്‍, എന്തേലും ആവണം, ആയെ പറ്റൂ. ചെറിയമ്മ പോകാന്‍ നേരം ചേര്‍ത്ത് നിര്‍ത്തി പറഞ്ഞ കാര്യങ്ങള്‍ അയാള്‍ മനസ്സില്‍ ഓര്‍ത്തു. "എന്റെ കുട്ടി ആരെകൊണ്ടും ഒന്നും പറയിക്കാന്‍ ഇട വരുത്തരുത്, എന്ത് സംഭവിച്ചാലും ഒന്നും മറുത്തു പറയരുത്. ക്ഷമിക്കുക, നിന്റെ ദേഷ്യം കുറയ്ക്കുക"

കുഞ്ഞമ്മാവന്റെ വിളി അയാളെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തി. "എടാ ഇറങ്ങ് വീടെത്തി".
ഒരു സര്‍ക്കാര്‍ കോളനി, ഓ കുഞ്ഞമ്മായി സര്‍ക്കാര്‍ സര്‍വീസില്‍ ആണല്ലോ, അവര്‍ക്ക് കിട്ടിയ ഫ്ലാറ്റ് ആവും. സാധനങ്ങള്‍ എടുത്തു അവര്‍ക്കൊപ്പം അയാള്‍ പടികള്‍ കയറി. ബെല്ലടിച്ചതും കുഞ്ഞമ്മായി വാതില്‍ തുറന്നു. ജീവന്‍ സന്തോഷം വിടര്‍ന്ന കണ്ണുകളോടെ അമ്മായിയെ നോക്കി പറഞ്ഞു "അമ്മായി ഞാന്‍ എത്തി, എവിടെ അമ്മൂസും അപ്പൂസും" പറഞ്ഞു തീര്‍നില്ല രണ്ടു പേരും വന്നു ജീവന്റെ മുകളിലേക്ക് ചാടി കേറി "ഭയ്യ എന്താ താമസിച്ചേ, എന്താ ഞങ്ങള്‍ക്ക് കൊണ്ട് വന്നെ, നോക്കട്ടെ" ജീവന്റെ പെട്ടിയും ബാഗും എല്ലാം കുട്ടികള്‍ തന്നെ വലിച്ചു അകത്തു കൊണ്ട് പോയി, തുറന്നു എന്തൊക്കയോ തിരയാന്‍ തുടങ്ങി.

കുഞ്ഞമ്മാവന്റെ സ്വരം അവിടെ ഉയര്‍ന്നു "ഇതുങ്ങളെ കൊണ്ട് തോറ്റു, അവന്‍ ഒന്ന് അകത്തു കേറട്ടെ, സാവധാനം എടുത്തു കൂടെ" ജീവന്‍ ചിരിച്ചു കൊണ്ട് അകത്തു കയറി എന്നിട്ട് പറഞ്ഞു "അവര്‍ എന്തേലും ചെയ്യട്ടെ കുഞ്ഞമാമ്മ, അവരുടെ അല്ലെ എല്ലാം". പതിയെ അകത്തു കയറി അയാള്‍ സോഫയില്‍ ഇരുന്നു. ചെറിയൊരു ഫ്ലാറ്റ് ആണ്. ടൈപ്പ് -ടു. സ്വീകരണ മുറിയില്‍ തന്നെ ഒരു കട്ടില്‍ കൂടി ഇട്ടിട്ടുണ്ട്. പിന്നെ ഒരു ചെറിയ ഇടുങ്ങിയ ബാല്‍ക്കണി. ഒരു ബെഡ് റൂം, ചെറിയൊരു ഡൈനിങ്ങ്‌ ടേബിള്‍, അതിനോട് ചേര്‍ന്ന് അടുക്കള, കേറി വരുന്ന വഴിയില്‍ അടുത്തായി കക്കൂസ് ആന്‍ഡ്‌ കുളിമുറി, ഒരു ചെറിയ ഫമില്യ്ക്ക് പറ്റിയ വാസസ്ഥലം.
അമ്മൂസ്‌ കൈയില്‍ പകുതി തീര്‍ത്ത ചക്ക വറുത്തതും കൊണ്ട് വന്നിട്ട് ജീവന്റെ മടിയില്‍ ചാടി കേറി ഇരുന്നു ചോദിച്ചു "ഭയ്യാ ഇത് പേരമ്മ തന്നു വിട്ടതാണോ എനിക്ക്, എന്താ പേരമ്മ വരാഞ്ഞേ" അവളുടെ കുഞ്ഞി കവിളില്‍ തലോടി അയാള്‍ പറഞ്ഞു

"അപ്പോള്‍ നമ്മുടെ നാടിലെ വീട് നോക്കേണ്ടേ, പെരപ്പന് ഓഫീസില്‍ പോകേണ്ടേ, അതൊക്കെ ആര് ചെയ്യും"

അകത്തെ മുറിയില്‍ നിന്നും അപ്പൂസിന്റെ കരച്ചില്‍ തുടങ്ങി. അയാള്‍ അമ്മുവിനെ കൂട്ടി അകത്തെ മുറിയില്‍ ചെന്ന് നോക്കുമ്പോള്‍, അപ്പൂസ് ഒരേ കരച്ചില്‍. അവനെ വാരിയെടുത്തു അയാള്‍ ചോദിച്ചു "എന്തിനാ എന്റെ അപ്പുക്കുട്ടന്‍ കരയനെ" അവന്‍ ചിണുങ്ങി കൊണ്ട് പറഞ്ഞു "എന്റെ ശര്‍ക്കര പെരട്ടി എന്തെ, അവള്‍ക്കു മാത്രം എല്ലാം കിട്ടി, എനിക്കൊന്നും ഇല്ലാ" ജീവന്‍ മറ്റൊരു ബാഗില്‍ നിന്നും ഒരു പാക്കറ്റ് എടുത്തു അവനു നീട്ടി. അവന്റെ പ്രിയപ്പെട്ട ശര്‍ ക്കര പെരട്ടി. കരച്ചില്‍ നിര്‍ത്തി അവന്‍ അതും കൊണ്ട് പുറത്തേക്കു പാഞ്ഞു, പിന്നാലെ അമ്മുവും. അത് കണ്ടു ചിരിച്ചു കൊണ്ട് അയാള്‍ തന്റെ ബാഗില്‍ നിന്നും സോപ്പും തോര്‍ത്തും എടുത്തു കുളിമുറിയിലേക്ക് നടന്നു. ഫ്രഷ്‌ ആയി അയാള്‍ വന്നപ്പോള്‍ എല്ലാരും ഭക്ഷണം കഴിക്കാന്‍ അയാളെ കാത്തിരിക്കുന്നു. കുട്ടികള്‍ പുറത്തെ ടെറസില്‍ അയല്‍പക്കത്തെ ഹിന്ദിക്കാരുടെ കുട്ടികളോട് ഏട്ടന്‍ വന്ന കാര്യം പറയുന്നു. ഒപ്പം അമ്മു എല്ലാം പങ്കിട്ടു കൊടുക്കുന്നു. കുട്ടികള്‍ക്ക് അയാള്‍ ജീവനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുമ്പോളും അയാള്‍ മതി അവര്‍ക്ക്, ഊഞ്ഞാല്‍ കെട്ടി കൊടുക്കാനും, അമ്പല കുളത്തില്‍ കുളിപ്പികനും, സൈക്കിളില്‍ കറങ്ങാനും, സിനിമ കാണിക്കാനും അയാള്‍ തന്നെ വേണം, നാട്ടില്‍ വന്നാല്‍ ഉറങ്ങത് പോലും അയാളുടെ കൂടെ.

അമ്മായിയോട് ചോദിച്ചു "അവര്‍ കഴിച്ചോ" "ഇന്നിനി കഴിപ്പ്‌ കണക്കാ, അത് മുഴുവന്‍ തിന്നു തീര്‍ക്കാതെ ഉറങ്ങില്ലാ." ഭക്ഷണം കഴിച്ചു എല്ലാരും സ്വീകരണ മുറയില്‍ വന്നു, പിന്നെ നാട്ടു വര്‍ത്തമാനം,

വല്യച്ചനോട് അയാള്‍ ചോദിച്ചു "ഇവിടുന്നു ഒത്തിരി ദൂരത്താ വല്യച്ചന്‍ താമസിക്കണേ" "

അതെ അങ്ങ് ബോര്‍ഡര്‍ ഏരിയ ആണ്. ഞാന്‍ ഒരു ദിവസം വന്നു നിന്നെ കൊണ്ട് പോവാം കേട്ടോ" അയാള്‍ മെല്ലെ തല ആട്ടി. [അയാളുടെ അടുത്ത ബന്ധത്തില്‍ ഉള്ള ആളാണ് വല്യച്ചന്‍, അമ്മയുടെ ചേച്ചി ആയിട്ടു വരും വല്യമ്മച്ചി. ഒരു മോള്‍, അവള്‍ ഭോപാലില്‍ പഠിക്കുന്നു]. കുറച്ചു കഴിഞ്ഞു വല്യച്ചന്‍ അയാളോട് യാത്ര പറഞ്ഞു ഇറങ്ങി.

കുഞ്ഞമ്മാവന്‍ അയാളോട് ജീവിതത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. "നാളെ മുതല്‍ നീ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോണം, ഇവിടെ അടുത്താണ്, ആറു മാസത്തെ കോഴ്സ് ആണ്. പൈസ ഞാന്‍ കൊടുത്തു. അത് തീര്‍ന്നു കഴിഞ്ഞു ജോലിയുടെ കാര്യം നോക്കാം. നീ ഭാഷ എല്ലാം പഠിച്ചു വരുമ്പോള്‍, ഭേദപ്പെട്ട ജോലി നമ്മള്‍ക്ക് നോക്കാം. നാളെ മുതല്‍ പോകണം, നാളെ ഞാന്‍ നിന്നെ കൊണ്ട് പോയി കാണിച്ചു തരാം, പിന്നെ നീ തനിച്ചു പോകണം. അറിയാല്ലോ നിന്റെ വീടിലെ കാര്യങ്ങള്‍, അച്ഛന്‍ ഉടന്‍ റിട്ടയര്‍ ആവും, പിന്നെ എല്ലാം നീയാണ് നോക്കേണ്ടേ, അവരുടെ പ്രതീക്ഷ നിന്നില്‍ ആണ്". എല്ലാം ജീവന്‍ തലയാടി കേട്ട് കൊണ്ടിരുന്നു. അമ്മായി പുറത്തേക്ക് വന്നതേ ഇല്ലാ. വന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്നു. എന്തോ ഒരനിഷ്ടം, നാട്ടില്‍ വരുമ്പോള്‍ എന്താ സ്നേഹം. ആര്‍ക്കു അറിയാം. താന്‍ വന്നത് ഇഷ്ടം ആയിട്ടില്ല എന്നാണോ. ആ എന്തേലും ആവട്ടെ, അവനവന്റെ കാര്യം നോക്കുക, അത്ര തന്നെ.
*************************************************************************************

അടുത്ത ദിവസം മുതല്‍ അയാള്‍ കമ്പ്യൂട്ടര്‍ പഠനത്തിന്‌ പോകാന്‍ തുടങ്ങി. ആദ്യ ദിവസം കുഞ്ഞമ്മാവന്‍ കൊണ്ട് ചെന്നാക്കി. ഉച്ചക്ക് മുന്‍പേ തിരിച്ചു വരാം. കുട്ടികളും ഉച്ചക്ക് എത്തും. വീട്ടില്‍ എത്തിയാല്‍ കുട്ടികള്‍ ആയിരുന്നു അയാള്‍ക്ക് ആശ്രയം. ദിവസങ്ങള്‍ കടന്നു പോയി. അതിന്റെ കൂടെ മൂന്ന് മാസങ്ങളും. അയാളുടെ ജീവിത ദിന ചര്യകളും അതോടെ മാറി. അമ്മായി ഒന്നും ചെയ്യതായി. രാത്രിയിലെ കുഞ്ഞമ്മവനും അമ്മായിയും തമ്മില്‍ ഹിന്ദിയില്‍ കൂടുന്ന വഴക്ക് ജീവനെ ചൊല്ലി ആണ് എന്ന് അയാള്‍ക്ക് മനസിലായി. പൈസ മുടക്കി പഠിപ്പിക്കാന്‍ വിട്ടത് അവര്‍ക്ക് ഇഷ്ടമായില്ലാ, മാത്രമല്ല അവരുടെ സഹോദരന്‍ ഡിഗ്രി കഴിഞ്ഞു ഇങ്ങോട്ട് വരാന്‍ നില്‍ക്കുന്നു. അതിനിടയില്‍ ഭര്‍ത്താവിന്റെ സഹോദരീ പുത്രന്‍ അവര്‍ക്കൊരു ചതുര്‍ഥി ആവുന്നതില്‍ തെറ്റില്ല. ആദ്യമൊക്കെ ബെഡ് റൂമില്‍ ഒതുങ്ങുന്ന വഴക്കുകള്‍ അയാളുടെ മുന്നിലും ആവര്‍ത്തിച്ചു. "പിന്നെ ഐ എ എസ് നു അല്ലെ പഠിക്കണേ, പത്താം ക്ലാസ്സ്‌ മതിയല്ലോ നല്ല ജോലി കിട്ടാന്‍, വെറുതെ കാശ് കളയാന്‍ ഒരു അമ്മാവനും, ഇതെന്റെ വീടാ ഞാന്‍ എന്റെ അനിയനെ കൊണ്ട് വരും, ആര് എന്ത് പറഞ്ഞാലും.

വീട്ടിലെ ഫോണ്‍ സംഭാഷണങ്ങള്‍ പോലും ജീവനെ കുറ്റം പറച്ചിലില്‍ മാത്രം ഒതുങ്ങി. "എല്ലാം നിനക്ക് തോന്നുന്നതാ, അവള്‍ പാവമാ, നിനക്ക് രക്ഷപെടാന്‍ ആശയില്ലാ, അല്ലേല്‍ ഇവിടെ വന്നു തെണ്ടി നടക്കു, ഇന്നത്തെ കാലത്ത് ആരേലും കാശു മുടക്കി നിന്നെ പഠിപ്പിക്കുമോ" ഒപ്പം അമ്മയുടെ പതിവ് ദേഷ്യവും, അച്ഛന്റെ സ്ഥിരം ശാപ വാക്കുകളും. "നന്നാവില്ല ഇതൊക്കെ, എന്തോ മുന്‍ജന്മ പാപം"

ചെറിയമ്മയുടെ സാന്ത്വനം മാത്രം അയാളെ സമാധാനിപ്പിച്ചു. പാവം എന്ത് ചെയ്യാന്‍ ആശ്വസിപ്പിക്കാന്‍ അല്ലെ പറ്റൂ. ഒരു പാവം സാധു സ്ത്രീ.

മാസങ്ങള്‍ മൂന്നു കടന്നു പോയപ്പോള്‍ ജീവന്റെ ജീവിതവും മാറി മറിഞ്ഞു. രാവിലെ ആട്ട കുഴച്ച് റൊട്ടി ഉണ്ടാക്കണം, കുട്ടികളെ ഒരുക്കണം, സ്കൂള്‍ ബസില്‍ കേറ്റി വിടണം, പഠനം കഴിഞ്ഞു വന്നു പാത്രങ്ങള്‍ എല്ലാം കഴുകണം, അങ്ങനെ ഒരു പാട് ഭരിച്ച ഉത്തരവാദിത്തം അയാളുടെ തലയില്‍ ആയി. നിസഹായനായി നോക്കുന്ന കുഞ്ഞമ്മമയെ കാണുമ്പൊള്‍ അയാള്‍ ഒന്നും പറയില്ലാ. തണുപ്പ് കാരണം ജീവന്റെ കാല്‍ വിരല്‍ നീര് വന്നു വീര്‍ത്തു. ആരും ഒന്നും ശ്രദ്ധിച്ചേ ഇല്ലാ. കുട്ടികള്‍ പോലും അകലം തുടങ്ങി. സ്വീകരണ മുറിയിലെ കട്ടിലും കമ്പ്യൂട്ടര്‍ ക്ലാസും മാത്രം ആയി അയാളുടെ ലോകം.വല്യച്ചനും വല്യമ്മയും ഇടയ്ക്കു ഫോണ്‍ ചെയ്യും, അത് മാത്രം, കുഞ്ഞമ്മയിയുടെ കുറ്റങ്ങള്‍ കേട്ട് അവരും അയാളെ പഴി പറയാന്‍ തുടങ്ങി. എല്ലാം നിശബ്ദനായി അയാള്‍ കേട്ടു. കാരണം അയാള്‍ തന്റെ ജന്മത്തെ, തന്റെ രൂപത്തെ എല്ലാം വെറുത്തു തുടങ്ങി ഇരുന്നു.

അന്ന് വൈകിട്ട് ജീവന് എന്തോ ഒരു അസ്വസ്ഥത തോന്നി. ശരീരത്തിന് എന്തോ ഒരു വേദന. പ്രതേകിച്ചും മുതുകില്‍, കഴുത്തിന്‌ പിന്നിലായി, തടവുമ്പോള്‍ ഒരു തടിപ്പ്, അയാള്‍ അത് കുഞ്ഞമാമ്മയെ കാണിച്ചു. "ഹേ ഒന്നുമില്ല വല്ല മൂട്ട കടിച്ചയിരിക്കും, നീ പോയി കിടന്നുറങ്ങാന്‍ നോക്ക്". ചെറിയൊരു ആശ്വാസത്തോടെ അയാള്‍ നിദ്രയെ പുല്‍കി. രാവിലെ ശരീരത്ത് അവിടെ ഇവിടെ ആയി ചെറിയ കുരുക്കള്‍ കണി കണ്ടാണ്‌ അയാള്‍ ഉണര്‍ന്നത്. ഭയപ്പാടോടെ കുഞ്ഞമ്മാവന്റെ അടുത്തേക്ക് അയാള്‍ പാഞ്ഞു. കുഞ്ഞമാമ്മ ജീവന്റെ ശരീരത്തെ ചുവന്നു പഴുത്ത കുരുക്കള്‍ പരിശോധിക്കുമ്പോള്‍ അലക്ഷ്യമായ സ്വരത്തില്‍ അമ്മായി പറഞ്ഞു "ചിക്കന്‍ പോക്സാ, അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു" (തുടരും)

Thursday, May 21, 2009

കണി കാണും നേരം കമല നേത്രന്റെ

ഇനി ഒരു കണി കൊണ്ട് പോയ ഒരു വിശേഷം ആണ് നിങ്ങളുമായി പങ്കു വക്കാന്‍ ആഗ്രഹിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ വിഷു ഒട്ടും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു.എനിക്ക് വിഷുവിനാണ് നാട്ടില്‍ പോകാന്‍ ഏറെ താല്പര്യം, കാരണം ഈ കണി കൊണ്ട് പോകല്‍ തന്നെ. കണിയും കൊണ്ട് വിഷുവിന്റെ തലേ ദിവസം ഉള്ള ആഘോഷം അറിയാതെ തന്നെ എന്നെ നാട്ടില്‍ എത്തിക്കും. വളരെ രസകരമായ ഒരു അനുഭവം തന്നെ ആണ് അത്.

എല്ലാ വര്‍ഷവും ഞങ്ങള്‍ ചാളുവ കുട്ടന്റെ വീട്ടില്‍ ആണ് ഇതിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. ലീഡര്‍ പുള്ളിക്കാരന്‍, പിന്നെ അപ്പാച്ചി, കാടന്‍, ഡിങ്കന്‍, ഇടിതാങ്ങി, അമ്പലക്കാടന്‍, കൊച്ചു കുറുപ്പ്, നമ്പോലന്‍, അങ്ങനെ ഫുള്‍ ടീം ഉണ്ടാവും. വിഷുവിന്റെ തലേ ദിവസം രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും, തമ്പി അണ്ണന്റെ വീട്ടിലെ കൃഷ്ണന്റെ പ്രതിമ ആണ് എല്ലാ കൊല്ലവും എടുക്കുന്നത്. വളരെ മനോഹരമായ ഒരു പ്രതിമ ആണ് അത്. കാര്‍ വര്‍ണ്ണന്റെ സുന്ദരമായ രൂപം. എത്ര കണ്ടാലും മതി വരില്ല. പുള്ളിക്ക് ആരോ സമ്മാനം കൊടുത്തതാണ് പുതിയ വീടിന്റെ കേറി താമസത്തിന്. ഞങ്ങള്‍ ആയതു കൊണ്ട് മാത്രം ആണ് പുള്ളി പ്രതിമ തരുന്നത്. പ്രതിമ എത്തി കഴിഞ്ഞാല്‍ നമ്പോലന്‍ കുറച്ചു മിനുക്ക്‌ പണികള്‍ നടത്തും, പിന്നെ പ്രതിമ വക്കാന്‍ ഒരു തട്ട് ഉണ്ടാക്കും. പിന്നെ മനോഹരമായ വര്‍ണ്ണ കടലാസ് പൊതിഞ്ഞ ഒരു പാത്രം കാണിക്ക ഇടാന്‍. അത് എന്റെ മേഖല ആണ്. പ്രതിമ പിടിക്കുനത് കാടന്‍, തട്ട് പിടിക്കുന്നത്‌ അമ്പലക്കാടന്‍, പിന്നെ ചെറിയൊരു വിളക്ക്, പിന്നെ തിരി, തീപ്പെട്ടി ഇതിന്റെ മേല്‍നോട്ടം ഡിങ്കന്‍ ആണ് വഹിക്കുന്നത്. കാരണം മുന്‍പ് കാണിക്ക പാത്രം അവന്റെ കൈയില്‍ ആയിരുന്നു ഞങ്ങള്‍ ഏല്‍പ്പിക്കുന്നത്. പക്ഷെ അവനു നോട്ട് അലര്‍ജി ആണ്. അവന്‍ പോലും അറിയാതെ നോട്ടുകള്‍ ഉടുപ്പിന്റെ മടക്കേലും, കോളറിന്റെ ഇടയിലും ഒക്കെ കേറി ഇരിക്കും. അതുകാരണം ധനകാര്യം എനിക്ക് വന്നു ചേര്‍ന്ന്. അതാണ് കുറുപ്പ്. പിന്നെ ബൈക്കിന്റെ ബൌഡന്‍ കെട്ടി ഉണ്ടാക്കിയ ഉറുമി പോലത്തെ ഒരു ഉപകരണം, പട്ടിയെ തല്ലാന്‍. പഴങ്ങള്‍ ഞങ്ങള്‍ കണി കൊണ്ട് ഏതു വീട്ടില്‍ ചെല്ലുന്നോ അവിടുത്തെ കാര്‍ഷിക ഉത്‌പാദനം പോലെ കാണിക്ക വക്കും. ഒന്നും ഇല്ലെങ്കില്‍ കശുമാങ്ങ വച്ച് കാര്യം നടത്തും അല്ലേല്‍ പ്ലാസ്റ്റിക്‌ പഴങ്ങള്‍. പാട്ടുകള്‍ ഒന്നും അത്ര പിടുത്തം ഇല്ല ആര്‍ക്കും. ആകപ്പാടെ അറിയാവുന്നതു "കണി കാണും നേരം കമല നെത്രന്റെ, നിറമേഴും മഞ്ഞ തുകില്‍ ചാര്‍ത്തി" മാത്രം. അത് തന്നെ ആര്‍ക്കും നേരെ ചൊവ്വേ അറിയില്ല. "തുകില്‍ എന്നത് തുണി" എന്നൊക്കെ ആവും ചൊല്ലുക, ആദ്യത്തെ വരികള്‍ ആയ "കണി കാണും നേരം" എന്നത് നല്ല സ്ട്രോങ്ങ്‌ ആയി തുടങ്ങും എങ്കിലും, പിന്നെ കേള്‍ക്കുന്നേ "നിറമേ.. മലര്‍ മാതിന്‍.. പുലര്‍കാലെ... ഇടയ്ക്കു കോട്ടുവാ, വാള് വെപ്പ്, തെറി വിളി ഒക്കെ ആയി അവസാനം അവിടേം എവിടേം ഒക്കെ ആയി വീട്ടുകാരന്റെ പേര് വിളിച്ചാണ് നിര്‍ത്തുന്നത്. ആദ്യത്തെ രണ്ടു മൂന്നു ലൈന്‍ പാടി അവസാനം അമ്പലക്കാടന്‍ പറയും, "എണീക്കോ പപ്പ ചേട്ടാ കണി വന്നു, കാണിക്ക ഇട്ടോ". അന്നേരം അകത്തു നിന്നും പപ്പ കുറുപ്പ് പറയും, "രണ്ടു മൂന്നു പാട്ട് കൂടി പാട്, പൈസ തരുന്നതല്ലേ" ഉടന്‍ വരും അമ്പലക്കടന്റെ മറുപടി "1 രൂപയ്ക്കു ഇത്രേം പാട്ട് തന്നെ കൂടുതലാ, വേണേല്‍ വന്നു കണി കാണു" എന്ന്. ആ സമയം ഇടിതങ്ങി അവിടുത്തെ, മാങ്ങാ, പേരക്ക, സമയം ഉണ്ടേല്‍ കരിക്ക് ഇതെല്ലാം പറിച്ചു റെഡി ആകും.(മിക്കവാറും ഇതൊക്കെ കണി വയ്ക്കാറില്ല, നടക്കുന്ന വഴി തിന്നു തീര്‍ക്കും) പിന്നെ പുള്ളിക്കാരന്‍ വാതില്‍ തുറന്നു പുറത്തേക്കു വരാന്‍ നേരം ഞങ്ങള്‍ സൈഡില്‍ പതുങ്ങി നില്‍ക്കും. ഏതേലും ഒരുത്തന്റെ നിഴല് പോലും കാണാന്‍ പാടില്ല. കണ്ടാല്‍ പുള്ളി പൂരപാട്ട്‌ തുടങ്ങും. ഒപ്പം ഉടുമുണ്ട് പൊക്കി തിരുവാതിര കളിയും. കാരണം ശകുനം, ജ്യോതിഷം, കണി, ഇങ്ങനത്തെ കാര്യത്തില്‍ പുള്ളിക്കാരന്‍ ഭയങ്കര വിശ്വാസിയാണ്. അണുവിട ചലിക്കില്ലാ. ഞങ്ങള്‍ക്ക് ഏറ്റവും പേടിയുള്ള വീടും അത് തന്നെ. കാരണം അടുത്ത ദിവസം പുള്ളിക്കാരന്‍ വീട്ടില്‍ വന്നു തെറി പറയും, നമ്മളയല്ല, നമ്മുടെ മാതാപിതാക്കളെ. പക്ഷെ ഇത്തവണ ഞങ്ങള്‍ കണി പപ്പ കുറുപ്പിന്റെ വീട്ടില്‍ അവസാനം ആക്കാം എന്ന് തീരുമാനിച്ചു. പതിവുപോലെ എല്ലാം തയ്യാറായി.

അങ്ങനെ കണിയുമായി ഞങ്ങള് ഇറങ്ങി. പതിവുപോലെ എല്ലാരും പാനീയം ഒക്കെ അകത്താക്കി നല്ല മൂഡില് ആണ് യാത്ര. പോരാത്തതിന് ചാളുവ കുട്ടന്റെ കൈയിലുള്ള തുണി സഞ്ചിയില് സാധനം വേറെയും വിത്ത് സോഡാ വിത്ത് പാനി വിത്ത് ടച്ചിങ്ങ്സ് . കുറച്ചു വീടുകള് കുഴപ്പം കൂടാതെ കയറി ഒരു മാതിരി കാശൊക്കെ കിട്ടുന്നുമുണ്ട്. പലര്‍ക്കും ആട്ടം തുടങ്ങി, ചിലര്‍ കണി വയ്ക്കുന്ന വീടിന്റെ വരാന്തയില്‍ കിടക്കാന്‍ നോക്കി. ഡിങ്കനെ കൊണ്ട് വിളക്ക് പോലും കത്തിക്കാന്‍ പറ്റാത്ത അവസ്ഥ ആയി. തീപ്പെട്ടി നാലായിട്ടു കാണുന്ന കാരണം അതിന്റെ കൊള്ളിയും പിടിച്ചു ഇരുന്നു ഉറങ്ങും. വിനയത്തോടെ കൃഷ്ണനെ എടുത്തു നടന്ന കാടന്‍ രമേശ്‌ ഉടുമുണ്ടൂരി തലയില്‍ കെട്ടി കൃഷ്ണന്റെ പ്രതിമ എടുത്തു കഷത്തില്‍ വച്ച് ആടി ആടി നടക്കുന്നു. അവന്റെ വിയര്‍പ്പില്‍ കുളിച്ചു കൃഷ്ണന്റെ നെറ്റ്‌വര്‍ക്ക് ഫുള്‍ അടിച്ചു പോയി. ജീവന്‍ ഉണ്ടായിരുന്നേല്‍ പുള്ളി ഒടക്കുഴലിനു കാടനെ കുത്തിയേനെ. ഞാന്‍ അധികം കഴിച്ചില്ല. കാരണം പണപെട്ടി എന്റെ കൈയില്‍ ആണല്ലോ. ഓരോ വീട്ടിലും വീഴുന്ന കാണിക്ക പൈസയുടെ കിലുക്കം കേട്ട് അത് അമ്പതു പൈസ ആണോ, ഒറ്റ രൂപയാണോ, അഞ്ചിന്റെ ആണോ എന്നൊക്കെ ഗ്രഹിച്ചു പറയുന്ന ടീം മെംബേര്‍സ് ആണ് കൂടെ. അഞ്ചിന്റെ പൈസ കുറഞ്ഞാല്‍ ആ സ്പോട്ടില്‍ ഇടിയാണ്. അങ്ങനെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. ഇതിനിടെ കണി കാണും നേരം മാറി ലീഡര്‍ ചാളുവ കുട്ടന്‍ "ബലി കുടീരങ്ങളെ" പാടാന്‍ തുടങ്ങി. കണിക്കു പറ്റിയ പാട്ട്.

ഒടുവില്‍ സംഭവം മംഗളം പാടി നിര്‍ത്താം എന്ന് തീരുമാനിച്ചു. അവസാനം പപ്പാ കുറുപ്പിന്റെ വീട്ടില്‍ കണി വച്ച് അവസാനിപ്പിക്കാം എന്നാ നിയമ പാസാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. മുന്നേ ആടി ആടി നടന്ന കാടന്‍ ഇതിനിടെ പപ്പ കുറുപ്പിന്റെ പടിഞ്ഞാറെ പറമ്പിലെ ചകിരി കുളത്തില്‍ കൃഷ്ണനുമായി കൂപ്പു കുത്തി. ഞങ്ങള്‍ എല്ലാം ഓടി കരയില്‍ എത്തി കാടനെ വിളിച്ചു. കുറച്ചു കഴിഞ്ഞു കാടന്‍ കുറച്ചു പായലും തൊണ്ടും കൊണ്ട് കേറി വന്നു. (കണി വക്കാന്‍ അല്ല, കൃഷ്ണനെ തപ്പിയപ്പോള്‍ കിട്ടിയതാ). കൃഷ്ണന്നു ഇവന്റെ വിയര്‍പ്പില്‍ നിന്നും മോചനം കിട്ടിയ സന്തോഷത്തില്‍ ആണോ എന്തോ പുള്ളിക്കാരന്‍ പൊങ്ങി വന്നില്ല. ഞാന്‍ ചോദിച്ചു "കുറേശെ കുടിച്ചാല്‍ പോരായിരുന്നോ, വല്ല കാര്യമുണ്ടോ കുളത്തില്‍ വീഴാന്‍" കാടന്‍ പറഞ്ഞു "ആര് വീണു, എത്ര കുടിച്ചാലും എനിക്കറിയാം, വിയര്‍പ്പു കാരണം കാലും കൈയും കഴുകാന്‍ ഇറങ്ങിയതാ, അന്നേരം പറയുകയാ വീണെന്ന്" അവന്റെ മുഖത്തേക്കും തലയില്‍ പായല്‍ പറ്റിയിരിക്കുന്നതും നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ഒടുവില്‍ കൃഷ്ണനെ നാളെ അവന്‍ തന്നെ തപ്പി എടുത്തോളാം എന്ന് ഏറ്റു. പക്ഷെ പപ്പ കുറുപ്പിന്റെ വീട്ടില്‍ കണി എങ്ങനെ വക്കും.

അതിനും അവന്‍ തന്നെ വഴി കണ്ടെത്തി, കുറുപ്പിന്റെ തന്നെ വീട്ടിലെ ഉമ്മറത്തെ കൃഷ്ണന്റെ കലണ്ടര്‍ ഒരെണ്ണം അവന്‍ എടുത്തു. (പഴയ നാല് കെട്ടു ആണ്.) എന്നിട്ട് ക്രോസ് പോലെ രണ്ടു പട്ടിക വച്ച് കെട്ടി. കലണ്ടര്‍ അതില്‍ തൂക്കി. എന്നിട്ട് നേരെ പപ്പ കുറുപ്പിന്റെ വീടിന്റെ ഉമ്മറത്ത്‌ എത്തി. മുണ്ട് നനഞത് കാടന്‍ തോളില്‍ ഇട്ടു അടിവസ്ത്രം മാത്രം ഇട്ടാണ് നടപ്പ്. അതും വിഷു പ്രമാണിച്ച് ഇട്ടതാണ്. അങ്ങനെ ക്രോസ് മണ്ണില്‍ കുത്തി കലണ്ടര്‍ തൂക്കി, കണി പാത്രം വച്ച്, വിളക്ക് കൊളുത്തി അവിടുന്ന് തന്നെ പറിച്ച പഴങ്ങളും, കണികൊന്ന ഇത്യാദി സാധനങ്ങളുമായി പ്രതിമയുടെ പോരായ്മ അറിയിക്കാതെ ഭേദപെട്ട സെറ്റ് അപ്പില്‍ കൃഷ്ണന്‍ കണി കാണിക്കാന്‍ തയ്യാറായി. പാട്ട് തുടങ്ങി, പുറത്തെ ലൈറ്റ് വീണു, പപ്പ കുറുപ്പ് വാതില്‍ തുറന്നു കാണിക്ക ഇടാന്‍ തയ്യാറായി. പെട്ടന്നാണ് ചെറുതായി വീശിയ കാറ്റില്‍ കലണ്ടര്‍ പറന്നു പോയി, കാടന്‍ കലണ്ടര്‍ പിട്ക്കാന്‍ ഓടി. കണ്ണ് തുറന്നു നോക്കിയാ പപ്പ കുറുപ്പ് കണ്ടത് മുറ്റത്ത്‌ കുത്തിയ കുരിശും, വിളക്കും, കണികൊന്ന പൂവും. സൈഡില്‍ നോക്കിയപ്പോള്‍ അടിവസ്ത്രം ഇട്ട കാടന്‍ കലണ്ടര്‍ പിടിച്ചു നില്‍ക്കുന്നു. കോപം കൊണ്ട് വിറച്ച കുറുപ്പ് കാടനെ നോക്കി അലറി "പന്ന *&^%$# മോനെ, അമ്മ കാല, നായിന്റെ മോനെ, മനപൂര്‍വ്വം ചെയ്തതല്ലേ നിയൊക്കെ ഇത്. എന്നെ അപമാനിക്കാന്‍, ഇങ്ങനെയാണോ കണി കാണിക്കുന്നേ" കലിപ്പില്‍ നിന്ന രമേശ്‌ പറഞ്ഞു "താന്‍ ചൂടാവണ്ട കാര്യം ഇല്ല, കാറ്റത്തു ഈ കലണ്ടര്‍ പറന്നത് എന്റെ കുറ്റം ആണോ, ഇല്ലേലും ഇത് തന്റെ കലണ്ടര്‍ തന്നെ ആണ്, തന്റെ വീടിലെ കൃഷ്ണന് തന്നെ കാണണ്ട, വേറൊരു കൃഷ്ണന്‍ തന്റെ വീട്ടില്‍ കേറാതെ കുളത്തിലും ചാടി. തനിക്കു ഇത് കാണാന്‍ ആണ് യോഗം". എന്ന് പറഞ്ഞു കലണ്ടര്‍ വലിച്ചെറിഞ്ഞു കണി ഐറ്റംസ് എടുത്തു സ്ഫടികം സ്റ്റൈലില്‍ രമേശ്‌ തിരിഞ്ഞു നടന്നു. അവന്റെ പുറകെ ഞങ്ങളും, ഇടികൊണ്ട തെങ്ങ് പോലെ പപ്പ കുറുപ്പ് നിന്നു.