Monday, September 14, 2009

"മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" - എന്റെ ഇഷ്ട ബ്ലോഗ്‌

ഞാന്‍ രാജീവ്‌, "മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം" എന്ന ബ്ലോഗ്‌ എഴുതുന്നു. എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗ്ഗര്‍, ഞാന്‍ ഏറ്റവും ആരാധിക്കുന്ന കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ ശ്രീ കുറുപ്പ് മാഷ് (ഫ പരട്ട ഇയാള് എന്നെ എന്നെ സ്കൂളില്‍ അല്ല, ആശാന്‍ കളരീല്‍ പോലും പഠിപ്പിച്ചിട്ടില്ല )

കണക്കു പുസ്തകം ഒരു പുസ്തകമാക്കി ഇറക്കുന്നു എന്ന് കേട്ടു ഞാന്‍ ഒത്തിരി ആവേശം കൊണ്ടു കോരിത്തരിച്ചു പോയി. (കണക്കു കൂട്ടാന്‍ അറിയാത്ത ഇയാള് ഇറക്കിയത് തന്നെ, കണക്കു കൂട്ടുന്നത്‌ കൈ വിരലും കാല്‍ വിരലും കൊണ്ടാണ്, അതും കഴിഞ്ഞാല്‍ പിന്നെ ഓഫീസിലെ പ്യൂണിന്റെ കൈയും കാലും വേണം. കോരി തരിക്കാന്‍ ഇത് എന്തര് നളിനി ജമീലെടെ പുസ്തകാ )

പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ അഫ്ഗാനിസ്ഥാന്‍ എഴുത്തുകാരനായ ഉബുണ്ടു കിബുടു അബുന്ടുവിന്റെ രചന ശൈലിയോട് ഏകദേശം അടുത്ത് നില്‍ക്കുന്ന ശൈലി ആണ് ഇദ്ദേഹത്തിന്റെ. (ആര് ഒബുന്ടു, അക്ക ചക്ക എന്തേലും പറയണ്ടേ, ഇതിലും ഭേദം മുത്ത്‌ ചിപ്പി കഥ എഴുതുന്ന തമ്പി അളിയന്‍ തന്നെ)

മനുഷ്യന്റെ അന്തരാത്മാവില്‍ നിന്നും ഉയരുന്ന ആത്മ ചോദനകളുടെ അമൂര്‍ത്ത രൂപത്തിന്റെ പ്രതിഫലനങ്ങള്‍ ഭൂഖണ്ഡാനന്തര ബാലിസ്ടിക് മിസയിലിന്റെ ചില മിന്നലാട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നു (ഹോ ശ്വാസം മുട്ടി ചത്തേനെ, വൈകിട്ട് രണ്ടെണ്ണം വിട്ടു ഭൂഖണ്ഡം മുഴുവന്‍ കറങ്ങി ഇന്ത്യ വിട്ട മിസ്സയില് പോലെ വന്നു ഇങ്ങേരു റൂമില്‍ കിടക്കണ കാണണം, ആനന്ദ ധാര നമ്മള്‍ക്ക് വരും)

പച്ച പാവാട, മഞ്ഞ ബ്ലൌസ്, നീല സാരി, അങ്ങനെ എത്ര മഹത്തായ സൃഷ്ടികള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗിലെ പൊന്‍ തൂവലുകള്‍ ആണ് (ഡല്‍ഹിയിലെ ചാന്ദിനി ചോവ്കിലെ തെരുവില്‍ ഈ മഞ്ഞ, ചുവപ്പ്, നീല ഇതൊക്കെ ആണ് വില്‍പ്പന, പ്രൊഫൈലില്‍ എങ്ങാണ്ട് ഒരു ജര്‍മന്‍ കമ്പനിയില്‍, അല്ല ഈ വനിതകളുടെ മിക്ക ബ്രാണ്ടുകളും വിദേശി ആണ്)

ഡിസംബറിന്റെ നഷ്ടം എന്ന കരളലിയിക്കുന്ന, കരഞ്ഞു പോകുന്ന കഥയില്‍ തുടങ്ങി തുടരന്‍ പോസ്റ്റുകള്‍ തുരു തുരാ എഴുതാന്‍ ഉള്ള ഇദ്ദേഹത്തിന്റെ രചന പാടവം മറ്റു ബ്ലോഗ്ഗര്‍ മാര്‍ക്ക് ഇല്ല എന്നത് സത്യം (പിന്നെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് ഇതല്ലേ പണി, തുടരന്‍ വായിച്ചല്ല കരയുന്നെ, ഇത് വായിച്ചല്ലോ എന്നോര്‍ത്താണ്. ഒരു വട്ടം അബദ്ധത്തില്‍ കമന്റി പോയവര്‍ പിന്നെ ഐ ഡി ഡിലീറ്റ് ചെയ്തു പുതിയ ബ്ലോഗ്‌ തുറക്കും, അനോണി ആയി പോലും കമന്റ്‌ കൊടുക്കുകേല ഒരാളും. )

ഇദേഹം മറ്റുള്ള ബ്ലോഗുകളില്‍ പോയി എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇടണം എന്ന് ആവശ്യപെടാറില്ല, അതാണ് അദ്ദേഹത്തെ മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നത് (അത് സത്യമാ, മെയില്‍ ഒന്നും ആര്‍ക്കും അയക്കില്ല, ഡയറക്റ്റ് ഫോണില്‍ വിളിച്ചു കരഞ്ഞു പറയും, ദുഫൈല് ഉള്ള പകല്‍ കിനവന്‍ മാഷ് ഇയാളുടെ ശല്യം കാരണം നമ്പര്‍ വരെ മാറ്റി)

ബ്ലോഗിലെ കുലപതിയായ ശ്രീ അരവിന്ദ് ഇദ്ദേഹത്തെ കുറിച്ച് അരുണിന്റെ(കായംകുളം സൂപ്പര്‍ ഫാസ്റ്റ്) എന്റെ ഇഷ്ട ബ്ലോഗ്‌ എന്ന പംക്തിയില്‍ കമന്റിലൂടെ ഇദ്ദേഹത്തെ പ്രശംസിക്കുക ഉണ്ടായി. അതിന്റെ യാതൊരു അഹങ്കാരവും കാണിക്കാത്ത വിനയശീലന്‍ ആയ ബ്ലോഗ്ഗര്‍ ആണ് കുറുപ്പ്. ശ്രീ അരവിന്ദിന്റെ കമന്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ "ഏതു അരവിന്ദ്, ഏതു മൊത്തം ചില്ലറ, ഓഹോ അങ്ങനെയും ബ്ലോഗ്ഗര്‍ ഉണ്ടോ, എങ്കില്‍ "മൊത്തം നോട്ട്" എന്ന പുതിയ ബ്ലോഗ്‌ ഞാന്‍ തുടങ്ങും, ഹ ഹഹ എന്നോടാ കളി " എന്ന് പറഞ്ഞു എന്നെ വിസ്മയിപ്പിച്ച മഹാന്‍ (പാവം അരവിന്ദേട്ടന്‍, പേരും ബ്ലോഗും മാറി എഴുതിയതാണ് എന്ന് പറഞ്ഞു ഇയാള്‍ക്ക് മെയില്‍ അയച്ചു, പിന്നെ അരുണിന് കുറെ ചീത്തയും കിട്ടി, അരവിന്ദ് മാഷ് ആകെ അറിയുന്നത് ഓ എന്‍ വീ കുറുപ്പിനെ മാത്രം)

ഈ ജന പ്രിയ ബ്ലോഗ്ഗേറെ തേടി ഞാന്‍ സൌത്ത് ഡെല്‍ഹിലെ പോഷ്‌ ഏരിയ ആയ വസന്ത്‌ വിഹാറിലെ ഒരു ഫ്ലാറ്റില്‍ ചെല്ലുമ്പോള്‍, ഒരു കൂട്ടം കമ്പ്യൂട്ടറുകളുടെ മുന്നില്‍ ആയിരുന്നു ഡിസന്റ് ബോഡി (മാന്യ ദേഹം), ആസിയാന്‍ കരാറില്‍ ബ്ലോഗ്‌ ഉള്‍പെടുത്തണം, മലയാളം ബ്ലോഗേഴ്സ്നു മാത്രമായി പെന്‍ഷന്‍ അനുവദിക്കണം എന്നും മറ്റും പറഞ്ഞു ഇന്റര്‍നാഷണല്‍ കോളുകളില്‍ ആയിരുന്നു ഈ വ്യക്തി. (അമ്മയാണെ ഉള്ള സത്യം പറയാം, കണ്ടത്തില്‍ ഷാപ്പിന്റെ പിന്നിലെ തോട്ടുവക്കില്‍ ഒരു കൂട്ടം ചട്ടിയുടെയും കാലത്തിന്റെയും ഇടയില്‍ ആയിരുന്നു പുള്ളി, മെടഞ്ഞ ഓലയില്‍ കുത്തിയിരുന്ന് ആസിയാന്‍ കരാറിനെ കുറിച്ചല്ല പറഞ്ഞത്, അയല എങ്ങനെ വരഞ്ഞു മസാല ചേര്‍ക്കാം എന്നായിരുന്നു. കൂട്ടത്തില്‍ കറി വെപ്പുകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്ന് പറഞ്ഞു ഷാപ്പ്‌ മുതലാളി ശശി അണ്ണനെ തെറി വിളിക്കേം ചെയ്തു, കൂടാതെ വരാല് കറിയുടെ മഹത്വവും. അത് തന്നെ.... ഷാപ്പിലെ കറി വപ്പുകാരന്‍ ആണ് പുള്ളി, പ്രൊഫൈലില്‍ പറഞ്ഞത് എത്ര സത്യം, രണ്ടു കുപ്പി എനിക്ക് ഫ്രീ ആയി മേടിച്ചു തന്നു, അതടിച്ചു ഞാന്‍ വന്നു ഈ പോസ്റ്റും എഴുതി, അല്ലാതെ ഞാന്‍ എന്താ ചെയ്ക,ആസിയാന്‍ കരാറിന്റെ സര്‍വരാഷ്ട്ര സമ്മേളനത്തില്‍ മലയാളം ബ്ലോഗ്ഗേര്‍സിനു വേണ്ടി വാദിച്ചു വിയര്‍ത്തൊലിക്കുന്ന കുറുപ്പിന്റെ ഫോട്ടോ ദാണ്ടെ

Monday, September 7, 2009

ഒരു മോതിര വിരലും, പിന്നെ കാരക്കാമുറി ഷണ്മുഖനും

പത്തു വര്‍ഷത്തെ ഡല്‍ഹി വാസത്തില്‍ ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. കേരളത്തിലെ എതെക്കൊയോ ജില്ലയില്‍ നിന്നും വന്നു ഒരു റൂമില്‍, ഒരു കുടുംബം പോലെ കൊച്ചു കൊച്ചു പിണക്കങ്ങളും, ദുഖങ്ങളും, വേര്‍ പിരിയലും എല്ലാം ഈ കാലയളവില്‍ തന്നെ എത്ര കണ്ടു, അനുഭവിച്ചറിഞ്ഞു. പാചകം എന്ന കല പഠിച്ചതും, തുണി അലക്കാന്‍ പഠിച്ചതും (ഇവിടെ വരുന്ന വരെ അമ്മക്ക് ആയിരുന്നു അതിന്റെ ചുമതല) മെസ്സ് കണക്കുകള്‍ കൃത്യമായി എഴുതി വക്കാനും, മാസം അവസാനം കണക്കു ക്ലോസ് ചെയ്തു കണക്കു പറയാനും, വൈകിട്ട് മണി കീച്ചി സെലിബ്രേഷന്‍ വാങ്ങി അടിച്ചു പൂക്കുറ്റിയായി അപ്പുറത്തെ ബീഹാറികളുടെ, അല്ലേല്‍ മണിപൂരികളുടെ അതും അല്ലേല്‍ ജാട്ടുകളെ തെറി പറയാനും, എന്നിട്ട് അവര് തരുന്നതും വാങ്ങി മേടിച്ചു കിടന്നുറങ്ങാനും എല്ലാം പഠിപ്പിച്ചത് മറുനാട് തന്നെ ആണ്.

സത്യത്തില്‍ കള്ളുകുടി എന്ന ഒരു സംഭവത്തിനു ലൈസന്‍സ് കിട്ടുന്നത് തന്നെ ബാച്ചി ആകുമ്പോള്‍ ആണ്. ആദ്യ സമയത്ത് വരുമ്പോള്‍ ബന്ധുക്കളുടെ കൂടെ ആയതിനാല്‍ ഒരു പരിപാടിയും നടക്കില്ല. അന്ന് വേറെ റൂമില്‍ താമസിക്കുന്ന കൂട്ടുകാരോട് ആരാധനയും, അസൂയയും ഏതളവില്‍ തോന്നിയിരുന്നു എന്ന് പറയാന്‍ പറ്റില്ലാ. തൊണ്ണൂറ്റി എട്ടിലെ അവസാന ഡിസംബര്‍ കുളിരിലാണ് ഞാന്‍ ഡല്‍ഹിയില്‍ വന്നു ഇറങ്ങുന്നത്. ആദ്യത്തെ ഒരു വര്‍ഷം ബന്ധുക്കളുടെ കൂടെ ആയിരുന്നു. പിന്നെ രണ്ടായിരം തുടങ്ങി കഴിഞ്ഞപ്പോള്‍ ഞാനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് മാറി താമസിക്കാന്‍ തുടങ്ങി.

അന്ന് താമസം തുടങ്ങുന്നത് ഒരു അകന്ന ബന്ധത്തില്‍ ഉള്ള ഒരു ചേട്ടന്റെ കൂടെ ആയിരുന്നു എങ്കിലും മൂന്നു മാസം കഴിഞ്ഞു ഞാന്‍ സാജന്‍ എന്ന ഒരു സുഹൃത്തിനെ പരിചയപെട്ടു. തൃശൂര്‍ ക്കാരന്‍, അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. നീണ്ട എട്ടു വര്‍ഷങ്ങള്‍, ഒരുമിച്ചു, ഒരു റൂമില്‍, രണ്ടു പാത്രത്തില്‍, രണ്ടു പായയില്‍ (ഒരേ പാത്രം ഒരേ പായ എന്നൊക്കെ പറഞ്ഞാല്‍ കൂടി പോവും) ഇന്നും ഈ നിമിഷവും ഒരേ ആത്മാവ് രണ്ടു ശരീരം എന്ന പോലെ കഴിയുന്നു. അന്ന് ഞങ്ങള്‍ താമസം തുടങ്ങിയത് തെക്കന്‍ ഡല്‍ഹിയിലെ മൊഹമ്മദ്‌പൂര് എന്ന സ്ഥലത്താണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ഇപ്പോളും അവിടെ തന്നെ, (കുടി കിടപ്പ് അവകാശം കിട്ടാന്‍ സമയം ആയി അല്ലെ). അഡ്രസ്‌ എഴുതില്ല കേട്ടോ.

ഒരു ജാട്ട് കുടുംബത്തിന്റെ ബില്‍ഡിംഗ്‌ ആണ് അത്, അതിന്റെ ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ സ്വര്‍ഗം. രണ്ടു മുറി, ഒന്നാമത്തെ മുറിയുടെ മൂലയ്ക്ക് അടുക്കള, പുറത്തു കക്കൂസ് & കുളിമുറി വെവ്വേറെ ആണ്, ഒരാള്‍ക്ക് പ്രകൃതിയുടെ വിളി വന്നു രണ്ടാം നമ്പര്‍ നടത്തുമ്പോള്‍, മറ്റേ ആള്‍ക്ക് സുഖമായി കുളി നടത്താം എന്നാണ് വെവേറെ എന്നത് കൊണ്ട് അടിയന്‍ ഉദ്ദേശിച്ചേ.

പിന്നെ ഞാന്‍, സാജന്‍, അത് കൂടാതെ മറ്റൊരു സുഹൃത്ത്‌ കണ്ണാടി സജി (പത്തനംതിട്ടക്കാരന്‍). അങ്ങനെ മൂന്ന് പേരുമായി ആണ് താമസം തുടരുന്നത്. ഇനി അതിലെ വിശേഷങ്ങള്‍ രസങ്ങള്‍ എല്ലാം വിശദമായി പിന്നീട് എഴുതാം. കാരണം ബാച്ചി ലൈഫ് എത്ര പറഞ്ഞാലും തീരില്ല. ഇന്നിവിടെ പറയാന്‍ വന്ന കാര്യം, തലകെട്ടിലെ താരത്തെ കുറിച്ച് ആണ്.ഞങ്ങള്‍ മൂന്നാള്‍ അടിച്ചു പൊളിച്ചു കഴിയുന്ന സമയത്താണ് പുള്ളിക്കാരന്‍ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നത്. കോഴിക്കോടുകാരന്‍ ഷണ്മുഖന്‍, ബ്ലാക്കിലെ മമ്മൂക്കാന്റെ പേര് കൂടി ചേര്‍ത്ത് ഇരട്ട പേര് ആക്കി, കാരക്കാമുറി ഷണ്മുഖന്‍. വല്യേട്ടന്‍ സിനിമയില്‍ മമ്മൂക്ക കൈയ്യില്‍ മൂന്ന് വിരലിന്റെ വലിപ്പത്തില്‍ കെട്ടിയ പോലെ അവനും ചരട് കെട്ടിയിട്ടുണ്ട്. പക്ഷെ കൈ ഏതാണ്‌ ചരട് ഏതാണ്‌ എന്ന് തിരിച്ചു അറിയണമെങ്കില്‍ ചരടെല്‍ എല്‍ ഈ ഡീ ബള്‍ബ്‌ ഫിറ്റ്‌ ചെയ്യണം. ചുരുക്കം പറഞ്ഞാല്‍ ചരടിന്റെ കളര്‍ തന്നെ.

ഹിന്ദി അറിയാത്ത ബുദ്ധിമുട്ട് ആദ്യമായി വരുന്ന ഒരാളെ പോലെ അവനും ഉണ്ടായിരുന്നു. എങ്കിലും കുറെ ഞങ്ങളോട് ചോദിച്ചും പറഞ്ഞും, ഒക്കെ അവന്‍ ഒരു വിധത്തില്‍ മുന്നേറി. പുള്ളിക്കാരന്‍ ജോലി ചെയ്യുന്നത് കുത്തംബ് മിനാറിനു അടുത്തുള്ള മെഹറോളി എന്ന സ്ഥലത്തും. പുള്ളിക്കാരന്‍ മുഹമ്മദ്പുരില് കാലെടുത്ത്‌ വച്ചത് തന്നെ എല്ലാരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ഒരിക്കല്‍ പുള്ളിക്കാരന്‍ ആദ്യമായി മുടി വെട്ടാന്‍ പോയി. മുടിയൊക്കെ വെട്ടി കഴിഞ്ഞു പൊതുവേ നോര്‍ത്ത് ഇന്ത്യയില്‍ തലയില്‍ കുറച്ചു നേരം തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യും. അങ്ങനെ മുടി എല്ലാം വെട്ടി കഴിഞ്ഞു അയാള്‍ നമ്മുടെ ഷണ്മുഖന്റെ തലയില്‍ രണ്ടു മൂന്ന് വട്ടം അടിച്ചപ്പോള്‍ ചാടി എണീറ്റ്‌ അവന്റെ കുത്തിനു പിടിച്ചു. ഞെട്ടിയ ബാര്‍ബര്‍ "ക്യാ ഹുവാ " എന്ന് ചോദിച്ചപ്പോള്‍ "നോ കൊട്ട്, മൈ ഹെഡ്, ഐ നോ ലൈക്‌" എന്ന് പറഞ്ഞു ബാര്‍ബറെ ഞെട്ടിച്ച മഹാ പുരുഷു.

ഒരിക്കല്‍ ഹോളി നടക്കുമ്പോള്‍ ചേട്ടന്റെ വീട്ടില്‍ നിന്നും അടിപൊളിയായി ഡ്രസ്സ്‌ ഒക്കെ ഇട്ടു ഷണ്മുഖന്‍ വരുന്നു. കുട്ടികള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ബലൂണില്‍ കളര്‍ നിറച്ചു എറിഞ്ഞു കളറില്‍ കുളിപ്പിച്ചു. അതിന്റെ ദേഷ്യത്തില്‍ മുന്നോട്ടു വന്നപ്പോള്‍ ലോക്കല്‍ പിള്ളേര്‍ ഓടി വന്നു വീണ്ടും കളര്‍ തേച്ചു. ഷണ്മുഖന്‍ ആ കളര്‍ പൊടി അവരുടെ കൈയ്യില്‍ നിന്നെടുത്തു തേയ്ക്കാന്‍ വന്നവുരടെ കണ്ണില്‍ തേച്ചു. അവന്മാര്‍ ഇടിച്ചു കൂമ്പ്‌ വാട്ടന്‍ തുടങ്ങിയപ്പോള്‍ ഞാനും സാജനും അവന്മാരുടെ കൈയും കാലും പിടിച്ചാണ് വീട്ടില്‍ കൊണ്ട് വന്നെ.

അന്ന് ഡല്‍ഹിയില്‍ ഒരു കഥ പ്രചരിച്ചിരുന്നു. രാത്രി രണ്ടു മണി ആവുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടും, ഒരു സ്ത്രീ ആണെന്ന് പറയുന്നു, എന്നിട്ട് അവര്‍ റൊട്ടി അല്പം ഉള്ളി എന്നിവ ചോദിക്കും, വീട്ടുകാരന്‍/കാരി ഇത് കൊടുത്തു കഴിഞ്ഞു ഈ സ്ത്രീ തിരിച്ചു പോവുമ്പോള്‍ കൊടുത്ത ആള്‍ മരിച്ചു പോവും എന്ന്. ഇത് ഭയങ്കര ന്യൂസ്‌ ആയി ഇറങ്ങി. ചാണകത്തില്‍ കൈ മുക്കി കൈപത്തി വീടിന്റെ വാതിലില്‍ പതിച്ചാല്‍ ഇതിനു പരിഹാരം ഉണ്ടാവും എന്നൊക്കെ കഥ ഇറങ്ങി. പണ്ഡിറ്റ്‌(പൂജാരി) മാര്‍ ശരിക്കും കാശ് ഉണ്ടാക്കി എന്നുള്ളത് സത്യം (പഴയ കാലാ ബന്ദര്‍ കഥ പോലെ) എന്തായാലും ഞങ്ങള്‍ ഇത് വിശ്വസിച്ചില്ല,പേടിച്ചും ഇല്ലാ. പക്ഷെ ബാല്‍ക്കണിയില്‍ കിടപ്പ് മതിയാക്കി അകത്താക്കി എന്ന് മാത്രം. മൂത്രം പോലും ഒഴിക്കാന്‍ പുറത്തു ഇറങ്ങേല. സാധാരണ എന്നും വൈകിട്ട് പത്തു മണി കഴിഞ്ഞു അടിച്ചു പാമ്പായി കിരായാദാര്‍ മാരെ തെറി വിളിച്ചു പോകുന്ന ഞങ്ങളുടെ മാക്കാന്‍ മാലിക്ക് ടോകാസ്‌ വരെ എട്ടു മണിക്ക് കൂട്ടില്‍ കേറും.

ഈ കഥ കേട്ട് ഏറ്റവും കൂടുതല്‍ ഞെട്ടിയത് ഷണ്മുഖന്‍ ആയിരുന്നു. കാരണം ലവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ പതിനൊന്നു മണി ആവും. ആള് ധീരന്‍ ആണ് എന്നൊക്കെ ആണ് വാദം എങ്കിലും ലോക പേടിച്ചു തൂറി ആണ്. രാത്രിയില്‍ ഇവന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്നത് തന്നെ അറിയാന്‍ പറ്റും, പടിയൊക്കെ പറന്നു കേറി പാഞ്ഞു വന്നാണ് വാതിലില്‍ ഇടി "കുറുപ്പേ, സാജാ" എന്ന്. ഒരിക്കല്‍ ഇവന്‍ വാതിലില്‍ മുട്ടിയപ്പോള്‍, വാതിലിന്റെ അടിയിലെ ഗ്യാപ്പില്‍ കൂടി ഞാന്‍ പുറത്തു നിന്ന ഇവന്റെ കാലില്‍ ഒറ്റ പിടുത്തം. അന്നത്തെ അലര്‍ച്ച ആ നാട്ടുകാര്‍ ഒരിക്കലും മറക്കില്ല. ആനയുടെ ചിന്നം വിളി ഒന്നുമല്ലന്നു അന്ന് എനിക്ക് മനസിലായി.

ഞങ്ങള്‍ താമസിക്കുന്ന ഫ്ലോരില് മൊത്തം രണ്ടു റൂം ആണ് ഉള്ളത്, ഒരെണ്ണം കാലി ആയി കിടക്കുന്നു. അതിന്റെ മുകളില്‍ ആണ് ഓണര്‍ ആന്‍ഡ്‌ കുടുംബം. കാരണം ഇത് പഴയ ഒരു ബില്‍ഡിംഗ്‌ ആണ്. ഇതിന്റെ അടുത്ത സൈഡില്‍ ആണ് പുതിയ ബില്‍ഡിംഗ്‌ കെട്ടി പൊക്കിയത്. ഞങ്ങളുടെ ഫ്ലോരില് ഞങ്ങള്‍ മാത്രം, രണ്ടിന്റേയും വഴി വേറെ വേറെ. അതിനാല്‍ ഒരു തരം വിജനത പോലെ തോന്നും. പകല്‍ കുഴപ്പമില്ല, സൂര്യന്‍ ഉണ്ടല്ലോ.

അന്ന് റൂമില്‍ യക്ഷി കഥ പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിനു മുന്നില്‍ ഞാന്‍ തന്നെ ആയിരുന്നു. നാട്ടിലെ ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞു ഇവന്മാരെ വിരട്ടും. പിന്നെ പറഞ്ഞ ഞാനും വിരളും. പിന്നെ ഒരുമിച്ചു അടുത്തടുത്ത്‌ അങ്ങ് കിടന്നു ഒക്കെ അഡ്ജസ്റ്റ് ചെയ്യും.അങ്ങനെ ഒരു പ്രേത കഥ പറഞ്ഞു ഷണ്മുഖനിട്ട് പണി കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് പേടിപ്പിക്കാന്‍ പ്രചാരത്തില്‍ ഇരുന്ന കഥ ആണ് ഇത്......

======ഒരിടത്ത് ഒരു അമ്മയും മകനുംതാമസിച്ചിരുന്നു, അച്ഛന്‍ ഇല്ലാത്ത ദുഃഖം അറിയിക്കാതെ ആ അമ്മ മകനെ വളര്‍ത്തി വലുതാക്കി, പക്ഷെ അവന്‍ വളരെ പെട്ടന്ന് മദ്യപാനത്തില്‍ മുങ്ങി. അമ്മ ദുഖിതയായി. പലവട്ടം ഉപദേശിച്ചു. അവന്‍ കേട്ടില്ല. അവസാനം സഹി കെട്ടു അമ്മ പറഞ്ഞു "ഇനി നീ മദ്യപിച്ചാല്‍ ഞാന്‍ ജീവനോടെ ഉണ്ടാവില്ല" മകന്‍ കേട്ടില്ല, വീണ്ടും മദ്യപിച്ചു പോലീസിന്റെ പിടിയില്‍ ആയി. പോലീസുകാരുടെ കൈയും കാലും കരഞ്ഞു പിടിച്ചു ആ അമ്മ മകനെ സ്റ്റേഷനില്‍ നിന്നും ഇറക്കി വീട്ടില്‍ കൊണ്ട് വന്നു. അന്ന് രാത്രി ആ അമ്മ മരിച്ചു. പിറ്റേന്ന് അടക്കം എല്ലാം കഴിഞ്ഞു പള്ളിയില്‍ നിന്നും എല്ലാവരും പിരിഞ്ഞു. മകന്‍ വീട്ടില്‍ തനിച്ചായി. അയാള്‍ അമ്മയുടെ ഡയറി നോക്കിയപ്പോള്‍ അതില്‍ എഴുതി ഇരുന്നു. "അമ്മ മരിച്ചു കഴിഞ്ഞാല്‍ അമ്മയുടെ കയ്യിലെ മോതിരം നീ എടുത്തു നിന്റെ കൈയ്യില്‍ വയ്ക്കണം, അത് നഷ്ടപെടരുത്". അയാള്‍ക്ക്‌ ഒരുപാട് ദുഃഖം തോന്നി. അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ രാത്രിയില്‍ അയാള്‍ സെമിത്തേരിയില്‍ എത്തി. കല്ലറ തുറന്നു അമ്മയുടെ ശവ ശരീരത്തില്‍ നിന്നും അയാള്‍ മോതിരം ഊരാന്‍ നോക്കി. നടന്നില്ല, ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അയാള്‍ ആ മോതിര വിരല്‍ മുറിച്ചെടുത്തു മോതിരം ഊരി കല്ലറ എല്ലാം അടച്ചു വീട്ടില്‍ എത്തി. ഏകദേശം രണ്ടു മണി ആയപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്നു. അയാള്‍ വാതില്‍ തുറന്നു, മുന്നില്‍ ഒരു സ്ത്രീ. അയാള്‍ ചോദിച്ചു എന്ത് വേണം എന്ന്. അവര്‍ പറഞ്ഞു കുടിക്കാന്‍ അല്പം വെള്ളം. === ഇനി ക്ലൈമാക്സ്‌ അവസാനം

അങ്ങനെ ഈ കഥ ഞാന്‍ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് പറഞ്ഞു മേല്‍പറഞ്ഞ സ്ഥലത്ത് നിര്‍ത്തി. ആ സമയത്ത് റൂമില്‍ ലൈറ്റ് പോയി. സാജന്‍ മെഴുകുതിരി കൊളുത്തി. പുറത്തു നല്ല കാറ്റ് തുടങ്ങി. ഒരനക്കവും എങ്ങും ഇല്ലാ. അത് വരെ "ഇതും ഇതിനു അപ്പുറവും എത്ര കേട്ടതാ" എന്നാ മട്ടില്‍ റൂമിന്റെ ഒരു മൂലയ്ക്ക് ഇരുന്നവന്‍ ഇവിടെ കൊണ്ട് നിര്‍ത്തിയപ്പോള്‍ എന്റെയും, സാജന്റെയും, സജിയുടെയും ഇടയില്‍ ആയി. എന്നിട്ട് ഉദ്യോഗഭരിതന്‍ ആയി ചോദിച്ചു. "എന്നിട്ട്"
ഞാന്‍ കഥ തുടര്‍ന്നു

====അയാള്‍ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയി, പുറത്തു ശക്തമായ കാറ്റ്. ജന്നലുകളും വാതിലുകളും ശക്തിയില്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം, പുറത്തു പട്ടികള്‍ ഓരി ഇടാന്‍ തുടങ്ങി. വെള്ളം വാങ്ങിയ അവരുടെ ഒരു കൈയ്യില്‍ ഒരു വിരല്‍ ഇല്ലാരുന്നു. അതും മോതിരം വിരല്‍. ഒരു നിശ്ശബ്ദത അവിടെ പരന്നു. പേടിയോടെ ഷണ്മുഖന്‍ ചോദിച്ചു "അവരുടെ വിരല്‍ എവിടെ"

എന്റെ ചൂണ്ടു വിരല്‍ അവന്റെ കണ്ണിലേക്കു ചൂണ്ടി അലറി കൊണ്ട് ഞാന്‍ ചോദിച്ചു "നീ അല്ലെ അത് വെട്ടി എടുത്തേ"
അവന്‍ ഒന്ന് മിഴിച്ചു നോക്കി എന്നെ, പിന്നെ ഞാന്‍ അലറിയതിന്റെ ഡബിള്‍ അലര്‍ച്ചയില്‍ പറഞ്ഞു "എന്റെ അമ്മച്ചീ ഞാനല്ലേ അത് ചെയ്തത്" എന്ന് പറഞ്ഞു താഴേക്ക് പതിച്ചു.

വാല്‍ക്കഷ്ണം : അന്ന് രാത്രി ഷണ്മുഖനു ഞങ്ങള്‍ കാവലിരുന്നു, വിറയല്‍ തന്നെ വിറയല്‍, പിന്നെ പനി കൂടിയപ്പോള്‍ സഫ്ദര്‍ ജന്ഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം എടുത്തു ഡിസ്ചാര്‍ജ് ചെയ്യാന്‍. അഞ്ചാം ദിവസം നാട്ടിലേക്ക് പോയി.