Wednesday, December 17, 2008

ചീവീടിന്റെ പിണക്കം

ഇനി ചീവിടിനെ പരിചയപ്പെടാം. എന്റെ ക്ലോസ് ഫ്രണ്ട് ആണ്. അവനുള്ള ഒരു കുഴപ്പം എന്നാല് എന്ത് പറഞ്ഞാലും തെറ്റി പോവും. നല്ല അടിപൊളി വെടികെട്ടുകാരന് ആണ് ചീവീട്. തര്ക്കിക്കാന് ബഹുമിടുക്കന്. പക്ഷെ പുള്ളിക്കാരന് ഇടക്കിടക്കു കവിള് (ഫൌള്) അടിക്കുന്ന കാരണം വഴക്കുണ്ടാക്കുന്ന ആള്ക്കാര് പോലും ചിരിച്ചു മറിഞ്ഞു അവനെ തല്ലാതെ പോയ്ക്കളയും. ഇടയ്ക്ക് പണിക്കു പോകാത്ത ദിവസം ഇവന് മറിയാമ്മ ചേച്ചിടെ കടയില് നില്ക്കും. അന്ന് അവിടെ വച്ചു അവന് ഒരു പുതിയ പൈസ കണ്ടു പിടിച്ചു. അതിന്റെ പേരാണ് "ഒമ്പതര രൂപ അമ്പതു പൈസ". ബാക്കി മേടിക്കാന് പോലും നില്ക്കാതെ ആള്ക്കാര് ഓടിയത് പഴയ ചരിത്രം.

ഞങ്ങള് ഒരിക്കല് ഗംഭീരമായി പിണങ്ങി. കുറെ നാള് മിണ്ടാതെ നടന്നു. അതിന്റെ കാരണം. എന്റെ വീട്ടില് കുറച്ചു പണി നടന്നു കൊണ്ടിരിക്കുന്ന സമയം. ആശാരിമാര് തടി പണിയും മറ്റും ചെയ്തു കൊണ്ടിരിക്കുന്നു. അന്നേരം മൂത്താശാരി എന്നെ വിളിച്ചിട്ട് പറഞ്ഞു കുറച്ചു ആണി വാങ്ങി കൊണ്ടു വരന്. ഞാന് സൈക്കിള് എടുത്തു റോഡില് വന്നു. അന്നേരം പാവം ചീവീട് പനി മൂലം അനങ്ങാന് വയ്യാതെ റോഡിലേക്ക് പയ്യെ പയ്യെ വന്നു. ഞാന് പറഞ്ഞു "വാടാ നമ്മല്ല്ക്ക് ഒന്നു കലവൂര് ജംഗ്ഷനില് പോയി വരം". അവന് പറഞ്ഞു "എടാ എനിക്ക് വയ്യടാ, നി പോയിട്ട് വാ, ഞാന് നിന്റെ വീട്ടില് കാണും, ഇച്ചിരി ചൂടുവെള്ളം കുടിക്കണം." ഞാന് പിന്നെയും നിര്ബന്ധിച്ചു പറഞ്ഞു "എടാ അങ്ങോട്ടും ഇങ്ങോട്ടും ഞാന് ചവിട്ടാം, എനിക്കൊരു കൂട്ടാവുമല്ലോ, ശടെന്നു പോവുന്നു, ശടെന്നു വരുന്നു." അവന് ദയനീയമായി പറഞ്ഞു "എടാ എന്റെ കൈയില് പത്തു പൈസ ഇല്ല, നിന്റെ കൈയില് നിന്നും കടം മേടിച്ച പൈസ ഇന്നു രാവിലെ ജോര്ജ് ഡോക്ടര്ക്ക് കൊടുത്തെ ഉള്ളു, റെസ്റ്റ് എടുക്കണം എന്നും, രണ്ടു ദിവസം കുളിക്കരുത് എന്നും പറഞ്ഞു". ഒടുവില് അവനെ ഞാന് നിര്ബന്ധിച്ചു സൈക്ലിന്റെ പിന്നില് ഇരുത്തി ഞങ്ങള് കലവൂര്ക്ക് തിരിച്ചു. കലവൂര് ജംഗ്ഷനില് എത്തി. എനിക്കാണേല് റോഡ് ക്രോസ് ചെയ്തു അപ്പുറത്ത് പോണം. അന്നേരം ചീവീട് പറഞ്ഞു "ഞാന് ഗോപന്റെ കടയില് ഇരിക്കാം, നീ പോയിട്ട് പെട്ടന്ന് വാ എന്ന് പറഞ്ഞു". ഞാന് ഭാസി ചേട്ടന്റെ കടയില് ചെന്നു ആണി പറഞ്ഞു, അന്നേരമാണ് ഓര്ത്തത് ദൈവമേ എത്ര inchu വേണം എന്ന് ചോദിച്ചില്ല, അവിടെ ഇരുന്നു തന്നെ ഞാന് പുള്ളിയുടെ കടയില് നിന്നും വീട്ടിലേക്ക് ഫോണ് ചെയ്തു ആശാരിയോടു ചോദിച്ചു, അന്നേരം അമ്മ പറഞ്ഞു "എടാ നി എളുപ്പം വാ, പാസ്പോര്ട്ട് വേരിഫിക്കേഷന് നടത്താന് പോലീസ് വന്നു എന്ന്". ഞാന് അത് കേട്ടതും ആണിയും മേടിച്ചു വീട്ടിലേക്ക് പറന്നു. ചീവീടിന്റെ കാര്യം മറന്നു പോയി.

അങ്ങനെ പരിപാടി എല്ലാം കഴിഞ്ഞു ഞാന് പയ്യെ ഊണും കഴിച്ചു റോഡിലേക്ക് വന്നു. ഏകദേശം ഒരു ഒന്നു ഒന്നര മണിക്കൂര് കഴിഞ്ഞു അന്നേരം എന്ന് ഓര്ക്കണം. അന്നേരം തെക്കു നിന്നും ഒരു ഓട്ടോ വരുന്നു. അതില് നിന്നും തല ഇട്ടു പുറത്തേക്ക് ഇരുന്നു എന്നെ തെറി വിളിക്കുന്ന ചീവീട്. അന്നേരം ആണ് ഞാന് ഓര്ത്തത് ദൈവമേ ഇവന്റെ കാര്യം ഞാന് മറന്നു പോയി. ഞാന് പതിയെ മുണ്ട് മടക്കി കുത്തി. ഇന്നു ഇടി ഉറപ്പു. ഞാന് കുറച്ചു ഓടി തിരിഞ്ഞു നിന്നു. ഓട്ടോ നിര്ത്തുന്നതിനു മുന്പേ അവന് ശ്രീനിവാസന് ചാടുന്ന പോലെ ചാടി ഇറങ്ങി അലറാന് തുടങ്ങി "എടാ കുറുപ്പേ @#$%&* കടം മേടിച്ചാടാ ഓട്ടോ വിളിച്ചു വന്നെ, എന്തിനാടാ അങ്ങനെ ചെയ്തേ എന്ന് " എന്റെ കൂടുകാര് അന്തം വിട്ടു നിന്നു, എന്നിട്ട് അവനെ വട്ടം പിടിച്ചു, എന്നട്ട് കാര്യം തിരക്കി. അവന് കാര്യങ്ങള് എല്ലാം പറഞ്ഞു. എന്നോട് കൂട്ടുകാരും ചോദിച്ചു "എന്താടാ കുറുപ്പേ പറ്റിയേ, നീ എന്ത് പരിപാടി ആണ് കാണിച്ചേ എന്ന് " ഞാന് നിസഹായനായി പറഞ്ഞു. "അളിയാ ഞാന് മറന്നു പോയെടാ" അത് കേട്ടതും ചീവിടിന്റെ നിയന്ത്രണം വിട്ടു എന്റെ പിന്നാലെ പാഞ്ഞു. "ഞാന് ജീവനും കൊണ്ടു ഓടി, അന്നേരവും അവന് പറഞ്ഞു "അവനോടു ഞാന് മര്യാദക്ക് പറഞ്ഞതാ വരുന്നില്ല എന്ന്, അന്നേരം അവന് ഭയങ്കര മൃദംഗം (നിര്ബന്ധം എന്നാണ് അവന് ഉദേശിച്ചത്) എന്നെ കൊണ്ടു പോണമെന്ന്, ചോദിച്ചപ്പോള് പറയുന്നു മലന്നു പോയെന്ന്" ഓട്ടത്തിന്റെ ഇടയിലും ഞാന് ചിരിച്ചു പോയി. ഒടുവില് ഗതിയില്ലാതെ അമ്പല കുളത്തില് ചാടി. അവനും പിന്നാലെ. ഒടുവില് മുങ്ങാം കുഴിയിട്ട് അവന് എന്നെ പിടിച്ചു ശരിക്കും ഇടിച്ചു. പനി കാരണം രണ്ടു ദിവസം കുളിക്കരുത് എന്ന് ഡോക്ടര് വാണിംഗ് കൊടുത്ത അവന് കരക്ക് കേറിയതും തല കറങ്ങി താഴെ പോയി.

ഒടുവില് പൊക്കി കൊണ്ടു ഹോസ്പിറ്റലില് പോയി. ജോര്ജ് ഡോക്ടര് ഇവനെ തെറി ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു. "ഇന്നു രാവിലെ ഒരു injuction കൊടുത്തു, മരുന്നും കൊടുത്തു റെസ്റ്റ് എടുക്കട, കുളിക്കരുത് എന്നും പറഞ്ഞ വിട്ട അവന് കുളിച്ചിട്ടു തോര്ത്തുക പോലും ചെയ്യാതെ വന്നേക്കുന്നു, അല്ല ഇവന് എന്താ കാണിച്ചേ" എന്ന് ചോദിച്ചു എന്നോട്. പാവം ട്രിപ്പ് കൊടുത്ത മയക്കത്തില് ആയി പ്പോയി. ഞാന് പറഞ്ഞു "ക്ലബ്ബിന്റെ നീന്തല് മല്സരത്തില് പന്കെടുതതാണ് സാറെ. പറഞ്ഞാല് കേക്കെണ്ടേ ". ഡോക്ടര് അവനെ നോക്കി എന്തെക്കെയോ പിറുപിറുത്തു (തെറി ആവും ഉറപ്പല്ലേ) . അവന് ഉണരുന്നതിനു മുന്പ് അമ്പലക്കടനെ ദൌത്യം ഏല്പിച്ചു ഞാന് മുങ്ങി.

തിരിച്ചു ഹോസ്പിറ്റലില് നിന്നും ഡിസ്ചാര്ജ് ചെയ്തു വന്നിട്ട് അവന് എന്നോട് കുറെ നാള് മിണ്ടാതെ നടന്നു. എന്താ കാരണം എന്ന് എനിക്കറിയില്ല, ഞാന് അവന്റെ മുന്പില് പെട്ടതുമില്ല, പേടിച്ചിട്ടല്ല, ബോധം വീണപ്പോള് ഡോക്ടര് അവനെ അമ്മയുടെ മുന്പില് ഇരുത്തി ശാസിച്ചു എന്നോ, അമ്മ വീട്ടില് എത്തിയതും അവനെ ചൂലിനു തല്ലിയെന്നോ എന്നൊക്കെ പറേന്നു, ആര്ക്കറിയാം.

Thursday, December 11, 2008

നമ്മളുടെ കുട്ടികള്‍ എത്ര ഭാഗ്യവാന്മാര്‍

ഏറുചൂണ്ടയില്‍ എന്നെ നോക്കി കരഞ്ഞ പള്ളത്തിയെ
തിരികെ വിട്ടു മുങ്ങാംകുഴിയിട്ട എന്‍റെ
നന്മ നിറഞ്ഞ ഓര്‍മ്മകള്‍...
ഇരുനില മാളിക പണിയാന്‍
നെഞ്ചു തകര്‍ന്നു കുത്തിയൊലിച്ചു
മാഞ്ഞുപോയ എന്‍റെ ആമ്പല്‍ക്കുളവും. (കടപ്പാട്‌ : പകല്‍ കിനാവന്റെചിറകുള്ള ഓര്‍മ്മകളില്ലായിരിക്കും എന്ന കവിതയില്‍ നിന്നും)


ഇതും ഒരു കുഞ്ഞുമനസിന്റെ ആഘോഷം തന്നെ അല്ലെ?



ചിത്രങ്ങള്‍ക്ക് കടപ്പാട്‌ : സിഫി ആന്‍ഡ് ഗൂഗിള്‍

Thursday, December 4, 2008

ഡിങ്കന്റെ മരണം

കലവൂരിന്റെ അഭിമാനമാണ് ഡിങ്കന്‍ രാജേഷ്, ഈയുള്ളവന്റെ പണി എന്ന് പറഞ്ഞാല്‍ കയറിന്റെ തടുക്ക്‌ നെയ്യുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. നല്ല അടിപൊളി നെയ്തുകാരന്‍ ആണ്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവര്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. നല്ല ഭംഗിയായി ക്രിക്കറ്റ് കളിക്കും. നല്ല ഉറച്ച ശരീരം, വിരിഞ്ഞ മാറ്, മുഴച്ചു നില്ക്കുന്ന മസിലുകള്‍ ആണെന്കിലും അരക്ക് താഴോട്ടു നീളക്കുരവുണ്ട്. അതുകൊണ്ട് പുള്ളി മസില്‍ പിടിച്ചു നിന്നാല്‍ ഒരു ഡിങ്കന്റെ ഷേപ്പ് വരും. അത് കൂടാതെ പുള്ളിക്കാരന്‍ പ്രീതികുളങ്ങര അമ്പലത്തില്‍ receipt എഴുതാന്‍ ഇരിക്കും. ഒരേ ഒരു പ്രശ്നം പുള്ളികാരന് എന്നും മലയാളം എഴുതുമ്പോള്‍, കുനിപ്പ്‌, വള്ളികള്‍, ഇങ്ങനെ ഉള്ള സങ്ങതികള്‍ മാറി പോവും. കാരണം ഒരിക്കല്‍ അമ്പലത്തില്‍ കുറച്ചു പേര്‍ വന്നു പുള്ളിക്കാരന്റെ കുത്തിനു പിടിച്ചു. അതില്‍ പിന്നെ ഡിങ്കന്‍ ആ പരിപാടി നിര്ത്തി. കുത്തിനു പിടിക്കാന്‍ കാരണം മറ്റെന്നുമല്ല രക്ഷസിനു പാല്‍പായസം എന്നത് പുള്ളി എഴുതി കൊടുത്തത് "രാക്ഷസനു പാല്‍പ്പായസം" എന്നായി പോയി. ഇതൊക്കെ പുള്ളിക്കാരന്റെ വീര സാഹസിക കഥകളിലെ ഒരേട്‌ മാത്രം.

അങ്ങനെ ഡിങ്കനും കല്യണം കഴിക്കാന്‍ തീരുമാനിച്ചു. കാരണം പുള്ളി കുറച്ചൊന്നുമല്ല പെണ്ണ് കണ്ടത്. ഒത്തിരി കണ്ടു. ഞാനും അവധിക്കു വരുമ്പോള്‍ എന്നെയും കൂടി പോയിട്ടുണ്ട്. എന്നെ കൊണ്ടു പോകുന്ന ഉദ്ദേശം, ഞാനാണ്‌ ഫൈനല്‍ പറയുക. "എടാ അവളുടെ മൂക്ക് ശരിയല്ല, മുടി കുറവാണു, ഇച്ചിരി അഹങ്കാരിയാണ്" എന്നൊക്കെ. എന്റെ അഭിപ്രായം കേട്ടാല്‍ ഡിങ്കന്‍ ഉടനെ പറയും "REJECTED" പാവം ബ്രോക്കെര്‍മാര്‍ ഇവന് കണ്ടു പേടിച്ചു കലവൂര്‍ ഏരിയ തന്നെ മാറ്റിപിടിച്ചു. അവന്റെ തള്ളേടെ പ്രാര്ത്ഥന കൊണ്ടോ ആ പെണ്ണിന്റെ ഗതികേട് കൊണ്ടോ എന്തോ ഇത് എന്തായാലും ഉറപ്പിച്ചു. കാരണം അവന്‍ ഒറ്റക്കാണ് രണ്ടും കല്‍പ്പിച്ചു പെണ്ണ് കാണാന്‍ പോയത്. അങ്ങനെ ആഖോഷ പൂര്‍വ്വം കല്യാണം നടന്നു. കെട്ട് നടന്നപ്പോള്‍ ജനങ്ങള്‍ കുരവ ഇട്ടപ്പോള്‍ അളിയനും അറിയാതെ കുരവ ഇട്ടു പോയി. ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു പെട്ടന്ന് ഞാന്‍ മഹാദേവയില്‍ തുണ്ട് കാണുവായിരുന്നു എന്ന് ഓര്‍ത്തു പോയി. താലി കെട്ടാന്‍ കഴുത്തേല്‍ വച്ചതും ഇവന്റെ അമ്മായിമാരും എല്ലാരും അതേല്‍ പിടിക്കാന്‍ ഇടിച്ചപ്പോള്‍ "ഭാനു അമ്മായീ മാറി നിന്നെ, എനിക്കറിയാം കെട്ടാന്‍" എന്ന് പറഞ്ഞു പെണ്ണിന്റെ അപ്പനെ ഞെട്ടിച്ച വില്ലാളി വീരന്‍, വീര മണി ഡിങ്കന്‍.

ഡിങ്കന് ഈ പെണ്ണുങ്ങളുടെ മനശാസ്ത്രം അത്ര വലിയ പിടിയില്ല. പ്രത്യേകിച്ചും സെക്സ് എന്ന സാധനം. പുള്ളിക്കാരന് വേറൊരു പേടിയും ഉണ്ടായിരുന്നു, സെക്സ് ഫേല്‍ ആയാല്‍ പെണ്ണ് മറ്റുള്ളവരുടെ കൂടെ ഓടിപ്പോവുമോ എന്ന്. കാരണം ആ സമയത്തു ഞങ്ങളുടെ അവിടെ ഒളിച്ചോട്ടം അതിന്റെ ഉച്ച സ്ഥായിയില്‍ കത്തി നില്ക്കുന്ന സമയം. മരണം പോലും മാറി നിന്നിട്ട് ഒളിച്ചോട്ടത്തിന് ഫുള്‍ സപ്പോര്‍ട്ട് ചെയ്തു. ഡിങ്കന്‍ ഇതിനെ കുറിച്ചു എന്നോട് ചോദിച്ചു. "ഞാന്‍ പകുതി തമാശയായും കാര്യമായും പറഞ്ഞു "അളിയാ നീ അവളെ വെറുതെ ഇരിക്കാന്‍ സമ്മതിക്കരുത്, ഇരുപത്തി നാല് മണിക്കൂറും സെക്സ് ചെയ്തോണ്ടിരിക്കണം, ഇല്ലേല്‍ അവളും പെണ്ണല്ലേ, പറയാന്‍ പറ്റില്ലേ" എന്ന് പറഞ്ഞു നിര്ത്തി. ഉടന്‍ അവന്റെ മറുപടി വന്നു "പിന്നെ അങ്ങനെ ഒന്നുമില്ല, എല്ലാ പെണ്ണുങ്ങളും ഒരു പോലല്ലോ, ആണോ ?". ഞാന്‍ പറഞ്ഞു" ഹേ അങ്ങനെ ആവില്ലേ ആവുമോ?". അവന് ഭ്രാന്ത് പിടിച്ചു എന്നെ തെറിയും പറഞ്ഞു എന്തൊക്കെയോ തീരുമാനിച്ചു വീട്ടിലേക്ക് പോയി. പക്ഷെ കളി കാര്യമായി, 10 കിലോമീറ്റെര്‍ ജോലിക്ക് പോണ ഡിങ്കന്‍ മുന്പ് ബ്രേക്ഫാസ്റ്റ് / lunch / ചാര്‍മിനാര്‍ cigarette ഇത്യാദി സാധനങ്ങള്‍ കൂടെ കൊണ്ടു പോണ അവന്‍ ഈ പരിപാടി നിര്ത്തി. എന്നിട്ട് രാവിലെ എട്ടു മണിക്ക് ഇറങ്ങിയാല്‍ പത്തു മണിക്ക് വീട്ടിലെത്തും. പിന്നെ അര മണിക്കൂര്‍ അങ്കത്തട്ടില്‍ പിന്നെ വീണ്ടും പോവും. ഉച്ചക്ക് ഒരു മണിക്ക് ചോറുണ്ണാന്‍ ലാന്‍ഡ്‌ ചെയ്യും. വീണ്ടും അങ്കം തുടങ്ങും. അതും പോരാഞ്ഞിട്ട്‌ 4 മണിക്ക് ചായ കുടിക്കാന്‍ വരും, അന്നേരം പിന്നെ ഉറുമി വീശല്‍. രാത്രിലെ കാര്യം പിന്നെ പറയണ്ടല്ലോ, തകര്‍പ്പന്‍ പൂഴി കടകന്‍. ഞങ്ങള്‍ ഇവന് വന്ന മാറ്റം ശ്രദ്ധിക്കുന്നു എങ്കിലും പുതു മോടിയല്ലേ സ്നേഹ കൂടുതല്‍ കൊണ്ടായിരിക്കും, ഒരു മാസം കഴിയട്ടെ അന്നേരം കണ്ടോ അങ്കത്തട്ടില്‍ മുറിച്ചുരികയുമായി തളര്‍ന്നിരുക്കുന്ന ആ ഒരു അവസ്ഥ.

കാര്യം ഇതൊക്കെ ആണെങ്കിലും അതൊരു നല്ല പെന്കൊച്ചു തന്നെ ആയിരുന്നു. അത് ആകെപ്പാടെ കുഴഞ്ഞു ഇവന്റെ ഈ അങ്കവും വീരാളി പട്ടു ഉടുക്കലും കാരണം. കുടുംബത്തില്‍ പിറന്ന കൊച്ചല്ലിയോ. ശാരീരിക അസ്വാസ്ഥ്യം വേറെ. ഒടുവില്‍ സംഭവിക്കേണ്ടത്‌ സംഭവിച്ചു. പെണ്ണ് പിണങ്ങി വീട്ടില്‍ പോയി. കാര്യം ആര്ക്കും ഒട്ടും അറിയാന്‍ പാടില്ല. പെണ്ണ് ഒട്ടു ഒന്നും പറയുന്നുമില്ലാ. പിന്നെ വീട്ടുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച തുടങ്ങി. ഡിങ്കന്‍ ആകെപ്പാടെ തകര്‍ന്നു. അവന്‍ മേടിച്ചു തന്ന കള്ളുകുടിച്ചു ഞങ്ങള്‍ അവനെ കുറ്റം പറഞ്ഞു. കാരണം അവനും കാര്യം പറയുന്നില്ലാ. കണ്ടതിലെയും, എലിപ്പന ഷാപ്പിലേയും കള്ളുകുപ്പി തീരുന്നതല്ലാതെ ഒരു പുരോഗതി ഉണ്ടായില്ല. ഞാന്‍ അന്നേരം കുരു പൊട്ടി അവനെ തെറി പറഞ്ഞു. അത് വരെ പിടിച്ചു നിന്ന ഡിങ്കന്‍ ചാടി എനിട്ട്‌ എന്നിട്ട് ഒറ്റ കരച്ചില്‍ വിത്ത് ഡയലോഗ്. "ഈ കുറുപ്പ് *&^%$ ഒറ്റ ഒരുത്തന്‍ കാരണമാ ഇതെല്ലം, ഒന്നും വേണ്ടായിരുന്നു, പാവം അവളെ ഞാന്‍ എന്തോരം വിഷമിപ്പിച്ചു". അങ്ങനെ അവന്‍ അങ്കത്തിന്റെം താളി ഓടിക്കലിന്റെം കഥ പറഞ്ഞു. അത് കേട്ടു ഞങ്ങള്‍ പൊട്ടി ചിരിച്ചു. ഞാന്‍ പറഞ്ഞു "അവല്ല്ക് നിന്നെ എന്തോരം ഇഷ്ടമാണ്, അതെല്ലേ ആരോടും ഒന്നും പറയാതെ നിന്റെ ചുരിക വീശലിനും, വാള്‍ പയറ്റിനും അവള്‍ ഉണ്ണി ആര്‍ച്ചയെ പോലെ കൂടെ നിന്നെ, ഞാന്‍ അന്ന് തമാശക്ക് പറഞ്ഞതു നീ എത്ര വേഗം പ്രയോഗത്തില്‍ കൊണ്ടു വരുമെന്ന് ഓര്‍ത്തില്ല. സെക്സ് എല്ലാം ദാമ്പത്യത്തിന്റെ ഭാഗമാണ്. നമ്മള്‍ക്കൊരു കാര്യം ചെയ്യാം എന്തായാലും നാളെ മഹിള സമാജംകാര്‍ compramise വച്ചിട്ടില്ലേ. അവളും വരുമല്ലോ, നമ്മള്‍ക്ക് എല്ലാം ശരിയാക്കി വരം". അങ്ങനെ ഞങ്ങള്‍ മടങ്ങി. ഡിങ്കനും ഞങ്ങളും പിറ്റേന്ന് ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് പോയി. ഡിങ്കന്‍ മാപ്പൊക്കെ പറഞ്ഞു കെട്ടി പിടിച്ചു പൊട്ടികരഞ്ഞു. അങ്ങനെ എല്ലാം ശരിയായ സന്തോഷത്തില്‍ ഞങ്ങള്‍ ഷാപ്പിലെക്കും ഡിങ്കനും പെണ്ണും സ്ലോ motion-നില്‍ അവന്റെ വീട്ടിലോട്ടും പോയി. അന്ന് ആ പെന്കൊച്ചു മഹിള സമാജം പ്രസിഡന്റ് സാവിത്രി ടീച്ചറോട്‌ കരഞ്ഞു പറഞ്ഞതു എന്താണെന്നു അറിയാമോ. "എന്റെ ടീച്ചറെ എനിക്ക് ഇങ്ങേരു വീട്ടിലുള്ളപ്പോള്‍ കുനിഞു നിന്നു ഒന്നു അരക്കാന്‍ പോലും പേടിയാണെന്ന്". അസൂയക്കാര്‍ പറഞ്ഞതാണെന്നും പറയുന്നുണ്ട്.

അങ്ങനെ അവരുടെ ദാമ്പത്യം 4-5 വാരങ്ങള്‍ പിന്നിട്ടു സൂപ്പര്‍ ഹിറ്റിലോട്ടു നീങ്ങാന്‍ തുടങ്ങി. അന്ന് പതിവുപോലെ പണി കഴിഞ്ഞു ഡിങ്കന്‍ തിരിച്ചെത്തി. പതിവുപോലെ ഞങ്ങള്‍ എന്റെ വീടിന്റെ വടക്കേ വെളിയില്‍ ഒത്തുകൂടി. ഓരോ വിശേഷങ്ങളുമായി പോയി. എന്റെ വീടിനടുതാണ് ഡിങ്കന്‍ വീട്. പോകുന്ന വഴി ചെറിയൊരു കുറ്റികാടും ഒരു ആള്തമാസമില്ലാത്ത ഒരു വീടും പൊട്ടി പൊളിഞ്ഞ ഒരു കക്കൂസും ഉണ്ട്. ഇരുട്ടായതിനാല്‍ ഒന്നും കാണാനും സാധിക്കില്ല. പെട്ടന്ന് ഡിങ്കന്റെ കാലില്‍ എന്തോ കടിച്ചു. ഒപ്പം ഒരു ശീല്‍ക്കാരവും. അലറികൊണ്ട് ഡിങ്കന്‍ നിലം പതിച്ചു. ഞങ്ങള്‍ കരച്ചില്‍ കേട്ടു ഓടിച്ചെന്നപ്പോള്‍ ഇവന്‍ കൈലി കീറി മുട്ടിനു താഴെ കെട്ടുന്നു. ഇടിതാങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ പാദത്തില്‍ മുറിവും, ചെറുതായി ചോരയും പൊടിക്കുന്നു. ഞങ്ങള്‍ അവിടെ നോക്കിയെന്കിലും ഒന്നും കണ്ടില്ല. എരിവു സുരേഷ് ഉടന്‍ പറഞ്ഞു " ഇത് മൂര്‍ഖന്‍ തന്നെ, നല്ല വിഷം ഉള്ളതാണെന്ന് തോന്നുന്നു. നേരെ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞു ലെവനെ താങ്ങി പിടിച്ചു എന്നീല്‍പ്പിച്ചു. ഡിങ്കന്‍ അലറി കരയാന്‍ തുടങ്ങി. "ഞാന്‍ മരിച്ചു പോവുമെടാ, എനിക്ക് ഉറപ്പാണ്‌, എന്നെ ആരോ വിളിക്കുന്നുണ്ട്, ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു പാമ്പ് കടിച്ചു മരിക്കുനതായി, എന്നെ വീട്ടിലോട്ടു കൊണ്ടു പോകോ, എനിക്കിന്റെ അച്ഛനേം അമ്മയും അനിയനേം പെണ്ണും പിള്ളേം കണ്ടു യാത്ര പറയണം. നിങ്ങള്‍ എന്നെ മറക്കുമോട" എന്നൊക്കെ പുലമ്പി കൊണ്ടിരുന്നു. അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ കൂട്ട കരച്ചില്‍. ഡിങ്കന്‍ എല്ലാരോടും കെട്ടിപിടിച്ചു മരിക്കുനതിനു മുന്പ് യാത്ര പറഞ്ഞു. അവന്റെ അമ്മ ബോധം കേട്ടു നിലത്തു വീണു. ഭാര്യ വലിയ വായില്‍ നിലവിളി തുടങ്ങി. അനിയന്‍ ഇടി കൊണ്ട തെങ്ങ് പോലെ വിറച്ചു കരിഞ്ഞു നിന്നു. ഹോസ്പിറ്റലില്‍ പോകാന്‍ വാഹനം എത്തിയപ്പോള്‍ ഡിങ്കന്‍ രണ്ടും കല്‍പ്പിച്ചു ഭാര്യയുടെ കൈ പിടിച്ചു അനിയനെ ഏല്പിച്ചു എനിട്ട്‌ അനിയനോട് പറഞ്ഞു "നിന്റെ ചേട്ടത്തിയെ ഇനി നീ നോക്കണം, ഇവന്മാരെ എനിക്ക് വിശ്വാസമില്ല, നി ഇവളെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം, അണ്ണന്‍ പോകെനു കേട്ടാ, ഞാന്‍ മുകളില്‍ ഇരുന്നു ഇതെല്ലം കണ്ടു സന്തോഷിക്കും, തെക്ക് പുറത്തെ പുളിമാവിന്റെ കൊമ്പ് തന്നെ വെട്ടണം എന്നെ ദഹിപ്പിക്കാന്‍, അച്ഛന്‍, അമ്മ അവരെ പൊന്നുപോലെ നോക്കണം" എന്ന് പറഞ്ഞു ഞങ്ങളുടെ തോളില്‍ കേറി വാഹനത്തില്‍ എത്തി. അവന്റെ വീട്ടില്‍ കൂട്ട കരച്ചില്‍ ഉയര്ന്നു. വാഹനം ആലപ്പുഴ മെഡിക്കല്‍ കോളേജ് ലെക്ഷ്യമാക്കി പാഞ്ഞു. ഡിങ്കന്‍ വാവിട്ടു കരയുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തു. ഞങ്ങളുടെ സമാധാനങ്ങള്‍ അവിടെ വില പോയില്ല, പതിയെ അവന്റെ ബോധം മറയാനും തുടങ്ങി. നിര്‍ഭാഗ്യം എന്ന് പറയെട്ടെ ശവകോട്ട പാലത്തില്‍ ഞങ്ങളുടെ വാഹനം മറിഞ്ഞു. എല്ലാവര്ക്കും സാരമായ രീതിയില്‍ പരുക്ക് പറ്റി. ബോധമില്ലഞ്ഞ ഡിങ്കന് ഒരു പോറല്‍ പോലും പറ്റിയില്ല. ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തി ഞങ്ങള്‍ ഡിങ്കനെ ഒരു വിധത്തില്‍ എടുത്തു അകത്തു കേറ്റി. അതിന് പുറകെ ഡിങ്കന്റെ വീട്ടുകാരും എത്തി. ഞങ്ങള്‍ മരുന്നും എല്ലാം വച്ചു തിരിച്ചു വരുമ്പോള്‍ ഡിങ്കന് ബോധം വന്നു. അവന്‍ അവിടെ കിടന്നു ചുറ്റും നോക്കി, അമ്മ അച്ഛന്‍, അനിയന്‍, ഭാര്യ, പിന്നെ വൈറ്റ് വാഷ് തെറിച്ചു വീണ പോലെ അവിടെ അവിടെ വെളുത്ത പഞ്ഞിയുമായി കൂടുകാര്‍. എന്ത് ഞാന്‍ ചത്തില്ലേ, അവന്‍ കാലേല്‍ നോക്കി, ഒന്നും ചെയ്തിട്ടില്ല, കെട്ടുമില്ല. അവന് ഒന്നും മനസിലായില്ല. അവന്‍ ഭാര്യോടു ചോദിച്ചു "ഞാന്‍ ചത്തില്ലേ, ഡോക്ടര്‍ എന്ത് പറഞ്ഞു" അവള്‍ കരച്ചിലോടെ പറഞ്ഞു "ഡോക്ടര്‍ പറഞ്ഞു വീട്ടില്‍ പൊക്കോ, അണ്ണന്റെ കാലേല്‍ മുള്ള് കൊണ്ടതാണെന്ന്" ഒരു ഞെട്ടലോട് ദയനീയമായി അവന്‍ അനിയന്റെ മുഖത്തേക്ക് നോക്കിയതും ഡിങ്കന്റെ ബോധം വീണ്ടും മറഞ്ഞു.

കടപ്പാട്‌ : ബൈജു അമ്പലക്കാടന്‍

Tuesday, December 2, 2008

വാസന്തിയുടെ പ്രേതം - അവസാന ഭാഗം

പിറ്റേന്ന് കുളിക്കാനായി ഞങ്ങള്‍ ഉമിക്കരി കൈയിലും ഈര്‍ക്കില്‍ നടുകെ പിളര്‍ന്നു ചെവിയിലും തിരുകി നേരെ അമ്പലകുളത്തിലേക്ക് നടന്നു. അന്നേരമാണ് മറിയാമ്മ ചേച്ചി വീടിന്റെ വാതില്‍ക്കല്‍ നില്ക്കുന്നു. അവരുടെ കട തുറക്കുന്നെ ഉള്ളു. എന്തേലും ചോദിക്കുന്നതിനു മുന്നേ മറുപടി വന്നു. " എന്റെ കുറുപ്പേ കള്ളന്മാരുടെ ശല്യം ഉണ്ടെന്നു തോന്നുന്നു. ഈ ജിമ്മി (നായ) എന്ത് കുരയയിരുന്നു ഇന്നലെ പോരാഞ്ഞിട്ട്‌ കണ്ടില്ലേ മുറ്റം കാണിച്ചു വച്ചേക്കണേ, ഇന്നലെ തുടല്‍ പൊട്ടിച്ചതും പോരാഞ്ഞ് റിച്ച് മോന്റെ കിലുക്കാന്‍ മുറ്റത്ത് കിടന്നത് ഇവന്റെ തുടലില്‍ ഉടക്കി, ഇവന്‍ ഇന്നലെ അതും കൊണ്ടു എന്ത് ബഹളം ആയിരുന്നു. ഈ കിലുക്കം കേട്ടാണ് ഞങ്ങള്‍ ഇന്നലെ രാത്രില്‍ ഉണര്‍ന്നത്. അതും പോരാഞ്ഞിട്ട്‌ ആരെക്കെയോ ഓടുകയോ ബഹളവോ, എനിക്കറിയില്ലേ എന്റെ കര്‍ത്താവെ, ഏത് സാമദ്രോഹികള്‍ ആണോ" ഞാന്‍ പയ്യെ നമ്ബോലനെ നോക്കി, അവന്‍ പറഞ്ഞു "ആര്‍ക്കറിയാം ചേച്ചി കള്ളമാര്‍ ആവാന്‍ വഴിയില്ല, വല്ലോരും സെക്കന്റ് ഷോ കഴിഞ്ഞു പോയതാരിക്കും. ഞങ്ങള്‍ ഇന്നലെ നേരത്തെ ടീവീ കണ്ടു കിടന്നുറങ്ങി. എന്നിട്ടാ ബാടാ കുറുപ്പേ എന്ന് വിളിച്ചു കുളിക്കാന്‍ നടന്നു. അവന്‍ കുളത്തിന്റെ കരയില്‍ എത്തിയതും പറഞ്ഞു "വാസന്തി കഥ പറഞ്ഞു ഇന്നലെ എന്നെ ഓടിച്ചതും പോരെ, അടിച്ചതിന്റെ പറ്റു കൂടെ കളഞ്ഞ തെണ്ടി" എന്ന് പറഞ്ഞു കുളത്തിലേക്ക് തള്ളിയിട്ടു. അങ്ങനെ ഞങ്ങളുടെ ഇടയില്‍ ഈ സംഭവം പയ്യെ സ്റ്റോപ്പ് ആയി. എങ്കിലും വാസന്തി ഉറങ്ങുന്ന പറമ്പ് വഴി ആരും പോകാതെ കാട് പിടിച്ചു കിടന്നു.

ശ്രീകുട്ടന്റെ പെങ്ങളുടെ കല്യണം മാരാരിക്കുളം അമ്പലത്തിലെ Auditorium-ത്തില്‍ വച്ചായിരുന്നു. രാത്രിയില്‍ ഞങ്ങള്‍ നാല് പേര്‍ എന്തോ അത്യാവിശ്യത്തിന് അമ്പലത്തില്‍ പോയിട്ട് തിരിച്ചു പോരാന്‍ നേരം മഹാദേവയില്‍ കേറി തുണ്ട് കണ്ടിറങ്ങിയപ്പോള്‍ ലേറ്റ് ആയി. തിരിച്ചു കലവൂര്‍ എത്തി കല്യാണ വീട്ടിലേക്ക് നടന്നു. ശ്രീകുട്ടന്റെ വീട് റോഡ് സൈഡില്‍ നിന്നും ഉള്ളിലായിട്ടാണ്. വാസന്തിയുടെ പറമ്പില്‍ കൂടി ക്രോസ് ചെയ്‌താല്‍ പെട്ടന്ന് എത്താം. കൂടാതെ രണ്ടു സൈക്കിളും ഉണ്ട്. സൈക്കിള്‍ രണ്ടും ഞങ്ങള്‍ റോഡില്‍ തന്നെ വച്ചു പൂട്ടി. സൈക്കിള്‍ കൊണ്ടു ഓടാന്‍ ബുദ്ധിമുട്ടല്ലേ സോറി ഐ മീന്‍ സൈക്കിള്‍ തള്ളാന്‍ ബുദ്ധിമുട്ടല്ലേ, എന്തായാലും വൈകിട്ട് മുതല്‍ വിട്ടു വിട്ടു നിക്കണ കാരണം വല്യ പേടി ഇല്ല, എന്നാലും പറമ്പിന്റെ ആ ഒരു ലൂക്കും നല്ല ഇരുട്ടും ചെറിയൊരു ആന്തല്‍ ഉണ്ടാക്കി. നമ്പോലന്‍ പറഞ്ഞു പണ്ടു നീ ഇതു പോലെ ഒന്നു ഓടിയേ ഒര്ര്‍കുന്നുണ്ടോ, എടാ പ്രേതം എന്ന സാധനം ഇല്ല. ജീവിച്ചിരുന്ന ആള്‍ക്കാരെ പേടിച്ചാല്‍ മതി" എന്ന് പറഞ്ഞതും വെളിയിലെ അളിയന്റെ വീടിന്റെ വാതുക്കലെ മൂവാണ്ടന്‍ മാവെന്നു ഒരു മാങ്ങാ വീണതും ഒരുമിച്ചു. ആദ്യം കാറിയത് നമ്പോലന്‍. കാറ് എന്ന് പറഞ്ഞാല്‍ ഒരു തരം കാറല്‍ എന്ന് പറയുന്നതിലും നല്ലത് ഒരു സ്പെഷ്യല്‍ കുരവ ഇട്ടെന്നു പറഞ്ഞാല്‍ മതി. ഞാന്‍ ചോദിച്ചു എന്തെ ധൈര്യം ഇല്ലേ. നമ്പോലന്‍ വിടുവോ, അവന്‍ ഞങ്ങളേം കൂട്ടി നേരെ നടന്നു. ഒരു ടോര്‍ച്ചു പോലുമില്ല. ഞങ്ങള്‍ മൂന്നുപേരും (ഞാന്‍, അമ്പലക്കാടന്‍, അപ്പാച്ചി) അവന്റെ പുറകെ നടന്നു. കശുമാവിന്‍ തോപ്പ് കഴിഞ്ഞു. ഇനിയാണ് ദൈവമേ വാസന്തി യുടെ കുഴിമാടം. ഞാന്‍ ഡിസന്റ് ആയി അമ്പലക്കടനെ ചേര്ത്തു പിടിച്ചു, അഥവാ ഓടിയാലും എന്നേം കൊണ്ടു ഓടിയാല്‍ മതി. ഞങ്ങള്‍ എന്ട്രീ ചെയ്തപ്പോലെ, കരികിലകളുടെ മുകളില്‍ കൂടി എലിയും പെരുച്ചഴിയും ഒളിമ്പിക്സ് തുടങ്ങി, ചിലവ 100, 200 meter ഓട്ടത്തില്‍ ആയിരുന്നെന്കില്‍, ചിലവ huddles-ഇല്‍ ആയിരുന്നു ഭാഗ്യം പരീക്ഷിച്ചത്.

അപ്പാച്ചി സൈനു അവിടെ വച്ചു തന്നെ, ഹനുമാര്‍ക്കും, അയ്യപ്പനും നേര്ച്ച നേര്‍ന്നു. അമ്പലക്കാടന്‍ എന്റെ കാതില്‍ പറഞ്ഞു "അളിയാ എന്റെ അരയില്‍ ചരടുണ്ട്, അതുകൊണ്ട് ചിലപ്പോള്‍ വെറുതെ വിടുമായിരിക്കും അല്ലെ" ഞാന്‍ പറഞ്ഞു " നിനക്കു ചരട് മാത്രമല്ലെ ഉള്ളു, എനിക്ക് ചരടും അരഞാനോം നല്ലൊരു ഏലസും കിടപ്പുണ്ട്. എലസില്ലെന്കില്‍ രക്ഷയില്ല" പേടിച്ചിട്ടാണോ അതോ എന്തോ അവന്‍ തെറി പറഞ്ഞില്ല പകരം എന്നെ മേലുള്ള പിടിത്തം കൂടി വന്നു. വാസന്തിയുടെ കുഴിമാടം ഇപ്പോള്‍ അടുക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ ഒന്നു നിന്നു. ആ കുഴിമാടത്തില്‍ നല്ല പൊക്കത്തില്‍ ഏതാണ്ടൊക്കെ വളര്ന്നു നില്ല്ക്കുന്നു. ഇനി അങ്ങോട്ട് കാഞ്ഞിരം, തമ്പകം, അങ്ങനെ കുറെ വൃക്ഷങ്ങളുടെ സമ്മേളനം ആണ്. പെട്ടന്നാണ് കറന്റ് പോയി. അക്കെയുള്ള ആശ്വാസം തോട്ടുചിരയിലെ വെട്ടം ആയിരുന്നു. അതും പോയി. എല്ലാവരും പരസ്പരം കെട്ടി പിടിച്ചു. മുന്മേ ബലം പിടിച്ച നമ്പോലന്‍ ഞങ്ങളുടെ നടുക്ക് നിക്കാന്‍ ഇടിച്ചു കേറി. ഞാന്‍ ഒന്നു വെറുതെ ആ കുഴിമാടതിലേക്ക് നോക്കി. എന്നിട്ട് പതുക്കെ എല്ലാരോടും പറഞ്ഞു "എടാ നോക്ക് അവിടെ ആരോ ഇരിക്കുന്നു. അത് അനങ്ങുന്നു. പക്ഷെ എന്താ ഇങ്ങനെ നീളത്തില്‍ ആടുന്നെ". പക്ഷെ ഞാന്‍ പറയാതെ തന്നെ, അവരുടെ മുഖഭാവം കാണാതെ തന്നെ, എനിക്ക് മനസിലായി അവരും കണ്ടിരിക്കുന്നു. കൃത്യം കുഴിമാടതിന്റെ നടുക്ക് കാട്ടുചെടികളുടെ ഇടയില്‍ ഒരു വെളുത്ത രൂപം. കുഴിമാടതിന്റെ നടുക്ക് നിന്നാണോ എന്തോ ഒരു കര കര ശബ്ദം. ഞാന്‍ അമ്പലക്കടനോട് പറഞ്ഞു "ഇനി പ്രേതങ്ങളുടെ മീറ്റിങ്ങ് വല്ലതും നടക്കുവാണോ. വല്ല കല്ലിടല്‍ കര്‍മ്മ്മവും മറ്റും". അപ്പാച്ചി എന്റെ വാ പൊത്തി, എന്നിട്ട് പറഞ്ഞു "മിണ്ടാതെ *&^%, പ്രേതത്തെ കളിയാക്കല്ല്, ദോഷമാണ്" എന്ന്. സത്യത്തില്‍ എനിക്ക് ചിരിയും വന്നു. കാരണം അവന്‍ എവിടെ പോകാന്‍ ഇറങ്ങിയാലും കാണുന്ന മരത്തെലും, മതിലെലും, എന്തിന് പോസ്റ്റില്‍ പോലും തൊട്ടു തോഴുതെ പോകാറുള്ളൂ. ഇനി ഇവന്‍ പ്രേതത്തിന്റെ ഭക്തന്‍ ആവുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയി.

പെട്ടന്നാണ് ആ രൂപം പൊങ്ങുകയും താഴുകയും ചെയ്യാന്‍ തുടങ്ങി. പക്ഷെ കുഴിമാടത്തില്‍ നിന്നും അനങ്ങുന്നില്ല. ഞങ്ങള്‍ പരസ്പരം വിയര്‍പ്പില്‍ കുളിച്ചു. പക്ഷെ നമ്പോലന്‍ പതുക്കെ പറഞ്ഞു. "നമ്മല്ല്ക് ഇതു നോക്കാം എന്താണെന്നു. നമ്മള്‍ നാല് പേര്‍ ഇല്ലേ. എന്താണെന്നു അറിയാം". രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ നാല്‍വര്‍ സംഘം ആ കുഴിമാടതിലേക്ക് പയ്യെ നീങ്ങി. കൊല്ലണേല്‍ കൊല്ലട്ടെ. നാളെത്തെ പത്രത്തില്‍ ഞങ്ങള്‍ നാല് പേര്‍ പ്രേതത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്ത്താ വരും. ദൈവമേ ഈ പറമ്പില്‍ കിടക്കുന്ന അവസ്ഥ. കൊള്ളാവുന്ന ഒരു ഫോട്ടോ പോലുമില്ല. അങ്ങനെ ചിന്തിച്ചു നീങ്ങി. പെട്ടന്ന് നമ്ബോലന്റെ കാലില്‍ എന്തോ ഒന്നുടക്കി. നല്ല തകര്‍പ്പന്‍ ഒരു പട്ടിക കഷ്ണം. അത് അവന്‍ കൈയില്‍ എടുത്തു. എന്നിട്ട് വാസന്തിയുടെ കുഴിമാടതിലേക്ക് നീങ്ങി. ഞങ്ങള്‍ അതിനടുത്ത് ചെന്നിട്ടും ആ രൂപത്തിന് ഒരു മാറ്റവും ഇല്ല. പക്ഷെ ഒരു കാര്യം വ്യക്തമായി ആ ചെടികളുടെ ഇടയില്‍ എന്തോ ഉണ്ട്. പക്ഷെ പകുതി മാത്രം. ഞങ്ങള്‍ ഒന്നു ഞെട്ടി രണ്ടു കല്‍പ്പിച്ചു എന്തോ ഒരു പ്രേരണയില്‍ ഞാന്‍ പറഞ്ഞു "അടിയെടാ നമ്പോലാ" പറഞ്ഞു തീര്‍ന്നതും ചെടിയില്‍ നിന്നും ഒരു രൂപം പുറത്തേക്ക് ചാടി വിത്ത് ഡയലോഗ്.

"അയ്യോ തല്ലല്ലേ, ഞാന്‍ പാമ്പാടി മധു ആണേ" നൂറേല്‍ പറക്കാന്‍ നിന്ന ടീമെല്ലാം ഒരു നിമിഷം നിന്നു. ഞാന്‍ അല്‍പ ദൂരം എത്തിയിരുന്നു. ഒടുവില്‍ മധു അണ്ണന്‍ ടോര്‍ച്ചു തെളിച്ചു മുഖത്തടിച്ചപ്പോള്‍ ആണ് വിശ്വാസം ആയതു. വെളുത്ത ഷര്‍ട്ട് ഇട്ടു, കൈയില്‍ കുറച്ചു കവര്‍ പിടിച്ചു മധു അണ്ണന്‍ നിക്കുന്നു. ഞങ്ങള്‍ ചോദിച്ചു "എന്താ ഇതു, നിങ്ങള്‍ എവിടെ എന്തോ ചെയ്യുവാ, എല്ലാരും കോറസ് ആയി ചോദിച്ചു. അണ്ണന്‍ പറഞ്ഞു "എടാ പൂവേ ഞാന്‍ ഇവിടെ കുറച്ചു ചാരായത്തിന്റെ കവര്‍ കുഴിച്ചിട്ടിരുന്നു. കല്യാണത്തിനു സാധനം തീര്‍ന്നാല്‍ എടുക്കാന്‍ വേണ്ടി. അത് എടുക്കാന്‍ വന്നതാ. ആന്റണി മാമ്മന്‍ ചാരായം നിരോധിചേക്കുവല്ലോ, കല്യാണ വീട്ടില്‍ വച്ചു വല്ല പ്രശനം ഉണ്ടായാല്‍ എന്തോ ചെയ്യും, അതിനാ ഇവിടെ കൊണ്ടു വച്ചത്. ഇവിടെ ആകുമ്പോള്‍ ആരും തൊടത്തില്ല" ഞങ്ങള്‍ ചോദിച്ചു അപ്പോള്‍ "അണ്ണന് പേടിയില്ലേ അതും ഒറ്റയ്ക്ക് ഇങ്ങോട്ട് പോരാനും കുഴിച്ചിടാനും, പിന്നെ പാതിരാത്രില്‍ ഒറ്റയ്ക്ക് വന്നു അത് തോണ്ടാനും" അണ്ണന്റെ മറുപടി ഇതാരുന്നു. "എടാ മക്കളെ ഈ പ്രേതങ്ങള്‍ ഡിസന്റ് ആണ്. നി നോക്കിക്കേ ഒരൊറ്റ കവര്‍ പോലും വാസന്തി തൊട്ടിട്ടില്ല, തോടുകേല്ല. പിന്നെ എല്ലാം തോന്നല്‍ ആണ്. അല്ലേല്‍ അവളുടെ പ്രേതം എന്നെ കൊല്ലണ്ട സമയം കഴിഞ്ഞില്ലേ, നിങ്ങള്‍ വന്നതും എല്ലാം ഞാന്‍ കണ്ടാരുന്നു. നോക്കണേല്‍ നോക്കെട്ടെ ഇല്ലേല്‍ പേടിച്ചു നാലും ഓടട്ടെ എന്നോര്‍ത്താണ് ഞാന്‍ മിണ്ടാതിരുന്നെ. ഓടും എന്നെനിക്കു ഉറപ്പായിരുന്നു. എന്നിട്ട് നാളത്തെ പുതിയ വാസന്തി കഥ ഇതാകുമെല്ലോ, ഞാന്‍ വാസന്തിയുടെ ഒരു ഗതി കേടെ എന്നൊക്കെ ഓര്‍ത്തു നോക്കുമ്പോള്‍ നിങ്ങള്‍ പോണില്ല. പക്ഷെ നിങ്ങള്‍ തല്ലും എന്ന് ഉറപ്പയപ്പോളാണ് ഞാന്‍ ചാടി മുന്നോട്ടു വന്നത്." ഞങ്ങള്‍ അഭിമാനത്തോടെ പരസ്പരം നോക്കി. എനിട്ട്‌ ആ പറമ്പില്‍ ഇരുന്നു തന്നെ കൂടി. പാവം വാസന്തി അച്ചാര് കൊണ്ടു തരാനും വന്നില്ല, ഉപദ്രവിക്കാനും വന്നില്ല.


ഇന്നു ആ വഴി സജീവമാണ്. കൊച്ചു കുട്ടികള്‍ പോലും പേടിയില്ലാതെ പോവും. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും അമ്പലക്കടനും അപ്പച്ചിയും, നമ്ബോലനും, പിന്നെ സാക്ഷാല്‍ പാമ്പാടി മധു അണ്ണനും കൂടിയതും ആ കശുമാവിന്‍ തോപ്പില്‍ ആയിരുന്നു. പഴയ കഥകള്‍ അയവിറക്കി, വാസന്തിയുടെ സ്വന്തം പറമ്പില്‍. (അവസാനിച്ചു)

വാര്കഷ്ണം : ദയവായി നിങ്ങള്‍ എന്തെകിലും കണ്ടു പേടിച്ചാല്‍ അത് സ്ഥിതികരിക്കുക, ഇല്ലെന്കില്‍ മനസ്സില്‍ എന്നും അതൊരു കനല്‍ ആയി കിടക്കും, മറ്റൊരു സന്ദര്‍ഭത്തില്‍ നമ്മളെ ശരിക്കും ഭയപെടുത്താന്‍.

Friday, November 28, 2008

വാസന്തിയുടെ പ്രേതം - 1

അങ്ങനെ ശ്രീകുട്ടന്റെ പെങ്ങളുടെ കല്യാണം വന്നു ചേര്ന്നു. ഇന്നത്തെപോലെ പന്തലിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും quotation കൊടുക്കുന്ന പരിപാടി ഇല്ലാരുന്നു അന്ന്. മിട്ടായി കുട്ടന്റെ ഉന്ദു വണ്ടി വാടകക്ക് എടുക്കുക. നേരെ പട്ടാളം സവിതയുടെ കടയിലേക്ക് വിടുക. ആ പോക്കൊരു പോക്ക് തന്ന്നെ. ഒരു പത്തു ഇരുപതു പിള്ളേര് പാട്ടും പാടി കുരവയും ഇട്ടു വീട്ടില്‍ നിന്നും ഇറങ്ങുന്നത് കണ്ടാല്‍ ശബരിമലക്ക് പോകുന്ന അയ്യപ്പന്മാര്‍ പോലും നാണിച്ചു പോവും. കാരണം ഞങ്ങള്ള്‍ക്ക് ഇരുമുടിക്കെട്ടിന്റെ കുറവ് ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ഓളം ഉണ്ടാക്കി വരുന്ന വരവ് കാണുമ്പൊള്‍ തന്നെ കണ്ടത്തില്‍ ഷാപ്പിലെ പണിക്കാര്‍ കുപ്പി എടുത്തു നിരത്താന്‍ തുടങ്ങും. കണ്ടത്തില്‍ ഷാപ്പിലെ തോടിന്റെ സൈഡില്‍ നല്ല പച്ച ഓല മെനഞ്ഞ പരവതാനിയില്‍ ചമ്രം പടഞിരുന്നു, വരാല്‍ വറുത്തത് "വരാല്‍ നദിക്കരയോളം" എന്ന പാട്ടും പാടി ആന പനമ്പട്ട എടുക്കണ പോലെ വായിലോട്ടു വിട്ടുകൊണ്ട്, കൂജയിലെ അമൃത്‌ എങ്ങനെ തീര്‍ക്കാം എന്ന തന്ത്ര പ്രധാനമായ മീറ്റിംഗില്‍ ഞങ്ങള്‍ മുഴുകും. അവിടുന്ന് ഇറങ്ങുമ്പോള്‍ ഓരോരുത്തര്‍ റോഡിന്റെ വീതി അളന്നു നോക്കിയും കൊഞ്ച് മാമ്മന്‍ വാങ്ങിച്ചിട്ട പുരയിടത്തിലെ തേങ്ങയുടെ വിളവു നോക്കിയും പറ്റുമെങ്കില്‍ റോഡില്‍ നിരന്നു നിന്നു മൂത്രമൊഴിച്ചു വിദേശ രാജ്യങ്ങളുടെ മാപ്പ് വരച്ചും ഞങ്ങള്‍ സാധനം എടുക്കാന്‍ നീങ്ങും.

ഈ സംഘത്തിന് ഒരു നേതാവ് ഉണ്ടാവും. അദ്ദേഹമാണ് എത്ര മുള, ടാര്‍പോളിന്‍, ഡസ്ക്, കസേര, ചെമ്പ്, അണ്ടാവു, തവികള്‍, ബക്കെറ്റ്, കെറ്റില്‍ അങ്ങനെ കമ്പ്ലീറ്റ്‌ സാധനങളുടെ ലിസ്റ്റും ഇദ്ദേഹം ആണ് നോക്കുന്നത്. ഞങ്ങളുടെ ജോലി ഫ്രീ ആയി കിട്ടുന്ന കള്ളുകുടിക്കുക, ഈ സാധനങ്ങള്‍ വണ്ടിയില്‍ കേറ്റുക. കൊണ്ടിറക്കി പന്തല്‍ ഇടാന്‍ സഹായിക്കുക. എന്നിട്ട് ഏത് കല്യാണ വീട് അന്നേലും പുറകില്‍ ഇരുട്ടത്ത്‌ നല്ല കാടു മാങ്ങാ അച്ചാറും ഒരു ശകലം മീന്‍ ചാറും കൂട്ടി പടെന്ന് അടിച്ച് ഗ്ലാസ് ലൂകിനു കൈ മാറുക. അതൊരു രസമുള്ള കാര്യം തന്നെയാണ്. കുറച്ചു പേര്‍ വട്ടത്തില്‍ കുത്തിയിരുന്ന് നടുക്ക് മാതൃഭൂമി പേപ്പര്‍ വിരിച്ചു, (മനോരമ അന്നേലും ചലെഗ്ഗാ) നടുക്ക് കള്ളുമുതപ്പനെ പ്രതിഷ്ഠിച്ചു ഒരേ ഒരു ഗ്ലാസ് കൊണ്ടു നെറ്റ് വര്‍ക്കിംഗ്‌ നടുത്തുന്ന കാര്യം ആലോചിക്കാനേ വയ്യ. അതിന്റെ ഒരു ഫോട്ടോയും വേണേല്‍ കണ്ടോ.



അങ്ങനെ ചിരട്ട കൊണ്ടു കുഴി കുഴിച്ചു മുളകള്‍ അതില്‍ നാട്ടി, മൂപ്പന്‍ പറയണ പോലെ ഞങ്ങള്‍ സജീവമായി ഈ പരിപാടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഏറ്റവും രസം ഇതെല്ലം ഇട്ടു റെഡി ആയി കഴിയുമ്പോള്‍ സ്ഥലത്തെ കുറച്ചു മൂപ്പില്സ് വരും, എനിട്ട്‌ സത്യന്‍ മാഷ് കൈ കെട്ടി നിക്കണ പോലെ നിന്നു കൊണ്ടു പന്തലിന്റെ ഓരോ കോണും ഒന്നു നോക്കിയിട്ട് പറയും "അവിടെ അല്പം താഴാനുണ്ടല്ലോ കുട്ടാ, ഇവിടെ ഒന്നു കൂടി പൊക്കി കെട്ടിക്കെ" അമ്മാനെ നേര് കേട്ട നല്ല തെറി പറയാന്‍ തോന്നുമെന്കിലും പ്രായം മാനിച്ചു കടിച്ചു പിടിച്ചു ഉള്ളില്‍ അവരെ പറയണേ തെറി കേട്ടാല്‍ അവരുടെ അപ്പന്‍ അപ്പൂപ്പന്മാര് പോലും ശവ കുഴിയില്‍ നിന്നു എനിട്ട്‌ വന്നു നമ്മല്ല്ക്കിട്ടു തല്ലിട്ടു പോവും.

അങ്ങനെ രാത്രിയില്‍ തേങ്ങ ചിരന്ടല്‍ മത്സരം, വല്‍സന്‍ തീറ്റി മത്സരം,(ഓല പടക്കത്തിന്റെ ആകൃതിയില്‍ വാഴയിലയില്‍ ഉണ്ടാക്കുന്ന സൂപ്പര്‍ ഫുഡ്) പക്ഷെ ഇപ്പോള്‍ വത്സന്‍ എന്ന് എങ്ങാന്‍ കലവൂര് വന്നു പറഞ്ഞാല്‍ വാഴയിലയില്‍ നാട്ടുകാര്‍ കിടത്തും, ഇടക്ക് പുറകില്‍ പോയി വട്ടം കൂടിയിരുന്നു വാറ്റ്‌ നെറ്റ് വര്‍ക്കിംഗ്‌, പിന്നെ എല്ലാം ഒന്നു ഒതുങ്ങി കഴിഞ്ഞാല്‍, കുടം തബലയാക്കി, രണ്ടു കുടം ചേര്ത്തു കെട്ടി മൃദംഗം ആക്കി പാട്ടു കച്ചേരി, കവിത പാരായണം, അന്താക്ഷരി, പഴയ തെറ്റുകള്‍ ഏറ്റു പറഞ്ഞു കരച്ചില്‍, അവസാനം കൂട്ടം കൂടിയിരുന്നു വാള് വെക്കല്‍, പിന്നെ വെളുപ്പിനെ ഉയര്ത്തി എഴുനെല്ല്പ്പ് ഇങ്ങനെ പോവും ഇതിന്റെ കലാശ കൊട്ട്. സമയം കിട്ടുവാണേല്‍ ഐ മീന്‍ ബോധമുണ്ടെങ്കില്‍ മഹാദേവയില്‍ "കഷ്ണം" ( അത് തന്നെ തുണ്ട്) കാണാന്‍ പോകുക. ഏതെങ്കിലും ചൂടന്‍ സീന്‍ വരുമ്പോള്‍ ഫിലിം പൊട്ടി പോവുമ്പോള്‍ ജാതി മത ഭേദമന്യേ ഫിലിം ഓടിക്കുന്നവന്റെ തന്തക്കു വിളിക്കുക ( അന്ന് നമ്മള്‍ക്ക് പുതിയ കുറെ തെറി പഠിക്കാന്‍ ഉള്ള സുവര്‍ണ അവസരം കൂടിയാണ്) എന്നിവയും ഇതിന്റെ ഒരു ഭാഗമായി കരുതി പോന്നു. കല്യണം ആയതിനാല്‍ വീട്ടില്‍ ചെല്ലണ്ട. ഡെസ്കുകള്‍ അടുക്കിയിട്ടാണ് ഉറക്കം. കാരണം വെളുപ്പിന് പിന്നെ സമയം ഇല്ല. ഓരോ തിരക്കുകള്‍ ആയി പോകും. അതുകൊണ്ട് തന്നെ നാട്ടിന്‍ പുറത്തെ കല്യണം എന്നും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്നത് അതിന്റെ ആ ലാളിത്യം, ഒത്തു ചേരല്‍, ആഘോഷങ്ങള്‍ എന്നും മനസ്സില്‍ തങ്ങി നില്ക്കുന്നത് കൊണ്ടാണ്.

ഇനി കം ടൂ ദ പോയിന്റ്, ഞങ്ങളുടെ നാട്ടില്‍ ആലപ്പുഴ - ഏറണാകുളം ട്രെയിന്‍ സര്‍വീസ് തുടങ്ങി കഴിഞ്ഞു ഞങ്ങളുടെ ആ പരിസരത്ത് കന്നി തല വയ്ക്കുന്ന ആദ്യത്തെ സ്ത്രീ ആണ് വാസന്തി. ഞാനും പോയിരുന്നു അത് കാണാന്‍. ചിന്നി ചിതറിയ ആ ശവ ശരീരത്തില്‍ ഒന്നേ നോക്കിയുള്ളൂ, കാരണം പേടി തന്നെ. അത്രക്ക് ഭീകരം. അതിന് ശേഷം പലരും തല വച്ചെങ്കിലും ആ ഒരു ഇഫക്ട് ഇല്ലായിരുന്നു. കാരണം ആസ് പേര്‍ ദ ട്രെയിന്‍ ഡ്രൈവര്‍ മൊഴി ഇവര്‍ ടൈറ്റാനിക് സിനിമേലെ ആ പെന്കൊച്ചു കപ്പലിന്റെ മുകള്‍ തട്ടില്‍ കൈ വിരിച്ചു നിക്കണ പോലെ ഒരു നിപ്പായിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴാക്കിയിട്ടും ഒരു തരിമ്പും മാറിയില്ല. ഇനി ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയതാണോ, എന്തോ ട്രെയിന്‍ അവരെ TITANIC പോലെ തന്നെ പറിച്ചു കീറി മുക്കി കളഞ്ഞു. ഇവരുടെ മരണശേഷം പലരും 6 മണിക്കേ വീട്ടില്‍ കേറി കതകടക്കും. പലരും ഇവരെ മരിച്ച സ്പോട്ടില്‍ കണ്ടെന്നും അവിടെ ട്രാക്കിന്റെ അരികില്‍ ഉള്ള പുന്നമരത്തിന്റെ ചോട്ടില്‍ കൂടി പോകാന്‍ പോലും പലര്ക്കും ഭയമായി.

എന്റെ വീട്ടില്‍ നിന്നും ഒരു ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ട്രാക്ക്. അതിന് കുറച്ചു അടുത്ത് തന്നെയാണ് വാസന്തിയുടെ വീട്. അമ്മ ജീവിച്ചിരുന്നതിനാല്‍ ജഡം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീടിന്റെ തെക്കു പുറത്തെ വിജനമായ കശുമാവും, കാഞ്ഞിരവും മൂവാണ്ടന്‍ മാവും അടങ്ങിയ കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന പറമ്പില്‍ അടക്കി. അതിനുശേഷം ആരും അത് വഴി പോകാറില്ല. പലരും അവരുടെ പ്രേതത്തെ കുഴിമാടതിന്റെ മുകളില്‍ കണ്ടു പേടിച്ചു പനിയയെന്നും, വീര ചെത്തുകാരന്‍ ചാളുവ കുട്ടന്‍ ഒരിക്കല്‍ കടപ്പുറത്ത് ചെത്ത് കഴിഞ്ഞു വരുന്ന വഴി വാസന്തി ചുണ്ണാമ്പു ചോദിച്ചെന്നും പുള്ളി കത്തി ഊരി പിടിച്ചു ഓടുന്ന വഴി ഡിങ്കന്‍ രാജേഷ് പാര്ട്ടിക്കാര് തല്ലാന്‍ വന്നതെന്ന് കരുതി ഓടി കുളത്തില്‍ ചാടിയെതും വാസന്തി പ്രേതത്തിനു വന്‍ പ്രാധാന്യം നല്കി. എനിക്കും പേടിയുണ്ടായിരുന്നു ഈ പ്രേതത്തെ. അത് കൊണ്ടു തന്നെ ഞാന്‍ പരമാവധി മറ്റുള്ളവരെയും പേടിപ്പിക്കുമായിരുന്നു. കളി ജയന്റെ അടുത്താ. കാരണം പലരും മൂത്രം ഒഴിക്കാന്‍ പോലും പുറത്തിറങ്ങില്ല. അധികം ശങ്ക വന്നാല്‍ അടുക്കളപടിയില്‍ നിന്നും വാഴയുടെ ചോട് വരെ എത്തിക്കാന്‍ നോക്കുമായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാന്‍ തന്നെ ആയിരുന്നു. കാരണം എന്റെ കിടപ്പുമുറിയുടെ ജന്നലിനോട് ചേര്ന്നു ഒരു തെങ്ങ് നിര്‍പ്പുണ്ട്. ഞാന്‍ അവന്റെ നെഞ്ചത്തോട്ട് നിറ ഒഴിക്കുമായിരുന്നു പല തവണ മരുന്ന് വച്ചിട്ടും ആ പാവം ഉണങ്ങി പോയി. എന്ന് വരെ ആര്ക്കും പിടി കിട്ടിയിട്ടില്ല എന്താണ് കാരണം എന്ന്. ഇതിനെല്ലാം കാരണം വാസന്തി പ്രേതം ആണെന്ന് പറയണ്ടല്ലോ. ഒരിക്കല്‍ ഞാനും നമ്ബോലനും സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോള്‍ ഇതുപോലെ ഞാന്‍ വാസന്തി വിഷയം എടുത്തിട്ടു. അങ്ങനെ പേടിച്ചു കിടുങ്ങി രണ്ടും പാതിരാത്രി വീടിനടുത്ത് എത്താറായപ്പോള്‍ ദേ ഒരു ചങ്ങല കിലുക്കം അടുത്തടുത്ത്‌ വരുന്നു. ഇനി ഒരു വെളി പ്രദേശം പിന്നെ മറിയാമ്മ ചേച്ചിടെ വീട്. വെളി പ്രദേശത്തിന്റെ ഏതാണ്ട് നടുക്ക് എത്തിയതും മറിയാമ്മ ചേച്ചിടെ വീടിന്റെ അടുത്ത് നിന്നും ഒരു ചങ്ങല കിലുക്കം. ഇടക്ക് നില്ക്കും വീണ്ടും വീണ്ടും കിലുങ്ങും. നെഞ്ചിടിപ്പോടെ മുന്നോട്ടു വച്ച കാലുകള്‍ പിന്നോട്ടായി. മറിയാമ്മ ചേച്ചിടെ വീട് ക്രോസ് ചെയ്യാന്‍ പേടിയായി. എങ്കിലും ധൈര്യം സംഭരിച്ച് രണ്ടും കല്പിച്ചു കണ്ണും അടച്ചു ഒറ്റ ഓട്ടം അവരുടെ വീട് ക്രോസ് ചെയ്തതും കൂട്ട പട്ടി കുരക്കലും ചങ്ങല കിലുക്കവും അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഞാനും നമ്ബോലനും വീട്ടില്‍ തകര്‍പ്പന്‍ ലാണ്ടിംഗ് നടത്തി കിണറ്റില്‍ നിന്നും ഒരു ബക്കറ്റ് വെള്ളവും കുടിച്ചു കുറെ തല വഴിയും കമത്തി. അടിച്ച ഓ പീ ആര്‍ വിയര്‍പ്പായി കിണറ്റിന്‍ കരയില്‍ ഇറ്റിറ്റു വീണു. വീട്ടുകാര്‍ അറിയാതിരിക്കാന്‍ ശ്വാസം ഉള്ളില്‍ പിടിച്ചു പതുക്കെ കിടക്കാന്‍ പോയി. അന്ന് ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നതും, തെങ്ങിന്റെ നെഞ്ചത്തു നിറ ഒഴിച്ചതും. എങ്കിലും എന്തായിരുന്നു അത്. വാസന്തിയുടെ പാദസരത്തിന്റെ കിലുക്കമാണോ അതോ പുറത്തെ കാവിലെ ആന മറുതയോ (തുടരും)

Monday, November 24, 2008

ചാളുവ കുട്ടനും മൂര്‍ഖനും

ഇനി ഇതൊരു സംഭവ കഥ ആണ്. ചാളുവ കുട്ടന്‍ ആണ് എന്റെ ഈ കഥയിലെ താരം. ഇദ്ദേഹത്തെ കുറിച്ചു പറഞ്ഞാല്‍ പറയാനായി ഒത്തിരി ഉണ്ട്. അതുകൊണ്ടാണ് ഈ കഥയില്‍ നിന്നും തന്നെ തുടങ്ങാം എന്ന് കരുതിയെത്. ഇദ്ദേഹം ഒരു ചെത്തുകാരന്‍ ആണ്. ഞങ്ങളുടെ നാട്ടിലെ തലെയെടുപ്പുള്ള ചെത്തുകാരന്‍. ഞങ്ങളുടെ ചെറുപ്പ കാലത്തില്‍ ഇദ്ദേഹം നാട്ടിലെ ഹീറോ തന്നെ ആയിരുന്നു എന്ന് പറയാം. കള്ളിമുണ്ട് മാത്രം ഉടുത്തു തലയില്‍ ഒരു വട്ടകെട്ടും അരയുടെ പിന്‍ ഭാഗത്ത് കയറില്‍ ലാപ്ടോപ് കെട്ടി തേച്ചു മിനുക്കിയ ചെത്ത്‌ കത്തിയും ഒരു സൈഡില്‍ കുടുക്കയും തൂക്കി വയറ്റില്‍ ഫുട്ബോള്‍ വച്ചിട്ടുണ്ടോ എന്നൊരു സംശയത്തോടെ ഒരു വരവുണ്ട്. ഒരു കാലത്ത് നാടിലെ തരുണീ മണികളുടെ ജയന്‍ തന്നെ ആയിരുന്നു പുള്ളി. പക്ഷെ നടപ്പ് മാത്രം ഭീമന്‍ രഘുവിനെ പോലെ ആയിരുന്നു. ഇദ്ദേഹം ആണ് എനിക്ക് ആദ്യമായി ചെത്ത്‌ കള്ളുകുടിക്കാന്‍ തന്നത്. തെങ്ങില്‍ ചെത്തി കുടുക്കയില്‍ ഷാപ്പിലേക്ക് കൊണ്ടു പോണ വഴി കൈയില്‍ ഒഴിച്ച് തന്ന വെളുത്ത പാനീയത്തിന്റെ ടേസ്റ്റ് ഇന്നും നാവില്‍ ഉണ്ട്.

ഒരു ദിവസം പതിവുപോലെ അണ്ണന്‍ ചെത്തും കഴിഞ്ഞു രണ്ടെണ്ണം വിട്ടിട്ടു അടുക്കള പടിയില്‍ ഇരിക്കുന്ന സമയം. അടുക്കളയുടെ വടക്കു ഭാഗത്ത് അവിടെ അവിടെയായി മണല്‍ കൂടി വച്ചിരുന്നു. മഴ പെയ്യുമ്പോള്‍ മണല്‍ ഒലിച്ചു പോകാതിരിക്കാന്‍. അന്നേരം ആണ് അണ്ണന്‍ അത് കണ്ടത് ഒരു മൂര്‍ഖന്‍ പതുക്കെ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നും ഇഴഞ്ഞു വരുന്നു. ലഞ്ച്‌ കഴിച്ചത് ഓവര്‍ ആയതു കൊണ്ടോ കുട്ടന്‍ അണ്ണനെ കാണാത്തത് കൊണ്ടു പാവം മൂര്ഖേട്ടന്‍ ആ മണലിന്റെ മറു സൈഡില്‍ ഒന്നു മയങ്ങിയിട്ടു ചായക്ക്‌ സമയം ആവുമ്പോള്‍ പോവാം എന്ന വിചാരത്തില്‍ ഒന്നു കിടന്നു. ക്ഷീണം കൊണ്ടു പാവം മയങ്ങി പോയി. ഈ കാഴ്ച കണ്ട കുട്ടാണ്ണന്‍ പതുക്കെ തന്റെ കേട്ടിയോളോട് പറഞ്ഞു "എടീ ഒരു വിറകിന്റെ കഷ്ണം കൊണ്ടു വാ. ഒരു മൂര്‍ഖന്‍ ദാണ്ടെ സുഖമായി കിടന്നു ഉറങ്ങന്നു. ഇവനെ എന്ന് ഞാന്‍ കൊന്നു കൊല വിളിക്കും. എന്ന് പറഞ്ഞു കൈയില്‍ കിട്ടിയ വിറകിന്റെ മുട്ടിയുമായി പുള്ളിക്കാരന്‍ മൂര്‍ഖനെ ലക്ഷ്യമാക്കി പാഞ്ഞു. മുണ്ടിന്റെ കുത്ത് അഴിഞ്ഞതിനാല്‍ അതിന്റെ കോന്തലയില്‍ തട്ടി മൂര്‍ഖന്‍ കിടന്ന കൂനയുടെ മുകളില്‍ ഫുഡ് ബോള്‍ പോലെയുള്ള വയറുമായി നിലം പതിച്ചു.മണ്ണിനും പുള്ളിക്കാരന്റെ വയറിനും അടിയില്‍ കിടന്ന മൂര്ഖന് ആദ്യം ഒന്നു മനസിലായില്ല. അങ്ങനത്തെ അറ്റാക്കായി പോയില്ലേ. ശ്വാസം മുട്ടിയപ്പോള്‍ അത് കാറി കൊണ്ടു പറഞ്ഞു "ബച്ചാവോ ബച്ചാവോ" എന്ന്. എന്തും സംഭവിക്കാം, പുള്ളിക്കാരന്‍ എഴുന്നേറ്റാല്‍ മൂര്‍ഖന്‍ കൊത്തും. അവിടെ കിടന്നു കൊണ്ടു പുള്ളി അലറി " മൂര്‍ഖന്‍ മൂര്‍ഖന്‍" അന്നേരമാണ് മൂര്‍ഖന്‍ തമ്പി എന്ന് ഇരട്ട പേരുള്ള തമ്പി അണ്ണന്‍ അവിടെ കൂടി പാസ് ചെയ്തു പോയത്. പുള്ളിക്കാരന്‍ ഓര്‍ത്തു അദേഹത്തിന്റെ ഇരട്ട പേരു വിളിച്ചതാണെന്നു. ദേഷ്യത്തില്‍ പാഞ്ഞടുത്ത തമ്പി അണ്ണന്‍ തന്റെ ഉടുമുണ്ട് പൊക്കി പറഞ്ഞു " ദേ കിടക്കണ് മൂര്‍ഖന്‍, വെള്ളമടിച്ചു എണിക്കാന്‍ മേലത്തെ കിടന്നിട്ടും നീ എന്നെ ഇരട്ട പേരു വിളിക്കും അല്ലെ" എന്ന് പറഞ്ഞു പുള്ളിക്കാരന്റെ അച്ഛന്റേം അമ്മേടേം നേര്‍ക്ക്‌ കുറച്ചു തെറി ഡെഡിക്കേറ്റ് ചെയ്തു കൊണ്ടു പുള്ളിയുടെ മുതുകത്തേക്ക്‌ ചാടി കേറി ഇരുന്നിട്ട് തുടങ്ങി നല്ല സൊയമ്പന്‍ പഞ്ചാരി മേളം. ആഹാ അഹഹഹ . മട്ടന്നൂര്‍ കണ്ടിരുന്നേല്‍ തമ്പി അണ്ണന് പൊന്നാട ഇട്ടേനെ ആ കൊട്ട് കണ്ടിരുന്നേല്‍.

ഈ രണ്ടു തടിയന്മാരുടെയും മണലിന്റെയും അടിയില്‍ കിടന്ന മൂര്‍ഖന്റെ നടു വെട്ടി. ഒടുവില്‍ അലറി കൊണ്ടു കുട്ടന്‍ അണ്ണന്‍ പറഞ്ഞു "എന്‍റെ തമ്പി ഞാന്‍ നിന്നെയല്ല മൂര്‍ഖന്‍ എന്ന് വിളിച്ചേ. നമ്മുടെ അടിയില്‍ ഒരു കിടിലന്‍ മൂര്‍ഖന്‍ കിടപ്പുണ്ട്‌" എന്ന് പറഞ്ഞതും തമ്പി അളിയന്‍ ഏറു കൊണ്ട പൂച്ചയെ പോലെ ചാടി എണീറ്റു. എന്നിട്ട് ഓടണോ വേണ്ടയോ ഹായ് ഹായ് ഓടണോ വേണ്ടയോ എന്നുള്ള ഭാവത്തില്‍ നിന്നു. എന്നിട്ട് രണ്ടും കല്‍പ്പിച്ചു കുട്ടന്‍ അണ്ണനെ വലിച്ചു മാറ്റി ദൂരെക്കിട്ടു. എന്നിട്ട് മണല്‍ മാറ്റാന്‍ തുടങ്ങി. കുട്ടന്‍ വടിയുമായി തയ്യാറായി. അതാ കിടക്കുന്നു മൂര്‍ഖന്‍. അത് പതുക്കെ മണ്ണില്‍ നിന്നും പുറത്തേക്ക് വന്നിട്ട് വടിവേലു പറയുന്ന പോലെ പറഞ്ഞു. "എന്തിനാടാ ഇനി എന്നെ തല്ലുന്നെ. ഞാന്‍ എങ്ങനേലും ഒന്നു ജീവിച്ചു പൊക്കോട്ടെ. എന്ന് പറഞ്ഞു ഇഴഞ്ഞിഴഞ്ഞു അടുത്തുള്ള കാട്ടിലേക്ക് കയറി പോയി.

ഡിസംബറിന്റെ നഷ്ടം - മൂന്ന്

അങ്ങനെ ഡല്‍ഹിയില്‍ എത്തി. ഒരു പാടു നല്ല സുഹൃത്തുക്കളെ കിട്ടി. വിര്‍ജിന്‍ നന്ദു, അപരാധി ബിനു, കോണ്‍സെപ്റ്റ് അരവിന്ദന്‍, സത്യം മനു, അച്ചാര്‍ രാജേഷ്, അങ്ങനെ എത്ര സുഹൃത്തുക്കള്‍. അങ്ങനെ അടിച്ച് പൊളിയും മറ്റുമായി മനസിലെ വേദനക്ക് ഒരു ആശ്വാസമായി. എങ്കിലും ഉള്ളില്‍ ആ ഡയറി കാണുമ്പോള്‍ പഴയ പ്രണയവും ടീച്ചറും നിറഞ്ഞു നിന്നു. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നേരം നാട്ടില്‍ നിന്നും ബൂത്ത് സുനില്‍ വിളിച്ചു പറഞ്ഞു ടീച്ചറുടെ കല്യണം കഴിഞ്ഞു . ഒരു ഗള്‍ഫ്കാരന്‍ കെട്ടി കൊണ്ടു പോയി എന്ന്. മനസ്സില്‍ മരവിപ്പ് മാത്രം ഉണ്ടായിരുന്നത് കൊണ്ടു ഒന്നും തോന്നിയില്ല. പക്ഷെ വേദന തോന്നിയപ്പോള്‍ നേരെ ഭികാജി കാമ പ്ലസില്‍ പോയി ബെവേരജ് മുത്തപ്പനെ ശരണം പ്രാപിച്ചു.

എന്നിട്ട് പഴയ ഡയറി മറിച്ച് നോക്കി.ടീച്ചറുടെ ഫോട്ടോയും നോക്കി ഉറങ്ങി പോയി. ഇനി നമ്മല്ല്ക് ഓര്‍ക്കാന്‍ അവകാശം ഇല്ലല്ലോ. അങ്ങനെ അവള്‍ക്കും ഒരു ജീവിതം ആയി. എല്ലാ നന്മകളും വരുത്താന്‍ അയ്യപ്പനെ മനസ് തുറന്നു പ്രാര്‍ത്ഥിച്ചു. ആര്‍ കെ പുരം അമ്പലത്തില്‍ അവളുടെ പേരില്‍ വഴിപാടും കഴിച്ചു. പിന്നെ പയ്യെ പയ്യെ സാധാരണ ജീവിതത്തിലേക്ക്. ഓഫീസിന്റെ തിരക്കുകളും മറ്റുമായി ഞാനും എന്റെ ജീവിതത്തിന്റെ വഴിത്താരകളില്‍ ഓട്ടം തുടങ്ങി. ...

അങ്ങനെ നാട്ടില്‍ ലീവിനു പോകാന്‍ തീരുമാനിച്ചു. അങ്ങനെ വീണ്ടും നാട്ടിലേക്ക്. നാട്ടില്‍ ചെന്നു എലിപ്പന ഷാപ്പിലും, മാരാരിക്കുളം ഒന്നാം നമ്പരിലും, കണ്ടത്തില്‍ ഷാപ്പിലും, വോള്‍ഗ ബാറിലും, Plaza ബാറിലും മറ്റുമായി വീണ്ടും പഴയ സുഹൃത്തുക്കളുമായി ഒത്തു കൂടി. ഓരോ വിശേഷങ്ങളും മറ്റുമായി പഴയ കലവൂര്‍കാരന്‍ ആയി മാറി.

ഒരു ദിവസം ഞാന്‍ സുനിയുടെ ബൂത്തില്‍ ഇരിക്കുമ്പോള്‍ അവന്‍ പറഞ്ഞു "അളിയാ നിന്റെ ടീച്ചര്‍ വരുന്നു കൂടെ ഒരു ട്രോഫി ഉണ്ട് എന്ന്" [ട്രോഫി എന്ന് വച്ചാല്‍ കുട്ടി എന്നര്ത്ഥം.] ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ ഒരു പിഞ്ച് കുഞ്ഞുമായി വരുന്നു. എന്നെ കണ്ടു അവര്‍ നിന്നു. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു. ഒരുതരം നിസംഗ ഭാവം. സാരിയില്‍ അവര്‍ കൂടുതല്‍ പക്വത ഉള്ളതായി തോന്നി. നല്ല ഓമനത്തം ഉള്ള കുട്ടി. ഞാന്‍ മെല്ലെ കടയില്‍ നിന്നും കുറച്ചു മിട്ടായി എടുത്തു അവരുടെ അരികിലേക്ക് ചെന്നു. എന്നിട്ട് എന്നെ കണ്ടു ചിരിക്കുന്ന ആ കുഞ്ഞിന്റെ കൈയില്‍ വച്ചു കൊടുത്തു. ഞാനും ടീച്ചറും പരസ്പരം നോക്കി. ഒന്നും മിണ്ടിയില്ല. പറയാനുള്ളത് ഞങ്ങളുടെ കണ്ണുകള്‍ പറഞ്ഞു. ഒടുവില്‍ അവര്‍ ചോദിച്ചു എന്ന് വന്നു എന്നും എന്ന് തിരിച്ചു പോകുന്നു എന്നും. ഞാന്‍ മറുപടി കൊടുത്തില്ല കുഞ്ഞിന്റെ കവിളില്‍ മെല്ലെ തലോടി പയ്യെ പോസ്റ്റ് ഓഫീസിലേക്ക് നടന്നു. അവരും മെല്ലെ നടന്നു നീങ്ങി. പോസ്റ്റ് ഓഫീസില്‍ ആ പഴയ ചെമ്പക മരം മുറിച്ചു മാറ്റിയിരുന്നു. പുതിയ കെട്ടിടത്തിനു വേണ്ടി. അതിന്റെ മിച്ചം അവശിഷ്ട്ടത്തില്‍ ഞാന്‍ വിരലുകള്‍ ഓടിച്ചു. കുറെ വാടിയ പനിനീര്പൂക്കള്‍ മാത്രം. പഴയ ഓര്‍മ്മകള്‍ അലട്ടാന്‍ തുടങ്ങിയതും നേരെ സുനിലുമായി ബാറിലേക്ക് വച്ചു പിടിച്ചു.

അങ്ങനെ ലീവും കഴിഞ്ഞു തിരിച്ചു വീണ്ടും ഡല്‍ഹിക്ക്. കുറച്ചു സുഹൃത്തുക്കള്‍ ട്രെയിനിലും കിട്ടിയത് കൊണ്ടു വലിയ ടെന്‍ഷന്‍ ഇല്ലാതെ തന്നെ എന്‍ജോയ് ചെയ്തു ഡല്‍ഹിയില്‍ എത്തിയത് അറിഞ്ഞില്ല. വീണ്ടും ഡല്‍ഹിയിലെ ചൂടിലേക്ക്. ഒരുതരം മെഷീന്‍ പോലെ യാന്ത്രികമാകുന്നു ചിന്തകളും ചലനങ്ങളും. എവിടെ എത്തും എന്നറിയാതെ എന്തൊക്കെ ചെയ്യുന്നു. അങ്ങനെ ഞാന്‍ പഴയപോലെ ഡല്‍ഹിയുടെ ഭാഗമായി. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി. ഇടക്ക് ഇരുന്നും നിന്നും ഒക്കെ.

ഡിസംബറിലെ ഒരു തണുപ്പില്‍ രാവിലെ ഇന്നും പണ്ടാരം അടങ്ങാന്‍ ജോലിക്ക് പോകണമല്ലോ എന്നോര്‍ത്ത് പുറത്തോട്ടു ഇറങ്ങിയതും പത്രക്കാരന്റെ തലക്കുള്ള ഏറു തന്നെ എന്നെ എതിരേറ്റു. അവന്റെ മാം ബഹന് വിളിച്ചു കൊണ്ടു പത്രത്തിലേക്ക് കണ്ണോടിച്ചു. ഓരോ പേജും വായിച്ചു ചരമ പേജില്‍ എത്തിയെതും ഒന്നു പകച്ചു പോയി. അതെ അതില്‍ ടീച്ചറുടെ ഫോട്ടോ. എന്റെ കൈയിലെ അതെ ഫോട്ടോ. തലകെട്ട് ഇതായിരുന്നു. "വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു ഭര്‍ത്താവും കുഞ്ഞും രക്ഷപെട്ടു". എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഞാന്‍ നിലത്തേക്ക്‌ ഇരുന്നു പോയി. നന്ദുവും ബിനുവും ഓടി വന്നു എന്നെ താങ്ങി. എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അവര്‍ എന്റെ കൈയില്‍ നിന്നും പത്രം വാങ്ങി വായിച്ചു. അവരും വല്ലാതെ ആയി. എന്ത് പറയണം എന്നാര്‍ക്കും അറിയില്ല. ഇന്നലെ കൂടി ഞാന്‍ അവളുടെ ആയുസിനു വേണ്ടി പ്രാര്‍ഥിച്ചു എന്നിട്ടും അയ്യപ്പാ നീ കേട്ടില്ലേ അതോ കേള്‍ക്കാന്‍ മറന്നോ. ആ കുഞ്ഞിന്റെ മുഖമായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ പതിയെ അകത്തേക്ക് നടന്നു. കട്ടിലിന്റെ കീഴില്‍ നിന്നും ആ പഴയ പെട്ടി വലിച്ചെടുത്തു. അതില്‍ നിന്നും ഞാന്‍ ആ ഡയറി എടുത്തു. അതിന്റെ താളില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ എന്നെ കുത്തി നോവിക്കുന്ന പോലെ തോന്നി. മഹാ അപരാധം. ഞാന്‍ ആ വാക്കുകള്‍ ഒന്നു കൂടി വായിച്ചു. "ടീച്ചര്‍ നിങ്ങള്‍ എന്ന്റെ മനസ്സില്‍ മരിച്ചു കഴിഞ്ഞു . ഇനി ഒരിക്കലും ഒരു പുനര്‍ജ്ജന്മം ഉണ്ടാവില്ലാ. എന്റെ സ്നേഹത്തിന്റെ മുകളിലും നിന്റെ മുകളിലും ഞാന്‍ അരിയും പൂവും അര്‍പ്പിക്കുന്നു." ഞാന്‍ തകര്ന്നു നിലത്തു കിടന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു. എന്റെ സുഹൃത്തുകള്‍ എന്നെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ പകച്ചു നിന്നു. എന്റെ ടീച്ചറുടെ ഫോട്ടോയില്‍ നോക്കിയപ്പോള്‍ അവര്‍ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി. എന്തെ ഈ ഡിസംബര്‍ എനിക്ക് വേദനകള്‍ മാത്രം സമ്മാനിക്കുന്നു. ഡിസംബറിന്റെ താളുകള്‍ ഞാന്‍ വലിച്ചു കീറി. എനിക്ക് നഷ്ടങ്ങള്‍ സമ്മാനിക്കാന്‍ മാത്രമായി ഒരു ഡിസംബര്‍. എന്റെ മനസ്സില്‍ ഒരു ചെമ്പകമരം കട പുഴകി നിലം പതിച്ചു. എങ്ങു നിന്നോ വരുന്ന ഒരു പനിനീര്‍ പൂവിന്റെ സുഗന്ധം എന്നെ മൂടിയ പോലെ എനിക്ക് തോന്നി. പക്ഷെ ആ പൂക്കള്‍ വാടിയിരുന്നു.

ടീച്ചറുടെ ഫോട്ടോ നെഞ്ചോടടക്കി ഞാന്‍ വാവിട്ടു കരഞ്ഞു പറഞ്ഞു. "എന്റെ ടീച്ചര്‍ എനിക്ക് മാപ്പു തരില്ലേ"

(അവസാനിച്ചു)

Tuesday, November 18, 2008

ഒരു ഡിസംബറിന്റെ നഷ്ടം - രണ്ട്

മുകളില്‍ എത്തിയതും ഞാന്‍ പതുക്കെ കുത്താന്‍ (മഷീനില്‍) ആരംഭിച്ചു. അവള്‍ എന്നെ ഒളികണ്ണിട്ടു നോക്കികൊണ്ടെയിരുന്നു. പതുക്കെ ഞാന്‍ ഡയറി എടുത്തു നോക്കി അതില്‍ എഴുതിയതോരോന്നും ഞാന്‍ മറിച്ചു നോക്കി കൂട്ടത്തില്‍ അതില്‍ നിന്നും താഴെ വീണ അവളുടെ ഫോട്ടോയ്ക്ക്‌ കൂടുതല്‍ ഭംഗി ഉള്ള പോലെ തോന്നി. ഫോട്ടോ എടുത്തു നിവരവെ അവള്‍ മുന്നില്‍ നിറ കണ്ണുകളുമായി. ഒന്നും മിണ്ടാതെ ഞാന്‍ മെഷിന്റെ മുകളിലേക്ക് ചാഞ്ഞു. ( പണ്ടു അമ്പലക്കടന്റെ കാലില്‍ രാത്രിയില്‍ ഈര്‍ക്കില്‍ കൊണ്ടു മുറിഞ്ഞപ്പോള്‍ അവന്റെ കരച്ചില്‍ കെട്ട് ഓടിയെത്തിയ സിദ്ദപ്പായി പറഞ്ഞു "ഇത് എട്ടടി മൂര്‍ഖന്‍ തന്നെ", എന്ന് പറകേം അമ്പലക്കാടന്‍ ഫ്ലാറ്റ്) അമ്പലക്കാടന്റെ അതെ വീഴ്ച. അതില്‍ മെഷീന്‍ തുള്ളി വിറച്ചു. അതിന്റെ പ്രകമ്പനങ്ങള്‍ ഇന്‍സ്ടിടുടില്‍ പ്രതിഫലിച്ചു. താഴത്തെ കടയിലെ വാസു ചേട്ടന്‍ കടയില്‍ നിന്നും പുറത്തു ചാടി ""എസ്കേപ്"" എന്ന് അലറി വിളിച്ചു. അതുകണ്ട് കടയില്‍ ഇരുന്നു ആരും കാണാതെ വാസു ചേട്ടന് നാലാമത്തെ പെഗ് ഒഴിച്ച കളരി സജി "അപ്പോള്‍ പകല്‍ അടിച്ച സാധനം ഇത്ര കുഴപ്പമായോ" എന്ന് ആത്മഗതം ചെയ്തു. അപ്പോള്‍ രണ്ടു തുള്ളി കണ്ണീര്‍ എന്റെ കയ്യില്‍ പതിച്ചു. (രണ്ടാണോ അഞ്ചാണോ എന്ന് എണ്ണാന്‍ പറ്റിയില്ല, ക്ഷമിക്കണം). ഞാന്‍ മുഖമുയര്‍ത്തിയപ്പോള്‍ അവള്‍ എന്റെ കൈയില്‍ പിടിച്ചു എന്നിട്ട് പറഞ്ഞു,

"ഒത്തിരി ഇഷ്ടമാണ് പക്ഷെ എല്ലാവരും എന്നെ കുറ്റം പറയുന്നു, ഇതു നിന്റെ പ്രായത്തിന്റെ ചപലത ആണ് മറക്കണം. മറന്നേ പറ്റൂ. ഇല്ലെങ്കില്‍ നാളെ ഇല്ലാവരും എനിക്കെതിരാവും. ഇതു വരെ ഒരു പേരുദോഷം ഞാന്‍ കേല്പിച്ചിട്ടില്ല. എനിക്കും ഒരു കുടുംബം ഉണ്ട്. അവരെ നോക്കണം. അത് കൊണ്ടു മറക്കണം. ഒരിക്കല്‍ ഇതെല്ലം തമാശയായി തോന്നും. ഒരു പാടു വലുതായി കഴിഞ്ഞു ഈ ഡയറി താളുകള്‍ മറിച്ചു നോക്കുമ്പോള്‍ കുറുപ്പിന് തന്നെ തോന്നും അതെല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു".

ഒന്നും മിണ്ടാതെ ഞാന്‍ എഴുന്നേറ്റു. എന്തൊക്കെ പറയണം എന്നുണ്ട്. പക്ഷെ ഒരു വിങ്ങല്‍. എന്തേലും പറഞ്ഞാല്‍ കരഞ്ഞു പോകും എന്ന് തോന്നി. കണ്ണുനീര്‍ അവളുടെ മുഖം മറക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി വേഗത്തില്‍ എന്റെ വാഹനം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ശങ്കര്‍ ജീപ്പ് ഓടിക്കുന്ന സങ്കല്പത്തില്‍ ചവിട്ടി വീട്ടിലെത്തി. മുറ്റത്ത്‌ ഉണക്കാന്‍ അമ്മ ഇട്ടിരുന്ന മുളകിന്റെ മുകളില്‍ ആണ് ലാന്‍ഡ്‌ ചെയ്തത് എന്ന് അമ്മ കുടത്തിനു അടിച്ചപ്പോള്‍ ആണ് തിരിച്ചറിഞ്ഞത്. ഒന്നും മിണ്ടാതെ അകത്തേക്ക് പോകുന്ന മകനെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. സാധാരണ ഗേറ്റ് എത്തുമ്പോള്‍ തന്നെ ചോറ് വിളംബിക്കോ എന്ന് പറയുന്ന മകന് ഇതു എന്ത് പറ്റി. ഇനി എന്ന് മീന്‍ കിട്ടിയില്ല എന്ന് ഇവന്‍ അറിഞ്ഞോ എന്നൊക്കെ ആലോചിച്ചു ഒടുവില്‍ വേണേല്‍ വന്നു കഴിക്കെട്ടെ എന്ന് പറഞ്ഞു പായയില്‍ നിന്നും മണലിലേക്ക്‌ ഷിഫ്റ്റ് ചെയ്ത മുളകിന്റെ റീ ഷിഫ്റ്റ് നടത്താന്‍ തുടങ്ങി. ഞാന്‍ പതുക്കെ എന്റെ മുറിയില്‍ കയറി എന്നിട്ട് ഒരുപാടു തവണ ആലോചിച്ചു. എന്ത് ചെയ്യണം? വാട്ട് ഐ വില്‍ ഡു? അപുന്‍ ക്യാ കരെന്ഗ്ഗെ യാര്‍? മലയാളത്തിലും ഇന്ഗ്ലിഷിലും ഹിന്ദിയിലും ആലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തില്‍ ഞാന്‍ എത്തി.

എന്നിട്ട് ഇന്നസെന്റ് പ്രേതത്തെ കണ്ടു ബലം പിടിച്ചു ധൈര്യം എടുത്തപോലെ ഞാന്‍ പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്നു എന്നിട്ട് സത്യന്‍ മാഷ്‌ പറഞ്ഞപോലെ പറഞ്ഞു. ""അമ്മേ ഞാന്‍ ഉടന്‍ ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചു"". അമ്മ ആദ്യം ഒന്നു ഞെട്ടി. ആ ഞെട്ടലിനു ഇഫക്ട് പോരാത്തതിനാല്‍ ഡീ ടീ എസില്‍ ഒന്നു കൂടി ഞെട്ടി. പിന്നെ പറഞ്ഞു ""എന്റെ പ്രീതികുളങ്ങര അമ്മേ ഞാന്‍ വഴിപാടു നേര്ന്നതിനു പ്രയോജനം ഉണ്ടായി"". എന്ന് പറഞ്ഞു അതിന്റെ കൂടെ വേറെ കുറെ additional വഴിപാട് നേര്‍ന്നു. ചുറ്റുവട്ടത്തുള്ള അമ്പലത്തിലെ ദൈവങ്ങള്‍ ഉച്ച ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. പതിനഞ്ചു കിലോമീറ്റെര്‍ അകലത്തില്‍ വില്ലേജ് ഓഫീസില്‍ ഇരുന്ന അച്ഛന്‍ വരെ ഞെട്ടി എങ്ങനെ ഇതൊക്കേ വീടാന്‍ കാശ് ഉണ്ടാക്കും എന്നോര്‍ത്ത്. അന്ന് എനിക്ക് രാത്രിയില്‍ മീന്‍ വറുത്തത് അമ്മ ചീത്ത പറയാതെ കൂടുതല്‍ തന്നു. അത് കണ്ടു എന്റെ അനിയന്‍ കുറുപ്പ് ഡല്‍ഹി ഇത്ര സംഭവമാണോ എന്നോര്‍ത്ത് ആരാധനയോടെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു "ഞാനും ടൈപ്പ് പഠിക്കാന്‍ പോകും. എനിക്കും കിട്ടണം മീന്‍ വറുത്തത്" എന്ന് വിളംബരം ചെയ്തു.

അന്നത്തെ രാത്രി ആ ഡയറിയില്‍ നഷ്ട പ്രണയത്തിന്റെ നൊമ്പരങ്ങള്‍ എഴുതി അവളുടെ ഫോട്ടോയും നോക്കി കഴിച്ചു കൂട്ടി. കൃത്യം പദ്രണ്ട് മണിക്ക് തന്നെ തയ്യാറായി നേരെ ഇന്‍സ്ടിടുടിലേക്ക് തിരിച്ചു. ഭാഗ്യം ആരുമില്ലായിരുന്നു. ഞാന്‍ അവള്ള്‍ക്ക് അഭിമുഖമായി ഇരുന്നു. എന്നിട്ട് പറഞ്ഞു. "ടീച്ചര്‍ പറഞ്ഞതാണ്‌ ശരി. എനിക്കിനി എവിടെ നില്ക്കാന്‍ പറ്റില്ല. ടീച്ചറെ മറ്റൊരാള്‍ സ്വന്തമാക്കുക ഞാന്‍ അതുകണ്ട് മോഹന്‍ലാല്‍ കിരീടത്തില്‍ പാര്‍വതിയുടെ കല്യണം കഴിഞ്ഞു പോവുമ്പോള്‍ മാവിന്‍ ചോട്ടില്‍ നിന്നു കരയുന്ന പോലെ എനിക്കാവാന്‍ പറ്റില്ല. പോവുന്നു ഞാന്‍ ഈ നാടും എന്റെ ടീച്ചരേം ഉപേക്ഷിച്ചു. ഇനി ഒരിക്കലും ഞാന്‍ ഒരു കാരണം ആവില്ല. എന്റെ മനസ്സില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞു. ജീവിതത്തിന്റെ അഗാധമായ ഒഴുക്കിലും ചുഴിയിലും പെട്ട് നമ്മള്‍ പല തുരുത്തില്‍ ആയി പോകും എങ്കിലും ഈ ഡയറി എന്റെ കൂടെ എന്നും ഉണ്ടാവും." ഞാന്‍ ഡയറി താളുകള്‍ മറിച്ചു. അന്നത്തെ ദിവസം ഡിസംബര്‍ പതിനഞ്ചു. അതിന്റെ താളില്‍ ഞാന്‍ എഴുതി.

"ടീച്ചര്‍ നിങ്ങള്‍ എന്ന്റെ മനസ്സില്‍ മരിച്ചു കഴിഞ്ഞു . ഇനി ഒരിക്കലും ഒരു പുനര്‍ജ്ജന്മം ഉണ്ടാവില്ലാ. എന്റെ സ്നേഹത്തിന്റെ മുകളിലും നിന്റെ മുകളിലും ഞാന്‍ അരിയും പൂവും അര്‍പ്പിക്കുന്നു."

എനിക്കറിയില്ല ഞാന്‍ എന്തിന് അങ്ങനെ എഴുതി എന്ന്. എന്നിട്ട് നേരെ പോസ്റ്റ് ഓഫീസില്‍ വന്നു പനിനീര്‍ ചെമ്പകത്തിന്റെ മുകളിലേക്ക് മൌഗ്ലിയെ പോലെ ഞാന്‍ തൂങ്ങി. എന്റെ കൈയില്‍ ഒരു കുമ്പിള്‍ പൂവിറുത്തു ഞാന്‍ തിരിച്ചെത്തി. ടീച്ചറുടെ കൈയില്‍ അത് കൊടുത്തു ഞാന്‍ പറഞ്ഞു.

"എന്റെ അവസാന സമ്മാനം. ഈ പനിനീര്പൂക്കള്‍ വാടുമെങ്കിലും അതിന്റെ സുഗന്ധം എന്റെ നഷ്ട പ്രണയത്തിന്റെ വേദന പേറുന്ന ആ സുഗന്ധം നിന്നെ പൊതിയാതിരിക്കട്ടെ. നല്ലൊരു ജീവിതം കിട്ടുവാന്‍ പ്രാര്‍ത്ഥിക്കാം, ഇനി നമ്മള്‍ അന്യര്‍ മാത്രം. കണ്ടു മറന്ന സ്വപ്നം പോലെ മറക്കാം".

എന്റെ കൈയില്‍ അമര്‍ത്തി പിടിച്ചു ടീച്ചര്‍ അന്നാദ്യമായി ഒരുപാടു കരഞ്ഞു. പിന്നെ എന്റെ കൈയില്‍ ഒരു ചുംബനവും, എന്നിട്ട് പറഞ്ഞു ""നമ്മള്‍ നമ്മളെ മാത്രമെ അറിയുന്നുള്ളൂ. നമ്മളുടെ സ്നേഹം മാത്രമെ അറിയുന്നുള്ളൂ. നമ്മളുടെ ചുറ്റും ഒരു സമൂഹം ഉണ്ട്. നമ്മള്ള്‍ക്ക് ഒരു കുടുംബം ഉണ്ട്. എന്റെ മനസ്സില്‍ നീ മാത്രമെ ഉള്ളു. നിന്നെ മാത്രമെ എനിക്ക് സ്നേഹിക്കാന്‍ ആവൂ. പക്ഷെ ഒരുമിക്കാന്‍ പാടില്ല. അത് ശരിയാവില്ലാ. നീ എവിടെ പോയാലും നന്നായി ജീവിക്കുക. ഇപ്പോള്‍ നിന്റെ ജീവിതം തുടങ്ങിയതെ ഉള്ളു. നിന്റെ അച്ഛന്‍ അമ്മ അവരെ വേദനിപ്പിക്കാന്‍ പാടില്ല. പ്രത്യേകിച്ചും നിന്റെ അമ്മ. അവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാകാന്‍ പാടില്ല. ദൈവം ഉണ്ടാവും കൂടെ. പിന്നെ എന്റെ പ്രാര്‍ത്ഥനകളും. ശാന്തമായി പോവുക." പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല. ഓര്‍ത്തപ്പോള്‍ ശരിയാണ് അവള്‍ പറഞ്ഞതു എന്ന് തോന്നി. ഞാന്‍ ഒരു പതിനെട്ടു വയസുകാരന്‍. എങ്ങുമെത്താതെ അച്ഛന്റെ കാരുണ്യം കൊണ്ടു കഴിയുന്ന ഞാന്‍ എന്ത് ചെയ്യാന്‍. കുടുംബത്തിന്റെ മാനം കളഞ്ഞു കുളിച്ച അലവലാതി എന്ന് പറയാന്‍ കാത്തിരിക്കുന്ന ബന്ധുക്കളാണ് ചുറ്റും. ഒപ്പം വളര്‍ത്തു ദോഷത്തിന്റെ പേരില്‍ അമ്മയെ ക്രൂശിക്കാനും. അമ്മയുടെ മുഖം മനസ്സില്‍ വന്നതേ ഞാന്‍ ഡിസന്റ് ആയി. ഉള്ള കാര്യം പറയാലോ അമ്മയെ എനിക്കിപ്പോളും പേടിയാണ്. (എക്സൈസ് കാരെ കണ്ട വാറ്റുകാരന്റെ അവസ്ഥ) ഒടുവില്‍ യാത്രയും പറഞ്ഞു ഞാന്‍ ഇറങ്ങി. അവര്‍ താഴെ വരെ വന്നു യാത്രയാക്കി. വാസു ചേട്ടനോടും കളരി സജിയോടും പോസ്റ്റ് ഓഫീസിലെ അണ്ണന്മാരോടും യാത്ര പറഞ്ഞു ഇറങ്ങി. തിരിഞ്ഞു നോക്കുബോള്‍ ടീച്ചറെ കാണുന്നില്ല്ലാ. ചിലപ്പോള്‍ ആള്‍ക്കാര് കാണുന്ന പേടിയാവും പാവം. പതിയെ എന്റെ വാഹനം മുന്നോട്ടു നീങ്ങി. ഇടക്ക് മുകളിലെ ജനലയിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അതിന്റെ അഴികളില്‍ അവള്‍. രണ്ടാമത് നോക്കാന്‍ കഴിഞ്ഞില്ലാ. ഇനി അവള്‍ എന്റെ അല്ലല്ലോ. ഇനി എന്റെ വഴികളിലും സ്വംപ്നങ്ങളിലും അവളില്ലാ. പക്ഷെ എനിക്ക് മറ്റൊരു ടെന്‍ഷന്‍ കൂടി ഉണ്ടാരുന്നു. ഇനി നാളെ ഇവള്‍ വിവാഹം കഴിച്ചു കഴിയുമ്പോള്‍ ഇവളുടെ മുന്‍പില്‍ ചെന്നു പെട്ടാല്‍ അവള്‍ അവളുടെ ഭര്‍ത്താവിനോട് എന്ത് പറയും. "ദേ ഞാന്‍ പഠിപ്പിച്ച കുട്ടിയാ, എന്നെ പ്രേമിക്കണം എന്ന് പറഞ്ഞു നടക്കുവാരുന്നു, എന്ന് പറഞ്ഞു പരിഹസിക്കുമോ, എങ്ങനെ ഒക്കെ പോയി എന്റെ ചിന്തകള്‍. ബാലിശം അല്ലാതെ എന്ത്.

അങ്ങനെ വീട്ടില്‍ എത്തി. പിന്നെ മമ്മൂട്ടി അഴകിയ രാവണനില്‍ ബോട്ടില്‍ കേറീട്ട് "ഇനി വീണ്ടും ശങ്കര്‍ ഭായ്" എന്ന് പറയണേ പോലെ ഞാന്‍ എന്റെ പാക്കിംഗ് / പാര്‍ട്ടി അങ്ങനെ കാര്യങ്ങളില്‍ മുഴുകി. നാളെയാണല്ലോ എനിക്ക് പോവേണ്ടത്. എല്ലാം പെറുക്കി വച്ച കൂട്ടത്തില്‍ ഞാന്‍ ഡയറി എടുത്തു മുകളില്‍ വച്ചു. ടീച്ചറിന്റെ ഫോട്ടോ ഒന്നു കൂടി നോക്കി. അവള്‍ എന്നോട് എന്തോ പറയുന്ന പോലെ തോന്നി. തോന്നിയതിരിക്കും, കുറച്ചല്ലല്ലോ അടിച്ചത്. അങ്ങനെ പലതും തോന്നും. പുതിയ സ്വപ്നങ്ങളെ കണ്ടു നഷ്ടപെട്ട സ്വപ്നങള്‍ക്ക് കണ്ണീര്‍ കൊണ്ടു അഭിഷേകം ചെയ്തു ഞാന്‍ എപ്പഴോ ഉറങ്ങി.

പിറ്റേന്ന് കാലത്തു കുളിച്ചു ഈറന്‍ ഉടുത്തു പ്രീതികുളങ്ങര അമ്മയുടെ അനുഗ്രഹം വാങ്ങി തിരുമേനിയുടെ കൈയില്‍ നിന്നും പ്രസാദം വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു. ഈ അമ്മയാണ് എന്നെ വളര്‍ത്തിയത്‌, ഈ തിരുമുറ്റത്ത്‌ ആണ് ഞാന്‍ ആദ്യമായി പിച്ച വച്ചത്, ഈ അമ്മയും ഈ അമ്പലവും മുങ്ങികുളിച്ച് മറിഞ്ഞ അമ്പലക്കുളവും എല്ലാം എന്നെ തിരിച്ചു വിളിക്കുന്നപോലെ എനിക്ക് തോന്നി. ഞാന്‍ വേഗത്തില്‍ നടന്നു വീട് ലക്ഷ്യമാക്കി.ഒടുവില്‍ തയ്യാറായി അച്ഛമ്മയുടെ തോളില്‍ കിടന്നു കരഞ്ഞു യാത്ര പറയുമ്പോള്‍ ഞാന്‍ ആ പഴയ അഞ്ചു വയസുകാരന്‍ ആയി മാറി. ഒടുവില്‍ അമ്മയുടെ തേങ്ങലും നെറുകയില്‍ അച്ഛന്റെ അനുഗ്രഹവും അനിയന്‍ കുറുപ്പിന്റെ അണ്ണാ എന്ന കരച്ചിലും, ബന്ധുമിത്രാധികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയും, എന്റെ കൂട്ടുകാര്‍ ആയ അപ്പാച്ചി സൈനു, ഊഞ്ഞാല്‍ , നമ്പോലന്‍, അമ്പലക്കാടന്‍, ചീങ്ങണ്ണി, ചീവീട്, ഇടിതാങ്ങി,എന്നിവരുടെ "ഇനി ഞങ്ങള്ക്ക് ഷെയര്‍ ഇടാന്‍ ആരുണ്ടെടാ" എന്ന ചോദ്യവും കടന്നു മംഗള എക്സ്പ്രസ്സിന്റെ എസ് ഇലെവെന്‍ ബോഗിയില്‍ കയറി. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ കേട്ട കൂട്ടകരച്ചില്‍ കേട്ട് ബര്‍ത്തില്‍ കിടന്നു ഞാന്‍ ആലോചിച്ചു, "ദൈവമേ ഈ ഡല്ഹി എന്ന് പറയുന്ന സാധനം ഇന്ത്യയില്‍ തന്നെ അല്ലെ, ഗള്‍ഫിലോട്ടു പോകാഞ്ഞത്‌ ഭാഗ്യം"

അങ്ങനെ ഒരു പുതിയ ലോകത്തിലേക്ക്‌ ഉറ്റവര്‍, ഉടയവര്‍ എല്ലാരേയും ഉപേക്ഷിച്ചു, ഞാന്‍ മംഗള എക്സ്പ്രസ്സിന്റെ താരാട്ടു പാട്ടിലേക്ക് മയങ്ങാന്‍ തുടങ്ങി.

(തുടരും)

Monday, November 17, 2008

ഒരു ഡിസംബറിന്റെ നഷ്ടം

പ്രീഡിഗ്രി തോറ്റു തെക്ക് വടക്ക് നടക്കുന്ന കാലം. ഉള്ളില്‍ ഒരു വിളി വന്നു ഡാ കുറുപ്പേ നീ ടൈപ്പ് പഠിക്കാന്‍ പോകാടാ എന്ന്. അങ്ങനെ അശ്വതി ഇന്‍സ്ടിടുടില്‍ ഞാനും abcdefgh കുത്താന്‍ തുടങ്ങി. കുത്തി കുത്തി കീബോര്ഡ് എന്നെ നോക്കി ദയനിയമായി പറഞ്ഞു എന്തിനാടാ ശവതെല്‍ കുത്തുന്നെ എന്ന്. ദെ പിന്നേം വിളി വന്നു. shorthandപഠിക്കണം. കാരണം മറ്റൊന്നുമല്ല. ഓ.പി.ആറിന്റെ ഷേപ്പും ഓ സീ ആറിന്റെ മധുരവും ഒത്തിണങിയ ഒരു സുന്ദരി കുട്ടി ആയിരുന്നു shorthand ടീച്ചര്‍. അങ്ങനെ ടൈപ്പ് & കുഞ്ഞുകൈ ഒരുമിച്ചു കൊണ്ടു പോയി ഞാന്‍ ഒരു വിധത്തില്‍. പലപ്പോഴും ഞങ്ങള്‍ ഒറ്റക്കായിരുന്നു രാവിലത്തെ പതിനൊന്നു മുതല്‍ പദ്രണ്ടു മണി വരെ. കാരണം പലരും പതിനൊന്നു മണിക്കേ സ്ഥലം കാലിയാക്കും. പ്രായത്തിന്റെ ചപലത കൊണ്ടോ എന്തോ എനിക്ക് ടീച്ചറോട്‌ എന്തോ ഒരിത്. അണ്ണാ അത് തന്നെ. ഒന്നാം തിയതി ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ആര്‍മി ചേട്ടന്റെ കൈയില്‍ നിന്നും ബ്ലാക്കില്‍ celebration വാങ്ങി കൊണ്ടു വരുന്ന കൂട്ടുകാരനോട് തോന്നുന്ന അതെ സ്നേഹം. പതുക്കെ പതുക്കെ അത് വളര്ന്നു പന്തലിച്ചു. അതില്‍ പടവലങ്ങ ഉണ്ടായി. ചിലത് വാടി പോയി. ഒടുവില്‍ പന്തലും വാടും എന്ന സ്ഥിതി വന്നപ്പോള്‍ തുറന്നു പറഞ്ഞു. ആദ്യം അവര്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഞാന്‍ വിട്ടില്ല shorthand പഠിപ്പിച്ച അവര്ക്കു shorthandil തന്നെ ലവ് ലെറ്റര്‍ കൊടുത്തു. ആദ്യത്തെ ബലം പിടുത്തം ആദ്യമായി ഒരു പെഗ്ഗ് ഉള്ളിലോട്ടു പോണ പോലെ ആയി. അതായതു മുഖംച്ചുളിക്കള്‍, തല കുടയല്‍ അങ്ങനെ എന്തൊക്കെ. അത് കഴിഞ്ഞു അടുത്തത് ഒഴിച്ചാലോ ചറ പറ അടിയും . ഈ പ്രേമവും അങ്ങനെ തന്നെ ആണ്. ഞങ്ങളുടെ പ്രേമത്തില്‍ . ഒരേ ഒരു പ്രശ്നം അവര്‍ എന്നേക്കാള്‍ നാലഞ്ചു വയസിനു മൂത്തതായിരുന്നു. അച്ഛന്റെ ചിലവില്‍ കഴിയുന്നു എങ്കിലും ഡയലോഗ് ഞാന്‍ കുറച്ചില്ല. ആരൊക്കെ എതിര്‍ത്താലും നിന്നെ ഞാന്‍ കെട്ടും അതിനുള്ള കഴിവ് എനിക്കുണ്ട് എന്നൊക്കെ തട്ടി വിട്ടു. ടൈപ്പ് കഴിഞ്ഞാല്‍ അവരെ കൊണ്ടു വീട്ടില്‍ ആക്കുക, പോസ്റൊഫ്ഫിസില്‍ കയറി പനിനീര്‍ പൂക്കള്‍ പറിച്ചു കൊടുക്കുക അങ്ങനെ മിനിമം കഴിവുകള്‍ ഞാനും കാണിച്ചു പോന്ന്നു. ഇടക്ക് സാധനങ്ങള്‍ വാങ്ങാന്‍ അമ്മ മാര്‍ക്കറ്റില്‍ വരുമ്പോള്‍ പരമാവധി വേഗത്തില്‍ ബൈക്കില്‍ പറക്കുക (ബീ എസ് എ - എസെല്ലാര്‍)പേടിച്ചിട്ടൊന്നുമല്ല വെറുതെ എന്തിനാ അവളുടെ മുന്‍പില്‍ റേഷന്‍ കടയിലെ മണ്ണെണ്ണ ചുമക്കണം. അമ്പലത്തില്‍ വൈകിട്ട് ഡ്യൂട്ടി ഉള്ളതുകൊണ്ട് ആരും കാണാതെ അവള്ക്ക് പുഷ്പാഞ്ജലി കഴിക്കുക അങ്ങനെ എന്തൊക്കെ ആയിരുന്നു. ഒടുവില്‍ എന്റെ ഈ ടൈപ്പ് ഉല്സാഹം കണ്ടു വീടുകാര്‍ ഞാന്‍ ഒരു ടൈപ്പ് കോളേജ് തുടങ്ങാന്‍ കാശു ചോദിക്കുമോ എന്ന് വരെ ഭയന്ന് അച്ഛന്‍ ആധാരം എടുത്തു മാറ്റി വച്ചു. ഒരു ആധാരം പോയിട്ട് സര്‍വ്വേ കല്ലിനു പോലും എന്നെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പയ്യെ പയ്യെ ഈ പ്രേമം കിടിലന്‍ ആയി വളര്‍ന്നു. പരസ്പരം കാണാതിരിക്കാന്‍ വയ്യ, മിണ്ടാതിരിക്കാന്‍ വയ്യ. അന്നും എനിക്കുള്ള ഒരേ ഒരു ഗുണം (വീട്ടുകാര്‍ പറഞ്ഞതാ) ഡയറി മുടങ്ങാതെ എഴുതും. ആ വര്ഷത്തെ ഡയറി എനിക്ക് സമ്മാനമായി തന്നതും അവള്‍ ആയിരുന്നു. പക്ഷെ ഒരു നിബന്ധന മാത്രം. അവളെ കുറിച്ചേ എഴുതാവൂ. അന്ന് മുതല്‍ കപീഷ്, മായാവി, ഡിങ്കന്‍, സൂത്രന്‍, എന്നീ കഥാപാത്രങ്ങളെ കണ്ടു പരിചയം ഉള്ള ഞാന്‍ വായനശാലയില്‍ മെംബെര്‍ഷിപ്‌ എടുത്തു. (എന്റെ കൂടുകാര്‍ എന്നും കളിയാക്കാറുണ്ട് രാഷ്ട്രദീപികയുടെ നടുവിലെ പടം കാണാനാണ് എന്ന്) അവന്മാര്‍ക്ക് അറിയില്ലല്ലോ കരളിന്റെ വേദന. ക്ഷമിക്കണം അന്നെന്നിക്ക് കരള്‍ ഉണ്ട്. അങ്ങേനെ എം ഡി, ബഷീര്‍, തകഴി എന്നൊക്കെ മനസിലാക്കാന്‍ പറ്റി. പ്രേമത്തിന്റെ ഓരോ ഗുണങ്ങളെ. അങ്ങനെ ഈ പ്രേമം എല്ലാ വേലിക്കെട്ടുകളും ചവിട്ടി മെതിച്ചു. അതിന്റെ ചുള്ളികമ്പ് പെറുക്കി എടുത്തു ഞങ്ങള്‍ അടുപ്പില്‍ വച്ചു തീ കത്തിച്ചു കഞ്ഞിയും പയറും ഉണ്ടാക്കി കഴിച്ചു മുന്നേറി.

ഒരു ദിവസം ഞാന്‍ ഇന്‍സ്ടിടുടില്‍ ചെന്നപ്പോള്‍ എന്നോട് അവര്‍ മിണ്ടുന്നില്ല. അണ്ണാ ഒന്നാം തീയതി ആണെന്നറിയാതെ ഓടി ബെവേരേജില്‍ ചെന്നു നിരാശനായി ഷാപ്പില്‍ ചെന്നപ്പോള്‍ ദെ കള്ളില്ല എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ഫീലിങ്ങ്സ്. ഒരുപാടു തവണ കരഞ്ഞു ചോദിച്ചു ഒരേ ഒരു വാചകം മാത്രം. ഡോണ്ട് ടോക്ക് ടൂ മീ. (raapidex ഉള്ളത് കൊണ്ടു അത് മനസിലായി എന്നത് മറ്റൊരു സത്യം) എന്നാല്‍ കാരണം പറ അതുമില്ല. ആ വിഷമത്തിന് ഞാന്‍ ഓ പീ അറെന്നോ, ഓ സീ ആരെന്നോ നോക്കാതെ അടിച്ച്. ഇടയ്ക്ക് സല്‍സ വന്നപ്പോള്‍ അതും അടിച്ചു. എന്റെ കൂടുകാര്‍ എന്റെ ദുഃഖത്തില്‍ പങ്കു കൊണ്ടു പൊറോട്ടയും ബീഫിനും ഓര്‍ഡര്‍ കൊടുത്തു. രഘു ചേട്ടന്റെ തട്ടുകട എന്റെ താജ് മഹല്‍ ആയി. അവിടുത്തെ കറുകറുത്ത ബെന്ചില്‍ ഞാന്‍ താജ് മഹല്‍ വരച്ചു കളിച്ചു. അന്നുവരെ ഓരോ ഷെയര്‍ അടിക്കും കണക്കു എഴുതി വയ്ക്കുന്ന അപ്പാച്ചി സൈനു വരെ എല്ലാം കുറുപ്പിന്റെ ചിലവില്‍ പോരട്ടെ അവന്‍ അത്രയ്ക്ക് തകര്‍ന്നു നമ്മള്‍ അവനെ വിട്ടു പോവാന്‍ പാടില്ല എന്ന് പറഞ്ഞു. അത് കേട്ടു അമ്പലക്കാടന്‍ ഒരു കവിതയും ചൊല്ലി. പൈസ തീര്‍ന്നപ്പോള്‍ അച്ഛമ്മ കണ്ണ് കിട്ടാതിരിക്കാന്‍ ഉണ്ടാക്കി തന്ന മാലയും തകിടും plaza ബാറില്‍ കൊടുത്തു ഞങ്ങള്‍ ദുഃഖം പരസ്പരം പങ്കു വച്ചു. (ഞാന്‍ പങ്കു വച്ചു അവര്‍ എന്റെ കൂടി പങ്കു തിന്നു) അങ്ങനെ സങ്കട കടലിന്റെ തിരയില്‍ കയറി ഞങ്ങള്‍ അമ്പല പറമ്പില്‍ എത്തി. മദ്യം എത്തിച്ചു എന്നത് സത്യം. മാനം നോക്കി മലര്‍ന്നു കിടന്നു ഞാന്‍ ചങ്ക് പൊട്ടി കരഞ്ഞു. അന്നേരം നംബോലന്‍ വൈശാഖ് ഒരു കിടിലന്‍ ഐഡിയ തന്നു. യുറേക്ക ...... അവന്‍ പറഞ്ഞു അളിയാ നീ ഇനി അവളെ മൈന്‍ഡ് ചെയ്യണ്ട. നീ ടൈം മാറ്റണം. അവള്‍ ഇറങ്ങുപോള്‍ നീ കയറി ചെല്ലണം. എന്നിട്ട് അവള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കണം രഹസ്യമായി. അഥവാ അവള്‍ ശ്രദ്ധിച്ചാല്‍ നീ അവള്‍ തന്ന ഡയറി എടുത്തു എന്തേലും എഴുതണം എന്നിട്ട് കരയുന്ന പോലെ ചെയ്യണം എന്ന്. തകര്‍പ്പന്‍ ഐഡിയ. an idea can change your life എന്ന പഴമൊഴി കറക്റ്റ്. അവനെ കെട്ടി പിടിച്ചു ഉമ്മ വച്ചില്ല അപ്പോളേക്കും അവന്‍ വാളും പിന്നെ പഞ്ചാര മണലില്‍ പൂക്കളവും ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു. അന്ന് രാത്രിയില്‍ ഉറക്കം വന്നില്ല. കാരണം താമസിച്ചു വന്നതിനാല്‍ അമ്മ വാതില്‍ തുറന്നില്ല. ദേ ദിങ്ങട്ടു നോക്കിയെ തൊഴുത്തില്‍ മുടിഞ്ഞ കൊതുകാണ് കേട്ടാ. അങ്ങനെ നേരം വെളുത്തു. പിന്നെ കമ്പ്ലീറ്റ്‌ പ്ലാന്നിംഗ് ആയിരിന്നു ഇരുന്നും കിടന്നും ഒന്നു ഉറങ്ങിയും ഒക്കെ ആലോചിച്ചു. അതിനിടക്ക് പത്തു പദ്രണ്ടു ഇദ്ദലി തിന്നാന്‍ മറന്നില്ല. എനിക്കീ വിശപ്പിന്റെ അസുഖമുള്ള ആളാണെ (കടപ്പാട്: സലിം കുമാര്‍)
അങ്ങനെ നാലു മണിക്ക് ഞാന്‍ ഡയറി എടുത്തു കക്ഷത്തില്‍ വച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പിന്നെ കക്ഷത്തില്‍ നിന്നും എടുത്തു ബൈക്കിന്റെ കാര്ര്യിരില്‍ വച്ചു, എന്നിട്ട് ആഞ്ഞു ചവിട്ടി, സോറി ഗിയര്‍ മാറ്റി accelator കൊടുത്തു കോളേജ് എത്തിയതും വണ്ടി സ്റ്റാന്‍ഡില്‍ വച്ചതും ദെ പിന്നേം സോറി വണ്ടി പാര്ക്ക് ചെയ്തു ഞാന്‍ ജയന്‍ സ്റ്റെപ്പ് കേറുന്ന സ്റ്റയിലില്‍ കോണി കേറി മുകളില്‍ എത്തി. ഡും ഡും ഡും പീ പീ പീ (എന്റെ ഹൃദയം ഇടിപ്പ് കേട്ടു എനിക്ക് തന്നെ നാണം വന്നു)

(തുടരും)

Thursday, November 13, 2008

പ്രിയപ്പെട്ട ബ്ലോഗ് അണ്ണന്മാരെ അക്കന്മാരെ,  

ബ്ലോഗ് എഴുതണം എന്ന ആഗ്രഹവുമായി ചെന്നു കയറിയത് സാക്ഷാല്‍ ഒരു ബ്ലോഗ് പുലിയായ ഉസ്താദ്‌ കുറുമാന്‍ സാഹിബിന്റെ മുന്നില്‍. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണയായി എന്തൊക്കെ വായിച്ചിട്ടുണ്ട് എന്നൊരു ചോദ്യം. രണ്ടാം ക്ലാസ്സില്‍ തോറ്റ ഈ ഞാന്‍ എന്ത് വായിക്കാന്‍. ഒടുവില്‍ ചീട്ടുകളി പഠിപ്പിച്ച ക്ലാവര്‍ കുട്ടനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു, ബാലരമ, മുത്തുച്ചിപ്പി, ബാലഭൂമി, അമ്പിളി അമ്മാവന്‍ അങ്ങനെ അങ്ങനെ., പറഞ്ഞു തീര്‍ക്കും മുന്പേ കെട്ടിപിടിച്ചു കൂംബിനിടിച്ചു. ഒടുവില്‍ കുറുമാന്‍ സാഹിബിന്റെ വീടുപണിക്ക് പത്തു ലോഡ് മണലും അടിച്ച് കൊടുത്തു തുടങ്ങിയ യാത്ര.. അങ്ങനെ ഞാന്‍ ആദ്യമായി പിച്ചവക്കുന്നു ബ്ലോഗിന്റെ തിരുമുറ്റത്ത്‌. ദ്രോനചര്യരെ ഗുരുവായി സങ്കല്പിച്ചു ഏകലവ്യന്‍ മറഞ്ഞിരുന്നു വിദ്യ പഠിച്ചതുപോലെ, ഞാനും എന്റെ ഗുരുവായി കുറുമാന്‍ ആചാര്യനെ നമിക്കുന്നു. ആവോ അറിയില്ല അദേഹം എന്ത് ഗുരു ദക്ഷിണ ചോദിക്കും എന്ന്. എല്ലാവരും എന്നെ അനുഗ്രഹിക്കണം.