Wednesday, August 19, 2009

എന്‍റെ പച്ച പട്ടു പാവാട (അവസാന ഭാഗം)

ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടു നാണത്തില്‍ മുങ്ങിയ ഒരു ചിരിയുമായി അവള്‍ നിന്നു.
"ദേവിക്ക് എന്നെ എന്നെ ഇഷ്ടമായിരുന്നു അല്ലെ" അവള്‍ മുഖം കുനിച്ചു പറഞ്ഞു,
"അതെ, എന്താ നേരിട്ട് പറയാതെ, ചേട്ടനെ വിട്ടത്"
"എന്റെ പൊന്നു മോളെ, പേടി കൊണ്ടല്ലേ"

അങ്ങനെ ഒരു വിശുദ്ധ പ്രേമം അവിടെ തുടങ്ങി. അന്ന് അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു, ലോകം കീഴടക്കിയ സന്തോഷം, ഒരു പെണ്ണിന് എന്നെ ഇഷ്ടമായി എന്ന് അറിയുന്ന നിമിഷം, ഇനി മുതല്‍ അവള്‍ എന്‍റെ പെണ്ണ്, എനിക്ക് സ്വപ്നം കാണാന്‍, എന്നെ കാത്തിരിക്കാന്‍ ഒരുവള്‍. അന്ന് വൈകിട്ട് പ്രീതി കുളങ്ങര അമ്പലത്തില്‍ പോയി അവളുടെ പേരിലും എന്‍റെ പേരിലും വഴിപാടു നടത്തി. ഞങ്ങളെ തമ്മില്‍ ഒരിക്കലും വേര്‍ പിരിക്കല്ലേ എന്ന് അമ്മയോട് മനം നൊന്തു പ്രാര്‍ത്ഥിച്ചു. അതിനു ശേഷം ഊഞ്ഞാല്‍ ഗിരിഷിനു അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും വയറു നിറച്ചു പൊറോട്ട, ഇറച്ചി കറി, ഫ്രൈ ഒക്കെ വാങ്ങി കൊടുത്തു. (കള്ളടി അന്ന് ഇല്ല കേട്ടോ, ഇല്ലേല്‍ എപ്പം കുപ്പി, പൊട്ടിച്ചു എന്ന് ചോദിച്ചാല്‍ പോരെ)

പരസ്പരം ഒരു നിമിഷം പോലും കാണാന്‍ പറ്റാത്ത അവസ്ഥ. ദുഃഖങ്ങള്‍, സന്തോഷങ്ങള്‍, എല്ലാം പരസ്പരം പറയാന്‍, പങ്കു വക്കാന്‍ ഒരാള്. രാവിലെ ബസ്‌ സ്റ്റോപ്പില്‍ വന്നു, ഞാന്‍ ബസ്‌ കയറി പോകുന്ന വരെ അവള്‍ നോക്കി നില്‍ക്കും, വൈകിട്ട് ഒരുമിച്ചു ബസ്‌ സ്റ്റോപ്പില്‍ വന്നു ഒരുമിച്ചു ട്യൂഷന്‍ സെന്റര്‍. (ഞങ്ങളുടെ കോളേജ് രണ്ടു ദിക്കില്‍ ആണ്) ട്യൂഷന്‍ കഴിഞ്ഞു അവളുടെ വീടിന്റെ അടുത്ത് വരെ കൊണ്ട് ചെന്ന് ആക്കി, തിരിച്ചു വീട്ടിലേക്കു. പരസ്പരം സംസാരം കൂടാതെ കത്തുകളും ഞങ്ങള്‍ കൈ മാറി. രാത്രികളില്‍ ഇരുന്നു എഴുതി കൂട്ടിയ എത്ര പ്രേമ ലേഖനങ്ങള്‍. മകന്റെ പഠനത്തിന്റെ ശുഷ്‌ കാന്തി കണ്ടു അച്ഛനും അമ്മയും സന്തോഷിച്ചു.

ഞങ്ങളുടെ പ്രേമം അങ്ങനെ ട്യൂഷന്‍ സെന്റര്‍ മുഴുവന്‍ പതിയെ അറിയാന്‍ തുടങ്ങി, പലക അടിച്ച ചുമരുകളില്‍ ചോക്ക് കൊണ്ട് ശ്രീദേവി + ജീവന്‍ , എന്ന പരസ്യങ്ങള്‍ പ്രത്യക്ഷപെട്ടു. അതൊന്നും കാര്യം ആക്കാതെ ഞങ്ങള്‍ പുസ്തകങ്ങളിലും മറ്റും ഒളിപ്പിച്ചു പ്രേമ ലേഖങ്ങള്‍ കൈ മാറി. മറ്റു കുട്ടികള്‍ എല്ലാം പരസ്പരം പറഞ്ഞു ചിരിച്ചു. അങ്ങനെ പതിയെ കലവൂര്‍ മുഴുവന്‍ ഏക ദേശം സംഭവം ഫ്ലാഷ് ആയി മാറി. എന്‍റെ കോളേജില്‍ സമരം ഉള്ള ദിവസങ്ങളില്‍ ഞാന്‍ നേരെ ആലപ്പുഴ ടൌണില്‍ പോയി അവളെ കാത്തു നില്‍ക്കും, അവളുടെ കോളേജ് വിട്ടു കഴിഞ്ഞാല്‍ ടൌണില്‍ കൂടെ കറക്കം, മുല്ലക്കല്‍ തെരുവുകളി കൂടി, പൊരി വറുത്തതും തിന്നു വെറുതെ നടന്നു. ആന കുത്തി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു കല്യാണം കഴിഞ്ഞു എത്ര കുട്ടികള്‍ വേണമെന്നും, കുട്ടികളുടെ പേര് വരെ ഞങ്ങള്‍ തീരുമാനിച്ചു. (ഈ പ്രേമത്തിന്റെ ഓരോ കാര്യം). ചില ദിവസങ്ങളില്‍ ബീച്ചില്‍ പോയി കടല്‍ പാലത്തിന്റെ അടിയില്‍ മുട്ടിയുരുമ്മി കടലിലെ തിരകളില്‍ കാല് നനച്ചു ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. ഇടയ്ക്കു അവളുടെ ചുമലില്‍ കൈ വച്ച് ആ കണ്ണുകളില്‍ നോക്കി, "നിന്നെ എത്ര സ്നേഹിച്ചിട്ടും എനിക്ക് മതി വരുന്നില്ല മോളെ, " എന്ന് പറഞ്ഞപ്പോള്‍ "എനിക്കെന്റെ ജീവേട്ടന്‍ മാത്രം മതി " എന്ന് പറഞ്ഞു ഒരു കരച്ചിലോടെ എന്‍റെ നെഞ്ചില്‍ ചാഞ്ഞു കിടന്നവള്‍.

ഒരിക്കല്‍ ട്യൂഷന്‍ ക്ലാസ്സ്‌ കഴിഞ്ഞു സൈക്കിള്‍ തള്ളി അവളുടെ കൂടെ സംസാരിച്ചു ഞങ്ങള്‍ പതിവ്പോലെ നടന്നു വരുന്നു. കലവൂര്‍ മാര്‍ക്കറ്റ്‌ കഴിഞ്ഞു കിഴകോട്ടു തിരിഞ്ഞു, അപ്പോള്‍ എതിരെ ഒരു സ്ത്രീ കൈയ്യില്‍ സാധനങ്ങള്‍ ആയി വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മിന്നലും ഇടിയും എല്ലാം ഒരുമിച്ചു വെട്ടി. "എന്‍റെ അമ്മ" സൈക്കിളുമായി പോസ്റ്റ്‌ ഓഫീസിലേക്ക് ഒരു പാച്ചില്‍. ശ്രീദേവി പോലും അറിഞ്ഞില്ല ഞാന്‍ എവിടെ പോയി എന്ന്. അമ്മ പോയി കഴിഞ്ഞു ഞാന്‍ പതിയെ ഇടവഴിയിലൂടെ അവളുടെ മുന്നില്‍ എത്തി. അവള്‍ ഒന്ന് ഞെട്ടി നോക്കി എന്നിട്ട് ചോദിച്ചു

"എവിടെ പോയതാ, അത് ഒന്നും പറയാതെ, ഞാന്‍ പേടിച്ചു പോയി"
"എടീ ആ പോകുന്ന ആളെ കണ്ടോ", അവള്‍ തിരിഞ്ഞു നോക്കി,
"അതാണ് നിന്റെ അമ്മായി അമ്മ, സാക്ഷാല്‍ എന്‍റെ അമ്മ"
"അയ്യോ അമ്മയെ ഒന്ന് പരിചയ പെടുത്താന്‍ മേലാരുന്നോ,"
"ഉവ്വ നടന്നു, ഈ മാര്‍ക്കറ്റ്‌ ഒന്നും അമ്മ നോക്കില്ല, ഇവിടെ വച്ച് എന്നെ വെട്ടി നുറുക്കും, പിന്നീട് നിനക്കിട്ടു, ചെറുതായി വീട്ടില്‍ അറിഞ്ഞു കാര്യങ്ങള്‍, അത് കൊണ്ട് മോള് വീട്ടില്‍ പൊയ്ക്കോ, എന്‍റെ ഗ്യാസ് പോയി, എന്നിനി മൂഡില്ല" അവള്‍ യാത്ര പറഞ്ഞു നടന്നു നീങ്ങി.

എന്ത് പറഞ്ഞാലും എനിക്ക് അമ്മയെ ഇന്നും പേടി ആണ്, കള്ളത്തരം കാണിച്ചു അമ്മയുടെ മുന്നില്‍ നിന്നാല്‍ ഇന്നും എന്‍റെ കൈയും കാലും വിറക്കും, കാരണം അമ്മ ഒന്ന് നോക്കി മൂളിയാല്‍ സത്യം പറഞ്ഞു പോകും, സീ ബീ ഐ യുടെ നുണ പരിശോധന ഒന്നും വേണ്ട, അല്ലാതെ തന്നെ പറഞ്ഞു പോവും.

അങ്ങനെ രണ്ടാം വര്ഷം പരീക്ഷ വന്നു, ഞാന്‍ ആത്മാര്‍ഥമായി എഴുതി, (കാരണം ഒന്നാം വര്ഷം മലയാളം ഒഴിച്ച് ഒന്നും കിട്ടിയില്ലായിരുന്നു). അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞു രണ്ടാം വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നു. എന്നില്‍ വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് ഞാന്‍ തോറ്റു. വലിയ തോല്‍വി അല്ല ചെറുത്‌, പറഞ്ഞു വരുമ്പോള്‍ ഇത്രേ ഉള്ളു "സബ്ജെക്ട് കിട്ടീല്ല എന്നെ ഉള്ളു, ലാംഗ്വേജ് പോയി"

അച്ഛന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു "നല്ലവണ്ണം എഴുതിയതാ, പക്ഷെ.... അച്ഛന്‍ പേടിക്കേണ്ട സപ്ലിമെന്റ് പരീക്ഷക്ക്‌ രണ്ടു വര്‍ഷത്തെയും ഞാന്‍ ഒന്നിച്ചു എഴുതി എടുത്തിരിക്കും, ഞാന്‍ പ്രീമിയര്‍ കോളേജില്‍ തന്നെ പോയി പഠിച്ചു എഴുതും, വിജയിക്കും, നോക്കിക്കോ"
അച്ഛന്‍ പറഞ്ഞു "ഇതിനു കൂടി ഞാന്‍ പൈസ മുടക്കും, പിന്നെ തോറ്റു തുന്നം പാടി വന്നാല്‍, പുസ്തകം എടുത്തു തട്ടിന്റെ മുകളില്‍ ഇടും, പിന്നെ തൂമ്പയും കൊണ്ട് കിളക്കാന്‍ പൊക്കോണം" അമ്മ കനപ്പിച്ചു ഒന്ന് നോക്കി അകത്തേക്ക് പോയി.

പക്ഷെ എന്‍റെ പെണ്ണ് ഒന്നാം വര്‍ഷ പരീക്ഷ നല്ല മാര്‍ക്കോടെ പാസായി രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. എന്‍റെ റിസള്‍ട്ട്‌ അറിഞ്ഞു ഏറ്റവും കൂടുതല്‍ സങ്കടം അവള്‍ക്കായിരുന്നു. ഞാന്‍ ചോദിച്ചു "നിനക്ക് ഇത്ര സങ്കടമോ ഞാന്‍ തോറ്റതില്‍"
"അത് കൊണ്ടല്ല, ഞാന്‍ പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ചേരുമ്പോള്‍ ചേട്ടന്‍ പിന്നേം പാസ്‌ ആയില്ല എങ്കില്‍, എന്തൊരു നാണക്കേടാ, അത് കൊണ്ട് അച്ഛനോട് പറഞ്ഞ പോലെ വാശിക്ക് പഠിച്ചു കൂടെ, ഏട്ടനെ കൊണ്ട് പറ്റും ഒന്ന് മനസിരുത്തി പഠിച്ചു നോക്ക്"
അതൊരു വാശി ആയി തന്നെ ഞാന്‍ എടുത്തു, കുത്തി ഇരുന്നു പഠിച്ചു, അങ്ങനെ പരീക്ഷ എഴുതി രണ്ടു വര്‍ഷത്തെയും ഒന്നിച്ച്. ഫലം വന്നപ്പോള്‍ ഞാന്‍ പേടി കാരണം നമ്പോലനെ അയച്ചു. പിന്നെ അവന്റെ വരവും കാത്തു ഇരിപ്പായി. കുറെ കഴിഞ്ഞു നമ്പോലന്‍ വിളറിയ മുഖവുമായി വന്നു പറഞ്ഞു
"അളിയാ നീ പാസ്‌ ആയടാ"
"സത്യം"
"അതേടാ ഞാനും ഞെട്ടി പോയി, എന്നിട്ട് നിന്റെ റോള് നമ്പര്‍ രണ്ടു മൂന്ന് പേരെ കൊണ്ട് നോക്കിച്ചു, നിന്നെ കേരള സര്‍വകലാശാല അനുഗ്രഹിച്ചു"
വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ പറയാന്‍ പെട്ട പാട്. ആരും ആദ്യം വിശ്വസിച്ചില്ല. പിന്നെ മനസിലായി മകന്‍ പ്രീ ഡിഗ്രി എന്ന കടമ്പ കൂളായി കടന്നു എന്ന്. അതാണ് കുറുപ്പ്, അത് ആവണമടാ കുറുപ്പ്.

പിറ്റേന്ന് എന്‍റെ പെണ്ണിനെ കണ്ടു ഞാന്‍ പാസായ കാര്യം പറഞ്ഞു, അവള്‍ക്കും ഒത്തിരി സന്തോഷമായി. അന്ന് കടപ്പുറത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അവളുടെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു
"അപ്പോള്‍ കള്ള കുറുപ്പിന് മര്യാദക്ക് പഠിക്കാന്‍ അറിയാം, ഈ പെണ്ണ് കാരണം പാസ്സായി, എന്നിട്ട് എനിക്ക് സമ്മാനം ഒന്നും തന്നില്ലല്ലോ"
"സമ്മാനം ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്"
"എവിടെ"
എന്‍റെ കൈകള്‍ കൊണ്ട് ഞാന്‍ അവളുടെ മുഖം എന്‍റെ മുഖത്തേക്ക് വലിച്ചു അടുപ്പിച്ചു അന്ന് ആദ്യമായി ഞാന്‍ അവള്‍ക്കു ഒരു ചുംബനം നല്‍കി. എല്ലാം പെട്ടന്ന് ആയിരുന്നു. അല്പം പരിഭവത്തില്‍ എന്നെ മടിയില്‍ നിന്നും തള്ളി മാറ്റി നാണത്തിന്റെ ലാഞ്ചന ഉള്ളില്‍ ഒളിപ്പിച്ചു അവള്‍ പറഞ്ഞു "വഷളന്‍"

അതിനിടക്ക് എനിക്ക് തിരുവനന്തപുരത്ത് ഒരു ഇന്റര്‍വ്യൂ നു പോകണ്ട ആവശ്യം വന്നു. സീ ആര്‍ പീ എഫിലേക്ക്. അങ്ങനെ ആദ്യത്തെ ഓട്ടവും ചാട്ടവും തുണി അഴിച്ചുള്ള പരിശോധനയും പാസായി, പിറ്റേന്ന് എഴുത്ത് പരീക്ഷ, അത് തോറ്റപ്പോള്‍ സമാധാനമായി. അവര്‍ക്ക് നല്ലൊരു ജവാനെ കിട്ടാന്‍ യോഗമില്ല. അങ്ങനെ നാല് ദിവസം അവിടെ തങ്ങി. തിരിച്ചു വീട്ടില്‍ വന്നു. എത്രയും പെട്ടന്ന് എന്റെ പ്രിയപെട്ടവളെ കാണാന്‍ കൊതിയായി. നാല് ദിവസം പിടിച്ചു നിന്ന പാട്. ഹോ. പിറ്റേന്ന് ട്യൂഷന്‍ സെന്റെറില്‍ പോയി കാത്തു നിന്ന്. കണ്ടില്ല. അന്നേരം അവളുടെ വീടിനടുത്തുള്ള കുട്ടി വരുന്നു. അവളോട്‌ ചോദിച്ചു. അന്നേരം അവള്‍ പറഞ്ഞു.

"ജീവന്‍ നിങ്ങള്‍ പോയ അന്ന് വൈകിട്ട് അവളുടെ അമ്മ മരിച്ചു, അസുഖം കൂടുതല്‍ ആയിരുന്നു,താന്‍ ഒന്ന് അവിടെ വരെ ചെല്ലണം"
പകച്ചു പോയി, ഇനി അവള്‍ക്കു ആരുണ്ട്. പ്രായമായ അമൂമ്മ മാത്രം, പിന്നെ ബുദ്ധി വളര്‍ച്ച ഇല്ലാത്ത ഒരു അനുജനും എന്ത് ചെയ്യും അവള്‍. എങ്ങനെ അവളെ സമാധാനിപ്പിക്കും.

അപ്പോള്‍ തന്നെ ഊഞ്ഞാലിനെ കൂട്ടി നേരെ അവളുടെ വീട്ടില്‍ ചെന്നു. ഒരു തുണ്ട് ഭൂമിയില്‍ ഒരു ഓലപ്പുര, ബന്ധുക്കള്‍ ആണെന്ന് തോന്നുന്നു, കുറച്ചു ആള്‍ക്കാര്‍ റോഡിലും മുറ്റത്തുമായി നില്‍പ്പുണ്ട്‌. സ്ഥലം ഇല്ലാത്തതു കാരണം വീടിന്റെ തൊട്ടു തെക്ക് വശം തന്നെ കത്തിയമര്‍ന്ന ചിത. അവളുടെ മുത്തശി ആണെന്ന് തോന്നുന്നു തിണ്ണയില്‍ ഇരിപ്പുണ്ട്. ഞങ്ങള്‍ അകത്തേക്ക് ചെന്നു. മുത്തശിയുടെ അരികില്‍ ചെന്നു ഞാന്‍ പറഞ്ഞു "മുത്തശി ഞങ്ങള്‍ ശ്രീദേവിയുടെ കൂടെ പഠിക്കുന്നവര്‍ ആണ്" അവര്‍ തല ഉയര്‍ത്തി നോക്കി എന്നിട്ട് കരച്ചിലോടെ പറഞ്ഞു "എന്റെ മോള് പോയി മക്കളെ, ഈ കുട്ടികളെ ഇനി ഞാന്‍ എങ്ങനെ നോക്കും, എന്റെ കാലം കഴിഞ്ഞാല്‍ ആരാ അവര്‍ക്ക്, എനിക്ക് ഒന്നും അറിയില്ല" ആ അമ്മയുടെ തലയില്‍ തലോടി നിന്നതല്ലാതെ ഒരു വാക്ക് പോലും പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. അത്രയ്ക്ക് മനസ് പൊള്ളുന്ന വേദന ആയിരുന്നു എല്ലാര്‍ക്കും. കുറച്ചു കഴിഞ്ഞു അവര്‍ ചോദിച്ചു
"എന്താ മോന്റെ പേര്"
"ജീവന്‍"
"മോന്‍ ആണല്ലേ ജീവന്‍"
"മുത്തശിക്ക് എന്നെ എങ്ങനെ അറിയാം"
"അവള്‍ പറഞ്ഞിട്ടുണ്ട് എല്ലാം"
ആദ്യം ഒന്ന് പരിഭ്രമിച്ചു എങ്കിലും ഞാന്‍ ചോദിച്ചു
"ശ്രീദേവി"
"പുറകിലെ ചായ്പില്‍ ഉണ്ട്"
ഊഞ്ഞാല്‍ പോയിട്ട് വരാന്‍ കണ്ണ് കൊണ്ട് കാണിച്ചു. ഞാന്‍ പതിയെ ചയ്പിനുള്ളിലേക്ക് കയറി. അവിടെ നിലത്തു കാല്‍മുട്ടുകളില്‍ മുഖം കുനിച്ചു അവള്‍ ഇരിക്കുന്നു.

ഞാന്‍ പതിയെ അടുത്ത് ചെന്നു വിളിച്ചു
"ദേവി"
തല ഉയര്‍ത്തി അവള്‍ എന്നെ നോക്കി പിന്നെ ഒരു പൊട്ടി കരച്ചില്‍ ആയിരുന്നു.
"ഏട്ടാ എനിക്കിനി ആരുമില്ലാ, ഞങ്ങള്‍ അനാഥര്‍ ആയി, എന്റെ അമ്മ പോയി ഏട്ടാ, ഞങ്ങളെ കുറിച്ച് ഒത്തിരി സങ്കടപെട്ടാണ് അമ്മ പോയെ"
"മോളെ ആരുമില്ല എന്ന് പറയരുത് ഞാനില്ലേ നിന.... വാക്കുകള്‍ മുഴുപ്പിക്കുനതിനു മുന്നേ എന്റെ തൊണ്ട ഇടറി, ഒരു കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവള്‍ ഉള്ളിലെ സങ്കട കടലിനെ കണ്ണു നീരായി ഒഴുക്കി. ഒടുവില്‍ അവളെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങി.

പിന്നെയും ഒരു ആഴ്ച കഴിഞ്ഞാണ്‌ അവളെ കണ്ടത്. കലവൂര്‍ സ്കൂളിലെ വക മരത്തിന്റെ ചോട്ടില്‍ വച്ച് അവള്‍ പറഞ്ഞു
"ജീവേട്ടാ ഞാന്‍ പറയുന്ന കാര്യം ശ്രദ്ധിച്ചു കേള്‍ക്കണം, ഞങ്ങള്‍ ഇവിടെ നിന്നും പോകുന്നു, അമ്മാവന്റെ കൂടെ മദ്രാസിലേക്ക്, ഏട്ടന്‍ ഇനി എന്നെ മറക്കണം, ഞാന്‍ ഒരു ശാപം പിടിച്ച ജന്മം ആണ്, കണ്ണ് നീര്‍ എന്നും എന്റെ കൂടെ പിറപ്പ്‌ ആണ്. ഏട്ടന് നല്ലൊരു ജീവിതം ഉണ്ടാവും, ഇപ്പോള്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ ആവില്ല, എനിക്കിനി അവര് പറയുന്നത് അനുസരിക്കാനേ സാധിക്കൂ, അനിയന് വേറെ ആരും ഇല്ലാ. പഠനം പോലും തുടരാന്‍ പറ്റുമോ എന്ന് സംശയം ആണ്"

"ദേവി എനിക്കിപ്പോള്‍ നിന്നെ സംരക്ഷിക്കാന്‍ കഴിയില്ല, പക്ഷെ ഞാന്‍ കാത്തിരിക്കും, എവിടെ ആണെങ്കിലും നീ എന്നെ മറക്കരുത്, എനിക്ക് നീ ഇല്ലാതെ ഒരു ജീവിതം ഇല്ലാ, എത്ര എളുപ്പം ആണ് നീ പറഞ്ഞത് മറക്കാന്‍, അങ്ങനെ നമ്മള്‍ക്ക് സാധിക്കുമോ"
"ഏട്ടാ ജീവിതത്തില്‍ ഓരോന്ന് അനുഭവിച്ചു കഴിയുമ്പോള്‍ ഇതെല്ലം നിസാരം ആയിട്ട് തോന്നും, ഇപ്പോള്‍ ഒരുതരം ശൂന്യത ആണ്, ഒന്നുമില്ല, എട്ടനോടുള്ള സ്നേഹം എന്റെ മരണം വരെ കാണും"

സത്യത്തില്‍ എനിക്ക് ദേഷ്യം, സങ്കടം എല്ലാം വന്നു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയി. എത്ര പെട്ടന്ന് അവള്‍ പറഞ്ഞു തീര്‍ത്തു, പണ്ടേ ഷോര്‍ട്ട് ടെമ്പെര് ആണ്. ഒടുവില്‍ അവളോട്‌ ചൂടായി പറഞ്ഞു
"ശരി എന്തേലും ചെയ്യ്‌, ഞാന്‍ ഒന്നും പറയുന്നില്ല, എന്നെ ഉപേക്ഷിച്ചു പോണേല്‍ പൊയ്ക്കോ"
അവള്‍ ശാന്തയായി പറഞ്ഞു "ഏട്ടാ ദേഷ്യം പിടിക്കാതെ, കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കു"
ഞാന്‍ പറഞ്ഞു "എന്താണേലും ഞാന്‍ കാത്തിരിക്കും, എവിടെ ആണെങ്കിലും,"
അത്രയും പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവളുടെ മിഴികളും നനഞ്ഞു തുടങ്ങി ഇരുന്നു. കൂടുതല്‍ ഒന്നും പറഞ്ഞില്ല വീട്ടിലെ അഡ്രസ്‌ എഴുതി കൊടുത്തു പറഞ്ഞു
"എനിക്ക് കത്തെഴുതണം, എല്ലാ വിവരങ്ങളും അറിയിക്കണം അവിടെ എത്തിയിട്ട്, നിന്റെ കത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കും"
"ശരി ഏട്ടാ ഞാന്‍ കത്തെഴുതാം, ഏട്ടന്റെ മറക്കാന്‍ എനിക്കും ആവില്ല, എന്റെ ധൈര്യം എല്ലാം ചോര്‍ന്നു പോയി"
എന്റെ കൈയ്യില്‍ ഒന്ന് മുറുക്കെ അമര്‍ത്തി അവള്‍ തിരിഞ്ഞു നടന്നു. അന്ന് അവള്‍ ധരിച്ചത് അതെ പച്ച പട്ടുപാവാട ആയിരുന്നു. കണ്ണുനീര്‍ ആ പച്ചപ്പ്‌ മായ്ക്കുന്ന വരെ ഞാന്‍ നോക്കി നിന്നു. പിന്നെ കണ്ട അവളുടെ പാവാടക്കു ചുവപ്പിന്റെ നിറം ആയിരുന്നു.

ഒരു പാട് വര്‍ഷം ഞാന്‍ കാത്തിരിന്നു അവളുടെ കത്തിന് വേണ്ടി, പോസ്റ്റ്‌ ഓഫീസില്‍ കയറി ഇറങ്ങി ഒന്നും വന്നില്ല. അറിയില്ല അവള്‍ എവിടെ എന്ന്. എവിടെ എങ്കിലും സുഖമായി പാവം ജീവിക്കുന്നുണ്ടാവും. പ്രാര്‍ഥന മാത്രമേ ഉള്ളു എന്നും ഇന്നും നിനക്ക് വേണ്ടി തരാന്‍ എന്റെ കൈയ്യില്‍, എന്റെ പ്രിയപ്പെട്ട പച്ച പട്ടു പാവാടക്കാരി.

ഒരു ലളിത ഗാനത്തിന്റെ വരികള്‍ കടമെടുത്തു ഇത് അവസാനിപ്പിക്കെട്ടെ
"വേര്‍ പിരിഞ്ഞെങ്കിലും നീ എന്നെ ഏല്‍പ്പിച്ച
വേദന ഞാന്‍ ഇന്നും സൂക്ഷിക്കുന്നു"
(അവസാനിച്ചു )

44 comments:

രാജീവ്‌ .എ . കുറുപ്പ് said...

അതിനു ശേഷം ഒരു പാട് പ്രണയങ്ങള്‍ ഉണ്ടായി എങ്കിലും പ്രേമം എന്ന് പറയുമ്പോള്‍ ആദ്യം ഓടി എത്തുന്ന മുഖം എന്റെ പച്ച പട്ടു പാവാടക്കാരിയുടെ തന്നെ

എല്ലാവര്ക്കും ഓണം ആശംസകള്‍ നേരുന്നു

അരുണ്‍ കരിമുട്ടം said...

തേങ്ങ, മാങ്ങ, ചക്ക..
വരുവാടെ

അരുണ്‍ കരിമുട്ടം said...

അളിയാ,
ബാംഗ്ലൂരില്‍ കോറമംഗല എന്നൊരു സ്ഥലമുണ്ട്.അവിടെയാണ്‌ ഇപ്പോള്‍ ഈ നായിക താമസിക്കുന്നത്.അവളുടെ അഡ്രസ്സ്:

നായിക
C\o പച്ച പട്ട് പാവാട
കോറമംഗല
ബാംഗ്ലൂര്‍

അവള്‍ നിന്നെ കാത്തിരിക്കുകയാ, കൈവിടരുത്!!

ഹി..ഹി..ഹി
നന്നായിട്ടുണ്ട് കഥ.

രാജീവ്‌ .എ . കുറുപ്പ് said...

എന്റെ അരുണ്‍ അളിയാ, തേങ്ങ മാങ്ങാ ചക്ക എല്ലാം കിട്ടി, ഓണം വരുവല്ലേ ഉള്ളതാവട്ടെ

പിന്നെ വിശദമായ കമന്റിനു നന്ദി അളിയാ, എന്തൊരു കമന്റ്‌ ആണ് അളിയാ ഇത്, ചിരിച്ചു ആപീസ് പൂട്ടി, അളിയാ നീ കോറമംഗല വരെ ഒന്ന് പോണം, അവളെ കാണണം, സംസാരിക്കണം, പറ്റുമെങ്കില്‍ പച്ചപട്ടു പാവാടയും കൊണ്ടേ വരാവൂ.
എന്തായാലും പോസ്റ്റിനു കിട്ടിയ നല്ലൊരു തുടക്കം.

അരുണ്‍ കരിമുട്ടം said...

അവള്‍ക്ക് ആകെ ഉള്ളത് ആ പാവാടയാ..
അതും കൊണ്ട് ഞാന്‍ വന്നാല്‍???
അയ്യേ, മ്ലേച്ചം!!

നീയായി, അവളായി, നിങ്ങടെ പാടായി..
എന്നെ വിട്ടേര്.

വരവൂരാൻ said...

കുറുപ്പണ്ണാ ഈ കഥയുടെ അവസ്സാനം ആ പച്ച പട്ടു പാവാടക്കാരി നിന്നോടൊപ്പം നിന്റെ ജീവിതത്തിലും കൂടെയുണ്ടെന്നു അറിയാൻ കൊതിച്ച്‌ ഈ പോസ്റ്റിന്റെ അവസ്സാന ഭാഗേത്തേക്ക്‌ ഓടി ചെന്ന് നോക്കി..അത്ര വേദനയോടെ നീ അവതരിപ്പിച്ചിരിക്കുന്നു...വളരെ നല്ല പോസ്റ്റ്‌

വരവൂരാൻ said...

അണ്ണൻ മാരെ പാവാടേന്ന് പിടി വിട്‌
അവൾ ഇപ്പോൾ പഴയ ആ പച്ച പട്ടു പാവാടക്കാരിയല്ലാ...

Anil cheleri kumaran said...

അവിടെ പാലു കാച്ചല്‍.....
ഇവിടെ...പാവാട പിടി......
വരവൂരാന്‍ പറഞഞ പോലെ പാവടേന്ന് പിടിവിട്...

മനോഹരമായി പറഞ്ഞിരിക്കുന്നു ഒരു പ്രണയ വിരഹ കഥ. അവളു നല്ല നിലയില്‍ എത്തിയിരിക്കുമെന്നാശ്വസിക്കുക. വിരഹമില്ലാതെങ്ങനെ പ്രണയം പൂര്‍ണ്ണമാവും..! ഈ പ്രണയം കണ്ടു പിടിച്ചത് തന്നെ വിരഹിക്കാനാണു. നല്ല എഴുത്താണു കേട്ടൊ.
അമ്മയെ കണ്ട് മുങ്ങുന്നതൊക്കെ ദിലീപിന്റെ സിനിമ പോലെ തോന്നി. ആശംസകള്‍..!

(അരുണേ.. ബാംഗ്ലൂര്‍ വന്നപ്പോ എന്നോട് കോറമംഗലയുടെ കാര്യം പറഞ്ഞില്ലല്ലോ.)

Anonymous said...

entha ezhuthende. etra pranaya kadhakal. ennalum sreedevi. kollamm nannyirunnu. athupoloru sree deviye kittattee. ellavidha asamsakalumm

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

അങ്ങനെ കുറുപ്പണ്ണന്റെ അടുത്ത തുടരനും അവസാനിച്ചു..

അപ്പൊ ലവളെയും കാത്തിരിപ്പയതു കൊണ്ടാണോ അണ്ണന്‍ ക്രോണിക് ബാച്ചിലര്‍ ആയി നടക്കുന്നത്.. മദ്രാസ് എന്നല്ലേ പറഞ്ഞത്.. ഞാന്‍ വേണേല്‍ അന്വെഷിച്ച് കണ്ട് പിടിച്ച് തരാം..;)

പക്ഷെ.. അരുണിനെ കൊണ്ടു അവളുടെ പാവാട അഴിച്ചു വാങ്ങിപ്പിക്കാന്‍ നോക്കിയതു മോശമായിപ്പോയി..

Sukanya said...

ഇതില്‍ നര്‍മവും സങ്കടങ്ങളും ഒക്കെ ഉണ്ട്. അമ്മയുടെ മുന്‍പില്‍ കള്ളം പറയാന്‍ പറ്റില്ല എന്നും സീ ബീ ഐ യുടെ നുണ പരിശോധന ഒന്നും വേണ്ട എന്നതും അമ്മയെ കണ്ടപ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷം ആയതുമെല്ലാം രസിച്ചു. ഇതില്‍ നായിക എവിടെ എന്ന് കണ്ടെത്താന്‍ സാധിക്കില്ലേ?

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അളിയോ, ഞാന്‍ ബാംഗ്ലൂരിനു വരുവാ, എന്തായാലും നീ ഒന്ന് കൂടെ വരണം, കോറമംഗലത്ത് ഒന്ന് പോണം, വേറെ ആരുമില്ല അളിയാ ചോദിക്കാന്‍, അളിയാ അവളിപ്പം വരവൂരാന്‍ പറഞ്ഞപോലെ പാവാടക്കാരി അല്ലല്ലോ, ചിലപ്പോള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും, എന്തായാലും കൊണ്ട് വരും.

രാജീവ്‌ .എ . കുറുപ്പ് said...

വരവൂരന്‍ അണ്ണാ വണ വണക്കം, എന്ത് ചെയ്യാനാ അണ്ണാ, കൂടെ ഉണ്ടാവണം എന്ന് ആശിക്കനല്ലേ പറ്റൂ, അവള് ഉത്സവത്തിന് വാങ്ങി തന്ന കൃഷ്ണന്റെ പടമുള്ള ഒരു ലോക്കറ്റ്‌ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു , മറ്റൊന്നും കൊണ്ടല്ല കളയാന്‍ തോന്നുന്നില്ലാ, ഒരു രസമല്ലേ, (ആരാടാ അവിടെ പാവാട അഴിക്കുന്നെ, വരവൂരാനേ കൊല്ലണ്ട)

രാജീവ്‌ .എ . കുറുപ്പ് said...

ആരിത് കുമാരന്‍ സാറോ
ആര് പാല് കാച്ചി, എപ്പോള്‍, ഞാന്‍ അറിഞ്ഞില്ലാ
എന്റെ പെണ്ണിന്റെ പാവാട പിടിക്കല്ലേ, ഞാന്‍ പട്ടു പാവാട തുന്നി തരാം, പിടിക്കാന്‍

അതെ കുമാര്‍ജി വിരഹം ഉള്ളത് കൊണ്ടാണല്ലോ ഇത് എഴുതിയത് തന്നെ, വളരെ നന്ദി വിശദമായ കമന്റിനു, ബാക്കി രണ്ടെണ്ണം വിട്ടേച്ചു വൈകിട്ട് പറയാം കേട്ടോ
(നമ്മള്‍ക്ക് അരുണിനെ വച്ച് സിനിമ ആക്കിയാലോ )

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീകല: ഒരു പാട് നന്ദി, കഥ ഞാന്‍ പറഞിരുന്നത് ആണല്ലോ, എന്തായാലും കമന്റാം എന്ന് പറഞ്ഞു കുറെ പറ്റിച്ചിട്ട് അവസാനം ഇട്ടല്ലേ

കിഷോര്‍ അളിയോ എനിക്ക് അറിയില്ലാരുന്നു, അവള്‍ക്കു ഒരു പാവടയെ ഉള്ളാരുന്നു എന്ന്. അരുണ്‍ പറഞ്ഞത് കേട്ടില്ലേ, മദ്രാസില്‍ അല്ല ഇപ്പോള്‍ കോറമംഗല, ബാംഗ്ലൂരില്‍ ആണെന്ന്. നന്ദി മച്ചൂ

സുകന്യ ചേച്ചി, ഒരു പാട് നന്ദി, അന്ന് അമ്മയുടെ മുന്‍പില്‍ പെട്ടിരുന്നേല്‍, ഇപ്പോളും ഓര്‍ക്കുമ്പോള്‍ മുട്ട് വിറക്കും,
പോസ്റ്റ്‌ ചേച്ചിക്ക് ഇഷ്ടായി എന്ന് അറിഞ്ഞതില്‍ സന്തോഷം

Unknown said...

ഹലോ ദോസ്ത് ശ്രീദേവി മഹാത്മ്യം വായിച്ചു കൊള്ളാം. പക്ഷെ അവസാനത്തെ ആ ലളിത ഗാനം എന്നെയും പഴയ ഓര്‍മ്മയിലേക്ക് കൊണ്ടു പോയി അടുത്ത കഥ എഴുതാന്‍ ഉള്ള പ്രചോതനം ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു

സന്തോഷ്‌ പല്ലശ്ശന said...

ക്ളൈമക്സ്‌ സങ്കടമെങ്കിലും ഞാന്‍ പ്രതീക്ഷിചപോലെ തന്നെ ആയി മ്‌ഹ്‌........കുറുപ്പെ അവള്‍ എവിടെയെങ്കിലും നാന്നയി ഇരിക്കട്ടെ അല്ലാതെ ഞാനെന്താ പറയ്യാ....യോഗല്യാ.....

Sathees Makkoth | Asha Revamma said...

ആദ്യമായിട്ടാണ് ഇവിടെ. നല്ല എഴുത്ത്.ഹൃദ്യമായ രീതിയിൽ എഴുതിയിരിക്കുന്നു. ആശംസകൾ
(നമ്മൾ അപ്പുറവും ഇപ്പുറവും ആണല്ലോ)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ishtaayeetto kuruppe..

:)

കണ്ണനുണ്ണി said...

പ്രിയദര്‍ശന്റെ പഴയ ഹിറ്റുകള്‍ പോലെ വിഷമിപ്പിച്ചു കൊണ്ട് അവസാനിച്ചുവല്ലോ കുറുപ്പേ...
പക്ഷെ അടുത്ത ജന്മത്തില്‍ എല്ലാം സെറ്റില്‍ ചെയ്യാം ന്നെ.. ഈ ജന്മം ഇങ്ങനെ ഒക്കെ അങ്ങട് പോട്ടെ...
(പക്ഷെ അടുത്ത ജന്മത്തില്‍ വീണ്ടും പ്രീഡിഗ്രീ ചാടി കടക്കുന്ന കാര്യം ഓര്‍ക്കുമ്പോ......)

രാജീവ്‌ .എ . കുറുപ്പ് said...

പ്രിയപ്പെട്ട സാജന്‍, എല്ലാം നിനക്കറിയാവുന്ന കാര്യങ്ങള്‍ ആണ്. പിന്നെ ലളിതഗാനം നമ്മള്‍ എന്നും റൂമില്‍ വൈകിട്ട് പാടുന്നതല്ലേ. ഒരു പാട് നമ്മള്‍ ഒരുമിച്ചു അനുഭവിച്ചതല്ലേ. നന്ദി

രാജീവ്‌ .എ . കുറുപ്പ് said...

സന്തോഷ്‌ പല്ലശന, നന്ദി വരവിന്, അത് തന്നെ യോഗം ഇല്യ.

സതീഷ്‌ മാക്കോത്ത്, ഒരു പാട് നന്ദി പ്രിയ സുഹൃത്തേ

രാമേട്ടാ സുഖം അല്ലെ, നന്ദി വരവിന്, (മംഗ്ലീഷ് ആണല്ലോ)

കണ്ണപ്പോ നന്ദി ഉണ്ട് ട്ടാ, അടുത്ത ജന്മത്തില്‍ പ്രീ ഡിഗ്രി പോട്ടെ, എസ് എസ് എല്‍ സീ യുടെ കാര്യമോ

രഘുനാഥന്‍ said...

കുറുപ്പേ.... ഞാന്‍ കരുതി...പച്ച പട്ടു പാവാട ഇപ്പോള്‍ പച്ച സാരിയുടുത്തു കൂടെയുണ്ടാകുമെന്ന്...പക്ഷെ ചീറ്റിപ്പോയി അല്ലെ ??

ചാണക്യന്‍ said...

ഇതൊരൊന്നൊന്നര ചീറ്റിങ്ങായി പോയി...
ങ്ഹാ വിട്ട് കള..:):)

ഓണാശംസകൾ....

മാണിക്യം said...

പാവടയുടെ നിറം പച്ച അതും പട്ട് പാവടാ ...
നോക്കിയിരിക്കുവാരുന്നു രണ്ടാം ഭാഗം

എന്നാലും കുറുപ്പേ
ഇതൊരു വല്ലാത്ത കണക്ക് ആയിപ്പോയി ..
ഇടക്കു ചിരിച്ചു ചിരിപ്പിച്ചും കഥ പറഞ്ഞു വച്ചിട്ട്
അതിനു ഒരു ഉപ്പുരസം......
കണ്ണിരിന്റെയോ അതോ വിയര്‍പ്പിന്റെയോ?
........ ജീവിതം ...
പ്രണയിക്കുന്നതും
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നതും
ഈശ്വരാനുഗ്രഹം
പച്ചപട്ട് പാവാട പച്ച പട്ടുസാരിയായ് കൂട്ടിനെത്തട്ടെ !

രാജീവ്‌ .എ . കുറുപ്പ് said...

രഘുനാഥന്‍ മാഷെ, എന്നാ പറയാനാ ചീറ്റി പോയി. യോഗം ഇല്ലാ , നന്ദി കേട്ടോ

ചാണക്യന്‍ ജീ, ക്ഷമീര് ക്ഷമീര്, നന്ദി ഉണ്ട് ട്ടാ

കൊണ്ടോട്ടിക്കാരന്‍ മാഷെ, നന്ദി

രാജീവ്‌ .എ . കുറുപ്പ് said...

മാണിക്യം ചേച്ചി ഇത്രയും മനോഹരമായ കമന്റിനു നന്ദി, സന്തോഷം സങ്കടങ്ങളും എല്ലാം കൂടിയതല്ലേ ചേച്ചി ജീവിതം, കണ്ണീരിന്റെയും വിയര്‍പ്പിന്റെയും എല്ലാം ഉപ്പുരസം അതില്‍ ഉണ്ടാവും.

പച്ച പട്ടു പാവാടക്കാരിക്ക് ആരേലും പച്ച പട്ടു സാരി കൊടുത്തു സ്വന്തമാക്കി കാണും

ശ്രീ said...

ആ പട്ടുപാവാടക്കാരി എവിടെ ആണെങ്കിലും സുഖമായിരിയ്ക്കട്ടെ... അല്ലേ മാഷേ.

നല്ല എഴുത്ത്... ഓണാശംസകള്‍!

"
അന്നെന്നാത്മാവില്‍ മുട്ടി വിളിച്ചൊരാ
ദിവ്യമാം പ്രേമത്തെ ഓര്‍മ്മിയ്ക്കുന്നു...
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍
ആദ്യത്തെ ചുംബനം സൂക്ഷിയ്ക്കുന്നു...
വേര്‍പിരിഞ്ഞെങ്കിലും നീയെന്നെയേല്‍പ്പിച്ച
വേദന ഞാനിന്നും സൂക്ഷിയ്ക്കുന്നു... എന്റെ
വേദന ഞാനിന്നും സൂക്ഷിയ്ക്കുന്നു... "

രാജീവ്‌ .എ . കുറുപ്പ് said...

ശ്രീ നന്ദി, കമന്റ്‌ കാണാതെ ഇരുന്നപ്പോള്‍ ഒരു വിഷമം തോന്നി,
തിരക്കായിരുന്നു വില്ലന്‍ അല്ലെ

"ആരോ കമഴ്ത്തി വച്ച ഒരു ഓട്ടുരുളി പോലെ
ആകാശത്ത് ആവണി തിങ്കള്‍
പഴകിയ ഒരു ഓര്‍മ്മയാല്‍
തെളി നീര് വാര്‍ക്കും പാഴിരുള്‍
തറവാട് എന്‍ മുന്നില്‍,
ഓര്‍ക്കള്‍ കൂടി ഈ തിരുമുറ്റത്ത്‌ എത്തുന്നു
ഓണ നിലവും ഞാനും, ഈ ഓണ നിലവും ഞാനും"

mini//മിനി said...

കുറുപ്പിന്റെ കണക്ക് ഇവിടെ തെറ്റും. ഒരു ദിവസം കോറമംഗലയില്‍ നിന്ന് അവള്‍ നാട്ടില്‍ വരും. കെട്ടിയവന്റെ കൂടെ,ഒരു കുഞ്ഞിനെ എടുത്ത്, മറ്റവന്റെ കൈ പിടിച്ച്, അവള്‍ വരും. അന്ന് മുന്നില്‍ പോയി നിന്നാല്‍ ശ്രീദേവി പറയും,“ആരാ പരിചയം ഇല്ലല്ലോ”
മറുപടി,“ഞാന്‍ ദേവിയുടെ കുറുപ്പ്, പച്ചപാവാട”
ഉത്തരം, “ഏത് കുറുപ്പ്,ഏത് പാവാട, എനിക്കാരേം അറിയില്ല”
അതുകൊണ്ട് ദേവിയെ കാണുമ്പോള്‍ പെട്ടെന്ന് ഓടിച്ചെല്ലണ്ട, കേട്ടോ...

രാജീവ്‌ .എ . കുറുപ്പ് said...

മിനി ചേച്ചി, എന്തെ വരാന്‍ വൈകിയേ,
എനിക്ക് ഒരു പ്രതീക്ഷയും ഇല്ലേ പച്ച പട്ടു പാവാട തിരിച്ചു കിട്ടും എന്ന്, പിന്നെ കമന്റ്‌ ചിരിച്ചു തകര്‍ത്തു കേട്ടോ

മറുപടി,“ഞാന്‍ ദേവിയുടെ കുറുപ്പ്, പച്ചപാവാട” (ഇത് കലക്കി)

ഗന്ധർവൻ said...

കുറുപ്പേ,എന്നാലും പച്ചപ്പാവാട പറ്റിച്ചല്ലോ.
വേറെ പാവാടകളൊന്നും പിന്നെ കണ്ടില്ലെ?

രാജീവ്‌ .എ . കുറുപ്പ് said...

ഗന്ധര്‍വന്‍ നന്ദി സുഹൃത്തേ,
പച്ച പാവാട കീറിയതോടെ, ഞാന്‍ ഈ ഫീല്‍ഡ് വിട്ടു

സബിതാബാല said...

വെറുതെയല്ല ഇപ്പോളും നിത്യബ്രഹ്മാചാരിയായി നില്‍ക്കുന്നത്...
www.varundeep.com/nivedhithamebook

രാജീവ്‌ .എ . കുറുപ്പ് said...

പ്രിയപ്പെട്ട നാട്ടുകാരി, (സബിത) പാര ഇങ്ങനെ തന്നെ വക്കണം.

വശംവദൻ said...

അടുത്ത ഭാഗം നോക്കിയിരിക്കയായിരുന്നെങ്കിലും ഇവിടെയെത്താൻ അൽപം വൈകിപ്പോയി.

എന്താ കുറുപ്പേ ഇത്‌? പട്ട്പാവാട അപ്പാടെ കണ്ണീരിൽ മുക്കിക്കളഞ്ഞല്ലോ!

എന്തായാലും എഴുത്ത്‌ ഉഗ്രൻ !

ഉള്ള വിവരങ്ങൾ വെച്ച്‌ ഓർക്കുട്ടിലൊ ഫേസ്‌ബുക്കിലോ ഒക്കെ ഒന്ന് തപ്പരുതോ? ചെലപ്പോ കിട്ടിയാലോ?

Unknown said...

ALIYA ORU SAMSAYAM BAKKI NILKKUNNU. NEE AADYAM KANDAPPOL AVAL ITTIRUNNA DRESSUM KALARUM NINAKKU ORMAYUNDU. LAST NINGAL PIRINJAPPOL AVAL ITTIRUNNA DRESSINTE NIRAM ENTHAYIRUNNU. ORTHEDUKKAN PATTUMO. ENTHAYALUM INIYUM ITHUPOLE NOORU NOORU BLOGUKAL CHEYYAN KAZHIYATTE ENNASAMSIKKUNNU.

രാജീവ്‌ .എ . കുറുപ്പ് said...

അതൊക്കെ കൈവിട്ടു പോയി വശം വദന്‍ മാഷെ, ആണ്‍ പിള്ളേര് പച്ച പട്ടു സാരി കൊടുത്തു സ്വന്തമാക്കി കാണും, നന്ദി കേട്ടോ

രാജീവ്‌ .എ . കുറുപ്പ് said...

സജിക്കുട്ടാ, നന്ദി സുഹൃത്തേ, ഈ പ്രേമത്തിന് നീയും സാക്ഷി ആണല്ലോ, (ഇത് എന്റെ നാട്ടുകാരന്‍ / കൂട്ടുകാരന്‍ ആണേ)

ചേര്‍ത്തലക്കാരന്‍ said...

Kuruppannna,
Aaadhyamaayanu njan kanakkupusthakam vaayikkunnathu. Kadha nallathaayirinnu, but 2nd half vishamippichu. Ippolum aaa pachappattupavadakaaari sukhamaayi irikkunnu innu vishsichu kondu……………….

രാജീവ്‌ .എ . കുറുപ്പ് said...

ഡിയര്‍ ചേര്‍ത്തലക്കാരന്‍,
നന്ദി ഈ വരവിന്, പിന്നെ കമന്റിനും
ഓണം ആശംസകള്‍, പിന്നെ ഒന്നുമില്ലേലും നമ്മള്‍ ഒരു നാട്ടുകാരല്ലേ

VEERU said...

എന്നാലും പച്ചപ്പട്ടു പാവാട ഒരു നൊമ്പരമായ് തൊണ്ടയിൽ കുടുങ്ങിയെടെയ്...
ഇങ്ങനെ ചങ്കിൽ കൊള്ളുന്ന കഥകളെഴുതി വിഷമിപ്പിക്കല്ലെ കുറുപ്പേ...

രാജീവ്‌ .എ . കുറുപ്പ് said...

എന്റെ വീരു ഇപ്പഴാണോ വരുന്നേ, പിന്നെ എന്തോ ഉണ്ട്, ഓണം എവിടം വരെ ആയി
വിഷമിക്കാതെ പോട്ടെ പോട്ടെ,
എന്തായാലും ഓണം ആശംസകള്‍

Tomkid! said...

ക്ലൈമാക്സ് വരെ ഒരു റൊമാന്റിക് പടം കണ്ടതിന്റെ ഫീലിങ്സ് ആയിരുന്നു. പക്ഷെ അവസാനം സെന്റി ആക്കി കളഞ്ഞു. ഐ ടോണ്ട് ലൈക് സെന്റി പടംസ്...

പക്ഷെ പോസ്റ്റ് മനോഹരമായിരിക്കുന്നു...