Wednesday, January 20, 2010

ബ്രേക്ക്‌ഫാസ്റ്റ് @ സന്നിധാനം

വീണ്ടും ഒരു മണ്ഡലകാലം കൂടി പിറന്നു, എല്ലാവരെയും അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, പഴയ ഒരു ശബരിമല ദര്‍ശനവുമായി ബന്ധപെട്ട കഥ ഒന്ന് കൂടി പോസ്റ്റുന്നു.
*****************************************************************************
അങ്ങനെ മറ്റൊരു മണ്ഡലകാലം കൂടി കഴിഞ്ഞു, എല്ലാ വര്‍ഷവും മലക്ക് പോകണം എന്ന് വിചാരിക്കുമെങ്കിലും പലപ്പോഴും ജോലിത്തിരക്ക്, ലീവിന്റെ പ്രശ്നങ്ങള്‍ എന്നിവ മൂലം നടക്കില്ല, എങ്കിലും പരമാവധി അയ്യപ്പനെ കാണാന്‍ പോകാന്‍ ശ്രമിക്കാറുണ്ട്, അങ്ങനെ മൊത്തം അയ്യപ്പനെ കണ്ടത് അഞ്ചോ ആറോ തവണ, കഴിഞ്ഞ മാസം ഡിസംബറില്‍ പോയതും കൂട്ടി. ആദ്യം അച്ഛന്റെ കൈയും പിടിച്ചു പോയതായിരുന്നു ഓര്‍മ്മ. അച്ഛന്‍, അമ്മാവന്മാര്‍, കൊച്ചച്ചന്‍, അങ്ങനെ ഒരു ഫുള്‍ ടീമിന്റെ കൂടെ കുഞ്ഞായി ഞാനും. ചെറുപ്പത്തിലെ തന്നെ കൂട്ട് പിരിഞ്ഞു പോകുന്ന റ്റെന്‍ടെന്‍സി ഉള്ളത് കാരണം എന്റെ അമ്മക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു.

കാരണം ഒരിക്കല്‍ പളനിക്ക് പോയി ഞാന്‍ കൂളായി കൂട്ട് പിരിഞ്ഞു പോയി, അമ്മയുടെ കൈ പിടിച്ചു നടന്ന ഞാന്‍ കുറച്ചു കഴിഞ്ഞു വേറൊരു മൂക്കുത്തി ഇട്ട അമ്മയുടെ കൈ പടിച്ചു മുടിഞ്ഞ നടപ്പ്, കൂടുതല്‍ ഒന്നും ചിന്തിച്ചില്ല, കണ്ണും പൂട്ടി അമ്മേടെ പേര് വിളിച്ചു ഒറ്റ അലറല്‍, "എന്റെ അമ്മേ ജഗദമ്മേ" അന്നേരം കൊണ്ട് എന്റെ അമ്മേടെ അലമുറ റിപ്ല്യ്‌ ആയി തിരിച്ചു വന്നു. "എന്റെ കുഞ്ഞിനെ ആരും കൊണ്ട് പോകല്ലേ" എന്ന് പറഞ്ഞതും പിന്നെ അവ്വൈ ഷണ്മുഖിയില്‍ കമലഹാസന്‍ പോലും മാറി നിക്കുന്ന രീതിയില്‍ ചാടി പറന്നു വന്നു എന്റെ റാഞ്ചിഎടുത്തു, മറ്റേ അമ്മച്ചിയുടെ അമ്മയ്ക്കും വിളിച്ചു പഴയ സ്പോട്ടില്‍ എത്തിയിട്ട് എന്നെ താഴെ നിര്‍ത്തിയിട്ടു മോന്തക്ക് അഞ്ചാറ് കുത്ത്, എന്നിട്ട് ഒരു ഡയലോഗ്
"കൂട്ട് പിരിഞ്ഞു പോയിട്ട് കരയുന്നോട വര്‍ക്കത്ത് കെട്ട നരകം, അതും തള്ളേടെ പേര് വിളിച്ച്".
നോട്ട് ദി പോയിന്റ്‌, അപ്പോള്‍ കരഞ്ഞ നമ്മള്‍ ആരായി.

അത് കൊണ്ട് തന്നെ ആദ്യമായി മലക്ക് പോകുമ്പോള്‍ അമ്മ തന്ന ഉപദേശം
"അച്ഛന്റെ കൂടെ നടന്നോണം, മലക്കാണ് പോണത്, അവിടെ സിംഹവും, പുലിയും ഒക്കെ ഉള്ള കൊടും കാടാണ്, മക്കള് കൂട്ട് പിരിഞ്ഞു പോകല്ലേ"
ആ ഉപദേശം ഞാന്‍ ശിരസാ വഹിച്ചു. അച്ഛന്റെ മുണ്ടിന്റെ തുമ്പില്‍ പിടിച്ച പിടുത്തം വീട്ടില്‍ നിന്നും പോയി ശബരിമലയില്‍ ചെന്ന് തൊഴുതു തിരിച്ചെത്തി വീട്ടില്‍ വന്നു മാല ഊരുന്ന വരെ തുടര്‍ന്നു. ഇടയ്ക്കു വഴിയില്‍ വച്ച അഴിഞ്ഞ മുണ്ട് കുത്താന്‍ പോയിട്ട് മൂത്രം ഒഴിക്കാന്‍ പോലും അച്ഛനെ വിട്ടില്ല, മുണ്ട് തന്നിട്ട് വേണേല്‍ എവിടെ വേണേലും പൊയ്ക്കോ എന്നാ ലൈന്‍ ആയിരുന്നു നമ്മടെ, പാവം അച്ഛന്‍ അമ്മയെ ഉറപ്പായിട്ടും പ്രാകി കാണും, അങ്ങനത്തെ ഒരു ഉപദേശവും അനുസരിക്കാന്‍ മകനും, എന്റെ ഇത്തിരി പോന്ന ഇരുമുടികെട്ടു പോയാലും അച്ഛന്റെ മുണ്ടും കൊണ്ടേ പോകൂ എന്ന വാശി എനിക്കും.

എങ്കിലും ഞാന്‍ തളരുമ്പോള്‍ തോളില്‍ എടുത്തു നടക്കുകയും, ചുക്കുകാപ്പി വാങ്ങിച്ചു ഊതി കുടിപ്പിക്കുകയും, സന്നിധാനത്ത് എത്തുമ്പോള്‍ അച്ഛന്റെ തോളില്‍ മയങ്ങിയപ്പോള്‍ പതിനെട്ടാം പടിക്ക് താഴെ എത്തുമ്പോള്‍ കുലുക്കി വിളിച്ച് "ഉറങ്ങല്ലേ, അയ്യപ്പനെ കാണാറായി, ശരണം ഉറക്കെ വിളിച്ചോണം ട്ടാ" എന്നൊക്കെ പറഞ്ഞതും എല്ലാം, കഴിഞ്ഞ തവണ മലക്ക് പോയപ്പോള്‍ ഓരോ ചുവടിലും ഓര്‍ത്തു പോയി. ഓരോ ശരണം വിളിയിലും ആ കുട്ടി ആയിരുന്നാല്‍ മതിയായിരുന്നു എന്നോര്‍ത്തു. ഇന്നു അച്ഛനല്ല കുടുംബക്കാര് മുഴുവന്‍ വിചാരിച്ചാലും എന്നെ തോളില്‍ കേറ്റാന്‍ പോയിട്ട് കെട്ടി പിടിക്കാന്‍ പോലും പറ്റുകേല. അമ്മാതിരി വെയിറ്റ് അല്ലെ അണ്ണാ.

അപ്പോള്‍ പറഞ്ഞു വന്നത്, കഴിഞ്ഞ ഡിസംബറില്‍ മലക്ക് പോയ ഒരു സംഭവം ആണ്. ഒരു വിധത്തില്‍ ലീവ് ഒക്കെ ഒപ്പിച്ചു മണ്ഡലക്കാലം തുടങ്ങിയപ്പോള്‍ തന്നെ അതി ശക്തമായി വൃതം തുടങ്ങി. പല സ്ഥലങ്ങളിലും ജോലി ചെയ്യുന്ന കൂട്ടുകാര്‍ എല്ലാം ഒത്തു കൂടി നാട്ടിലെത്തി ഒരു ബസ്‌ ഒക്കെ ബുക്ക്‌ ചെയ്താണ് പോക്ക്. തൊട്ടടുത്ത സര്‍പ്പ കാവില്‍ നിന്നും കെട്ടു നിറച്ചു ആണ് ഞങ്ങള്‍ പത്തു ഇരുപത്തി നാല് പേരോളം അടങ്ങുന്ന സംഘത്തിന്റെ യാത്ര. ഇതില്‍ കുറച്ചു പേര്‍ അമ്പലത്തില്‍ നിന്നും കെട്ടു നിറയ്ക്കും, ചിലര്‍ വീട്ടില്‍ നിന്നും, ഞാനും അനിയനും അടങ്ങുന്ന മറ്റൊരു ഗ്രൂപ്പ്‌ ആണ്, സര്‍പ്പകാവിലെ കെട്ടു നിറച്ചു പോകുന്നത്. ഏറ്റവും രസം എന്നത് ഞങ്ങളുടെ നാട്ടില്‍ വഴക്ക് വന്നാലും, സ്നേഹം വന്നാലും ഇരട്ടപേര് ഉപയോഗിച്ചേ കൂട്ടുകാര്‍ സംബോധന ചെയ്യൂ, കല്യണം കഴിഞ്ഞ ചേട്ടന്മാരുടെ ഭാര്യമാര്‍ക്ക് പോലും ഇതില്‍ നിന്നും മോചനം ഇല്ല. ഉദാഹരണം കാടന്‍ രമേഷിന് "രമേഷ്" എന്ന നല്ല പേര് ഉണ്ടെങ്കിലും അവന്റെ വൈഫ്‌ വന്നു ഞങ്ങളോട് "എന്റെ രമേശേട്ടനെ കണ്ടോ? ഇന്നു ചോദിച്ചാല്‍ കോറസ് ആയി മറുപടി വരും "ഡ കാട വാടാ, നിന്റെ കാടി വിളിക്കനടാ".

അങ്ങനെ ഞങ്ങള്‍ സന്ധ്യയോടെ കെട്ട് നിറച്ചു ശരണം വിളിയും ഒക്കെ ആയി ബസില്‍ കയറി യാത്ര തുടര്‍ന്നു. ബസില്‍ അയ്യപ്പ പാട്ടും മറ്റുമായി ഒരു ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു ഞങ്ങള്‍ കലിയുഗ വരദന്റെ അടുത്തേക്ക് തിരിച്ചു. ഇടയ്ക്കു ബസില്‍ വച്ച് ചുണ്ടിനടിയില്‍ ചൈനി ഖനി വയ്ക്കാന്‍ പോയ അമ്പലക്കാടന്‍ ബൈജുവിന്റെ നേരെ കാടന്‍ ചൂടായി.
"എടാ മലക്ക് പോകുമ്പോള്‍ ഇതൊന്നും വയ്ക്കരുത്, ശരീരം ശുദ്ധം ആയിരിക്കണം"
ആ പാക്കറ്റ് വാങ്ങിച്ചു കാടന്‍ വെളിയില്‍ കളഞ്ഞു. ഇടയ്ക്കു ഒന്നിന് രണ്ടിനും ഒക്കെ വണ്ടി നിര്‍ത്തിയപ്പോള്‍, ചെറിയൊരു മാടക്കടയുടെ പിന്നില്‍ നിന്നും പുകവളയങ്ങള്‍ ഊതി വിട്ടു രസിക്കുന്ന കാടനെ കണ്ടു അമ്പലക്കാടന്‍ ഞെട്ടി. കൈയ്യോടെ പൊക്കിയപ്പോള്‍ കാടന്‍ പറയുവാ,
"എടാ പുക വലിക്കാം, കാരണം അത് ശരീരത്ത് തങ്ങുന്നില്ല, ഊതി കളയുവല്ലേ, നീ ഉപയോഗിക്കുന്നത് അവിടെ തന്നെ ഇരുന്നു ആശുധമാവുകയാണ്, വേണേല്‍ രണ്ടു പഫ് എടുത്തോ ന്നു"
എങ്ങനെ ഉണ്ട്. ഈ ടീം ഒക്കെ ആയിട്ടാണ് യാത്ര, പുലിയൊക്കെ ഉണ്ടെന്നു പറയുന്നത് വെറുതെ ആണ്.

അങ്ങനെ ഞങ്ങള്‍ പമ്പയില്‍ എത്തി. നല്ല തിരക്ക്, സൂചി കുത്താന്‍ ഇടമില്ല, തൃവേണിയിലെ പുതിയ നടപന്തല്‍ ഒരു ആശ്വാസം തന്നെ ആയിരുന്നു. അല്‍പ്പം സ്ഥലം കിട്ടിയപ്പോള്‍ എല്ലാവരും വിരിവച്ചു ഇരുമുടികെട്ടു ഇറക്കി പമ്പ സ്നാനത്തിനു തയ്യാറായി. അങ്ങനെ കുളി എല്ലാം കഴിഞ്ഞു ശുദ്ധമായി പമ്പയില്‍ നിന്നും തുടങ്ങുന്ന ആദ്യ പടിയില്‍ കര്‍പ്പൂരം കത്തിച്ചു, പമ്പ കോവിലില്‍ വന്നു ഗണപതിക്ക്‌ തേങ്ങ അടിച്ചു കയറ്റം ആരംഭിച്ചു. ശരണം വിളിയില്‍ മുഖരിതമായ ഒരു യാത്ര, എങ്ങും സ്വാമി മാത്രം, എവിടെയും സ്വാമി മാത്രം, ഒരു ഗ്രൂപ്പ്‌ ആയി നീങ്ങിയ ഞങ്ങള്‍ നോക്കുമ്പോള്‍ രതീഷ്കുമാര്‍ (അവന്റെ ഇരട്ട പേര് മത്തായി) മിസ്സിംഗ്‌. ഞങ്ങള്‍ കയറി വരുന്ന ജനങളുടെ ഇടയില്‍ മൊത്തം നോക്കി. മത്തായി മാത്രം ഇല്ല. എല്ലാവരും കൂട്ടത്തോടെ അവനെ പേര് വിളിച്ചു നോക്കി.
"മത്തായി സ്വാമിയേ, മത്തായി സ്വാമിയേ"
കുറച്ചു പുറകില്‍ ആയി കയറി വന്ന ആന്ധ്ര ആന്‍ഡ്‌ തമിള്‍ അയ്യപ്പ ഗ്രൂപ്പ്‌ അതേറ്റു പിടിച്ചു ചൊല്ലി.
"മത്തായി സ്വാമിയേ ശരണം അയ്യപ്പാ,
മത്തായി സ്വാമിയേ ശരണം അയ്യപ്പ".
അവര് ഓര്‍ത്തു കാണും അതും ശരണം വിളിയില്‍ ഉള്ളതായിരിക്കും ന്നു. കാരണം വാവര്‍ ഉണ്ട് മുസ്ലിം ആയി, അയ്യപ്പനുണ്ട് ഹിന്ദു ആയി, അപ്പോള്‍ പിന്നെ ക്രിസ്ത്യന്‍ ഫ്രണ്ട് ആവും മത്തായി സ്വാമി എന്ന് അവര് കരുതിയാല്‍ തെറ്റില്ലല്ലോ. ഭാഗ്യം കാടനും അപ്പാച്ചിയും ഒന്നും മിസ്സ്‌ ആവാഞ്ഞത്‌.

ഡിങ്കന്‍ രാജേഷിനു ഇപ്പോളും സങ്കടം ഉള്ളത് താടിയും മീശയും വരാത്തതില്‍ ആയിരുന്നു. ഞാന്‍ പറഞ്ഞിരുന്നു ശബരിമലയില്‍ ലാട വൈദ്യന്മാരുടെ കൈയ്യില്‍ കരടി നെയ്യ് കിട്ടും, ഒന്ന് ഉപയോഗിച്ച് നോക്ക് ന്നു. ഇടയ്ക്കു വഴിയില്‍ ഒരു വൈദ്യനെ കണ്ടു. നെഞ്ചോളം എത്തുന്ന താടിയും മീശയും മുടിയൊക്കെ വളര്‍ത്തിയ ഒരു വൃദ്ധനായ വൈദ്യന്‍. അങ്ങേരോട് ഡിങ്കന്‍ ചോദിച്ചു,
"സ്വാമി കരടി നെയ്യ് ഉപയോഗിച്ചാല്‍ എനിക്കും താടിയും മീശയും വരുമോ ന്നു"
അദ്ദേഹം പറഞ്ഞു "കരടി നെയ്യ് ഇര്‍ക്കെടാ കണ്ണാ, കണ്ടിപ്പാ ഉനക്കും വരും"
അന്നേരം ഡിങ്കന്‍ പറഞ്ഞു "സ്വാമിയുടെ പോലെ വരുമോ"
അന്നേരം സ്വാമി "കണ്ടിപ്പാ വരും"
ഡിങ്കന്‍ "ഇത് പോലെ വരുമെങ്കില്‍ എനിക്ക് താടിയും മീശയും ഇല്ലാത്തതാണ് നല്ലത്" എന്ന് പറഞ്ഞു ഒറ്റ നടത്തം.

അങ്ങനെ പുലര്‍ച്ചയോടെ സന്നിധാനം. നടപന്തലിലെ തിക്കും തിരക്കും കാത്തിരിപ്പും ഒക്കെ കഴിഞ്ഞു അഞ്ചു മണിയോടെ പതിനെട്ടാം പടിയുടെ താഴെ എത്തി. അവിടെ തേങ്ങ ഉടച്ചു സത്യമായ പൊന്നും പതിനെട്ടാം പടി കയറി, മുകളിലെത്തി മേല്‍പ്പാലം കയറി വീണ്ടും വരിയില്‍. പിന്നെ വലം വച്ച് വടക്ക് വശത്തെ ഭാഗത്തൂടെ ഭഗവാന്റെ തിരുമുന്പിലേക്ക്. എങ്ങും ശരണം വിളി മാത്രം, ഭഗവാനെ ദര്‍ശിച്ചു സായൂജ്യം അടഞ്ഞു, അതിനു ശേഷം ഞങ്ങള്‍ മാളികപുറത്തു ദര്‍ശനം നടത്തി. പിന്നീടു വിരിവക്കാന്‍ ഗ്രൌണ്ടിലെത്തി. എന്തായാലും വിരിച്ചപാടെ എല്ലാരും ഓരോ സൈടായി. മടിയിലും കാലിലും ഒക്കെ ആയി ഉറക്കം തുടങ്ങി. കൂട്ടത്തില്‍ മൂപ്പനായ അപ്പാച്ചി മാത്രം ഉറങ്ങാതെ കാവലിരുന്നു. കാരണം ഇനി നെയ്യഭിഷേകത്തിന്റെ പ്രസാദം വാങ്ങാന്‍ ലൈനില്‍ നിക്കണം, അപ്പം, അരവണ ഒക്കെ വാങ്ങണം, നേരത്തെ ലൈനില്‍ നിന്നലെ ഇതൊക്കെ നടത്തി പ്രസാദം ആയി മല ഇറങ്ങാന്‍ പറ്റൂ. അപ്പം അരവണ പ്രസാദം കൊടുക്കുന്ന ലൈന്‍ ഒക്കെ വീക്ഷിച്ചു വന്ന അപ്പാച്ചി പെട്ടന്ന് തന്നെ വന്നു നമ്പോലന്‍ വൈശാഖിനെ തട്ടി ഉണര്‍ത്തി പറഞ്ഞു "ഡാ നമ്പോലന്‍ സ്വാമി എണീക്ക്, അപ്പവും അരവണയും മേടിക്കാന്‍ ലൈന്‍ നിക്കണം, എണീക്ക്, എണീക്ക്,"
മാന്നാര്‍ മത്തായി സ്പീകിങ്ങില്‍ ഇന്നസെന്റ് അലാറം അടിച്ചത് കേട്ട് എണീറ്റ്‌ വരുന്നപോലെ നമ്പോലന്‍ ചാടി എണീറ്റ്‌ പറഞ്ഞ മറുപടി കേട്ടു ഉറങ്ങി കിടന്ന ഞങ്ങള്‍ എല്ലാം ഉണര്‍ന്നു,, ആ മറുപടി ഇതായിരുന്നു.

"അണ്ണാ, എനിക്ക് രണ്ടു അപ്പോം ഒരു ചായേം, കടല വേണ്ട"

41 comments:

രാജീവ്‌ .എ . കുറുപ്പ് said...

തിരക്കുകള്‍ കാരണം ചെറിയൊരു ഇടവേള വന്നു, ഒരു പുതിയ അനുഭവം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു, സദയം സ്വീകരിക്കുമല്ലോ

രഞ്ജിത് വിശ്വം I ranji said...

സ്വാമിയേ ശരണമയ്യപ്പാ..
അച്ഛന്റെയൊപ്പമുള്ള ആദ്യ ശബരിമല്‍ യാത്ര ഓര്‍മ വന്നു. ഈ ഇരട്ടപ്പേര് ഭാര്യമാരിലേക്കും പകരുന്ന രോഗം എല്ലാ നാട്ടിലുമുണ്ടല്ലേ..
കുറുപ്പേ നന്നായി എഴുതി.

Anil cheleri kumaran said...

കുറുപ്പേ തിരിച്ച് വരവ് ഗംഭീരം. ചിരിപ്പിച്ച് ഒരു വഴിക്കാക്കി.
ഈ പ്രയോഗങ്ങള്‍ രസായിട്ടുണ്ട്.

"കൂട്ട് പിരിഞ്ഞു പോയിട്ട് കരയുന്നോട വര്‍ക്കത്ത് കെട്ട നരകം, അതും തള്ളേടെ പേര് വിളിച്ച്".

“എടാ പുക വലിക്കാം, കാരണം അത് ശരീരത്ത് തങ്ങുന്നില്ല, ഊതി കളയുവല്ലേ, നീ ഉപയോഗിക്കുന്നത് അവിടെ തന്നെ ഇരുന്നു ആശുധമാവുകയാണ്, വേണേല്‍ രണ്ടു പഫ് എടുത്തോ..”

ഒരു ഡൌട്ട് നെന്റെ ആ ഇരട്ട പേരു എന്താ?

Manoraj said...

സ്വാമിയേ ശരണമയ്യപ്പ...

നിങ്ങളൊക്കെ ചെന്നത്‌ കാരണം അയ്യപ്പൻ അവിടെ തന്നെയുണ്ടാവുമോ എന്തോ? ... ചിരിപ്പിച്ചു ഒത്തിരി.. അതിനു നന്ദി.. പഴനിയിലെ അമ്മയുടെ പെർഫോർമൻസ്‌ ആണു കൂടുതൽ ചിരിപ്പിച്ചേ.. അപ്പോൾ അമ്മയാണട്ടോ താരം..

Manoraj said...

കുമാരൻ മാഷ്‌ ചോദിച്ച പോലെ കുറുപ്പിന്റെ ഇരട്ടപേരെന്താ..?

അരുണ്‍ കരിമുട്ടം said...

അളിയാ ഇഷ്ടായി
ഭക്തിയില്‍ കോമഡി കേറ്റി കൊളമാക്കുമോന്ന് ഒരു സംശയം ഉണ്ടായിരുന്നു, ഇതിപ്പോ എന്താ പറയുക..?
കോമഡി മാത്രം!!!!
നന്നായിട്ട് എഴുതി.
:)

ശ്രീ said...

കുറുപ്പേട്ടാ...

ആസ്വദിച്ചു ചിരിച്ചു. "മത്തായി സ്വാമിയേ ശരണം അയ്യപ്പാ" എന്ന ശരണം വിളി തന്നെ ധാരാളം :)

[അല്ലാ, ഇനി അയ്യപ്പനു ഏതെങ്കിലും ക്രിസ്ത്യന്‍ ഫ്രണ്ട് ഉണ്ടായിരുന്നോ ആവോ]

പിന്നെ, ഇരട്ടപ്പേരുള്ള സുഹൃത്തുക്കളുടെ ഭാര്യമാര്‍ക്കു പോലും ആ ഗതികേട് പിന്‍തുടരുന്ന പതിവ് ഞങ്ങള്‍ക്കിടയിലുമുണ്ട്. എന്റെ വളരെ അടുത്ത സുഹൃത്തായ 'മത്തന്റെ' ഭാര്യ ഞങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് "മത്തി" എന്നായത് സ്വാഭാവികമല്ലേ? ;)
[മത്തചരിതങ്ങള്‍ കുറേ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരു സാമ്പിള്‍ ഇതാ ഇവിടെ.]

ആര്‍ദ്ര ആസാദ് / Ardra Azad said...

തിരിച്ചു വരവ് ഗംഭീരമാക്കി.ഞങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നെന്ന് തോന്നിപോയി.
മാലയിട്ട് ദുശ്ശീലങ്ങളിൽ നിന്ന് മാറി നിന്നതിനാലാണൊ ബ്ലോഗെഴുത്ത് നിർത്തിവെച്ചത്?

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

"മത്തായി സ്വാമിയേ ശരണം അയ്യപ്പാ,
മത്തായി സ്വാമിയേ ശരണം അയ്യപ്പ".

njanum vilichekkam.. ini chilappo angane onnundenkilo?? :P

സുമേഷ് | Sumesh Menon said...

സ്വാമി ശരണം...
കുറുപ്പണ്ണന്‍ എത്തിയാ... വെല്‍ക്കം ബാക്ക്...!!
പളനിയില്‍ വച്ച് മിസ്സിങ്ങായ കാര്യം തമാശയായിട്ട് പറഞ്ഞെങ്കിലും ആ അമ്മ അപ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍ എത്രതോളമായിരിക്കും....
ബാക്കി എല്ലാം ചിരിപ്പിച്ചു.. പോസ്റ്റ്‌ തകര്‍ത്തൂ..
അപ്പോളിനി ഗ്യാപ്പ് കുറച്ചു പോസ്റ്റ്‌ ഇട്ടേക്ക്‌ ട്ടാ..

രാജീവ്‌ .എ . കുറുപ്പ് said...

രഞ്ജിത് വിശ്വം.അണ്ണാ ആദ്യ കമന്റിനു നന്ദി

കുമാര്‍ജി എന്റെ നന്ദി, എന്റെ ഇരട്ടപേര് പബ്ലിഷ് ചെയ്‌താല്‍ ഞാന്‍ ബ്ലോഗ്‌ പൂട്ടി ഒറ്റ കാലേല്‍ തപസു ചെയ്യാന്‍ പോവേണ്ടി വരും.

മനോരാജ് രണ്ടു കമന്റിനും നന്ദി മച്ചാ, അതെ അമ്മ തന്നെയാണ് താരം രണ്ടാമത്തെ കമന്റിനു ഉത്തരം കുമാര്‍ജിക്ക് കൊടുത്ത കമന്റ്‌ നോക്കണേ

അരുണ്‍ അളിയോ അളിയന് ഇഷ്ടമായതില്‍ സന്തോഷം, അത് മതി എനിക്ക്

ശ്രീ മത്തന്റെ ഞാന്‍ വായിച്ചതാ, അത് കുറെ ചിരിപ്പിച്ച പോസ്റ്റ്‌ ആയിരുന്നു, നന്ദി അളിയാ

ആര്‍ദ്ര ആസാദ് നന്ദി, തിരക്ക് കാരണം ആണ് ഇടവേള വന്നത്

കിഷോര്‍ നിന്റെ കമന്റ്‌ ചിരിപ്പിച്ചു, ഹഹഹ്

സുമേഷ് മേനോന്‍, നന്ദി അളിയാ, അതെ അമ്മക്ക് എന്നും അതോര്‍ക്കുമ്പോള്‍ പേടിയാണ്

Visala Manaskan said...

ചിരിപ്പിച്ചു ഗഡീ..ചിരിപ്പിച്ചു. താങ്ക്സേ!

Sukanya said...

അമ്മ അവ്വൈ ഷണ്മുഖി സ്റ്റൈലില്‍ പൊക്കിയെടുത്തത്, പിന്നെ ശകാരിച്ചത്, പിന്നെ അച്ഛന്റെ മുണ്ട് മുറുകെ പിടിച്ചത് ഒക്കെ ഭാവനയില്‍ കണ്ട്ചിരിച്ചു. ഇപ്പോഴും ശരീരം വളര്‍ന്നു എന്നല്ലാതെ വല്ല ബുദ്ധി വളര്‍ച്ചയും ഉണ്ടോ.
ഓപ്പോള്‍ ഒരു തമാശ പറഞ്ഞതല്ലേ, ദേഷ്യപ്പെടല്ലേ. ക്ലൈമാക്സ്‌ കലക്കി.

Pd said...
This comment has been removed by the author.
വശംവദൻ said...

"പുക വലിക്കാം, കാരണം അത് ശരീരത്ത് തങ്ങുന്നില്ല, ഊതി കളയുവല്ലേ, നീ ഉപയോഗിക്കുന്നത് അവിടെ തന്നെ ഇരുന്നു......"

ഹ..ഹ..

കുറുപ്പേ... ഇടവേളയ്ക്ക്‌ ശേഷമുള്ള വരവ്‌ ഗംഭീരം !!!

എല്ലാ ആശംസകളും.

Pd said...

സ്വാമി ശരണം. ശബരിമല വിശേഷങള് ഇഷ്ടമായി, മക്കളേയും കൂട്ടി മലയ്ക്ക് പോയത് ഓറ്മ വന്നു, കൂട്ടുകാരുടെ ഒപ്പം ഇതുവരെ പോയിട്ടില്ല. കൊള്ളാം നല്ല ടീം മെംബേഷ്സ്.

കുമാരേട്ടന്റ്റെ കഥകളിലെ താന്കളുടെ കമ്മെന്റ്റ്സ് വായിച്ചാണ് ഇവിടെ എത്തിയത്, എത്യപ്പൊ അബുദാബീന്നൊക്കെ കണ്ടു എന്നാലൊന്നു വായിച്ചേക്കാംന് കരുതി കാരണം ഞമ്മളും അബുദാബീല് ആണെ അടഞ്ഞു കിടക്കണ സലാം സ്ട്രീറ്റിന്റ്റ് ഒരു മൂലയ്ക്ക്.

Ashly said...

ചിരിപ്പിച്ചു...താങ്ക്സ്..

അല്ലാ, കുറുപ്പിന്റെ ഇരട്ടപെരു എന്താ... ?

ലംബൻ said...

നന്നായി ചിരിച്ചു. "ഇത് പോലെ വരുമെങ്കില്‍ എനിക്ക് താടിയും മീശയും ഇല്ലാത്തതാണ് നല്ലത്". കലക്കി അന്ന കലക്കി.

താരകൻ said...

"മത്തായി സ്വാമിയേ ശരണം അയ്യപ്പാ"
നഞ്ഞെന്തിനു നാനാഴി...ഇതുപോലെ ഓരോന്നു മതിയല്ലോ പോസ്റ്റ് ഹിറ്റാവാൻ..

കണ്ണനുണ്ണി said...

കൊറേ നാല് കാനതിരുന്നപ്പോ ഡല്‍ഹിക്ക് വരാന്‍ ഇരുന്നതാ...ട്രെയിനില്‍ കേറാന്‍ പോയപ്പോഴേക്കും ഇങ്ങു എത്തി...

അരുണ്‍ പറഞ്ഞത് ശരിയാ കുറുപ്പേ.. ഭക്തിയും നര്‍മ്മവും...ഒരു നടക്കു ഒന്നിച്ചു പോവാന്‍ വല്യ പാടാ...
പക്ഷെ കൊറേ ചിരിപ്പിച്ചു ട്ടോ

വിനുവേട്ടന്‍ said...

ചോദിച്ചത്‌ അപ്പോം ചായേം ആയത്‌ ഭാഗ്യമെന്ന് കൂട്ടിക്കോ... "എനിക്കൊരു പൊറോട്ടേം ബീഫും" എന്നോ മറ്റോ ആയിരുന്നെങ്കിലത്തെ കാര്യമൊന്നോര്‍ത്തു നോക്ക്യേ...

രാജീവ്‌ .എ . കുറുപ്പ് said...

വിശാലേട്ടാ ഈ പ്രോത്സാഹനത്തിനു നന്ദി, താങ്കള്‍ ചിരിച്ചു എങ്കില്‍ ഞാന്‍ ധന്യനും ആയി

സുകന്യ : ഓപ്പോളേ, ഇതേ സെയിം ഡയലോഗ് തന്നെയാണ് അമ്മയും ഇപ്പോളും പറയുന്നേ, അപ്പോള്‍ പിന്നെ ദേഷ്യപെടുന്ന കാര്യം ചിന്തയിലെ ഇല്ലാ, പോസ്റ്റ്‌ ഇഷ്ടമായല്ലോ നന്ദി

വശം വദന്‍ : ഈ പ്രോത്സാഹനത്തിനു നന്ദി

പ്രദീപ്‌ : പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം, ഞാനും ഒരു പഴയ അബുദാബി വാസി ആയിരുന്നു

ക്യാപ്റ്റന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കെലെ അല്ലെ, നന്ദി:)

ലംബന്‍ : നന്ദി മച്ചാ

താരകന്‍ : അണ്ണാ നന്ദി അണ്ണാ

കണ്ണപ്പോ നന്ദി, അതെ അരുണ്‍ പറഞ്ഞത് ശരി തന്നെ, നീ ഡല്‍ഹിക്ക് വരുമ്പോള്‍ പറഞ്ഞേച്ചു വരണം ട്ടാ,

വിനുവേട്ടന്‍ : ഒത്തിരി സന്തോഷം, പിന്നെ കമന്റ്‌ തകര്‍ത്തു ചേട്ടാ, അവന്‍ അങ്ങനെ ചോദിക്കാതിരുന്നത് തന്നെ ഭാഗ്യം.

മുരളി I Murali Mudra said...

അങ്ങനെ കുറുപ്പ് തിരിച്ചു വന്നു.വെടിക്കെട്ടുമായി.!!
ശബരിമല വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു...

കണക്കുപുസ്തകത്തില്‍ ഒരു ഭക്ത്തി എപ്പിസോഡ് പ്രതീക്ഷിച്ചു വന്നപ്പോള്‍ ചിരിപ്പിച്ചു കൊല്ലുകയാണല്ലോ അളിയാ..

"മത്തായി സ്വാമിയേ ശരണം അയ്യപ്പാ"...
ഹ ഹ ഞാന്‍ വേറെന്താ പറയേണ്ടത്..

രഘുനാഥന്‍ said...

കുറുപ്പേ ശബരിമല വിശേഷങ്ങള്‍ നന്നായി..നല്ല വിവരണം ..ആശംസകള്‍

vinus said...

കുറുപ്പേട്ടൊ ഒത്തിരി ചിരിക്കാൻ വക നൽകി. ഡിങ്കനും നമ്പൊലനും അച്ഛന്റെ മുണ്ടും മത്തായി സ്വാമിയും ഒക്കെ ഒത്തിരി ചിരിപ്പിച്ചു എന്നാലും പഞ്ച് കാടന്റെ ന്യായം പറച്ചിൽ തന്നെ
"എടാ പുക വലിക്കാം, കാരണം അത് ശരീരത്ത് തങ്ങുന്നില്ല, ഊതി കളയുവല്ലേ, നീ ഉപയോഗിക്കുന്നത് അവിടെ തന്നെ ഇരുന്നു ആശുധമാവുകയാണ്, വേണേല്‍ രണ്ടു പഫ് എടുത്തോ ന്നു"

അസാദ്ധ്യം അണ്ണാ ഇത് പറഞ്ഞവനെ ഞാൻ തൊഴുതു.ഏതായാലും ഐശ്വര്യമായി തന്നെ കണക്കു പുസ്തകം വീണ്ടും തുറന്നു

ഭായി said...
This comment has been removed by the author.
ഭായി said...

കുറുപ്പേ..യ് സംഗതി നല്ല ചവിട്ടിപ്പൊളി ആയിട്ടുണ്ട് കെട്ടോ.അഛന്റെ മുണ്ടും പിടിച്ച് പോയി വന്ന വിവരണമുണ്ടല്ലോ...അതങ് ലാവണ്യപ്പെടുത്തിക്കളഞു! ചിരിച്ച് എന്റെ ടൈ മുറുകി കഴുത്തിലെ ഒരു ഞരംബ് ആകെ അലംബായി! ഇനി അത് ശരിയാക്കാ‍ന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം.

ഈ അപ്പാച്ചിയല്ലെ കുറുപ്പെ പണ്ട് കല്യാണത്തിന്റന്ന് മീന്‍ പിടിക്കാന്‍ പോയത്?

ശരിക്കും ചിരിപ്പിച്ചു കുറുപ്പേ..നന്നായിട്ടുണ്ട്
മുതലായി :-)
January 21, 2010 5:30 PM

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

സ്വാമി ശരണം.
കുറുപ്പേ തിരിച്ച് വരവ് കിടു. :):)

രാജീവ്‌ .എ . കുറുപ്പ് said...

രഘു മാഷെ നന്ദി

വിനുസ് നന്ദി, വിശദമായ കമന്റിനു, കാടന്‍ ഇത്രയൊന്നും പറഞ്ഞില്ല, നമ്മള്‍ പറയിപ്പിക്കുവല്ലേ മച്ചാ

ഭായി നന്ദി മാഷെ, കഴുത്തിലെ ഞരമ്പ്‌ മുറുക്കല്ലേ, വയലിന്‍ കമ്പിയാണെന്ന് ഗൈനോ കരുതും. അതെ അത് തന്നെ അപ്പാച്ചി

പകലോ :നന്ദി മച്ചാ

Tomkid! said...

"കൂട്ട് പിരിഞ്ഞു പോയിട്ട് കരയുന്നോട വര്‍ക്കത്ത് കെട്ട നരകം, അതും തള്ളേടെ പേര് വിളിച്ച്".
നോട്ട് ദി പോയിന്റ്‌, അപ്പോള്‍ കരഞ്ഞ നമ്മള്‍ ആരായി.

:-)

OAB/ഒഎബി said...

ചിരിപ്പിച്ചോണ്ട് എന്നെയും മല കേറ്റി..

നമ്പോലനെ എങ്ങനെ ഉണര്‍ത്തി?

റോസാപ്പൂക്കള്‍ said...

അച്ചന്റെ മുണ്ടു പിടിച്ചു നടന്നതു നന്നായി..അല്ലെങ്കില്‍ വല്ല പുലിയേയോ സിംഹത്തേയോ പിടിച്ചു നടന്നേനെ കൊച്ചു സ്വാമി

mukthaRionism said...

"അണ്ണാ, എനിക്ക് രണ്ടു അപ്പോം ഒരു ചായേം, കടല വേണ്ട"

nalla avatharaNam

രാജീവ്‌ .എ . കുറുപ്പ് said...

Tomkid!നന്ദി മച്ചാ

OAB/ഒഎബി said... നന്ദി, ചോദ്യം മനസിലായില്ല

റോസാപ്പുക്കള്‍ said... നന്ദി റോസിലി ചേച്ചി, അത് സത്യം തന്നെ

mukthar udarampoyil said... നന്ദി സുഹൃത്തേ

അരവിന്ദ് :: aravind said...

ഉഗ്രന്‍ :-)

പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നിയെങ്കിലും!

ഒഴാക്കന്‍. said...

കുറുപ്പേ ഞാന്‍ ആദ്യമായാണ് ഈ വഴിക്ക് എങ്കിലും .... പിടിച്ചിരുത്തി വായിപ്പിച്ചു, ചിരിപ്പിച്ചു..

പിന്നെ ഒരു സംശയം എന്‍റെ നാട്ടിലെ ചട്ടുകാലന്‍ തങ്കപ്പന്‍ ചേട്ടന്‍ നിങ്ങളുടെ കൂടെ വന്നു മിസ്‌ ആയാല്‍ വിളിക്കുമോ ഭഗവാനെ "ചട്ടുകാലന്‍ തങ്കപ്പന്‍ സ്വാമിയേ"!! എന്ന് ..... എല്ലാം അയ്യപ്പന് മാത്രം അറിയാം

ചേച്ചിപ്പെണ്ണ്‍ said...

കുറുപ്പേ ...
ഇന്നാദ്യാണ് ഇവിടെ ...
ഇത് മാത്രല്ല പഴേ പോസ്റ്റ്‌ കളും വായിച്ചു ...
എഴുത്ത് ഇഷ്ടായി
ഇനീം വരാം

ഗീത said...

എല്ലാരുടേയും ഇരട്ടപ്പേര് പറഞ്ഞിട്ട് സ്വന്തം ഇരട്ടപ്പേരു മാത്രം പറഞ്ഞില്ല. ഭയങ്കരന്‍. അപ്പോള്‍ നമ്മള്‍ ഒരിരട്ടപ്പേരങ്ങ് ചാര്‍ത്താന്‍ പോകുന്നു. അടുത്ത തവണ മലയ്ക്ക് പോകുമ്പോള്‍ വിളിക്കാനിരിക്കട്ടേ.

അയ്യപ്പന് ഒരു ക്രിസ്ത്യന്‍ സുഹൃത്തും ഉണ്ടെന്നാണ് ഓര്‍മ്മ.

രാജീവ്‌ .എ . കുറുപ്പ് said...

അരവിന്ദേട്ടാ ഒരു പാട് നന്ദി, ഈ പ്രോത്സാഹനത്തിനു

ഒഴാക്കാന്‍ : നന്ദി സുഹൃത്തേ, ഇനിയും വരണം , കമന്റ്‌ കലക്കി, എല്ലാം അയ്യപ്പന് മാത്രം അറിയാം

ചേച്ചിപെണ്ണെ : നന്ദി, ഇനിയും വരണം, അനുഗ്രഹിക്കണം

ഗീതേച്ചി, നന്ദി, പിന്നെ എന്റെ ഇരട്ടപേര് എന്തായാലും പറയില്ല, പറഞ്ഞാല്‍ പിന്നെ ബ്ലോഗ്‌ പൂട്ടി സന്യാസത്തിനു പോയാല്‍ മതി

RK said...

NANNAYI KURUPPU SWAMIIIIIIIII.... ITOKKE KURUPPU SWAMI TIRUVADIKALUDE TANNE VAKA AANOOOOOOOO ENNORU SHANKA.... ENTAYALUM NANNAYITUNDE....INIYUM NIRAYE EZUTAN KAZIYATTE ENNU PRARTHIKKUNNU...